പറയാതെ പോയെങ്കില്‍ – രചന: NKR മട്ടന്നൂർ
ദേവു എന്നും പറയുമായിരുന്നു അവളുടെ മാത്രം സങ്കടങ്ങള്‍…അന്നൊക്കെ അതിത്രമാത്രം വലുതാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. അപ്പോഴൊക്കെ അവളെ സമാധാനിപ്പിക്കാനായിരുന്നു ഞാനങ്ങനെ പറഞ്ഞിരുന്നത്…
നിനക്കു ഞാനില്ലേന്ന്…
കുട്ടിക്കാലത്തേ പെണ്ണിനെന്നോട് വല്യ കാര്യായിരുന്നു. ശ്രീഹരിയെന്ന് ഒരിക്കലും എന്നെ വിളിച്ചിരുന്നില്ല. അവള്‍ക്കു ഞാന്‍ ശ്രീക്കുട്ടേട്ടനായിരുന്നു. ആ പേരു വിളിക്കാന്‍ പെണ്ണ് കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ ഞാനാ പറഞ്ഞത് നീ എന്നെ ”ഏട്ടാ” ന്ന് വിളിച്ചാല്‍ മതീന്ന്…
അന്നു മുതല്‍ അവളുടെ ഏട്ടനാ ഞാന്‍…ആ വിളിയില്‍ പെണ്ണ് സ്നേഹം നിറച്ചു തുടങ്ങിയത് എന്നാണെന്നറിയില്ല…പക്ഷേ എനിക്കാ വിളി കേള്‍ക്കാന്‍ കൊതിയായിരുന്നു…ഞാന്‍ നാലാം ക്ലാസ്സിലെത്തുമ്പോഴാ പെണ്ണിന്‍റെ വാശികാരണം എന്‍റെ സ്കൂളില്‍ തന്നെ അവളെയും ചേര്‍ത്തത്…
പെണ്ണിനെപ്പോഴും എന്‍റെ വിരലില്‍ തൂങ്ങണം…രാവിലെ ഒമ്പതു മണിക്കു മുന്നേ കുളിച്ചു കുറിയൊക്കെ തൊട്ടു ബാഗുമായ്…ഏട്ടാ വാ പോകാംന്നും പറഞ്ഞ് എന്‍റെ മുറ്റത്ത് വരും. പിന്നെ കയ്യില്‍ തൂങ്ങി കിന്നാരം പറഞ്ഞോണ്ട് ബസ്സ്റ്റോപ്പില്‍ പോയിരിക്കും. സ്കൂള്‍ ബസ്സ് വരുന്നത് വരെ വാ പൂട്ടില്ല പെണ്ണ്.
ഞാനും എപ്പോഴൊക്കെയോ അവളെ ”കറുമ്പീന്നാ” വിളിച്ചിരുന്നത്…പെണ്ണിന് അറിയില്ലായിരുന്നു അതിന്‍റെ അര്‍ത്ഥം. അതിനാല്‍ ആ പാവം, ഓ..എന്നും പറഞ്ഞ് എന്‍റെ പിറകേ വരും.
ഓരോ വര്‍ഷം കഴിയും തോറും അവള്‍ കുറേ കേട്ടു ആ വിളി. ആറാം ക്ലാസിലെത്തിയപ്പോഴായിരുന്നു ഒരുദിവസം വൈകിട്ട് സ്കൂള്‍ ബസ്സിലേക്ക് വന്നു കയറുമ്പോള്‍ പെണ്ണിന്‍റെ കണ്ണില്‍ നിറയേ വെള്ളം. പുറം കൈകൊണ്ട് തുടച്ചിട്ടൊന്നും തീരുന്നില്ല…തലയും കുനിച്ചു ബസ്സിലിരുന്നു.
