തനി മലയാളി – രചന: Aswathy Joy Arakkal
ഞായറാഴ്ച ആദ്യത്തെ കുർബാനക്ക് പോകാൻ പുലർച്ചെ എണിറ്റു കുളിയും തേവാരവും കഴിഞ്ഞു ചട്ടയും ശീലയും വാരി ചുറ്റി സുന്ദരി ആകുന്നതിനിടയിലാണ് നമ്മുടെ കഥാ നായിക ശോശന്ന ചേടത്തിയുടെ ചൂണ്ടു വിരലിൽ, നമ്മുടെ വില്ലൻ സേഫ്റ്റി പിൻ കുത്തി തറക്കുന്നത്.
സേഫ്റ്റി പിന്നിന്റെ അപ്പനപ്പാപ്പന്മാരെ തുടങ്ങി ഒരു പത്തു തലമുറയിലെ കാരണവന്മാർ വരെ വേദന കൊണ്ട് പുളഞ്ഞ ശോശന്ന ചേടത്തിയുടെ തെറി കേട്ടു…
എല്ലാം കഴിഞ്ഞപ്പോഴാണ് പള്ളിയിലേക്കാണല്ലോ കർത്താവെ പോകേണ്ടത് എന്നു ചേടത്തി ഓർത്തത്. ക്ഷമിച്ചേക്കണേ തമ്പുരാനെ…
അങ്ങയുടെ തിരുസന്നിധിയിൽ ഒരു കൂടു മെഴുകുതിരി കത്തിചേക്കാവേ എന്നു നേർന്നു കൊണ്ട് ചേട്ടത്തി പള്ളിയിൽ ചെന്നു കുർബാനയും കൂടി, സെമിത്തേരിയിൽ ചെന്നു ചാക്കോ ചേട്ടനെയും കണ്ടു കുശലാന്വേഷണവും കഴിഞ്ഞു വീടെത്തി.
നല്ല ഒന്നാന്തരം ബീഫും കൂട്ടി ഉച്ചഭക്ഷണം തട്ടി കഴിഞ്ഞു ഉറങ്ങി എണീറ്റപ്പോ തൊട്ടു ശോശാമ്മ ചേടത്തിക്കൊരു സംഭ്രമം. കുത്തു കിട്ടിയ കൈക്കു ചെറിയൊരു വേദന. എയ് കുഴപ്പമൊന്നുമില്ല…ഒരു സൈഡ് ചെരിഞ്ഞു കിടന്നതു കൊണ്ടുള്ള കൈവേദന ആകും എന്നു സ്വയം സമാധാനിച്ചു ചേടത്തി അതങ്ങു വിട്ടു കളഞ്ഞു.
രണ്ടു ദിവസം മിണ്ടാതിരുന്നു, മൂന്നാം ദിവസം വേദന സഹിക്കാതായപ്പോ…നിവർത്തികെട്ട് ചേടത്തി മരുമോളായ സാലികുട്ടിയോട് കാര്യം പറഞ്ഞു.
എന്റെ പൊന്നമ്മച്ചി…എന്നാ പരുവാടിയാ കാണിച്ചേ…വല്ല പോയ്സണും കേറി കാണുവോ കർത്താവെ…എന്നു ആത്മഗതവും പറഞ്ഞു സാലിക്കുട്ടിയും കെട്ടിയോൻ വാവച്ചനും കൂടെ ചേടത്തിയെ ആശുപത്രിയിലെത്തിച്ചു.
നീര് കെട്ടിയേക്കുന്നതാ…അതിന്റെ വേദനയാ അമ്മച്ചിക്ക്, അല്ലാതെ വേറെ കുഴപ്പമൊന്നും ഇല്ല എന്നു പറഞ്ഞു TT യും എടുത്തു, ആന്റിബയോട്ടിക്കും കൊടുത്തു ഡോക്ടർ അവരെ പറഞ്ഞു വിട്ടു. വൈകുന്നേരം തൊട്ടു വിവരമറിഞ്ഞു ചേടത്തിയെ കാണാൻ നാട്ടുകാരും വീട്ടുകാരുമായി ഒരു പട തന്നെയെത്തി.
രാത്രി ആയപ്പോഴാണ് ചാക്കോ ചേട്ടന്റെ ഇളയ പെങ്ങൾ കുട്ടിയമ്മ, ശോശന്ന നാത്തൂനെ കാണാൻ എത്തുന്നത്. എന്റെ പൊന്നു നാത്തൂനേ നിങ്ങളെന്നാ പണിയാന്നെ കാണിച്ചത്.
