രചന : അപ്പു
::::::::::::::::::::::
” ഇവിടെയും വന്നു കയറിയിട്ടുണ്ട് ഒരുത്തി. എനിക്ക് എന്തെങ്കിലും സഹായം ചെയ്തു തരുമെങ്കിൽ പോട്ടെന്നു വയ്ക്കാം..ഇത് എനിക്ക് അവളെ കൊണ്ട് ഒരു ഉപയോഗവുമില്ല. അവൾക്ക് ഞാൻ വച്ചു വിളമ്പേണ്ട അവസ്ഥയാണ്.”
രാവിലെ തന്നെ അമ്മായിയമ്മയുടെ മുറുമുറുക്കൽ കേട്ടു കൊണ്ടാണ് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്.
രാത്രി മുഴുവൻ ഉറക്കം കളഞ്ഞതു കൊണ്ടായിരിക്കണം കണ്ണുകൾ തുറക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.
ഒരുവശം ചരിഞ്ഞുള്ള കിടപ്പ് വലിയ സുഖമുള്ള പരിപാടിയൊന്നുമല്ല എന്ന് പ്രഗ്നന്റ് ആയതിനു ശേഷം ആണ് അറിഞ്ഞത്.അതും ഒരുവശത്തുനിന്ന് മറുവശത്തേക്ക് ചരിഞ്ഞു കിടക്കണമെങ്കിൽ എഴുന്നേറ്റിരുന്നിട്ട് പിന്നെയും ചരിഞ്ഞു വേണം കിടക്കാൻ.
രാത്രിയിൽ എപ്പോഴെങ്കിലും ചരിഞ്ഞു കിടക്കാൻ തോന്നിയാൽ ഇങ്ങനെ എഴുന്നേറ്റ് കിടന്നു ഒക്കെ വരുമ്പോൾ തന്നെ പകുതി ഉറക്കം പോകും..!
അതും പോരാഞ്ഞിട്ട് വെളുപ്പിനെ നാലര 5 മണിയാകാതെ ഉറക്കം വരിക പോലുമില്ല. ഇത് എന്ത് അവസ്ഥയാണെന്ന് എത്ര ഓർത്തിട്ടും മനസ്സിലാകുന്നതുമില്ല..
വിദേശത്തുള്ള ഭർത്താവിനോട് ഇതിനെക്കുറിച്ച് പരാതി പറഞ്ഞാൽ നീ ഫോണും മാറ്റിവെച്ച് കണ്ണടച്ചു കിടന്നാൽ മതി ഉറക്കം വരും എന്ന് പറഞ്ഞ് ആള് പുച്ഛിച്ചു കളയും. പക്ഷേ ഞാൻ അനുഭവിക്കുന്നത് എന്താണെന്ന് എനിക്ക് മാത്രമല്ല അറിയൂ..!
ഇവിടേക്ക് കല്യാണം കഴിഞ്ഞ് വരുമ്പോൾ ബാങ്കിൽ ജോലി ഉണ്ടായിരുന്നു. അമ്മയ്ക്ക് സഹായത്തിനു വേണ്ടിയാണ് കല്യാണം കഴിക്കുന്നത് എന്ന് വിനോദ് പറഞ്ഞിട്ടും എന്റെ ജോലി രാജി വയ്ക്കാൻ എനിക്ക് പറ്റില്ല എന്ന് ഞാൻ വാശി പിടിച്ചു.
എന്നോടുള്ള ഇഷ്ടം കൊണ്ടായിരിക്കണം വിനോദ് വലിയ തർക്കത്തിൽ നിൽക്കാതെ വിവാഹത്തിന് സമ്മതിച്ചത്. പക്ഷേ അമ്മയ്ക്കൊന്നും അതിൽ വലിയ താല്പര്യമില്ല എന്ന് ആദ്യം തന്നെ മനസ്സിലായിരുന്നു.
പക്ഷേ അതിന്റെ പരിണിതഫലം അനുഭവിക്കാൻ തുടങ്ങിയത് കല്യാണത്തിന് ശേഷം ജോലിക്ക് പോയി തുടങ്ങിയപ്പോഴാണ്.
ജോലിക്ക് പോകാൻ വേണ്ടി ആദ്യത്തെ ദിവസം രാവിലെ തന്നെ എഴുന്നേറ്റ് ആഹാരം ഉണ്ടാക്കാൻ ഒക്കെ അമ്മയെ സഹായിച്ചു. ജോലിക്ക് പോയിട്ട് തിരികെ വീട്ടിലെത്തിയപ്പോൾ ആറര മണി കഴിഞ്ഞു.
