അടഞ്ഞുകിടന്ന് വാതിൽ തുറക്കപ്പെട്ടു. ഒരു കുഞ്ഞിനെയും എളിയിൽ വച്ച് ഒരു സ്ത്രീ അകത്തുനിന്ന് പുറത്തേക്ക് വന്നു

രചന: നീതു

:::::::::::::::::

“”” എന്റെ മോനെ തെക്കേ തൊടിയിൽ അടക്കിയിട്ട് പോരേടി നിനക്ക് നിന്റെ തോന്നിവാസം!!””

രാജമ്മ മകന്റെ ഭാര്യയും കുഞ്ഞുങ്ങളും താമസിക്കുന്ന ക്വാർട്ടേഴ്സിന് മുന്നിൽ വന്ന് രാവിലെ തന്നെ ഉറഞ്ഞു തുള്ളുകയാണ്.. കോർട്ടേഴ്സിന്റെ മുൻവശത്തെ വാതിൽ അടഞ്ഞു തന്നെ കിടന്നു.. അതിനുള്ളിൽ ആളുണ്ടെങ്കിലും ആരും പുറത്തേക്ക് വന്നില്ല പതിയെ പതിയെ ഓരോരുത്തർ അവിടെ കൂടാൻ തുടങ്ങി…

“”” എന്താ ചേച്ചി പ്രശ്നം?? “”

അതിനിടയിൽ ഒരാൾ വന്ന് രാജമ്മയോട് ചോദിക്കുന്നുണ്ട്..

“”” എന്റെ മോനെ നീ കേൾക്കണം പ്രേമമാണ് മണ്ണാങ്കട്ടയാണ് എന്നും പറഞ്ഞ് എന്റെ മോൻ വിളിച്ചോണ്ട് വന്നതാ ഈ ഒരുമ്പട്ടോളെ, എന്നിട്ട് ഞങ്ങടെ വീട്ടിൽ താമസിപ്പിച്ചു അവിടെ ഇവർക്ക് സുഖം പോരാ എന്നും പറഞ്ഞ് ഞങ്ങളുമായി മോനെ കൊണ്ട് വഴക്കും ഉണ്ടാക്കി ഇങ്ങോട്ട് ക്വാർട്ടേഴ്സിലേക്ക് താമസം മാറിയതാ അവളും അവനും കൂടെ.. ഇപ്പോ ദേ ഈ എരണം കെട്ടവളുടെ ശല്യം കാരണം അവൻ എങ്ങോട്ടോ പുറപ്പെട്ടു പോയെന്ന്!!! അവൻ പോയാൽ ഇവൾക്കെന്താ ഇപ്പോൾ വേറൊരുത്തൻ ഇവിടെ പൊറുതി തുടങ്ങിയത്രേ.. “””

അത് കേട്ടതും നാട്ടുകാരെല്ലാം രണ്ട് പക്ഷമായി പകുതി പേർ ആ സ്ത്രീയുടെ കൂടെ നിന്നു…
അപ്പോഴും ആ വാതിൽ അടഞ്ഞു തന്നെ കിടന്നു നാട്ടുകാരോട് എല്ലാരോടും കൂടി ഇതിനൊരു പരിഹാരം ഉണ്ടാക്കാൻ രാജമ്മ അഭ്യർത്ഥിച്ചു അത് പ്രകാരമാണ് അതിൽ രണ്ടുപേർ വാതിലിൽ മുട്ടിയത്..

അടഞ്ഞുകിടന്ന് വാതിൽ തുറക്കപ്പെട്ടു. ഒരു കുഞ്ഞിനെയും എളിയിൽ വച്ച് ഒരു സ്ത്രീ അകത്തുനിന്ന് പുറത്തേക്ക് വന്നു അവരെ കണ്ടതും രാജമ്മയുടെ ഭാവം മാറി… തല്ലാനായി ഒരുങ്ങി.. നാട്ടുകാർ പിടിച്ചുവെച്ചത് കൊണ്ട് ഒന്നും ഉണ്ടായില്ല…

“” ചോദിക്ക് സാറേ അവളോട് ചോദിക്ക് എന്റെ മോൻ എന്തിയേ എന്ന്?? ഇപ്പോൾ ഇവിടെ കേറി പൊറുക്കുന്നവൻ ഇവളുടെ ആരാ എന്ന്!!””

