രചന : അപ്പു
:::::::::::::::::::::::::
” എടി ഞാൻ പറയുന്നത് നീ ഇപ്പോഴെങ്കിലും ഒന്ന് കേൾക്ക്. അവൻ നിനക്ക് ചേരുന്ന ഒരാളല്ല. എപ്പോഴെങ്കിലും ഒരവസരം കിട്ടിയാൽ അവൻ നിന്നെ ചതിക്കുമെന്ന് എനിക്കുറപ്പാണ്.. “
സോനയുടെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു കൊണ്ട് നിഷ പറഞ്ഞു.
പെട്ടെന്ന് വന്ന ദേഷ്യത്തിൽ സോന ആ കൈകൾ തട്ടിയെറിഞ്ഞു.
“നിഖിലേട്ടൻ പറഞ്ഞത് തന്നെയാണ് ശരി.നിനക്ക് അസൂയയാണ്.ഞങ്ങളുടെ ബന്ധം കണ്ടിട്ട് നിനക്ക് അസൂയ സഹിക്കാൻ വയ്യാതെയാണ് നീ ഇങ്ങനെ ഓരോന്നും പറഞ്ഞുണ്ടാക്കുന്നത് എന്ന് എന്നോട് പറഞ്ഞതാണ്. എന്നിട്ടും അത് വിശ്വസിക്കാതെ നിന്നെ എന്റെ കൂടെപിറപ്പിനെ പോലെ കണ്ടതുകൊണ്ടാണ് ഇപ്പോഴും നിന്റെ സൗഹൃദം ഞാൻ തുടർന്നു പോകുന്നത്. അതൊരു തെറ്റാണെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. അറുത്തു മാറ്റേണ്ട ബന്ധങ്ങൾ അടുത്തു മാറ്റുക തന്നെ വേണം..”
സോന പറഞ്ഞത് കേട്ട് നിഷ തറഞ്ഞു നിന്നു പോയി.
” നീ എന്താ പറഞ്ഞത്..? അറുത്തു മാറ്റേണ്ട ബന്ധങ്ങൾ എന്നോ..? “
നിഷ എടുത്തു ചോദിച്ചു.
“അതെ.. അത് അങ്ങനെ തന്നെയാണ്. സൗഹൃദങ്ങൾ ഒന്നും എന്നും ജീവിതത്തിൽ ഉണ്ടാവില്ലല്ലോ. എന്റെ ജീവിതത്തിൽ എന്നോടൊപ്പം എന്നും ഉണ്ടാവുക എന്റെ നിഖിലേട്ടനാണ്. അദ്ദേഹത്തെ വെറുപ്പിച്ചു കൊണ്ട് എനിക്കൊന്നും നേടാനില്ല..”
അത്രയും പറഞ്ഞു കൊണ്ട് നിഷയെ ശ്രദ്ധിക്കാതെ സോന നടന്നു നീങ്ങി. അത് കണ്ടു കണ്ണീരോടെ നിൽക്കാൻ മാത്രമേ നിഷക്ക് കഴിഞ്ഞുള്ളൂ.
വീട്ടിൽ ചെന്ന് ഉടൻ സോന ഫോണെടുത്ത് നിഖിലിനെ വിളിച്ചു.
” ഇന്നും നിഷ വന്നിട്ടുണ്ടായിരുന്നു.. നിഖിലേട്ടനെ കുറിച്ച് ഓരോന്ന് പറയാൻ.അവൾ പറഞ്ഞതൊന്നും ഞാൻ വിശ്വസിച്ചിട്ടില്ല കേട്ടോ.നിഖിലേട്ടൻ പറഞ്ഞതുപോലെ അവളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിട്ടാണ് ഞാൻ തിരികെ വന്നത്.. “
അവനോട് അവൾ വിശേഷങ്ങൾ ഓരോന്നായി പറഞ്ഞു കേൾപ്പിച്ചു.
“ഞാൻ നിന്നോട് നേരത്തെ തന്നെ പറഞ്ഞതല്ലേ അവൾക്ക് നമ്മുടെ ബന്ധം തീരെ ഇഷ്ടമാകുന്നില്ല എന്ന്.. ആ ഒരു കാരണം കൊണ്ടാണ് അവൾ നിന്റെ പുറകെ നടന്നു എന്നെക്കുറിച്ച് ഇങ്ങനെ ഓരോ കുറ്റങ്ങൾ പറഞ്ഞു കൊണ്ടിരുന്നത്..”
