അമ്മ – രചന: Aswathy Joy Arakkal
ഏതുനേരവും മൊബൈലിൽ തോണ്ടി ഇരുന്നോളും, നീ വന്നിട്ടിപ്പോ രണ്ടാഴ്ച ആകുന്നു, ആ സിനികൊച്ചു പ്രസവിച്ചു കിടക്കുവല്ലേ, നിനക്കൊന്നു പോയി കാണാൻമേലേ എന്റെ അന്നമ്മേ…അമ്മച്ചി രാവിലെ തന്നെ വായിട്ടലയ്ക്കാൻ തുടങ്ങി.
രണ്ടാഴ്ചയെന്നു പറഞ്ഞാൽ…അതിൽ പത്തുദിവസം എബിയുടെ വീട്ടിലല്ലായിരുന്നോ അമ്മച്ചി, എന്നെ ഇവിടെ കൊണ്ടാക്കിയിട്ട് ഇന്നലെയല്ലേ എബിയങ്ങു പോയത്…
ആകെ ഇവിടെ വരുമ്പോഴാ സ്വസ്ഥവായിട്ടൊന്നു ഇരിക്കുന്നെ, അപ്പോഴേക്കും തുടങ്ങും അതുചെയ്, ഇതുചെയ്…ഞാനവളെ പോയി കണ്ടോളാം. അമ്മച്ചിയൊന്നു മിണ്ടാതെ പോകുന്നുണ്ടോ…ദേഷ്യത്തോടെ ഞാൻ പറഞ്ഞു.
ഉവ്വ, കൊറേ പോയതു തന്നെ, നീ ഒന്നും രണ്ടും പറഞ്ഞിരുന്നു ദിവസങ്ങളങ്ങു പോകും, പിന്നെ അടുത്ത തവണ വരുമ്പോൾ പോകാമെന്നു പറയും. അതിന്റെ തള്ള മരിച്ചിട്ട് നീ ഇതുവരെ അവിടേക്കു പോയിട്ടില്ലല്ലോ. ഇവിടെയെത്തിട്ടു അങ്ങോട്ടേക്കൊന്നു പോയില്ലെന്നു പറഞ്ഞാൽ മോശവാ. ഞാൻ പറഞ്ഞേക്കാം…അമ്മച്ചി പറഞ്ഞും, ഞാൻ പൊയ്ക്കോളാം അമ്മച്ചി, എനിക്കൊരിത്തിരി സമാധാനം താ…വീണ്ടും ഞാൻ ദേഷ്യപ്പെട്ടു.
ആകെയുള്ളൊരു പെൺതരി വർഷത്തിലൊരിക്കൽ നാട്ടിലേക്കു വരുമ്പോൾ, വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാലോ എന്നൊരു സന്തോഷവാ…എവിടെ, അവൾക്കു മൊബൈലിൽ നിന്നും കണ്ണെടുക്കാൻ നേരം വേണ്ടേ…?
ഫോൺ വിളിക്കുമ്പോൾ ഓഫീസ്, വീട് അങ്ങനെ തിരക്കോടു തിരക്കു…ഇവിടെ എത്തിയാൽ ഫോൺ…അമ്മച്ചി കെർവിച്ചു.
സ്വല്പം സമാധാനം കിട്ടാനാ സ്വന്തം വീട്ടിൽ വരുന്നേ, ഇവിടെയും സ്വസ്ഥത തരില്ലെന്ന് വെച്ചാൽ…ഞാനും വിട്ടുകൊടുത്തില്ല. അമ്മച്ചി പിന്നൊന്നും മിണ്ടാതെ റൂമിൽ നിന്നും പോയി.
കുറേനേരം ഫോണിൽ തൊണ്ടിയിരുന്ന ശേഷം ഫോണെടുത്തു സിനിയെ വിളിച്ചു ഞാൻ വരുന്നുണ്ടെന്നു പറഞ്ഞു. ലിസ്സിചേച്ചി ഇല്ലാത്ത വീട്ടിലേക്കു പോകാനുള്ള മടികൊണ്ടാണ് ഓരോന്നും പറഞ്ഞു പോക്ക് വൈകിച്ചത്.
