ഒരുപക്ഷേ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കണം ഭർത്താവിനോട് അവർ ഇങ്ങനെ തർക്കിക്കുന്നത്….

രചന : അപ്പു

:::::::::::::::::

” പറയാവുന്നതിന്റെ പരമാവധി അന്നുതന്നെ ഞാൻ നിങ്ങളോടൊക്കെ പറഞ്ഞതല്ലേ..? ആകെയുള്ള ഒരു പെങ്കൊച്ച് ആണ്. അതിനാണെങ്കിൽ പഠിക്കാൻ നല്ല ബുദ്ധിയും കഴിവുമുണ്ട്. അവളെ അവളുടെ ഇഷ്ടത്തിന് പഠിപ്പിക്കാൻ വിടാൻ അന്ന് തന്നെ ഞാൻ പറഞ്ഞതാണ്. അങ്ങനെ വിട്ടിരുന്നെങ്കിൽ ഇന്നിപ്പോൾ ഇങ്ങനെയൊരു അവസ്ഥയിൽ മോള് വന്ന് നിൽക്കുമായിരുന്നോ..? “

രമയ്ക്ക് ദേഷ്യവും സങ്കടവും കൊണ്ട് കണ്ണു കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒരുപക്ഷേ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കണം ഭർത്താവിനോട് അവർ ഇങ്ങനെ തർക്കിക്കുന്നത്.

” നിന്നോട് ഇവിടെ ആരെങ്കിലും അഭിപ്രായം ചോദിച്ചോ..? അല്ലെങ്കിൽ തന്നെ ഇവിടെ ഇപ്പോൾ എന്തു സംഭവിച്ചു എന്നാണ് നീ പറഞ്ഞു വരുന്നത്..? ആണുങ്ങളായാൽ അൽപസ്വല്പം മദ്യപിക്കുകയും പുകവലിക്കുകയും ഒക്കെ ചെയ്യും. അതൊന്നും വലിയ വിഷയമായി അവതരിപ്പിക്കേണ്ട കാര്യമൊന്നുമില്ല. പിന്നെ കയ്യൂക്കുള്ളവൻ ഭാര്യയെ രണ്ട് പൊട്ടിച്ച് എന്നും വരും. പണ്ടും അങ്ങനെയൊക്കെ തന്നെ ആയിരുന്നല്ലോ.. അതിന്റെ പേരിൽ ആത്മഹത്യ ചെയ്യാൻ ആണെങ്കിൽ ഇന്ന് ഭൂമി മലയാളത്തിൽ പെണ്ണുങ്ങൾ ഉണ്ടാവില്ലായിരുന്നു.. “

രമയുടെ ഭർത്താവ് അശോകൻ ധാർഷ്ട്യത്തോടെ തന്നെയാണ് മറുപടി പറഞ്ഞത്. അത് കേട്ടിട്ട് രമയ്ക്ക് അയാളെ കൊല്ലാനുള്ള ദേഷ്യം തോന്നി.

” നിങ്ങൾക്കൊക്കെ എത്ര കിട്ടിയാലും പഠിക്കില്ല എന്ന് പറയുന്നത് ഇതൊക്കെയാണ്.. ആ പെൺകൊച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് അവൻ അവളെ നോക്കി പേടിപ്പിച്ചു എന്ന കാരണവും പറഞ്ഞു കൊണ്ടല്ല.. “

രമ ദേഷ്യം അടക്കി പിടിച്ചുകൊണ്ടാണ് അശോകനോട് സംസാരിച്ചത്.

“ഞങ്ങളുടെ കുടുംബത്തിൽ പെണ്ണുങ്ങൾ ആണുങ്ങൾക്ക് നേരെ ശബ്ദം ഉയർത്തുന്നത് ഇന്നുവരെ ഉണ്ടായിട്ടില്ല.ഇപ്പോൾ ഇങ്ങനെ പബ്ലിക്കായി ഒരാശുപത്രിയിൽ വന്നു നിന്നുകൊണ്ട് പ്രശ്നമുണ്ടാക്കരുത്..”