ഒടുവില്‍ വീട്ടിലേക്ക് നടക്കുമ്പോള്‍ ഞാനതിനെ പിടിച്ചു നിര്‍ത്തി… ”ഏട്ടനോട് പറയില്ലേന്നും” ചോദിച്ചു പരിഭവിച്ചപ്പോള്‍ ചിതറി വീണു കുറച്ചു വാക്കുകള്‍…ഏതോ തലതെറിച്ച പയ്യന്‍ അവളോട് മുഖത്തു നോക്കി ചോദിച്ചു പോലും ഈ കരിപോലത്തെ പെണ്ണിനെ ആരാ കല്യാണം കഴിച്ചോണ്ട് പോകുവാന്ന്…?
ആ സങ്കടം കണ്ടപ്പോള്‍ എനിക്കും സഹിക്കാന്‍ വയ്യാ…ഒടുവില്‍ ഞാന്‍ പിന്നേയും അങ്ങനെ തന്നെ പറഞ്ഞു…
”നിനക്കു ഞാനില്ലേന്ന്…”
അങ്ങനെ അവള്‍ കണ്ണു തുടച്ചു. എന്നെ നോക്കി ഭംഗിയായൊരു ചിരിയും തന്നു. കാലം കടന്നു പോയപ്പോള്‍ ദേവു ശരീര വളര്‍ച്ചയ്ക്കൊപ്പം സുന്ദരിയാവാനും തുടങ്ങി. എപ്പോഴും വരും എന്നരികിലേക്ക്. ഞാനായിരുന്നു അവളുടെ പഠന കാര്യത്തിലെ സംശയങ്ങളെല്ലാം തീര്‍ത്തു കൊടുക്കുന്നത്…
നല്ല പോലെ പഠിച്ചു പത്താം ക്ലാസ്സിലെ പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും A+ നേടി നമ്മുടെ നാടിന്നഭിമാനമായ് മാറിയതും അവള്‍ മാത്രായിരുന്നു. നാട്ടിലെ ചെറുതും വലുതുമായ വേദികളിന്നെല്ലാം സ്വീകരണം വാങ്ങാനുള്ള യാത്രയിലും ഞാനായിരുന്നു അവളുടെ കൂടെ…എവിടേയും അവളുടെ ഏട്ടന്‍റെ കൂട്ടു മതി അവള്‍ക്ക്…
ഒരു തവണ ഒരു വേദിയില്‍ വെച്ച് ആരോ അവളെ രണ്ടു വാക്കുകള്‍ പറയാന്‍ നിര്‍ബന്ധിച്ചപ്പോള്‍ പെണ്ണു പറയുകയാ… ”ഈ ഏട്ടനാ എന്‍റെ എല്ലാ വിജയങ്ങള്‍ക്കും കാരണമെന്ന്…” അതു കേട്ട് സദസ്സിലുള്ളവരെല്ലാം എന്നെ നോക്കി കയ്യടിച്ചു.
അന്നു മുതലാ ദേവു എന്നോട് കുറച്ചു കൂടി അടുപ്പം കാട്ടിത്തുടങ്ങിയത്. വാക്കുകളെല്ലാം എന്നെ എന്നോ സ്വന്തമാക്കിയതു പോലെ അധികാരത്തോടെ ആയി.
അവള്‍ക്കെന്തു കിട്ടിയാലും അതെടുത്ത് എന്‍റരികിലേക്ക് ഓടി വരുമായിരുന്നു. എന്നിട്ടതീന്ന് ഒന്നു എനിക്കു തരും. ഞാനത് കഴിച്ചു തുടങ്ങിയാല്‍ പിന്നേയും എന്‍റെ കയ്യിലുള്ളത് വാങ്ങിയിട്ട് അവളുടെ കയ്യിലുള്ളത് എനിക്കു തരും. ഒക്കേയും അതിന്‍റെ ഇഷ്ടങ്ങളായിരുന്നു.
