കൂട്ടുകാരികളിൽ ഒരാളായ പ്രിയ ഒരു അല്പം അസൂയയോടെ അനിലയോട് പറഞ്ഞു.

രചന: അപ്പു

::::::::::::::::::::::::::::

” നിനക്കെന്ത് സുഖാല്ലേ..? എന്നെ പോലെ കഷ്ടപ്പെട്ട് ജോലിക്ക് പോകണ്ട.. എന്ത് ആഗ്രഹം പറഞ്ഞാലും അതൊക്കെ സാധിച്ചു തരുന്ന ഭർത്താവ്.. ഇതിൽ കൂടുതൽ എന്ത് വേണം ഒരു പെണ്ണിന്..!”

പഴയ കോളേജ് സുഹൃത്തുക്കളുടെ ഒത്തുചേരലിന് കൂട്ടുകാരികളിൽ ഒരാളായ പ്രിയ ഒരു അല്പം അസൂയയോടെ അനിലയോട് പറഞ്ഞു.

അതിന് മറുപടി ആയി അനില പതിഞ്ഞു ചിരിച്ചു.

” സത്യം… എനിക്കൊന്നും ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയില്ലല്ലോ എന്നാണ് ഞാൻ ഓർക്കുന്നത്..!”

ധന്യക്കും അനിലയുടെ ജീവിതത്തോട് അസൂയ തന്നെ ആയിരുന്നു.

ഭാഗ്യം… എന്ത് ഭാഗ്യമാണ് തന്റേത്..!!

വേദനയോടെ ഉള്ളിൽ ചിന്തിക്കുമ്പോഴും പുറമേ സുഹൃത്തുക്കളുടെ വാക്കുകൾക്ക് അവൾ പുഞ്ചിരിച്ചു.

തന്റെ ജീവിതവും അതിലെ പ്രശ്നങ്ങളും തന്റെ മാത്രം സ്വകാര്യതയാണ്. അതൊരിക്കലും മറ്റൊരാളുടെ മുന്നിൽ ചർച്ചയ്ക്ക് വയ്ക്കുന്നത് അവൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു..!

” എന്നാലും ഇത്രയും വലിയൊരു സൗഭാഗ്യം നിന്നെ തേടി വന്നല്ലോ എന്നാണ് ഞാൻ ആലോചിക്കുന്നത്.. പണ്ട് നീ ഇവിടെ കോളേജിൽ അലമ്പ് കാണിച്ച് നടന്നത് നിന്റെ ഭർത്താവ് എങ്ങാനും അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ നിനക്ക് ഇങ്ങനെ ഒരു ജീവിതം പോലും കിട്ടില്ലായിരുന്നു.. “

പ്രിയ പറഞ്ഞപ്പോൾ അനില ചിന്തിച്ചത് ഒരിക്കൽ കൂടി അങ്ങനെ ഒരു കാലത്തേക്ക് തിരിച്ചു പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നായിരുന്നു..

“നിങ്ങൾ അങ്ങനെ പറയരുത്.. നിങ്ങളൊക്കെ അനില എന്നുള്ള പേര് കേൾക്കുമ്പോൾ ഓർക്കുന്നത് തന്നെ നിങ്ങൾക്കിടയിലൂടെ വായാടിയായി നടക്കുന്ന ഒരു പെൺകുട്ടിയെ ആയിരിക്കും. എന്ത് കാര്യത്തിനും ആക്ടീവായി പാർട്ടിസിപ്പേറ്റ് ചെയ്യുന്ന അവളുടെ മുഖമല്ലാതെ മറ്റൊന്നും നിങ്ങൾക്ക് ഓർക്കാൻ ഉണ്ടാവില്ല. ആരോടും ഒന്നും മിണ്ടാതെ അവൾ ഒരു മൂലയിൽ ഒറ്റയ്ക്ക് ഇരുന്നെങ്കിൽ ഒരുപക്ഷേ നിങ്ങൾക്ക് ഇങ്ങനെ സംസാരിക്കാൻ പോലും ഇന്ന് സാധിക്കില്ലായിരുന്നു.”

അവരുടെ മറ്റൊരു സുഹൃത്തായ റോഷൻ പറഞ്ഞപ്പോൾ അത് ശരിയാണ് എന്ന അർത്ഥത്തിൽ മറ്റെല്ലാവരും ചിരിച്ചു.

“എന്നാലും എനിക്ക് മനസ്സിലാവാത്തത് അതല്ല. കോളേജ് സമയത്തൊക്കെ അങ്ങനെ പൊട്ടിത്തെറിച്ച് നടന്നിരുന്ന ഇവൾ എങ്ങനെ ഇത്രയും അടക്കവും ഒതുക്കവും ഉള്ള കുടുംബിനിയായി മാറി എന്നുള്ളതാണ്.. “

ശരൺ പറഞ്ഞപ്പോൾ അത് ശരി വെക്കുന്നതു പോലെ ഓരോരുത്തരും പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.