കഴിഞ്ഞ തവണ വന്നപ്പോൾ ഓടിച്ചാടി നടന്നിരുന്നയാൾ ഒരുദിവസം ഉറക്കത്തിൽ നിന്നും എണീറ്റില്ല എന്നു കേട്ടപ്പോൾ മരവിപ്പായിരുന്നു. അന്നു സിനി നാലുമാസം പ്രേഗ്നെന്റും ആയിരുന്നു. ഇപ്പോൾ അവൾക്കു മോളുണ്ടായി മാസം രണ്ടര കഴിഞ്ഞു. പാവം അമ്മയില്ലാതെ…
ഒരു നെടുവീർപ്പോടെ ഞാൻ ഡ്രസ്സ് മാറി പുറത്തെത്തിയപ്പോൾ മോനു കൊടുക്കാൻ തോട്ടത്തിൽ നിന്നും പെറുക്കി ചുട്ടെടുത്ത കശുവണ്ടി പരിപ്പുമായി അമ്മച്ചി എന്റെയടുത്തേക്കു വന്നു.
നേരത്തെ ഉണ്ടായ വഴക്കിന്റെ ബാക്കിയെന്നോണം, മൈൻഡ് ചെയ്യാതെ ഞാൻ മുറ്റത്തേക്കിറങ്ങി സ്കൂട്ടർ സ്റ്റാർട്ട് ആക്കി. ഈ വെയിലത്തു സ്കൂട്ടറിൽ പോകേണ്ടെന്നു അമ്മച്ചി പറഞ്ഞിട്ടും മൈൻഡ് ചെയ്യാതെ ഞാൻ വണ്ടി മുന്നോട്ടെടുത്തു…
പോകുന്ന വഴിയിൽ അവളുടെ കുഞ്ഞിനായി ഉടുപ്പുകളും വാങ്ങി. സിനിയുടെ വീട്ടുമുറ്റത്തേക്കു കയറുമ്പോൾ ഉമ്മറത്തൊരു കസേരയിൽ ജോസേട്ടൻ, അവളുടെ പപ്പ ഇരിപ്പുണ്ട്. ഒരുവർഷം മുൻപ് ഞാൻ കണ്ട മനുഷ്യന്റെ നിഴലുപോലെ ക്ഷീണച്ചവശനായി…
എന്നെ കണ്ടപ്പോൾ ചിരിക്കാനൊരു ശ്രമം നടത്തി, ജോസേട്ടനോട് എന്തൊക്കെയോ സംസാരിച്ചെന്നു വരുത്തി ഞാൻ അവൾ കിടക്കുന്ന റൂമിലെത്തുമ്പോൾ ഉറങ്ങിയ കുഞ്ഞിനെ തൊട്ടിലിൽ കിടത്തുകയായിരുന്നു അവൾ.
വല്ലാതെ ക്ഷീണിച്ചു പോയിരുന്നു അവൾ…പ്രസവിച്ചു കിടക്കുന്നൊരു പെണ്ണിന്റെ അഭയം പെറ്റമ്മ തന്നെയാണല്ലോ…ആ കുറവ് അവിടെയാകെ കാണാനുമുണ്ടായിരുന്നു. നോക്കാനൊരു സ്ത്രീ നിൽക്കുന്നുണ്ടെങ്കിലും പെറ്റതള്ളയ്ക്കു പകരമാവില്ലല്ലോ വേറാരും…
അവളുമായി സംസാരിച്ചിരിക്കുമ്പോഴാണ് അവിടെത്തിയോ എന്നറിയാൻ അമ്മച്ചിയെന്നെ വിളിച്ചത്…ഏതുനേരവും വിളിച്ചോണ്ടിരിക്കാൻ ഞാനെന്താ ചെറിയ കൊച്ചാണോ…എന്നു ചോദിച്ചു ഞാൻ ഫോൺ കട്ട് ആക്കി.
