വേണ്ടെന്ന് പരുക്കൻ സ്വരത്തിൽ പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഞാൻ ലോട്ടറി വിൽക്കാൻ വന്ന പെൺകുട്ടിയെ ശ്രദ്ധിച്ചത്.

ലോട്ടറി

രചന: സജി മാനന്തവാടി

::::::::::::::::::

“സാറെ ഒരു ലോട്ടറി എടുക്കുവോ ? കുട്ടിക്ക് എന്തെങ്കിലും വാങ്ങിച്ചു കൊടുക്കാനാ . ഇന്നവളൊന്നും കഴിച്ചിട്ടില്ല. അതൊ ണ്ടാ “

വേണ്ടെന്ന് പരുക്കൻ സ്വരത്തിൽ പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഞാൻ ലോട്ടറി വിൽക്കാൻ വന്ന പെൺകുട്ടിയെ ശ്രദ്ധിച്ചത്.

പതിനെഴോ പതിനെട്ടോ വയസ് പ്രായം തോന്നിക്കുന്നവൾ , വലിയ സൗന്ദര്യമുണ്ടെന്ന് പറയാൻ പറ്റില്ല പക്ഷെ മേക്കപ്പിട്ടാൽ സിനിമ നടികളെ വെല്ലും തീർച്ച .എങ്കിലും അവളുടെ ഒക്കത്ത് രണ്ടോ മൂന്നോ വയസ് തോന്നിക്കുന്ന ഒരു പെൺകുഞ്ഞുണ്ടായിരുന്നു. ദൈന്യത തോന്നിക്കുന്ന മുഖഭാവം. കുട്ടിയെ കണ്ടാലറിയാം അത് ആ ദിവസം ഒന്നും കഴിച്ചിട്ടില്ലെന്ന്. പക്ഷെ ആ കുട്ടിയെ കണ്ടാൽ അവളുടെ മകളാണെന്ന് തോന്നുന്നില്ലായിരുന്നു. ചിലപ്പോൾ കച്ചവടം കൂടുതൽ കിട്ടാൻ വാടകക്കെടുത്തതായിരിക്കും.കുട്ടികളെ വച്ചുപോലും പണം പിടുങ്ങാൻ മടിയില്ലാത്തവരാണ് ഇന്നത്തെ ആളുകൾ .അല്ലെങ്കിലും മുതലാളിത്തത്തിന്റെ ഒരു ഉൽപ്പന്നമാണല്ലോ ലോട്ടറി കച്ചവടം.ആളുകളുടെ സ്വപ്നങ്ങൾ വിറ്റ് കാശാക്കി സർക്കാരുകൾ ഒരു വിഭാഗത്തിന് ശമ്പളം കൊടുക്കുന്നു. മറ്റൊരു വിഭാഗം പ്രത്യേകിച്ചും വലിയ ഏജൻസികൾ കുളയട്ടകളെ പോലെ മറുള്ളവരെ കൊണ്ട് വിൽപ്പന നടത്തി ധാരളം പണമുണ്ടാക്കുന്നു.സാധാരണ ജനങ്ങൾ പെട്ടെന്ന് പണക്കാരനാകാമെന്ന ആർത്തി മൂത്ത് ഉള്ള പണവും കൂടി ചൂതാട്ടത്തിനായി ചിലവഴിക്കുന്നു. നമ്മുടെ ലോകം എങ്ങോട്ടാണ് പോകുന്നതെന്ന് ഞാൻ ചിന്തിച്ചു.