പ്ലസ്ടു കഴിയുമ്പോഴേക്കും ഞാന്‍ ഡിഗ്രി കഴിഞ്ഞു ഒരു ജോലി നേടിയിരുന്നു. അപ്പോഴും വൈകിട്ട് വീട്ടിലെത്തുമ്പോള്‍ എന്നെയും കാത്തിരിപ്പുണ്ടാവും വരാന്തയില്‍…അപ്പോഴും വിഷയങ്ങളിലെല്ലാം സംശയം മാറ്റാന്‍ ഞാന്‍ തന്നെ സഹായിക്കേണ്ടി വന്നു.
”അതൊരു സുഖമായ് ഹൃത്തടങ്ങളിലെവിടേയോ ആനന്ദം നിറയ്ക്കുന്നുണ്ടായിരുന്നു…ദേവുവിന്‍റെ പേരുമാത്രം ആലേഖനം ചെയ്ത ഒരു ഹൃദയഭിത്തി എന്നുള്ളിലുള്ളതു പോലെ…”
എന്‍റെ മനസ്സറിയാനാവും ഓഫീസിലെ വിശേഷങ്ങളൊക്കെ വള്ളി പുള്ളിവിടാതെ അറിയേണം പെണ്ണിന്…പല വാക്കുകള്‍ക്കിടയിലും ഒളിഞ്ഞിരിക്കുന്നതിനെ ചികഞ്ഞെടുക്കും ദേവു…എല്ലാം തുറന്നു പറയാനായിരുന്നു എനിക്കുമിഷ്ടം…
ദേവു പഴയ അതേ മനസ്സോടെ തന്നെയായിരുന്നു അപ്പോഴും. എല്ലാം ഏട്ടനെ അറിയിക്കണം…ഏട്ടന്‍റെ തെളിഞ്ഞ മുഖമൊന്നു വാടിയാല്‍ സങ്കടാവും…കരയാതെ നിറഞ്ഞ മിഴികളോടെ ഒരു നോട്ടം തരും. പാവം എനിക്കും അതു കാണാന്‍ വയ്യ…
അവളുടെ അമ്മയും വരാറുണ്ട് പലപ്പോഴും വീട്ടില്‍, ദേവുവും കാണും അപ്പോഴും ആ കൂടെ…അവരിരുവരില്‍ ആരാണ് ഏറ്റവും നിഷ്ക്കളങ്കരായത് എന്ന് ആലോചിച്ചിട്ടിതുവരെ ഒരുത്തരം കിട്ടിയിട്ടില്ലെനിക്ക്.
വീടിന്‍റെ പുതുക്കി പണിയല്‍ കഴിഞ്ഞപ്പോഴേക്കും ദേവുവും പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി. ഇനി ഞാനെന്താ പഠിക്കേണ്ടത് എന്നു ചോദിച്ചു എന്നോട് ഒരുവട്ടം…തൊണ്ണൂറ് ശതമാനം മാര്‍ക്കോടെയായിരുന്നു പെണ്ണ് പ്ലസ്ടു പാസ്സായത്. ഒരു ടീച്ചറാവാനാ മോഹമെന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു എന്നോട്…
അങ്ങനെ ടി.ടി.സി ക്ക് ചേര്‍ന്നു പഠനം തുടങ്ങി. ഒരു ഞായറാഴ്ച രാവിലെ വീട്ടിലേക്ക് ഓടി വന്നു. കുളിച്ചു കുറിയൊക്കെ തൊട്ട്…എനിക്കിഷ്ടമാണെന്ന് ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്ന സാരിയും ഉടുത്തോണ്ട്…ഞാന്‍ വരാന്തയിലെ കോണില്‍ പത്രം വായിച്ചിരിപ്പുണ്ടായിരുന്നു.
അരികില്‍ വന്നെങ്കിലും ഏതോ ഓര്‍മ്മകളിലെന്ന പോലെ ആടിയുലയുന്ന മനസ്സാണ് ഉള്ളിലുള്ളതെന്ന് വ്യക്തം. തന്‍റെ ജീവിതത്തിലെ ഏതോ വലിയ ഒരു തീരുമാനത്തിനു മുന്നില്‍ നില്‍ക്കുന്നതു പോലെ. അതു ശരിയായിരുന്നു…ഏട്ടാ, നല്ല സ്നേഹം നിറഞ്ഞ ശബ്ദം. ഞാനവളെ നോക്കി…
എന്താ ദേവു രാവിലെ കുളിച്ചു സുന്ദരിയായിട്ടുണ്ടല്ലോ…? എങ്ങോട്ടേലും പോവുന്നുണ്ടോ ഇന്ന്…?
