രചന : ശ്രേയ
——————–
” കിഷോർ.. എനിക്ക് ഒരു ജോബ് ഓഫർ വന്നിട്ടുണ്ട്. “
വൈകുന്നേരം കിഷോർ ജോലി കഴിഞ്ഞു വന്നപ്പോൾ തന്നെ രേഷ്മയ്ക്ക് പറയാൻ ഉണ്ടായിരുന്നത് അതായിരുന്നു.
വിവാഹം കഴിഞ്ഞു ഏകദേശം ആറുമാസത്തോളം ആയിട്ടുണ്ട്. വിവാഹം ഉറപ്പിച്ച സമയം മുതൽ തന്നെ അവൾ ജോലി നോക്കുന്നുണ്ടെങ്കിലും ഒന്നും ശരിപ്പെട്ടിരുന്നില്ല.
വിവാഹം കഴിഞ്ഞതിനു ശേഷം ജോലി നോക്കുമ്പോൾ വീട്ടിൽ നിന്ന് ദിവസവും പോയി വരാവുന്ന ദൂരത്തിൽ മതി എന്നൊരു കണ്ടീഷൻ ഭർത്താവിന്റെ വീട്ടുകാർ വച്ചതോടെ അവൾ പെട്ടു എന്ന് പറഞ്ഞാൽ മതി.
തൊട്ടടുത്ത് കിട്ടുന്ന ജോലിക്ക് ചിലപ്പോൾ ശമ്പളം കുറവായിരിക്കും. അല്ലെങ്കിൽ വർക്കിംഗ് ടൈം പ്രശ്നമായിരിക്കും. ഇതൊന്നുമല്ലെങ്കിൽ അവളുടെ കോളിഫിക്കേഷൻ പറ്റുന്നതായിരിക്കില്ല. അങ്ങനെ ഒരുപാട് അന്വേഷണങ്ങൾക്കും തിരച്ചിലുകൾക്കും ഒടുവിൽ കണ്ടു കിട്ടിയതാണ് ഇപ്പോഴത്തെ ജോലി.
അവളുടെ ക്വാളിഫിക്കേഷൻ അനുസരിച്ച് അത്യാവശ്യം നല്ല ശമ്പളത്തോടു കൂടി തന്നെ വീട്ടിൽ നിന്ന് പോയി വരാവുന്ന ദൂരത്തിൽ ആയിരുന്നു കിട്ടിയത്.
അതുകൊണ്ടുതന്നെ വളരെയധികം സന്തോഷത്തോടെയാണ് അവൾ ആ വാർത്ത അവനോട് പങ്കുവെച്ചത്.
” കുറെ അലഞ്ഞു തിരിഞ്ഞെങ്കിലും ഒരു ജോലി കിട്ടിയല്ലോ അല്ലേ.. “
കിഷോർ സന്തോഷത്തോടെ ചോദിച്ചു. അവളും സന്തോഷത്തോടെ ചിരിച്ചു.
“നീ അമ്മയോട് പറഞ്ഞില്ലേ..?”
അവൻ ചോദിച്ചപ്പോൾ അവൾ ഇല്ലെന്നു തലയാട്ടി.
“അതെന്താ പറയാതിരുന്നത്..?”
അവന് അതിശയമായി.
“ആദ്യം കിഷോറിനോട് പറയണം എന്ന് തോന്നി.അത് കഴിഞ്ഞിട്ട് അമ്മയോട് പറയാം എന്ന് കരുതി..”
അവൾ അത് പറഞ്ഞപ്പോൾ അവൻ ചിരിച്ചതേയുള്ളൂ.
” എന്നാൽ ശരി. ഇനി അമ്മയോട് പറയാമല്ലോ..? “
ചോദിച്ചപ്പോൾ തലയാട്ടിക്കൊണ്ട് അവനോടൊപ്പം അവളും അമ്മയ്ക്ക് അടുത്തേക്ക് നടന്നു..
” അമ്മേ.. ഒരു സന്തോഷവാർത്ത പറയാനുണ്ട്.. “
ഉമ്മറത്തിരിക്കുകയായിരുന്ന ശ്രീദേവിയുടെ അടുത്തേക്ക് ചെന്നു കൊണ്ട് കിഷോർ പറഞ്ഞു.
” എന്താടാ.. നിനക്ക് സാലറി കൂടിയോ..? “
അമ്മ ചോദിച്ചപ്പോൾ അവൻ അല്ലെന്ന് തലയാട്ടി.
“പിന്നെന്താടാ ഇത്ര വലിയ സന്തോഷവാർത്ത..?”
അമ്മ ചോദിച്ചപ്പോൾ അവൻ ചിരിച്ചുകൊണ്ട് അവളെ നോക്കി. പിന്നെ കാര്യം പറയാൻ തുടങ്ങി.
