എന്റെ നെഞ്ചിടിപ്പിന്റെ വേഗത ഞാൻ മുൻമ്പ് അത്രയേറേ ഉച്ചത്തിൽ കേട്ടിട്ടില്ലായിരുന്നു, ഹൃദയമിടിപ്പുകൾ പുറത്തേക്കു കേൾക്കും വിധം….

രചന: പ്രതീഷ്

::::::::::::::::::::::

ഒരിക്കൽ അനാവശ്യമെന്നു കരുതി ഒഴിവാക്കിയ പലതും ആവശ്യങ്ങളായിരുന്നെന്നും,

ആവശ്യങ്ങളെന്നു കരുതി നെഞ്ചോടു ചേർത്തടുപ്പിച്ച പലതും ഹൃദയത്തോട് ചേരുന്നവയായിരുന്നില്ലെന്നും തിരിച്ചറിയുന്നൊരു നിമിഷമുണ്ട്.

ഒരാളെ സ്നേഹിക്കുക എന്നത് അത്ര വലിയ കാര്യമൊന്നുമല്ല, എന്നാൽ ഒരാളെ മാത്രം സ്നേഹിക്കാൻ കഴിയുകയെന്നത് ഒരു വലിയ കാര്യമാണ്.

അവൻ അങ്ങിനെ ഒരാളായിരുന്നെന്ന് തിരിച്ചറിയാൻ ഞാൻ വളരെ വൈകിപ്പോയി,

തനിക്ക് ഏറേ പ്രിയമുള്ളൊരാളെ ഏറ്റവും അനുപമമായ് നോക്കി ഒരക്ഷരം പോലും മിണ്ടാതെ പറയാനുള്ളതെല്ലാം തന്റെ കണ്ണു കൊണ്ട് പറഞ്ഞ്, കണ്ണിലൂടെ നമ്മുടെ ഉള്ളിലേക്കിറങ്ങി വന്ന് നമ്മുടെ ഹൃദയത്തെ ചുംബിക്കാൻ പോലും കഴിവുള്ളവനായിരുന്നവൻ.

അവൻ എന്നോട് ഏറ്റവും അധികവും സംസാരിച്ചത് അവന്റെ നോട്ടങ്ങൾ കൊണ്ടും, പുഞ്ചിരി കൊണ്ടും, കണ്ണുകൾ കൊണ്ടുമായിരുന്നു,

നിസാരമായ ഒരു കൺപ്പീലിയിളക്കം കൊണ്ടു പോലും നിമിഷങ്ങൾക്കകം ഹൃദയത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിന്നുള്ള സ്നേഹത്തിന്റെ ഊഷ്മളമായ അനുഭൂതി നമ്മുടെ കണ്ണുകളിലേക്കവൻ പകർന്നു തരും,

നേരിൽ കാണുന്ന നിമിഷം അവനിൽ ഒരു പുഞ്ചിരി വിടരും, ഒരായിരം വാക്കുകൾ നിരത്തി പറഞ്ഞാലും വ്യക്തമാക്കാൻ സാധിക്കാത്ത അത്രയും ഇഷ്ടങ്ങൾ നിറഞ്ഞു തുളുമ്പുന്ന പുഞ്ചിരി,

അവന്റെ ആ നൈർമ്മല്യം നിറഞ്ഞ പുഞ്ചിരി കാണാൻ വേണ്ടി മാത്രം പലപ്പോഴും ഞാനവനെ നേരിൽ കാണാനാണു ശ്രമിച്ചു കൊണ്ടിരുന്നത് എന്നു പറയുമ്പോൾ തന്നെ നിങ്ങൾക്കൂഹിക്കാം അതെത്ര മാത്രം എന്നെ അവനിലേക്കടുപ്പിച്ചിരുന്നുയെന്ന്,

എന്റെ കൂട്ടുകാരികൾക്കു പോലും അവനെനെ സ്നേഹിക്കുന്നതിൽ എന്നോടു ചെറിയ അസൂയയുണ്ടായിരുന്നു,

