രചന : അപ്പു
::::::::::::::::::::::::
” ഈ വീട്ടിൽ വയ്യാതെ കിടക്കുന്ന ഒരു മനുഷ്യനുണ്ട് എന്നൊരു ചിന്ത നിന്റെ ഭാര്യയ്ക്ക് ഉണ്ടോ..? അങ്ങനെ ഒരു ചിന്തയുള്ള പെണ്ണായിരുന്നെങ്കിൽ നേരം വെളുക്കുമ്പോൾ അണിഞ്ഞൊരുങ്ങി ജോലിക്ക് പോകാൻ നോക്കുമോ..? “
രാവിലെ ഓഫീസിൽ പോകാൻ തയ്യാറാവുന്നതിനിടയിലാണ് അമ്മായിയമ്മയുടെ ശബ്ദം ഉയരുന്നത് അശ്വതി കേൾക്കുന്നത്.അത് കേട്ടപ്പോൾ അവൾക്ക് ആകെ ഒരു മടുപ്പ് തോന്നി.
എങ്കിലും അവൾ തന്റെ ഭർത്താവിന്റെ മറുപടി എന്തായിരിക്കും എന്നറിയാൻ ആകാംക്ഷയോടെ ചെവിയോർത്തു.
“ഇവിടെ ചെയ്യാനുള്ളതെല്ലാം ചെയ്തിട്ടു തന്നെയല്ലേ അമ്മെ അവൾ ജോലിക്ക് പോകുന്നത്..? രാവിലെയും ഉച്ചക്കത്തേക്കും ഉള്ള എല്ലാ ആഹാരവും ഒക്കെ ഉണ്ടാക്കി വെച്ചിട്ടല്ലേ പോകുന്നത്..? ബാക്കിയുള്ള പണികളൊക്കെ അവൾ ജോലി കഴിഞ്ഞ് വന്നതിനു ശേഷം ചെയ്തുതീർക്കാറും ഉണ്ട്.. എന്നിട്ടും അമ്മ വെറുതെ ഇങ്ങനെ ഓരോ പ്രശ്നങ്ങളും ഉണ്ടാക്കുന്നത് ശരിയല്ല..”
ഭർത്താവ് പറഞ്ഞത് കേട്ടപ്പോൾ അശ്വതിക്ക് ചെറിയൊരു ആശ്വാസം പോലെ..!
തന്നെ മനസ്സിലാക്കാനും സപ്പോർട്ട് ചെയ്യാനും അദ്ദേഹം എങ്കിലും ഉണ്ടല്ലോ.. പക്ഷേ അവളുടെ ആശ്വാസത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല..!
” എന്തുപറഞ്ഞാലും ഭാര്യ ചെയ്യുന്നതിനെ സപ്പോർട്ട് ചെയ്ത് നീ ഇങ്ങനെ നടന്നോ. അവസാനം നിനക്ക് നല്ല പണിയും തന്നുകൊണ്ട് അവൾ വല്ലവന്റെയും കൂടെ ഇറങ്ങി പോകുമ്പോൾ മാത്രമേ നീ പഠിക്കൂ.. “
ദേഷ്യത്തിൽ അത് പറയുന്ന അമ്മായിയമ്മയെ അവൾ പകപ്പോടെ കേട്ടു.
അമ്മയുടെ മനസ്സിൽ തന്നെ കുറിച്ചുള്ള ചിന്ത ഇത്രയും വൃത്തികെട്ടതാണോ എന്നൊരു തോന്നൽ അവളുടെ ഉള്ളിൽ ഉണ്ടായി.
പക്ഷേ ആ സമയം ഭർത്താവ് മറുപടിയൊന്നും പറയാതിരുന്നതും അവളെ വേദനിപ്പിച്ചു.
അവൾ അത് ചിന്തിച്ചിരിക്കുന്നതിനിടയിലാണ് അവളുടെ ഭർത്താവ് രാജേഷ് മുറിയിലേക്ക് കയറി വരുന്നത്.
അവൾ അവനെ ഒന്ന് നോക്കി. അവളുടെ മുഖത്തേക്ക് നോക്കാതെ മറ്റ് എങ്ങോ ദൃഷ്ടി പതിപ്പിച്ചു കൊണ്ടാണ് അവൻ നിൽക്കുന്നത് എന്ന് അവൾ ശ്രദ്ധിച്ചു.
