താൻ അച്ഛന്റെ മുറിയിലേക്ക് കടന്നതും മീര അച്ഛനെ കിടക്കാൻ നിർബന്ധിക്കുന്നതാണ് കണ്ടത്…

അൽഷിമേഴ്സ്

രചന: ഭാഗ്യലക്ഷ്മി. കെ. സി

::::::::::::::::::::::::::::::

മറവി വന്നുതുടങ്ങിയതിൽപ്പിന്നെയാണ് അച്ഛൻ സംസാരിക്കാൻ തുടങ്ങിയത്. അതുവരെ അച്ഛന് സംസാരം വളരെ കുറവായിരുന്നു. അമ്മ പോയതോടെ അച്ഛൻ തീർത്തും ഒറ്റപ്പെട്ടു. നമ്മൾ നാലു മക്കൾക്കും അച്ഛനെ ശ്രദ്ധിക്കാൻ സമയമില്ലാതായി.

അച്ഛന് വേണ്ടുന്ന കാര്യങ്ങൾ ചെയ്തുകൊടുക്കാൻ മക്കൾ തമ്മിൽ കലഹമായി. അച്ഛന്റെ സഹായത്തിനായി ഒരാളെ നിയമിച്ചു. അയാളാകട്ടെ ഭക്ഷണം പാകം ചെയ്യുകയും വസ്ത്രം അലക്കിക്കൊടുക്കുകയും മുറികൾ തൂത്തു വൃത്തിയാക്കുകയും മാത്രം ചെയ്തുപോന്നു. അയാളുടെ ജോലികൾ ചെയ്തുകഴിഞ്ഞാൽ അയാൾ സ്വന്തം വീട്ടിലേക്ക് പോകും.

ദിവാകരാ… നീ എവിടെ പോയി..?

അച്ഛൻ ഇടയ്ക്ക് നീട്ടി വിളിക്കും. അയാളാണെങ്കിൽ അച്ഛൻ വിളിക്കുന്നത് ഒന്നും കേൾക്കാൻ നിൽക്കുകയുമില്ല. കുറച്ചുകൂടി ക്ഷമയുള്ള കരുതലുള്ള സഹാനുഭൂതിയുള്ള ഒരാളെ കിട്ടാൻ മക്കൾ നാലുപേരും അന്വേഷണമായി.

മധൂ നിനക്ക് ഇന്ന് ഉദ്യോഗമില്ലേ?

അച്ഛൻ തന്നോട് ചോദിക്കും. അച്ഛന്റെ കുളി കഴിഞ്ഞിട്ട് വേണം തനിക്ക് പോകാൻ എന്നുപറഞ്ഞാൽ അച്ഛൻ ഉടനെ ചോദിക്കും:

അതിന് ഞാൻ രാവിലെ തന്നെ കുളിച്ചു കഴിഞ്ഞല്ലോ…

ഇല്ലച്ഛാ.. ഇന്ന് കുളിച്ചതേയില്ല..

താൻ മറുപടി പറയും. പക്ഷേ അച്ഛൻ സമ്മതിക്കില്ല.

ശരി സമ്മതിച്ചു.. എങ്കിലും ഒരിക്കൽ കൂടി കുളിക്കാം… വാ…

അങ്ങനെ പറഞ്ഞാൽ മാത്രം അച്ഛൻ തന്റെ കൂടെ കുളിമുറിയിലേക്ക് വരും. അമ്മ അടുത്തുള്ളത് പോലെയാണ് എപ്പോഴും സംസാരം.

അവൾ കഴിച്ചോ? അവൾ കിടന്നോ..? അവൾ അമ്പലത്തിൽ പോയി തിരിച്ചെത്തിയോ..?.എന്നിങ്ങനെ ഇടയ്ക്ക് തന്നോട് ചോദ്യങ്ങൾ ഉയരും. എല്ലാറ്റിനും തലയാട്ടും.

ഇടയ്ക്ക് കുട്ടി, ഇടയ്ക്ക് ഇരുപത് വയസ്സ്, ഇടയ്ക്ക് തഹസിൽദാ൪, ഇടയ്ക്ക് മുത്തച്ഛന്റെ സ്നേഹനിധിയായ മകൻ ഇങ്ങനെ രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കും അച്ഛൻ.

തൊടിയിൽ ഇറങ്ങണ്ട എന്ന് പറഞ്ഞാൽ ഒരിക്കലും കേൾക്കില്ല. തൊടിയിൽ വളർന്നുകൊണ്ടിരിക്കുന്ന പച്ചക്കറികൾക്കൊക്കെ ജലസേചനം, വളമിട്ടു കൊടുക്കൽ, കളപറിക്കൽ എന്നിങ്ങനെ ഓരോന്ന് ചെയ്തുകൊണ്ടിരിക്കും.

