സമയം – ഭാഗം 3 – വൈഗ വസുദേവ് എഴുതുന്ന നോവൽ

അരവിന്ദിൻ്റെ…? ശ്യാമ ചോദ്യ രൂപേണ നിർത്തി.

വിശദമായി ഇനിയൊരിക്കൽ ആവട്ടെ. ഇയാളെപ്പറ്റി അരവിന്ദ് പറഞ്ഞിട്ടുണ്ട്. പറഞ്ഞു കേട്ടതിലും സുന്ദരിയാണല്ലോ ആള്. ഒരു സെവൻ അപ് എടുത്തോളൂ ഞങ്ങൾ ഒരു യാത്രയിലാ…

ശ്യാമ വേഗം സെവൻ അപ് എടുത്തുകൊടുത്തു. ധൃതിയിൽ പൈസയും കൊടുത്ത് അവൾ തിരിച്ചു നടന്നു. പേരു പറഞ്ഞിട്ടു പോകൂ…ശ്യാമ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു. തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ പോകുന്നത് അവളെ ശ്യാമ നോക്കി നിന്നു.

ശ്ശെ…അരവിന്ദിൻ്റെ ഭാര്യയല്ലെ…എന്നിട്ടും…അരവിന്ദ് എന്താവും തന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ടാവുക. പൂർവ്വകാമുകി എന്നോ…? എന്തിനു തന്നെക്കുറിച്ച് ഭാര്യയോട് പറഞ്ഞു. പരിചയപ്പെടാൻ താൽപ്പര്യം ഇല്ലെങ്കിൽ പോട്ടെ. എന്നാലും…ശ്യാമയ്ക്ക് വിഷമമായി.

— — —

തനിക്ക് കിട്ടില്ലെങ്കിൽ മറ്റാർക്കും അരവിന്ദിനെ കിട്ടരുത്. കുറച്ചു ദിവസമായി അരവിന്ദിൻ്റെ മുഖത്ത് സന്തോഷം മാത്രേ ഉള്ളൂ. ഇവളാണ് കാരണക്കാരി. ഈ കണ്ടുമുട്ടൽ കൂൾബാറുകാരിയുടെ മനസ്സിൽ ചില സംശയങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാവും. അതാണ് തനിക്ക് വേണ്ടതും. അവൾ കരുതുന്നുണ്ടാവും താൻ അരവിന്ദിൻ്റെ ഭാര്യയോ കാമുകിയോ ആണെന്ന്…ലതയ്ക്ക് സന്തോഷം തോന്നി.

അരവിന്ദിനെ കണ്ടനാൾമുതൽ മനസ്സിൽ ഒരിഷ്ടം തോന്നി. തൻ്റെ ഇഷ്ടം മനസ്സിൽ തന്നെ ഇരിക്കത്തെ ഉള്ളൂ, എന്നാലും അരവിന്ദ് വേറോരാളെ ഇഷ്ടപ്പെടുന്നത് എന്തോ തനിക്ക് ഉൾക്കൊള്ളാനാവുന്നില്ല. ശ്യാമയുടെ മുഖം ലതയുടെ മനസ്സിൽ നിന്നും പോയില്ല.

— — —

ശ്യാമയെ കണ്ടിട്ട് രണ്ടാഴ്ചയായി. അരവിന്ദ് നേരത്തെ ഇറങ്ങി. അമ്മേ ഞാൻ ഇറങ്ങുവാ…കാഞ്ഞിരപ്പള്ളി പോകണം അരവിന്ദ് അമ്മയോട് പറഞ്ഞു.

ആനക്കല്ല് എത്തുമ്പോൾ കൂൾബാറിൽ നല്ല തിരക്ക്. ഈ തിരക്കിൽ സംസാരിക്കാൻ പറ്റില്ല. തിരിച്ചു വരുമ്പോൾ കയറാം. അരവിന്ദ് കാർ നേരെ കാഞ്ഞിരപ്പള്ളിക്ക് വിട്ടു. ഓഫീസ് കാര്യം കഴിഞ്ഞ് ആനക്കല്ലെത്തിയപ്പോൾ കൂൾബാറിൽ ആരും ഇല്ല. കാർ ഒതുക്കിയിട്ടിട്ടു. കൂൾബാറിൽ ശ്യാമ മാത്രം.

ശ്യാമേ…അരവിന്ദ് അകത്തേക്ക് നോക്കി വിളിച്ചു. ഇവിടുണ്ട്.

അരവിന്ദ് ഇന്നും കാഞ്ഞിരപ്പള്ളി പോയതാണോ…?

അതേ, ജ്യൂസ് എടുത്തോളൂ. ഒന്നല്ല രണ്ട്. ശ്യാമ പുറത്തേക്ക് നോക്കി.

അരവിന്ദ് മാത്രേ ഉള്ളല്ലോ പിന്നെ എന്തിനാ രണ്ടുജ്യൂസ് പറഞ്ഞത്…ഒരെണ്ണം തനിക്കാണ് അരവിന്ദ് ചിരിയോടെ പറഞ്ഞു. ഓ..അങ്ങനെ, ശ്യാമയ്ക്ക് ചിരി വന്നു. ജ്യൂസുമായി ശ്യാമ അരവിന്ദിന് എതിരായി വന്നിരുന്നു.

