രചന: ഗിരീഷ് കാവാലം
:::::::::::::::::
“ഊണ് കഴിച്ചോ ?
രാത്രി ഭക്ഷണം കഴിഞ്ഞ് ബെഡ് റൂമിൽ വന്ന് മൊബൈൽ എടുത്തതും പതിവ് പോലെ ബിനുവിന്റെ വാട്സ്ആപ്പ് മെസ്സേജ് കണ്ട സ്മിത റിപ്ലൈ ടൈപ്പ് ചെയ്തു
“Just കഴിഞ്ഞതേ ഉള്ളൂ “
“ഹസ്ബൻഡ് ഉണ്ടോ അടുത്ത് ?
“ഉണ്ട്…”
“എന്താ പേടിച്ചോ.?
മെസ്സേജ് റീഡ് ചെയ്തിട്ടും ബിനുവിന്റെ റിപ്ലൈ ഇല്ലാത്തത് കണ്ട് സ്മിത ചോദിച്ചു
“ഏയ്…
“പേടിക്കണ്ട ട്ടോ.. ഉണ്ണിയേട്ടൻ എനിക്ക് മൊബൈൽ യൂസ് ചെയ്യാൻ ഫുൾ സ്വാതന്ത്ര്യം തന്നിട്ടുണ്ട്.”
“പ്രൈവസിയിൽ ഞങ്ങൾ പരസ്പരം കൈകടത്താറില്ല “
“മൊബൈലിൽ പാസ്സ്‌വേർഡ് ഇടാറും ഇല്ല ഞങ്ങൾ “
“ഒരിക്കൽ പോലും എന്റെ മൊബൈൽ ഹസ് നോക്കിയിട്ടില്ല. നോക്കത്തും ഇല്ല.. അതുപോലെ തന്നെയാ ഞാനും “
“ഹോ.. ഭാഗ്യം”
സ്മൈലിയോട് കൂടിയുള്ള റിപ്ലൈ ബിനു ഉടൻ തന്നെ അയച്ചു
“ഉം…”
മറുപടി സെന്റ് ചെയ്തതും സ്മിത തനിക്ക് അഭിമുഖമായി കിടന്നുകൊണ്ട് മൊബൈൽ നോക്കുന്ന ഉണ്ണിയെട്ടനെ ഒന്ന് പാളി നോക്കി
“എന്താ സ്മിതേ ഇന്ന് നിങ്ങളുടെ കോളേജ് ഗ്രൂപ്പിന്റെ ചർച്ച തുടങ്ങിയില്ലേ”
സ്മിതയുടെ നോട്ടത്തിന് മറുപടി എന്നവണ്ണം ഉണ്ണി ചോദിച്ചു
“ഉം…തുടങ്ങി ഉണ്ണിയേട്ടാ…”
“എന്നോട് ഇഷ്ടം ആണോ”
മൊബൈലിലേക്ക് വന്ന പ്രിയയുടെ വാട്സ്ആപ്പ് മെസ്സേജ് കണ്ടതും ഉണ്ണി സ്മിതയെ പാളി നോക്കിയ ശേഷം ടൈപ്പ് ചെയ്യാൻ തുടങ്ങി
“വളരെ ഇഷ്ടമാ “
“ശരിക്കും ?
“ശരിക്കും “
“എന്താ ഉണ്ണിയേട്ടാ നിങ്ങളുടെ റെയിൽവേ ഗ്രൂപ്പിലെ ചർച്ചയും ആക്റ്റീവ് ആയോ”
“ഉം…രാഷ്ട്രീയ ചർച്ചയാ ഇന്നും”
“അടുത്ത ആഴ്ച വരുന്ന എന്റെ ബർത്ഡേക്ക് എന്താ ഗിഫ്റ്റ്.?
“അത് സസ്പെൻസ്…’
പ്രിയയുടെ മെസ്സേജിന് ഉണ്ണി മറുപടി കൊടുത്തു
വിശാലമനസ്കരായ റെയിൽവേ ഉദ്യോഗസ്ഥനായ ഉണ്ണിയുടെയും ടീച്ചർ ആയ ഭാര്യ സ്മിതയുടെയും ചാറ്റുകൾ ഒരു സംശയത്തിനും ഇട നൽകാതെ മുന്നോട്ട് പോയി
“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ. ?
“മറുപടി തരണം”
പതിവ് പോലെ അന്നും രാത്രി ഭക്ഷണം കഴിഞ്ഞ് വന്ന സ്മിത മൊബൈൽ നോക്കുമ്പോൾ കണ്ടത് ബിനുവിന്റെ മെസ്സേജ് ആയിരുന്നു
“ചോദിക്കൂ…”
ഒരു നിമിഷം സമീപം കിടന്നു മൊബൈൽ നോക്കുന്ന ഉണ്ണിയേട്ടനെ മെല്ലെ നോക്കിയിട്ട് റിപ്ലൈ കൊടുത്തു
“നമുക്ക് ഒരുമിച്ച് കുറച്ച് സമയം സ്പെൻഡ് ചെയ്താലോ”
“എവിടേ.?
