രചന: അർജുൻ ഈശ്വർ
പ്രകൃതി ഉറക്കത്തിലേക്ക് വഴുതുകയാണ്. ചരമാർക്കൻ വിരുന്നു കഴിഞ്ഞ് പോയിരിക്കുന്നു. വഴിയോരത്തെ കടും മഞ്ഞ വിളക്കുകൾ ചിമ്മിയുണർന്നു.
ഒറ്റയ്ക്കും തെറ്റയ്ക്കും ആളുകളുടെ മഹാസമുദ്രം ഈ വഴികളിൽ അലയടിച്ചു കൊണ്ടിരിക്കുന്നു. വഴിയരികിൽ തങ്ങളുടെ പൊരുളുകൾ വിൽക്കാൻ ആളുകളെ കൈകൊട്ടി വിളിക്കുന്ന വഴിവാണിഭക്കാർ.
കൂടുകളിലേക്കു മടങ്ങുന്ന പക്ഷിക്കൂട്ടങ്ങളുടെ കളകളാരവം മനുഷ്യരുടെ ശബ്ദഘോഷത്തിൽ അലിഞ്ഞു പോവുന്നു. കുടുംബങ്ങൾ, കമിതാക്കൾ, യാചകർ, അർദ്ധനാരികൾ, തിരക്കിനിടയിൽ പാറ്റകളെ പോലെ പായുന്ന അനാഥ ബാല്യങ്ങൾ…
അക്കരെ കൊട്ടാരസദൃശ്യമായ കോൺക്രീറ്റ് വനങ്ങളിൽ നിന്നും ഒഴുകി വരുന്ന കറുത്ത തിന്മയും, ദുർഗന്ധവും…
ഈ നഗരം ഇങ്ങനെയാണ്, ഇവിടം ഉറങ്ങിയിട്ട് പതിറ്റാണ്ടുകൾ ആയി. എഴുന്നേറ്റപ്പോൾ ആകെ വിയർത്തിരുന്നു. ഒന്ന് മുറുക്കണം. ജനാലയിലൂടെ ഏന്തി നോക്കി. പഴനി കട തുറന്നിട്ടുണ്ട്.
ചുരുണ്ടു കിടക്കുന്ന ഷർട്ട് കുടഞ്ഞിട്ടു, ഇരുട്ട് നിറഞ്ഞ, നരച്ചു പഴകിയ ബിൽഡിംഗിന്റെ പടികളിറങ്ങി തിരക്ക് കവിഞ്ഞ റോഡ് മുറിച്ചു കടന്നു. എന്നെ കണ്ട പഴനി ഒരു വലിയ ചിരി പാസ്സാക്കി.
പാനിന്റെ കറ പിടിച്ച, നിര തെറ്റിയ അഞ്ചാറ് പല്ലുകൾ. ടേപ്പ് പെട്ടിയിൽ ഭാരതിയാരുടെ കാക്കൈ സിറഗിനിലെ, യേശുദാസ് ഭാവശുദ്ധിയോടെ പാടുന്നു. ഞാൻ പതിവുകാരൻ ആയതു കൊണ്ട് എനിക്കെന്തു വേണം എന്ന് അയാൾക്കറിയാം.
ഒരു ചെറുപാത്രത്തിലെ വെള്ളത്തിൽ ഒഴുകി നടക്കുന്ന ഒരു വെറ്റിലയെടുത്തു കുടഞ്ഞു, അതിന്റെ താഴെത്തുമ്പ് കീറിയെടുത്തു നെറ്റിയുടെ വലതുഭാഗത്തു പതിച്ചു, ഒരു വിരലിൽ ചുണ്ണാമ്പ് തോണ്ടിയെടുത്തു, ആ വെറ്റിലയിൽ ഒരു ചിത്രകാരന്റെ കരവിരുതോടെ തേക്കും, പുറകിൽ നിരന്നിരിക്കുന്ന ചെറു ഡപ്പികളിൽ നിന്നും പല വർണങ്ങളിൽ, പല ഗന്ധങ്ങളിലുള്ള ചേരുവകൾ ആ ചുണ്ണാമ്പ് തേച്ച വെറ്റിലയിൽ കുടഞ്ഞിട്ട്, പല മടക്കുകളാക്കി തരും…
എന്റെ വരവ് കണ്ട് അന്നും അയാളുടെ കൈകൾ ചലിച്ചു തുടങ്ങി. അടുത്തുള്ള ഗുജറാത്തി മിതായ്‌വാലയുടെ കടയിൽ നിന്നും എണ്ണയിൽ നിന്നും കോരിയെടുക്കുന്ന ജിലേബി, സമോസയുടെ മണം ഒഴുകിവരുന്നു.
എന്റെ കണ്ണുകൾ ആ പൂച്ചകണ്ണുള്ള സുന്ദരിക്കൊച്ചിൽ ഉടക്കി. പലഹാരം ഉണ്ടാക്കുന്നത് നോക്കി നിൽക്കുന്ന ഒരു കൊച്ച്. ഈ പെണ്ണിനെ ഞാൻ കണ്ടിട്ടില്ലലോ…ചവറു പെറുക്കുന്ന പിള്ളേരുടെ കൂട്ടത്തിൽ ഉള്ളതല്ല.