മൂർച്ചയുള്ള സ്വരത്തിൽ അശോകൻ രമയെ ഭീഷണിപ്പെടുത്തി.

“അത് ശരിയാ.. നിങ്ങളുടെ കുടുംബത്തിൽ ആരും ആർക്കും നേരെയും സംസാരിക്കരുത്. ഇതിപ്പോൾ ആശുപത്രിയിലാണ് എന്നൊരു ബോധം നിങ്ങൾക്കുണ്ടല്ലോ..? എന്തുകൊണ്ടാണ് ആശുപത്രിയിൽ ആയത് എന്നറിയാമോ..? നമുക്ക് ആകെയുള്ള ഒരു പെൺകുട്ടിയാണ് മരണത്തോട് മല്ലടിച്ച് ഇവിടെ ആശുപത്രിയിൽ വന്നു കിടന്നത്. അതിന്റെ ആയുസ്സിന്റെ ബലം കൊണ്ട് അത് രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതി.. എന്നിട്ട് ഇപ്പോൾ ദൈവത്തിനോട് നന്ദി പറയുന്നതിന് പകരം..”

രമ പല്ല് ഞെരിച്ചു.

“നീയും ഞാനും തമ്മിൽ സംസാരിച്ചാൽ ശരിയാവില്ല. കുറച്ചു കഴിയുമ്പോൾ അജിത്തിന്റെ വീട്ടുകാർ വരാമെന്ന് പറഞ്ഞിട്ടുണ്ട്. അവരോട് നീ അപമര്യാദയായി എന്തെങ്കിലും ഒരു വാക്ക് സംസാരിച്ചാൽ..”

രമക്ക് നേരെ വിരൽ ചൂണ്ടി ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു കൊണ്ട് അശോകൻ പുറത്തേക്കിറങ്ങി പോയി.

അയാൾ പുറത്തേക്ക് പോയി എന്ന് കണ്ടതോടെ അവരുടെ സംസാരം ശ്രദ്ധിച്ചു കിടന്നിരുന്ന വേണി കണ്ണുകൾ തുറന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

അത് കണ്ടപ്പോൾ തന്നെ തങ്ങളുടെ സംസാരം മുഴുവൻ മകൾ ശ്രദ്ധിച്ചിരുന്നു എന്ന് രമയ്ക്ക് മനസ്സിലായി.

“അച്ഛൻ പറയുന്നത് കേട്ട് മോള് പേടിക്കുകയൊന്നും വേണ്ട.എന്താ ചെയ്യേണ്ടതെന്ന് അമ്മക്കറിയാം..”

അമ്മയുടെ വാക്കുകളിൽ വല്ലാത്തൊരു പ്രതീക്ഷ നിഴലിച്ചു നിൽക്കുന്നത് മകൾ ശ്രദ്ധിച്ചു. അത് അവളിൽ ചെറുതല്ലാത്ത രീതിയിൽ ഒരു ഭയം ഉണ്ടാക്കുകയും ചെയ്തു.

“അമ്മ എന്താ ചെയ്യാൻ പോകുന്നത്..?”

വല്ലായ്മയോടെ അവൾ അന്വേഷിച്ചു.