ഒരു ഗ്ലാസ് ചായ കുടിക്കാൻ വേണ്ടി അടുക്കളയിലേക്ക് കയറിയ ഞാൻ വല്ലാതെ ഞെട്ടിപ്പോയി.ഒരു കുന്നു പാത്രങ്ങൾ അവിടെ കഴുകാനായി കൂട്ടിയിട്ടുണ്ട്.ആഹാരം കഴിച്ച പാത്രങ്ങൾ പോലും കഴുകിയിട്ടില്ല എന്ന് കണ്ടപ്പോൾ എവിടെ നിന്നൊക്കെ ദേഷ്യം വന്നു കയറിയെന്ന് ഇപ്പോഴും അറിയില്ല.
ഞാൻ അതും നോക്കി നിൽക്കുന്നത് കണ്ടിട്ടാണ് ഭർത്താവ് അടുക്കളയിലേക്ക് കയറി വരുന്നത്. അത് കണ്ടപ്പോൾ അദ്ദേഹത്തിനും ആകെ ഒരു അമ്പരപ്പിലായിരുന്നു.
“എന്താ ഇവിടെ..? ഇതെന്താ ഇങ്ങനെ പാത്രം മുഴുവൻ കൂട്ടിയിട്ട് ഇരിക്കുന്നത്..?”
വിനോദ് ചോദിച്ചപ്പോൾ സത്യം പറഞ്ഞാൽ ദേഷ്യവും സങ്കടവും ഒക്കെ തോന്നി. അമ്മായിയമ്മ എനിക്കിട്ട് പണിതതാണെന്ന് ആദ്യം തന്നെ എനിക്ക് മനസ്സിലായതാണ്. പക്ഷേ അതിനെക്കുറിച്ച് വിനോദനോട് ഒരക്ഷരം സംസാരിക്കാൻ പറ്റില്ല.
എന്റെ അമ്മയെ കുറ്റം പറയാൻ വേണ്ടി നീ വായ തുറക്കണ്ട എന്ന് പറഞ്ഞു അപ്പോൾ തന്നെ എന്റെ വായ അടപ്പിക്കും.
“കാർത്തി.. അമ്മയ്ക്ക് തീരെ സുഖമില്ലായിരുന്നു. അതുകൊണ്ട് പാത്രങ്ങൾ ഒന്നും കഴുകിയിട്ടില്ല. ഈ പാത്രങ്ങളൊക്കെ ഒന്ന് കഴുകി വച്ചേക്കു കേട്ടോ..”
അമ്മായിയമ്മ ഒന്നല്ലാത്ത വിധത്തിൽ വന്നു പറഞ്ഞു പോകുന്നത് കണ്ടപ്പോൾ ദയനീയമായി ഞാൻ വിനോദിനെ നോക്കി. പക്ഷേ അമ്മയ്ക്ക് സുഖമില്ല എന്ന് കേട്ടതോടെ അവിടെ അമ്മയെ പരിചരണമായി.
എന്റെ വിധി എന്ന് ചിന്തിച്ചു കൊണ്ട് പാത്രങ്ങൾ മുഴുവൻ കഴുകി കഴിഞ്ഞപ്പോൾ തന്നെ തലവേദന അതിന്റെ പാരമ്യത്തിൽ എത്തിക്കഴിഞ്ഞിരുന്നു.
അതിനു പിന്നാലെ ഓരോരോ പണികളായി അമ്മായിയമ്മ തന്നു കൊണ്ടേയിരുന്നു.
“നിനക്ക് നാളെ രാവിലെ ആഹാരം കൊണ്ടുപോകണം എന്നുണ്ടെങ്കിൽ രാവിലെ തന്നെ എഴുന്നേറ്റ് വന്ന് വല്ലതും ഉണ്ടാക്കിയാൽ കൊണ്ടുപോകാം. അല്ലാതെ നിനക്ക് ചോറും കെട്ടി ജോലിക്ക് പറഞ്ഞയക്കാൻ ഇത് നിന്റെ വീട് ഒന്നുമല്ല. പിന്നെ ജോലിക്ക് പോകുന്നതൊക്കെ കൊള്ളാം. ഇവിടുത്തെ പണികളൊക്കെ ചെയ്തു കഴിഞ്ഞതിനു ശേഷം പോയാൽ മതി..”
രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപുള്ള അമ്മായിയമ്മയുടെ ഉഗ്രശാസനം കേട്ടപ്പോൾ തന്നെ ഇനിയുള്ള ജീവിതം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് ഏകദേശം ധാരണ കിട്ടിയിരുന്നു.
പിന്നീടുള്ള ദിവസങ്ങൾ മുഴുവൻ അമ്മായിയമ്മയുടെ ഭരണത്തിൽ താൻ വല്ലാതെ വലഞ്ഞിരുന്നു.ലീവ് കഴിഞ്ഞ് വിനോദ് കൂടി തിരികെ പോയതോടെ അമ്മയുടെ ഭരണം കുറച്ചുകൂടി കൂടി എന്ന് തന്നെ പറയാം.
ഇതിനിടയിൽ സ്വന്തം വീട്ടിലേക്ക് പോയി നിൽക്കാൻ രണ്ടുദിവസത്തേക്ക് അനുവാദം ചോദിച്ചാൽ പോലും അത് തരാൻ വല്ലാത്ത ബുദ്ധിമുട്ടാണ്. വിനോദിനോട് ചോദിച്ചാൽ പറയും അമ്മയോട് ചോദിച്ചിട്ട് പൊക്കോളാൻ.എന്നാൽ അമ്മയാണെങ്കിലോ കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവിന്റെ വീട്ടിലാണ് നിൽക്കേണ്ടത് സ്വന്തം വീട്ടിലേക്ക് പോകേണ്ട കാര്യമുണ്ടെങ്കിൽ മാത്രം പോയാൽ മതി എന്നൊക്കെ പറഞ്ഞു എന്റെ വായടപ്പിക്കും.
എന്നാൽ കല്യാണം കഴിപ്പിച്ച് ഇവിടെ വിനോദിന്റെ പെങ്ങൾ മാസത്തിൽ ഒന്നും രണ്ടും ആഴ്ച ഇവിടെ വന്നു തങ്ങിയിട്ട് പോകുന്നതിന് അമ്മയ്ക്ക് കുറ്റം ഒന്നുമില്ല. ഭർത്താവിന്റെ വീട്ടിലെ പണികളിൽ നിന്ന് അവൾക്കുള്ള ആശ്വാസം വീട്ടിലേക്കുള്ള ഈ വരവാണത്രേ..
പക്ഷേ ഇങ്ങനെയുള്ള വരവിൽ ഏറ്റവും കൂടുതൽ ശ്വാസം മുട്ടുന്നത് ഞാനായിരിക്കും. കാരണം വരുന്നതു മുതൽ അവളുടെ സകല കാര്യങ്ങളും ഞാൻ നോക്കേണ്ടി വരും. അവളുടെ അടിവസ്ത്രം വരെ കഴുകിയിട്ടു കൊടുക്കേണ്ട അവസ്ഥ..!!
കാര്യങ്ങൾ അങ്ങനെ മുന്നോട്ടു പോകുമ്പോൾ ആണ് ഞാൻ പ്രഗ്നന്റ് ആണ് എന്ന് അറിയുന്നത്.സത്യം പറഞ്ഞാൽ അത് കഴിയുമ്പോൾ എങ്കിലും റസ്റ്റ് കിട്ടും എന്നാണ് കരുതിയിരുന്നത്.പക്ഷേ അതിനു പകരം പണികൾ കൂടുകയാണ് ചെയ്തത്.
ഡോക്ടർ റസ്റ്റ് പറഞ്ഞെങ്കിലും അയാൾക്ക് ഇതിനെക്കുറിച്ച് വലിയ ധാരണ ഒന്നുമില്ല എന്നൊരു ഭാവമായിരുന്നു അമ്മയ്ക്ക്.
“ഞങ്ങളും പണ്ട് രണ്ടും മൂന്നും ഒക്കെ പെറ്റതാണ്.റസ്റ്റ് എടുക്കണം എന്നൊക്കെ ഡോക്ടർമാർ പലതും പറയും.പക്ഷേ നമ്മുടെ കാര്യങ്ങൾ നമ്മൾ തന്നെ നോക്കണമല്ലോ..! ഇവിടെ നിന്റെ കാര്യങ്ങൾ നോക്കാനും നിനക്ക് വേണ്ടി പണിയെടുക്കാനും ഒന്നും എനിക്ക് പറ്റില്ല.”