അവൻ പറഞ്ഞപ്പോൾ അവൾ അത് ശരിയെന്ന പോലെ ഒന്ന് മൂളി.
മറ്റൊരു പെണ്ണിനെ തന്റെ ഉടലിലേക്ക് ചേർത്തിരുത്തി കൊണ്ടാണ് അവൻ തന്നോട് സംസാരിക്കുന്നത് എന്ന് സത്യം അറിയാതെ അവൾ അപ്പോഴും അവനോട് കൊഞ്ചുന്നുണ്ടായിരുന്നു. അവളോട് സംസാരിക്കുമ്പോഴും അവന്റെ കണ്ണുകളും കൈകളും അടുത്തിരിക്കുന്ന പെൺകുട്ടിയിൽ ഓടി നടക്കുകയായിരുന്നു.
“എന്നാൽ ശരി.. എനിക്ക് കുറച്ചു പഠിക്കാനുണ്ട്..”
അവൾ പറഞ്ഞപ്പോൾ അവൻ കുറച്ചു പരിഭവം കാണിച്ചു. പിന്നെ അവളുടെ വാശിക്ക് മുന്നിൽ സമ്മതിച്ചു കൊടുക്കുന്നു എന്നുള്ളതു പോലെ കോള് കട്ടാക്കുകയും ചെയ്തു.
സോനയും നിഷയും ഒക്കെ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥികളാണ്. സോനക്ക് അവരുടെ തന്നെ സീനിയർ ആയ നീഖിലുമായി അടുപ്പമുണ്ട്. അവൾക്ക് അവനോട് ഒരു താല്പര്യം തോന്നിയപ്പോൾ അവൾ തന്നെയാണ് പോയി അത് തുറന്നു പറഞ്ഞത്.
അത് കേട്ടപ്പോൾ ആദ്യമൊക്കെ അവൻ കുറെ എതിർപ്പ് പ്രകടിപ്പിച്ചു. പിന്നെ ഒരു ദിവസം അവളെ ഞെട്ടിച്ചുകൊണ്ട് അവൻ വന്നു അവളോട് ഇഷ്ടമാണെന്ന് പറയുകയും ചെയ്തു.
അത് കേട്ടപ്പോൾ മുതൽ സ്വർഗം പിടിച്ചടക്കിയ ഒരു സന്തോഷമായിരുന്നു സോനയിൽ ഉണ്ടായിരുന്നത്.
പിന്നീട് അവരുടെ പ്രണയകാലമായിരുന്നു. പലപ്പോഴും ക്ലാസുകൾ കട്ട് ചെയ്തു കോളേജിലേക്ക് കയറുക പോലും ചെയ്യാതെയും അവളും അവനും കറങ്ങി നടന്നു. നിഷയ്ക്ക് അതൊക്കെ കാണുമ്പോൾ ആകെ ഒരു വല്ലായ്മ തോന്നും. എങ്കിലും തന്റെ സുഹൃത്തിന്റെ സന്തോഷം മാത്രം കണക്കിലെടുത്തു കൊണ്ട് അവൾ മൗനം പാലിച്ചു.
പലപ്പോഴും പരസ്പരം സംസാരിക്കാനുള്ള സമയം പോലും സോനയ്ക്ക് ഉണ്ടായിരുന്നില്ല. അവൾ എല്ലായിപ്പോഴും നിഖിൽ എന്ന മായികാ ലോകത്തായിരുന്നു.
നിഷയ്ക്ക് അവളുടെ അവഗണന ഒരു വേദനയായിരുന്നു എങ്കിലും അതൊക്കെയും അവൾ ഉള്ളിൽ ഒതുക്കി.
പതിയെ പതിയെ സോന നിഷയിൽ നിന്നും പൂർണമായും അകന്നു. അതേ അവസ്ഥ തന്നെയായിരുന്നു സോനയുടെ വീട്ടിൽ.
