തിരികേ വരാത്ത കാലം – രചന : NKR മട്ടന്നൂർ
നീണ്ട മുടിത്തുമ്പിന്‍റെ അറ്റം കെട്ടിയിട്ടു. ഒരു തുളസികതിര്‍ നുള്ളി തലയില്‍ ചൂടി. അമ്പലത്തില്‍ തിരക്കു കുറവായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്നേ ഓടികയറിയ പടവുകള്‍ ഇന്നത്തെ അവസ്ഥ കണ്ടു പരിഭവം പറയുന്നുണ്ടാവും. നന്ദിനിയുടെ കാല്‍ പാടുകള്‍ പതിയാത്ത ഒരിടം പോലും ആ പടവുകളില്‍ കാണില്ല.
ശിവക്ഷേത്രമാണ്. പടിഞ്ഞാറോട്ട് ദര്‍ശനം തരുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്ന്. ഒന്നും പറയാനുണ്ടായിരുന്നില്ല. വെറുതേ തൊഴു കയ്യോടെ നിന്നു. ഇനിയും നന്ദിനിയെ മനസ്സിലായില്ലെങ്കില്‍ എനിക്കു പരിഭവമൊന്നുമില്ലാ, മനസ്സു പറഞ്ഞു. പ്രദക്ഷിണം കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍, ഒരു ആശ്വാസം തോന്നി. ‘അല്ലെങ്കിലും മനസ്സിനെ നോവിക്കുന്ന ചിന്തകളൊന്നും കൂട്ടില്ലെങ്കില്‍ ആശ്വാസം തന്നെയല്ലേ’….?
ഇലചീന്തിലെ പ്രസാദം കയ്യില്‍ കരുതിയിരുന്നു. ചെറിയൊരു തൂക്കുപാത്രത്തില്‍ ഇഡ്ഢലിയും വേറൊരു പാത്രത്തില്‍ കുറച്ചു ചട്നിയും എടുത്തു. നടവഴിയില്‍ നിറയേ കരിയിലകള്‍ വീണു കിടക്കുന്നു. പടികെട്ടുകള്‍ കയറുമ്പോള്‍ ആള്‍ത്താമസമില്ലാത്ത ഏതോ ലോകത്തെത്തിയ പോലെ തോന്നി. ഈ പടവുകളിലും തിരുമുറ്റത്തും എത്രയോ തവണ വന്നു പോയതായിരുന്നു. ഇന്നാ ഓര്‍മ്മകള്‍ മാത്രാ കൂട്ട്….!
വരാന്തയിലെ ചാരു കസേരയില്‍ ഉണ്ടായിരുന്നു ബാലേട്ടൻ. കരിയിലകളുടെ ശബ്ദം കേട്ടതുകൊണ്ടാവാം നടയ്ക്കലേക്ക് കണ്ണും നട്ട് ഇരിക്കുന്നത്. മുഖത്ത് ഒരു കണ്ണട പുതുതായ് വന്നതാവും. വേറെ മാറ്റങ്ങളൊന്നുമില്ല. എന്നെ കണ്ടപ്പോള്‍ എഴുന്നേറ്റു.
അല്ലാ… ആരായിത് നന്ദിനിയോ….?
ഞാന്‍ ബാലേട്ടനെ സൂക്ഷിച്ചു നോക്കി. താടി രോമങ്ങള്‍ വളര്‍ന്നിട്ടുണ്ട് മുഖത്ത്. രാവിലെ കുളിയും കഴിഞ്ഞ് നെറ്റിയില്‍ ഭസ്മക്കുറിയുണ്ട്.
അറിയാവോ ബാലേട്ടാ…? ആ പഴയ നന്ദിനി തന്നെയാ….അല്ല നന്ദു….അങ്ങനെ ആയിരുന്നില്ലേ എന്നെ വിളിച്ചിരുന്നത്..?അതൊക്കെ മറന്നോ ബാലേട്ടന്‍…?
വാ കേറിയിരുക്കൂ…എന്നിട്ടാവാം സംസാരം…
അരഭിത്തിയില്‍ ഞാനിരുന്നു. പഴമ വിളിച്ചോതുന്നുണ്ടെങ്കിലും ഈ വീടെന്നും തനിക്കൊത്തിരി പ്രിയമായിരുന്നു. താനെന്താടോ നോക്കണേ. ഈ കാവല്‍കാരന്‍ ആവും പോലൊക്കെ വൃത്തിയാക്കാറുണ്ട്. അത്രമതി….ബാലേട്ടന്‍ ചിരിച്ചു.