ഞാൻ പഴനിയോട് ചോദിച്ചു. പഴനി ഇവിടെ കല്പാന്തകാലം മുതൽക്കേ ഉള്ളതാണെന്ന് തോന്നിപ്പോവാറുണ്ട്. അയാൾക്കറിയാത്ത കഥകളോ, ചരിത്രമോ, ഊടുവഴികളോ, മനുഷ്യരോ ഈ നഗരത്തിൽ ഇല്ല.
“ആഹാ, സാറിനറിയില്ലേ, ഇവൾ ആ അമുദത്തിന്റെ മോളാണ്. അമ്മ മുകളിൽ നല്ല തിരക്കിലാ…” അയാൾ സ്വന്തം തമാശ ആസ്വദിച്ചു കുലുങ്ങി ചിരിച്ചു.
അമുദത്തിനെ പറ്റി കേട്ടിട്ടുണ്ട്, ഞാൻ കണ്ടിട്ടില്ല. അയാളുടെ ചുണ്ടിന്റെ ഓരത്തൂടെ ഒഴുകിയിറങ്ങിയ ചുവന്ന പാനിന്റെ നീര് പുറംകൈ കൊണ്ട് തുടച്ചു…
“ഇവളൊന്ന് വലുതായിട്ട് വേണം അമ്മക്ക് വിശ്രമിക്കാൻ, അല്ലേടി മോളെ…” അയാൾ കണ്ണിറുക്കി.
എനിക്കയാളോട് അറപ്പ് തോന്നി. ഞാൻ അവളോട് വേണോ എന്ന് ചോദിച്ചു. ഒന്ന് ആലോചിച്ചു, എന്നിട്ട് വേണം എന്ന് തലയാട്ടി. ഒരു ചീന്തു കടലാസ്സിൽ നല്ല ചൂടുള്ള ജിലേബി വാങ്ങി ഞാൻ ആ കൈകളിൽ വെച്ച് കൊടുത്തു.
പേടി മാറി, ആ കടത്തിണ്ണയിൽ ഇരുന്നു ജിലേബി ഊതി തിന്നാൻ തുടങ്ങി.
“മോൾ പഠിക്കുന്നുണ്ടോ…?”
നെറ്റിയിൽ വീണു കിടക്കുന്ന കുറുനിര ഒതുക്കി എന്നെ നോക്കി, എന്നിട്ട് വീണ്ടും ജിലേബിയിലോട്ട് ശ്രദ്ധ തിരിച്ചു. വേഗം തീർക്കാനുള്ള വ്യഗ്രത.
വേണ്ട, ഒരുത്തരവും വിശപ്പിനോളം വലുതല്ല, നീ കഴിക്ക് മോളെ…
പഴനിയുടെ കയ്യിൽ നിന്നും പാൻ വാങ്ങി വായിലിട്ടു ചവച്ചു. അതിന്റെ നീര് ആസ്വദിക്കുമ്പോൾ ആണ് ഉച്ചത്തിലൊരു ശബ്ദം കേട്ടത്. തിരിഞ്ഞു നോക്കി.
അമുദം…നിലത്തുഴയുന്ന സാരീ നെഞ്ചിൽ നിന്നും മാറി കിടക്കുന്നു. ആ വിയർത്ത മാംസളതയിൽ ചുരുട്ടി വച്ചിരിക്കുന്ന രണ്ടു നോട്ടുകൾ. കൊച്ചിന്റെ കയ്യിലെ ജിലേബി തട്ടിയെറിഞ്ഞു, മുതുകിൽ രണ്ടു തല്ലു കൊടുത്ത്, എന്നെ രൂക്ഷമായി നോക്കി ശപിക്കാൻ തുടങ്ങി.
തെറ്റിദ്ധരിച്ചിരിക്കുന്നു പെങ്ങളെ, വിശപ്പ് മാറ്റുക മാത്രമായിരുന്നു ലക്ഷ്യം, മനസ്സിൽ ഓർത്തു. പഴനിക്ക് കാശ് കൊടുത്ത് തിരിഞ്ഞപ്പോൾ അവരില്ല.ആ മനുഷ്യ സാഗരത്തിൽ ഒരു തുള്ളിയായി അവർ അലിഞ്ഞു പോയിരിക്കുന്നു, എന്റെ വാക്കുകൾക്കു നിൽക്കാതെ.
പറഞ്ഞാലും വിശ്വസിക്കുമായിരുന്നോ…? ഒരുപക്ഷെ…
നിലത്തു കിടക്കുന്ന ജിലേബി ഒരു മുറിച്ചെവിയൻ നായ വന്നു മണക്കുന്നു.
ഭൂമി നിശ്ചലമായില്ല, സമയം നിലച്ചില്ല, ആളുകളുടെ ഒഴുക്കിനു ഭംഗം വന്നില്ല. കയ്യിലെ ചില്ലറതുട്ടുകൾ എണ്ണി തിട്ടപ്പെടുത്തി തിരിച്ചു നടന്നു. അപ്പുറത്തു ജട പിടിച്ച ഒരു ഭ്രാന്തൻ ഉറക്കെയുറക്കെ ചിരിച്ചു കൊണ്ടിരുക്കുന്നു. അർദ്ധനാരികൾ കൈകൊട്ടി പാടുന്നു.
അനുഭവം മുറിവേല്പിച്ച എന്റെ ആത്മാഭിമാനം നോക്കി ആഘോഷിക്കുകയാണോ…? അല്ല, ഇത് നഗരമാണ്, ഞാൻ എന്നോട് തന്നെ പറഞ്ഞു.