” വെറുതെ ഒന്നുമല്ല അതൊക്കെ അവളുടെ ഭർത്താവിന്റെ കഴിവാണ്.. ഭർത്താവിന്റെ സ്നേഹം കൊണ്ട് മാറാത്ത പെണ്ണുങ്ങൾ ആരെങ്കിലും ഉണ്ടോ..?”

ധന്യ പറഞ്ഞപ്പോൾ അത് ശരിയാണ് എന്ന് അർത്ഥത്തിൽ മറ്റുള്ള സ്ത്രീകളും സപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു.

എല്ലാം കൂടെ കേൾക്കുമ്പോൾ അനിലക്ക് തല പെരുക്കുന്നതു പോലെ തോന്നി. എല്ലാം വലിച്ചെറിഞ്ഞ് പൊട്ടിത്തെറിച്ചു കൊണ്ട് ഇവിടെ നിന്ന് എവിടെയെങ്കിലും പോയാലോ എന്ന് വരെ അവൾ ചിന്തിച്ചു..

പാടില്ല.. അങ്ങനെ ചെയ്താൽ.. നഷ്ടങ്ങൾ തനിക്കു മാത്രമാണ്.. മറ്റുള്ളവർക്ക് പറഞ്ഞു ചിരിക്കാൻ ഒരു കഥാപാത്രമായി താൻ മാറും.. ഒരിക്കലും പാടില്ല..

” മനുഷ്യന് വിശന്നിട്ട് കുടല് കരിയുന്നു.. ഇനിയെങ്കിലും ആഹാരം തരുവോ…?”

മനു ചോദിച്ചപ്പോൾ അവിടെ ഒരു പൊട്ടിച്ചിരി ഉയർന്നു.

” പണ്ട് തൊട്ടേ നിനക്ക് ഇൻട്രസ്റ്റ് ഉള്ള ഒരേയൊരു വിഷയം ഇതായിരുന്നു. ഇപ്പോഴും അതിൽ മാറ്റമൊന്നുമില്ല അല്ലേ..? “

റോഷന്റെ ചോദ്യം കൂടിയായപ്പോൾ അവിടെ ചിരിയലകൾ അവസാനിക്കുന്നുണ്ടായിരുന്നില്ല. എല്ലാവരോടും ഒപ്പം ചേർന്ന് ചിരിക്കുന്നതു പോലെയും കളിക്കുന്നതു പോലെയും അവൾ അഭിനയിക്കുമ്പോഴും അവളുടെ ഉള്ളിൽ വല്ലാത്ത ഒരു ഭയമുണ്ടായിരുന്നു.

ഉച്ചഭക്ഷണം കഴിഞ്ഞ് ക്യാമ്പസിന്റെ പല ഭാഗത്തേക്ക് സുഹൃത്തുക്കൾ ഓരോരുത്തരും ഓരോ ടീമുകളായി നടന്നു തുടങ്ങിയപ്പോൾ അനില അടുത്തു കണ്ട വാകമര ചുവട്ടിലേക്ക് ചെന്നിരുന്നു.

പണ്ടൊക്കെ എന്ത് രസമായിരുന്നു.. സ്വന്തം ഇഷ്ടത്തിന് എവിടെയും പോകാം എന്തും ചെയ്യാം.. പക്ഷേ ഇപ്പോൾ..!

നെടുവീർപ്പോടെ ചിന്തിച്ചു കഴിഞ്ഞപ്പോഴാണ് തൊട്ടടുത്ത് ആരോ ഇരിക്കുന്നത് അവൾ അറിഞ്ഞത്. തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് നീലിമയെയാണ്. പെട്ടെന്ന് അവളെ അടുത്ത് കണ്ടപ്പോൾ ഒന്ന് പതറി പോയെങ്കിലും പുഞ്ചിരിച്ചു.

” ചിന്തിച്ചു കഴിഞ്ഞോ..? “

നീലിമ ചോദിച്ചപ്പോൾ അനില തലയാട്ടി.