സോന മുൻപൊക്കെ കോളേജിൽ നിന്ന് വന്നാൽ അവളുടെ അനിയനോടൊപ്പം ഇരുന്ന് എന്തെങ്കിലുമൊക്കെ കുസൃതികൾ കാണിച്ച് വെറുതെ സമയം കളയാറുണ്ടായിരുന്നു. അവരുടെ വീട്ടിലെ ഡൈനിങ് ടേബിൾ രാത്രിയിൽ ശബ്ദമുഹരിതമായിരുന്നു.
എല്ലാവരും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് കൊണ്ട് തന്നെ ഓരോരുത്തർക്കും പറയാൻ ഒരുപാട് വിശേഷങ്ങൾ ഉണ്ടായിരുന്നു. പക്ഷേ സോനയുടെ സ്വഭാവത്തിലുള്ള മാറ്റം അവിടെയൊക്കെയും പ്രതിഫലിച്ചു തുടങ്ങി.
കോളേജ് വിട്ട് വന്നാൽ നേരെ മുറിയിലേക്ക് കയറിപ്പോകും. പിന്നീട് പുറത്തേക്ക് ഇറങ്ങിവരുന്നത് അത്താഴം കഴിക്കാൻ വേണ്ടി ആയിരിക്കും. അതും പലപ്പോഴും മറ്റെല്ലാവർക്കും മുന്നേ കഴിച്ചിട്ട് അവളെഴുന്നേറ്റ് പോകും.
അവളുടെ ആ മാറ്റങ്ങളൊക്കെയും വീട്ടുകാരെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു. അവളുടെ ഈ മാറ്റത്തിന് പിന്നിൽ തീർച്ചയായും എന്തെങ്കിലും ഒരു കാരണം ഉണ്ടാകും എന്ന് അവർക്ക് ഉറപ്പായിരുന്നു.ആ കാരണവും തേടി അവളുടെ അമ്മ നിഷയെ ഫോൺ ചെയ്തിരുന്നു.
ആദ്യമൊക്കെ ഒന്നും വിട്ടു പറഞ്ഞില്ലെങ്കിലും അവൾക്ക് ഒരു പ്രണയമുണ്ട് എന്ന കാര്യം പറയാൻ നിഷ നിർബന്ധിതയായി. ഈ കാര്യത്തിൽ എത്രയൊക്കെ ശാസിച്ചാലും ശിക്ഷിച്ചാലും മകളുടെ മനസ്സു മാറാൻ പോകുന്നില്ല എന്ന് അറിയുന്നതുകൊണ്ട് തന്നെ മാതാപിതാക്കൾ മൗനം പാലിച്ചു. എപ്പോഴെങ്കിലും അവളെ പറഞ്ഞു മനസ്സിലാക്കാനുള്ള ഒരു അവസരം തങ്ങൾക്ക് കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു.
ഇതിനിടയിലാണ് നിഖിലും മറ്റൊരു പെൺകുട്ടിയും തമ്മിൽ അടുപ്പമുണ്ട് എന്നൊരു വാർത്ത നിഷ അറിയുന്നത്. അവരെ രണ്ടുപേരെയും കാണാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ നിഷ കാണുകയും ചെയ്തു.
ഈ കാര്യങ്ങളൊക്കെ സോനയോട് തുറന്നു പറഞ്ഞപ്പോൾ സോനയ്ക്ക് മുന്നിൽ നിഷ തെറ്റുകാരിയായി.എന്തൊക്കെ പറഞ്ഞിട്ടും സോനയെ പറഞ്ഞു മനസ്സിലാക്കാൻ മാത്രം നിഷക്ക് കഴിഞ്ഞില്ല.
ദിവസങ്ങൾ കടന്നു പോയി. സോനയും നിഷയും പരസ്പരം കണ്ടാൽ സംസാരിക്കുക പോലും ചെയ്യാത്ത വിധം അകന്നു.
നിഖിൽ പറയുന്ന വാക്കുകളെ മാത്രം വിശ്വസിച്ച് അവനെ മാത്രം സ്നേഹിക്കുന്ന തരത്തിലേക്ക് സോനയുടെ മനസ്സ് മാറി പോയിരുന്നു.
അങ്ങനെയിരിക്കവെയാണ് നിഖിലിന്റെ പിറന്നാള് എത്തിയത്.
