രാത്രി
രചന: രഘു കുന്നുമ്മക്കര പുതുക്കാട്
::::::::::::::::::::::::::::
റെയിൽവേ ക്വാർട്ടേഴ്സിന്റെ തുരുമ്പിച്ച ഗേറ്റ് തള്ളിത്തുറന്ന്, മഞ്ഞച്ച ചുവരുകളിൽ കറുത്ത അക്കങ്ങൾ രേഖപ്പെടുത്തിയ കൊച്ചുവീടിന്റെ ഇത്തിരിമുറ്റത്തേക്ക് അനുപ്രിയ നടന്നുകയറുമ്പോൾ, ചാറ്റൽമഴയും പിൻതുടരുന്നുണ്ടായിരുന്നു. സിമന്റടർന്ന പൂമുഖത്ത്; അമ്മ, നിലവിളക്ക് തെളിച്ചുവച്ചിരിക്കുന്നു. മഴയുടെ അകമ്പടി സേവിച്ചെത്തിയ ഈറൻ കാറ്റിൽ, വിളക്കിന്റെ നാളമൊന്നു പുളഞ്ഞു. ഉമ്മറം ശൂന്യമായിരുന്നു. രോഹിത്ത്, റ്റ്യൂഷനു പോയിക്കാണും. ഇനി എട്ടരയ്ക്കു ശേഷമേ വരൂ. അമ്മ, നാമജപത്തിനു ശേഷം അകത്തളത്തിൽ ടെലിവിഷൻ പരമ്പരയുടെ തിരക്കിലാവും.
ഗോപിയേട്ടൻ ഇനിയുമെത്തിയിട്ടില്ലല്ലോ; പഴയ ഹീറോഹോണ്ടാ ബൈക്കിന്റെ അസാന്നിധ്യം ഭർത്താവിന്റേതു കൂടിയാണ്. ആറര നേരത്ത് വീട്ടിലുണ്ടാകേണ്ട ആളാണ്. ഇന്നെന്തു പറ്റിയോ ആവോ. ഭൂമിക്കച്ചവടത്തിന്റെ ഇടനിലക്കാരന്, തന്റെ പോലെ സമയനിഷ്ഠ പാലിക്കേണ്ട കാര്യമില്ലല്ലോ. എങ്കിലും, സന്ധ്യാസമയത്തിനു മുൻപ് കൂടണയുന്നതാണ് ശീലം.
ഓ, ഇന്ന് ‘ഹണീബീ’ യുടെ മൂന്നാം പക്കമാണല്ലോ. അപ്പോൾ, കക്ഷിയിപ്പോൾ നഗരത്തിലെ ബീവറേജ് കോർപ്പറേഷന്റെ വരിയിലായിരിക്കും. അരലിറ്റർ കുപ്പിയാണ് സ്ഥിരം വാങ്ങുന്നത്. മൂന്നു ദിവസം കൊണ്ട് ഒഴിഞ്ഞ്, പുറകിലേ തെങ്ങിൻചുവട്ടിനപ്പുറത്തേ തുരുമ്പിച്ച ഇരുമ്പുബാരലിൽ ഉപേക്ഷിക്കപ്പെടുന്ന ചതുരത്തിലുള്ള പ്ലാസ്റ്റിക് കുപ്പികൾ. ഹണീബിയെക്കുറിച്ച് ഓർത്തപ്പോൾ, അനുവിന് ഓക്കാനം വന്നു. പതിവായില്ലെങ്കിലും, ചില പാതിരാത്രികളിൽ തന്റെ അധരങ്ങളേയും കപോലങ്ങളേയും, മാർത്തടങ്ങളേയും അ ടി വയറിന്നു താഴേയും മാം സനിബന്ധമുദ്രകൾ തീർക്കുന്ന, നരയ്ക്കാൻ തുടങ്ങിയ കട്ടിമീശക്കു കീഴെയുള്ള ഗോപിയേട്ടന്റെ ഇരുണ്ട ചുണ്ടുകളെ, അവൾ അസ്വസ്ഥതയോടെ ഓർത്തു.
