ഡോക്ടർ രഘു ( എം ബി ബി എസ് )
രചന : രഘു കുന്നുമ്മക്കര പുതുക്കാട്
:::::::::::::::::::::::::::
പരീക്ഷയുടെ തുടക്കത്തിനെ ദ്യോതിപ്പിച്ചു കൊണ്ട്, സൂചനാ മണിശബ്ദം മുഴങ്ങി.
എസ് എസ് എൽ സി പരീക്ഷാ പരമ്പരയിലെ അവസാന ഇനമായ കണക്ക് രണ്ടാം ഭാഗമാണ്, നടക്കാൻ പോകുന്നത്. കഴിഞ്ഞ പരീക്ഷകളിൽ, കണക്ക് ഒന്നാം ഭാഗത്തിനൊഴികേ ബാക്കിയെല്ലാ വിഷയങ്ങൾക്കും, അമ്പതിൽ നാൽപ്പതും നാൽപ്പത്തിയഞ്ചുമെല്ലാം ഉണ്ടാകുമെന്ന് നിശ്ചയമാണ്.
കണക്ക് ഒന്നാം ഭാഗത്തിന്, മുപ്പതിനും നാൽപ്പതിനുമിടയിലാകാം മാർക്ക്.
ഈ അവശേഷിക്കുന്ന പരീക്ഷ കൂടി, തട്ടുകേടില്ലാതെ പൂർത്തിയാക്കിയാൽ, ഡോക്ടർ എന്ന എന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടു പൂർത്തിയാകും. ഈശ്വരാ, നീയേ തുണ.
ഹാളിൽ വല്ലാത്തൊരു നിശബ്ദത തളംകെട്ടിക്കിടന്നു. ആ മൗനത്തെ ഭേദിച്ച്, എന്റെയും സഹപാഠികളുടേയും ആശങ്കകളുടെ നെടുവീർപ്പുകളുയർന്നു.
വല്ലാതെ മുറുകിയ അന്തരീക്ഷത്തിലേക്ക്, പരീക്ഷയുടെ ചുമതലയുള്ള, തീർത്തും അപരിചിതയായൊരു ടീച്ചർ കടന്നുവന്നു.
ടീച്ചറുടെ കയ്യിൽ, ഉത്തരമെഴുതാനുളള കടലാസ്സുകളും, ഇനിയും മുദ്ര പൊട്ടിക്കാത്ത ചോദ്യപ്പേപ്പറിന്റെ കെട്ടും,.ഉത്തരക്കടലാസുകൾ ചേർത്തുകെട്ടാനുള്ള നൂൽകഷ്ണങ്ങളുമുണ്ടായിരുന്നു.
ഈ പരീക്ഷയ്ക്ക്, ഞങ്ങളുടെ സ്കൂളിലെ മാഷുമ്മാര് ആരെങ്കിലും നോട്ടക്കാരായിരുന്നുവെങ്കിൽ, എത്ര നന്നായേനെ; ഇത്തിരി കോപ്പിയടിക്കാനോ, അടുത്തിരിക്കുന്നവനോടു എന്തേലും ചോദിക്കാനോ നോക്കിയാൽ, അവരതു കാര്യമാക്കാറില്ല. ഈ ടീച്ചർ, ഏതു തരത്തിലുള്ളതാണെന്നാർക്കറിയാം..
ഈശ്വരാ, ദാ, ചോദ്യക്കടലാസു സീൽ പൊട്ടിച്ചു കഴിഞ്ഞു.
ചുറ്റുപാടുമൊന്നു കണ്ണോടിച്ചു. ചെത്തിത്തേയ്ക്കാത്ത ചുവരിലെ നെടുങ്കൻ വെട്ടുകല്ലുകളിൽ, ആരൊക്കെയോ കോറിയിട്ട ലിഖിതങ്ങൾ, വരകൾ, ഏതോ ജ്യോമിട്രിയുടെ സൂത്രവാക്യങ്ങൾ.
ഉജാലക്കുപ്പിയുടെ ആകൃതിയിൽ, തലയില്ലാത്തൊരു പെണ്ണുടൽ വരച്ച്, പ്രധാനഭാഗങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. ആ ചിത്രത്തിനു ഏറെ പഴക്കമുണ്ട്. ചിത്രകാരനിപ്പോൾ എവിടെയായിരിക്കുമോ ആവോ?
ചോദ്യപ്പേപ്പറും, ഉത്തരമെഴുതാനുള്ള കടലാസും കയ്യിൽ വന്നു. ഇൻസ്ട്രുമെന്റ് ബോക്സ് തുറന്ന്, ഇളംനീല മഷിയുള്ള റെയ്നോൾഡ്സ് പേനയെടുത്തു.