ദിവാകരേട്ടാ .. അച്ഛൻ തൊടിയിൽ ഇറങ്ങുമ്പോൾ ഒന്ന് ശ്രദ്ധിച്ചേക്കണേ.. എന്ന് പറഞ്ഞിട്ടാണ് താൻ പോവുക. പക്ഷേ ദിവാകരേട്ടന് അകത്തെ പണിയിൽ മുഴുകിയാൽ മറ്റൊന്നും ഓ൪മ്മ കാണില്ല.

അങ്ങനെയാണ് ഒരു ദിവസം അച്ഛൻ കുഴഞ്ഞു വീണത് ദിവാകരേട്ടൻ കാണാതെ പോയത്. ഷുഗർ കുറഞ്ഞിട്ടാണ് വീണു പോയത്. കുറച്ചു മണിക്കൂറുകൾ കഴിഞ്ഞു ഹോസ്പിറ്റലിൽ എത്താൻ. വിവരമറിഞ്ഞ് ഓഫീസിൽനിന്ന് താൻ ഓടിച്ചെന്നു. അച്ഛന് തീരെ വയ്യായിരുന്നു. രണ്ടു ദിവസം അവിടെ കിടന്നു. മനോജും മോഹനും വന്നു. മീര രണ്ടുദിവസം കഴിഞ്ഞാണ് വന്നത്.

പോരുമ്പോൾ അവൾ മക്കളെയും കൂട്ടിയിരുന്നു. അപ്പോഴേക്കും അച്ഛൻ ഡിസ്ചാർജ് ആയി വീട്ടിലെത്തിയിരുന്നു. അതോടെ മീരയുടെ മക്കളോടൊപ്പമായി അച്ഛന്റെ കളി. അവർക്ക് വേണ്ടി ആന കളിക്കാനും ഗോലി കളിക്കാനും അച്ഛന് ഒരു മടിയുമില്ല. ആകെയുള്ള പ്രശ്നം അവർ മുത്തച്ഛാ എന്ന് വിളിക്കരുത് എന്നാണ്.

എന്നെ ‘ഗോയിന്ദാ’ എന്ന് വിളിച്ചാൽ മതി..

അച്ഛൻ പറയും. അതുകേട്ട് മീരയുടെ മക്കൾ ആ൪ത്തുചിരിക്കും. മീര അവരെ ശാസിക്കും. താൻ പറയും:

കുട്ടികൾക്ക് എന്തറിയാം.. അവർ ചെറിയ കുട്ടികൾ അല്ലേ..

അപ്പോൾ അച്ഛനും പറയും:

കുട്ടികൾക്ക് എന്തറിയാം.. അവർ ചെറിയ കുട്ടികളല്ലേ.. ഞാനും ചെറിയ കുട്ടിയല്ലേ.. അല്ലേ..?

താനും മീരയും അത് സമ്മതിക്കുന്നതുവരെ അച്ഛൻ ചോദിച്ചുകൊണ്ടിരിക്കും:

അല്ലേ..? ഞാനും ചെറിയ കുട്ടിയല്ലേ…?

മീര ഇടക്ക് വിതുമ്പും. ഇടക്ക് സമ്മതിക്കും. അച്ഛന്റെ മുടിയൊക്കെ ചീകി കൊടുക്കും. അച്ഛന് പഴയ കഥകളൊക്കെ പറഞ്ഞുകൊടുക്കും. മീരയുടെ മക്കളും മീരയുടെ മടിയിൽ വന്ന് കിടക്കും. അതിൽ ഒരു കുട്ടിയാണ് താനും എന്ന ഭാവത്തിലാണ് അച്ഛൻ.

അമ്മേ അച്ഛൻ എന്നാണ് വരിക..?

കുട്ടികൾ മീരയോട് ചോദിക്കുമ്പോൾ അച്ഛനും മീരയോട് ചോദിക്കും:

അമ്മേ അച്ഛൻ എന്നാണ് വരിക..?

വീക്കെന്റിൽ മീരയുടെ ഭർത്താവ് ജയേഷ് വന്നപ്പോൾ കുട്ടികൾ അദ്ദേഹത്തിന് ചുറ്റും വട്ടമിട്ടിരുന്ന് കഥകൾ പറയുകയായിരുന്നു. അച്ഛനും ഉറക്കത്തിൽനിന്ന് ഞെട്ടി ഉണർന്ന് ജയേഷിന്റെ അടുത്തുപോയി ഇരുന്നു. ജയേഷ് കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റിൽനിന്നും ചിപ്സ് എടുത്ത് തിന്നു. അച്ഛൻ അങ്ങനെ പതിവില്ലാത്തതാണ്.. ആഹാരമൊക്കെ അച്ഛനു കൊടുത്തത് മാത്രമേ അച്ഛൻ കഴിക്കൂ..

