സ്വപ്നക്കൂട്
രചന: സജി മാനന്തവാടി
::::::::::::::::::::::::::::::::::
“ഏട്ടാ നമ്മുക്ക് സ്വന്തമായി ഒരു വീടുണ്ടാക്കാൻ കഴിയോ ?” എന്റെ കഷണ്ടി തലയിൽ കൈയോടിച്ചുകൊണ്ട് അവൾ ചോദിച്ചു.
ശരിയാണ്, അവളുടെ എല്ലാ സ്വപ്നങ്ങളും സംസാരവും ചെന്നവസാനിക്കുന്നത് വീടെന്ന രണ്ടക്ഷരത്തിലായിരുന്നു. അതിന് അവളെ കുറ്റം പറയാൻ കഴിയില്ല കാരണം ഞാനും അവളും ജനിച്ചത് വാടക വീട്ടിലാണ്. ഞങ്ങൾ ബസിൽ യാത്ര ചെയ്യുമ്പോൾ പുതിയ മോഡൽ വീടുകൾ കാണുമ്പോൾ അവൾ എന്റെ കൈ അമർത്തുമായിരുന്നു. എന്നിട്ട് ഒരു നെടുവീർപ്പിടും. ചില പഴയ വീടുകൾ കാണിച്ച് ആ വീടുകളിൽ ചില മോഡിഫിക്കേഷൻ വരുത്തിയാൽ അതെങ്ങിനെയുണ്ടാകുമെന്ന് വീട്ടിൽ എത്തി വരച്ച് കാണിക്കും. വീട് ഡിസൈൻ ചെയ്യുന്നതിൽ അവൾക്കുള്ള കഴിവ് കാണുമ്പോൾ എനിക്ക് തോന്നുമായിരുന്നു അവൾക്ക് യോജിച്ച തൊഴിൽ ആർക്കിടെക്റ്റിന്റെ താണെന്ന് .
ഉടമസ്ഥർ വാടക കൂട്ടുമ്പോൾ പുതിയ മേച്ചിൽ പുറങ്ങൾ തേടി ഞങ്ങൾ അലയാറുണ്ടായിരുന്നു.. വീടില്ലാത്തവന്റെ വേദന വീടില്ലാത്തവന് മാത്രമെ മനസ്സിലാക്കാൻ കഴിയു .
വാടക വീടും സ്വന്തം വീടുപോലെ നോക്കുന്നതിൽ അവൾ അതീവശ്രദ്ധ കാണിക്കാറുണ്ടായിരുന്നു. ബിയർ കുപ്പികൾ കയറ് മെടഞ്ഞ് മനോഹരമാക്കി അതിൽ ചെടികൾ വച്ചുപിടിപ്പിക്കുന്നത് അവളുടെ ഹോബി ആയിരുന്നു.അതുപോലെ ചുവരിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കുക എന്നത് അവളുടെ മറ്റൊരു ഹോബിയായിരുന്നു.പക്ഷെ അവൾക്ക് ഒട്ടും താല്പര്യമില്ലാത്ത തയ്യലിന് പോകാൻ ആയിരുന്നു അവളുടെ വിധി .
വീടിന്റെ ഉടമസ്ഥരെ വീട് തിരികെ എൽപ്പിക്കുമ്പോൾ അവർക്ക് പോലും അതിശയം തോന്നുന്ന രീതിയിൽ മാറ്റങ്ങൾ അവൾ വരുതിയിരുന്നു. പക്ഷെ അവയൊന്നും കെട്ടിടത്തിന്റെ തനതായ ഘടനയെ മാറ്റിക്കൊണ്ടായിരുന്നില്ല.അതുകൊണ്ട് ഞങ്ങൾ വീടൊഴിയുമ്പോൾ ഉടമസ്ഥർ മേനി വാക്കായി പറയാറുണ്ട് ,
” നിങ്ങളെ പോലെയുള്ള വാടകക്കാരെ ഇനി കിട്ടുമെന്ന് തോന്നുന്നില്ല. ഇവിടേക്ക് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് വരാട്ടോ”
അവളുടെയും എന്റെയും തുച്ഛമായ വരുമാനം കൊണ്ട് ഒരു വീടുണ്ടാക്കുകയെന്നത് മരുഭൂമിയിൽ ഞാറ് നടുന്നതുപോലെയാണെന്ന് എനിക്ക് തോന്നാറുണ്ടായിരുന്നു. പഞ്ചായത്തിന്റെ ലൈഫ് പദ്ധതികളിൽ അപേക്ഷ കൊടുക്കണമെങ്കിൽ പോലും മിനിമം മൂന്ന് സെന്റ് സ്ഥലമെങ്കിലും വേണം .പക്ഷെ അതിന് വേണം മൂന്ന് നാല് ലക്ഷം രൂപ . വാടകയും മറ്റ് അവശ്യ വസ്തുക്കളും വാങ്ങുമ്പോൾ തന്നെ കീശ കാലിയാകുമായിരുന്നു.
