വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ അവൾക്ക് വീട്ടിൽ ഇരുന്നാൽ മതിയെന്ന് അവൾ മനോജിനോട് പറഞ്ഞതാണ്…

രചന : ശ്രേയ

:::::::::::::::::::::::

” എനിക്കൊരു ജോലി വേണം… “

വൈകുന്നേരം മനോജ്‌ ജോലി കഴിഞ്ഞു വന്നപ്പോൾ തന്നെ ദീപക്ക് ആവശ്യപ്പെടാൻ ഉണ്ടായിരുന്നത് അത് മാത്രമായിരുന്നു. പതിവില്ലാതെ കേട്ട സംസാരം ആയതു കൊണ്ട് തന്നെ മനോജ് പകച്ചു കൊണ്ട് അവളെ നോക്കി.

“മനോജേട്ടൻ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത്..? “

അവൾ ചോദിച്ചപ്പോഴും അവൻ ഞെട്ടലിൽ തന്നെയായിരുന്നു.

” പതിവില്ലാത്ത ഓരോ സംസാരം കേട്ടപ്പോൾ നോക്കിയതാണ്.”

അവൻ അതും പറഞ്ഞു കൊണ്ട് ചിരിച്ചു.

” ഞാൻ പറഞ്ഞത് ഒരു തമാശയാണെന്ന് മനോജേട്ടന് തോന്നുന്നുണ്ടോ..?”

ദേഷ്യത്തോടെ അവൾ ചോദിച്ചപ്പോഴാണ് അവൾ തമാശയ്ക്ക് ആയിരുന്നില്ല എന്ന് അവന് മനസ്സിലായത്.

” ഇതുപോലെ നീ ഇവിടെ പ്രശ്നമുണ്ടാക്കി എന്തെല്ലാം കാര്യങ്ങൾ ചെയ്തിരിക്കുന്നു..? എന്നിട്ട് അതിൽ ഏതെങ്കിലും ഒരെണ്ണം വിജയിപ്പിക്കാൻ നിനക്ക് കഴിഞ്ഞോ..? “

മനോജ് അവളെ പ്രതിരോധിക്കാൻ തയ്യാറായി.

ആ ചോദ്യത്തിൽ അവൾ ഒന്ന് പതറിപ്പോയി എന്നത് ശരിയാണ്.

കാരണം വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ അവൾക്ക് വീട്ടിൽ ഇരുന്നാൽ മതിയെന്ന് അവൾ മനോജിനോട് പറഞ്ഞതാണ്. അന്നും അവൻ അവളോട് പറഞ്ഞിട്ടുണ്ട് സ്വന്തമായി ഒരു ജോലി ഉള്ളത് നല്ലതാണെന്ന്.

പക്ഷേ അന്ന് അവൾ പറഞ്ഞ ഒരു മറുപടിയുണ്ട്.

“നിങ്ങൾക്ക് എന്നെ പോറ്റാൻ കഴിവില്ലെങ്കിൽ കല്യാണം കഴിക്കാൻ പാടില്ലായിരുന്നു.. ഇതിപ്പോ കല്യാണം കഴിച്ചിട്ട് നിങ്ങളുടെ കുടുംബത്തെ ചെലവിന് വേണ്ടി ഞാൻ ജോലിക്ക് പോകേണ്ട അവസ്ഥയാണ്. ഞാനെന്തായാലും അതിന് തയ്യാറല്ല. ഇത്രയും കാലം എന്റെ അച്ഛൻ എന്നെ കണ്ണിലെ കൃഷ്ണമണി പോലെയാണ് നോക്കിയത്.ഇനി അത് ചെയ്യേണ്ട ഉത്തരവാദിത്വം നിങ്ങളുടെതാണ്.”

അവൾ അന്ന് പറഞ്ഞത് കേട്ട് അവന് വല്ലാത്ത ജാള്യത തോന്നിയിരുന്നു.

“നീ എന്തൊക്കെ മണ്ടത്തരങ്ങളാണ് ഈ ചിന്തിച്ചു വച്ചിരിക്കുന്നത്..? നിനക്കൊരു ജോലിയുണ്ടെങ്കിൽ അത് നിന്റെ ഭാവിക്ക് തന്നെയാണ് നല്ലതാകുന്നത്. അല്ലാതെ നിന്റെ ജോലി കൊണ്ട് എനിക്ക് പ്രത്യേകിച്ചൊന്നും സാധിക്കാനില്ല.”

അവന്റെ മറുപടി അവൾക്ക് കുറച്ചു കൂടി ദേഷ്യം നൽകിയതേയുള്ളൂ.

” നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ജോലിക്ക് പോകാൻ എനിക്ക് സൗകര്യമില്ല.. “

അവൾ വാശിയോടെ പറഞ്ഞു. അതിനുശേഷം പിന്നീട് ഒരിക്കലും അവൻ അവളോട് ജോലിക്ക് പോകുന്നതിനെ കുറിച്ച് ചർച്ച ചെയ്തിട്ട് പോലുമില്ല.

പക്ഷേ നമ്മൾ കരുതുന്നത് പോലെ വീട്ടിലിരിക്കുന്നത് അത്ര സുഖമുള്ള പരിപാടിയൊന്നുമല്ലല്ലോ. എന്നും ഒരേ കാര്യങ്ങൾ തന്നെ ആവർത്തിക്കുമ്പോൾ സ്വാഭാവികമായും ഏതു മനുഷ്യനും ദേഷ്യം തോന്നും.

ജീവിതത്തോട് തന്നെ ഒരു മടുപ്പ് ബാധിക്കും.അവളുടെ കാര്യത്തിലും സംഭവിച്ചത് അങ്ങനെയൊക്കെ തന്നെയായിരുന്നു.

തൊടുന്നതും പിടിക്കുന്നതും ഒക്കെ ദേഷ്യം. എന്തിനും ഏതിനും മനോജിനോട് ചാടിക്കടിക്കുക പതിവായി.

അങ്ങനെയിരിക്കെ ഒരിക്കൽ മനോജ് അവളോട് മനസ്സ് തുറന്ന് സംസാരിക്കാൻ തയ്യാറായി.

” എടോ… വീട്ടിലിരിക്കുന്നത് അത്ര സുഖമുള്ള പരിപാടിയൊന്നുമല്ല. എന്നും ഒരേ കാര്യങ്ങൾ തന്നെ ആവർത്തിക്കുമ്പോൾ ഏതു മനുഷ്യനും മടുപ്പ് തോന്നും. തനിക്കും അതുതന്നെയാണ് പ്രശ്നം.. ജോലിക്ക് പോകുന്നത് ഇഷ്ടമല്ലെങ്കിൽ തനിക്ക് എന്തെങ്കിലും പഠിക്കാൻ പൊക്കൂടെ..? “

മനോജ് അത് ചോദിച്ചപ്പോൾ അവൾ കുറച്ചു നിമിഷം മൗനം പാലിച്ചെങ്കിലും,അവൻ പറയുന്നതിൽ എവിടെയൊക്കെയോ ശരിയുണ്ടെന്ന് അവൾക്കും തോന്നി തുടങ്ങിയിരുന്നു.

അതുകൊണ്ട് അവൾ ആ അഭിപ്രായത്തോട് യോജിച്ചു.

“നിനക്ക് എന്താ പഠിക്കേണ്ടത് എന്നും നിനക്ക് തീരുമാനിക്കാം.. ഞാൻ നിർബന്ധിച്ചു കൊണ്ടു വന്നു ചേർക്കാൻ നീ എൽകെജി സ്റ്റുഡന്റൊന്നുമല്ലല്ലോ.”

അവൻ അതും പറഞ്ഞുകൊണ്ട് എഴുന്നേറ്റ് പോയപ്പോൾ തനിക്കുള്ള ഒരു അവസരമാണ് അവൻ നീട്ടുന്നത് എന്ന് അവൾക്ക് മനസ്സിലായില്ല.

പകരം അവൾ മനസ്സിലാക്കിയ ഒരേയൊരു കാര്യം വീട്ടിലിരുന്ന് മടുപ്പു ഒഴിവാക്കാൻ തനിക്ക് എന്തെങ്കിലും ചെയ്യണം എന്ന് മാത്രമായിരുന്നു.

എന്തു പഠിക്കാൻ പോകും എന്നുള്ള ചിന്ത അവസാനം എത്തിനിന്നത് തയ്യൽ പഠിക്കാൻ പോകാം എന്നുള്ളതിലായിരുന്നു. അവനോട് പറഞ്ഞപ്പോൾ നിനക്ക് ഇഷ്ടമാണെങ്കിൽ ചെയ്തോ എന്നൊരു മറുപടിയാണ് അവൻ നൽകിയത്.

” തയ്യൽ പഠിക്കാൻ പോയാൽ വെറുതെ ഒന്നും പറ്റില്ല. വീട്ടിൽ വന്നു തയ്ച്ചു നോക്കാൻ ഒക്കെ ഉണ്ടാകും.ഒരു മെഷീൻ വാങ്ങണം.. “

അവൾ ആവശ്യപ്പെട്ടപ്പോൾ അത് ശരിയാണെന്ന് അവനും തോന്നി.അന്ന് തന്നെ 12000 രൂപ കൊടുത്തു നല്ലൊരു മെഷീൻ അവൻ വാങ്ങി വീട്ടിൽ കൊണ്ടു വന്നിട്ടു.

