ഇളയ കുട്ടിയെ വേണമെങ്കിൽ ഞങ്ങളുടെ കുടുംബത്തിലേക്ക് തന്നേക്ക്.. അവൻ പൊന്നുപോലെ നോക്കിക്കോളും…

രചന : അപ്പു

::::::::::::::::::::::

“എന്തൊരു വിധിയാണെന്ന് നോക്കണേ.. ഇവൾ ഒരുത്തി കാരണം രണ്ടാമത്തെ കൊച്ചിനും കൂടി ജീവിതമില്ലാതെ പോവുകയാണ്.. അതിന് എത്ര ആലോചനകളാണ് വരുന്നതെന്ന് അറിയാമോ.. ഒരെണ്ണം പോലും നടത്താൻ പറ്റാത്ത അവസ്ഥയാണ്. അതങ്ങനെയാ ഇവിടെ ഇവൾ നിൽക്കുമ്പോൾ അതിന്റെ കല്യാണം നടത്താൻ പറ്റുമോ..? “

അച്ഛമ്മ അപ്പച്ചിയോട് പറയുന്നത് കേട്ടു കൊണ്ടാണ് വർഷ മുറിയിൽ നിന്ന് പുറത്തേക്ക് വന്നത്. അവളെ കണ്ടതോടെ അച്ഛമ്മ മുഖം വീർപ്പിച്ചു.

ഇന്നും അവളെ ഒരു കൂട്ടർ പെണ്ണുകാണാൻ വന്നിരുന്നു. പക്ഷേ പതിവുപോലെ അവൾക്ക് നിറം കുറവാണ് വണ്ണം കൂടുതലാണ് എന്നൊക്കെ പറഞ്ഞ് ആ ബന്ധവും അവസാനിച്ചു. എന്നാൽ വന്നവർക്കൊക്കെ അനിയത്തി ഹർഷയെ ബോധിക്കുകയും ചെയ്തു.

” ഇളയ കുട്ടിയെ വേണമെങ്കിൽ ഞങ്ങളുടെ കുടുംബത്തിലേക്ക് തന്നേക്ക്.. അവൻ പൊന്നുപോലെ നോക്കിക്കോളും.. “

അവരിറങ്ങുന്നതിനു മുൻപ് അങ്ങനെയൊരു വാചകം കൂടി പറഞ്ഞിട്ടാണ് പോയത്.

അച്ഛന്റെയും അച്ഛമ്മയുടെയും മനസ്സിൽ അത് ഒരാഗ്രഹമായി.

“മൂത്തവൾ നിൽക്കുമ്പോൾ എങ്ങനെയാണ് ഇളയവളുടെ കല്യാണം നടത്തുന്നത്..?”

അവരുടെ മനസ്സിലിരിപ്പ് അറിഞ്ഞപ്പോൾ അമ്മ എതിർത്തു.

” അപ്പൊ പിന്നെ നിന്റെ മൂത്ത മോളുടെ കല്യാണം നടന്നില്ലെങ്കിൽ എന്റെ ഇളയ കൊച്ചു ഇങ്ങനെ തന്നെ നിന്നു പോട്ടെ എന്നാണോ..? മൂത്തവൽക്ക് വേണ്ടി ഇളയവളുടെ ജീവിതം കൂടി എന്തിനാണ് നശിപ്പിക്കുന്നത്…? “

അച്ഛൻ ദേഷ്യത്തിൽ തന്നെയാണ്.

” മൂത്തവൾ നൽകുമ്പോൾ ഇളയവളുടെ കല്യാണം നടത്തിയാൽ പിന്നീട് മൂത്തവളുടെ കല്യാണം നടക്കും എന്ന് തോന്നുന്നുണ്ടോ..? ഹർഷക്ക് അല്ലെങ്കിലും അധികം പ്രായമൊന്നും ആയിട്ടില്ലല്ലോ..കുറച്ചു കൂടി കഴിഞ്ഞിട്ട് പോരെ അവൾക്ക് ഒരു കല്യാണം നോക്കുന്നത്..?”