ഞാൻ ലോട്ടറി വെണ്ടെന്ന് പറഞ്ഞതും അവളുടെ കണ്ണുകൾ ബണ്ട് പൊട്ടിയത് പോലെ കവിളിലൂടെ ഉപ്പുവെള്ളം ഒഴുകിയിറങ്ങി. എങ്കിലും ഞാനത് കാണാതിരിക്കാൻ ഒരു പാഴ് ശ്രമം അവൾ നടത്തി.സത്യത്തിൽ എൻ്റെ അവസ്ഥയും അവളെ പോലെ പരിതാപകരമായിരുന്നു. ഞാനും ഈ നഗരത്തിൽ ഭാഗ്യം തേടി വന്നിട്ട് നാല് കൊല്ലമായി .ഇതിനിടയിൽ ഒരുപാട് പണം നേടുകയും ചെയ്തു .പക്ഷേ കിട്ടിയ പണം മുഴുവനും “ബ്രൈറ്റ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ്സ് ” എന്ന ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചുക്കൊണ്ട് പണം ഇരട്ടിപ്പിക്കാമെന്ന് വിചാരിച്ചു.. അവർ അന്ന് നൽകിയ വാഗ്ദാനം നൽകിയത് പതിനാല് ശതമാനം പലിശയായിരുന്നു. കൂടുതൽ പണം നിക്ഷേപിച്ചവർക്ക് കാറും മറ്റുചില സമ്മാനങ്ങളും അവർ കൊടുത്തിരുന്നു. അത്തരം സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നത് മുതലയുടെ വായിൽ തല വയ്ക്കുന്ന തുല്യമാണെന്ന് പലരും ഉപദേശിച്ചിരുന്നു എന്നിട്ടും ഞാൻ എന്റെ എല്ലാസമ്പാദ്യവും ആ സ്ഥാപനത്തിൽ നിക്ഷേപിച്ചു. കൂട്ടുക്കാർ പറഞ്ഞതു പോലെ അതിന്റെ ഉടമ ആസ്ട്രേലിയയിലേക്ക് മുങ്ങി. പണം പിരിച്ചിരുന്ന രണ്ട് ജീവനക്കാർ ആത്മഹത്യയും ചെയ്തു. എന്നെ പോലെ പണം നിക്ഷേപിച്ച പലരും ആ ത്മഹ ത്യാ മുനമ്പിലുമായി. അടച്ച ഒരു രൂപ പോലും തിരിച്ചു കിട്ടില്ലെന്നറിഞ്ഞതു കൊണ്ടാണ് ഞാനീനഗരം വിട്ടാൻ തീരുമാനിച്ചത്.24 മണിക്കൂറും ഒരു സ്ലീപ്പർ ക്ലാസ്ട്രെയിൻ ടിക്കറ്റും 250 രൂപയും മാത്രമാണ് എന്റെ കൈവശമുണ്ടായിരുന്നത്.അതിൽ നിന്ന് 50 രൂപ കൊടുത്തു ലോട്ടറി ടിക്കറ്റ് ടിക്കറ്റ് എടുത്താൽ 200 രൂപ. പിന്നെ ഇന്ന് രാത്രി ഭക്ഷണം കഴിക്കാൻ പണം തികയില്ല .എന്നാലും വിശന്നുകരയുന്ന കുട്ടിയുടെ മുഖം മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല.ലോട്ടറി എടുക്കുന്നതിനു പകരം അവരെ തൊട്ടടുത്തുള്ള ഹോട്ടലിലേക്ക് വിളിക്കാൻ തീരുമാനിച്ചു.

“എനിക്ക് ലോട്ടറി വേണ്ട . നമ്മുക്ക് ഹോട്ടലിലേക്ക് പോകാം കുട്ടിക്ക് എന്തെങ്കിലും വാങ്ങിച്ചു കൊടുക്കാം “

” അതു വേണ്ട സാറേ , സാർ രണ്ട് ലോട്ടറി എടുത്താൽ മതി ” അവൾ കെഞ്ചി.

ഞാൻ വീണ്ടും നിർബന്ധിച്ചപ്പോൾ അല്പം സങ്കോചത്തോടെയാ ണെങ്കിലും അവൾ എന്റെ കൂടെ വന്നു. ഇരുനൂറ് രൂപയിൽ ഒതുങ്ങുന്ന ഭക്ഷണമാണ് ഞാൻ ഓർഡർ ചെയ്ത് . ആർത്തിയോടെ ഭക്ഷണം കഴിക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ എനിക്കും സങ്കടം വന്നു. ഭക്ഷണം ഞങ്ങൾ കഴിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു,

“കുട്ടിയുടെ വാടകയെത്രയാ ?”

എന്റെ ചോദ്യം അവളെ വല്ലാതെ വേദനിച്ചുവെന്ന് എനിക്ക് മനസ്സിലായി. അവൾ ഒന്നും മിണ്ടാതെ ,ഭക്ഷണം കഴിക്കുന്നത് നിർത്തി എഴുന്നേൽക്കാൻ തുടങ്ങി.