സുഖാണോ നിനക്ക്…? എന്തൊക്കെയോ മറയ്ക്കാൻ ശ്രമിക്കുന്നതുപോലെ തോന്നുന്നു. പറയൂ…നമ്മൾ തമ്മിൽ പിരിഞ്ഞശേഷമുള്ളത്.

പറയാം അരവിന്ദ്. ഇനിയിപ്പോൾ മറച്ചു വെച്ചിട്ടും പ്രത്യേകിച്ച് നേട്ടമൊന്നുമില്ല. പറഞ്ഞാൽ എൻ്റെ മനസ്സിൻ്റെ ഭാരം കുറഞ്ഞിരിക്കും. അന്നുഞാൻ അങ്ങനെ എന്തിനു ചെയ്തു എന്ന് അറിയണം. അരവിന്ദ് വിവാഹിതനാണല്ലോ ഇനി അറിയണം.

എനിക്കൊരു അനിയത്തി ഉള്ളത് അറിയാരുന്നല്ലോ. അവൾ ഒരു പണക്കാരനെ സ്നേഹിച്ചു. ഞങ്ങൾ എതിർത്തു. അവൾ മാറാൻ തയ്യാറായില്ല. അവൻ്റെ വീട്ടുകാർ സ്ത്രീധനം ഒന്നും ചോദിച്ചില്ല.

അതു നല്ലതല്ലേ…അരവിന്ദ് പറഞ്ഞു.

നല്ലതാണ്, എന്നാൽ സ്ത്രീധനത്തിനു പകരം ആവശ്യപ്പെട്ടത് എന്നെ…അരവിന്ദ് ചോദ്യഭാവത്തിൽ ശ്യാമയുടെ കണ്ണിലേക്ക് നോക്കി. ചെറുക്കൻ്റെ ചേട്ടനുവേണ്ടി, ഞാൻ സമ്മതിച്ചില്ല. ഇങ്ങനെയൊരു മാറ്റക്കല്ല്യാണത്തിലൂടെയല്ലാതെ വേറെ പെണ്ണുകിട്ടില്ല എന്നതാണ് അവർ സ്ത്രീധനത്തിനുപകരം എന്നെ ആവശ്യപ്പെടാൻ കാരണം.

നടന്നാൽ രണ്ടു കല്യാണവും ഒന്നിച്ച്‌ നടക്കും ഇല്ലേൽ അനിത്തിയുടെ കല്യാണവും നടക്കില്ല എന്നായി. അവൾ ഒഴികെ ഞങ്ങൾ ഈ കല്യാണം വേണ്ട എന്നു തീരുമാനിച്ചു. എന്നാൽ അവർ പ്രണയിക്കുക മാത്രമായിരുന്നില്ല. അതിനുമപ്പുറത്തെത്തിയിരുന്നു അവരുടെ ബന്ധം. അവൾ പ്രഗ്നൻ്റ് ആയിരുന്നു.

ഇത് അവർക്ക് ബലമായി. നാണക്കേടും കുടുംബത്തിൻ്റെ അഭിമാനവും ഭയന്ന് എനിക്ക് എൻ്റെ പ്രണയം മറക്കേണ്ടിവന്നു.

എന്നിട്ട്…കിട്ടിയതിനെ സ്വീകരിച്ച് സന്തോഷമായി ജീവിക്കാരുന്നില്ലേ…

സന്തോഷം…അത് നിന്നോട് യാത്ര പറഞ്ഞപ്പോഴേ നഷ്ടപ്പെട്ടതാ…പിന്നെന്തു ജീവിതം. കല്യാണം കഴിഞ്ഞാൽ അന്നുതന്നെ ഈ ജീവിതം അവസാനിപ്പിക്കണം എന്നു ഞാൻ തീരുമാനിച്ചു.

നാടടച്ചു വിളിച്ചു അവരുടെ പ്രൗഢിക്കനുസരിച്ച് വലിയ കല്യാണം. കാഴ്ചയിൽ അനിയനേക്കാൾ മിടുക്കാണ് ചേട്ടൻ. ഞങ്ങളുടെ ഭാഗ്യം കൊണ്ടാണ് ഇങ്ങനൊരു വീട്ടിൽ ചെന്നുകേറാൻ കഴിഞ്ഞത് എന്നാണ് എല്ലാവരും പറഞ്ഞത്. ഈ സന്തോഷം അഭിനയമാണെന്ന് ഞങ്ങൾക്കല്ലേ അറിയൂ.

പോയിസണുമായാണ് ആ വീട്ടിലേയ്ക്ക് മരുമകളായി കയറിയത്. എന്നാൽ എൻ്റെ ഭർത്താവിന്റെ അവസ്ഥ അറിഞ്ഞപ്പോൾ അതിനും കഴിഞ്ഞില്ല…

തുടരും