അതിൽ ചിലർക്കവനെ എന്നിൽ നിന്നു കട്ടെടുത്താലോ എന്നൊരു ചിന്തയുമുണ്ടായിരുന്നു

എന്നാൽ അവനെനെ സ്നേഹിക്കുന്നത് അവന്റെ ഹൃദയത്തിന്റെ അതേയളവിൽ തന്നെയാണെന്നറിയാവുന്നതു കൊണ്ടു തന്നെ ആ ചിന്തയുടെ അപ്പുറത്തേക്ക് ആരും പോയതുമില്ല,

ആ കൂട്ടത്തിലുള്ള ഒരുവൾ എപ്പോഴും എന്നോടു പറയുന്നൊരു കാര്യമുണ്ട്

“നിന്നോട് എനിക്കുള്ള ഏറ്റവും വലിയ അസൂയ അവൻ നിന്റെയാണെന്നുള്ളതാണെന്ന് ”

ഒപ്പം അവൾ മറ്റൊന്നു കൂടി പറയും
” നിനക്കവനെ എനിക്കു തന്ന് നിനക്ക് വേറേ ആരേയെങ്കിലും നോക്കിക്കൂടെയെന്ന് ? ”

അതെല്ലാം കേൾക്കുമ്പോൾ എനിക്കവനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാൻ തോന്നും,

എന്റെ ഒരു പിറന്നാളിന്റെ അന്ന് അവനെനിക്ക് നിറയേ ചോക്ക്ളേറ്റുകളോടൊപ്പം ഒരു ഫോട്ടോഫ്രെയ്മും ഗിഫ്റ്റായി തന്നു,

അതു കണ്ട ഞാനവനോട് ചോദിച്ചു,
ചോക്ക്ളേറ്റ്സ് ഒാക്കെ, പക്ഷേ ഈ ഫോട്ടോഫ്രെയ്മിന്റെ ആവശ്യമെന്താ”
എന്ന എന്റെ ചോദ്യത്തിന് ഒരു കള്ളപുഞ്ചിരിയോടെ അവൻ പറഞ്ഞു,

നിനക്കിഷ്ടമുള്ള ഒരാളുടെ ഫോട്ടോ അതിൽ വെച്ച് കണ്ടിരിക്കുകയോ അല്ലെങ്കിൽ നിന്നെ എപ്പോഴും കണ്ടിരിക്കാൻ താൽപ്പര്യമുള്ള ഒരാൾക്ക് നിന്റെ ഫോട്ടോ വെച്ച് നിനക്കിതു സമ്മാനിക്കുകയോ ചെയ്യാം എന്നവൻ പറഞ്ഞപ്പോൾ,

എനിക്കവന്റെ മുഖം
മാത്രമേ അപ്പോൾ ഒാർമ്മ വന്നുള്ളൂ,

ആ സമയം ഞാനവനോട് ചോദിച്ചു,
“എന്റെ പിറന്നാളായിട്ട് നിനക്കെന്താ വേണ്ടതെന്ന് ?

അതു കേട്ടതും എന്റെ കണ്ണുകളിലേക്ക് ഒന്നു നോക്കി അവൻ ചോദിച്ചു,

“ഞാൻ നിന്നെ ഒന്നു ഉമ്മ വെച്ചോട്ടെന്ന് ?”

ആ നിമിഷം എന്റെ കവിളുകൾ അവനിലേക്ക് നീട്ടി കൊടുക്കണമെന്നുണ്ടായിരുന്നെങ്കിലും എന്റെ അഭിമാനം അതിൽ നിന്നെല്ലാം എന്നെ വിലക്കി,

എന്നാൽ അപ്പോഴേല്ലാം അവന് ഉമ്മ വെക്കുന്നതിന് അനുവദം നൽക്കുവാൻ എന്റെ ഹൃദയം തുടരേത്തുടരേ എന്നോടാവശ്യപ്പെടുകയും

