അതെങ്ങനെ…എനിക്കു പേടിയാ മരിക്കാന്‍…ഓരോന്നോര്‍ത്ത് ഞാന്‍ ഉമ്മറത്ത് പോയിരുന്നു

പാഴ്ജന്മങ്ങൾ – രചന: NKR മട്ടന്നൂർ

അമ്മയായിരുന്നു ആദ്യം കരയാന്‍ തുടങ്ങിയത്…

രാഗേഷ് അങ്കിളിന്‍റെ മരണമറിഞ്ഞപ്പോള്‍ അവിടേക്ക് പോയ അച്ഛന്‍ ആകെ വിഷമിച്ചായിരുന്നു ശവമടക്ക് കഴിഞ്ഞു വന്നു കയറിയത്. വന്നപ്പോള്‍ അച്ഛന്‍ അമ്മയോട് എന്തോ അടക്കം പറയുന്നുണ്ടായിരുന്നു.

ഞാനും സിദ്ധാര്‍ത്ഥും ഉമ്മറത്ത് പോയിരുന്നു. അമ്മ ഞങ്ങള്‍ കാണുന്നത് കൊണ്ടാവാം വാ പൊത്തിയായിരുന്നു കരഞ്ഞത്…

അനിയന്‍ പോയി വിശക്കുന്നൂന്ന് പറയുന്നത് വരെ അമ്മ കൈവെള്ളയില്‍ തല താങ്ങി ഇരിപ്പായിരുന്നു…അല്ലെങ്കില്‍ വിശക്കുന്നതിന് മുന്നേ ഞങ്ങളെ വിളിച്ചു കഴിപ്പിക്കാറുള്ള അമ്മയാണ് രാത്രി ഒമ്പതു മണി വരേ കരഞ്ഞു കൊണ്ടിരുന്നത്…

ആ നിശബ്ദതയോട് എനിക്കു പേടി തോന്നിയിരുന്നു. അച്ഛന്‍ വേഗം കുളിച്ചിട്ടു കിടന്നു. അമ്മയാ പറഞ്ഞത് അച്ഛന് തലവേദനയാ പോയി ശല്യം ചെയ്യല്ലേന്ന്. അപ്പോഴും അമ്മ കരയുന്നുണ്ട്…

ഒടുവില്‍ എന്നോട് കഴിക്കാന്‍ പറഞ്ഞു അമ്മ…അപ്പോഴാ കവിളുകളില്‍ നീര്‍ചാലുകള്‍ തെളിഞ്ഞു കണ്ടു…രാഗേഷ് അങ്കിള്‍ അച്ഛനും അമ്മയ്ക്കും ഇത്ര പ്രിയപ്പെട്ടവരായിരുന്നുവോ
ഇത്രയും കരയാനും മാത്രം…?

ഒന്നും കഴിക്കാതെയാ അമ്മ പതിവു തെറ്റിച്ചു ഞങ്ങളെ രണ്ടാളേയും ചേര്‍ത്തു പിടിച്ചു ഉറങ്ങാന്‍ കിടന്നത്. അമ്മ സാരിത്തലപ്പു കൊണ്ട് ഇടയ്ക്കിടെ കണ്ണുകളൊപ്പുന്നത് അരണ്ട വെട്ടത്തിലും ഞാന്‍ കാണുന്നുണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ ഞാനുണരുമ്പോഴും പതിവില്ലാതെ അമ്മ ഞങ്ങള്‍ക്കരികില്‍ തന്നെ കിടപ്പുണ്ടായിരുന്നു…അടുക്കളയില്‍ എത്ര പണിതാലും സമയം തികയാത്ത അമ്മയിതാ കിടക്കയില്‍ രാവിലെ എട്ടു മണി വരെ…

ഞാനാ മുഖത്തേക്ക് നോക്കുമ്പോള്‍ കണ്ണുകള്‍ കരഞ്ഞു കലങ്ങിയതു പോലെ തോന്നി. അമ്മയിന്നലേ ഉറങ്ങിയില്ലേ എന്നോര്‍ത്ത് എഴുന്നേറ്റ് ഉമ്മറത്ത് ചെന്നപ്പോള്‍ അച്ഛനതാ കസേരയില്‍ ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു. ആകെ ഒരു മാറ്റം.

എന്താണെന്നോര്‍ത്ത് അങ്ങനെ ഇരിക്കുമ്പോള്‍ സിദ്ധാര്‍ത്ഥ് ഓടിവന്നു. ഏട്ടാ വാ ഊഞ്ഞാലാടലോ…എന്‍റെ കൈ പിടിച്ചു വലിച്ചവന്‍ തൊടിയിലെ മാവിന്‍ ചോട്ടിലേക്ക് കൊണ്ടു പോയി. അവനെ ഊഞ്ഞാലാട്ടുമ്പോഴും എന്‍റെ കണ്ണുകള്‍ അച്ഛനിലായിരുന്നു.

