രചന : അപ്പു
::::::::::::::::::::::::::
” ഇന്നല്ലേ അവളുടെ കല്യാണം..? പോണ്ടേ.. വേണം.. എനിക്ക് കാണണം… “
അവൻ സ്വയം എന്നത് പോലെ ഓരോന്ന് ചോദിക്കുകയും പറയുകയും ചെയ്യുന്നത് കേട്ടു കൊണ്ടാണ് അവന്റെ സുഹൃത്തും അയൽവാസിയുമായ ദീപു അവിടേക്ക് വരുന്നത്.
ഹരിയുടെ അവസ്ഥ കണ്ട് ദീപുവിന് സങ്കടം വരുന്നുണ്ടായിരുന്നു.
” നീ ഇവിടെ ഇങ്ങനെ ഇരിക്കുന്നത് കൊണ്ട് ഏതെങ്കിലും ഒരു കാര്യത്തിൽ എങ്കിലും മാറ്റം വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..? നിന്നെപ്പോലെ തന്നെ ജീവശവമായി ഒരു പെണ്ണിരിപ്പുണ്ട് അവിടെ.. “
ദീപു വന്നു പറയുന്നത് കേട്ടപ്പോൾ ഹരിയുടെ ശ്രദ്ധ അവനിലേക്ക് ആയി. ഹരിയുടെ കോലം കണ്ടിട്ട് ദ്വീപുവിന് ദേഷ്യവും സങ്കടവും ഒക്കെ തോന്നുന്നുണ്ടായിരുന്നു.
“എന്താടാ നീ ഇങ്ങനെ..? നിന്നോട് എന്തൊക്കെ പറഞ്ഞതാ ഞാൻ.. അവളെയും കൊണ്ട് എവിടെയെങ്കിലും പോയി ജീവിക്കാൻ നിന്നോട് ഞാൻ എത്ര തവണ പറഞ്ഞതാണ്.. അതിനുള്ള എന്ത് സഹായം വേണമെങ്കിലും ചെയ്തു തരാം എന്ന് ഞാൻ പറഞ്ഞതല്ലേ.. എന്നിട്ട് അതൊന്നും കേൾക്കാതെ ഇപ്പോൾ ഇങ്ങനെ നശിച്ചിട്ട് എന്താ ഗുണം..?”
സങ്കടം സഹിക്ക വയ്യാതെ ദീപു ചോദിച്ചപ്പോൾ ഹരി അലറി കരഞ്ഞു പോയി.
” ഞാൻ ഞാൻ അവളെ മനപ്പൂർവ്വം കൈവിട്ടു കളഞ്ഞതാണെന്ന് നിനക്ക് തോന്നുന്നുണ്ടോ..? അവളില്ലാതെ ഒരു ജീവിതത്തിനെ കുറിച്ച് എനിക്ക് സങ്കൽപ്പിക്കാൻ എങ്കിലും പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..? എന്റെ പ്രാണൻ അല്ലേടാ അവൾ..”
കരയുന്നതിനിടയിലും ഹരി പറയുന്നത് കേട്ടപ്പോൾ ദീപുവിന് അവനോടു അനുകമ്പ തോന്നി.
” നീ പറയുന്നതൊക്കെ ശരിയാണ്. അവൾ നിന്റെ പ്രാണനാണ് എന്ന് എനിക്കറിയാം. എന്നിട്ടും എന്തിനായിരുന്നു നീ സ്വയം വിഷമിച്ചു കൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുത്തത്..? പല തവണയായി നിന്നോട് ഇത് ചോദിക്കണം എന്ന് ഞാൻ കരുതിയതാണ്.. എന്നിട്ടും ചോദിക്കാതിരുന്നത് നിന്റെ അവസ്ഥ കണ്ടതുകൊണ്ട് മാത്രമാണ്. പക്ഷേ ഇനിയെങ്കിലും എനിക്ക് അത് അറിഞ്ഞേ മതിയാകൂ..”
ദീപു പറഞ്ഞപ്പോൾ ഹരി കണ്ണുനീർ തുടച്ചു കൊണ്ട് ഒരു നിമിഷം അവനെ നോക്കി. പിന്നെ സ്വയം പരിഹസിക്കുന്നത് പോലെ ഒരു ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു.