അമ്മ അത് ചോദിച്ചപ്പോൾ ഹർഷയുടെ മുഖത്തെ സന്തോഷം കെട്ടു പോകുന്നത് വർഷ ശ്രദ്ധിച്ചു.

” അച്ഛനും അമ്മയും എന്റെ പേരും പറഞ്ഞ് പരസ്പരം തല്ലുകൂടണ്ട. എനിക്കിപ്പോൾ കല്യാണം കഴിച്ചില്ലെങ്കിലും പ്രത്യേകിച്ച് കുഴപ്പം ഒന്നുമില്ല. ഹർഷക്ക് ഈ ബന്ധത്തിന് താല്പര്യം ഉണ്ടെങ്കിൽ അത് നടക്കട്ടെ. എനിക്ക് അതിൽ എതിർപ്പ് ഒന്നുമില്ല.. “

വർഷ അത് പറഞ്ഞത് കേട്ടപ്പോൾ അച്ഛന്റെയും അച്ഛമ്മയുടെയും ഹർഷയുടെയും ഒക്കെ മുഖം തെളിഞ്ഞു.

” പഠിപ്പും വിവരവും ഒക്കെ കുറവാണെങ്കിലും അവൾക്ക് കാര്യബോധമുണ്ട്. “

അച്ഛമ്മ പറഞ്ഞു കൊണ്ട് ഉറക്കെ ചിരിച്ചപ്പോൾ അത് പരിഹാസമായിരുന്നോ പ്രശംസയായിരുന്നോ എന്ന് അവൾക്ക് മനസ്സിലായില്ല.

എന്തായാലും ഹർഷക്ക് കൂടി താല്പര്യമാണ് എന്ന് കണ്ടതോടെ ആ വിവാഹം നടത്താൻ തന്നെ അച്ഛൻ തീരുമാനിച്ചു.

വിവാഹത്തിന്റെ തിരക്കുകളിൽ ഓരോ കാര്യങ്ങൾക്കായി അവൾ ഓടി നടക്കുമ്പോൾ കണ്ടവർ മുഴുവൻ അവളെ സഹതാപത്തോടെ നോക്കി.

” പാവം ആ കൊച്ചിന്റെ അവസ്ഥ കണ്ടില്ലേ.. അത് നിൽക്കുമ്പോഴാണ് അതിന്റെ അനിയത്തിയുടെ കല്യാണം നടത്തുന്നത്.”

“അതിന് കളർ കുറവല്ലേ.. പോരാത്തതിന് നല്ല വണ്ണവും ഉണ്ട്. ഇതൊക്കെയുള്ളപ്പോൾ അതിനു മര്യാദയ്ക്ക് എങ്ങനെയാണ് കാര്യങ്ങൾ നടക്കുന്നത്..?”

പലരും പല അഭിപ്രായങ്ങൾ പറയുന്നത് അവൾ കേൾക്കുന്നുണ്ടായിരുന്നു…

വണ്ണം കുറയ്ക്കാനും നിറം കൂട്ടാനും ഒക്കെയുള്ള പലവിധത്തിലുള്ള ടിപ്പുകൾ അന്ന് പലരും പറഞ്ഞു അവൾ കേട്ടു. പക്ഷേ എല്ലാം ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ അവൾ തള്ളിക്കളഞ്ഞു.

തനിക്ക് ജന്മനാ ഉള്ള നിറവും വണ്ണവും ഒന്നും ഒരിക്കലും മാറ്റിമറിക്കാൻ ആവില്ല എന്ന് അവൾക്ക് നല്ല ബോധം ഉണ്ടായിരുന്നു.

വിവാഹം കഴിഞ്ഞ് ആളും ആരവവും ഒക്കെ ഒഴിഞ്ഞു. വിരുന്നു പാർക്കാൻ പലവട്ടം ഹർഷയും ഭർത്താവും വന്നു പോയി. അപ്പോഴൊക്കെ വർഷക്ക് മുന്നിലൂടെ ഹർഷ തന്റെ ഭർത്താവിന്റെ കൈയും പിടിച്ച് കൊഞ്ചി ചിരിച്ചു കൊണ്ടും കളിച്ചുകൊണ്ട് നടക്കുന്നത് കണ്ടു.