ഏയ് ഇല്ല…അതല്ല…പിന്നെ…? ഇന്നു കുറച്ചു പേര്‍ വരുന്നുണ്ട് വീട്ടിലേക്ക്…അമ്മ പറഞ്ഞയച്ചതാ എന്നെ ഏട്ടനെ കൂട്ടിക്കൊണ്ട് അങ്ങോട്ട് ചെല്ലാന്‍…ആരാ..എവിടുന്നാ…എന്തിനാ അവരിപ്പോള്‍ നിന്‍റെ വീട്ടിലേക്ക് വരുന്നത്…?
ഒന്നിനും മറുപടി പറയാതെ ഒരു നാണം കലര്‍ന്ന ചിരിയോടെ പെണ്ണിന്‍റെ മുഖം താണു. മനസ്സ് അപ്പോള്‍ തന്നെ പറഞ്ഞു തന്നു കാര്യങ്ങള്‍. ഇതൊരു പെണ്ണുകാണല്‍ ചടങ്ങാവാനാ സാധ്യത. ഏട്ടാ ഒന്നു വേഗം വര്വോ…? അമ്മ കാത്തിരിക്കുന്നുണ്ടാവും എന്നെ. അവള്‍ പോവാന്‍ അക്ഷമ കാട്ടി.
ഞാന്‍ വേഗം പോയി കുളിച്ചു ഫ്രഷായ് വന്നു. ഒരു മുണ്ടു ഷര്‍ട്ടും…ദേവുവിന്‍റെ ഇഷ്ടമതായിരുന്നു. അവളുടെ കൂടെ പാടത്തു കൂടി നടക്കുമ്പോള്‍ പെണ്ണിന്‍റെ മൗനമെന്നെ അതിശയപ്പെടുത്തി. അടുത്തു കിട്ടിയാല്‍ ഒരു നിമിഷം പോലും വാ അടച്ചു വെയ്ക്കാത്തവളിതാ ഇപ്പോള്‍ മൗന വൃതം നോല്‍ക്കുന്നു.
ദേവുവിന്‍റെ നാവ്
ലീവിലാണോ…? ഞാന്‍ കളിയായ് ചോദിച്ചു. അവളപ്പോഴും ഗൗരവതരമായ ഏതോ ആലോചനയില്‍ തന്നെ. ഒരു വേള എന്നെ തൊട്ടുരുമ്മി നടന്നു. എന്നിട്ടെന്‍റെ മുഖത്തേക്ക് നോക്കി. ഞങ്ങളുടെ പൊക്കം നോക്കിയതാവും…
ചേര്‍ത്തു പിടിച്ച എന്‍റെയും അവളുടേയും കൈകള്‍ നോക്കി. ഏട്ടാ ഞാന്‍ ഇത്തിരി കൂടി വെളുത്തിരുന്നുവെങ്കില്‍ നന്നായിരുന്നു അല്ലേ…?
പെണ്ണിന്‍റെ കണ്ണില്‍ നനവുണ്ടോ…? അതെന്തിനാ ഇപ്പോള്‍ അങ്ങനെ ഒരു ചിന്ത…? ഞാനാ കണ്ണുകളിലേക്ക് നോക്കി. നല്ല സുന്ദരമായ നീല നയനങ്ങള്‍. കവിളുകളില്‍ കൂടി ഇത്തിരി ചുവപ്പു രാശി പടര്‍ന്നിരുന്നെങ്കില്‍…അല്ലെങ്കിലും ഈ ദേവൂട്ടി വല്യ സുന്ദരിയാണല്ലോ…? ഞാന്‍ പറഞ്ഞു.