രാജമ്മ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു…

””എന്താ മിനി പ്രശ്നം??””

വന്നവരിൽ ഒരാൾ അവളോട് ചോദിച്ചു..

“””‘കുറെ നാളായി ഇവൾ ഇവിടെ ഒരുത്തനെ കേറ്റി താമസിപ്പിച്ചിരിക്കുന്നു… ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതിയോ ഞങ്ങൾ നാട്ടുകാരുണ്ട് ഇവിടെ!!”””

എന്നൊക്കെ അതിനിടയിൽ ഓരോരുത്തരുടെ അഭിപ്രായം കേട്ടു…

മിനി എല്ലാവരെയും ഒന്ന് നോക്കി പിന്നെ പറഞ്ഞു…

“” എനിക്കൊരു അബദ്ധം പറ്റി.. എല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പോന്നത് ഇവരുടെ മോന്റെ കൂടെ ആയിരുന്നു.. അയാൾക്ക് എന്നെപ്പോലെ പല സ്ഥലത്തും ഭാര്യമാരുണ്ട് എന്ന് തിരിച്ചറിയാൻ ഞാൻ വൈകിപ്പോയി!!! അയാൾ ഞങ്ങളെ ഉപേക്ഷിച്ച് വേറൊരുത്തിയുടെ കൂടെ പോയി.. എനിക്ക് ജീവിക്കണം ചെറിയ കുഞ്ഞാണുള്ളത്, അതിനെ ഇവിടെ ഇട്ട് ജോലിക്ക് പോകാൻ വയ്യ എന്റെ കഷ്ടതകൾ മനസ്സിലാക്കി ഒരാൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നപ്പോൾ വേണ്ട എന്ന് പറയാൻ തോന്നിയില്ല ഇതിൽ ആർക്കും എതിര് ഉണ്ടെങ്കിലും വരാം ഞങ്ങൾക്ക് ചിലവിന് തരാം… അങ്ങനെയാണെങ്കിൽ ഇവർ പറഞ്ഞതുപോലെ ഞാൻ ജീവിച്ചോളാം ഇനി നിങ്ങൾക്ക് ആർക്കും ചെലവിന് തരാൻ പറ്റിയില്ലെങ്കിൽ ഇവരുടെ മോന്റെ ഭാര്യക്ക് ചെലവിന് തരാൻ പറ്റുമോ എന്ന് അവരോട് തന്നെ ചോദിക്ക്.. പട്ടിണി കൂടാതെ എനിക്കും എന്റെ കുഞ്ഞിനും ജീവിക്കണമല്ലോ… “””

വന്നവരുടെ ആവേശം ആറി തണുത്തിരുന്നു.. പ്രത്യേകിച്ച് രാജമ്മയുടെ പിന്നെ അവർക്ക് ഒന്നും മിണ്ടാൻ ഉണ്ടായിരുന്നില്ല.

“”” മിനി പറഞ്ഞതുപോലെ അവളുടെ കാര്യങ്ങൾ നിങ്ങൾ നോക്കിയാൽ അവൾ നിങ്ങൾ പറയുന്നതുപോലെ ജീവിച്ചോളും.. “”

എന്ന് അതിൽ ഒരാൾ പറഞ്ഞപ്പോൾ അവർ പറയുന്നുണ്ടായിരുന്നു,

“”” ഞങ്ങളെ കഴിയുന്നത് ദാരിദ്ര്യത്തിലാണ് പിന്നെയാണ് ഇവളുടെ കാര്യം കൂടി നോക്കുന്നേ!!””

എന്ന്..

“” എന്ത് തീരുമാനിച്ചു എന്നെയും എന്റെ കുഞ്ഞിനെയും ഏറ്റെടുക്കാൻ ഇവർക്ക് കഴിയുമോ?? എങ്കിൽ പിന്നെ ഞാൻ ഇവര് പറയുന്നതുപോലെ കേട്ട് ഇവിടെ അടങ്ങി ഒതുങ്ങി ജീവിച്ചോളാം!!””

പിന്നെ കണ്ടത് രാജമ്മ അവിടെ നിന്ന് രക്ഷപ്പെടാൻ നോക്കുന്നതായിരുന്നു എന്തൊക്കെയോ ശാപവാക്കുകൾ മിനിക്ക് നേരെ തൊടുത്തുവിട്ട് അവർ നിമിഷനേരം കൊണ്ട് സ്ഥലം കാലിയാക്കി ഒപ്പം മറ്റുള്ളവരും..