” അവളെ എന്റെ ദേവുവിനെ ഞാൻ ആദ്യമായി കാണുന്നത് എവിടെ വച്ച് ആണെന്ന് നിനക്കറിയാമോ..?”
തെളിഞ്ഞ മുഖത്തോടെ ഹരി ചോദിക്കുന്നത് കേട്ടപ്പോൾ തന്നെ അവൻ പഴയകാല ഓർമ്മകളിൽ ആണെന്നു ദീപുവിന് പെട്ടെന്ന് തന്നെ മനസ്സിലായി.
അവൻ ശ്രദ്ധയോടെ ഹരിയുടെ ഓരോ വാക്കുകൾക്കും വേണ്ടി കാതോർത്തു.
” നമ്മുടെ കാവിലെ ഉത്സവത്തിന് ആണ് ആദ്യമായി ഞാൻ അവളെ കാണുന്നത്. താലവും എടുത്തു കൊണ്ടു വരുന്ന പെൺകുട്ടികളെ വായ് നോക്കാൻ വേണ്ടി മാത്രം നമ്മൾ ചെറുപ്പക്കാർ എല്ലാവരും കൂടി അതിൽ ആക്ടീവായി പങ്കെടുക്കാറുണ്ടല്ലോ.. അതിൽ മിക്കപ്പോഴും ഓരോ തവണയും ആർക്കെങ്കിലും ഒരാൾക്ക് ലൈൻ സെറ്റ് ആവുന്നതും പതിവായിരുന്നു.. ചിലപ്പോൾ ഒന്നിലധികം പേർക്ക്.. എല്ലാ തവണത്തെയും പോലെ വായിനോക്കാൻ പരിപാടികളുമായി ഞാൻ കറങ്ങി നടക്കുമ്പോഴാണ് ഒരു സുന്ദരി പെൺകുട്ടിയെ എന്റെ കണ്ണിൽ ഞാൻ കാണുന്നത്. ഒപ്പമുള്ള പെൺകുട്ടികളോട് എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ താലവുമായി നിൽക്കുകയായിരുന്നു. “
ആ കാഴ്ച ഇപ്പോഴും കൺമുന്നിൽ ഉണ്ട് എന്നതു പോലെ ഹരി ഒരിടത്തേക്ക് തന്നെ നോക്കി പുഞ്ചിരിച്ചു നിൽപ്പുണ്ടായിരുന്നു. ആ നിമിഷങ്ങളുടെ ഓർമ്മയിൽ അവന്റെ ചുണ്ടുകൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
” ഇടയ്ക്കെപ്പോഴോ എന്റെ കണ്ണുകൾ അവൾക്ക് പിന്നാലെ ആണ് എന്ന് അവൾ കണ്ടുപിടിച്ചു കഴിഞ്ഞിരുന്നു. അതോടെ അവൾ എന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കാൻ തുടങ്ങി. സത്യം പറഞ്ഞാൽ ആ സമയത്തുള്ള അവളുടെ ഭാവം ഒക്കെ കണ്ടപ്പോൾ എനിക്ക് ചിരിയാണ് തോന്നിയത്. ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കത അവളുടെ ഓരോ പ്രവർത്തിയിലും നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അന്ന് താലം സമർപ്പിച്ചു കഴിഞ്ഞപ്പോഴേക്കും ഞാൻ അവളുടെ അടുത്തേക്ക് ചെല്ലാൻ തീരുമാനിച്ചു. പക്ഷേ അതേസമയം തന്നെ എന്തോ കാര്യത്തിനു വേണ്ടി നമ്മുടെ വിജീഷ് എന്നെയും പിടിച്ചു കൊണ്ടു പോയി.അതോടെ അവളെ കാണാനും സംസാരിക്കാനും ഉള്ള അവസരം നഷ്ടപ്പെടുത്തിയതിന്റെ പേരിൽ അവനോട് എനിക്ക് ദേഷ്യവും തോന്നി. അവൻ ഏൽപ്പിച്ച പരിപാടികളൊക്കെ കഴിഞ്ഞ് ഞാൻ തിരിച്ചു വരുമ്പോഴേക്കും ഓരോരുത്തരായി വീട്ടിലേക്ക് മടങ്ങി പോയി കഴിഞ്ഞിരുന്നു. ഒരു അവസാന ശ്രമം എന്നതു പോലെയാണ് അവിടെ മുഴുവൻ അവൾക്കു വേണ്ടി ഞാൻ തിരഞ്ഞു നടന്നത്. എന്റെ ആത്മാർത്ഥമായ പ്രാർത്ഥനയും ആഗ്രഹവും കൊണ്ടായിരിക്കണം അവളെ ഞാൻ വീണ്ടും കണ്ടുമുട്ടി. പക്ഷേ എന്നെ കണ്ടപ്പോൾ തന്നെ അവൾ എന്റെ അടുത്തേക്ക് വരികയാണ് ചെയ്തത്. “
അവൻ ആ സംഭവങ്ങളിലേക്ക് സഞ്ചരിക്കുകയാണെന്ന് ദീപുവിന് പെട്ടെന്ന് തന്നെ മനസ്സിലായി.