നീയിങ്ങനെ ദേഷ്യപ്പെടാതെ അന്നേ, ആവലാതി കൊണ്ടല്ലേ അമ്മച്ചി വിളിക്കുന്നത്…മമ്മി ജീവിച്ചിരിക്കുമ്പോൾ ഞാനും ഇങ്ങനെ ആയിരുന്നു. തൊട്ടതിനും പിടിച്ചതിനുമൊക്കെ മമ്മിയോട് വഴക്കുണ്ടാക്കും. ഇന്നിപ്പോ മമ്മി ഇല്ലാതായപ്പോ അന്വേഷിക്കാൻ ആരെങ്കിലും ഉണ്ടായെങ്കിൽ എന്നു കൊതിക്കുവാ ഞാൻ.
നമ്മളെത്ര വഴക്കിട്ടാലും അമ്മമാർക്കു പിണങ്ങി ഇരിക്കാൻ ഒക്കത്തില്ല എന്ന ധൈര്യത്തിലാ നമ്മള് ഉള്ളിലുള്ള ദേഷ്യവും സങ്കടവും വാശിയുമൊക്കെ അവരോടു തീർക്കുന്നേ…ഞാനും അങ്ങനെയായിരുന്നു.
എന്നാൽ ഒന്നും പറയാതെ ഒരുദിവസം എല്ലാമിട്ടേച്ചു മമ്മിയങ്ങു പോയപ്പഴാ…കുറച്ചൂടെ മമ്മിയെ സ്നേഹിക്കായിരുന്നു, മമ്മിക്കായി സമയം മാറ്റിവെക്കേണ്ടതായിരുന്നു എന്നൊക്കെ തോന്നുന്നത്…
ഇന്നിപ്പോ, ഈ പ്രസവിച്ചു കിടന്ന നാളുകളിൽ മമ്മിയില്ലാതെ ഉരുകുവാ ഞാൻ…നോക്കാൻ മോളിയമ്മ ഉണ്ട്. അമ്മായിയും മേമയും ഹരിയുടെ അമ്മയുമൊക്കെ മാറിമാറി വരാറുണ്ട്. എന്നാൽ അവരാരും മമ്മിക്ക് പകരം ആകില്ലല്ലോ…
കുഞ്ഞുറങ്ങാതെ വാശിപിടിച്ചു കരയുന്ന രാത്രികളിലൊക്കെ കുഞ്ഞിനൊപ്പം ഞാനും കരയും മമ്മിയെ ഓർത്തു. അതുപോലെ ലേബർ റൂമിലേക്ക് കയറിയപ്പോൾ, ഹരിയുമായി പിണങ്ങുമ്പോൾ…പെറ്റമ്മയ്ക്ക് പകരം ആകാൻ ആർക്കും പറ്റത്തില്ലടി…
ഹരിയുമായുള്ള വിവാഹത്തിന് എതിര് നിന്ന അമ്മച്ചിയെ ഞാൻ വേദനിപ്പിച്ചതിനു കണക്കില്ല. ഓർത്തഡോക്സ് ആയി ജീവിച്ച മമ്മിക്ക് ഒരു അന്യജാതിക്കാരനെ മകൾ വിവാഹം കഴിക്കുന്നത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കാതെ, മമ്മിയെ പറഞ്ഞു മനസ്സിലാക്കാതെ, പട്ടിണികിടന്നും വഴക്കിട്ടും ഞാൻ പ്രതിഷേധം കാണിച്ചു.
എന്നിട്ടും പാവം പപ്പയെകൊണ്ടു സമ്മതിപ്പിച്ചു വിവാഹം നടത്തി തന്നു. എന്നിട്ടും ഹരിയുമായി പിണങ്ങുമ്പോൾ “പ്രാകി നേർന്നല്ലേ കല്യാണം നടത്തിയത്, പിന്നെങ്ങനെ സന്തോഷം ഉണ്ടാകും” എന്നു ചോദിച്ചതിനെ സങ്കടപ്പെടുത്തുമായിരുന്നു ഞാൻ.