പോയ്സൺ കേറി ചത്തു പോകാഞ്ഞത് തമ്പുരാന്റെ അനുഗ്രഹന്നു കൂട്ടിക്കോ…ഇനി പോയ്സൺ എങ്ങാനും എന്റെ നാത്തൂന്റെ മേത്തു കേറി കാണോ കർത്താവേ എന്നൊരു ആത്മഗതവും…കൂടെ എന്റെ നാത്തൂനേ കാത്തോണേ കർത്താവെ എന്നൊരു പ്രാർത്ഥനയും ഒപ്പം ഒരു കഥയും.
നാത്തൂനറിയോ, നമ്മടെ തെക്കേതിലെ വറീത് പറമ്പില് കിളച്ചപ്പോ തൂമ്പയുടെ അതിരു കൊണ്ടതാ…TT എടുത്തില്ല…സംഭ്രമം വന്നു കൊണ്ടോയി എട്ടാം ദിവസം മരിച്ചു. എന്റെ നാത്തൂനേ കാത്തോണേ എന്ന പ്രാർത്ഥന പുട്ടിനു പീര പോലെ വീണ്ടും മൊഴിഞ്ഞു.
പോരെ പൂരം, പത്തു മിനിറ്റിനുള്ളിൽ ശോശന്ന ചേടത്തിക്കൊരു സംഭ്രമം, പരവേശം, നെഞ്ചിലൊരു കൊളുത്തി പിടുത്തം. സാലികുട്ടിയെ അമ്മച്ചിക്ക് വയ്യടിയേ…ഹോസ്പിറ്റലിലേക്ക് കൊണ്ട് പോടിയേ എന്നു പറഞ്ഞു വെട്ടിയിട്ട വാഴത്തടി കണക്കെ ചേടത്തി നിലത്തേക്ക് വീണു.
കരഞ്ഞു കൂവി ഹോസ്പിറ്റലിലെത്തി വേണ്ടതും വേണ്ടാത്തതുമായ സകല ടെസ്റ്റും നടത്തി അവസാനം പുറത്തേക്കു വന്ന ഡോക്ടറോട് കരഞ്ഞു കൊണ്ടാണ് വാവച്ചൻ ചോദിച്ചത്…എന്നാപറ്റി ഡോക്ടറേ എന്റെ അമ്മചിക്കെന്ന്…
ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു…ചേടത്തിക്കു ഒരു കുഴപ്പോം ഇല്ല. എന്തോ ചെറിയ പേടി തട്ടിയതാ. ഡ്രിപ് കഴിഞ്ഞാൽ വീട്ടിൽ പോകാം എന്നു…ഡോക്ടർ അതു പറഞ്ഞു തീർന്നതും എല്ലാവരും കൂടെ കുട്ടിയമ്മയെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.
ഡോക്ടർ പോയ ശേഷം എല്ലാവരും കൂടെ ഇരച്ചു ശോശന്ന ചേടത്തിയുടെ അരികിലെത്തി. എന്തോ പറയാനൊരുങ്ങിയ കുട്ടിയമ്മ നാത്തൂനോടായി ചേടത്തി പറഞ്ഞു… “എന്റെ പൊന്നു നാത്തൂനെ മിണ്ടല്ലേ, നാത്തൂന്റെ സമാധാനിപ്പിക്കലാണ് എന്നെയിവിടെ ഈ കോലത്തിൽ എത്തിച്ചതു എന്നു…”
ആമ തോടിനുള്ളിലേക്കു തല വലിക്കുന്നതു പോലെ, പതുക്കെ അവിടെ നിന്നും തലയൂരി കുട്ടിയമ്മ തത്കാലം സ്വന്തം തടി രക്ഷപെടുത്തി.
ചില ദുരന്തങ്ങളെങ്ങനെ ആണ് കാണാനും, സമാധാനിപ്പിക്കാനും എന്ന പേരിൽ വന്നു ഇരട്ടി പ്രശ്നങ്ങൾ ഉണ്ടാക്കി തടി തപ്പും…
കുട്ടിയമ്മമാരുടെ ശ്രദ്ധക്ക്…ദയവു ചെയ്തു അസുഖമുള്ളവരെ കാണാൻ പോകുമ്പോൾ അവരെ ടെൻഷൻ അടിപ്പിക്കുന്ന കഥകൾ പെരുപ്പിച്ചു പറയാതെ, അവർക്കൊരു മനഃസന്തോഷം നൽകാൻ ശ്രമിക്കുമല്ലോ…
സന്തോഷിപ്പിച്ചില്ലെങ്കിലും പേടിപ്പിക്കാതെ ഇരിക്കാനെങ്കിലും എങ്കിലും ശ്രമിക്കുക.