“ഇവൾക്ക് നല്ലൊരു കമ്പനിയിൽ ജോലി ശരിയായിട്ടുണ്ട്.ഇവിടെ നിന്ന് പോയി വരാവുന്ന ദൂരം മാത്രമേയുള്ളൂ..”
അവൻ പറഞ്ഞപ്പോൾ അവരുടെ മുഖത്ത് അത്ര വലിയ തെളിച്ചം ഒന്നും രണ്ടാളും കണ്ടില്ല.
” സാലറി ഒക്കെ എങ്ങനെയാ..? “
അവർ ചോദിച്ചപ്പോൾ അവൾ അവരെ നോക്കി.
” സ്റ്റാർട്ടിങ് 20 ഉണ്ടാകും എന്നാണ് പറഞ്ഞത്.”
അവർ പറഞ്ഞപ്പോൾ അവരുടെ മുഖം വീർത്തു.
“ചുമ്മാ കമ്പ്യൂട്ടറും കുത്തിയിരിക്കാൻ ഇത്രയും സാലറി ഒക്കെ തരുമോ..? കണ്ടവന്റെ പുണ്ണും പഴുപ്പും കോരുന്ന എന്റെ മോൾക്ക് ഇല്ലല്ലോ ഇത്രയും ശമ്പളം..!”
അവർ പറഞ്ഞത് കേട്ടപ്പോൾ കിഷോർ അവളെ ഒന്ന് നോക്കി.
” ചേച്ചി നേഴ്സ് അല്ലേ..? ഇവളാണെങ്കിൽ സോഫ്റ്റ്‌വെയർ എൻജിനീയറും.. രണ്ടും രണ്ട് ഫീൽഡ് അല്ലേ.. അപ്പോൾ പിന്നെ ഇവരെ തമ്മിൽ എങ്ങനെയാ കമ്പയർ ചെയ്യാൻ പറ്റുന്നത്..?”
അവൻ ചോദിച്ചപ്പോൾ അവർ മുഖം തിരിച്ചു.
“ഡ്യൂട്ടി സമയം?”
വലിയ താൽപര്യമില്ലെങ്കിലും അവർ അന്വേഷിച്ചു.
“അത് ഷിഫ്റ്റ് സിസ്റ്റമാണ്..”
അവനാണ് മറുപടി പറഞ്ഞത്.പക്ഷേ അത് കേട്ടപ്പോൾ തന്നെ അവരുടെ മുഖം വീർത്ത് കെട്ടിയിരുന്നു.
“ഷിഫ്റ്റ് എന്നൊക്കെ പറയുമ്പോൾ രാത്രിയിലും ജോലി ചെയ്യേണ്ടി വരില്ലേ..? “
സംശയത്തോടെ അവർ ചോദിച്ചപ്പോൾ അവൻ തലയാട്ടി.
” എന്നിട്ട് നീ അതിനെ സമ്മതിച്ചോ..? “
അവർ അതിശയത്തോടെയാണ് അത് ചോദിച്ചത്.
“അതിൽ സമ്മതിക്കാൻ ഇത്രയും എന്തിരിക്കുന്നു.? അവൾ പഠിച്ചിട്ടുണ്ട് ജോലിക്ക് പോകണം എന്ന് പറഞ്ഞു.. ഞാൻ സമ്മതിച്ചു.യഥാർത്ഥത്തിൽ ഈ കാര്യത്തിൽ അവൾക്ക് എന്റെ സമ്മതത്തിന്റെ പോലും ആവശ്യമില്ല.”
അവൻ പറഞ്ഞത് കേട്ടപ്പോൾ അവർ ദേഷ്യത്തോടെ അവളെ നോക്കി.
“നിന്നോട് ഞാൻ മുമ്പും പറഞ്ഞിട്ടുള്ളതല്ലേ നൈറ്റ് ഉള്ള ജോലി ഒന്നും നോക്കണ്ട എന്ന്.. നീ ജോലിക്ക് പോയാൽ ഇവിടെ രാത്രിയിൽ എന്തെങ്കിലും അത്യാവശ്യം വന്നാൽ പിന്നെ ആരുണ്ട്..? ഈ ജോലിയുടെ കാര്യം മോൾ അങ്ങ് മറന്നേക്കു..”
അവർ പറഞ്ഞത് കേട്ട് അവൾക്ക് സങ്കടവും ദേഷ്യവും ഒക്കെ തോന്നുന്നുണ്ടായിരുന്നു.
ഇതിനു മുൻപും തനിക്ക് പല നല്ല അവസരങ്ങളും വന്നതാണ്. അതൊക്കെയും പലപല ന്യായീകരണങ്ങൾ പറഞ്ഞ് വേണ്ടെന്നു വയിപ്പിച്ചത് അമ്മായിയമ്മ തന്നെയാണ്.