ഹാളിന്റെ പരിമിതികൾക്കുള്ളിലിരുന്നു അമ്മ ടെലിവിഷൻ കാണുന്നു. തെല്ല് തലചരിച്ചൊന്നു നോക്കി അമ്മ പുഞ്ചിരിച്ചു. നരച്ച തലമുടിയിഴകൾ അലസമായി ഊർന്നുകിടക്കുന്ന നെറ്റിത്തടത്തിൽ തെല്ലുനേരം മുൻപ് ചാർത്തിയ ഭസ്മക്കുറി. എത്ര സുന്ദരിയായിരുന്നു അമ്മ. അമ്മയുടെ താരുണ്യത്തിലൊരു ചെറുപങ്ക് മാത്രമാണ് തനിക്ക് കിട്ടിയിരിക്കുന്നത്. അടുക്കളയിലേക്കു കടന്നു. അത്താഴവും ഉപദംശങ്ങളും അമ്മയൊരുക്കിയിരിക്കുന്നു. സ്റ്റീൽഗ്ലാസിൽ മൂടിവച്ച ചായയുടെ ചൂട് തെല്ലുപോലും കുറഞ്ഞിരുന്നില്ല. അമ്മയുടെ കണിശത പകർന്ന കടുപ്പം. ഓരോ ഇറക്കും ശരീരത്തിലാകെ ഉണർവ്വ് പടർത്തിക്കൊണ്ടേയിരുന്നു.
കിടപ്പുമുറിയുടെ കട്ടിൽത്തലക്കൽ വിരിച്ചിട്ട തോർത്തുമെടുത്ത് കുളിമുറിയിലേക്ക് ഓടിക്കയറി. പകലിന്റെ ഉഷ്ണം, വിയർപ്പിൽ നനച്ച ഉടുപുടവകളേ ഉരിഞ്ഞെറിഞ്ഞപ്പോൾ എന്തെന്നില്ലാത്തൊരാശ്വാസം തോന്നി. കച്ചമുറുക്കുകളഴിഞ്ഞു സ്വതന്ത്രമായ മേനിയിൽ കുളുർജലം വീണപ്പോൾ ഒരു പാട്ടുമൂളാൻ കൊതി തോന്നി. എത്ര സുഖകരമാണീ നീരാട്ടുനിമിഷങ്ങൾ. ഉടൽ സ്വാതന്ത്ര്യത്തിന്റെ വിപ്ലവം നടത്തുന്ന ശുഭവേളകൾ.
റെയിൽവേ ഗേറ്റ് കീപ്പർ ജോലി, തികച്ചും ഉത്തരവാദിത്വമുള്ളതാണ്. ഓരോ തുറന്നടയ്ക്കലിന്റെ ഇടവേളകളിലും കണ്ണിൽ തെളിയുന്ന വഴിയാത്രികരുടെ അക്ഷമ പുരണ്ട നോട്ടങ്ങൾ. ചെറുപ്പക്കാരുടെ മിഴികളിൽ വഴിയുന്ന ശൃംഗാരം. ഹോൺ മുഴക്കി പാഞ്ഞെത്തിയിട്ടും അടഞ്ഞുപോയ ഗേറ്റിന്റെ മുന്നിലെത്തുമ്പോൾ ഉയരുന്ന ശാപവചസ്സുകൾ. ഉരുക്കുപാളങ്ങളേയുലച്ച് കടന്നുപോയ എത്രയോ തീവണ്ടികൾ. ഏതോ പാതിരാവിൽ ഒറ്റക്ക് നടന്നുവന്ന് ജീവൻ പാളത്തിൽ ഹോമിച്ച നിർഭാഗ്യവാൻമാർ. കാലങ്ങളായി തുടരുന്ന യാന്ത്രികതകൾ, മരവിപ്പുകൾ. എങ്കിലും, താൻ ഭാഗ്യവതിയെന്ന് അനുവോർത്തു. ആളും ആരവങ്ങളുമില്ലാത്ത ഗേറ്റുകൾക്കരികിലെ ഒറ്റമുറിക്കൂട്ടിൽ ശുചിമുറി പോലും അന്യമായ ഇടങ്ങളിൽ ജോലി നോക്കുന്ന സ്ത്രീ ജീവനക്കാരേ അപേക്ഷിച്ച് എത്രയോ ഭേദമാണ് റെയിൽവേ സ്‌റ്റേഷനരികിലുള്ള സമസ്ത സൗകര്യങ്ങളുമുള്ള തന്റെ കാബിൻ.