അല്ല നന്ദിനി തനിച്ചാണോ അല്ല പിറകേ ആളുകള്‍ വരുന്നുണ്ടോ…?
ആരു വരാന്‍….?ഞാന്‍ തനിച്ചേ ഉള്ളൂ ബാലേട്ടാ…ബാലേട്ടന്‍ വല്ലതും കഴിച്ചായിരുന്നോ….?
ഇല്ലാ….ഞാനിത്തിരി ചായ കൂട്ടിയിട്ടുണ്ട്. പിന്നെ കുറച്ചു റവ കൊണ്ട് ഉപ്പുമാവും ശരിയാക്കി വെച്ചിട്ടുണ്ട്. താന്‍ കഴിച്ചോ …?
ഇല്ലെങ്കില്‍ അതു രണ്ടുപേര്‍ക്കും കഴിക്കാം.
ഞാന്‍ പതിയെ വീട്ടിനകത്തേക്ക് പോയി. എല്ലാം നല്ല ഭംഗിയായ് അടുക്കും ചിട്ടയില്‍ സൂക്ഷിച്ചിട്ടുണ്ട്. അനാവശ്യമായ് ഒരു കടലാസ് കഷ്ണം പോലും എവിടേയും കാണാനില്ല. അടുക്കളയില്‍ പോയി പാത്രങ്ങളും ചായയുമായ് വരാന്തയിലേക്ക് വന്നു. ഇഡ്ഢ്ലിയും ചട്നിയും രണ്ടു പാത്രത്തില്‍ വിളമ്പി.
ബാലേട്ടാ കൈ കഴുകിയിട്ട് വാ കഴിക്കാം. ഇഡ്ഢ്ലി സ്വാദോടെ കൊതി തീരെ കഴിച്ചു. ഒത്തിരി വര്‍ഷമായ് ഇങ്ങനെ വയറു നിറയേ ഭക്ഷണം കഴിച്ചിട്ടെന്ന് പറഞ്ഞു. പാത്രങ്ങളെല്ലാം കഴുകി വെച്ചു. അലമാര നിറയെ പുസ്തകങ്ങളുണ്ട്. പിന്നെ എഴുത്തു മേശമേല്‍ പണി തീരാത്ത കടലാസുകളും. ഒന്നും വായിക്കാനുള്ള മൂഡില്ല. പിന്നെയും വരാന്തയില്‍ പോയിരുന്നു. ആളെന്തോ ചിന്തയിലായിരുന്നു.
ബാലേട്ടാ ഈ ഏകാന്ത വാസം ഇനിയും മടുത്തില്ലേ….?എന്നെ നോക്കി ഒന്നു ചിരിച്ചു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്നേ ഞാന്‍ വെറുത്തിരുന്നു എന്‍റെ ജീവിതത്തെ, എന്‍റെ തലവരയേ. പക്ഷേ എനിക്കിപ്പോഴൊരു പുതിയ ലോകമുണ്ട്…അവിടെ ഞാന്‍ സന്തോഷവാനാണ്. ഇവിടെ ഇങ്ങനെ ഇരിക്കുമ്പോള്‍ മനസ്സിനൊരു സന്തോഷം തോന്നുന്നു. ഒന്നിനെ കുറിച്ചും വിഹ്വലതകളോ ആധിയോ ഇല്ലാതെ സ്വസ്ഥമായൊരു മനസ്സിന്‍റെ കൂടെ….!!
നന്ദു തനിച്ചായോ പിന്നെയും …? അങ്ങനെ ചോദിച്ചപ്പോള്‍ ചെറിയൊരു ഞെട്ടലോടെ ഞാന്‍ ബാലേട്ടനെ നോക്കി…ദൂരേക്കാ നോട്ടം…എല്ലാം അറിഞ്ഞോ ..?താനിപ്പോള്‍…, ഇതെങ്ങനെയാ ബാലേട്ടന്‍ അറിഞ്ഞതെന്ന് ഓര്‍ക്കയാവും അല്ലേ…? എനിക്കു കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലം ഓര്‍ക്കാനും ചിന്തിക്കാനും അന്വേഷിക്കാനുമൊക്കെ താന്‍ മാത്രേ ഉണ്ടായിരുന്നുള്ളൂ. എന്നും തനിക്കു വേണ്ടിയേ എന്തേലും പ്രാര്‍ത്ഥിച്ചിരുന്നുള്ളൂ. അല്ല ദേവന്‍ വേറെ വിവാഹം കഴിച്ചോ…പാവം…താനും പാവായിരുന്നു. പക്ഷേ….ദൈവത്തിന് നിങ്ങളോടൊന്നും യാതൊരു ഉത്തരവാദിത്ത്വവും ഇല്ലായെന്ന് തോന്നി എനിക്ക്.