” ചെറുപ്പത്തിൽ നന്നായി പഠിക്കണമെന്നും ജോലിക്ക് പോകണമെന്നും ഒക്കെ അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. നിന്റെ അച്ഛനോടൊപ്പം വന്നതിനു ശേഷം അങ്ങനെ ഒരു ആഗ്രഹം പോയിട്ട് ചിന്തിക്കാനുള്ള സമയം പോലും അമ്മയ്ക്ക് കിട്ടിയിട്ടില്ല. നിന്റെ അച്ഛനെ എതിർത്ത് ഒരു വാക്കു പറയാൻ പോലും അമ്മയ്ക്ക് കഴിയില്ല. ഒരുതരം ഭയം എന്നുതന്നെ പറയാം. ആ ഭയം എന്റെ നിസ്സഹായ അവസ്ഥയിൽ നിന്നുണ്ടായതാണ്. നിന്റെ അച്ഛന്റെ തുണയില്ലെങ്കിൽ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് ആരൊക്കെയോ പറഞ്ഞു ഉള്ളിൽ തിരുകി വെച്ചിട്ടുണ്ട്. നിങ്ങളൊക്കെ ജനിച്ചു കഴിഞ്ഞതിനു ശേഷം എന്റെ എന്തെങ്കിലും പ്രശ്നമുണ്ട് നിന്റെ അച്ഛൻ നമ്മളെ ഉപേക്ഷിച്ചു പോയാൽ പിന്നീട് നിങ്ങളെ വളർത്താൻ ഞാൻ എന്ത് ചെയ്യും എന്ന് ഓർത്ത് വല്ലാതെ ആകുലപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് അച്ഛന്റെ പല കൊള്ളരുതായ്മകളും കണ്ടിട്ടും അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചത്. നിന്റെ കല്യാണ കാര്യത്തിൽ പോലും അമ്മയ്ക്ക് അച്ഛനോട് എതിരഭിപ്രായം ഉണ്ടായിരുന്നു. നിനക്ക് കുറച്ചുകൂടി പഠിച്ച് ഒരു ജോലി ആയതിനുശേഷം കല്യാണം ആലോചിച്ചാൽ മതിയെന്ന് പറയാവുന്നതു പോലെയൊക്കെ അച്ഛനോട് ഞാൻ പറഞ്ഞു നോക്കിയതാണ്. പക്ഷേ ഒരുപാട് വാശി പിടിച്ചാൽ നമ്മുടെ സ്ഥാനം തെരുവിൽ ആയിരിക്കും എന്ന് അറിയാവുന്നതു കൊണ്ടാണ് അമ്മ അന്ന് മൗനം പാലിച്ചത്. നിന്നോട് അമ്മ ചെയ്തത് തെറ്റ് തന്നെയാണ്. പക്ഷേ ആ തെറ്റ് തിരുത്താൻ ഉള്ള ഒരു അവസരം ഇപ്പോൾ എനിക്കുണ്ട്. “

എന്തൊക്കെയോ തീരുമാനം ഉറപ്പിച്ചത് പോലെയാണ് അമ്മ പറയുന്നത് എന്ന് വേണിക്ക് ഏകദേശം ഉറപ്പായി.

അവളുടെ ഓർമ്മകൾ അജിത്തിന്റെ വീടിനെ ചുറ്റിപ്പറ്റി ആയിരുന്നു.

വളരെ അപ്രതീക്ഷിതമായി കടന്നുവന്ന ഒരു വിവാഹാലോചന ആയിരുന്നു അജിത്തിന്റെത്. നല്ല കുടുംബവും അയാൾക്ക് നല്ല ജോലിയും സൗന്ദര്യവും ഒക്കെയുണ്ട് എന്ന കാരണം പറഞ്ഞു അച്ഛനും കുടുംബക്കാരും മുഴുവൻ വിവാഹത്തിന് സപ്പോർട്ട് ആയിരുന്നു.

തനിക്ക് പഠിക്കണമെന്ന് എത്രയൊക്കെ പറഞ്ഞിട്ടും അവരാരും വക വച്ചില്ല.

” ഇത്രയും നല്ലൊരു കുടുംബത്തിൽ നിന്ന് ആലോചന വരുമ്പോൾ അത് തട്ടി കളഞ്ഞിട്ട് പഠിക്കാൻ പോകണം എന്ന് പറയാൻ നിനക്ക് എങ്ങനെ തോന്നി കുട്ടി..? ദൈവ കോപം കിട്ടും .. ഇങ്ങനെ ഒരു അവസരം ഇനി ഒരിക്കലും നിനക്ക് കിട്ടിയില്ല എന്ന് വരും.. അപ്പോൾ പിന്നെ നീ എന്താ ഉദ്ദേശിച്ചിരിക്കുന്നത്..? “

ദേഷ്യത്തോടെ അച്ഛൻ ചോദിക്കുമ്പോൾ അവൾ ഉത്തരം ഇല്ലാതെ നിന്നു പോയി. അല്ലെങ്കിലും അച്ഛന്റെ വാക്കുകൾ എതിർത്ത് പറയാൻ പണ്ടുമുതലേ ഭയമാണ്.

എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങിയാണ് അജിത്തിന്റെ ഭാര്യയായി ആ വീട്ടിലേക്ക് കാലു വച്ച് കയറുന്നത്.

അവിടെ ചെന്ന് കയറിയപ്പോൾ മുതൽ അവൾക്ക് കിട്ടിയ സ്വീകരണം ഒരിക്കലും നല്ലതായിരുന്നില്ല.

പഠിപ്പ് കുറഞ്ഞതിന്റെ പേരിലും കിട്ടിയ സ്ത്രീധനം കുറഞ്ഞതിന്റെ പേരിലും ഒക്കെ അജിത്തിന്റെ കുടുംബത്തിൽ പലതരത്തിലുള്ള അപമാനം അവൾക്ക് സഹിക്കേണ്ടി വന്നു. മറ്റുള്ളവർക്ക് മുന്നിൽ വച്ച് ഭർത്താവ് കൂടി അവളെ അപമാനിക്കുമ്പോൾ അവൾ തളർന്നു പോയിരുന്നു.

എല്ലാത്തിലും ഉപരിയായി അജിത്തിന് പലതരത്തിലുള്ള ദുസ്വഭാവങ്ങൾ ഉണ്ടെന്ന് വിവാഹത്തിന് ശേഷമായിരുന്നു അവൾ മനസ്സിലാക്കുന്നത്.

നന്നായി മദ്യപിക്കുന്ന സ്വഭാവക്കാരൻ ആയിരുന്നു അജിത്ത്. അങ്ങനെയുള്ളപ്പോൾ അയാൾക്ക് സെക്സിനോട് വല്ലാത്ത ഒരു ആവേശമായിരിക്കും. മുന്നിലുള്ളത് ഒരു മനുഷ്യനാണെന്നു പോലും ചിന്തിക്കാതെ തരത്തിലുള്ള പ്രവർത്തികൾ ആയിരിക്കും ആ നിമിഷം അയാളിൽ ഉള്ളത്.

പലതരത്തിലുള്ള പീഡനങ്ങൾ അനുഭവിച്ച് ശരീരത്തിൽ എല്ലായിടത്തും നോവുകൾ മാത്രം ബാക്കിയായപ്പോഴാണ് അവൾക്ക് ഇനിയും മുന്നോട്ടു പോകാൻ ആവില്ല എന്ന തോന്നൽ വന്നത്. അതുകൊണ്ടാണ് ആത്മഹത്യ എന്ന എളുപ്പ മാർഗ്ഗത്തിലേക്ക് അവൾ ചെന്നെത്തിയത്.

അവൾ ചിന്തിച്ചു കിടക്കുമ്പോഴേക്കും അജിത്തിനെയും കുടുംബത്തിനെയും കൂട്ടിക്കൊണ്ട് അച്ഛൻ മുറിയിലേക്ക് കയറി വന്നിരുന്നു.

” ഇതുവരെ ചെയ്തു പോയതിനൊക്കെ മാപ്പ് പറയാനാണ് അജിത്ത് വന്നത്. വൈകുന്നേരം ഡിസ്ചാർജ് ആയി കഴിഞ്ഞാൽ അജിത്തിന്റെ കൂടെ നീയും അവന്റെ വീട്ടിലേക്ക് പോണം.. “

അച്ഛൻ പറഞ്ഞപ്പോൾ അവളിൽ ഭയം നിഴലിച്ചു. താൻ അനുഭവിച്ചതൊക്കെ അച്ഛനോടും വീട്ടുകാരോടും എണ്ണിയെണ്ണി പറഞ്ഞ് ബോധ്യപ്പെടുത്തിയതാണ്. എന്നിട്ടും തന്നെ വീണ്ടും ആ അറവുശാലയിലേക്ക് പറഞ്ഞയക്കാനാണ് അച്ഛന് താല്പര്യം..!!

“അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ..? അവന്റെ കൂടെ ഇനിയും നമ്മുടെ മോളെ അയക്കാൻ എനിക്ക് താല്പര്യമില്ല. അനുഭവിച്ചത് എന്തൊക്കെയാണെന്ന് അവൾ എല്ലാവരോടും പറഞ്ഞതല്ലേ…? എന്നിട്ട് വീണ്ടും അവളെ അവിടേക്ക് തന്നെ പറഞ്ഞയക്കാൻ നിങ്ങൾക്ക് എന്താണ് ഇത്ര തിടുക്കം..? എന്റെ കൊച്ചിന്റെ ജീവൻ ഇനിയും അപകടത്തിൽ കൊണ്ടാക്കാൻ എനിക്ക് താല്പര്യമില്ല..”

രമ അത്രയും ആളുകൾ നൽകുന്ന ഒരു സദസ്സിൽ അങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോൾ അശോകന് ദേഷ്യം വന്നു.

” അങ്ങനെയാണ് തീരുമാനമെങ്കിൽ ഇനി നിങ്ങൾ എന്റെ വീട്ടിലേക്ക് കയറണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ എനിക്ക് ഒരിക്കൽ കൂടി ചിന്തിക്കേണ്ടി വരും. “

അശോകൻ ധാർഷ്ട്യത്തോടെ അത് പറഞ്ഞപ്പോൾ രമ ചിരിച്ചു.

” അല്ലെങ്കിലും ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ടെന്ന് നിങ്ങളോട് ആരാ പറഞ്ഞത്..? എന്റെ മോളെ ഇവന്റെ കൂടെ അയക്കില്ല എന്ന് ഞാൻ തീരുമാനമെടുത്ത അധികം നിമിഷം തന്നെയാണ് ആ വീട്ടിലേക്ക് ഞങ്ങൾ തിരികെ വരില്ല എന്നും തീരുമാനിച്ചത്. ഇത്രയും കാലം അനുഭവിക്കാവുന്നതൊക്കെ അനുഭവിച്ചു. ഇനിയും എനിക്ക് അതിന് താൽപര്യമില്ല. ഭൂമി വിശാലമായ ഒരു ലോകമാണല്ലോ.. അവിടെ ഞങ്ങൾക്കും മാന്യമായി ചെയ്യാവുന്ന ജോലികൾ ഉണ്ടാവും.. അത് ചെയ്തു അഭിമാനത്തോടെ ആയുസ്സ് അനുവദിക്കുന്നതുവരെ ജീവിക്കാൻ തന്നെയാണ് തീരുമാനം. “

രമ ഉറപ്പിച്ചു പറഞ്ഞപ്പോൾ അജിത്ത് ദേഷ്യത്തോടെ വീട്ടുകാരെ നോക്കി.

” ഞാൻ അപ്പോഴേ പറഞ്ഞതാണ് ഇവളെ തിരികെ വിളിക്കാൻ വരണ്ട എന്ന്. അല്ലെങ്കിലും എനിക്ക് അവളെ മടുത്തു.. “

അതും പറഞ്ഞുകൊണ്ട് അവൻ മുറിവിട്ട് പോയപ്പോൾ രമ ചിരിച്ചു. ഭർത്താവ് കൂടി കലിതുള്ളി അവർക്ക് പിന്നാലെ പോകുന്നത് കണ്ടപ്പോൾ അവരുടെ ചിരി കുറച്ചുകൂടി ഉച്ചത്തിൽ ആയി. അതുകണ്ട് ഒരല്പം ഭയം തോന്നി.

” നീ പേടിക്കണ്ട.. അമ്മ സന്തോഷം കൊണ്ട് ചിരിച്ചതാണ്. ഇനിയും നമുക്ക് സ്വാതന്ത്ര്യം കിട്ടാൻ പോവുകയാണ്.. അതോർത്തിട്ടുള്ള സന്തോഷം.. “

അമ്മ ഉറപ്പിച്ചു എടുത്ത തീരുമാനമാണ് എന്ന് കണ്ടതോടെ അവളുടെ ചുണ്ടിലും ചിരി വിരിഞ്ഞു. തനിക്കും സമാധാനമുള്ള ഒരു ജീവിതം ഉണ്ടാകും എന്നുള്ള സന്തോഷം.

Scroll to Top