സ്നേഹപൂർവ്വം, ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ
പ്രേമം പൊളിഞ്ഞുതലയ്ക്കു കയ്യും വെച്ചിരിക്കുമ്പോൾ ആണ് അവൻ കേറിവന്നത്…
കണക്കുകൂട്ടലുകൾ എല്ലാം തെറ്റിയെടാ എന്ന് പറഞ്ഞപ്പോൾ, കാൽക്കുലേറ്റർ എടുത്തു തന്നു ഒന്നുടെ കൂട്ടിനോക്കാൻ പറഞ്ഞവൻ…
വിഷമം മാറാൻ ബാറിൽ പോയി ഓരോ ബീറങ്ങടു കാച്ചിയാലോ എന്ന് പറഞ്ഞത് അവൻ…ബീയറുവന്നപ്പോൾ നീ കുടിക്കണ്ട വിഷമം കൂടത്തെ ഉള്ളു എന്നുപറഞ്ഞു എല്ലാം ഒറ്റയ്ക്ക് കുടിച്ചുതീർത്തത് അവൻ.
ഫിറ്റായപ്പോൾ ഫോൺ വിളിച്ചു അവളെ തെറി പറഞ്ഞത് അവൻ. അവളുടെ ചേട്ടൻ തിരിച്ചുവിളിച്ചപ്പോൾ നിനക്കാടാ ഫോൺ എന്നും പറഞ്ഞു എന്നെ തെറികേൾപ്പിച്ചവൻ.
വീട്ടിലെ പ്രാരാബ്ദംകൊണ്ടു പ്രവാസിയാവേണ്ടിവന്നപ്പോൾ തോളത്തു കോർത്തുപിടിച്ച കൈകൾ മാത്രമേ അകന്നിട്ടുണ്ടായിരുന്നുള്ളൂ.
എയർപോർട്ടിൽ വെച്ചു ആടുതോമ സ്റ്റൈലിൽ കൂളിംഗ് ഗ്ലാസ് എടുത്തു വെച്ചു, മുഖം തരാതെ യാത്രപറഞ്ഞു നടന്നകന്നപ്പോൾ എന്റെ ചങ്കും കൂടി ആണെടാ കള്ളപന്നി നീ പറിച്ചോണ്ടുപോയത്.
നെഞ്ചോടു ചേർത്തു വെച്ച സൗഹൃദത്തേ മറയ്ക്കാൻ മാത്രം കറുപ്പൊന്നും ആ ഗ്ലാസ്സിനില്ലടാ പൊട്ടാ…
നമ്മുടെ തൃശ്ശൂർപൂരത്തിനും പുത്തൻപള്ളി പെരുനാളിനൊന്നും ഞാൻ ഇപ്പോ പോവാറില്ലടാ…
നീയില്ലാണ്ട് എന്തൂട്ട് പൂരം എന്തൂട്ട് പെരുന്നാള്…നമ്മളൊരുമിച്ചു ഉള്ളതായായിരുന്നുടാ, ശരിക്കും പൂരവും പെരുന്നാളും…