ബോക്സ് നിറയേ, വരയ്ക്കാനും കുറിയ്ക്കാനുമുള്ള സംഗതികളാണ്. മട്ടകോൺ, സെറ്റ് സ്ക്വയർ, കോമ്പസ്, സ്കെയിൽ, ഡിവൈഡേഴ്സ്, റബ്ബർ, റൂൾ പെൻസിൽ തുടങ്ങി സകലതുമുണ്ട്. പോരാത്തതിന്, കുറുമാലിക്കാവിലെ ഇത്തിരി പ്രസാദവും.
ദൈവമേ, ഇതെന്തു ചോദ്യങ്ങൾ?
ഒറ്റവാക്കിൽ തുടങ്ങി, ഒന്നരത്താളിൽ തീരുന്ന ഗണിതപ്രശ്നങ്ങൾ. ഒന്നും കിട്ടണതില്ലല്ലോ. ആരം, ചാപം, പൈയുടെ വില, സൈൻ, കോസ്, ടാൻ
പിന്നേ, ലോഗരിതം. പൈതഗോറസ് സിദ്ധാന്തം; അവസാനം ഗ്രാഫു വരയ്ക്കലും.
പഠിപ്പിസ്റ്റ് നവീൻകുമാർ, കീ കൊടുത്തു വിട്ട പോലെയാണ് എഴുതുന്നത്. തൊട്ടപ്പുറത്തിരിയ്ക്കുന്ന രജീവ്, മേൽപ്പോട്ടു നോക്കി ഓടെണ്ണുന്നു. മുന്നിലെ രമേഷ്, പേനയുടെ കടഭാഗം കൊണ്ടു ചെവി തിരുകുന്നു. ഇവനൊക്കെ എന്തുമാകാം; പക്ഷേ, എനിക്കു ഡോക്ടറാകാൻ ഈ പരീക്ഷ കൂടി നല്ല മാർക്കിൽ ജയിക്കണം. എന്തു ചെയ്യും?
നോക്കിയിരുന്നിട്ടു കാര്യമില്ല. ഒറ്റവാക്കിന്റെ ചോദ്യങ്ങളെല്ലാം വഴിക്കണക്കായി ചെയ്തു. എന്നിട്ട്, ഉത്തരം ഇതായിരിക്കാം എന്നെഴുതി എന്തൊക്കെയോ കൂട്ടിച്ചേർത്തു.
ആ രീതി കൊണ്ടു ഗുണമുണ്ടായി. അഞ്ചിലധികം പേപ്പറുകൾ വേണ്ടിവന്നു;
ഒറ്റവാക്കുകളുടെ പ്രഹേളിക തീരാൻ.
പിന്നെ, കോമ്പസ്സിൽ റൂൾ പെൻസിൽ വച്ച് നല്ലൊരു പൂവു വരച്ചു..ഇതളുകളിൽ ചായം പകർന്നു. പിന്നെ, രേഖാഖണ്ഡം വരച്ച്, തോന്നിയിടത്ത് ചാപം വരച്ച്, നാലു പേപ്പറുകൾ കൂടി തീർത്തു. ഗ്രാഫു വരച്ചു, രജിയെ കാണിച്ചു. ഞാൻ, ഷേഡു ചെയ്തതിന്റെ എതിർവശത്തേക്കാണ് അവന്റെ ഷേഡിംഗ്. ഇനിയിതു മാറ്റി വരയ്ക്കാൻ മടിയാകുന്നു.
ടീച്ചർ കാണാതെ, അവന്റെ കയ്യിൽ നിന്നും രണ്ടു ഉത്തരക്കടലാസുകൾ കടം വാങ്ങി പകർത്തിയെഴുതി വച്ചു. കണക്കിൽ, അവൻ എന്നേക്കാളും ഭേദമാണ്.
പരീക്ഷാ തീരുന്നതിനു പത്തുമിനിറ്റു മുൻപായി ആദ്യ സൂചനാമണി മുഴങ്ങി.
പഠിപ്പിസ്റ്റ് നവീൻ, കരയിൽ വീണ മീൻ കണക്കേ പിടയുന്നു. ഞാൻ, രജിയുടെ ഉത്തരക്കടലാസുകൾ തിരികേക്കൊടുത്തു. അവൻ, ഓടുകളെണ്ണി തീർത്തിരുന്നു. ഞാൻ, ഉജാലക്കുപ്പിയുടെ ഛായയുള്ള ശിരസ്സില്ലാ പെൺചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ നോക്കി, അവസാന ബെല്ലും കാത്തിരുന്നു. മണി മുഴങ്ങി.