എന്നും നല്ല ഉണര്‍വ്വോടെയേ അച്ഛനെ കാണാറുള്ളൂ…ഞങ്ങളെ മൂന്നുപേരേയും ജീവനാ…ഞായറാഴ്ചകളില്‍ ഞങ്ങളുടെ കൂടെ ക്രിക്കറ്റ് കളിക്കാറുള്ള ഓടിക്കളിക്കാറുള്ള അച്ഛനതാ കസേരയില്‍ കിടക്കുന്നു.

വെറുതേ ഇരുന്നു കാണാറേ ഇല്ല അച്ഛനെ…എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടേ ഇരിക്കും…ഒന്നുമില്ലെങ്കില്‍ അടുക്കളയില്‍ പോയി അമ്മയെ സഹായിക്കും…എനിക്കു സങ്കടം വന്നു.

പക്ഷേ ഒന്നും ചോദിക്കാന്‍ വയ്യ. പന്ത്രണ്ടു വയസ്സുകാരന്‍ എന്താ ചോദിക്കുക…?സിദ്ധാര്‍ത്ഥിന് വിശന്നപ്പോഴായിരുന്നു ഞങ്ങള്‍ വീട്ടിലേക്ക് കയറി പോയത്. ഉമ്മറത്ത് അച്ഛനുണ്ടായിരുന്നില്ല അപ്പോൾ.

അകത്തൂന്ന് നേര്‍ത്ത ശബ്ദത്തില്‍ അമ്മയോട് എന്തോ പറയുകയായിരുന്നു. ശബ്ദമുണ്ടാക്കാതെ ഞാന്‍ ചെവിയോര്‍ത്തു…

മൂന്നു ദിവസം ഓഫീസ് പൂട്ടിയിടാം. പക്ഷേ നാലാം നാള്‍ നിക്ഷേപകരെല്ലാം വിളിച്ചു തുടങ്ങും. എന്തു പറയും. വല്ല സംശയവും തോന്നി അവരെല്ലാം നിക്ഷേപത്തുക പിന്‍വലിക്കാന്‍ വന്നാല്‍…പിന്നെ കുഴഞ്ഞതു തന്നെ.

എവിടുന്നെടുത്ത് കൊടുക്കും…ആരോടാ കടം മേടിക്കുക…എമ്പതു ലക്ഷത്തിന് മീതേ തുകയ്ക്ക് സമാധാനം പറയേണ്ടത് ഇനി ഞാനാ…ആളുകള്‍ വീട്ടിലേക്ക് കയറി വന്ന് തെറി വിളിക്കാനും തുടങ്ങിയാല്‍…അതിലും വലിയ നാണക്കേടുണ്ടോ…?

പിന്നെ ജീവിച്ചിരുന്നിട്ട് വല്ല കാര്യവുമുണ്ടോ…അച്ഛന്‍റെ ശബ്ദം തളര്‍ന്നതു പോലെ തോന്നി. ഈ വീടു വിറ്റാല്‍ പോലും ആ പണം കണ്ടെത്താനാവില്ല. ഇനിയെന്ത് ചെയ്യും എന്‍റീശ്വരാ…അമ്മ അച്ഛനോട് ചേര്‍ന്നു നിന്നു, ആശ്വാസിപ്പിക്കാനെന്ന പോലെ…

അമ്മയും സാരിത്തലപ്പ് കൊണ്ട് ഇടയ്ക്കിടേ കണ്ണുകളൊപ്പുന്നുണ്ട്…ഒടുവില്‍ വാടിത്തളര്‍ന്ന ആ ശബ്ദം കേട്ടു.

നമുക്കു മരിക്കാം…

അമ്മ ഞെട്ടലോടെ അച്ചനെ നോക്കി. ആ ദേഹത്ത് ചാരി തളര്‍ന്നു നിന്നുകൊണ്ട് ചോദിച്ചു…അപ്പോള്‍ മക്കളോ…?

അവരേയും കൊണ്ടു പോവണം കൂടെ…അവരിവിടെ ബാക്കി ആയാല്‍ ആരും സ്വൈര്യം കൊടുക്കില്ല. നരകിച്ച് മരിക്കേണ്ടി വരും ഒടുവില്‍…

അമ്മ ശക്തി ക്ഷയിച്ചവളേ പോലെ തറയിലേക്ക് വാടി വീണു.

അപ്പോള്‍ നമ്മളെല്ലാവരും മരിക്കാന്‍ പോവയാണോ…? അതെങ്ങനെ…എനിക്കു പേടിയാ മരിക്കാന്‍…ഓരോന്നോര്‍ത്ത് ഞാന്‍ ഉമ്മറത്ത് പോയിരുന്നു. സിദ്ധാര്‍ത്ഥ് അമ്മയുടെ അരികിലേക്ക് പോയി.