അയഞ്ഞ രാപ്പുടവയുടുത്ത് പുറത്തിറങ്ങുമ്പോൾ, അമ്മ അടുത്ത പരമ്പരയുടെ കാട്ടിക്കൂട്ടലുകളിലേക്ക് യാത്ര പോവുകയായിരുന്നു. ഫ്ലൂറസെന്റ് വെളിച്ചത്തിൽ അമ്മയുടെ സുഭഗത പതിന്മടങ്ങു വർദ്ധിച്ചപോലെ തോന്നി. ചുവരിൽ വിശ്രമിക്കുന്ന അച്ഛന്റെ ചിത്രത്തിലേക്ക് മിഴികൾ സഞ്ചരിച്ചു. കാലം, ചിത്രത്തേയും ചിത്രത്തിൽ കൊരുത്ത മാലയേയും നിറം കെടുത്തിയിരിക്കുന്നു. അച്ഛന്റെ വിടർന്ന കണ്ണുകളിലെ ചുവപ്പ് രാശിപ്പ് അതുപോലെ പടർത്താൻ ചിത്രത്തിനായിട്ടില്ലെന്ന് തോന്നി. അച്ചന്റെ നിശ്വാസങ്ങളിലെ തീഷ്ണമായ ചാ രാ യഗന്ധം നാസദ്വാരങ്ങളിൽ വിരുന്നെത്തും പോലെ തോന്നിച്ചു.
റെയിൽവേയിലെ ഗാംഗ്‌മാനായിരുന്നു അച്ഛൻ. ഇരവുപകൽ ഭേദമില്ലാതെ കിലോമീറ്ററുകൾ പാളത്തിലൂടെ സഞ്ചരിച്ച്, ട്രാക്കിലെ വിള്ളലുകൾ കണ്ടെത്തിയിരുന്ന അച്ഛന് പക്ഷേ സ്വന്തം ജീവിതത്തിലെ വിള്ളലുകൾ ഒരിക്കലും തിരിച്ചറിയാനായില്ല. ജോലിയിലുള്ള ആത്മാർത്ഥത, അതു തീരും നേരം അവിടെയുപേക്ഷിച്ചാണ് തിരിച്ചുപോരുന്നത്. കൗമാരത്തിലേ അച്ഛനോടൊപ്പമുള്ള ദിനങ്ങൾക്കെല്ലാം ചാരായത്തിന്റെ ഉഷ്ണഗന്ധമുണ്ടായിരുന്നു. പത്തിൽ, പത്തുപൊരുത്തമായിരുന്നുവത്രേ അച്ഛനും അമ്മയ്ക്കും. ആരോ പറയുന്നത് കാതിലിപ്പോഴുമുണ്ട്. അച്ഛന് അമ്മയെ, അമ്മയുടെ സൗന്ദര്യത്തേ തീർത്തും സംശയമായിരുന്നുവത്രേ.
തന്റെ കുട്ടിക്കാലത്ത്, പഴയ വാടകവീടിന്നരികിലുള്ള ചെറുപ്പക്കാരനോട് അമ്മ എത്ര മധുരമായാണ് സംസാരിക്കാറ്. അയാളോട് സംസാരിക്കുമ്പോൾ അമ്മയുടെ മിഴികളിൽ നക്ഷത്രങ്ങൾ തിളങ്ങുന്നുണ്ടെന്നു തോന്നും. അച്ഛനോട് ഒരിക്കൽപ്പോലും ഇത്ര താരള്യത്തിൽ അമ്മ ഒരുവാക്ക് പറയുന്നത് ഓർമ്മകളിലേയില്ലായിരുന്നു. അച്ഛനുള്ള ഓരോ നിമിഷവും ചാ രാ യത്തിന്റെ വെറുക്കപ്പെട്ട ഗന്ധമാണ് വീട്ടിലുയർന്നത്. അത്രമേൽ ഈർഷ്യ കുടിയേറിയ അമ്മയുടെ നോട്ടങ്ങളും.
