രചന : ശ്രേയ
വീണ്ടും ഒരിക്കൽ കൂടി അവളെ കണ്ടുമുട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് അപ്രതീക്ഷിതമായി വഴിയിൽ വച്ച് അവളെ കണ്ടപ്പോൾ എന്തായിരുന്നു തന്റെ ഭാവം..?
തന്റെ മുഖത്ത് ചിരി ഉണ്ടായിരുന്നോ..? സന്തോഷമായിരുന്നോ..? ഒന്നും ഓർത്തെടുക്കാൻ കൂടി കഴിയുന്നില്ല.
പക്ഷേ അവൾക്ക് തന്നെ കണ്ടപ്പോൾ സന്തോഷം തന്നെയായിരുന്നു.മനോഹരമായ ഒരു ചിരിയോടെയാണ് തന്റെ അടുത്തേക്ക് വന്നത്.
“കിച്ചാ, സുഖം തന്നെയല്ലേ..?”
എത്ര മധുരമാണ് ഇപ്പോഴും അവളുടെ ശബ്ദം..
അല്ലെങ്കിലും ആ ശബ്ദത്തിലും ആ ശബ്ദത്തിൽ നിന്നുള്ള മനോഹരമായ പാട്ടിലും ആണല്ലോ താൻ അവളുടെ ഒരു ആരാധകനായി മാറിയത്..
പക്ഷേ പണ്ടത്തെ ആ പൊട്ടി പെണ്ണിൽ നിന്ന് അവൾ ഒരുപാട് മാറിയിട്ടുണ്ട്.ഇപ്പോൾ അത്യാവശ്യം മോഡേൺ ആണ് എന്ന് തന്നെ പറയാം.
കളർ ചെയ്ത സിൽക്ക് മുടിയും കണ്ണിലെ ലെൻസും മോഡേൺ വേഷവിധാനങ്ങളും ഒക്കെ അവളെ മറ്റാരോ ആക്കി മാറ്റിയത് പോലെയാണ് തോന്നിയത്.
പക്ഷേ ഭംഗി കുറവൊന്നുമില്ല.ഒരുപക്ഷേ തന്റെ മനസ്സിലുള്ള അവളുടെ രൂപം ആ ചെറിയ പെൺകുട്ടിയുടെ ആയതു കൊണ്ടായിരിക്കണം തനിക്ക് അതിൽ ഒരു അസ്വസ്ഥത തോന്നുന്നത്.
” താനെന്താടോ എന്നെ കണ്ടപ്പോൾ പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കുന്നത്..?”
അവൾ സൗഹൃദത്തോടെ അത് ചോദിക്കുമ്പോഴും തന്റെയുള്ളിൽ വല്ലാത്തൊരു വിങ്ങലായിരുന്നു എന്ന് അവന് തോന്നി.
“സുഖമായിരിക്കുന്നു.. തന്നെ പെട്ടെന്ന് കണ്ടതിന്റെ അമ്പരപ്പാണ്.. പിന്നെ ഇങ്ങനെ ഒരു വേഷവിധാനത്തിൽ തന്നെ പ്രതീക്ഷിക്കുന്നില്ലല്ലോ.. അതിന്റെ ആണ്..”
അവൻ പറയുമ്പോൾ അവളും ചിരിച്ചു.
” അത് ശരിയാ നമ്മുടെ നാട്ടിൻപുറത്ത് ഞാൻ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ.. പിന്നെ തന്റെ ഫാമിലിയൊക്കെ എന്ത് പറയുന്നു..?”
അതിനു പറയാൻ പ്രത്യേകിച്ച് മറുപടിയൊന്നും അവന്റെ പക്കൽ ഉണ്ടായിരുന്നില്ല.
“എന്താടോ?”
അവന്റെ പരുങ്ങൽ കണ്ടപ്പോൾ അവൾ അന്വേഷിച്ചു.
“അമ്മ മരിച്ചിട്ട് നാലഞ്ചു വർഷമായി. പിന്നെ ഫാമിലി എന്നുപറയാൻ മറ്റാരുമില്ല. തനിച്ചാണ്..”
അവൻ പറഞ്ഞത് കേട്ട് അവൾക്ക് ഒരു വല്ലായ്മ തോന്നി.
” താൻ വിവാഹം കഴിച്ചില്ലേ..?”
പതിഞ്ഞ ശബ്ദത്തിൽ അവൾ അന്വേഷിച്ചു.
“തനിക്ക് പകരമായി മറ്റൊരാളെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല..”
അവന്റെ മറുപടിയിൽ അവൾക്കൊരു കുറ്റബോധം തോന്നി.
” എടാ ഞാൻ.. എന്റെ കാര്യം.. “
അവനോട് എന്തു പറയണമെന്ന് പോലും അവൾക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല..