പക്ഷേ അതൊന്നും അവളെ ബാധിക്കുന്ന കാര്യങ്ങളെ ആയിരുന്നില്ല. ഹർഷയുടെ കല്യാണം കഴിഞ്ഞതോടെ വർഷയ്ക്ക് കല്യാണം ആലോചിക്കുന്ന കാര്യത്തിൽ അച്ഛൻ വലിയ താല്പര്യമൊന്നും കാണിക്കാതെയായി.

അതിൽ അവൾക്ക് തീരെ പരാതിയും ഉണ്ടായിരുന്നില്ല. പക്ഷേ അവളുടെ അമ്മ അവൾക്കു വേണ്ടി നിരന്തരം വാദിച്ചു. അതിന്റെ പേരിൽ ഒന്ന് രണ്ട് പെണ്ണുകാണൽ ചടങ്ങുകൾ നടക്കുകയും ചെയ്തു.

പക്ഷേ പതിവുപോലെ തന്നെ അവളുടെ വണ്ണവും നിറവും ഒക്കെ ചോദ്യചിഹ്നങ്ങൾ ആയി. അവർ ചോദിക്കുന്ന സ്ത്രീധനം കൊടുത്താൽ അതൊന്നും അവർക്ക് പ്രശ്നമല്ലാതെ ആകും എന്നു കൂടി പറഞ്ഞപ്പോൾ താനൊരു വില്പന ചരക്കാണോ എന്നാണ് വർഷയ്ക്ക് സ്വയം തോന്നിയത്.

ആ ചിന്ത ഉള്ളിൽ കിടക്കുന്നത് കൊണ്ട് തന്നെ അവൾ പിന്നീടുള്ള വിവാഹാലോചനകളെ ശക്തമായി എതിർത്തു.

പഠിക്കാൻ വലിയ ബുദ്ധിയൊന്നും ഉള്ള കുട്ടി ആയിരുന്നില്ല വർഷ. അതുകൊണ്ടുതന്നെ പ്ലസ് ടുവിൽ ഫെയിൽ ആയപ്പോൾ അവൾ പഠിത്തം നിർത്തിയതാണ്.

അതിനുശേഷം അവൾക്ക് ഫാഷൻ ഡിസൈനിങ്ങിൽ താല്പര്യമുണ്ട് എന്ന് പറഞ്ഞപ്പോൾ ഷോർട് കോഴ്സ് ആയി അവളെ അതിന് ചേർത്തിരുന്നു. അന്ന് പഠിച്ചെടുത്ത തയ്യൽ മാത്രമായിരുന്നു അവളുടെ ആകെ കൈമുതലായി ഉണ്ടായിരുന്നത്.

വീട്ടിൽ സ്വന്തമായി മെഷീൻ ഉള്ളതുകൊണ്ട് തന്നെ അവളുടെ വസ്ത്രങ്ങളും ഹർഷക്കുള്ളതും ഒക്കെ അവൾ തന്നെയാണ് സ്റ്റിച്ച് ചെയ്തിരുന്നത്. അടുത്തുള്ള ആളുകളൊക്കെ ചെറുതായി ഓർഡറുകൾ കൂടി കൊടുത്തിരുന്നു അവൾക്ക്.

സ്വന്തമായി നല്ലൊരു വരുമാനം ഉണ്ടാക്കണം എന്ന ചിന്ത വന്നപ്പോഴാണ് ടൗണിൽ ഒരു കടയിൽ അവൾ പോയി തുടങ്ങിയത്. അവിടെ നിന്ന് മാസം മോശമല്ലാത്ത തരത്തിൽ ഒരു സാലറി കിട്ടിത്തുടങ്ങി.