അപ്പോഴേക്കും അയാൾ പുറത്തേക്ക് വന്നിരുന്നു,

“””മണിയൻ!””

“” വെറുതെ നിനക്കും കൂടി ചീത്ത പേരായല്ലോ മിനി ഞാൻ പറഞ്ഞതല്ലേ അവരോട് എല്ലാവരോടും ഞാൻ വന്നു മാപ്പ് പറഞ്ഞോളാം എന്ന്!!!””

“”” എന്നിട്ട്?? മാപ്പ് പറഞ്ഞിട്ട്?? നമ്മളെല്ലാവരുടെയും മുന്നിൽ കുറ്റക്കാരായി ഇങ്ങനെ നിൽക്കണം എന്നാണോ?? “”

അതിന് മറുപടിയൊന്നും പറഞ്ഞില്ല മണിയൻ!

“”” എനിക്ക് ഒരിക്കൽ ഒരു തെറ്റുപറ്റി എന്നത് സത്യമാണ് അത്യാവശ്യം നല്ല രീതിയിൽ തന്നെ കഴിയുന്ന വീട്ടിൽ നിന്ന് അയാളുടെ പഞ്ചാര വാക്കുകള്‍ കേട്ട് തെറ്റിദ്ധരിച്ച് ഇറങ്ങിവന്നത് ഞാനാണ് എല്ലാം അയാളുടെ അഭിനയമാണ് എന്ന് തിരിച്ചറിയാൻ വൈകി ആദ്യത്തെ പുതുമ യൊക്കെ കഴിഞ്ഞപ്പോൾ ഒരു കുഞ്ഞിനെയും സമ്മാനിച്ച് അയാൾ എന്നെ ഇവിടെ തനിച്ചാക്കി പുതിയ പെണ്ണുങ്ങളെ തേടി പോയി…. നിങ്ങൾക്ക് ഓർമ്മയുണ്ടോ എന്നാണ് ഞാൻ നിങ്ങളെ ആദ്യമായി കാണുന്നത് എന്ന്??
തൊട്ടാൽ പൊള്ളുന്ന പനി പിടിച്ച് എന്റെ കുഞ്ഞ് വിറച്ച് കിടന്നപ്പോൾ!! അതിനെ ഒന്ന് ആശുപത്രിയിൽ കേട്ടാൽ ഞാൻ ആദ്യമായി കൈനീട്ടിയത് നിങ്ങളുടെ മുന്നിലാണ് ആരാ എന്താ എന്നു പോലും അറിയാതെ!! പക്ഷേ ആരും അല്ലാഞ്ഞിട്ടും നിങ്ങളന്ന് എന്റെ കൂടെ വന്നു.. ഡോക്ടറെ കാണാൻ ഞങ്ങളുടെ കൂടെ വന്നു അവൾക്ക് വേണ്ട മരുന്നെല്ലാം വാങ്ങിത്തന്നു.. ഒപ്പം കഞ്ഞി വെക്കാൻ അല്പം അരിയും… ദൈവത്തേക്കാൾ വലിയ സ്ഥാനമായിരുന്നു അന്നുമുതൽ നിങ്ങൾക്ക് എന്റെ മനസ്സിൽ…

ഈ ചെറിയ കുഞ്ഞിനെ ഏൽപ്പിച്ചു പോകാൻ ആളുകളോ സ്ഥലമോ എനിക്കില്ല.. അതുകൊണ്ടുതന്നെ എന്ത് വേണം എന്നറിയാതെ പകച്ചുനിന്ന എന്റെ മുന്നിലേക്ക് വീണ്ടും നിങ്ങൾ സഹായം നീട്ടി…
തിരസ്കരിക്കാൻ ആകുമായിരുന്നില്ല അഭിമാനം അങ്ങനെ പറഞ്ഞെങ്കിൽ കൂടി..