“അടുത്ത സൺഡേ.. സ്ഥലം പിന്നെ പറയാം “
“അത് ശരിയാകില്ല ബിനു….
വികാരധീനയായി റിപ്ലൈ കൊടുത്ത സ്മിത ഉണ്ണിയെ ഏറുകണ്ണിട്ട് നോക്കി
“എന്താ സ്മിതെ…ഇന്ന് എന്താ ചർച്ച ബോറിങ് ആയോ…”
“ഏയ് ഇല്ല ഉണ്ണിയേട്ടാ.. ഓരോരുത്തരുടെയും വെറുപ്പിക്കൽ വീഡിയോക്ക് ലൈക്കും ഷെയറും വാങ്ങി കൊടുക്കണം എന്ന്”
സ്മിത ചെറിയ ഒരു കള്ളം പറഞ്ഞു ഒഴിഞ്ഞു മാറി
“ഉണ്ണിയേട്ടാ നമുക്ക് ഒളിച്ചോടാം…”
“നമുക്ക് ഒരുമിച്ചു ജീവിച്ചാലോ..”
പ്രിയയുടെ മെസ്സേജ് കണ്ടതും ഉണ്ണി ആലോചനയിലായി
“എന്താ ഉണ്ണിയേട്ടാ തെറി വിളി തുടങ്ങിയോ ഗ്രൂപ്പിൽ “
“ഏയ്… രാഷ്ട്രീയം തലക്ക് പിടിച്ചവന്മാരുടെ അടി തുടങ്ങി”
ഉണ്ണിയും ഒരുവിധം പറഞ്ഞു ഒഴിഞ്ഞു മാറി
“എനിക്ക് ഒരു റിപ്ലൈ ആണ് വേണ്ടത് യെസ് or നോ.. സ്മിത വരാൻ തയ്യാറാണോ അല്ലയോ”
ബിനുവിന്റെ മെസ്സേജിന്റെ തീവ്രത സ്മിതക്ക് മനസ്സിലായി
“ഇല്ല എനിക്ക് താല്പര്യം ഇല്ല”
“സ്മിത മറുപടി കൊടുത്തു”
“ഇനി എനിക്ക് മെസ്സേജ് അയക്കേണ്ട”
“Ok എനിക്കും താല്പര്യം ഇല്ല”
ബിനുവിന്റെ റിപ്ലൈ ഉടൻ തന്നെ വന്നു
“പ്രിയേ താൻ ശരിക്കും പറഞ്ഞതാണോ”
“അതെ “
പ്രിയയുടെ മറുപടി ഉടൻ വന്നു
“അത് ശരിയാണോ രണ്ടു കുടുംബങ്ങളെ വഞ്ചിക്കുന്നതിനു തുല്യം അല്ലെ”
ഉണ്ണി പ്രിയയയ്ക്ക് മറുപടി കൊടുത്തു
“അപ്പൊ പേടിയാ”
ഉടൻ തന്നെ പ്രിയയുടെ മെസ്സേജ് വന്നു
“ഏയ് അല്ല.. കുടുംബം വിട്ട് ഒരു ബന്ധം ശരിയാണോന്ന് ചോദിച്ചതാ “
“അപ്പോൾ നിങ്ങൾക്ക് നട്ടെല്ലില്ല”
“നിങ്ങൾ ഒക്കെ എന്തിനാ പ്രേമിക്കാൻ ഇറങ്ങുന്നത്”
“Ok….ബൈ”
“പ്രിയ…തെറ്റിധരിക്കരുത്…”
ഉണ്ണിയുടെ മെസ്സേജ് കണ്ടതും പ്രിയ ഓഫ് ലൈൻ ആയി
മൊബൈൽ സൈഡിൽ വച്ചിട്ട് ഉണ്ണി സ്മിതയുടെ നേർക്ക് മുഖം തിരിച്ചു
“ആളുകൾ ഒക്കെ നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാണ് സ്മിതേ’
“അതെ ഉണ്ണിയേട്ടാ ഈ ലോകം തന്നെ കപടത നിറഞ്ഞതാ”
രണ്ട് പേരും പുഞ്ചിരിച്ചുകൊണ്ട് ലൈറ്റ് ഓഫ് ചെയ്തു
ഞായറാഴ്ച ദിവസം അവധി ആണെങ്കിലും ഉണ്ണി നേരത്തെ എഴുന്നേൽക്കും
“സോറി…”
കുഴപ്പം ഇല്ല നമ്മുടെ ബന്ധം ആരും അറിയാതെ ഇങ്ങനെ പോയാൽ മതി
മൊബൈൽ ഓൺ ചെയ്തതും പ്രിയയുടെ മെസ്സേജ്
എന്തോ ആലോചിച്ചിട്ടെന്നവണം ഉണ്ണി റിപ്ലൈ ടൈപ്പ് ചെയ്തു
“വേണ്ട ഇത് ശരിയാകില്ല”
മൊബൈൽ കിടക്കയിൽ വച്ചിട്ട് ഉണ്ണി വെളിയിലേക്ക് പോയി
