നീ അവളെ കൊഞ്ചിക്കണത് കണ്ടാൽ തോന്നും അവളിന്നലെ പെറ്റുവീണതാണെന്ന്…

പെണ്ണ്…

രചന: രജിത ജയൻ

=====================

വൈകുന്നേരം കോളേജിൽ നിന്നു വന്നപ്പോൾ തന്നെ ആതിര നേരെ അച്ഛന്റെ അടുത്തേക്കാണ് പോയത്….പൂമുഖത്ത് ചേച്ചിയുടെ മോളെയും കളിപ്പിച്ച് വേണുവേട്ടനൊപ്പം അച്ഛനിരിക്കുന്നത് കണ്ടപ്പോൾ ഒരു നിമിഷം അവളൊന്നമ്പരന്നു….

അല്ലാ ഏട്ടനിതെപ്പോൾ വന്നു. …ചോദ്യത്തോടൊപ്പം അവൾ അച്ഛനരിക്കിൽ നിന്നും മുത്തുമോളെ വാരിയെടുത്ത് കൊഞ്ചിക്കാൻ തുടങ്ങി. …

നീ അവളെ കൊഞ്ചിക്കണത് കണ്ടാൽ തോന്നും അവളിന്നലെ പെറ്റുവീണതാണെന്ന്…ടീ അവളിപ്പോൾ ചെറിയ കുട്ടിയൊന്നുമല്ല…

പിന്നെ. ..

ആ.. അവള് വേണുനോട് പറഞ്ഞൂത്രേ അവളിപ്പോ വല്യ കുട്ടിയായീന്ന്….

ആണോടാ ചക്കരേ. ..ചിറ്റേടെ ചക്കര രണ്ട് വയസ്സായപ്പോഴെക്കും അങ്ങ് വലുതായോ……

കുഞ്ഞിനെ കളിപ്പിക്കുന്നതിനിടയിലൂടെ അവൾ വേണുവിനെ ശ്രദ്ധിക്കു ന്നുണ്ടായിരുന്നു…. അലസമായി ധരിച്ച വസ്ത്രങ്ങളും ഷേവ് ചെയ്തിട്ട് ദിവസങ്ങളായ മുഖവും….

ചേച്ചിയുടെ ഭർത്താവായി ഇവിടെ വന്നു കയറിയപ്പോഴുളള വേണുവേട്ടൻ എത്ര സുന്ദരനായിരുന്നു…അന്നവരുടെ ജീവിതം കണ്ട് ഈശ്വരനോട് പ്രാർഥിച്ചിട്ട് ഉണ്ട് ആരുടെയും ദൃഷ്ടിപ്പെട്ടവരുടെ ജീവിതം തകരല്ലേന്ന്…..പക്ഷെ എന്നിട്ട് സംഭവിച്ചതോ. …എല്ലാം സുഖസൗകര്യങ്ങളും നൽകി വേണുവേട്ടൻ നോക്കിയപ്പോഴും ചേച്ചി സ്നേഹം കണ്ടെത്തിയത്…ജീവിതം തേടിയത് ഏട്ടന്റ്റെ സുഹൃത്തായ വിജയിലാണ്….

മോളെ പ്രസവിച്ചു രണ്ടു മാസം കഴിഞ്ഞൊരു വെളുപ്പിന് അവളെ വീട്ടിൽനിന്നും കാണാതെയായി….അവളുടെ സകല വസ്തുക്കളും ആഭരണങ്ങളുമായവൾ വിജയനൊപ്പം പോയപ്പോൾ അവളെ ഈ ലോകത്ത് ഏറ്റവും അധികം വെറുത്തത് താനായിരുന്നു…താലിക്കെട്ടിയ ഭർത്താവിനെയും നൊന്ത് പ്രസവിച്ച കുഞ്ഞിനെയും ഉപേക്ഷിച്ച് വേറൊരുത്തന്റ്റെ ചൂട് തേടി അവൾപോയപ്പോൾ തളരാതെ നിന്ന വേണുവേട്ടനോട് മനസ്സിലെന്നും ബഹുമാനമായിരുന്നു…

കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് വേണുവേട്ടന്റ്റെ അമ്മ തന്നെ വേണുവേട്ടനു വേണ്ടി കല്യാണം ആലോചിച്ചത്. .. കുഞ്ഞിനെ കരുതി യും പിന്നെ മകൾ മരുമകനോട് ചെയ്ത ചതിയും ഓർത്തിട്ടാവും അച്ഛൻ വേഗം വിവാഹത്തിന് സമ്മതമറിയിച്ചത്. ..