അവനോട് കൂടുതലൊന്നും സംസാരിക്കാതെ അവൾ തന്റെ പ്രവർത്തികൾ തുടർന്ന്..
എങ്കിലും അമ്മ പറഞ്ഞതു പോലെ വിശ്വസിക്കുന്നതു കൊണ്ടാണോ അവൻ തന്നോട് സംസാരിക്കാത്തത് എന്നൊരു ഭയം അവൾക്ക് തോന്നിത്തുടങ്ങിയിരുന്നു.
അവൾ പോകാൻ തയ്യാറായപ്പോഴേക്കും അവൻ അവൾക്ക് വഴിയിൽ തടസ്സമായി.
” എന്താ രാജേഷ് ഏട്ടാ..? “
അവൾ ചോദിച്ചു.
“അമ്മ പറഞ്ഞത് താൻ കേട്ട് കാണും എന്ന് എനിക്കറിയാം.അത് താൻ മനസ്സിൽ വയ്ക്കേണ്ട കേട്ടോ.”
അവൻ പറഞ്ഞപ്പോൾ അവൾ ഒരു നിമിഷം അവനെ നോക്കി.
“അമ്മ പറഞ്ഞത് ഞാൻ കേട്ടു. പക്ഷേ അതിനേക്കാൾ ഏറെ എന്നെ വേദനിപ്പിച്ചത് അത് കേട്ടിട്ടും ഒരു വാക്കു പോലും മറുത്തു പറയാതെ രാജേഷേട്ടൻ ഇങ്ങോട്ട് കയറി വന്നപ്പോഴാണ്..”
അവൾ പറഞ്ഞ മറുപടി അവനെയും വേദനിപ്പിച്ചു.
“ഞാൻ മനപ്പൂർവ്വം തന്നെ ഒരാളിന് മുന്നിൽ താഴ്ത്തി കെട്ടാൻ വേണ്ടിയാണ് മറുപടി പറയാതിരുന്നത് എന്ന് തനിക്ക് തോന്നുന്നുണ്ടോ..? അവരോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല എന്ന് അറിയാവുന്നതു കൊണ്ടാണ് ഞാൻ പറയാത്തത്. ഞാൻ അമ്മയോട് എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ അതിന്റെ ബാക്കിയും താൻ തന്നെ കേൾക്കേണ്ടി വരും.എന്തിനാടോ അതിന് നമ്മളായിട്ട് ഒരു അവസരം കൊടുക്കുന്നത്..?”
അവൻ പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് പുച്ഛം തോന്നി.
“ശരിയാ അമ്മ ഒരുപക്ഷേ ഏട്ടനെ കുറ്റം പറയുമായിരിക്കും. എന്നാലും എനിക്ക് മനസ്സിലാവാത്തത് കൊണ്ട് ചോദിക്കുന്നതാണ്.. നേരത്തെ അമ്മ പറഞ്ഞല്ലോ ഈ വീട്ടിൽ ഒരു മനുഷ്യൻ വയ്യാതെ കിടക്കുന്നുണ്ടെന്ന്.. അത് രാജേഷേട്ടന്റെ അച്ഛനാണ്.. അതായത് അമ്മയുടെ ഭർത്താവ്.. എന്നിട്ട് അദ്ദേഹം കിടപ്പിലായി ഈ നിമിഷം വരെ അമ്മ അച്ഛന് വേണ്ടി എന്തെങ്കിലും ചെയ്തു കൊടുത്തതായിട്ട് രാജേഷേട്ടനു അറിയാമോ..? അച്ഛന് വേണ്ടുന്നതെല്ലാം രാവിലെ മുതൽ വൈകുന്നേരം വരെയും ചെയ്തു കൊടുക്കുന്നതും ഞാൻ തന്നെയാണ്. അച്ഛന് സുഖമില്ലാതെ ആദ്യ സമയങ്ങളിൽ ലീവ് എടുത്ത് ഞാൻ അച്ഛനെ കൂട്ടിരുന്നതല്ലേ..? അപ്പോഴും അമ്മയ്ക്ക് ആശുപത്രിയിൽ വന്നു നിൽക്കാൻ പറ്റില്ല ആശുപത്രിയുടെ മണം പറ്റില്ല എന്നൊക്കെ പറഞ്ഞു 100 ന്യായീകരണങ്ങൾ അമ്മ പറഞ്ഞില്ലേ..? അച്ഛനെ നോക്കുന്നത് എനിക്കൊരു ബുദ്ധിമുട്ടാണ് എന്നല്ല ഞാൻ പറയുന്നത്. പക്ഷേ എത്രയൊക്കെ ചെയ്തിട്ടും ഞാൻ ഒന്നും ചെയ്യുന്നില്ല എന്ന രീതിയിലുള്ള അമ്മയുടെ സംസാരം കേൾക്കുമ്പോൾ സത്യമായും സങ്കടം വരുന്നുണ്ട്..”