അതോടൊപ്പം അതിനു തയ്യാറാവാൻ മനസ്സേനെ ശക്തമായി നിർബന്ധിക്കുകയും ചെയ്തെങ്കിലും എന്റെ മടിയും ഞാൻ മോശക്കാരിയാകുമോ എന്ന എന്റെ ചിന്തയും അതിൽ നിന്നെല്ലാം എന്നെ ബലമായി പിടിച്ചു മാറ്റി,

അവിടെ അപ്പോൾ ഞാൻ ധൃതി കാണിച്ചത് അവനുള്ള ആ ചുറ്റുപാടിൽ നിന്നും എളുപ്പം പുറത്തു കടക്കാനായിരുന്നു,

അവന്റെ ആവശ്യം നിറവേറ്റാതെ
ഞാൻ പോകുകയാണെന്നറിഞ്ഞിട്ടും അവനൊന്നും പറഞ്ഞതേയില്ല,
ഒപ്പം ആ സ്നേഹസാന്ദ്രതയാർന്ന പുഞ്ചിരിയോടെ ഒരു പരിഭവവും കാണിക്കാതെ ഞാൻ പോകുന്നതും നോക്കിയവൻ നിന്നു,

അങ്ങിനെയൊക്കെ സംഭവിച്ചെങ്കിലും അന്നേരം മനസു കൊണ്ടു ഞാനവവനെ ഒരായിരം തവണ ചുംബിച്ചിരുന്നു,

അതിനിടയിലും എന്റെ മനസ്സെനെ സമാധാനിപ്പിക്കാനായി എന്നോടു പറഞ്ഞു, നിന്നെ സ്വന്തമാക്കുന്ന നിമിഷം തൊട്ട് ഇനിയുള്ള ജന്മമത്രയും ചുംബനങ്ങൾ കൊണ്ട് നിന്നെ മൂടുമെന്ന്.

അതിനടുത്തനാൾ അവന്റെ സ്വതസിദ്ധമായ ആ പുഞ്ചിരിയോടെ തന്നെയാണവൻ എന്നെ എതിരേറ്റത്,

പിന്നീടവൻ ഒരിക്കൽ പോലും അങ്ങിനെയൊരു ചോദ്യം ചോദിക്കുകയോ ചോദിച്ചതു കിട്ടാത്തതിലുള്ള വിഷമം എന്നോടു കാണിക്കുകയോ ചെയ്തതുമില്ല,

ഒരു നാൾ അമ്മ എന്നോടു പറഞ്ഞു
അച്ഛന്റെ ഏതോ ഒരു സുഹൃത്തിന്റെ മകൻ എന്നെപെണ്ണു കാണാൻ വരുന്നുണ്ടെന്നും ഒരുങ്ങിയിരിക്കണമെന്നും അതു കേട്ടതോടെ മനസ്സൊന്നു പിടഞ്ഞു,

എന്റെ നെഞ്ചിടിപ്പിന്റെ വേഗത ഞാൻ മുൻമ്പ് അത്രയേറേ ഉച്ചത്തിൽ കേട്ടിട്ടില്ലായിരുന്നു, ഹൃദയമിടിപ്പുകൾ പുറത്തേക്കു കേൾക്കും വിധം ഉച്ചത്തിലായി, ഉടനെ ഞാനവനെ വിളിച്ചു,

“അവർ വന്നു കണ്ടു പോയ്ക്കോട്ടെ”

“നമ്മുക്ക് നമ്മുടെ താൽപ്പര്യവുമായി മുന്നോട്ട് പോകാം, പേടിക്കണ്ട ”
എന്നവൻ പറഞ്ഞപ്പോൾ കുറച്ചൊക്കെ ആശ്വാസമായെങ്കിലും,

ആ ഒരു സമയം തൊട്ട് എന്റെ നെഞ്ചിലെന്തോ കൊത്തി വലിക്കാൻ തുടങ്ങി, ഒപ്പം അതുവരേയും മനസ്സിനകത്തുണ്ടായിരുന്ന അതിവിശിഷ്ഠമായ എന്തോ ഒന്ന് നഷ്ടപ്പെടുകയാണെന്ന തോന്നലും എന്നെ വേട്ടയാടാൻ തുടങ്ങി,

പയ്യൻ മുന്നേ എപ്പോഴോ എന്നെ കണ്ട് ഇഷ്ടപ്പെട്ടതായിരുന്നതു കൊണ്ടു തന്നെ വീട്ടുകാർ എല്ലാം ആലോചിച്ചുറപ്പിച്ചു തന്നെയായിരുന്നു എന്നോടതു പറഞ്ഞത്.

