തൻ്റെ വയറിൽ പതിഞ്ഞ കൈകൾ അവൾ തിരിച്ചറിഞ്ഞങ്കിലും മിണ്ടാതെ അവൾ കടന്നു.

പുറത്തായിരിക്കാ – രചന: ശാരിലി

ഇന്ന് എന്താ കണ്ണേട്ടാ പതിവില്ലാത്ത ഒരു സ്നേഹപ്രകടനം…?

കുറച്ചു ദിവസമായില്ലേ. ഇന്നൊരു പൂതി…

വേണ്ട അങ്ങോട്ട് നീങ്ങി കിടക്ക്..ഞാൻ പുറത്തായിരിക്കാ…

ഛെ ശവമേ…നിനക്കത് നേരത്തേ പറഞ്ഞൂടായിരുന്നോ. മനുഷ്യനെ വെറുതേ ആശിപ്പിച്ചു.

അല്ലാത്ത ദിവസങ്ങളിൽ ഒന്നും കാണാറില്ലല്ലോ ഈ ശുഷ്കാന്തി…? ഇങ്ങിനെയായത് എൻ്റെ കുറ്റമാണോ…?

മിണ്ടല്ലടീ അസത്തേ…അത്രയ്ക്കു മുട്ടി നിൽക്കൊന്നുമല്ല ഞാൻ. നിൻ്റെ പറച്ചില് കേട്ടാൽ തോന്നും ലോകത്ത് നിനക്ക് മാത്രമേ ഉള്ളൂവെന്ന്…

അവൾ മറുപടി പറയാതെ കട്ടിലിലെ ഒരു മൂലയിലേയ്ക്ക് ചേർന്ന് കിടന്നു. വയറിലെ വേദനയേക്കാളും വലിയ വേദനയാണ് കണ്ണേട്ടൻ്റെ വാക്കുകൾ നൽകിയത്. ഒന്നു പുണർന്നിരുന്നെങ്കിൽ ഈ വേദനയെല്ലാം അകന്നു പോയിരുന്നേനേ.

ഈ ആണുങ്ങളെല്ലാം ഇങ്ങിനെയാ…മറ്റുള്ളവർക്ക് വരുമ്പോൾ സമാധാനിപ്പിക്കും, സ്വന്തം ഭാര്യയ്ക്ക് വരുമ്പോൾ വെറുപ്പോടെ കാണും…അവളുടെ വിതുമ്പൽ കേട്ടിട്ടെന്നോണം അവൻ പുലമ്പികൊണ്ട് ഫോണുമെടുത്ത് എഴുന്നേറ്റു. അവളുടെ ഒരു പൂങ്കണ്ണിര്.

വാതിൽ കൊട്ടിയടച്ചു കൊണ്ടവൻ ബാൽക്കണയിൽ ചെന്നിരുന്നു. ആശ്വാസത്തിനായ് സിഗററ്റിന് തിരികൊളുത്തി. ഫോൺ എടുത്ത് രമേശിൻ്റെ നമ്പറിൽ വിളിച്ചു…

അളിയാ രമേശാ, എന്താ പരിപാടി…?

രണ്ടെണ്ണം പിടിപ്പിച്ചു. ഇനി അവളെയും കെട്ടിപ്പിടിച്ചു കിടക്കണം.

നീ ഭാഗ്യവാനാടാ…

അതെന്തടാ കണ്ണാപ്പി, നിൻ്റെ പെണ്ണില്ലേ അവിടെ…?

അവളോ, ഇവിടെയുണ്ട്. ചുവന്ന തുണിയും പൊക്കി പിടിച്ച് ഒതുങ്ങി കിടപ്പുണ്ട്.

അപ്പോൾ തിരക്കിട്ട് ലീവിന് പോയത് കുളമായില്ലേ…

അതേടാ രമേശാ…അവൾക്കൊന്ന് പറഞ്ഞൂടായിരുന്നോ. ഇതിപ്പോ തൊടാൻ പോലും പറ്റാത്ത അവസ്ഥയായി. ഇനി ഞാൻ അടുത്തൊന്നും ലീവ് എടുക്കില്ല, അവൾക്ക് ഇതിന് ഞാൻ പണികൊടുക്കും.

മിണ്ടല്ലടാ..കണ്ണാപ്പി, നീ ഒരു ചെറ്റയാണല്ലടോ. അവള് നിൻ്റെ ഭാര്യയല്ലേ. എന്നിട്ടാണോ നീ ഇങ്ങിനെ പറയുന്നത്.

അല്ലടാ രമേശാ…നമ്മള് എന്തുമാത്രം പ്രതീക്ഷയോടാണ് ഒരു പത്ത് ദിവസം അവധിയ്ക്ക് വരുന്നത്.

നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. എൻ്റെ പെണ്ണ് എപ്പോഴും പറയും കണ്ണൻ നിൻ്റെ കൂട്ടുകാരൻ മാത്രമല്ല, നിങ്ങളുടെ സഹോദരനും കൂടിയാണെന്ന്…എനിക്കിപ്പോൾ തോന്നുന്നു, അങ്ങിനെ കരുതിയത് വെറുതെയായിപ്പോയെന്ന്.