ഒരിയ്ക്കൽ, പാതിരാവിലെപ്പോഴോ ഉറക്കം മുറിഞ്ഞ് അമ്മയെ വിളിച്ചപ്പോൾ അപ്പുറത്തേ ചായ്പ്പിൽ നിന്ന് വേറിട്ടടർന്ന നിഴലുകളിലൊന്നിന് അയൽപക്കത്തെ ചെറുപ്പക്കാരന്റെ രൂപമായിരുന്നു. അടുത്തുവന്നു കിടന്ന അമ്മക്ക് അയാളുടെ സ്വേദഗന്ധമായിരുന്നു. അച്ഛനോട് പറയാതിരിക്കാൻ കഴിഞ്ഞില്ല. അച്ഛന് ഒരിക്കലും തന്നോട് പിണക്കമുണ്ടായിരുന്നില്ല. എത്ര ആർദ്രതയോടെയാണ് മോളെയെന്നള്ള ആ ചിലമ്പിച്ച വിളിയുയർന്നിരുന്നത്.
ആ സംഭവത്തിനു ശേഷമുള്ള ജോലിദിവസം കഴിഞ്ഞ് അച്ഛൻ മടങ്ങിയെത്തിയില്ല. ജീവിതത്തിന്റെ പിഴച്ച പാളങ്ങളെയോർത്ത് നടന്നിട്ടാകാം, മനപ്പൂർവ്വമാകാം; ഏതോ ചരക്കുതീവണ്ടിയുടെ ഉരുക്കുചക്രങ്ങൾ ചിന്നിച്ചിതറിച്ച മാം സപിണ്ഡമാണ് വീടെത്തിയത്.
അച്ഛന്റെ മരണത്തിന് പ്രതിഫലം ലഭിച്ച ജോലി. ജോലി ലഭിച്ചശേഷം നടന്ന വിവാഹം.. ഗോപിയേട്ടന്റെ പുറംപൂച്ചുകൾ. ഞൊടിയിടയിലവസാനിച്ച പ്രവാസജീവിതം. നാട്ടിലെ റിയൽ എസ്‌റ്റേറ്റ് പൊള്ളത്തരങ്ങൾ. രാത്രികളിലെ ഹണിബീ ഗന്ധം. രോഹിത്തിന്റെ ജനനം. എട്ടാം ക്ലാസിലെത്തിയ അവന്റെ വിദ്യാഭ്യാസം. എല്ലാം എത്ര വേഗമാണ് മനസ്സിന്റെ തിരശ്ശീലയിലൂടെ കടന്നുപോയത്.
മുറ്റത്തൊരു ബൈക്ക് വന്നു നിന്നു. വേഗം വാതിൽ തുറന്നു. ഗോപിയേട്ടനാണ്; ചുണ്ടിലൊരു നനുത്ത പുഞ്ചിരി. തെല്ലുനേരം കഴിഞ്ഞാൽ ചിരിക്ക് ഹണീബിയുടെ കുത്തുന്ന ഉച്ചാസഗന്ധമുണ്ടാകും. ഗോപിയേട്ടൻ അകത്തേക്ക് നടന്നു. വെളുത്ത വസ്ത്രങ്ങളിൽ അദ്ദേഹത്തേ ഒരു രാഷ്ട്രീയക്കാരനേപ്പോലെ തോന്നിച്ചു.
അനുപ്രിയ ഉമ്മറത്തു ചെന്നുനിന്നു. രോഹിത്തിന്റെ സൈക്കിൾബെല്ലിനു കാതോർത്ത്; സന്ധ്യ, രാത്രിക്കു വഴിമാറുകയാണ്. ഹണീബീ ഗന്ധമുള്ള രാത്രിക്കായി. ഇരുട്ടു കനത്തു. നിനച്ചിരിക്കാതെ ഒരു മഴ പെയ്തു. കോരിച്ചൊരിയുന്ന മഴ. അവൾ പ്രാർത്ഥിച്ചു; ഈ സന്ധ്യയ്ക്കപ്പുറം, ഭൗമഘടികാരങ്ങൾ നിലച്ചെങ്കിലെന്ന്; പാതിരാവു വന്നെത്താതിരുന്നെങ്കിലെന്ന്. പക്ഷേ, നേരം പറന്നു കൊണ്ടിരുന്നു. ഹണിബീ ഗന്ധമുള്ള പരിരംഭണ വേളകളിലേക്ക്.