ഇപ്പോൾ എങ്ങനെയുണ്ട് ആരോഗ്യമൊക്കെ..?

ജയേഷ് അച്ഛനോട് ചോദിച്ചു.

അതിന് എനിക്കെന്താ പ്രശ്നം..?

അച്ഛൻ തിരിച്ചും ചോദിച്ചു. ജയേഷ് ഒന്ന് ചിരിച്ചു. അത് അച്ഛന് ഇഷ്ടപ്പെട്ടില്ല.

നീ എന്താ എന്നോട് അങ്ങനെ ചിരിച്ചത് ..?

ഉത്തരമൊന്നും പറയാതെ ജയേഷ് മൗനമായിരുന്നപ്പോൾ അച്ഛൻ അതുതന്നെ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു. അച്ഛന്റെ ഭാവം പെട്ടെന്നാണ് മാറിയത്. ക്രോധം മുഖത്ത് വന്നപ്പോൾ അമ്മയെയാണ് ഓർമ്മ വന്നത്. അച്ഛന്റെ ശാഠ്യങ്ങൾക്കൊക്കെ അമ്മ അതുപോലെ കൂട്ടുനിന്നിരുന്നു. എല്ലാം വകവച്ചു കൊടുത്തിരുന്നു. ഇപ്പോൾ മക്കളെല്ലാം അതൊക്കെ കണ്ടിരിക്കേണ്ട അവസ്ഥയായി. അച്ഛനെ എങ്ങനെയാണ് നിയന്ത്രിക്കേണ്ടത് എന്ന് മക്കൾക്ക് ഒരു രൂപവും ഇല്ലായിരുന്നു.

മീര കരയാൻ തുടങ്ങി. താൻ അവളെ ആശ്വസിപ്പിച്ചു:

സാരമില്ല അച്ഛന് ഓർമ്മയില്ലാഞ്ഞിട്ടല്ലേ..

ഒരുവിധം അച്ഛനെ കൊണ്ടുപോയി കിടത്തി. ഉറങ്ങിക്കഴിഞ്ഞപ്പോഴാണ് മിനി വിളിച്ചത്:

ഞാനും കുട്ടികളും നാളെ വരുന്നുണ്ട് അങ്ങോട്ട്. ഒരാഴ്ച അവിടെ താമസിക്കാം. അച്ഛന് ഇത്തിരി ഭേദമായിട്ട് മടങ്ങാം. കുറച്ചു ദിവസത്തേക്ക് ലീവ് എടുത്തിട്ടുണ്ട്. മധുവേട്ടന് കുറച്ചു സമാധാനത്തോടെ ഓഫീസിൽ പോകാമല്ലോ. മീരേച്ചിയും ദിവാകരേട്ടനും ഒക്കെ അവിടെ ഉള്ളതുകൊണ്ട് എനിക്ക് അധികം ബുദ്ധിമുട്ടുണ്ടാവില്ല. മാത്രമല്ല കുട്ടികൾക്ക് അപ്പൂപ്പനെ കാണാൻ കൊതിയാവുന്നു എന്ന് പറയാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി.

വലിയ സന്തോഷത്തോടെയാണ് താൻ ഫോൺ വെച്ചത്. മക്കളെ കണ്ടിട്ട് താനും കുറച്ചുനാളായല്ലോ…മിനിയും വല്ലാത്ത തിരക്കിലാണ്.. താനില്ലാതെ കുട്ടികളും ഓഫീസും വീടുമായി തനിച്ച് അവൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടാകും.. എന്ത് ചെയ്യാനാണ് .. അവൾ ഇങ്ങോട്ട് വന്നാൽ കുറച്ച് സമാധാനമായി. അന്ന് കിടന്നതും ഉറങ്ങിയത് അറിഞ്ഞില്ല. രാവിലെ എഴുന്നേറ്റപ്പോൾ മുതൽ അച്ഛന് ഒരേ ശാഠ്യം:

ദേവിയെ വിളിക്ക്… അവളെവിടെ..? എനിക്ക് കാണണം… ഇപ്പോൾ വരാൻ പറയൂ..