എന്റെ ഇഷ്ടം വീട്ടുകാരേ അറിയിച്ചിട്ടും അവരതിന് മതിയായ വില കൽപ്പിച്ചില്ല,
എന്റെ ആവശ്യങ്ങളും താൽപ്പര്യങ്ങളും അവർക്ക് ഒരു വിഷയമേ അല്ലായിരുന്നു,

അവരുടെ ചിന്തകളിൽ എല്ലാവരേയും അത്ഭുതപ്പെടുത്തുമാറ് എന്നെ എങ്ങിനെ സ്വർണ്ണവർണ്ണപ്രഭാമയിയായി കല്യാണപന്തലിൽ നിർത്താം എന്നതു മാത്രമായിരുന്നു,

എല്ലാവരും എന്റെ ആവശ്യങ്ങളെ തഴഞ്ഞതോടെ എനിക്കു മുന്നിലുണ്ടായിരുന്ന ഒരേയൊരു വഴി അവനോടൊപ്പം ഇറങ്ങി പോവുക എന്നതു മാത്രമായിരുന്നു,

അവിടെയും എനിക്കതിനു ധൈര്യമുണ്ടായില്ല എന്നല്ല അവിടെയും ഒരേതിർ ചിന്ത എന്റെ സകലമോഹങ്ങളെയും തകർത്തെറിഞ്ഞു എന്നതാണു ശരി,

എന്റെ മാത്രമല്ല ഇത്തരം പ്രശ്നങ്ങളെ നേരിടേണ്ടി വരുന്ന എന്നെ പോലുള്ള ഒട്ടുമിക്കവരുടെയും മോഹങ്ങളെയും തകർത്തു കളയുന്നതും ആ ചിന്ത തന്നെയാണ്.

ഞാനവനോടൊപ്പം ഇറങ്ങി പോയശേഷം അതിൽ എന്തെങ്കിലും തിരിച്ചടികൾ നേരിട്ടാൽ തിരിച്ചെങ്ങോട്ടു പോകുമെന്ന ആ ചിന്ത എന്റെ സകല സ്വപ്നങ്ങളുടെയും, ആഗ്രഹങ്ങളുടെയും കഴുത്തറുത്തു കളഞ്ഞു,

തോറ്റു കൊടുക്കാൻ തയ്യാറല്ലാത്ത മനസ്സും, ജീവിക്കാനുറച്ച് ഏതൊരു ജോലിയും ചെയ്യാനുള്ള താൽപ്പര്യവുമുണ്ടെങ്കിൽ സ്വന്തം കാലിൽ നിൽക്കുകയെന്നത് അത്ര വലിയ കാര്യമല്ലെന്നുള്ളത് അന്ന് എന്റെ ചിന്തയുടെ ബഹുദൂരത്തായിരുന്നു,

അതൊടെ എന്റെ ഏറ്റവും വലിയ സന്തോഷമായിരുന്ന ആ പുഞ്ചിരി എന്നെന്നേക്കുമായി എന്നിൽ നിന്നു മാഞ്ഞു പോയി,

ഭർത്താവിൽ നിന്നു ഞാനൊന്നും പ്രതീക്ഷിച്ചിരുന്നില്ല അതു കൊണ്ടു തന്നെ കുറവിന്റെയോ കൂടുതലിന്റെയോ കണക്കു ഞാൻ നോക്കിയതുമില്ല,

കാരണം ഹൃദയം ആദ്യമായി സ്വന്തമാക്കിയവനെ മറക്കാൻ ഞാൻ ശ്രമിച്ചാലും ഹൃദയമതിനു തയ്യാറാവില്ലെന്ന് എനിക്കുറപ്പായിരുന്നു,