” ഡോ ഞാൻ കുറെ നേരമായി ശ്രദ്ധിക്കുകയാണ്..താൻ എന്താ പിന്നാലെ.? “
വരുത്തി തീർത്ത ഗൗരവത്തോടെ അവൾ ചോദിച്ചപ്പോൾ ഒന്ന് പതറി പോയെങ്കിലും അവൾക്കു മുന്നിൽ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല.
” എനിക്ക് തന്നെ കണ്ടപ്പോൾ തന്നെ തന്നോട് ഒരു ഇഷ്ടം തോന്നി. അത് ഒന്ന് പറഞ്ഞിട്ട് പോകാം എന്ന് കരുതി തിരഞ്ഞു നടന്നതാണ്.. “
തന്റെ ഭാഗത്തു നിന്ന് അങ്ങനെ ഒരു മറുപടി അവൾ പ്രതീക്ഷിച്ചില്ല എന്നുള്ളതുകൊണ്ടു തന്നെ അവളിൽ ഒരു പതർച്ച പ്രകടമായിരുന്നു.
“താൻ ഇപ്പോൾ ഒരു മറുപടി പറയണമെന്നില്ല.ആലോചിച്ച് പതിയെ പറഞ്ഞാൽ മതി..”
അതും പറഞ്ഞ് താൻ നടന്ന് നീങ്ങി കഴിഞ്ഞിട്ടും അവൾ അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു.
” പിന്നീട് കൂട്ടുകാരുടെ സഹായത്തോടെ അവളുടെ വീടും നാടും ഒക്കെ കണ്ടെത്തി.. ഇടക്കൊക്കെ അവളെ കാണാൻ വേണ്ടി മാത്രം അവളുടെ വീടിന്റെ പരിസരത്ത് കൂടിയുള്ള യാത്ര പതിവാക്കി.. വല്ലപ്പോഴുമൊക്കെ അവളെ കാണുകയും ചെയ്തു.കാണുമ്പോൾ പരസ്പരം പുഞ്ചിരിക്കാൻ രണ്ടുപേരും മറക്കാറില്ല. പിന്നീട് ഒരിക്കൽ അവൾ തന്നെയാണ് വണ്ടി തടഞ്ഞു നിർത്തി തന്നോട് ഇഷ്ടം പറഞ്ഞത്.സത്യം പറഞ്ഞാൽ അതൊരു അത്ഭുതമായിരുന്നു.അവളുടെ ഭാഗത്തു നിന്ന് അങ്ങനെയൊരു പ്രതികരണം താൻ പ്രതീക്ഷിച്ചിരുന്നില്ല എന്നുള്ളതായിരുന്നു കാരണം.അന്നു മുതൽ അവൾ എന്റെ പ്രാണന്റെ പാതിയായി.. സാധാരണ എല്ലാ പ്രണയങ്ങളിലും ഉള്ളതു പോലെ പരിഭവവും പിണക്കവും ഒക്കെ ഞങ്ങൾക്കിടയിലും ഉണ്ടായി. ഓരോ പിണക്കത്തിന് ശേഷവും ഉള്ള ഇണക്കത്തിന് എത്രത്തോളം മധുരമുണ്ട് എന്ന് ഞാൻ അറിഞ്ഞത് അവൾ എന്നെ പ്രണയിച്ചപ്പോഴാണ്. ജീവിതത്തിന് ഒരു അർത്ഥമുണ്ടെന്ന് തോന്നിത്തുടങ്ങിയത് അവൾ എന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷം മാത്രമാണ്.. പക്ഷേ എത്ര പെട്ടെന്നാണ് എല്ലാം അവസാനിച്ചത്.. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് അവളുടെ ഏട്ടന്മാർ മനസ്സിലാക്കിയിട്ടുണ്ട് എന്ന് ഞങ്ങൾക്ക് രണ്ടാൾക്കും അറിയില്ലായിരുന്നു.. അതിന്റെ ആദ്യപടി എന്ന നിലയിൽ ഏട്ടൻ എന്നെ കാണാൻ വന്നിരുന്നു.. അവർ പൊന്നുപോലെ നോക്കി വളർത്തുന്ന അവരുടെ അനിയത്തിയെ എന്നെപ്പോലെ ഒരാളിന് വിവാഹം ചെയ്തു തരാൻ കഴിയില്ല എന്ന് അവർ പറഞ്ഞു.”