അമ്മ മരിച്ചു പോയില്ലേ എന്ന് പറയാൻ ഒരുങ്ങിയെങ്കിലും മനോജിന്റെ വീട്ടിലാണ് ഉള്ളത് എന്ന് പറയാനാണ് പെട്ടെന്ന് വായിൽ വന്നത്.

അവിടെ എന്താ വിശേഷം?

അച്ഛന്റെ ചോദ്യത്തിന് മീരയാണ് ഉത്തരം പറഞ്ഞത്:

മനോജിന്റെ ഭാര്യക്ക് തീരെ വയ്യ.. പനിയാണ്..

അച്ഛൻ തൽക്കാലം ഒന്നടങ്ങി. പല്ലു തേക്കാനും ഭക്ഷണം കഴിക്കാനും കുളിക്കാനും പിന്നെ ശാഠ്യം ഒന്നും ഉണ്ടായില്ല. അപ്പോഴാണ് മിനിയും കുട്ടികളും വന്നത്. കുട്ടികൾ ഓടിവന്ന് അച്ഛായെന്ന് വിളിച്ച് തന്റെ മടിയിൽ കയറിയിരുന്നു. മിനി വന്ന് വീട്ടിലെ വിശേഷങ്ങള്‍ ഓരോന്ന് പറയുകയായിരുന്നു. അപ്പോഴാണ് അച്ഛൻ വന്ന് അവളുടെ കൈ പിടിച്ചത്.

ദേവി എന്താ വരാൻ വൈകിയത്..? എത്ര ദിവസമായി എന്നെ ഇവിടെ തനിച്ചാക്കി നീ മനോജിന്റെ വീട്ടിൽ പോയിട്ട്..? മനോജിന്റെ ഭാര്യക്ക് സുഖമായോ? അവളുടെ പനി മാറിയോ? ദേവി ഇവിടെ വന്നിരിക്ക്..

മിനിയെ ചുറ്റിപ്പറ്റി അച്ഛൻ ഓരോന്ന് പറഞ്ഞ് നിൽക്കാൻ തുടങ്ങിയതോടെ മിനി ആകെ പരിഭ്രമത്തിൽ ആയി. എന്തു പറയണം എങ്ങോട്ട് പോകണമെന്ന് അവൾക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. എങ്ങനെ ആ സിറ്റുവേഷൻ ഹാൻഡിൽ ചെയ്യണമെന്ന് അറിയാതെ താനും മീരയും വിഷമിച്ചു. ഒരു പ്രാവശ്യം മീര പറഞ്ഞു നോക്കി:

അച്ഛാ അത് മിനിയേട്ടത്തിയല്ലേ മധുവേട്ടന്റെ ഭാര്യ…

അച്ഛൻ അവളെ തല്ലാൻ കയ്യോങ്ങി.

എന്റെ ദേവിയെ എനിക്കറിയില്ലേ.. എല്ലാവരും കൂടി എന്നെ കളിയാക്ക്വാ..?

അന്നു മുഴുവൻ അച്ഛൻ മിനിയുടെ പുറകെ നടക്കാൻ തുടങ്ങി. മിനി അടുക്കളയിൽ എത്തിയാൽ അവിടെ, ഇറയത്ത് ചെന്നിരുന്നാൽ അവിടെ, മുറ്റത്ത് കുട്ടികളുടെ ഒപ്പം ഇറങ്ങിയാൽ അവിടെ.. എല്ലായിടത്തും അച്ഛൻ മിനിയുടെ ഒപ്പം നടക്കാൻ തുടങ്ങി. രാത്രി ആയതോടെ മിനി വല്ലാതെ പേടിച്ചു:

മധുവേട്ടാ അച്ഛൻ പറയുന്നത് കേട്ടോ…

കുളി കഴിഞ്ഞ് തലയും തുവ൪ത്തിക്കൊണ്ട് വന്ന തന്നോട് കരഞ്ഞുകൊണ്ട് മിനി പറഞ്ഞു. എന്താ എന്ന് ചോദിച്ച തന്റെ മുന്നിൽ മുഖം പൊത്തി വാക്കുകൾ കിട്ടാതെ മിനി കരഞ്ഞു.

താൻ അച്ഛന്റെ മുറിയിലേക്ക് കടന്നതും മീര അച്ഛനെ കിടക്കാൻ നിർബന്ധിക്കുന്നതാണ് കണ്ടത്.

എന്താ പ്രശ്നം?

താൻ ചോദിച്ചു.