എന്റെ കുഞ്ഞിനെ നിങ്ങൾ സ്നേഹിക്കുന്നത് കണ്ടപ്പോൾ, എപ്പോഴോ തോന്നിപ്പോയി അവൾക്ക് നിങ്ങളൊരു അച്ഛന്റെ സ്ഥാനത്തായിരുന്നെങ്കിൽ എന്ന്.. പക്ഷേ പറയാൻ ഭയമായിരുന്നു… എന്റെ അർഹതക്കുറവ് തന്നെ കാരണം..
പക്ഷേ എന്നോ നിങ്ങൾ എന്നെ ഇഷ്ടമാണ് കൂടെ ജീവിക്കാൻ താല്പര്യമുണ്ട് എന്ന് പറഞ്ഞപ്പോൾ… രണ്ടു കയ്യും നീട്ടി സ്വീകരിച്ചത് എനിക്ക് മാത്രം വേണ്ടിയായിരുന്നില്ല എന്റെ കുഞ്ഞിന് ഒരു അച്ഛനും കൂടി ആകുമല്ലോ എന്ന് കരുതിയാണ് കാരണം എനിക്ക് അറിയാമായിരുന്നു നിങ്ങൾക്കുള്ളിൽ അവളോട് എത്ര സ്നേഹം ഉണ്ട് എന്ന്….

പിന്നെ നാട്ടുകാര്.. എന്ത് കണ്ടാലും കുറ്റം പറയുകയല്ലാതെ ഒരാളെയും സഹായിക്കാൻ ആരും മെനക്കെടാറില്ല!! ജീവിച്ചിരിക്കുമ്പോൾ മുഴുവൻ കുറ്റം പറയും എന്നിട്ട് ചാവുമ്പോ പറയും അയ്യോ അവർ അത്രയും നല്ല ആളായിരുന്നു പെട്ടെന്ന് പോയല്ലോന്ന് ഇതിൽ കൂടുതൽ ഒന്നും അവർക്കും ചെയ്യാനില്ല….

അതുകൊണ്ടുതന്നെ ഈ നാട്ടുകാരുടെ മുന്നിൽ അല്പം ചീത്തപ്പേരെ കേൾപ്പിച്ചാലും എനിക്കതിൽ പ്രശ്നമൊന്നുമില്ല എന്റെ ശരി എനിക്കറിയാം..”‘

മിനി അത്രയും പറഞ്ഞപ്പോൾ മണിയൻ ഒന്ന് അവളെ നോക്കി അയാൾക്ക് അറിയാമായിരുന്നു അവൾ പറഞ്ഞതെല്ലാം ശരിയാണ് എന്ന്..
ആരോരുമില്ലാത്ത തനിക്ക് അവരുടെ സങ്കടം പെട്ടെന്ന് തന്നെ മനസ്സിലായി അച്ഛനില്ലാതെ വളർന്നതിന്റെ ദുഃഖം തന്നോളം അനുഭവിച്ച മറ്റാരുമില്ല അതുകൊണ്ടുതന്നെയാണ് ഇത്തിരി ഇല്ലാത്ത കുഞ്ഞിനോട് വല്ലാത്ത ഒരു മമത തോന്നിയത് ക്രമേണ അവളെ സ്വന്തം മകളെ പോലെ കാണാൻ തുടങ്ങി..

ആ കുഞ്ഞിന്റെ അച്ഛനാവാനുള്ള കൊതി കൊണ്ടാണ് അവളോട് ചോദിച്ചത് അവരുടെ ജീവിതത്തിലേക്ക് ഞാൻ കൂടി കടന്നു വന്നോട്ടെ എന്ന് അവൾ രണ്ടുപേരും സ്വീകരിച്ചു അറിയാം ഒരിക്കലും അതിന് ഒരു കാമത്തിന്റെ നിറമല്ല പക്ഷേ, കാരുണ്യത്തിന്റെയും ദയയുടെയും സ്നേഹത്തിന്റെയും ആണ് എന്ന്..
അത് എത്ര നോക്കിയാലും മറ്റുള്ളവർക്ക് കാണാനും കഴിയില്ല!!

അതുകൊണ്ടുതന്നെയാണ് മണിയനും തീരുമാനമെടുത്തത് ഇനിയിപ്പോൾ മുന്നോട്ടു പോവുക തന്നെ, മോളുടെ അച്ഛനായി അവൾക്ക് തുണയായി.. ആരുതന്നെ എതിർത്താലും…

കാരണം ഈ എതിർക്കാൻ വരുന്നവർ, അതുമാത്രമാണ് ചെയ്യുന്നത്…
ആർക്കും ഒരു ഉപകാരവും ഇല്ലാത്ത എതിർപ്പ്…