രമേശാ, അതിനു എന്താണ് ഇപ്പോൾ ഉണ്ടായത്…?

നിനക്കറിയണോ, എൻ്റെ ഭാര്യക്കും ഇപ്പോൾ ഡെയ്റ്റ് ആണ്. എന്നിട്ടും ഞാനവളെ ചേർത്തു പിടിച്ചങ്ങനെ കിടക്കും. അതു മതിയെട്ടാ അവർക്ക് ഒരു ശാരീരിക ബന്ധത്തേക്കാൾ കൂടുതൽ സുഖമാടാ…അങ്ങിനെ ചേർന്നു കിടക്കുമ്പോൾ മാസത്തിൽ ഒരു ഏഴു ദിവസം അവർ അനുഭവിയ്ക്കുന്ന വേദനയെല്ലാം ആ പുണരിലിൽ അലിഞ്ഞില്ലാതാകും.

അതറിയണമെങ്കിൽ ഭാര്യയേ അറിയണം, അവളെ സ്നേഹിക്കണം. ഒരു പത്തു നിമിഷത്തെ സുഖത്തിനും നിനക്ക് വെച്ചുവിളമ്പിത്തരാനും മാത്രമായിരിക്കരുത് ഭാര്യ. അതിൽ ഇങ്ങിനെയും ചില സംഭവങ്ങളുണ്ട്. വെറുപ്പ് തോന്നുന്നു, നിന്നോട് വെച്ചിട്ടു പോടാ. എൻ്റെ സമയം കളയാൻ രാത്രിയിൽ അവൻ്റെയൊരു കഥപറച്ചിൽ ഈ കാര്യം പറഞ്ഞ് മേലാൽ എന്നെ വിളിച്ചു പോകരുത്…

കത്തി തീർന്ന സിഗറിറ്റിൻ്റ അഗ്രഭാഗം അവൻ്റെ ചുണ്ടിൽ പൊള്ളലേൽപ്പിച്ചു. കൂട്ടത്തിൽ രമേശ് നൽകിയ മനസ്സിലെ വിങ്ങലും…കയ്യിലിരുന്ന സിഗററ്റ് കുറ്റി ദൂരത്തേയ്ക്ക് വലിച്ചെറിഞ്ഞവൻ എഴുന്നേറ്റു. കുറ്റബോധത്തിൽ അവൻ ഒന്നുമില്ലാത്തവനായിത്തീർന്നിരുന്നു.

സാവധാനം വന്ന് കിടക്കയിൽ കിടന്നു. അങ്ങേ തലയ്ക്കൽ തിരിഞ്ഞു കിടക്കുന്ന സിന്ധുവിൻ്റെ അടുത്തേയ്ക്ക് ചേർന്നു കിടന്നു…തൻ്റെ കൈകൾ അവളുടെ വയറിലേയ്ക്ക് ചേർത്തു വച്ചു കൊണ്ട് തന്നിലേയ്ക്ക് അടുപ്പിച്ചു. തൻ്റെ വയറിൽ പതിഞ്ഞ കൈകൾ അവൾ തിരിച്ചറിഞ്ഞങ്കിലും മിണ്ടാതെ അവൾ കടന്നു.

അവൻ്റെ കണ്ണിൽ നിന്നടർന്നു വീണ കണ്ണുനീർത്തുള്ളികൾ അവളുടെ മുഖത്ത് പതിച്ചപ്പോൾ അവൾ തിരിഞ്ഞു കൊണ്ടു ചോദിച്ചു.

എന്തേ കണ്ണട്ടാ…എന്തിനാ കണ്ണു നിറഞ്ഞത്…?

അതോ, ഒന്നുമില്ല സിന്ധു, നിന്നോടുള്ള എൻ്റെ സ്നേഹത്തിൻ്റെ അശ്രു കണങ്ങളാണ്. പഴിക്കരുത് എന്നെ. നിൻ്റെ കണ്ണേട്ടൻ ഒരിക്കലും ഇനി നിന്നെ വഴക്കു പറയില്ല. മനസ്സിലാക്കാൻ വൈകിപ്പോയി. നിനക്കന്നോട് വെറുപ്പ് തോന്നുന്നുണ്ടോ സിന്ധു.

അവൾ കണ്ണേട്ടൻ്റ വായ് പൊത്തി. എന്താ ഏട്ടാ അങ്ങിനെയൊന്നും ഒരിക്കലും പറയരുത്. ഈ ലോകത്ത് എനിയ്ക്ക് കണ്ണേട്ടൻ മാത്രമേയല്ലേ ഉള്ളൂ…

അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് ആ നെറ്റിയിൽ ഒരുമ്മ നൽകി. അവരുടെ ആലിംഗത്തിന് ആയിരം ഒന്നു ചേരലിനേക്കാളും സുഖവും സന്തോഷവും ഉണ്ടായിരുന്നു.