അമ്മ കരയുന്നതു കണ്ടപ്പോള്‍ അവനും കരയാന്‍ തുടങ്ങി. രാത്രി…അച്ഛനപ്പോഴും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അച്ഛനും രാഗേഷങ്കിളും നടത്തിയ ആ സ്ഥാപനം പൊളിയും ഇനി…രാഗേഷങ്കിള്‍ കുറേ പണം പറ്റിയിട്ടുണ്ട്. അങ്കിള്‍ അറ്റാക്ക് വന്നു മരിക്കുകയും ചെയ്തു.

ഇനി അത് മുന്നോട്ട് കൊണ്ടു പോവണേല്‍ കുറേ പണം വേണം. കടക്കാര്‍ വീട്ടിലേക്ക് വരാന്‍ തുടങ്ങുന്നതിന് മുന്നേ മരിക്കണം. അതാ നല്ലത് പോലും…ഓരോന്നോര്‍ത്ത് കണ്ണടച്ചു കിടക്കവേ അച്ഛന്‍റെ നേര്‍ത്ത ശബ്ദം കേട്ടു.

സിദ്ധാര്‍ത്ഥിനും ശ്രീരാഗിനും ഐസ്ക്രീം കൊടുത്താല്‍ മതി…പോവട്ടെ ഈ ലോകത്തൂന്നും…നമുക്കെല്ലാവര്‍ക്കും പോവാം. ഭയാനകമായിരുന്നു ആ ശബ്ദം.

മക്കളും നീയും എന്നോട് ക്ഷമിക്കണേ…അമ്മയെ ചേര്‍ത്തണച്ച് അച്ഛനും കരയുകയായിരുന്നു. മക്കളെ വിളിക്കൂ…ഇതാ ഇതു കഴിക്കാന്‍ പറയൂ അവരോട്…

സിദ്ധാര്‍ത്ഥിനെ വിളിച്ചുണര്‍ത്തി അമ്മ ഐസ്ക്രീം കഴിക്കാന്‍ പറഞ്ഞു. അവനൊരുപാട് ഇഷ്ടമായിരുന്നു അത്. അതുകൊണ്ട് ഏതുറക്കത്തിലും ഐസ്ക്രീമിന്‍റെ പേരു കേട്ടാല്‍ അവന്‍ ഉണര്‍ന്നോളും.

അമ്മ കോരികൊടുത്തു ആ വിഷം ചേര്‍ത്ത ഐസ്ക്രീം…അവനത് പാതി ഉറക്കത്തില്‍ കഴിക്കുമ്പോള്‍ അമ്മ കരയുകയാ…എനിക്കു പേടിയാവുന്നുണ്ട്…

അമ്മയും അതാ ഐസ്ക്രീം കഴിക്കുന്നു…ഇപ്പോഴാ കണ്ണുകളില്‍ സങ്കടമല്ല, ഏതോ ഉറച്ച ഒരു തീരുമാനം എടുത്ത പോലുണ്ട്.

ശ്രീരാഗേ…അമ്മയുടെ വിളി കേട്ടു ഞാന്‍ പേടിയോടെ കണ്ണുകള്‍ തുറന്നു. അച്ഛനിതാ ഐസ്ക്രീം കൊണ്ടു വന്നിട്ടുണ്ട്…വാ ഇപ്പോള്‍ തന്നെ കഴിച്ചോളൂ…നാളേക്ക് വെച്ചാല്‍ കേടായി പോവും.

അമ്മയുടെ മുഖത്തേക്ക് നോക്കാന്‍ വയ്യ. സിദ്ധാര്‍ത്ഥ് മതിയെന്നും പറഞ്ഞ് കിടക്കയിലേക്ക് വാടിത്തളര്‍ന്ന പോലെ വീണു. അമ്മ പിന്നേയും പിന്നേയും കൊതിയോടെ കോരിക്കഴിച്ചു. വാ മോനെ, ഇതു കഴിച്ചിട്ട് കിടന്നോളൂ…അല്ലെങ്കില്‍ മോനിവിടെ തനിച്ചാകും.