അത് പറയുമ്പോഴേക്കും ഹരിയുടെ ശബ്ദം അടഞ്ഞു തുടങ്ങിയിരുന്നു.
” അതിന് നിനക്ക് എന്ത് കുറവാടാ ഉള്ളത്..? നല്ലൊരു ജോലിയില്ലേ..? കാണാനും കൊള്ളാമല്ലോ.. സ്വന്തമായി വീടും ഉണ്ട്.. ഇത്രയും ഒക്കെയുള്ള നിനക്ക് എന്ത് നെഗറ്റീവ് ആണ് അവർ കണ്ടുപിടിച്ചത്.? “
ദീപു ചോദിച്ചപ്പോൾ ഹരി സ്വയം പരിഹസിച്ചു.
” നീ പറഞ്ഞതൊക്കെ എന്റെ പോസിറ്റീവ് സൈഡ് മാത്രമാണ്. എത്രയൊക്കെ വായിക്കാൻ ശ്രമിച്ചാലും മാഞ്ഞു പോകാത്ത ഒരു നെഗറ്റീവ് എനിക്കുണ്ടല്ലോ.. അച്ഛൻ ആരെന്നറിയാത്തവൻ…!! അത് വലിയൊരു കുറവ് തന്നെയല്ലേ..? അത് മാത്രമാണോ അവരെക്കാൾ ജാതിയിൽ താഴ്ന്നവനല്ലേ ഞാൻ..? “
അത്രയും പറഞ്ഞപ്പോഴേക്കും അവനിൽ സങ്കടം കുമിഞ്ഞു കൂടിയിരുന്നു.
ഈ കാര്യത്തിൽ മാത്രം ദീപുവിന് അവനെ ഒന്നും പറയാൻ കഴിഞ്ഞില്ല. അവൻ പറഞ്ഞതു പോലെ അച്ഛൻ ആരാണെന്ന് അറിയാത്തവൻ എന്നു തന്നെയാണ് അവനെ നാട്ടുകാർ വിശേഷിപ്പിക്കുന്നത്. പക്ഷേ അവന്റെ അമ്മ സുമതി അമ്മയ്ക്ക് പഠിക്കുന്ന കാലത്ത് ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും അയാളുടെ സമ്മാനമാണ് ഹരി എന്നും മിക്കവാറും എല്ലാവർക്കും അറിയാവുന്നതാണ്.
പക്ഷേ ഹരിയെ പ്രഗ്നന്റ് ആണ് എന്ന് സുമതിയമ്മ അറിയിച്ചതിനു ശേഷം പിന്നീട് ഒരിക്കൽ പോലും അവരുടെ കാമുകനെ അവർ കണ്ടിട്ടില്ല. അവരെ നിർദാക്ഷിണ്യം തള്ളിക്കളഞ്ഞ അയാളെ തേടി പിന്നീട് ഒരിക്കലും സുമതിയമ്മ പോയിട്ടുമില്ല.
തന്റേടത്തോടെ തന്നെ ഹരിയെ പ്രസവിച്ച് അവനെ നല്ല രീതിയിൽ തന്നെ വളർത്തി വലുതാക്കി.അമ്മയുടെ അവസ്ഥ അറിയുന്നതുകൊണ്ട് തന്നെ അവൻ നല്ല രീതിയിൽ പഠിച്ച് നല്ലൊരു ജോലി സ്വന്തമാക്കുകയും ചെയ്തു.