അവനെന്ന ആൽമരത്തിനോള്ളം തണൽ നൽകാൻ മറ്റൊരു മരത്തിനുമാവില്ലെന്നും എനിക്കറിയാമായിരുന്നു,

ഞാനവനെ വിട്ടു പോയതും അതു മനസിലാക്കി എന്റെ ചില കൂട്ടുകാരികളും മറ്റു ചിലരും അവസരം മുതലെടുക്കാൻ ശ്രമിച്ചെങ്കിലും അവർക്കെല്ലാം കേവലം മറ്റൊരു പുഞ്ചിരി മാത്രമാണു ലഭിച്ചത് .

ഞാനവനെ വിട്ടു പോയതും ആ വേദന സഹിക്കാനാവാത്തതാവണം അവനെല്ലാവരേയും വിട്ടകന്നു പോയി,

ജോലി തേടി മലേഷ്യക്കു പോയ അവൻ പിന്നെ തിരിച്ചു വന്നില്ല പകരം അവന്റെ അച്ഛനേയും അമ്മയേയും അങ്ങോട്ടെക്കു കൊണ്ടു പോയി.

ഞാനിതെല്ലാം അറിഞ്ഞത്
” അവനെ എനിക്കു തന്ന് നിനക്ക് വേറേ ആരേയെങ്കിലും നോക്കിക്കൂടെയെന്ന് ?” എന്നു പറയാറുള്ള ആ കൂട്ടുകാരി പറഞ്ഞാണ്.

അതു കേട്ടപ്പോൾ അന്നെനിക്കും തോന്നി അതു നന്നായെന്ന്,
എവിടെയെങ്കിലും വെച്ച് തമ്മിൽ കാണേണ്ടി വന്നാൽ അതൊരു വല്ലാത്ത വേദനയാകും, കൂടാതെ ആ പഴയ സ്നേഹത്തിന്റെ പൂർണ്ണതയോടെ എന്നോടു പുഞ്ചിരിക്കാനും അവനാവില്ല,

ആ ഊഷ്മളമായ പുഞ്ചിരിയില്ലാത്ത അവനെ സങ്കൽപ്പിക്കാൻ കൂടി എനിക്കു കഴിയില്ല,

അവൻ ചിലപ്പോൾ പഴയപ്പോലെ ചിരിക്കുമായിരിക്കും എന്നാൽ ആ പുഞ്ചിരിക്ക് ഒരു കണ്ണീരിന്റെ നനവും വേദനയുടെ നീറ്റലും ഉണ്ടാവും.

എല്ലാം കഴിഞ്ഞ് കുറച്ചു വർഷങ്ങളായി ഇന്നെനിക്ക് നാലു വയസ്സുള്ള ഒരു മകളുണ്ട്,

വീണ്ടും ഇപ്പോൾ അവനെ ഒാർമ്മിക്കാൻ കാരണം കുറച്ചു ദിവസം മുന്നേ ഒരു സംഭവമുണ്ടായി,

ഒരോഴിവു ദിവസം
ഭർത്താവും മകളുമൊത്ത് പാർക്കിൽ പോയതായിരുന്നു അന്നേരമാണ് അമ്മയുടെ ഫോണെനിക്കു വന്നത് അമ്മയോടു സംസാരിക്കുന്നതിനായി മകളെ ഭർത്താവിനെ ഏൽപ്പിച്ച് അവിടന്നൊന്നു മാറി നിന്നു,

അമ്മയോട് സംസാരിച്ച് ഒരു മൂന്നു മിനുട്ടിനു ശേഷം ഞാൻ തിരികേ വന്നതും മകളെ അവിടെയെങ്ങും കാണുന്നില്ലായിരുന്നു മോളെവിടെന്ന് ഭർത്താവിനോടു ചോദിച്ചതും ഇവിടുണ്ടായിരുന്നല്ലോ’ എന്ന മറുപടിയാണ് കിട്ടിയത് എന്നാൽ ചുറ്റും നോക്കിയിട്ടും അവളെ കാണാതായതോടെ ആധിയായി,

