എനിക്ക് ആദ്യമായി പ്രണയം തോന്നിയത് എന്റെ ക്ലാസ്സ് ടീച്ചറായ സൗമ്യ ടീച്ചറിനോടായിരുന്നു. എന്താണ് എനിക്ക് സൗമ്യ ടീച്ചറിനോട് ഇത്രയും ഇഷ്ടം തോന്നാൻ കാരണം..

രചന: സുധിൻ സദാനന്ദൻ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അത് സംഭവിച്ചത് ‘എന്റെ ആദ്യ പ്രണയം’.

മറ്റു കുട്ടികളെ പോലെ കൂടെ പഠിക്കുന്ന സഹപാഠിയെ പ്രണയിക്കാൻ ഞാനത്ര മോശക്കാരനായിരുന്നില്ല. എനിക്ക് ആദ്യമായി പ്രണയം തോന്നിയത് എന്റെ ക്ലാസ്സ് ടീച്ചറായ സൗമ്യ ടീച്ചറിനോടായിരുന്നു.

എന്താണ് എനിക്ക് സൗമ്യ ടീച്ചറിനോട് ഇത്രയും ഇഷ്ടം തോന്നാൻ കാരണമെന്ന് ചോദിച്ചാൽ, ടീച്ചർ എന്നും ക്ലാസ്സിലേക്ക് വരുമ്പോൾ എന്റെ അമ്മയെ പോലെ എന്റെ നീളൻ തലമുടിയിൽ തലോടിയിരുന്നു. ഭക്ഷണം കഴിക്കാതെ മടിപിടിച്ചിരുന്നാൽ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കും.

പാഠപുസ്തകത്തിലെ പദ്യങ്ങൾ ഓരോന്നും ഞങ്ങളെ ചൊല്ലി പഠിപ്പിക്കുമ്പോൾ പദ്യത്തിലെ വരികളൾക്ക് അനുസൃതമായി ടീച്ചറുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ കണ്ടിരിക്കാൻ നല്ല രസമായിരുന്നു. മേശയുടെ മുകളിലിരിക്കുന്ന നീളൽ ചൂരൽ ഒരിക്കൽ പോലും സൗമ്യ ടീച്ചർ എനിക്കു നേരെ പ്രയോഗിച്ചിട്ടില്ല. ഇതൊക്കെ കൊണ്ടാകും ഒരുപക്ഷേ എനിക്ക് ടീച്ചറിനോട് പ്രണയം തോന്നിയത്.

ടീച്ചറെ എങ്ങനെ എന്റെ ഇഷ്ടം അറിയിക്കുമെന്ന ആലോചനയ്ക്ക് ഉത്തരം ലഭിച്ചത്, അക്കാലത്ത് ചോക്ലേറ്റ് ഹീറോ പരിവേഷത്തിൽ തിളങ്ങി നിന്നിരുന്ന കുഞ്ചാക്കോ ബോബന്റെ സിനിമയായിരുന്നു. ഞായറാഴ്ച മാമന്റെ മടിയിലിരുന്ന് സിനിമ കണ്ടു കഴിഞ്ഞപ്പോഴാണ് എന്റെ കുഞ്ഞു മനസ്സിൽ ഐഡിയയുടെ മഞ്ഞ ബൾബ് പ്രകാശം ചൊരിഞ്ഞത്.

വരയിടാത്ത വെള്ള പേപ്പറിൽ ടീച്ചറെ എനിക്ക് ഇഷ്ടമാണെന്ന് ഭംഗിയായി എഴുതി ടീച്ചറുടെ കയ്യിൽ കൊടുക്കുക. അതിന് ആദ്യം തന്നെ വരയിടാത്ത പേപ്പറിൽ വളയാതെ എഴുതാൻ അറിയണ്ടേ, അതായിരുന്നു പ്രധാന പ്രശ്നം.

വരയിട്ട ബുക്കിൽ തെക്കോട്ടെഴുതുമ്പോൾ പടിഞ്ഞാറോട്ട് വളഞ്ഞു പോവുന്ന ഞാനെങ്ങനെ വരയിടാത്ത പേപ്പറിൽ എഴുതും. വീണ്ടും കുഞ്ഞു തലയിൽ ബുദ്ധി ഉദിച്ചു. അച്ഛൻ ഗൾഫിൽ നിന്ന് കൊണ്ടുവന്ന നല്ല മണമുള്ള റബ്ബർ ഉണ്ട്. പെൻസിൽ കൊണ്ട് നീളത്തിൽ വരച്ച് അതിനു മുകളിൽ എഴുതിയതിന് ശേഷം മണമുള്ള റബ്ബർ വെച്ച് പെൻസിലിന്റെ വര മാച്ച് കളയണം.