താനെന്താടോ ആ വേദന ഡോക്ടറെ കാണിക്കാതെ കൊണ്ടു നടക്കുന്നത്. അതിന് താന്‍ കണ്ടെത്തിയ ന്യായീകരണം എന്താ….? കണ്ണുകള്‍ എന്നിലേക്ക് വന്നു.
ഇരുപത്തി മൂന്നാമത്തെ വയസ്സില്‍ ദേവേട്ടന്‍ എന്‍റെ കൈകളില്‍ പിടിച്ചതാ…..അദ്ദേഹത്തിന് ഒരു കുഞ്ഞിനെ കൊടുക്കാനാവാത്തതിനാല്‍ നാലു വര്‍ഷം കൊണ്ട് നമ്മള്‍ പരസ്പരം അകന്നു തുടങ്ങി. കുറ്റപ്പെടുത്തലുകള്‍ക്ക് ഇടനല്‍കാതിരിക്കാനാ നമ്മള്‍ തന്നെ അങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. ഡോക്ടറെ കാണേണ്ടാ എന്നത്. അദ്ദേഹം കോടതിയും വാദപ്രതിവാദങ്ങള്‍ക്കുമിടയില്‍ എല്ലാം മറന്നു തുടങ്ങിയപ്പോൾ ഞാന്‍ പോയ കാലത്തിലേക്ക് ഒരു മടക്കയാത്ര നടത്തി.
ഇനിയും…കുറ്റപ്പെടുത്തലുകള്‍ക്കോ നഷ്ടബോധത്തിലേക്കുള്ള തിരിഞ്ഞു നോക്കലുകള്‍ക്കോ യാതൊരു കാര്യവുമില്ലെന്നറിയാം. എന്നാലും ബാലേട്ടാ…നന്ദിനി ഈ മുറ്റത്തെ മറക്കരുതായിരുന്നു. ബാലേട്ടന്‍ അമ്മയെ പരിചരിക്കാനെന്നും പറഞ്ഞ് സ്വന്തം ജീവിതം മറന്നപ്പോൾ, ഈ നന്ദുവിനെ കൂടി കൈവെടിഞ്ഞു. അച്ഛന്‍റെ നിര്‍ബന്ധം കാരണം ഒരു ഇരുപത്തിമൂന്നുകാരി എന്തായിരുന്നു ചെയ്യേണ്ടത്. അത്രയും കടന്നു ചിന്തിക്കാനൊന്നും അന്നു അറിയില്ലായിരുന്നു. അല്ലെങ്കില്‍ അതിനു കഴിഞ്ഞില്ല. ആറു വര്‍ഷങ്ങള്‍ക്കപ്പുറം ബാലേട്ടനെ അനാഥനാക്കി അമ്മയും പോയപ്പോള്‍….എത്രവട്ടം വന്നു ഞാനീ കാലു പിടിച്ചിട്ടുണ്ട്….ഒരു പെണ്ണിന്‍റെ കൈ പിടിക്കാന്‍….? അന്നു ബാലേട്ടന്‍ അങ്ങനെ ചെയ്തെങ്കില്‍ ഒരു കൂട്ടു തേടിയെങ്കില്‍….നന്ദുവിനും ഇത്രയൊന്നും വേദനിക്കേണ്ടി വരില്ലായിരുന്നു.
കണ്ണുകളില്‍ നനവ്…കൂടെ ശബ്ദം ഇടറി. ഏയ്, താനതൊന്നും വിട്ടില്ലേ മനസ്സീന്ന് ഇനിയും…? അമ്മ പോയപ്പോള്‍ താന്‍ പോയതിനേക്കാളും വലിയ ശൂന്യതയായിരുന്നു മനസ്സില്‍. എല്ലാ ഉന്‍മേഷവും എന്നെ വിട്ടു പോയതു പോലെ. കുറേ അലഞ്ഞു. എവിടേയും സ്വസ്ഥത കിട്ടാതായപ്പോള്‍….ഇവിടെ കരിയിലകള്‍ക്കും പകല്‍ പോലും സൂര്യനെത്തി നോക്കാത്ത ഈ മുറ്റവും തൊടിയും നോക്കി ഇരുന്നു…. പതിയെ പതിയെ ആ ലോകമെന്നെ എവിടേക്കോ കൈപിടിച്ചു നടത്തുകയായിരുന്നു. അലമാരയിലെ പുസ്തകങ്ങളെന്നെ വിളിച്ചു. അവര്‍ക്കിടയിലൂടെ എന്‍റെ ദിനരാത്രങ്ങളെന്നില്‍ വീണ്ടും ഉന്മേഷം നിറച്ചു.