ആദ്യത്തെ ഒന്ന് രണ്ട് ദിവസം അത് തൊട്ടും തലോടിയും നിൽക്കുന്നതും അതിൽ എന്തൊക്കെയോ ചെയ്യുന്നതും കണ്ടുവെങ്കിലും പിന്നീട് അത് പൊടിപിടിച്ചു വീടിന്റെ ഒരു മൂലയ്ക്ക് കിടക്കുന്നതാണ് അയാൾ കാണുന്നത്.

എപ്പോഴെങ്കിലും അവളോട് നീ എന്തുകൊണ്ട് തയ്യൽ ക്ലാസിൽ പോകാതിരുന്നത് എന്ന് ചോദിച്ചാൽ എനിക്ക് ഒരു താല്പര്യം തോന്നിയില്ല എന്ന് പറയും.

അതിനോടുള്ള താല്പര്യം കഴിഞ്ഞിട്ട് അടുത്തത് അവൾക്ക് ബേക്കിങ് പഠിക്കണം എന്നായിരുന്നു..

“കഴിഞ്ഞ തവണത്തെ പോലെ ആവില്ലല്ലോ അല്ലേ..?”

അവളുടെ ആഗ്രഹം കേട്ടപ്പോൾ അവൻ ചോദിച്ച ഒരേയൊരു കാര്യം അതായിരുന്നു.

അതിനു മറുപടിയായി അവൾ അവനെ തുറിച്ചു നോക്കി.

“ഞാൻ പറഞ്ഞ ആഗ്രഹം നടത്താൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ മതി.അല്ലാതെ വെറുതെ ഓരോ ന്യായങ്ങൾ നടത്തണ്ട.”

അവൾ പറഞ്ഞത് കേട്ട് അവനും ദേഷ്യം വന്നെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല.

ഇത്തവണ ഓൺലൈനായി അവൾ പഠിച്ചോളാം എന്ന് പറഞ്ഞു.അവൻ അത് സമ്മതം നൽകുകയും ചെയ്തു.

വീട്ടിലെ പണികളൊക്കെ കഴിഞ്ഞിട്ട് പഠിക്കാൻ പോകാൻ പറ്റുന്നില്ല എന്നായിരുന്നു അവൾ പറഞ്ഞ ന്യായീകരണം. ഇതാകുമ്പോൾ സമയം കിട്ടുമ്പോൾ രാത്രിയിൽ ആണെങ്കിലും നോക്കാമല്ലോ എന്ന് പറഞ്ഞു.

അവൻ അത് സമ്മതിച്ചു കൊടുക്കുകയും ചെയ്തു.

ആദ്യത്തെ രണ്ടു ദിവസങ്ങൾ വീട്ടിലെങ്ങോട്ടു തിരിഞ്ഞാലും കേക്സ് ഉണ്ടാക്കുന്നതിന്റെ ക്ലാസുകൾ മാത്രമേ കാണാൻ ഉണ്ടായിരുന്നുള്ളൂ.. അത് കണ്ടപ്പോൾ അവൻ വെറുതെയെങ്കിലും പ്രതീക്ഷിച്ചു അവൾ ഇതിലെങ്കിലും വിജയിക്കുമെന്ന്.

ഇത്തവണയും അവൾക്ക് ആവശ്യങ്ങൾ അനവധി ആയിരുന്നു.

“ബേക്കിംഗ് ടൂൾസും ബേക്ക് ചെയ്യാനുള്ള സാധനങ്ങളും ഒക്കെ വാങ്ങണം.വെറുതെ ഓൺലൈനിൽ ക്ലാസ് മാത്രം കണ്ടിരുന്നിട്ട് കാര്യമില്ലല്ലോ. പ്രാക്ടിക്കൽ നോളജ് കൂടി വേണ്ടേ..”

അവൾ പറഞ്ഞപ്പോൾ അത് ശരിയാണെന്ന് തോന്നിയിട്ട് അന്ന് തന്നെ അവൻ ആവശ്യമായ സാധനങ്ങൾ എല്ലാം അവൾക്ക് വാങ്ങിക്കൊടുത്തു.

ഒരുതവണ അവൾ ഒരു കേക്ക് ഉണ്ടാക്കാൻ പരീക്ഷിച്ചു. അത് പരാജയപ്പെട്ടു പോയതോടെ, പിന്നീട് അവൾ ആ വഴിക്ക് ചിന്തിച്ചിട്ട് പോലുമില്ല.