ഒരു വിധം എഴുതി കഴിഞ്ഞ് ലൗ ലെറ്റർ തിരിച്ചും മറിച്ചും നോക്കിയിട്ടും എനിക്കൊട്ടും തൃപ്തി വന്നില്ല. തീരെ ഭംഗിയില്ല…ഇനിയിപ്പൊ ഭംഗി വരാൻ എന്ത് ചെയ്യുമെന്ന ആലോചന വന്നെത്തി നിന്നത്, കരഞ്ഞ് കരഞ്ഞ് ഒടുവിൽ അമ്മ എനിക്ക് വാങ്ങി തന്ന സ്റ്റിക്കർ ബുക്കിലായിരുന്നു.

അതിൽ നിന്നും ശക്തിമാന്റെ തിളക്കുന്ന സ്റ്റിക്കർ ഒരെണ്ണം പറിച്ചെടുത്ത് ലൗ ലെറ്ററിൽ ഒട്ടിച്ചപ്പോൾ കാണാൻ നല്ല ചന്തമൊക്കെ ഉണ്ടെന്നായി, ടീച്ചർക്കും ഇഷ്ടാവും. അല്ലെങ്കിലും ശക്തിമാനെ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ലല്ലോ…?

ലൗ ലെറ്റർ ടീച്ചർ തുറക്കുമ്പോൾ ശക്തിമാൻ തിളങ്ങി നില്കും, അതിനു താഴെ എന്റെ പ്രണയം തുടിക്കുന്ന വരികളും…നാളെ നടക്കാൻ പോവുന്ന കാര്യങ്ങൾ ഓരോന്നും ആലോചിച്ച് എന്റെ കുഞ്ഞു മനസ്സ് ഉൾപുളകിതമായി.

ചോറ് വാരിത്തരാൻ അമ്മ വരുമ്പോഴേക്കും ഞാൻ ലെറ്റർ നാലായി മടക്കി നാളെ ഇട്ട് പോവാനുള്ള യൂണിഫോമിന്റെ ട്രൗസറിന്റെ ഓട്ടയില്ലാത്ത വലത്തേ കീശയിൽ ഭദ്രമായി എടുത്ത് വെച്ചിരുന്നു.

പതിവ് പോലെ ടീച്ചർ ക്ലാസ്സിൽ വന്നു. ഓരോരുത്തരെയായി പേര് വിളിച്ചു. ഞാനും ഹാജർ പറഞ്ഞ് ലെറ്റർ കീശയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തി ബഞ്ചിലിരുന്നു. സൗമ്യ ടീച്ചർ വെള്ളിയാഴ്ച പകുതി വായിച്ച് നിർത്തിയ ചെഞ്ചീരയുടെ പദ്യം ഉച്ചത്തിൽ വായിക്കുവാൻ തുടങ്ങി…

“വട്ടത്തിൽ കുഴികുത്തി, നീളത്തിൽ തടം മാടി അങ്ങിനെ പാവണം ചെഞ്ചീര…വെള്ളവും തളിക്കണം, വളവും ചേർക്കണം, അങ്ങിനെ വളർത്തണം ചെഞ്ചീര…”

ടീച്ചർ പദ്യം ചെല്ലുമ്പോഴും എന്റെ ശ്രദ്ധ കീശയിലുള്ള ലൗ ലെറ്ററിലായിരുന്നു. ടീച്ചർ ക്ലാസ്സ് കഴിഞ്ഞ് പുറത്ത് പോയപ്പോൾ ഞാനും ടീച്ചറുടെ പുറകെ പോയി. ടീച്ചർ എന്നെ കണ്ടപ്പോൾ തിരിഞ്ഞു നിന്ന് എന്താ എന്ന അർത്ഥത്തിൽ തല ഉയർത്തി കാണിച്ചു.