ഓരോ മാസവും സാലറി കയ്യിൽ കിട്ടുമ്പോൾ അവൾക്ക് അഭിമാനമായിരുന്നു. താൻ കഷ്ടപ്പെട്ട് നേടിയെടുത്തതാണ് എന്ന ചിന്ത ഉള്ളിലുള്ളത് കൊണ്ട് തന്നെ അതിലെ ഓരോ രൂപയും അവൾ അത്രത്തോളം ശ്രദ്ധിച്ചാണ് ചെലവാക്കിയിരുന്നത്.

ഇതിനിടയ്ക്ക് ഹർഷയ്ക്ക് വിശേഷമായി. അതോടെ ബെഡ് റസ്റ്റ് ആണെന്നും ഒക്കെ പറഞ്ഞു അവൾ ഇടയ്ക്കിടെ വീട്ടിലേക്ക് വരാൻ തുടങ്ങി.

ആദ്യമൊക്കെ ഭർത്താവിന്റെ വീട്ടിലെ നല്ലതിനെ മാത്രം മാറ്റി പാടിയ അവൾക്ക് പിന്നെപ്പിന്നെ ഭർത്താവിന്റെ വീട്ടിലെ കുറ്റങ്ങൾ മാത്രമേ പറയാനുള്ളൂ എന്നായി.

അവളോട് ഒരു ജോലിക്ക് ശ്രമിക്കണം എന്ന് വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ വർഷ പറഞ്ഞിരുന്നു.

” അവിടെ ഇപ്പോൾ ഞാൻ ജോലിക്ക് പോകേണ്ട ആവശ്യമൊന്നുമില്ല. എന്റെ ഭർത്താവ് കൂലിപ്പണിക്കാരനല്ല. സ്വന്തമായി ബിസിനസ് നടത്തുന്ന ഒരാളാണ്. ഞാൻ എന്തെങ്കിലും ഒരു ആവശ്യം പറഞ്ഞാൽ അത് സാധിച്ചു തരാൻ അയാൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. പിന്നെ അവിടുത്തെ അമ്മയാണെങ്കിൽ എന്നെ താഴത്തും തലയിലും വയ്ക്കാതെ പൊന്നു പോലെയാണ് നോക്കുന്നത്. അങ്ങനെയുള്ളപ്പോൾ ഞാൻ എന്തിനാ ജോലിക്ക് പോയി കഷ്ടപ്പെടുന്നത്..? കഷ്ടപ്പെട്ട് ജീവിക്കുന്നവരൊക്കെ ജോലിക്ക് പോയാൽ മതി.. “

പുച്ഛത്തോടെ അന്ന് ഹർഷ പറഞ്ഞ മറുപടിയായിരുന്നു അത്. അതോടെ അവളോട് അതിനെക്കുറിച്ച് സംസാരിക്കുന്നത് വർഷ മതിയാക്കി.

അതേ പെൺകുട്ടി തന്നെയാണ് ഇപ്പോൾ ഭർത്താവിന്റെ വീട്ടിലെ കഷ്ടതകളെ കുറിച്ച് പരാതി പറയുന്നത്.

എന്തെങ്കിലും ഒരു ആവശ്യം പറഞ്ഞാൽ അത് നടത്തി തരാൻ മടിക്കുന്ന ഭർത്താവ്. വീട്ടിലെ സകല ജോലികളും അവളെ കൊണ്ട് ചെയ്യിപ്പിക്കുന്ന അമ്മായിയമ്മ. അങ്ങനെ അവൾക്കു പറയാൻ നൂറു പരാതികളാണ്.

അത്യാവശ്യം വരുമാനമൊക്കെ ആയിക്കഴിഞ്ഞപ്പോഴാണ് സ്വന്തമായി ഒരു ബോട്ടിക്ക് തുടങ്ങിയാലോ എന്നൊരു ആലോചന വർഷയ്ക്ക് ഉണ്ടാകുന്നത്. അവൾ അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് അമ്മയോട് സൂചിപ്പിച്ചപ്പോൾ വളരെ നല്ലതാണ് എന്നാണ് അമ്മ അഭിപ്രായം പറഞ്ഞത്.