“തന്നെ ഞാൻ കുറ്റം പറഞ്ഞതല്ലല്ലോ.. ഞാൻ എന്റെ അവസ്ഥ പറഞ്ഞു എന്നെ ഉള്ളൂ.. തന്നെയല്ലാതെ മറ്റാരെയും ആ സ്ഥാനത്ത് കാണാൻ എന്നെ കൊണ്ട് പറ്റില്ലെടോ.. അതൊരു പക്ഷേ തന്നോടുള്ള എന്റെ ഇഷ്ടത്തിന്റെ വ്യാപ്തി കൊണ്ടായിരിക്കണം.”
അവൻ പറയുന്നത് കേട്ടപ്പോൾ കൂടുതൽ സംസാരത്തിന് നിൽക്കാതെ അവന്റെ മുന്നിൽ നിന്ന് ഓടി ഒളിക്കാനാണ് അവൾ ശ്രമിച്ചത്.
അന്ന് മുഴുവൻ അവൻ ചിന്തിച്ചത് അവളെ കുറിച്ച് മാത്രമായിരുന്നു.
അടുത്തടുത്ത വീടുകളിൽ ആയിരുന്നു തങ്ങളുടെ താമസം. അതുകൊണ്ടു തന്നെ വീട്ടുകാർ തമ്മിൽ നല്ല അടുപ്പത്തിൽ തന്നെയായിരുന്നു.
അവൾ ശ്രീദേവി.. അവളുടെ അമ്മ തങ്ങളുടെ ടീച്ചർ ആയിരുന്നു. അതുകൊണ്ടു തന്നെ അവരോട് അത്തരത്തിലും ഒരടുപ്പം തങ്ങൾ കാത്തു സൂക്ഷിച്ചിരുന്നു.
ഇടയ്ക്ക് പഠിപ്പിക്കുന്ന പോർഷനിൽ എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ ടീച്ചറുടെ വീട്ടിലേക്ക് ചെന്ന് അത് ക്ലിയർ ചെയ്യാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടായിരുന്നു.പലപ്പോഴും താനത് വിനിയോഗിച്ചിട്ടുണ്ട്.
പത്താം ക്ലാസിലേക്ക് എത്തിയപ്പോഴാണ് തനിക്ക് ട്യൂഷൻ വേണമെന്ന് വീട്ടിൽ അമ്മയും അച്ഛനും ഒക്കെ വാശി പിടിച്ചു തുടങ്ങിയത്.ശ്രീദേവി അത്യാവശ്യം നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു.
അതുകൊണ്ടുതന്നെ മിക്കപ്പോഴും പഠിപ്പിക്കുന്ന പോർഷനിലെ ഡൗട്ടുകൾ താൻ അവളോട് ആയിരുന്നു ക്ലിയർ ചെയ്തിരുന്നത്.
തനിക്ക് ഒരു ട്യൂഷൻ എന്ന ആശയം മുന്നിലേക്ക് വെച്ചപ്പോൾ അച്ഛനും അമ്മയും ആദ്യം പറഞ്ഞ പേര് ശ്രീദേവിയുടെ അമ്മയുടെ ആയിരുന്നു.
കുടുംബങ്ങൾ തമ്മിൽ അടുപ്പമുള്ളത് കൊണ്ടായിരിക്കണം അച്ഛനും അമ്മയും പറഞ്ഞപ്പോൾ ടീച്ചർ ആ ഓഫർ നിരസിക്കാതിരുന്നത്.
അതുകൊണ്ടു തന്നെ പത്താംക്ലാസിൽ എല്ലാ വൈകുന്നേരങ്ങളിലും താൻ അവിടെ നിത്യ സന്ദർശകനായി. ടീച്ചർ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ താനും ശ്രീദേവിയും ഒന്നിച്ചായിരുന്നു പഠിച്ചെടുത്തിരുന്നത്.
പതിയെ പതിയെ അവളോട് സൗഹൃദത്തേക്കാൾ ഉപരി മറ്റൊരു ബന്ധം ഉടലെടുക്കുന്നത് താൻ അറിയുന്നുണ്ടായിരുന്നു.
പക്ഷേ അവളോട് അത് തുറന്നു പറയാൻ തനിക്ക് സാധിച്ചിരുന്നില്ല.
പരസ്പരമുള്ള ഒരു നോട്ടവും ചിരിയും പോലും തന്നെ അവൾക്ക് അടിമപ്പെടുത്തി കളഞ്ഞിരുന്നു.
ഓരോ ദിവസവും ഉള്ള കൂടിക്കാഴ്ചകളും ഒന്നിച്ചുള്ള പഠനവും ഒക്കെയായി ദിനങ്ങൾ മുന്നോട്ടു പോയി.