എന്നും എനിക്കു വഴക്കുണ്ടാക്കാനും, സങ്കടങ്ങൾ ഇറക്കി വെക്കാനുമൊക്കെ ആയിരുന്നു മമ്മി. സന്തോഷങ്ങൾ പങ്കുവെയ്ക്കാൻ ഒരുപാട് പേരുണ്ടായിരുന്നു…ഇന്നിപ്പോ നെഞ്ചുപൊട്ടുമ്പോൾ, പറയാനാരുമില്ലാതെ എല്ലാം ഉമിനീരുകൂട്ടി വിഴുങ്ങുമ്പോൾ എന്റെ മമ്മി ഉണ്ടായിരുന്നെങ്കിലെന്നു കൊതിക്കുവാ ഞാൻ…
അതിനെ ഞാൻ വേദനിപ്പിച്ചിട്ടേ ഉള്ളു…ഇവിടെ വരുമ്പോൾ മനസ്സു തുറന്നൊന്നു മിണ്ടാതെ ഫോണും പിടിച്ചിരിക്കും…സമയാസമയത്തു വേണ്ടതൊക്കെ വെച്ചുണ്ടാക്കി തരും മമ്മി. ഒരു സുഖവാസകേന്ദ്രം പോലെ…
എന്നാൽ മമ്മിക്കിഷ്ടമുള്ളതെന്താണെന്നു ചോദിച്ചു വാങ്ങികൊടുക്കാനോ, ഇഷ്ടമുള്ളത് വെച്ചുണ്ടാക്കി ഒരു നേരവെങ്കിലും ഊട്ടാനോ തോന്നിയിട്ടില്ലെനിക്ക്…ആ കുറ്റബോധവൊന്നും മരിച്ചാലും എന്നെ വിട്ടുപോകില്ലടി…അതിനൊന്നുമിനി പരിഹാരവുമില്ല.
പനിച്ചൊക്കെ കിടക്കുമ്പോ രാത്രിയിൽ ഉറങ്ങുകേല മമ്മി, രാത്രി ഒരു അൻപതുവട്ടം വന്നു തൊട്ടുനോക്കും. ഹരിയുടെ വീട്ടിലാണെങ്കിൽ പനി കുറഞ്ഞോ എന്നു ചോദിച്ചു എപ്പോഴും വിളിക്കും. അവസാനം ഞാൻ ദേഷ്യപ്പെടും.
ഇപ്പൊ പനിച്ചൂടിൽ ഒരു പാരസെറ്റമോളും കഴിച്ചു ചുരുണ്ടുകൂടുമ്പോൾ മമ്മിയുടെ നമ്പറും ഫോണിൽ നോക്കിയങ്ങനെ കിടക്കും. ഒരിക്കലും ആ നമ്പറിൽ നിന്നൊരു കോളും വരില്ലെന്നറിഞ്ഞുകൊണ്ടു തന്നെ…
ഒടുവിൽ വിശേഷം ഉണ്ടെന്നറിഞ്ഞപ്പോൾ വന്നു എന്നോട് കൂടെവരാൻ വിളിച്ചതാ…അടുത്തമാസം വരാമെന്നു പറഞ്ഞു വരാതിരുന്നപ്പോൾ ഇനിയൊരിക്കലും എന്റെ മമ്മിയെ കാണാൻ ഒക്കത്തില്ലെന്നെനിക്കു അറിഞ്ഞൂടായിരുന്നു അന്നമ്മേ എന്നും പറഞ്ഞു പൊട്ടിക്കരഞ്ഞുകൊണ്ട് അവളെന്നെ കെട്ടിപിടിച്ചു…
ഒടുവിൽ കരഞ്ഞൊരു ആശ്വാസമായപ്പോൾ…അവൾ തുടർന്നു…ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളുടെ വില ആരും തിരിച്ചറിയില്ല…അവരില്ലാതായാൽ വേറെ ആരൊക്കെ ഉണ്ടെങ്കിലും ഒരർത്ഥത്തിൽ നമ്മൾ അനാഥരാ…അതിപ്പോ അനുഭവിച്ചു കൊണ്ടിരിക്കുവാ ഞാൻ…