“ആദ്യം വീട് പിന്നെ കുട്ടികൾ ” എന്നത് ഞങ്ങൾ വിവാഹരാത്രിയിലെടുത്ത തീരുമാനമായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് കൊല്ലമായിട്ടും വീട് പൂർത്തിക്കരിക്കാനാക്കാത്ത സ്വപ്നമായി തുടർന്നു .
ഞാൻ ജോലി ചെയ്യുന്ന കടയിലെ കൂട്ടുകാരോട് ഞാനെന്റെ ഈ ദുഃഖം പങ്കുവെക്കാറുണ്ടായിരുന്നു. അവരിൽ ഒരാളായിരുന്നു നാസർ . ആ സമയത്ത് അവൻ ഒരു വീട് പണിയുന്ന തിരക്കിലായിരുന്നു.
“രമേശാ അടുത്ത ഞായറാഴ്ച നീയും ഭാര്യയും എൻറെ വീട് വരെ ഒന്ന് വരാമോ ? എനിക്ക് ചില ഇന്റീരിയർ വർക്കുകൾ ചെയ്യണമെന്നുണ്ട്. നിൻെറ ഭാര്യയുടെ സജഷൻസ് ചോദിക്കാമെന്ന് വിചാരിച്ചിട്ടാ. എന്താ നിന്റെ അഭിപ്രായം ?”
അതായിരുന്നു തുടക്കം. ഞങ്ങൾ പല പ്രാവശ്യം അവിടെ പോയി അഭിപ്രായങ്ങൾ പറഞ്ഞു നാസറിന്റെ വീടുപണി കഴിഞ്ഞപ്പോൾ ഒരുപാട് നല്ല അഭിപ്രായങ്ങൾ അവൻറെ വീടിനെക്കുറിച്ച് മറ്റുള്ളവർ പറയുന്നത്.അല്ലെങ്കിലും അവന്റെ വീട് മറ്റുള്ളവരെ വീടുകളിൽ നിന്നും തികച്ചും വ്യത്യസ്തവും മനോഹരവുമായിരുന്നു.ഒരു ദിവസം അവൻ എൻറെ പോക്കറ്റിൽ 5000 രൂപ വെച്ചുകൊണ്ട് പറഞ്ഞു “ഇത് നിൻെറ ഭാര്യയ്ക്ക് കൊടുക്കണം. എന്റെ ചെറിയൊരു സമ്മാനമാണ്. “
പിന്നീട് പലരും അവരുടെ വീട് ഡിസൈൻ ചെയ്യാനും ഇൻറീരിയർ ഡെക്കറേഷന് വേണ്ടിയും ഞങ്ങളെ വിളിക്കാൻ തുടങ്ങി .സത്യത്തിൽ ഞാൻ വെറുമൊരു കാഴ്ചക്കാരൻ മാത്രമായിരുന്നു .എന്നാലും പലപ്പോഴും മറ്റുള്ളവരുടെ മുമ്പിൽ വച്ച് എനിക്കൊന്നും അറിയില്ലെന്ന് കാണിക്കാതിരിക്കാൻ അവൾ എന്നോട് ചോദിക്കുമായിരുന്നു
” രമേശേട്ടാ ഇത് ഇങ്ങനെ ചെയ്താൽ കുഴപ്പമുണ്ടോ ? ഇതിന്റെ ആഗിളൊന്ന് മാറ്റിയാൽ രസമായിരിക്കില്ലേ ? ഈ പില്ലറിന്റെ നീളം കുറച്ച് കൂട്ടണം,അങ്ങനെയല്ലേ രമേശേട്ടാ . ” ഞാൻ എല്ലാത്തിനും തലയാട്ടുമായിരുന്നു.
ടൗണിൽ രമേശ് അസോസിയേറ്റ്സ് എന്ന സ്ഥാപനം തുടങ്ങിയതിന് പിറകിലും അവളായിരുന്നു. ഞാൻ അവളുടെ പേര് വെച്ച് സ്ഥാപനം തുടങ്ങാമെന്ന് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല.
ബിസിനസ് വർദ്ധിച്ചപ്പോഴായിരുന്നു മെയിൻ റോഡ് വക്കത്ത് രണ്ട് സെൻറ് സ്ഥലം വാങ്ങിയത്. വീട് വെക്കാൻ അഞ്ച്സെൻറ് സ്ഥലം വാങ്ങണമെന്നായിരുന്നു എന്റെ ആഗ്രഹം .പക്ഷേ വിൽക്കുന്നയാളുടെ കയ്യിൽ ആകെ രണ്ട് സെന്റ് സ്ഥലം മാത്രമേ യുണ്ടായിരുന്നുള്ളൂ. തൊട്ടടുത്തുള്ള സ്ഥലം ഉടമകളോട് കുറച്ചു ഭൂമി ചോദിച്ചെങ്കിലും അവരാരും ഞങ്ങൾക്ക് ഭൂമി വിൽക്കാൻ തയ്യാറല്ലായിരുന്നു.