ഉത്തരക്കടലാസ്, ടീച്ചറേ ഏൽപ്പിച്ചു ക്ലാസ് റൂമിൽ നിന്നും പുറത്തുകടന്നിട്ടും മണിയൊച്ച നിൽക്കുന്നുണ്ടായിരുന്നില്ല.
ഞാൻ വിതുമ്പി.
“ഞാൻ തോറ്റു. ഇനിയെങ്ങനെ ഡോക്ടറാകും? എന്റെ ജീവിതം പോയി.”
ഞാൻ, ശിരസ്സും ഉടലും വെട്ടിച്ചു; പിടഞ്ഞു. ബെൽ, മുഴങ്ങിക്കൊണ്ടിരുന്നു.
“എന്തുട്ടാ മനുഷ്യാ, നിങ്ങള് കാണിയ്ക്കണ്. മുട്ടുകയ്യുകൊണ്ട്, എന്റെ നടു പോയി. നിങ്ങള്, ആ അലാറം നിർത്ത്. എണീറ്റ്, കുളിച്ച് പണിക്ക് പോകാൻ നോക്ക്. ഇന്ന് വാഗണിൽ, തവിടു വരുന്ന ദിവസമല്ലേ?നിങ്ങള്, തവിടുപൊടിയാകുന്ന ദിവസം.
എണീൽക്ക്, കുളിച്ചു വരുമ്പോളേയ്ക്കും, ഞാൻ നെയ്റോസ്റ്റ് ഉണ്ടാക്കിത്തരാം. വയറു നിറച്ചു കഴിച്ചിട്ട്, ലോഡിംഗിനു പോയ്ക്കോ, ഒരു സംശയം, ഇന്ന്, ഏതു പരീക്ഷ തോൽക്കണതാ സ്വപ്നം കണ്ടത്?”
അവളുടെ വാക്കുകളിലൂടെ ഞാൻ, വർത്തമാനകാലത്തേക്കു തിരിച്ചു വന്നു. സ്കൂൾ ബെല്ലല്ലാ, അലാറമാണ് അടിയ്ക്കുന്നത്.
“ട്യേ, ഞാൻ കണക്കു പരീക്ഷേലു തോറ്റ്, എന്റെ ഡോക്ടർ സ്വപ്നം തകർന്നതാ സ്വപ്നം കണ്ടത്. ഞാനാകെ വിയർത്തുപോയി.”
“അതിനു നിങ്ങൾ, ഒരു വിഷയത്തിലും തോറ്റില്ലല്ലോ മനുഷ്യാ, മലയാളത്തിലെ നാൽപ്പത്തിയാറു മാർക്കിൽ തുടങ്ങി, ഏതോ ഇംഗ്ലീഷ് വളത്തിന്റെ, അതായത് നമ്മുടെ ഫാക്ടംഫോസ് 20:20 എന്നെഴുതിയ പോലെ രണ്ടു കണക്കിലും കൃത്യം ഇരുപതു മാർക്കും വാങ്ങി , നിങ്ങളു സെക്കന്റ് ക്ലാസ്സിൽ പാസായതല്ലേ? എന്നുമുണ്ടാകും, നിങ്ങൾക്ക് ഇങ്ങനെ ഓരോ സ്വപ്നങ്ങള്;
എണീൽക്കാൻ നോക്ക്”
അലാറം നിർത്തി, മെല്ലെ എഴുന്നേറ്റ്, കുളിമുറിയിലേക്കു നടന്നു. ഇപ്പോളാണ്, ശ്വാസം നേരെ വീണത്. പത്താംക്ലാസ്സു പരീഷ കഴിഞ്ഞിട്ട്, ഇരുപത്തിയെട്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഡോക്ടറായില്ലെങ്കിലും, അസ്സലൊരു ചുമട്ടുതൊഴിലാളിയായി. ആ ജോലികൊണ്ടു അരിഷ്ടിച്ചാണെങ്കിലും ജീവിക്കാൻ കഴിയുന്നുണ്ട്. അതു മതി.
എന്നാലും, ഇടയ്ക്കിടയ്ക്ക് വന്നെത്തി, എന്നെ പേടിപ്പിക്കാതിരിക്കാൻ കഴിയില്ല;
ഈ സ്വപ്നത്തിന്. അതിനിയും വരും.
ഞാൻ, ഒന്നു പുഞ്ചിരിച്ചു. പിന്നേ, ഇന്നിന്റെ അനിവാര്യതകളിലേക്കു പതിയേ ലയിച്ചു. പുലരി, കൂടുതൽ പ്രശോഭിതമാകാൻ തുടങ്ങിയിരുന്നു.