നീ ദേവന്‍റെ പെണ്ണായ് പോയ ഒക്ടോബര്‍ 12 ാം തീയ്യതി എത്തിയപ്പോഴേക്കും ഓര്‍മ്മകള്‍ വീണ്ടും മുറിഞ്ഞു. അവിടുന്നങ്ങോട്ട് പിന്നെ തേടിയിറങ്ങി. ആ വേദനയുടെ കാരണം കണ്ടെത്തേണ്ടാ എന്ന തീരുമാനം എന്തിനായിരുന്നു. നല്ലൊരു ഡോക്ടറെ കാണാമായിരുന്നു. സ്കാന്‍ ചെയ്തോ വല്ല ടെസ്റ്റ് നടത്തിയോ അതിനുള്ള കാരണവും കണ്ടെത്താമായിരുന്നു. ഒന്നിനും നിന്നില്ല എന്നു മാത്രമല്ല അതിന്‍റെ പേരില്‍ ദേവനോട് പിണങ്ങി പോരുകയും ചെയ്തു.
അതൊക്കെ പോട്ടെ, ഇനി എന്നാ അവിടേക്കുള്ള മടക്കം…?
ഒന്നും തീരുമാനിച്ചിട്ടില്ല ബാലേട്ടാ ഞാന്‍. ആ ജീവിതം ഒരു കെട്ടിയിടലായിരുന്നു…കണ്ടു മടുത്ത ദിനരാത്രങ്ങള്‍…എല്ലാത്തിനും ഉണ്ടൊരു ആവര്‍ത്തന വിരസത. ഇനിയുമവിടെ നിന്നാല്‍ മനസ്സിന്‍റെ സമനില തെറ്റി പോയേനേ. ദേവേട്ടന്‍ എപ്പോഴും തിരക്കായതിനാല്‍ ഒന്നുമറിയാതെ ദിവസങ്ങള്‍ വിട പറഞ്ഞു പോവുന്നു. പക്ഷേ വീട്ടില്‍ എന്നും ഒരേ ജോലികള്‍ ചെയ്തും ഉണ്ടും ഉറങ്ങിയും കഴിയുമ്പോളായിരുന്നു ഒരു കുഞ്ഞില്ലാത്തതിന്‍റെ ദുഃഖം ഞാനറിഞ്ഞത്. പ്രസവിക്കാന്‍ കഴിയാത്ത അമ്മയാവാന്‍ കഴിയാത്ത ഒരു പെണ്ണിന്‍റെ ദുഃഖം ഞാനറിഞ്ഞത്. ഒരു കുഞ്ഞു വളരുന്ന കാലം അതിന്‍റെ അമ്മയാവും ഏറ്റവും ഭാഗ്യം ചെയ്ത സ്ത്രീ. ഒരു നിമിഷം പോലും ആ അമ്മ മനസ്സിനെ ജീവിതം മടുപ്പിക്കില്ല. പിന്നെ ദേവേട്ടനോട് ഒന്നു മാത്രം പറഞ്ഞാ ആ പടികള്‍ ഇറങ്ങിയത്. നന്ദിനി പോവുകയാണെന്ന് മാത്രം. എന്നെങ്കിലും കാണാനൊരു മോഹം തോന്നിയെങ്കില്‍ ഒന്നു വന്നു കണ്ടു മടങ്ങും. അതിനുള്ള അവകാശം മാത്രം നിഷേധിക്കരുത് ഒരിക്കലും. എന്‍റെ മുഖത്തേക്ക് നോക്കി നിന്നു കുറേ നേരം. പിന്നെ ഞാന്‍ കൊണ്ടു വിടണോ തന്നെ എന്നു ചോദിച്ചു. ബാങ്കിന്‍റെ ഒരു പാസ്ബുക്കും തന്നു. അതിലൊരു നല്ല തുകയുണ്ട് നന്ദിനിയുടെ പേരില്‍.