ഉറക്കം തെളിഞ്ഞ സ്മിത മൊബൈൽ ഓൺ ചെയ്തതും ബിനുവിന്റെ മെസ്സേജ്
“സോറി ഡിയർ.. മൈൻഡ് ചെയ്യണ്ട ട്ടോ”
“എന്നോട് ഇഷ്ടക്കുറവ് ഒന്നുമില്ലല്ലോ”
“നിന്നെ എനിക്ക് അത്രക്ക് ഇഷ്ടം ആയതുകൊണ്ട് പറഞ്ഞതല്ലേ”
മറ്റൊന്നും ആലോചിക്കാതെ സ്മിത ടൈപ്പ് ചെയ്യാൻ തുടങ്ങി
“വേണ്ട ഇങ്ങനെ മുന്നോട്ട് പോകാൻ എനിക്ക് താല്പര്യം ഇല്ല.. ഇനി എനിക്ക് മെസ്സേജ് അയക്കേണ്ട”
സ്മിത മൊബൈൽ സൈഡിൽ വച്ചു വീണ്ടും കിടന്നുറങ്ങി
അന്ന് പകൽ മുഴുവൻ ബിനുവിന്റെ മെസ്സേജുകൾ വന്നെങ്കിലും അത് റീഡ് ചെയ്യാൻ പോലും സ്മിത ശ്രമിച്ചില്ല
അന്നും രാത്രി ഭക്ഷണം കഴിഞ്ഞു കിടക്കയിൽ എത്തിയതും ബിനുവിന്റെ മെസ്സേജുകൾ നോക്കിയ സ്മിത ടൈപ്പ് ചെയ്യാൻ തുടങ്ങി
“ഞാൻ നിങ്ങളെ ബ്ലോക്ക് ചെയ്യാൻ പോകുവാണ്.. ഇനി മെസ്സേജ് ടൈപ്പ് ചെയ്തു കഷ്ടപ്പെടണം എന്നില്ല”
മെസ്സേജ് സെന്റ് ചെയ്തതും സ്മിത, ബിനുവിനെ ബ്ലോക്ക് ചെയ്തു
ഒരു നെടുവീർപ്പോടെ സ്മിത, ഉണ്ണിയെ നോക്കി ചരിഞ്ഞു കിടന്നു
നട്ടെല്ലില്ലാത്തവൻ ആണെന്ന് അറിയില്ലായിരുന്നു
ആണത്തം ഇല്ല അല്ലെ
തന്നെ ക്രൂശിച്ചുകൊണ്ടുള്ള പ്രിയയുടെ ഒരു പിടി മെസ്സേജുകൾ കണ്ട ഉണ്ണി ഒന്നാലോചിച്ച ശേഷം ടൈപ്പ് ചെയ്തു
“ഇനി മെസ്സേജ് അയക്കേണ്ട… അത് കുടുംബ ബന്ധങ്ങൾക്ക് നല്ലതല്ല… ഞാൻ ബ്ലോക്ക് ചെയ്യുവാണ്..”
മെസ്സേജ് സെന്റ് ചെയ്ത് കഴിഞ്ഞ ശേഷം പ്രിയയെ, ഉണ്ണി ബ്ലോക്ക് ചെയ്തു..
“ഹാവൂ…”
അറിയാതെ നെടുവീർപ്പ് ഇട്ടുകൊണ്ട് സ്മിതക്കു അഭിമുഖമായി ഉണ്ണി തിരിഞ്ഞു കിടന്നു
“വല്ലാത്ത ഒരു ഉന്മേഷം ഇന്ന് എന്താന്ന് അറിയില്ല ഇന്ന്”
“അതെ ഉണ്ണിയേട്ടാ എനിക്കും ഇന്ന് നല്ലൊരു ഫീൽ തോന്നുന്നു”
അടുത്ത ദിവസം രാവിലെ എഴുന്നേറ്റതും
ഇന്നത്തെ പ്രഭാതത്തിന് ഒരു പ്രത്യേക ഐശ്വര്യം തോന്നുന്നു വെളിയിലേക്ക് നോക്കിയ സ്മിത അത് പറയുമ്പോൾ ഉണ്ണിയും അത് ഏറ്റു പറഞ്ഞിരുന്നു
“പ്രൈവസി അനിവാര്യത ആണെന്ന് പരസ്പരം പറയുമായിരുന്നെങ്കിലും ഇവളുടെ ചാറ്റുകൾ ഞാൻ അന്നന്നു നോക്കാറുണ്ടായിരുന്നു എന്ന് പാവം ഇവൾക്കറിയില്ലായിരുന്നു..”
ഒരു പുഞ്ചിരിയോടെ ഓർത്ത് പോയി ഉണ്ണി
“ഉണ്ണിയേട്ടൻ അറിയാതെ എന്നും ഉണ്ണിയേട്ടന്റെ ചാറ്റുകൾ ഞാൻ നോക്കാറുണ്ടായിരുന്നു.. പാവം ഉണ്ണിയേട്ടൻ..”
മനസ്സിൽ പറഞ്ഞുകൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ സ്മിത എന്നത്തേതിലും സ്നേഹത്തോടെ ഉണ്ണിയോട് ചേർന്ന് നിന്നു…..