“ഐയാം സോറി ” ഞാൻ അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.

“ഈ കുട്ടിയെ കണ്ടാൽ നിന്റെ കുട്ടിയോ നിന്റെ അനിയത്തികുട്ടിയോ ആണെന്ന് തോന്നുന്നില്ല. നോർത്ത് ഈസ്റ്റേൺ ഛായ കുട്ടിയിൽ കണ്ടെതുകൊണ്ടാ ഞാനങ്ങനെ ചോദിച്ചത് ?”

“ഇതെന്റെ ചേച്ചിയുടെ കുട്ടിയാ.”

” എന്നാ പിന്നെ എന്തിനാ ഈ കുട്ടിയെ ലോട്ടറി വിൽക്കാൻ കൊണ്ടുവരുന്നത് ? ഇതിനെ വീട്ടിൽ നിർത്തിയാൽ പോരെ ?”

” ചേച്ചി പോയി. “

” ചേച്ചി ജോലിക്ക് പോയതാണോ ?”

“അല്ല മരിച്ചു പോയതാണ്. “

“എങ്ങനെ ? ” ചെറിയ നടുക്കം തോന്നിയെങ്കിലും ഞാൻ ചോദിച്ചു.

“അതൊരു ആത്മഹത്യ ആയിരുന്നു.ചേച്ചി ബൽഗാമിലാണ് നഴ്സിംഗ് പഠിക്കാൻ പോയത്. അവിടെ വെച്ച് ഒരു മണിപ്പൂരി പയ്യനുമായി സ്നേഹത്തിലായി .നഴ്സിംഗ് കഴിഞ്ഞ് വിവാഹം കഴിക്കാനായിരുന്നു അവരുടെ പ്ലാൻ .അക്കാലത്ത് അവർ ഒരുമിച്ചായിരുന്നു താമസം. നേഴ്സിങ് കഴിയുന്നതിനു മുമ്പ് അവർക്ക് ഒരു കുട്ടി ഉണ്ടായി .കുട്ടി ഉണ്ടായതോടെ അയാൾ ചേച്ചിയുമായുള്ള ബന്ധം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പഠനം പൂർത്തിയാക്കാതെ അവൾ കുട്ടിയുമായി വീട്ടിലെത്തി .അഞ്ച് ലക്ഷം രൂപ ലോൺ എടുത്തിട്ടാണ് അവളെ ഞങ്ങൾ ബിഎസ്സി നേഴ്സിങിന് അയച്ചത്. സാറിനറിയാമോ ചേച്ചിയിലായിരുന്നു അച്ഛന്റെ പ്രതീക്ഷ മുഴുവനും . കുട്ടിയുമായി വന്ന ചേച്ചിയെ അച്ഛൻ അംഗീകരിച്ചില്ലെന്ന് മാത്രമല്ല പതുക്കെ അച്ഛന്റെ മനോനില തെറ്റാനും തുടങ്ങിയിരുന്നു. ഒരു ദിവസം അച്ഛൻ ആത്മഹത്യ ചെയ്തു. അച്ഛന്റെ മരണം ചേച്ചിയെ വേട്ടയാടൻ തുടങ്ങി. രണ്ട് മാസങ്ങൾക്ക് ശേഷം അവളും ആത്മഹത്യ ചെയ്തു. അമ്മയ്ക്ക് മുട്ട് തേയ്മാനമുള്ളതു കൊണ്ട് ഓടി നടക്കുന്ന ഇവളെ നോക്കാൻ പറ്റില്ല . എനിക്ക് ഏതെങ്കിലുo തുണിക്കടയിൽ ജോലിക്കിട്ടുമായിരുന്നു. പക്ഷെ ഇവളെ ആര് നോക്കും ?”