അത് ഏട്ടനെന്നോടുള്ള ഇഷ്ടം കൊണ്ടു പറയണതല്ലേ…? ഈ കറുമ്പി പെണ്ണ് എന്‍റെ ഏട്ടനൊരിക്കലും ചേരില്ല. ഞാനെന്‍റെ ഓര്‍മ്മ വെച്ച നാള്‍ മുതല്‍ മനസ്സില്‍ ചേര്‍ത്തു വെയ്ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതാ…പക്ഷേ ഏട്ടന് ചേരാത്ത നിറമാ ദേവുവിന്‍റേത്…അത് ഒരിക്കലും ചേരാതെ അങ്ങനെ തന്നെ കിടക്കുവാ ഇപ്പോഴും…
ഞാനവളെ പിടിച്ചു നിര്‍ത്തി. ഡീ…നീ എത്ര ചേര്‍ത്തു വെച്ചിട്ടും ഞാന്‍ നിനക്കാണോ ചേരാത്തത്…?
അല്ല…ഈ ദേവുവാ എന്‍റെ ഏട്ടന് ചേരാത്തത്…അവള്‍ക്കു സങ്കടം.
അതുകൊണ്ട് നീയെന്തു ചെയ്യാന്‍ പോവുന്നു…? ഞാന്‍ ആ കണ്ണുകളിലേക്ക് നോക്കി.
എനിക്കു എല്ലാം കൊണ്ടും ചേരുന്നൊരാള്‍, ഇന്നെന്നെ കാണാന്‍ വരുന്നുണ്ട്.
ഓഹോ…അപ്പോള്‍ അതാണ് കാര്യം അല്ലേ…? എന്നാലും എന്‍റെ ദേവൂ നീ ഈ കാര്യം മാത്രം നിന്‍റേട്ടനോട് ഒളിച്ചു വെയ്ക്കയായിരുന്നു ല്ലേ…? ഞാന്‍ പരിഭവത്തോടെ ചോദിച്ചു.
പെണ്ണിന്‍റെ കണ്ണുകള്‍ നിറഞ്ഞു. ഏട്ടാ…ഒളിച്ചു വെച്ചതൊന്നുമല്ല. എന്‍റമ്മയ്ക്ക് എന്നെയോര്‍ത്ത് മനസ്സു നിറയേ ആധിയാ…കെട്ടാനാരും വരാതെ വീട്ടിലിരുന്നു പോവ്വോന്നുള്ള പേടിയും…കുറേ നാളായിട്ട് എന്നെ നിര്‍ബന്ധിക്കണുണ്ട്…ഞാന്‍ പഠിക്കണംന്ന് പറഞ്ഞത് കൊണ്ടായിരുന്നു ഇത്ര നാളും പിടിച്ചു നിന്നത്.
ദേവുവിന്‍റെ കണ്ഠമിടറിയിരുന്നു…ഏട്ടാ ഞാനൊന്നു ചോദിച്ചോട്ടെ…? ഞാനാരാ ഈ മനസ്സില്‍…അവിടെ എനിക്കുള്ള സ്ഥാനമെന്താ…? ഒരുപാട് നാളായ് എന്‍റെ മനസ്സിലുണ്ടായിരുന്നതാ ഈ ചോദ്യം. പക്ഷേ ഒരിക്കല്‍ പോലും ചോദിക്കാനായില്ല എനിക്ക്…അതിനു കാരണം ഏട്ടനെന്നോട്…
പെണ്ണിനു കരച്ചില്‍ വന്നു. കുട്ടിക്കാലം മുതലേ കറുമ്പിയെന്ന വിളി കേട്ടു ഒത്തിരി കരഞ്ഞിട്ടുണ്ട്…അപ്പോഴൊക്കെ ഞാന്‍ ഈ മുഖത്ത് നോക്കിയാ കണ്ണീരൊപ്പിയത്… ”നിനക്ക് ഞാനില്ലേ” എന്ന ഏട്ടന്‍റെ വാക്കുകള്‍ കേട്ടായിരുന്നു മനസ്സിനെ ആശ്വസിപ്പിച്ചിരുന്നത്.