ദേവി ഇവിടെ വന്നു കിടക്കാൻ പറഞ്ഞിട്ട് കിടക്കുന്നില്ല…

അച്ഛൻ തന്നോട് സങ്കടത്തോടെ പറഞ്ഞു. അപ്പോഴാണ് തനിക്ക് കാര്യങ്ങൾ മനസ്സിലായത്. താൻ അച്ഛനോട് സമാധാനപൂർവ്വം അടുത്തിരുന്നുകൊണ്ട് പറഞ്ഞു:

കുട്ടികൾ ഒന്നും ഭക്ഷണം കഴിച്ചിട്ടില്ല. അവർക്കൊക്കെ എടുത്തു കൊടുക്കട്ടെ… ചെറിയ മോൾക്ക് വായിൽ വെച്ചുകൊടുത്താൽ മാത്രമേ കഴിക്കൂ.. അച്ഛൻ കിടക്കൂ…

തന്റെ വാക്കുകൾ കേട്ടപ്പോൾ അച്ഛൻ അനുസരണയോടെ ചെരിഞ്ഞു കിടന്നു. താൻ അച്ഛന്റെ മുടിയിലൂടെ വിരലോടിച്ച് അടുത്ത് അച്ഛനെ ചുറ്റിപ്പിടിച്ച് കിടന്നു. മിനിയും മീരയും കുട്ടികളെയും വിളിച്ച് അടുക്കളയിലേക്ക് നടന്നു. അടുത്തദിവസം പുതിയ എന്ത് സംഭവത്തോടെയാണ് അച്ഛൻ ഉണരുക എന്നോർത്ത് ഞാൻ കണ്ണുതുടച്ചു. അമ്മ മരിച്ചതിനുശേഷം അമ്മ ഉണ്ടായിരുന്നെങ്കിൽ എന്നോർത്ത് വിതുമ്പാത്ത ഒരു രാത്രിയും കടന്നു പോയിട്ടില്ല. അമ്മ പോകുമ്പോൾ അച്ഛന്റെ ഓർമ്മകളെയും കൊണ്ടുപോയി എന്നതാണ് വാസ്തവം… ഈ രാത്രി പുലരാതിരുന്നെങ്കിൽ എന്നുപോലും ആശിച്ചു പോയിട്ടുണ്ട്…

മീര വന്നു വിളിച്ചു:

മധുവേട്ടാ വല്ലതും വന്നു കഴിക്ക്..

അടുക്കളയിൽ ചെല്ലുമ്പോൾ മിനി വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു.

ഞാൻ രാവിലെ തന്നെ അങ്ങ് പോയാലോ…

അവളുടെ മുഖത്തെ പേടി കണ്ടപ്പോൾ മറുത്തൊന്നും പറയാനും തോന്നിയില്ല.. അച്ഛൻ എഴുന്നേൽക്കുമ്പോൾ ദേവി എവിടെ എന്ന് ചോദിക്കുമല്ലോ എന്ന വേവലാതിയായി തനിക്ക്…

കുട്ടികളുടെ ബഹളം കേട്ടപ്പോഴാണ് ഇറയത്തേക്ക് ഓടിച്ചെന്നത്…

അപ്പൂപ്പൻ പുറത്തേക്ക് പോയി..

മീരയുടെ മകൻ പറഞ്ഞു. എല്ലാവരും മുറ്റത്തിറങ്ങി തൊടിയിലെല്ലാം തിരഞ്ഞു. ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങി പതുക്കെ നടക്കുകയായിരുന്ന അച്ഛനെ മോളാണ് കണ്ടത്. എല്ലാവരും ചേ൪ന്ന് പിടിച്ചു കൊണ്ടുവരുമ്പോൾ അച്ഛൻ കുതറുന്നുണ്ടായിരുന്നു:

എനിക്ക് കുന്നുമ്പുറത്ത് കളിക്കാൻ പോകണം. ലക്ഷ്മണനും സെയ്താലിയും കാത്തുനിക്കുന്നുണ്ടാകും..

മിനി കുറച്ച് വെള്ളമെടുത്ത് കൊണ്ടുവന്നു.

അച്ഛാ ഇത് കുടിക്ക്..

അവൾ അച്ഛനോട് പറഞ്ഞു.

ബീരാനിക്ക വന്നോ ആമിനാ..?

അതുകേട്ട് മിനി സങ്കടത്തോടെ മെല്ലെ ചിരിച്ചു.

ആമിന എന്നോ ആയിഷ എന്നോ വിളിച്ചോ അച്ഛാ, ദേവി എന്ന് വിളിക്കാതിരുന്നാൽ മതി…

അവൾ വേദനയോടെ പറഞ്ഞു. തന്റെയും മീരയുടെയും കണ്ണുകളിൽ നീർപൊടിഞ്ഞത് അവൾ കണ്ടില്ല..