ആ സമയം ഞാനൊന്ന് ചുറ്റിലും നോക്കി കീശയിൽ കയ്യിട്ട് ലൗ ലെറ്റർക്ക് ടീച്ചർക്ക് നേരെ നീട്ടി. ടീച്ചർ അത് വാങ്ങി തുറന്ന് നോക്കി, നന്നായൊന്ന് ചിരിച്ചതിന് ശേഷം കുറച്ച് കഴിഞ്ഞ് എന്നോട് സ്റ്റാഫ് റൂമിലേക്ക് വരാൻ പറഞ്ഞ് ഞാൻ നല്കിയ ലൗ ലെറ്റർ കൈയ്യിലുള്ള പുസ്തകത്തിനകത്ത് വെച്ച് ടീച്ചർ സ്റ്റാഫ് റൂമിലേക്ക് നടന്നു പോയി.

അല്പം കഴിഞ്ഞ് മടിച്ച് മടിച്ച് ഞാൻ സ്റ്റാഫ് റൂമിലേക്ക് കയറിചെന്നു. ടീച്ചർ എന്നെ കണ്ടപ്പോൾ കൈകൾ ഉയർത്തി അരികിലേക്ക് മാടി വിളിച്ചു. അരികിലെത്തിയ എന്നെ മുടിയിൽ തലോടികൊണ്ട് ടീച്ചർക്ക് കിട്ടിയ പഴംപ്പൊരിയും കാപ്പിയും എനിക്ക് നേരെ നീട്ടികൊണ്ട് സ്നേഹത്തോടെ കഴിക്കുവാൻ പറഞ്ഞു.

പഴംപ്പൊരി പകുതി കഴിച്ച് എണ്ണമയമുള്ള കൈ ട്രൗസറിന്റെ പുറകിൽ തുടച്ച് ഞാൻ ടീച്ചറെ നോക്കി. ടീച്ചർ ലൗ ലെറ്റർ തുറന്ന് വെച്ച് പിന്നെയും ചിരിക്കുകയാണ്. “മോനൂന് ടീച്ചറെ അത്രയ്ക്ക് ഇഷ്ടമാണോ…” എന്നുള്ള ടീച്ചറുടെ ചോദ്യത്തിന് അതേ എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി.

ടീച്ചർ ഒരു പേനയെടുത്ത് എന്റെ കൈയിൽ പിടിപ്പിച്ച്… “എനിക്ക് ടീച്ചറെ ഇഷുട്ടമാണ്…” എന്ന് ഞാനെഴുതിയ വാചകം തിരുത്തി. “എനിക്ക് ടീച്ചറെ ഇഷ്ടമാണ് ” എന്ന് തിരുത്തി തന്നു. ടീച്ചർക്കും മോനെ ഒത്തിരി ഇഷ്ടമായിട്ടോ, എന്ന് പറഞ്ഞ് എന്റെ നെറുകയിൽ സ്നേഹത്തോടെ അമ്മതരുന്ന പോലെ ഒരു ചുംബനം നല്കി.

ഇഷ്ടം എന്ന വാക്കിന് ഒരുപാട് അർത്ഥമുണ്ടെന്നും, അമ്മയോടും, ഏട്ടനോടും, അനിയത്തിയോടും, ഉണ്ണിയോടും അവസാനം തന്റെ നല്ലപാതിയോടും തോന്നുന്ന ഇഷ്ടത്തിന്റെ ഭാവതലങ്ങൾ വ്യത്യസ്ഥതമാണെന്നും ടീച്ചർ സ്നേഹത്തോടെ എന്റെ തലമുടിയിൽ തലോടി പറഞ്ഞു തന്നു.

അന്ന് അതെന്റെ കുഞ്ഞു മനസ്സിൽ ഉൾകൊള്ളാൻ കഴിഞ്ഞില്ലെങ്കിലും വളർന്ന് വരുന്ന ഓരോ ഘട്ടത്തിലും ടീച്ചർ പറഞ്ഞുതന്നതിന്റെ പൊരുൾ ഞാൻ സ്വയം കണ്ടെത്തുകയായിരുന്നു.

ആദ്യം ഇഷ്ടം തോന്നിയത് ആരോടാണെന്ന ചോദ്യത്തിന് ഞാനുത്തരം പറയുക, സൗമ്യ ടീച്ചറിനോട് അല്ല, എന്റെ ടീച്ചറമ്മയോട് എന്നായിരിക്കും.