” എങ്ങനെയുണ്ട് നിന്റെ ജീവിതം..? നേരത്തെ അവിടെ പറഞ്ഞതു പോലെ സുഖം സന്തോഷം എന്നൊരു മറുപടി അല്ല എനിക്ക് വേണ്ടത്.. നിന്റെ കല്യാണം കഴിഞ്ഞതിനു ശേഷം നിന്നെ ഒന്നും കോൺടാക്റ്റ് ചെയ്യാൻ പോലും കഴിയാതെ നീ എന്നിൽ നിന്നൊക്കെ അകന്നു പോയി. സൗഹൃദം പോലും വേണ്ടെന്നു വയ്ക്കാനും മാത്രം എന്ത് പ്രശ്നങ്ങളാണ് നിനക്ക് ഉണ്ടായിരുന്നത്..? “

നീലിമ ചോദിച്ചപ്പോൾ അനില തലതാഴ്ത്തി.

” എന്തേ മറുപടിയില്ലേ നിനക്ക്..? നേരത്തെ അവര് പലതും പറഞ്ഞ് കളിയാക്കുന്നത് ഞാൻ കണ്ടു. ഭർത്താവിനെ കിട്ടിയതിന്റെ സുഖം സന്തോഷം എന്നൊക്കെ പറഞ്ഞിട്ട്.. അപ്പോഴൊക്കെ അവരുടെ മുന്നിൽ ചിരിച്ചു കൊണ്ടിരിക്കുകയാണെങ്കിലും നിന്റെ ഉള്ളിൽ മറ്റെന്തൊക്കെയോ ആണ് എന്ന് എനിക്കറിയുന്നതു പോലെ മറ്റ് ആർക്കാണ് അറിയാവുന്നത്..? നിനക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് നിന്നെ കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയതാണ്. പിന്നെ ചുറ്റും ആളുകൾ ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ ഒന്നും ചോദിക്കാതിരുന്നത്. നീ പറ എനിക്ക് അറിയണം എന്താ നിന്റെ പ്രശ്നം..? “

നീലിമ വെട്ടി തുറന്നു അങ്ങനെ ചോദിക്കുമ്പോൾ അനിലക്ക് അത്ഭുതമൊന്നും തോന്നിയില്ല. പണ്ടുമുതലേ തന്റെ ശബ്ദം ഒന്നു മാറിയാൽ പോലും അവൾ കണ്ടുപിടിക്കും. അതുകൊണ്ടു തന്നെയാണ് അവളോട് കോൺടാക്ട് വയ്ക്കാത്തത്.

പക്ഷേ ഇപ്പോൾ ആരും ആശ്രയമില്ലാതെ നിൽക്കുന്ന ഈ സമയത്ത് അവളുടെ സാന്നിധ്യം ഒരു ആശ്രയമായിരുന്നു അവൾക്ക്.

നീലിമയുടെ നിർബന്ധം സഹിക്കാതെ ആയപ്പോൾ അനില തന്റെ ജീവിതം തുറന്നു പറയാൻ തുടങ്ങി.

” നേരത്തെ അവരൊക്കെ പറഞ്ഞില്ലേ എന്നെ ജോലിക്ക് പോലും വിടാതെ വീട്ടിലിരുത്തി സംരക്ഷിക്കുന്ന എന്റെ ഭർത്താവിനെ കുറിച്ച്.. ചെറിയ ഒരു ശമ്പളത്തിന് ആണെങ്കിലും ജോലിക്ക് പോകണം എന്ന് ആഗ്രഹം ഉണ്ടായിരുന്ന ഒരാളായിരുന്നു ഞാൻ. ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കണം എന്നുള്ള ചിന്തയോടെയാണ് പഠിച്ചത് പോലും. ആ എന്നെയാണ് ഒരു ജോലിക്കും വിടാതെ ഭർത്താവ് വീട്ടിൽ ഇരുത്തിയിരിക്കുന്നത്.എന്നെ സംബന്ധിച്ച് അത് ഒരിക്കലും ഒരു ഭാഗ്യമല്ല. നിർഭാഗ്യമാണ്. അവരൊക്കെ പറഞ്ഞതുപോലെ എനിക്ക് എന്ത് വേണമെങ്കിലും എന്റെ മുന്നിൽ കൊണ്ടുവന്ന് തരും . അതൊക്കെ വാങ്ങാൻ പോലും എന്നെ പുറത്തേക്ക് പോകാൻ അനുവദിക്കില്ല എന്ന് സാരം. സത്യം പറഞ്ഞാൽ ഞാൻ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ എന്റെ വീട്ടിലേക്ക് പോകുമ്പോൾ മാത്രമാണ് ഒന്ന് ശുദ്ധവായു ശ്വസിക്കുന്നത്. അല്ലെങ്കിൽ ആ വലിയ വീടും ഗേറ്റിനുള്ളിലെ കോമ്പൗണ്ടും മാത്രമായിരുന്നു എന്റെ ജീവിതം. വിവാഹം കഴിഞ്ഞ് മൂന്നുനാലു വർഷങ്ങളായി. ഇതുവരെ ഞങ്ങൾ ഒന്നിച്ച് ഒരു സ്ഥലത്തും സന്തോഷത്തോടെ പോയിട്ട് പോലുമില്ല.. ആർക്കോ വേണ്ടി വിവാഹം കഴിച്ചത് പോലെയാണ് അദ്ദേഹത്തിന്റെ പ്രവർത്തികൾ ഒക്കെ..!”