ബാലേട്ടാ….അമ്മയുടെ കൂടെ ഇനിയുള്ള കാലം ജീവിക്കണം ഈ പെണ്ണിന്. ആരും ഓര്‍ക്കാനില്ലാതെ ആരേയും കാത്തിരിക്കാനില്ലാതെ ഒന്നും മോഹിക്കാതെ ഒരു ജീവിതം.ഈ ജീവിതം മണ്ണടിഞ്ഞു പോയാലും ഓര്‍മ്മകളൊന്നും അവശേഷിക്കരുത് ഇവിടെ. പിന്നെ ഞാന്‍ മനസ്സില്‍ സൂക്ഷിച്ച ഒരു മോഹമുണ്ട്. എന്‍റെ അമ്മയ്ക്ക് മുന്നേ എന്നെ മരണം കൊണ്ടു പോകാതിരുന്നെങ്കിലെന്ന്. പിന്നെ ഞാന്‍ യാത്ര പറഞ്ഞു പോവുമ്പോള്‍ ബാലേട്ടന്‍ എന്നരികിലിരിക്കണം. ഈ മുഖം കണ്ട് കൊണ്ട് എനിക്കു മറയണം ഈ ലോകത്ത് നിന്നും. എവിടേയാ നോക്കി ഇരിക്കയായിരുന്നു ബാലേട്ടന്‍. ബാലേട്ടാ …..
താനെന്തൊക്കെയാടോ പറയുന്നത് ..?
നാളെ നമുക്കൊന്ന് പോയാലോ..?എവിടേക്കാ ബാലേട്ടാ…?മെഡിക്കല്‍ കോളജില്‍ എന്‍റെ ഒരു സൂഹൃത്തുണ്ട്. ഡോക്ടര്‍ ബാലമുരളി. നമുക്ക് അദ്ദേഹത്തെ നാളെ പോയൊന്ന് കാണാം. തന്നിലിത്ര നിരാശ തോന്നിപ്പിക്കുന്ന ആ അസുഖമൊന്ന് കണ്ടെത്തണമല്ലോ. അതു വേണോ ബാലേട്ടാ…?
മം…വേണം…പോവേണ്ട സമയം ഞാന്‍ വിളിച്ചറിയിക്കാം തന്നെ…അവിടുന്ന് പാത്രങ്ങളുമായ് ഇറങ്ങി. വീട്ടിലേക്ക് നടക്കുമ്പോള്‍ എന്തോ ഒരാശങ്ക മനസ്സിനെ മഥിച്ചു. ചികിത്സ തേടിയിട്ടുണ്ടതിന് ആരുമറിയാതെ. വേദന സംഹാരികള്‍ ആശ്വാസം തരുന്ന കാലം വരെ പോവട്ടെ…കുറേ നാള്‍ സഹിച്ചിട്ടുണ്ട് ആ വേദന….പക്ഷേ ഇപ്പോള്‍ അതെല്ലാം മറക്കുകയാ…. ആരും അറിയുന്നത് ഇഷ്ടമല്ല…ആരുടെ സിമ്പതിയും വേണ്ടെനിക്ക്….ബാലേട്ടനും അമ്മയും ഉള്ള ഈ നാട്ടില്‍ ജീവിക്കട്ടെ കുറച്ചു കാലം ഞാന്‍…ഒരുകാലത്ത് എന്‍റേത് മാത്രായിരുന്നു ബാലേട്ടന്‍. ആ കൂടെ പാടത്തും പറമ്പിലും ഓടി നടന്നൊരു കാലമുണ്ടെന്‍റുള്ളില്‍. പൊടി പിടിക്കാതെ കാത്തു സൂക്ഷിച്ച ആ വസന്തകാലം മതിയെനിക്ക്. ആ നല്ല ഓര്‍മ്മകള്‍ക്കിടയിലാ ബാലേട്ടന്‍റെ ജീവിതമിപ്പോഴും. ഇനിയും ആ മനസ്സിനെ വേദനിപ്പിക്കാന്‍ വയ്യാ. നാളെ ഞാന്‍ പോവില്ല ആശുപത്രിയിലേക്ക്. എന്തേലും കള്ളം പറയാം പാവം ബാലേട്ടനോട്. ഒരു കുഞ്ഞു മോഹം കൂടിയുണ്ട് എന്‍റുള്ളില്‍…ആ മടിയില്‍ തലവെച്ചു കിടക്കണം എനിക്കൊരു വട്ടം കൂടി…ആ തലോടലേറ്റ്……………..