അവളുടെ കഥ കേട്ടപ്പോൾ എനിക്ക് അവളോട് സഹതാപവും ഒരല്പം സ്നേഹവും തോന്നി.അഞ്ചു പൈസക്ക് വകയില്ലാത്ത ഞാൻ എങ്ങനെയാണ് അവളെ സഹായിക്കുക ? ഒന്നും മിണ്ടാതെ ഹോട്ടലിലെ ബില്ലുമടച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ അവൾ എനിക്ക് ഒരു ലോട്ടറി ടിക്കറ്റ് തന്നു .ഞാൻ വേണ്ടെന്ന് പറഞ്ഞിട്ടും അവൾ ബലമായി പോക്കറ്റിൽ നിക്ഷേപിച്ചു കടന്നുപോയി.അവൾ പോയതും ഒരു ശൂന്യത എന്ന ബാധിച്ചുവെന്ന് എനിക്ക് തോന്നി.

അന്ന് വൈകുന്നേരം നറുക്കെടുപ്പ് നടത്തുന്ന ടിക്കറ്റായിരുന്നു അവൾ എനിക്ക് നൽകിയത് . വൈകുന്നേരം ആറ് മണിക്ക് നടന്ന നറുക്കെടുപ്പ് ഫലം അറിയാൻ എനിക്കും വലിയ കൗതുകം തോന്നി.ബംബർ സമ്മാനത്തുകയായ ഒരു കോടി രൂപ അവൾ നൽകിയ ടിക്കറ്റിനായിരുന്നു .

പിറ്റേദിവസം ടിക്കറ്റ് ബാങ്കിൽ കൊടുത്തതിനുശേഷം ഞാൻ അവളുടെ വീട് തപ്പിയിറങ്ങി. മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അവളുടെ വീട് കണ്ടുപിടിച്ചത്.

മുറ്റത്ത് കളിക്കുന്ന കുട്ടിയെ നോക്കി അവളും അമ്മയും ആ കൊച്ചുവീടിന്റെ തിണ്ണയിൽ ഇരിക്കുകയായിരുന്നു. അവൾ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയതെന്ന് അവൾക്കറിയില്ലായിരുന്നു. അവളൊരു സബ് ഏജന്റായിരുന്നു മാത്രമായിരുന്നു. അവൾ എന്നെ അമ്മക്ക് പരിചയപ്പെടുത്തി. അവൾ തന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചതെന്ന കാര്യം ഞാൻ അവരോട് പറഞ്ഞില്ല. പണം കൊടുക്കാതെ തന്ന ടിക്കറ്റായതുകൊണ്ട് ആ ടിക്കറ്റിന്റെ തുക പൂർണ്ണമായും അവരുടെ മകൾക്ക് അവകാശപ്പെട്ടതാണെന് ഒരുപക്ഷേ അവളുടെ അമ്മ പറയുമെന്ന് എനിക്ക് തോന്നി. ഞാനവിടെ ചെന്നത് അവരുടെ മകളെ വിവാഹം ചെയ്തു തരുമോ എന്ന് ചോദിക്കാനാണെന്ന് പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞുതുളുമ്പി. കുറച്ച് മാസങ്ങൾക്ക് ശേഷം അവളും കുട്ടിയും അവളുടെ അമ്മയും എന്റെ ജീവിതത്തിന്റെ ഭാഗമായിമാറിയിരുന്നു. അവൾ എന്റെ ഭാഗമായപ്പോൾ ഭാഗ്യം ഒന്നിനു പുറമെ എന്നെ കടാക്ഷിക്കാൻ തുടങ്ങി. ആസ്ട്രേലിയയിലേക്ക് മുങ്ങിയ ധനകാര്യ സ്ഥാപനത്തിന്റെ മുതലാളി തിരിച്ചു വന്ന് നിഷേപങ്ങൾ തിരിച്ചു തരികയും ചെയ്തു.അവൾ നല്കിയ ലോട്ടറിയാണ് എന്റെ എല്ലാ ഐശ്വര്യങ്ങളും കാരണമെന്ന കാര്യം ഞാനിപ്പോഴും രഹസ്യമായി സൂക്ഷിക്കുന്നു. സർവ്വോപരി നല്ലൊരു ഭാര്യയെ കിട്ടുന്നത് ഒരു ബംബർ ലോട്ടറി അടിക്കുന്നതിനെക്കാൾ നല്ലതല്ലേ ? അല്ലെങ്കിലും ചില രഹസ്യങ്ങൾ ആരെയും അറിയിക്കാതിരിക്കുന്നതല്ലേ ബുദ്ധി?