പക്ഷെ തനിക്കത് ഉൾക്കൊള്ളാൻ പ്രയാസായിരുന്നു. ..ചേച്ചിയൂടെ ഭർത്താവ് ആയിരുന്ന ആൾ എന്നതിനെക്കാൾ തന്നെ അതിൽ നിന്ന് പിൻതിരിപ്പിച്ചത് വേറെ എന്തെല്ലാമോ ചിന്തകൾ ആയിരുന്നു. …തനിക്ക് ആ ബന്ധം താൽപര്യം ഇല്ലാന്നറിഞ്ഞേപിന്നെ ഇന്നാണ് ഏട്ടൻ ഇങ്ങോട്ടു വരുന്നത്…

അല്ലാ വേണുവേട്ടനിതെന്താ ഒന്നും മിണ്ടാതെ ഇരിക്കണത്….ഞാൻ വന്നത് ഇഷ്ടപ്പെട്ടില്ലാന്നുണ്ടോ

ഏയ് അതൊന്നും അല്ല ഞാൻ വെറുതെ ഓരോന്നും ……

അച്ഛാ. …വേണുവേട്ടനിപ്പോ ഭയങ്കര ചിന്തയാട്ടോ….അത് ശരിയാവൂല്ലലോ..നമ്മുക്ക് ഏട്ടനെ പിടിച്ചൊരു പെണ്ണ് കെട്ടിച്ചാലോ….

അമ്പരന്നു തന്നെ തന്നെ നോക്കുന്ന അച്ഛനെയും അമ്മയെയും വേണുവിനെയും നോക്കി ആതിര ഒരു ചിരിയങ്ങ് പാസാക്കി. …എന്നിട്ട് മെല്ലെ പറഞ്ഞു. ..പെണ്ണിനെ നോക്കിയിനി ദൂരേക്കൊന്നും പോകണ്ട….ഈ ഞാൻ മതീന്നേ….എനിക്ക് സമ്മതാണ് വേണുവേട്ടന്റ്റെ ഭാരൃയാവാൻ പിന്നെന്റ്റെ മുത്തുമോളുടെ അമ്മയാവാൻ….

തന്നെ അമ്പരപ്പോടെയും അത്ഭുതതോടെയും നോക്കുന്ന വേണുവിന് നാണത്തിൽ പൊതിഞ്ഞൊരു ചിരി സമ്മാനിച്ച് മുറിയിലേക്കോടുമ്പോൾ ആതിരയുടെ മനസ്സിൽ ഇന്നവളെ കാണാൻ കോളേജിൽ എത്തിയ ചേച്ചിയുടെ മുഖമായിരുന്നു…

സ്നേഹം നടിച്ചു കൂട്ടികൊണ്ടുപോയവൻ കയ്യിലെ പണം തീർന്നപ്പോൾ അവളെ പഴയതുപോലെ സ്നേഹിക്കുന്നില്ലായെന്നും ദിവസവും മദ്യപ്പിച്ച് വന്നു സംശയരോഗിയായ് പെരുമാറുന്നു….എന്നെല്ലാം പറഞ്ഞവസാനം അവൾ പറഞ്ഞ കാര്യം അവൾക്ക് വീണ്ടും വേണുവേട്ടന്റ്റെ ഭാര്യയായ് ജീവിക്കാൻ ഒരവസരം താനുണ്ടാക്കി നൽകണമെന്നായിരുന്നു…

അവളോടൊന്നും പറയാതെ അവിടെ നിന്നും പോരുമ്പോൾ തന്നെ മനസ്സിലുറപ്പിച്ചതാണ് ഇനിയൊരിക്കലും അവളെ തങ്ങളുടെ വീട്ടിലേക്ക് അടുപ്പിക്കില്ലാന്ന്….

സ്വന്തം പ്രാണനെക്കാൾഅവളെസ്നേഹിച ഭർത്താവിനെയും പ്രാണനിൽ പത്തുമാസം ചുമന്ന കുഞ്ഞിനെയും ഉപേക്ഷിച്ചു പോയവൾക്കെല്ലാം തോന്നുമ്പോൾ തിരിച്ചു വരാൻ പറ്റരുത്…അതിനിതേ വഴിയുളളൂ…മാത്രമല്ല കഴിഞ്ഞു പോയ നാളുകളിലെപ്പോഴോ മനസ്സിൽ ഒരു ഭർത്താവിന്റെ സ്ഥാനം താൻ വേണുവേട്ടന് നൽകിയിരുന്നു. .

നാളെ ഒരുപക്ഷേ തന്നെ ഈ സമൂഹം തെറ്റുക്കാരിയാക്കിയേക്കാം.. എന്നാലും ഇതു മാത്രമാണ് തന്റെ ശരി….സ്വന്തം കുടുംബം മറന്നു കണ്ടവന്റ്റെ കൂടെ പോവുന്നഎല്ലാ പെണ്ണുങ്ങൾക്കുമുളള ഇന്നത്തെ പെണ്ണിന്റെ മറുപടി. ..