സങ്കടത്തോടെ അനില പറഞ്ഞപ്പോൾ നീലിമയ്ക്ക് ദേഷ്യമാണ് തോന്നിയത്.

” ഇത്രയൊക്കെ സഹിച്ചും ക്ഷമിച്ചും നീ അവിടെ കടിച്ചു തൂങ്ങേണ്ട കാര്യം എന്താണ്..? നിനക്ക് പറ്റില്ലെങ്കിൽ ഉപേക്ഷിച്ചു പോകാൻ പാടില്ലേ..? “

നീലിമ ചോദിച്ചപ്പോൾ അനില നിസ്സഹായതയോടെ ചിരിച്ചു.

” പഠിക്കുന്ന സമയത്ത് എനിക്കും അങ്ങനെയൊക്കെ തോന്നിയിട്ടുണ്ട്. വിവാഹം കഴിച്ചു കഴിഞ്ഞു ആ ബന്ധത്തിൽ പൊരുത്തപ്പെടാൻ കഴിയാതെ വരുമ്പോൾ ഡിവോഴ്സ് വാങ്ങാം എന്നൊക്കെ. പക്ഷേ ജീവിതത്തിലേക്ക് വരുമ്പോഴാണ് അതൊന്നും നടക്കുന്ന കാര്യമല്ല എന്ന് മനസ്സിലാവുന്നത്. ഒരിക്കൽ ഈ ജീവിതം എന്നെക്കൊണ്ട് പറ്റില്ല എന്ന് തുറന്നു പറഞ്ഞതിന് അയാൾ എന്തൊക്കെ അനാവശ്യങ്ങളാണ് എന്നോട് പറഞ്ഞത് എന്ന് നിനക്കറിയാമോ..? വീട്ടിൽ തുറന്നു പറഞ്ഞപ്പോഴാണെങ്കിൽ ജീവിതം ഇങ്ങനെയൊക്കെയാണ് നിന്നെ സംബന്ധിച്ച് നല്ലൊരു ജീവിതം കിട്ടിയല്ലോ എന്നൊക്കെ.. നിന്നെ വീടിന് പുറത്തേക്ക് വിട്ടില്ലെങ്കിലും നിനക്ക് സർവ്വ സുഖങ്ങളും സൗഭാഗ്യങ്ങളും തന്നുകൊണ്ട് അവൻ നോക്കുന്നില്ലേ എന്നാണ് എന്റെ അമ്മ ചോദിച്ചത്.. ഇങ്ങനെയൊക്കെ ചിന്തിക്കുന്നവരോട് ഞാൻ എന്തു മറുപടി പറയാനാണ്..? ഇന്ന് എന്തോ ഭാഗ്യം കൊണ്ടാണ് എന്നെ ഇവിടേക്ക് വിട്ടത്. അല്ലെങ്കിൽ അതും ഉണ്ടാവില്ല.. “

വിങ്ങിക്കരഞ്ഞു കൊണ്ട് അനില പറഞ്ഞപ്പോൾ അവളെ ആശ്വസിപ്പിക്കാൻ മാത്രമേ നീലിമയ്ക്ക് കഴിയുമായിരുന്നുള്ളൂ.

പരിപാടികൾ എല്ലാം അവസാനിച്ചപ്പോൾ അനിലയെ കൂട്ടിക്കൊണ്ടു പോകാൻ കാർ വന്നിരുന്നു. സുഹൃത്തുക്കളൊക്കെ അവളുടെ സൗഭാഗ്യങ്ങളെ പുകഴ്ത്തുമ്പോൾ അവളെ മനസ്സിലാക്കിയത് നീലിമ മാത്രമായിരുന്നു.

സഹതാപത്തോടെയും സങ്കടത്തോടെയും നീലിമ അനിലയെ നോക്കുമ്പോൾ അവളെ നോക്കി കണ്ണ് ചിമ്മി ചിരിച്ചുകൊണ്ട് അനില കാറിലേക്ക് കയറി.

ആ കാർ മുന്നോട്ടു നീങ്ങുമ്പോഴും ഇനിയുള്ള ജീവിതം പഴയതു പോലെ യാന്ത്രികമായി തന്നെ മുന്നോട്ടു പോകുമെന്ന് ഓർത്തുകൊണ്ട് അനില നെടുവീർപ്പിട്ടു.

✍️ അപ്പു