അവന്റെ കഴിവിനെയും അവന്റെ പോസിറ്റീവിനെയും പറ്റി ചിന്തിക്കാതെ അവന്റെ നെഗറ്റീവ് മാത്രം കണ്ടുപിടിച്ച അവളുടെ വീട്ടുകാരോട് ദീപുവിന് പുച്ഛം തോന്നി.
“ഏട്ടന്മാർ പറഞ്ഞതൊന്നും ഞാൻ സത്യം പറഞ്ഞാൽ കേട്ടിരുന്നില്ല. അവർ എന്തൊക്കെ പറഞ്ഞാലും അവൾ എനിക്കുള്ളതാണ് എന്നെനിക്കറിയാമായിരുന്നു. പക്ഷേ തീരെ പ്രതീക്ഷിക്കാതെ എന്നെ തേടി ഒരാൾ എത്തി.. അവളുടെ അമ്മ.. ആദ്യമൊക്കെ ഭീഷണി പോലെ പറഞ്ഞ അവർ അവസാനമായപ്പോഴേക്കും എന്റെ കാലിൽ വീഴാൻ വരെ തയ്യാറായി.. അവരുടെ മകൾക്ക് എന്നെക്കാൾ നല്ല ഒരാളെ കിട്ടും എന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. നല്ലൊരു ബന്ധം അവൾക്ക് വന്നിട്ടുണ്ടെന്നും അതിനുള്ള ഒരേയൊരു തടസ്സം ഞാനാണെന്ന് ഒക്കെ അവർ പറഞ്ഞപ്പോൾ എനിക്ക് എന്തോ വല്ലാത്ത സങ്കടം തോന്നി. എന്റെ കാലിൽ പിടിച്ച് അവർ കെഞ്ചിയപ്പോൾ എന്റെ പ്രണയം മറക്കുക എന്നല്ലാതെ എനിക്ക് മറ്റു മാർഗ്ഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല..”
സങ്കടത്തോടെ പൊട്ടിക്കരഞ്ഞു കൊണ്ട് ഹരി പറഞ്ഞവസാനിപ്പിച്ചു. അവന്റെ കണ്ണുനീർ തോരുന്നത് വരെയും ദീപു കാത്തിരുന്നു.
” എല്ലാ പ്രണയങ്ങളും വിവാഹത്തിൽ എത്തിച്ചേരണമെന്ന് ഒന്നുമില്ലല്ലോ.. വിട്ടുകൊടുക്കുന്നതും പ്രണയം തന്നെയാണ്.. നീ അവളെ ഉപേക്ഷിച്ചു കൊണ്ട് അവളുടെ വീട്ടുകാരുടെ സന്തോഷത്തിനു വേണ്ടി കാവൽ നിന്നു.. എന്നിട്ടും അതിന്റെ വേദന മുഴുവൻ അനുഭവിക്കുന്നത് നീയും അവളും തന്നെയല്ലേ..? “
ചോദിക്കാതിരിക്കാൻ ദീപുവിന് കഴിഞ്ഞില്ല.
” നീ പറഞ്ഞത് ശരിയാ. സങ്കടവും വേദനയും കണ്ണീരും മുഴുവൻ ഞങ്ങൾക്കാണ്.. പക്ഷേ അവൾ മറ്റൊരാളിന്റെ താലി കഴുത്തിലേറ്റി കഴിഞ്ഞാൽ പിന്നീട് ഒരിക്കലും എന്നെ ഓർത്തിരിക്കില്ല.. അവൾക്കു മുന്നിൽ മറ്റൊരു നല്ല ജീവിതമുണ്ട്.. ആരോടൊപ്പമാണെങ്കിലും എവിടെയാണെങ്കിലും അവൾ നന്നായി ജീവിച്ചു കണ്ടാൽ മതി.. “
നെടുവീർപ്പോടെ അത്രയും പറഞ്ഞു കൊണ്ട് ഹരി തന്റെ കണ്ണീർ തുടച്ചു.
” അവളുടെ വിവാഹം എനിക്ക് കാണണം.. അവൾ ഇനി മറ്റൊരാളിന്റേതാണെന്ന് എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ വേണ്ടിയെങ്കിലും… “
അത്രയും പറഞ്ഞു കൊണ്ട് അവൻ വേഗത്തിൽ വീടിനകത്തേക്ക് കയറിപ്പോയി.. അവന്റെ തിരിച്ചുവരവും കാത്ത് ദീപു ആ ഉമ്മറപ്പടിയിൽ ഇരുന്നു…