ഇടറുന്ന ശബ്ദത്തോടെ അവൾ അത് പറഞ്ഞപ്പോൾ അത് ശരിയാണെന്ന് അവനും തോന്നുന്നുണ്ടായിരുന്നു.
യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതെ ഓടി നടന്നിരുന്ന ഒരു മനുഷ്യനായിരുന്നു തന്റെ അച്ഛൻ. നാട്ടിൽ തന്നെ ഒരു പലചരക്ക് കട അച്ഛനുണ്ടായിരുന്നു. അതായിരുന്നു കുടുംബത്തിന്റെ വരുമാനമാർഗമായി ഉണ്ടായിരുന്നത്.
പക്ഷേ പെട്ടെന്നൊരു ദിവസം കടയിൽ വച്ച് അറ്റാക്ക് വന്നു കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചു കഴിഞ്ഞപ്പോഴാണ് അത് സ്ട്രോക്ക് ആയി മാറി എന്ന് അറിയുന്നത്.
അച്ഛനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു ഏകദേശം രണ്ടാഴ്ചയോളം അവിടെ കിടക്കേണ്ടി വന്നു. എന്നിട്ടും ഒരു ദിവസം പോലും അമ്മ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.
അതേ പകരം ആശുപത്രിയിൽ എല്ലാ കാര്യങ്ങൾക്കും ഓടി നടന്നത് അവൾ തന്നെയായിരുന്നു.. അവൾ എല്ലാകാര്യങ്ങൾക്കും ഇങ്ങനെ ഓടി നടക്കുന്നത് കാണുമ്പോൾ സങ്കടവും സന്തോഷവും ഒക്കെ തോന്നാറുണ്ട്.
എന്തെങ്കിലും ചോദിച്ചാൽ അവൾ പറയുന്ന മറുപടിയാണ് രസകരം.
“എന്റെ അച്ഛനാണ് ഇങ്ങനെ വീണു പോകുന്നതെങ്കിലും അച്ഛനെ ഞാൻ നോക്കും. ഞാൻ രാജേഷേട്ടന്റെ വീട്ടിലേക്ക് വന്നു കയറിയ സമയം മുതൽ രാജേഷ് ഏട്ടന്റെ അമ്മയെക്കാൾ കൂടുതൽ അച്ഛൻ എന്നെ സ്നേഹിച്ചിട്ടുണ്ട്. എന്നോട് കൂടുതൽ സംസാരിച്ചിട്ടുള്ളതും എന്നെ മനസ്സിലാക്കിയിട്ടുള്ളതും അച്ഛനാണ്. അതുകൊണ്ട് അദ്ദേഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്തു കൊടുക്കുന്നതിൽ എനിക്ക് യാതൊരു പരാതിയുമില്ല..”
അന്നുമുതൽ അച്ഛനെ ഒരു കൊച്ചു കുഞ്ഞിനെ പോലെ തന്നെയാണ് അവൾ പരിപാലിക്കുന്നത്. അവൾക്ക് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ഒരു ജോലിയുണ്ട്.
അവളുടെ ജോലി കൂടി ഉള്ളതുകൊണ്ടാണ് ഈ കുടുംബം നല്ല രീതിയിൽ നടന്നു പോകുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല. രാവിലെ ജോലിക്ക് പോകുന്നതിനു മുമ്പ് അടുക്കളയിലെ സകല കാര്യങ്ങളും അവൾ തീർത്തു വയ്ക്കും.