പിറന്നാൾ ആഘോഷം ഗംഭീരമാക്കാൻ തന്നെ സോന തീരുമാനിച്ചു. അതിന്റെ ഭാഗമായി അവന് ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടി അവന്റെ ക്ലാസിലെ കുട്ടികളെയും ചേർത്ത് ആഘോഷം നടത്താം എന്നാണ് അവൾ കരുതിയത്.
അവൾ തന്നെ കേക്ക് ഒക്കെ സെറ്റ് ചെയ്തു. സെലിബ്രേഷൻ നടത്താൻ വേണ്ടി അവളും അവളുടെ കുറച്ചു സുഹൃത്തുക്കളും കൂടി ആ ക്ലാസ്സിലേക്ക് ചെന്നു കയറുമ്പോൾ പരസ്പരം കേക്ക് കൈമാറുന്ന നിഖിലിനെയും മറ്റൊരു പെണ്ണിനേയും ആണ് കണ്ടത്.
കേക്ക് കൈമാറി കഴിഞ്ഞതിനു ശേഷം ആ പെൺകുട്ടി അവന്റെ നെഞ്ചിലേക്ക് ചാരി നിൽക്കുന്നതും അവനെ ഗാഢമായി ചുംബിക്കുന്നതും അവൾ കണ്ടു. ക്ലാസിലെ മറ്റു കുട്ടികൾ അതിന് പ്രോത്സാഹനമായി കയ്യടിക്കുന്നതും കൂകിവിളിക്കുന്നതും അവൾ കണ്ടു.
അതൊക്കെ കണ്ടപ്പോൾ തന്നെ നിയന്ത്രണം നഷ്ടമാകുന്നത് പോലെയാണ് സോനയ്ക്ക് തോന്നിയത്.
” നിഖിലേട്ടാ… “
ഒരു അലർച്ച ആയിരുന്നു അത്.
എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് തന്നെ നിഖിലിന്റെ ചൂണ്ടിൽ ഒരു പുച്ഛ ചിരി വിരിഞ്ഞു.
” എന്താ ഇത്..?ഇതേത് പെണ്ണാണ് നിഖിലേട്ടാ..? “
ദേഷ്യത്തോടെ അവൾ ചോദിച്ചപ്പോൾ അവൻ പൊട്ടിച്ചിരിച്ചു. പിന്നെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ ഒന്നുകൂടി ചേർത്തു പിടിച്ചു.
“ഇവളോ… ഇത് എന്റെ പ്രാണന്റെ പാതി… ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന എന്റെ പ്രണയം..”
അവൻ പറഞ്ഞപ്പോൾ അവളിൽ ഒരു ഞെട്ടൽ ആയിരുന്നു.
” അപ്പോൾ പിന്നെ ഞാൻ ആരാ..”
അവൾ അത് ചോദിക്കുമ്പോഴും അവൻ ചിരിക്കുകയായിരുന്നു.
” അത് നീ സ്വയം ചോദിക്കേണ്ട ചോദ്യമാണ്. എന്നെ സംബന്ധിച്ച് നീ വെറുമൊരു തമാശയാണ്. കോളേജ് കാലം ആസ്വദിക്കാൻ വേണ്ടി മാത്രമുള്ള ഒരു തമാശ. ഇഷ്ടമല്ല എന്ന് നിന്നോട് ഒരു നൂറുവട്ടം പറഞ്ഞിട്ടും അത് സമ്മതിക്കാതെ എന്റെ പിന്നാലെ നടന്നു ഇഷ്ടം നേടിയെടുത്തത് നീ ആയിരുന്നില്ലേ..? നിന്റെ കൂടെ നിന്ന് തരുമ്പോഴും എന്റെ ഉള്ളിൽ മുഴുവൻ ഇവളായിരുന്നു. “
അവൻ പറഞ്ഞപ്പോൾ അവൾക്ക് വല്ലാത്തൊരു തളർച്ച അനുഭവപ്പെട്ടു.
പിന്നീട് അവിടെ നടന്നതോ പറഞ്ഞതോ ആയ ഒന്നും അവൾ അറിഞ്ഞില്ല. വീട്ടിൽ എങ്ങനെ എത്തി എന്നതിനെ കുറിച്ച് പോലും അവൾക്ക് ഒരു ബോധവും ഉണ്ടായിരുന്നില്ല.