പക്ഷേ വലുതായപ്പോഴേ എനിക്കെന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞുള്ളൂ. സമൂഹത്തിലുണ്ട് ഇപ്പോഴും എന്നെപ്പോലെ തൊലിയുടെ നിറം മങ്ങിപ്പോയവരെ അവഗണിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നതിലൂടെ ആനന്ദം കണ്ടെത്തുന്ന ക്രൂരമായ മനസ്സിനുടമകളായ ഒത്തിരിപ്പേര്‍…പക്ഷേ എന്‍റെ ഏട്ടന്‍റെ കണ്ണുകളില്‍ മാത്രേ ഞാനാ അവഗണന ഒരിക്കല്‍ പോലും കാണാതിരുന്നിട്ടുള്ളൂ.
ഞാനാ രണ്ടു ചുമലിലും കൈവെച്ചു എനിക്കഭിമുഖമായ് പിടിച്ചു അവളെ…നിന്‍റെ ഏട്ടനോട് മനസ്സു തുറന്ന് പറയൂ…എന്താ ഈ ഏട്ടന്‍ നിനക്ക് ചെയ്തു തരേണ്ടത്…എന്താ ഈ മനസ്സില്‍…? നീ സ്നേഹിക്കുന്നുണ്ടോ എന്നെ…?
ഏട്ടാ അത്…ഞാന്‍…വാക്കുകള്‍ കിട്ടാതെ പെണ്ണെന്‍റെ കണ്ണുകളിലേക്ക് നോക്കി…പെണ്ണിന്‍റെ മനസ്സു കാണാം ആ മിഴികളിലൂടെ…പ്രണയാര്‍ദ്രമായൊരു കുഞ്ഞു ഹൃദയത്തിന്‍ മിടിപ്പു കേള്‍ക്കാം…എന്നെ ഒരിക്കലും കൈവിടല്ലേ എന്നൊരു യാചനയും കേള്‍ക്കാനാവുന്നുണ്ട് കാതുകള്‍ക്ക്…
ഏട്ടനെന്നെ അങ്ങനെ കാണാനാവ്വോ…? ഏട്ടന്‍റെ ജീവിതം പകുത്തു തരാനാവ്വോ ഈ ദേവൂന്ന്…മോഹമുണ്ടായിരുന്നു ഈ പൊട്ടിപ്പെണ്ണിന്…പക്ഷേ ഒരിക്കല്‍ പോലും കൊതിക്കാതിരിക്കയായിരുന്നു ഞാന്‍.
കാരണം ഏട്ടനെന്നെ ആ അര്‍ത്ഥത്തില്‍ ഒന്നു തൊട്ടു നോക്കിയിട്ടില്ലായിരുന്നു ഇന്നുവരെ…എനിക്കിഷ്ടായിരുന്നു എപ്പോഴോ മുതല്‍…പക്ഷേ ഏട്ടനെന്നെ അങ്ങനെ കണ്ടില്ലെങ്കിലോ എന്നോര്‍ത്ത് പറയാതിരുന്നതാ ഇന്നേവരെ…
ഒരിക്കലും എന്നെ വെറുത്തു പോവാതിരിക്കാന്‍ ഞാനെന്‍റെ മനസ്സില്‍ ഒളിച്ചു വെയ്ക്കയായിരുന്നു എന്‍റിഷ്ടങ്ങളെല്ലാം…
അവളെന്‍റെ മാറില്‍ മുഖം ചേര്‍ത്തു വിതുമ്പി…ആ കണ്ണീരിന്‍റെ ചൂടേറ്റ് എന്‍റെ ഹൃദയവും പൊള്ളി…ഞാനും അവളെ കുടുതല്‍ ഇഷ്ടത്തോടെ ചേര്‍ത്തു പിടിച്ചു ഒരു ആയുഷ്ക്കാലത്തേക്കെന്ന പോലെ…