അച്ഛനെ ആഹാരം കഴിപ്പിച്ച് കുളിപ്പിച്ച് റെഡിയാക്കി കിടത്തിയിട്ടാണ് അവൾ ജോലിക്ക് പോകാറ്. അവൾ ജോലിക്ക് പോയി മടങ്ങി വരുന്നതിനിടയിൽ അച്ഛൻ കിടക്കയിൽ മൂത്രം ഒഴിച്ചാൽ പോലും അമ്മ അത് ശ്രദ്ധിക്കാറില്ല. അവൾ തിരികെ വന്നിട്ട് വേണം ഇതൊക്കെയും വൃത്തിയാക്കാൻ.
അതിലൊന്നും ഇതുവരെ ഒരു മടിയോ അറപ്പോ ഒന്നും അവൾ പറഞ്ഞു കേട്ടിട്ടില്ല. അങ്ങനെയുള്ള ഒരു പെണ്ണിനെ കുറിച്ചാണ് അമ്മ ഇത്തരത്തിൽ ഓരോ വർത്തമാനം പറയുന്നത്.
ഇതൊക്കെ കേട്ട് ക്ഷമയോടെ നിൽക്കാൻ ആർക്കാണ് കഴിയുക..?
അവൻ വേദനയോടെ ഓർത്തു.
” അച്ഛന് വയ്യാതെ കിടപ്പിൽ ആയിട്ട് ഇപ്പോൾ ഏകദേശം 6 മാസത്തോളം ആയി. അന്ന് തുടങ്ങി ഇന്ന് വരെ ഞാൻ എന്റെ വീട്ടിലേക്ക് ഒരു അന്തിപോലും തിരിഞ്ഞു നോക്കിയിട്ടില്ല. അമ്മ അതിൽ സമ്മതിക്കാറില്ല. അച്ഛനെ നോക്കേണ്ടതും ഈ വീടുപണികൾ മുഴുവൻ ചെയ്തു തീർക്കേണ്ടത് എന്റെ മാത്രം കടമയാണ് എന്നത് ഭാവമാണ് അമ്മയുടേത്. ഇനിയെങ്കിലും അതിൽ എന്തെങ്കിലും വ്യത്യാസം വരുത്തണമെന്ന് രാജേഷ് ഏട്ടൻ അമ്മയോട് ഒന്ന് പറയണം. അമ്മ എന്നെ ഒന്നും ചെയ്ത സഹായിച്ചില്ലെങ്കിലും സാരമില്ല ഇങ്ങനെ പിന്നാലെ നടന്ന കുറ്റം പറഞ്ഞു കുത്തിനോവിപ്പിക്കരുത് എന്നെങ്കിലും പറയണം.. “
അത്രയും സഹികെട്ടപ്പോഴാണ് അവൾ അങ്ങനെയൊരു കാര്യം അവന്റെ മുഖത്ത് നോക്കി പറയുന്നത്.
അവനോട് പറയാനുള്ളത് പറഞ്ഞു തീർന്നിട്ട് അവൾ ജോലിക്കായി വീട്ടിൽ നിന്ന് ഇറങ്ങുകയും ചെയ്തു.
ഓഫീസിലേക്കുള്ള യാത്രയിലും അവൾ ചിന്തിച്ചത് തന്റെ അമ്മായിയമ്മയെ കുറിച്ചായിരുന്നു.
സ്വന്തം ഭർത്താവിനെ സുഖമില്ലാതെ കിടക്കുമ്പോഴും അവരുടെ ബന്ധുവീടുകൾ സന്ദർശിക്കാനും അവരുടെ വീടുകളിൽ താമസിക്കാനും ഒന്നും അമ്മായിയമ്മയ്ക്ക് യാതൊരു മടിയുമില്ല. അച്ഛന്റെ കാര്യങ്ങളെല്ലാം മരുമകളായ തന്റെ മാത്രം ഉത്തരവാദിത്വമാണ്.. അതിൽ പരാതി പറയാതെ ഇന്നുവരെ എല്ലാം വൃത്തിക്ക് തന്നെ ചെയ്തിട്ടുണ്ട്..
എന്നിട്ടും കുറ്റം പറച്ചിലുകൾക്ക് മാത്രം യാതൊരു അവസാനവും ഇല്ല..!ഇനിയൊരിക്കലും അതുണ്ടാകാനും പോകുന്നില്ല..!!
നെടുവീർപ്പോടെ ചിന്തിച്ചുകൊണ്ട് അവൾ നടത്തത്തിന്റെ വേഗത കൂട്ടി.