പത്താം ക്ലാസിലെ റിസൾട്ട് വന്നപ്പോൾ തന്നെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു തന്റെ റിസൾട്ട്. ടീച്ചറുടെ ക്ലാസിന്റെ ഗുണമാണോ അതോ ശ്രീദേവിയോടുള്ള അടുപ്പം കാത്തുസൂക്ഷിക്കാൻ ആണോ നല്ല മാർക്കോടെ തന്നെയാണ് താൻ പത്താം ക്ലാസ് പാസായത്.
അന്ന് ടീച്ചർ തന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്. ഇതിനേക്കാൾ ഉയരങ്ങളിൽ എത്തണം എന്ന് പറഞ്ഞ് തന്റെ തലയിൽ കൈവച്ച് ആശിർവദിച്ചതും തനിക്ക് ഓർമ്മയുണ്ട്.
പ്ലസ് വണ്ണിൽ വീടിനടുത്ത് തന്നെയുള്ള സ്കൂളിൽ ചേർണമെന്നും രണ്ടുപേർക്കും ഒന്നിച്ച് പഠിക്കാൻ പോകണം എന്ന് നോക്കിയുള്ള പ്ലാനിങ്ങിൽ ആയിരുന്നു തങ്ങൾ.
പക്ഷേ അതിനിടയ്ക്കാണ് ഒരു ആക്സിഡന്റിൽ പെട്ട അച്ഛനെ നഷ്ടമാകുന്നത്. അതോടെ താങ്ങും തണലും ഇല്ലാത്ത ഒരു അവസ്ഥയിലായിപ്പോയി അമ്മയും താനും.
പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അനാഥമാക്കപ്പെട്ട രണ്ടു ജന്മങ്ങൾ.. എന്ത് ചെയ്യണമെന്നോ സഹായത്തിന് ആരുടെ മുന്നിൽ കൈ നീട്ടണമെന്നോ പോലും അറിയാത്ത അവസ്ഥ..
അവിടെയും തങ്ങൾക്ക് തുണയായത് ടീച്ചറും കുടുംബവും ആയിരുന്നു.
” ദിനേശ് പഠിക്കാൻ പോകാതിരുന്നാൽ എങ്ങനെയാണ്..? നീ പഠിച്ച നല്ല നിലയിൽ എത്തിയാൽ അല്ലേ അമ്മയെ നന്നായി നോക്കാൻ പറ്റും.. മോൻ നന്നായി പഠിക്കണം.. എന്തു സഹായം വേണമെങ്കിലും ഞങ്ങളൊക്കെ ഉണ്ടല്ലോ.. “
ടീച്ചർ അന്ന് പറഞ്ഞത് ഒരു വെറും വാക്കായിരുന്നില്ല എന്ന് മനസ്സിലായത് തനിക്ക് പഠിക്കാനുള്ള ബുക്കുകളും യൂണിഫോമുകളും ഉൾപ്പെടെ എല്ലാ സാധനങ്ങളും വീട്ടിൽ എത്തിച്ചു തന്നപ്പോഴായിരുന്നു.
ടീച്ചറുടെ ആ സ്നേഹവും വാത്സല്യവും കണ്ടില്ലെന്ന് നടിക്കാൻ തനിക്ക് കഴിയില്ലായിരുന്നു. കഷ്ടപ്പാടിനിടയിലും പഠനം മുന്നോട്ടു കൊണ്ടു പോയി.
അമ്മയ്ക്ക് അടുത്ത് തന്നെയുള്ള ഒരു സൂപ്പർമാർക്കറ്റിൽ ജോലി ശരിയാക്കി കൊടുത്തതും ടീച്ചറുടെ ഇടപെടൽ കൊണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ ജീവിതം തിരിച്ചുപിടിക്കാൻ കാരണക്കാർ അവരാണ് എന്ന് തന്നെ പറയാം.
ശ്രീദേവി പഴയതുപോലെതന്നെ അടുപ്പം കാത്തു സൂക്ഷിക്കുന്നുണ്ടായിരുന്നു.ജീവിതം ഒന്ന് ട്രാക്കിലായി എന്ന് തോന്നി തുടങ്ങിയപ്പോഴാണ് അവളോടുള്ള ഇഷ്ടം ഒരു മങ്ങലും ഏൽക്കാതെ തന്നെയുള്ളിൽ അവശേഷിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞത്.