അമ്മയുടെ അഭിപ്രായം മാത്രം കണക്കിലെടുത്തു കൊണ്ടാണ് ടൗണിൽ ഒരു മുറി വാടകയ്ക്ക് എടുത്ത് അവിടെ അവൾ ഒരു ബോട്ടിക്ക് തുടങ്ങിയത്.മുൻപ് അവൾ നിന്ന് കടയിൽ തന്നെയുള്ള പരിചയമുള്ള ആളുകളൊക്കെ അവൾക്ക് ഓർഡറുകൾ കൊടുക്കാൻ തുടങ്ങി.

പതിയെ പതിയെ ആ സ്ഥാപനം വികസിച്ചു. അവൾക്ക് കീഴിൽ പത്തോളം ജോലിക്കാർ ഉണ്ടായി.

പലയിടങ്ങളിലേക്കും തുണികൾ കയറ്റി അയക്കുന്ന തരത്തിൽ വലിയൊരു ബിസിനസ് ആയി അത് മാറി. ഉയർച്ചയിലേക്കുള്ള പടവുകൾ അവൾ ചവിട്ടി കയറുകയായിരുന്നു.

വീട്ടിൽ ബുദ്ധിമുട്ടുകൾ വന്നപ്പോൾ അവൾ സ്വന്തം വരുമാനത്തിൽ നിന്ന് വീട്ടുകാര്യങ്ങൾ നോക്കാൻ തുടങ്ങി. അതോടെ അച്ഛനും അച്ഛമ്മക്കും ഒക്കെ അവളോട് ഉണ്ടായിരുന്ന വെറുപ്പിന് വ്യത്യാസം വന്നു.

അവളുടെ സ്ഥാപനത്തിൽ തന്നെ ഡ്രൈവറായി ജോലി ചെയ്യുന്ന ദിനേശന് അവളോട് ഒരു ആഗ്രഹം തോന്നിയത് ആ സമയത്ത് ആയിരുന്നു. അവളോട് കാര്യം അവതരിപ്പിച്ചപ്പോൾ, തനിക്ക് മുൻപുണ്ടായ പല അനുഭവങ്ങളും അവൾ ഓർത്തു.

ആത്മാർത്ഥമായിട്ടുള്ള ഇഷ്ടമാണെങ്കിൽ വീട്ടിലേക്ക് വന്നു പെണ്ണ് ചോദിക്കാൻ പറഞ്ഞത് അതുകൊണ്ടാണ്. പക്ഷേ അവളെ പോലും ഞെട്ടിച്ചുകൊണ്ട് പിറ്റേന്ന് തന്നെ അവൻ വീട്ടുകാരെയും കൂട്ടി അവളുടെ വീട്ടിൽ എത്തി.

അവളെ ഇഷ്ടപ്പെട്ടു വന്ന ആലോചന ആയതുകൊണ്ട് കൂടുതലൊന്നും ആലോചിക്കാൻ ഇല്ലായിരുന്നു. ദിനേശന്റെ കൈയും പിടിച്ച് സന്തോഷത്തോടെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അമ്മ പറഞ്ഞ വാചകങ്ങൾ ആയിരുന്നു അവളുടെ ഉള്ളിൽ മുഴങ്ങിക്കേട്ടത്.

” എന്റെ കുട്ടി എന്നായാലും രക്ഷപ്പെടും എന്ന് എനിക്ക് അറിയാമായിരുന്നു. ഇപ്പോൾ അവൾക്ക് കീഴിൽ എത്ര പേരാണ് ജോലി ചെയ്യുന്നത് എന്നറിയാമോ..? നല്ല സ്വഭാവ ഗുണമുള്ള ഒരു ഭർത്താവിനെയും അവൾക്ക് കിട്ടിയിട്ടുണ്ട്. എന്റെ കുട്ടി അവളുടെ ജീവിതത്തിൽ രക്ഷപ്പെടും.. “

ആ വാചകം ഓർത്തുകൊണ്ട് ദിനേശിന്റെ കൈ അവൾ ഒരിക്കൽ കൂടി മുറുക്കിപ്പിടിച്ചു.

Scroll to Top