സംഭവിച്ചുപോയ തെറ്റുകൾ ഓരോന്നും അവളുടെ ഉള്ളിലിരുന്ന് അവളെ കാർന്ന് തിന്നുന്നുണ്ടായിരുന്നു. അവനുവേണ്ടി അവൾ വേദനിപ്പിച്ചവരുടെ ഒക്കെ മുഖങ്ങൾ അവളുടെ ഉള്ളിലൂടെ കടന്നു പോകുന്നുണ്ടായിരുന്നു.
അവയൊക്കെയും അവളെ വല്ലാതെ തളർത്തി.
ഇനിയും ആരുടെയും മുന്നിൽ തലകുനിച്ചു നിൽക്കാനാവില്ല എന്നൊരു തോന്നൽ വന്നപ്പോഴാണ് ഈ ഭൂമി വിട്ടു പോകാൻ എന്നൊരു തീരുമാനം അവളുടെ ഉള്ളിൽ ഉണ്ടായത്.
അതേ സമയത്തായിരുന്നു മൊബൈൽ ഫോൺ ബെൽ അടിച്ചത്.സ്ക്രീനിൽ തെളിഞ്ഞു കാണുന്ന നമ്പറിൽ അവൾക്ക് വല്ലാത്ത വേദന തോന്നി.
ഒന്ന് രണ്ട് തവണ മുഴുവനായും ബെല്ലടിച്ചതിനു ശേഷം ആണ് അവൾ കോൾ അറ്റൻഡ് ചെയ്തത്.
” പട്ടിയെ പോലെ കിടന്നു മോങ്ങാൻ നാണമില്ലല്ലോ..? “
ഫോൺ എടുത്ത ഉടനെ നിഷ ചോദിച്ചത് അതായിരുന്നു.
“നിന്നോട് ഞാൻ പലവട്ടം പറഞ്ഞതാണ് അവൻ ഫ്രോഡ് ആണ് നിന്നെ ചതിക്കുകയാണെന്ന്. അതൊന്നും പറഞ്ഞാൽ മനസ്സിലാക്കാനുള്ള ബോധം നിനക്ക് ഉണ്ടായിരുന്നില്ല. ഇപ്പോൾ എല്ലാം മനസ്സിലാക്കിയപ്പോൾ കിടന്നു കരയാൻ അല്ലാതെ നിനക്ക് വേറെ എന്തെങ്കിലും പറ്റുമോ..?വെറുതെ വീട്ടുകാരെ കൂടി വിഷമിപ്പിക്കാൻ വേണ്ടി..”
നിഷ പറഞ്ഞപ്പോൾ സോനക്ക് വല്ലാതെ തോന്നി.
ശരിയാണ് അവനുവേണ്ടി മരിക്കാൻ തീരുമാനിച്ചപ്പോൾ വീട്ടുകാരെ ഓർത്തില്ല.. സുഹൃത്തുക്കളെ ഓർത്തില്ല.. കൂടെപ്പിറപ്പിനെ പോലും ഓർത്തില്ല…!
“നിഷേ.. അയാം റിയലി സോറി.. പറ്റിപ്പോയതു മുഴുവൻ തെറ്റുകൾ ആയിരുന്നു.. അത് എനിക്ക് ഇപ്പോൾ അറിയാം.. നിന്റെ സൗഹൃദത്തിനെയാണ് പലപ്പോഴും ഞാൻ സംശയിച്ചത്. അതിന് ദൈവം തന്ന ശിക്ഷയായിരിക്കണം ഇത്.. എന്നോട് പൊറുക്കണേ..!”
അവൾ പറഞ്ഞപ്പോൾ നിഷ പതിയെ ഒന്ന് ചിരിച്ചു. അത് കേട്ടപ്പോൾ സോനക്കും ആശ്വാസം തോന്നി.
ഫോൺ കട്ടാക്കുമ്പോൾ ഇനിയുള്ള ദിവസങ്ങൾ തെറ്റുകൾ തിരുത്താൻ ഉള്ളതായിരിക്കും എന്ന് മനസ്സിൽ ഉറപ്പിക്കുകയായിരുന്നു സോന.