അമ്മായിയമ്മ പറഞ്ഞപ്പോൾ സ്വന്തം മകന്റെ കുഞ്ഞു തന്നെയല്ലേ എന്റെ വയറ്റിൽ എന്ന് ഒരിക്കൽ പോലും അമ്മ ചിന്തിച്ചതായി എനിക്ക് തോന്നിയിട്ടില്ല.
പ്രഗ്നൻസിയുടെ ആദ്യ മാസങ്ങളിൽ ഒക്കെ ഛർദ്ദിച്ച് അവശയായി കിടന്നാൽ പോലും അമ്മ ഒന്ന് തിരിഞ്ഞു പോലും നോക്കാറില്ല.വേണമെങ്കിൽ ആഹാരം കഴിക്കണം അല്ലെങ്കിൽ എന്താണ് വെച്ചാൽ ചെയ്തോളണം.പക്ഷേ അവരുടെ ആരുടേയും കാര്യങ്ങൾക്ക് ഒരു മുടക്കവും വരാൻ പാടില്ല.
ഈ അവസ്ഥ തുടർന്നു പോകാൻ പറ്റില്ല എന്ന് തോന്നിയപ്പോഴാണ് വിനോദിനോട് സ്വന്തം വീട്ടിലേക്ക് പോയി നിൽക്കണം എന്ന് പറഞ്ഞത്.പക്ഷേ അതിന്റെ പേരിലും ഒരു കോലാഹലം തന്നെ ഈ വീട്ടിൽ നടന്നു.അതോടെ അങ്ങനെയുള്ള ആഗ്രഹങ്ങൾ മുഴുവൻ ഉള്ളിലടക്കി.
ഇതിനിടയിലും ജോലിക്ക് പോകുന്നുണ്ടായിരുന്നു. ഇപ്പോൾ കുറച്ചു ദിവസമായി ശരീരം ആകെ വേദനയും ക്ഷീണവും ഒക്കെ ആയപ്പോൾ ലീവ് എടുത്തതാണ്. ഏഴാം മാസമാണ്. ചടങ്ങ് നടത്തി സ്വന്തം വീട്ടിലേക്ക് പോകേണ്ടത് ഈ മാസമാണ്.
ആ ഒരു അവസരത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു കഴിഞ്ഞ മാസങ്ങൾ മുഴുവൻ.
ഈയിടെയായി ഉറക്കം കുറവുകൊണ്ട് രാവിലെ നേരത്തെ എഴുന്നേൽക്കാൻ ഒന്നും പറ്റാറില്ല. അതിന്റെ പേരിൽ അമ്മയുടെ വക ഒരു ബഹളം തന്നെ കേൾക്കുന്നുമുണ്ട്. കേട്ടിട്ടും കേട്ടില്ല എന്ന് നടിക്കാൻ അല്ലാതെ മറ്റൊന്നിനും കഴിയില്ല.
അമ്മയെ ഒരു വാക്കെങ്കിലും പറഞ്ഞാൽ പിന്നെ വിനോദ് എന്ന മകനെ മാത്രമായിരിക്കും എനിക്ക് കാണാൻ സാധിക്കുക. ഒരിക്കലും ഭാര്യ അനുഭവിക്കുന്നതിനെക്കുറിച്ച് അയാൾ ചിന്തിക്കുന്നതേ ഇല്ല..!
ചിന്തകൾക്കൊടുവിൽ അമ്മയുടെ ശബ്ദം കൂടി തുടങ്ങിയപ്പോൾ മുറി തുറന്നു പുറത്തേക്കിറങ്ങി.
ഭദ്രകാളി രൂപം പ്രാപിച്ചു നിൽക്കുന്ന അമ്മയെ ശ്രദ്ധിക്കാതെ സ്വന്തം കാര്യം നോക്കുമ്പോഴും തന്നെ മനസ്സിലാക്കാൻ ഒരു പാതി പോലും ഇല്ലാതായല്ലോ എന്ന സങ്കടം അവളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.
തന്റെ ഈ ജന്മം മുഴുവൻ ഇങ്ങനെ തന്നെ മുന്നോട്ടു പോകാൻ ആയിരിക്കും വിധി.. അല്ലെങ്കിൽ എന്തെങ്കിലും മഹാത്ഭുതം സംഭവിക്കണം..!
അങ്ങനെ എന്തെങ്കിലും സംഭവിക്കും എന്നുള്ള പ്രതീക്ഷയിൽ ജീവിതം മുന്നോട്ട് നീക്കാം എന്നല്ലാതെ മറ്റ് എന്ത് ചെയ്യണം..?