പപ്പയെ കണ്ടില്ലേ നീ. തളർന്നുപോയി പാവം…വല്ലാതങ്ങു മമ്മിയെ മിസ്സ് ചെയ്യുമ്പോൾ മമ്മിയുടുത്തിരുന്ന തുണിയൊക്കെ എടുത്തു മണത്തു നോക്കും ഞാൻ…
ഒരിക്കൽ ഞാൻ ശല്യമായി കരുതിയിരുന്ന ചീത്തവിളികളും, ഫോൺവിളിയും, സ്നേഹവുമൊക്കെ തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്നു കൊതിക്കുവാ ഞാനിന്നു…
അവള് സങ്കടത്തോടെ പറഞ്ഞ ഓരോന്നും മുള്ളുപോലെ കുത്തിത്തറച്ചത് എന്റെ നെഞ്ചിലായിരുന്നു…മനഃപൂർവ്വമല്ലെങ്കിലും കുറച്ചൊക്കെ അമ്മച്ചിയോടു ഞാനും ഇതുപോലൊക്കെ തന്നെയാണ്. എന്റെ മാത്രം ആണെന്നുള്ളതുകൊണ്ട്…
അവളെ ആശ്വസിപ്പിച്ചു, മോളിയമ്മ കൊണ്ടുവന്ന ചായകുടിച്ചു, അവളുടെ മോളെയും കൊഞ്ചിച്ചു ഞാനവിടെ നിന്നിറങ്ങി.
അമ്മച്ചിക്കിഷ്ടപ്പെട്ട പഴംപൊരിയും വാങ്ങി വീട്ടിൽ ചെന്നു കയറുമ്പോൾ പാവം എനിക്കിഷ്ടപ്പെട്ട ചക്കയട ഉണ്ടാക്കാൻ ഉള്ള തിരക്കിലായിരുന്നു. അമ്മച്ചിയെ കണ്ടപ്പോഴാണ് സത്യത്തിൽ നെഞ്ചിലെ തീ അണഞ്ഞത്…
കുറ്റബോധം കൊണ്ടു തകർന്ന മനസ്സുമായി ഞാൻ സോഫയുടെ മൂലയിൽ കിടന്നു…അപ്പോഴേക്കും “വെയിലത്തു പോകരുതെന്ന് ഞാൻ പറഞ്ഞതാ, തലവേദനയായിരിക്കും…അനുസരണയില്ലല്ലോ ” എന്നുപറഞ്ഞു വിക്‌സുമായി എത്തി അമ്മച്ചി…
അമ്മച്ചിയെ അടുത്തിരുത്തി, ആ മടിയിൽ മുഖം പൂഴ്ത്തി കിടന്നപ്പോൾ ഞാനാ പഴയ അന്നമ്മ ആവുകയായിരുന്നു. അപ്പന്റെയും, അമ്മച്ചിയുടെയും അന്നക്കൊച്ച്…
ലോകത്തെവിടെ എത്തിയാലും ഈ മടിത്തട്ടിനെക്കാൾ അപ്പുറത്തൊരു അഭയമോ, ആശ്രയമോ, ആശ്വാസമോ ഇല്ലെന്ന തിരിച്ചറിവോടെ…അവരുള്ളിടത്തോളം മാത്രം ദേഷ്യവും, വാശിയും, വാത്സല്യവുമെല്ലാം അനുവദിക്കപ്പെട്ടവരാണ് നമ്മളിൽ പലരും എന്ന ഓർമ്മയോടെ…
മാതാപിതാക്കളെ വിളിച്ചു കയറി ചെല്ലാനൊരു വീടിനേക്കാൾ വലിയ ഭാഗ്യമില്ലെന്ന സത്യമുൾക്കൊണ്ടു കൊണ്ട്…