“നൈറ്റ് ഷിഫ്റ്റ് ജോലിക്ക് അമ്മയ്ക്ക് ഇവിടെ എന്ത് അത്യാവശ്യം വരാൻ ആണെന്ന് എനിക്ക് മനസ്സിലാവുന്നില്ല..”
കിഷോർ ശാന്തമായ സ്വരത്തിലാണ് പറഞ്ഞതെങ്കിലും അവന് ദേഷ്യം വന്നിട്ടുണ്ട് എന്ന് അമ്മയ്ക്ക് വ്യക്തമായി.
“വയസ്സും പ്രായവുമായ മനുഷ്യരുള്ള വീടല്ലേ..? ഏതുസമയത്താണ് അത്യാവശ്യം വരിക എന്ന് പറയാൻ പറ്റില്ലല്ലോ..”
അമ്മ പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് പുച്ഛം തോന്നി.
“അസുഖം വന്നാൽ ചികിത്സിക്കാൻ ഇവൾ ഡോക്ടറും നഴ്സും ഒന്നുമല്ലല്ലോ.. അമ്മയുടെ മകൾ ഒരുത്തി ഉണ്ടല്ലോ നേഴ്സ് ആയിട്ട്.. അവൾക്ക് രാത്രിയിൽ ജോലിക്ക് പോകാൻ സൗകര്യത്തിനുവേണ്ടി അവളെയും ഭർത്താവിനെയും ഇവിടെ തൊട്ടടുത്തു തന്നെ വീട് വെച്ച് താമസിപ്പിച്ചിരിക്കുകയാണ്.. അവൾ രാത്രിയിൽ ജോലിക്ക് പോകുമ്പോൾ അവളുടെ കുട്ടികളെ നോക്കാൻ അമ്മയ്ക്ക് ബുദ്ധിമുട്ടില്ല. അവൾ വരാൻ വൈകിയാൽ അവൾക്കുള്ള ആഹാരം കൂടി ഇവിടെ വച്ച് ഉണ്ടാക്കി കൊടുത്തയക്കാനും അമ്മയ്ക്ക് പ്രശ്നമില്ല. പക്ഷേ എന്റെ ഭാര്യ രാത്രിയിൽ ജോലിക്ക് പോകാൻ പാടില്ല.. ഇതെവിടുത്തെ നിയമമാണ്…?”
അവൻ ചോദിച്ചപ്പോൾ അവർ ഒന്ന് പതറി.
അല്ലെങ്കിലും അവൻ പറയുന്നതിന് തെറ്റ് പറയാൻ പറ്റില്ല.മകൾ നേഴ്സ് ആണ് എന്നുള്ളത് കൊണ്ട് പലപ്പോഴും വിവാഹാലോചനകൾ മുടങ്ങിപ്പോയതാണ്.പക്ഷേ അവസാനം ഒരു പ്രൊപ്പോസൽ ശരിയായപ്പോൾ പയ്യന്റെ അമ്മയ്ക്ക് രാത്രി ജോലിക്ക് പോകുന്നത് ഇഷ്ടമല്ല എന്ന് പറഞ്ഞു.
വിവാഹം കഴിഞ്ഞ് അതിന്റെ പേരിൽ വീട്ടിൽ പ്രശ്നങ്ങൾ ആയപ്പോൾ അവളുടെ പേരും കുറച്ചു വസ്തു ആക്കി കൊടുത്തതും അവിടെ വീട് വയ്ക്കാൻ പറഞ്ഞതും ഒക്കെ താൻ തന്നെയായിരുന്നു.
അതിന് കിഷോറിന്റെ കയ്യിൽ നിന്നും അവന്റെ അച്ഛന്റെ കയ്യിൽ നിന്നുമൊക്കെ ഒരുപാട് പണം ചെലവ് ആവുകയും ചെയ്തു. ഇപ്പോഴും അവൾ രാത്രിയിൽ ജോലിക്ക് പോകുമ്പോൾ അവളുടെ കുട്ടികളെ നോക്കുന്നതും അവളുടെ വീട്ടിലെ കാര്യങ്ങൾ നോക്കുന്നതും എല്ലാം താനാണ്..
പക്ഷേ അവൾ എന്റെ മകളല്ലേ..? അതു പോലെയാണോ വന്നു കയറിയ ഒരു പെൺകുട്ടി..?