വീടുപണി തുടങ്ങിയതോടെ ഞങ്ങളുടെ വീടിന്റെ കൺസ്ട്രക്ഷൻ എങ്ങനെയാണെന്ന് അറിയാൻ ആളുകൾ വരാൻ തുടങ്ങി .രണ്ട് സെൻറിൽ എങ്ങനെ നല്ല വീട് പണിയാം എന്ന ദൗത്യവും അവൾക്കുണ്ടായിരുന്നു.കൃത്യം എട്ട് മാസം കൊണ്ട് ഞങ്ങളുടെ വീട് പണി പൂർത്തിയായി. അവിടെയുള്ള വീടുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ഡിസൈനും ഭംഗിയും നമ്മുടെ വീടിനുണ്ടായിരുന്നു. അതിന്റെ എല്ലാ ക്രെഡിറ്റും അവൾക്കുള്ളതായിരുന്നു. നാട്ടുകാരെ മുഴുവൻ വിളിച്ചാണ് ഹൗസ് വാമിംഗ് നടത്തിയത് . ഗൃഹപ്രവേശനത്തിന് വന്നവർ സമ്മാനങ്ങളുമായാണ് വന്നത് .ഒരു മുറി നിറയെ ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ വസ്തുക്കൾ കൊണ്ട് നിറഞ്ഞു .
“രമേശാ, നീയൊരു ഭാഗ്യവാനാടാ അല്ലെങ്കിൽ അനുവിനെ നിനക്ക് ഭാര്യയായി കിട്ടുമായിരുന്നോ ?”
ഹൗസ് വാമിംഗിന് വന്നവർ എന്റെ കാതിൽ പറഞ്ഞു.
ആ ദിനം അവൾ സ്വപ്നാടനത്തിൽ എന്നതുപോലെ ഒഴുകി നടക്കുന്നതായി എനിക്ക് തോന്നി.
അന്ന് കിടക്കാൻ വട്ടം കൂട്ടുമ്പോൾ രാവേറെ കഴിഞ്ഞിരുന്നു.കിടക്കുന്നതിനു മുമ്പ് മേല് കഴുക്കുക എന്നത് അവളുടെ ഒരു ശീലമായിരുന്നു. നല്ല തണുപ്പുള്ള രാത്രിയായതുകൊണ്ട് ആ രാത്രിയിലെ കുളി ഒഴിവാക്കിക്കൂടെ എന്ന് ഞാൻ ചോദിച്ചതാണ്.
പെട്ടെന്ന് അവൾ സമ്മാനങ്ങൾ വെച്ചിരിക്കുന്ന മുറിയിലേക്ക് പോയി .തിരികെ വന്നത് ഒരു ഇലക്ട്രിക് കോയിൽ വാട്ടർ ഹീറ്ററുമായിട്ടായിരുന്നു. ആരോ കൊണ്ടുവന്ന സമ്മാനമായിരുന്നു അത്.
“ഞാൻ വേഗം വരാം വരുമ്പോൾ എനിക്ക് മറ്റൊരു വിശേഷം പറയാനുണ്ട് ” ഇതും പറഞ്ഞു ചിരിച്ചു ക്കൊണ്ടവൾ കുളിമുറിയിലേക്ക് പോയി. കുറച്ചു നേരം കഴിഞ്ഞിട്ടും പുറത്ത് വരാത്തത് കൊണ്ട് ഞാൻ വാതിൽ മുട്ടി. മറുപടി ഒന്നും കേൾക്കാത്തതുകൊണ്ട് ഞാൻ കുളിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചു. നോക്കുമ്പോൾ ഞാൻ കണ്ടത് ഷോക്കേറ്റ് പിടയുന്ന അനുവിനെയാണ് . ഹീറ്റർ ഓഫാക്കാതെ വെള്ളം ചൂടായോ എന്ന് നോക്കിയതായിരുന്നു പാവം . സ്വിച്ച് ഓഫ് ആക്കുമ്പോഴേക്കും അവൾ എന്നെ വിട്ട് പോയിക്കഴിഞ്ഞു. ആ സ്വപ്നക്കൂട്ടിൽ ഞാൻ മാത്രമായി.
(കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എന്റെ വിട്ടുമുറ്റത്തെ പാഷൻ ഫ്രൂട്ടിന്റെ തണ്ടിൽ ഒരുകൂട് കൂട്ടിയിരുന്നു. ആ കൂട് പണിയാൻ ആൺകിളിയും ഒപ്പമുണ്ടായിരുന്നു. മുട്ടയിട്ട് അടയിരിക്കുന്ന പെൺകിളിക്ക് കാവലായി ആൺകിളി എപ്പോഴും സമീപത്തെ ചില്ലയിൽ സ്ഥാനം പിടിച്ചിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം ഒരു കാക്ക പെൺകിളിയെ റാഞ്ചിക്കൊണ്ടുപോയി. അപ്രതീക്ഷിതമായാണ് കാക്ക വന്നത്. അതുകൊണ്ട് ആ കാക്കയെ ഓടിച്ച് വിടാൻ എനിക്ക് കഴിഞ്ഞില്ല. തന്റെ ഇണക്കിളിയുടെ വിയോഗത്തിൽ കരയുന്ന ആൺകിളിയാണ് ഈ കഥയെഴുതാൻ എനിക്ക് പ്രചോദനമായത്. )