പക്ഷേ തുറന്നു പറയാൻ മടിയായിരുന്നു.. അവരുടെ കാരുണ്യത്തിൽ ജീവിക്കുന്ന ഞങ്ങൾ ഒരു ദിവസം അവിടെ ചെന്ന് അവളോട് ഇഷ്ടം പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ എന്ന് ഊഹിക്കാൻ പോലും കഴിഞ്ഞില്ല. ഇനി ഒരുപക്ഷേ ഞാൻ ആ ഇഷ്ടം തുറന്നു പറയുമ്പോൾ അവൾ തന്നെ പരിഹസിച്ചാൽ ജീവിതകാലം മുഴുവൻ തന്നെ അത് കുത്തിനോവിക്കും.
അതൊക്കെ ഓർത്തപ്പോൾ തന്റെ ഇഷ്ടം ഉള്ളിൽ തന്നെ കുഴിച്ചു മൂടി.കാലം മുന്നോട്ടു പോകുന്നതിനോടൊപ്പം ഞങ്ങളും പഠിച്ചു.
അവൾ എഞ്ചിനീയറിങ് മേഖല തിരഞ്ഞെടുത്ത് നഗരത്തിലേക്ക് പഠിക്കാൻ പോയപ്പോൾ താൻ ഐടിഐയിൽ ക്ലാസിനു ചേർന്നു. ഒരു കൈത്തൊഴിൽ പഠിക്കുക എന്നുള്ളതാണ് തന്റെ ഏറ്റവും വലിയ ആവശ്യം എന്ന് ഒരു തോന്നൽ ആ സമയത്ത് ഉണ്ടായിരുന്നു.
അവൾ എഞ്ചിനീയറിങ് കഴിഞ്ഞ സമയത്ത് തനിക്ക് അത്യാവശ്യം ഭേദപ്പെട്ട രീതിയിൽ ശമ്പളമുള്ള ഒരു ജോലി ഉണ്ടായിരുന്നു. ആ ധൈര്യത്തിൽ ആയിരുന്നു അവളോട് ഇഷ്ടം പറഞ്ഞത്.
പക്ഷേ അവളുടെ മറുപടി ഞെട്ടിച്ചു കളഞ്ഞു..
” നീ എന്നോട് ഇഷ്ടം പറയുമെന്ന് കരുതി ഇത്രയും വർഷങ്ങൾ ഞാൻ കാത്തിരുന്നു.. പക്ഷേ വർഷങ്ങൾ കടന്നു പോകുംതോറും നിന്റെയുള്ളിൽ ഞാനില്ല എന്ന തിരിച്ചറിവായിരുന്നു എനിക്ക്. അതുകൊണ്ടാണ് വിവാഹത്തിന് ഞാൻ സമ്മതം മൂളിയത്.. അടുത്തമാസം എന്റെ വിവാഹമാണ്.. “
ആ വാക്കുകൾ തന്നോട് പറയുമ്പോൾ തന്നോട് ഒപ്പം തന്നെ അവളും കരയുന്നുണ്ടായിരുന്നു.ഒരുപക്ഷേ ഞാൻ കുറച്ചുകൂടി നേരത്തെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ തങ്ങൾക്കുണ്ടാകുമായിരുന്നില്ല എന്ന് തോന്നൽ തന്നെ കുത്തി നോവിക്കുന്നുണ്ടായിരുന്നു.
അവളുടെ വിവാഹത്തിന് എല്ലാ കാര്യങ്ങളിലും മുൻപന്തിയിൽ ഉണ്ടാകണമെന്ന് ടീച്ചർ തന്നെ ചേർത്തുപിടിച്ചു പറയുമ്പോഴും ഉള്ളിൽ വല്ലാത്തൊരു നഷ്ടബോധമായിരുന്നു.
വിവാഹശേഷം അവൾ പടിയിറങ്ങിയപ്പോൾ തന്റെ സന്തോഷങ്ങളും അവൾക്കൊപ്പം ഇറങ്ങിപ്പോവുകയാണ് എന്ന് തോന്നിയിരുന്നു. ഇനി ഒരു നിമിഷം പോലും ആ നാട്ടിൽ നിൽക്കാനാവില്ല എന്ന് തോന്നൽ ഉണ്ടായപ്പോഴാണ് അമ്മയുടെ കൈപിടിച്ച് ആ നാട് ഉപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് കയറിയത്.
പിന്നീട് ഇപ്പോഴാണ് അവളെ കാണുന്നത്..
ഓർമ്മകളിൽ നിന്ന് തിരികെ എത്തുമ്പോൾ അവന്റെ കണ്ണുകളിൽ വെള്ളം നിറഞ്ഞിരുന്നു..
പറയാതെ പോയ ഒരു പ്രണയം ഉള്ളിനെ കുത്തിനോപിക്കുമ്പോഴും അവളിപ്പോൾ നന്നായി ജീവിക്കുന്നുണ്ടല്ലോ എന്നൊരു സന്തോഷവും അവനു ഉണ്ടായിരുന്നു..