അങ്ങനെ പലതരത്തിൽ പലതവണ അവളുടെ ആവശ്യങ്ങളൊക്കെയും അയാൾ നിറവേറ്റി കൊടുക്കുകയും ഒരെണ്ണം പോലും അവൾ പൂർത്തിയാക്കാതിരിക്കുകയും ചെയ്യുന്നത് പതിവായി.

ഇന്ന് വീട്ടിൽ ജോലിയെ കുറിച്ച് ഒരു ചർച്ച വന്നപ്പോൾ അയാൾ അറിയാതെ ഒരു വാചകം പറഞ്ഞു പോയി.

” നീയും കൂടി ഒരു ജോലിക്ക് പോയിരുന്നു എങ്കിൽ എനിക്ക് പകുതിയെങ്കിലും സാമ്പത്തിക ബാധ്യതകളിൽ നിന്ന് ഒഴിവാക്കാൻ സാധിക്കുമായിരുന്നു. നിനക്ക് പലതും പഠിക്കണമെന്ന് പറഞ്ഞു എന്നെക്കൊണ്ട് വാങ്ങിക്കൂട്ടിയ സാധനങ്ങൾക്ക് എന്തെങ്കിലും കണക്കുണ്ടോ..?”

ആ വാചകം അവളുടെ അഭിമാനത്തിന് ക്ഷതം പോലെയാണ് അവൾക്ക് തോന്നിയത്. അത് കേട്ട് നിമിഷം തന്നെ അവൾ കലി തുള്ളി കൊണ്ട് തനിക്കൊരു ജോലി വേണമെന്ന് അയാളോട് പ്രസ്താവിച്ചു.

അതിന്റെ ബാക്കി പത്രം ആയിരുന്നു അവളുടെ സർട്ടിഫിക്കറ്റുകളുടെ അന്വേഷണം.

സർട്ടിഫിക്കറ്റുകൾ ഒക്കെ തപ്പിയെടുത്ത് അവൾ ഡൈനിങ് ടേബിളിൽ കൊണ്ടുവന്നു വച്ചു.ആ സമയത്ത് മനോജ് ചായ കുടിക്കുന്നുണ്ടായിരുന്നു.

“ഇതൊക്കെയാണ് എന്റെ സർട്ടിഫിക്കറ്റ്.ഇതുവച്ച് എനിക്ക് എന്ത് ജോലി കിട്ടാൻ പറ്റും എന്ന് ഞാൻ ഒന്ന് നോക്കട്ടെ. എനിക്കൊരു ജോലി കിട്ടി കഴിഞ്ഞിട്ടും നിങ്ങളുടെ മുഖത്തുള്ള പരിഹാസം ഇങ്ങനെ തന്നെ കാണണം..”

അവൾ വാശിയോടെ വിളിച്ചു പറഞ്ഞു.അപ്പോഴും അയാൾ ചിരിച്ചതേയുള്ളൂ.

ആദ്യത്തെ രണ്ടുമൂന്നു ദിവസങ്ങൾ വളരെ കാര്യമായിട്ടുള്ള ജോലി അന്വേഷണവും ഇന്റർവ്യൂവിന് പോകലും ഒക്കെ കാണുന്നുണ്ടായിരുന്നു.

“എനിക്ക് വയ്യ ജോലിക്കൊന്നും പോകാൻ.. രണ്ടുദിവസം ഇന്റർവ്യൂ ഒക്കെ വേണ്ടി പോയപ്പോൾ തന്നെ ഞാൻ ക്ഷീണിച്ചു. ഇങ്ങനെ ഡെയിലി പോയി വരുമ്പോൾ എന്റെ കാര്യത്തിൽ ഒരു തീരുമാനമാകും.”

അന്ന് രാത്രി അവൾ പറയുന്നത് കേട്ടപ്പോൾ മനോജ് തലയ്ക്ക് കൈകൊടുത്തു.

“നിന്റെ ആവേശം കണ്ടപ്പോൾ ഞാൻ കരുതി ഇത്തവണയെങ്കിലും നീ നന്നാകുമെന്ന്..ഇതൊക്കെ വെറുതെയാണെന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്..”

അയാൾ പറഞ്ഞുകൊണ്ട് മുറിയിലേക്ക് കയറി പോകുമ്പോൾ, ഇതൊന്നും തന്നെ ബാധിക്കുന്ന ഒരു വിഷയമേയല്ല എന്നൊരു ഭാവമായിരുന്നു ദീപയ്ക്ക്..!!