“ഇവർ തമ്മിൽ വലിയ ഒരു വ്യത്യാസമുണ്ടെന്ന് ഞാൻ മറന്നു.അത് അമ്മയുടെ സ്വന്തം മകളും ഇത് മരുമകളും ആണല്ലോ. അപ്പോൾ പിന്നെ ഇവർക്കിടയിൽ ഇങ്ങനെ പലതരത്തിലുള്ള വേർതിരിവുകൾ ഉണ്ടാകുന്നത് സ്വാഭാവികം.. പക്ഷേ ഇത് അത്ര നല്ല ശീലമല്ല..അവസാന കാലത്ത് അമ്മയെ നോക്കാനും അമ്മയുടെ കാര്യങ്ങൾ അന്വേഷിക്കാനും എന്റെ ഭാര്യ മാത്രമേ ചിലപ്പോൾ ഉണ്ടായി എന്ന് വരൂ…”
അവൻ പറഞ്ഞപ്പോൾ അവർ പുച്ഛത്തോടെ ചിരിച്ചു.
“അല്ലെങ്കിലും കല്യാണം കഴിഞ്ഞതിനു ശേഷം നിനക്ക് നിന്റെ ഭാര്യ പറയുന്നത് മാത്രമാണ് വേദവാക്യം.അതിനിടയിൽ ഞങ്ങൾ എന്തെങ്കിലും പറഞ്ഞാലും നീയത് കാര്യമാക്കില്ല.”
അമ്മ പറഞ്ഞപ്പോൾ അവൻ അവന്റെ ഭാര്യയെ ഒന്ന് നോക്കി.
ഇവിടെ നടക്കുന്ന സംഭാഷണങ്ങളും വാക്ക് തർക്കങ്ങളും ഒന്നും ഇഷ്ടമാകുന്നില്ല എന്ന് അവളുടെ മുഖത്ത് എഴുതി വച്ചിട്ടുണ്ട്.
“അവളുടെ ഭർത്താവ് എന്ന നിലയ്ക്ക് അവൾ ജോലിക്ക് പോകുന്നതിന് എനിക്ക് തടസ്സം ഒന്നുമില്ല.അവൾ ജോലിക്ക് പോകണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം.ഇനി ആ കാര്യത്തിൽ അമ്മയ്ക്ക് എന്തെങ്കിലും തടസ്സം ഉണ്ടെങ്കിൽ അത് പറഞ്ഞാൽ മതി. ബാക്കി എന്ത് ചെയ്യണമെന്ന് എനിക്കറിയാം..”
അവന്റെ വാക്കുകളിൽ ഒരു ഭീഷണിയുണ്ടെന്ന് അവർക്ക് തോന്നിയത് കൊണ്ടായിരിക്കണം അവർ ഒന്ന് പതറിയത്.
മകളുടെ ഭർത്താവിന്റെ വീട്ടിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായപ്പോൾ അവളെ തങ്ങൾ ഇവിടെയാണ് വീട് എടുത്തു താമസിപ്പിച്ചത്. ഇപ്പോഴും മരുമകൻ വല്ലപ്പോഴും അവന്റെ വീട്ടിലേക്ക് ഒന്ന് പോയാലായി. അവിടുത്തെ കാര്യങ്ങളിൽ ഒന്നും മരുമകനെ ഇടപെടുത്താതിരിക്കാൻ താൻ മാക്സിമം ശ്രമിച്ചിട്ടുണ്ട്.
ഇനി ഒരുപക്ഷേ തന്റെ മകനെയും കൊണ്ട് മരുമകൾ ഇങ്ങനെ പോയാൽ തനിക്കും ഇതു തന്നെയായിരിക്കും അവസ്ഥ..!
അതൊക്കെ ഓർത്തപ്പോൾ അവരുടെ തലയ്ക്ക് ചൂടുപിടിച്ചു.
“നിനക്ക് പ്രശ്നമൊന്നും ഇല്ലെങ്കിൽ പിന്നെ എനിക്കെന്താ..? അവൾ ജോലിക്ക് പോവുകയോ പോകാതിരിക്കുകയോ എന്താണെന്നു വെച്ചാൽ ചെയ്യട്ടെ..”
അവർ അത്രയും പറഞ്ഞുകൊണ്ട് അവിടെ നിന്ന് സ്ഥലം കാലിയാക്കുമ്പോൾ അതൊരു സന്തോഷത്തോടെയുള്ള ഒരു പറച്ചിൽ അല്ല എന്ന് രണ്ടുപേർക്കും മനസ്സിലായിരുന്നു..
എങ്കിലും തന്റെ സ്വപ്നം സഫലമാക്കുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു അവൾ..
അകത്ത് അമ്മായിയമ്മ ആകട്ടെ അവളുടെ സന്തോഷം എങ്ങനെ തല്ലിക്കെടുത്താം എന്ന ചിന്തയിലും..
എന്താകുമെന്ന് കണ്ടറിയാം….