ശരീരം പേടികൊണ്ട് വിറയ്ക്കാന്‍ തുടങ്ങി. സിദ്ധാര്‍ത്ഥ് മരിച്ചു കാണുമോ…? അമ്മയും ഇപ്പോള്‍ മരിക്കും. ഈശ്വരാ ഞാനെന്തു ചെയ്യും…? അച്ഛന്‍ കസേരയില്‍ ചാഞ്ഞു കിടക്കുകയാ…അച്ഛനും കഴിച്ചോ ഐസ്ക്രീം…

അമ്മ സിദ്ധാര്‍ത്ഥിനേ ചേര്‍ത്തു പിടിച്ചു കിടന്നു കഴിഞ്ഞു…ഉറങ്ങുന്നതു പോലെയേ ഉള്ളൂ…ഞാനെഴുന്നേറ്റ് പോയി അച്ഛനെ കുലുക്കി വിളിച്ചു. അച്ഛന്‍ വിളി കേള്‍ക്കുന്നില്ല. ശക്തമായ് അച്ഛനെ ഉലച്ചപ്പോള്‍, അച്ഛന്‍റെ തല ഒരു വശത്തേക്ക് ചെരിഞ്ഞു പോയി.

അച്ഛാ…പേടികൊണ്ട് ഞെട്ടി മാറിക്കൊണ്ട് ഞാന്‍ നിലവിളിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല. ഓടിപോയി അമ്മയേയും വിളിച്ചു. ശക്തമായി ആ ശരീരം പിടിച്ചുലച്ചു. സിദ്ധാര്‍ത്ഥിനെ ചേര്‍ത്തു പിടിച്ച കൈ അയഞ്ഞു പോയി…ഭാരമില്ലാത്ത പോലെ അമ്മ കിടക്കുന്നു…സിദ്ധാര്‍ത്ഥിനേയും വിളിച്ചു നോക്കി…അവനും വിളി കേള്‍ക്കുന്നില്ല.

പേടി മാറുന്നത് വരെ ഞാന്‍ കട്ടിലില്‍ ഇരുന്നു. അച്ഛനുമമ്മയും അനിയനും ഇല്ലാത്ത ഈ ലോകത്ത് ഞാനും വേണ്ടാ…ഐസ്ക്രീം അലിഞ്ഞു തുടങ്ങിയിരുന്നു വേഗം കോരിക്കുടിച്ചു. അതിന് നല്ല രുചി തോന്നി. അച്ഛന്‍റെ അരികില്‍ പോയി…

ഓര്‍മ്മ വെച്ച നാള്‍ മുതല്‍ സ്നേഹത്തോടെ ചേര്‍ത്തു പിടിച്ചിട്ടേ ഉള്ളൂ…ഇന്നുവരെ ഞങ്ങളെയാരേയും നുള്ളി നോവിച്ചിട്ടില്ലാ…ആ കവിളില്‍ ഒരു ഉമ്മ നല്‍കി. സിദ്ധാര്‍ത്ഥിനും കൊടുത്തൊരു മുത്തം…

അമ്മയെ നോക്കിയപ്പോള്‍ സഹിക്കാന്‍ വയ്യാ…ഒന്നിനും ഇതുവരെ അച്ഛനോട് ആവശ്യപ്പെടുന്നത് കണ്ടിട്ടില്ല. അച്ഛനെന്തു കൊണ്ടു കൊടുത്താലും നെഞ്ചില്‍ ചേര്‍ത്തു പിടിക്കും ഒരുപാട് ഇഷ്ടത്തോടെ…എന്നെ അഞ്ചു വയസ്സു വരേയും എടുത്തോണ്ട് നടന്നിട്ടുണ്ട്.

ആ മുഖത്തെപ്പോഴും ഒരു പുഞ്ചിരി കാണും. ഞങ്ങള്‍ സ്കൂളില്‍ നിന്നും വരുമ്പോള്‍ ചായയും പലഹാരങ്ങളും ഒരുക്കി വെച്ച് ഗേറ്റില്‍ കാണും എന്നും അമ്മയെ…അപ്പോഴും പുഞ്ചിരിയോടെ…ഒരു പനി വന്നാല്‍ അരികില്‍ തന്നെ ഉണ്ടാവും എപ്പോഴും…

”അച്ഛനോടാണോ സിദ്ധാര്‍ത്ഥിനോടാണോ എന്നോടാണോ അമ്മയ്ക്കു ഇഷ്ട കൂടുതല്‍…?”

ഇതുവരെ അതിനുള്ള ഉത്തരം കിട്ടിയിട്ടില്ല ആര്‍ക്കും. കാരണം ഞങ്ങളാണ് അമ്മയുടെ ലോകം. അമ്മയെ ഉണര്‍ത്താതെ ഞാനാ നെറ്റിയിലും കവിളിലും ഉമ്മ വെച്ചു…തലചുറ്റുന്നതു പോലെ…ദാഹിക്കുന്നുണ്ട്…കൈകാലുകള്‍ തളരുന്നു…

അമ്മയുടെ അരികില്‍ പോയി കിടന്നു…ഒരു കൈ കൊണ്ട് അമ്മയെ അണച്ചു പിടിച്ചു. ഉറക്കം വന്നു…ഞാനുംപൊയ്ക്കോട്ടെ അവരുടെ “ഒപ്പം”

കണ്ണടയ്ക്കുകയാ…