ഒരു നിമിഷം കണ്ണിൽ ആകെ ഇരുട്ടു കയറി, ശ്വാസം തൊണ്ടയിൽ തന്നെ കുടുങ്ങി, സങ്കടവും ദേഷ്യവും ഭയവും കൊണ്ട് ഞാൻ നിന്നു വിറക്കാൻ തുടങ്ങി ഒപ്പം കൈകാലുകൾ തളരാനും, ഞാനേതു നിമിഷവും ബോധമറ്റു വീഴുമെന്ന അവസ്ഥയിലായി,

ഞങ്ങളുടെ പരിഭ്രമവും വെപ്രാളവും ശ്രദ്ധയിൽ പെട്ട ചുറ്റുമുള്ളവർ പെട്ടന്നോടിയെത്തി കാര്യമന്വേഷിച്ചു അവരും തിരച്ചിൽ തുടങ്ങി എല്ലാവരും കൂടി പല വഴിക്കായി മോളെ തിരയാൻ ആരംഭിച്ചു,

ഒരു പത്തു മിനുട്ട് അതിനുള്ളിൽ പാർക്കിന്റെ അറ്റത്ത് കുറെ കുട്ടികൾ കൂട്ടംകൂടി നിന്നു കളിക്കുന്നിടത്തു നിന്ന് അവളെ കണ്ടെത്തി,

അവളെ കാണാതായ ആ പത്തേപ്പത്തു മിനുട്ട് ഞാനനുഭവിച്ച ഒരു വേദന അതോർക്കുമ്പോൾ ഇന്നും എന്റെ നെഞ്ചിൽ അതെ വേദനയോടെ ആ തീ പടരും,

ഒപ്പം അവളെ കണ്ടു കിട്ടിയ നേരം എന്നിൽ നിറഞ്ഞ സന്തോഷവും തീവ്രമായിരുന്നു അതും പറഞ്ഞറിയിക്കുക വളരെ പ്രയാസകരമാണ്,

അവളെ കണ്ടുക്കിട്ടിയ നിമിഷം അവളെ വാരിയെടുത്തു കണ്ണീരിൽ കുതിർന്ന കുറെ ചുംബനങ്ങൾ കൊണ്ട് തുരുതുരാ ഞാനവളെ ചുംബിച്ചു,

തിരികേ വരും നേരവും കാറിൽ വെച്ചും വീടെത്തും വരേയും അന്നവളുടെ കൈ ഞാൻ പിന്നെ വിട്ടില്ല,

അവിടുന്ന് രണ്ടു ദിവസം കഴിഞ്ഞതും മറ്റൊരു സംഭവം കൂടി നടന്നു,

ഈ കാര്യങ്ങളൊന്നുമറിയാതെ
“മുടി കൊഴിയുന്നു മോളെ നീയൊന്നു നോക്ക് ” എന്നു പറഞ്ഞു അമ്മ എനിക്കെടുത്തയച്ച അമ്മയുടെ ഒരു സെൽഫിയിൽ വീട്ടിലെ ഷെൽഫിൽ ഇരിക്കുന്ന അവൻ പണ്ടെനിക്കു സമ്മാനിച്ച ആ ഫോട്ടോഫ്രെയിം ഞാൻ വീണ്ടും കണ്ടു, അതപ്പോഴും കാലിയായിരുന്നു,

അതു കണ്ടതും ഈ രണ്ടു സംഭവങ്ങളും ഒരു വൈദ്യുതി പ്രവാഹം പോലെ ഒന്നായി പെട്ടനെന്നിൽ കണക്ക്റ്റായി,

നമ്മൾ സ്വന്തം ജീവനേക്കാൾ പ്രാധാന്യം നൽകി സ്നേഹിക്കുന്നവരുടെ വേർപാട് സൃഷ്ടിക്കുന്ന വേദനയുടെ ആഴം അന്നേരം എന്നെ കീറിമുറിച്ചു കടന്നു പോയി,

ഒരു പത്തു മിനുട്ട് സഹിച്ചപ്പോഴേക്കും
എല്ലാ പിടിയും വിട്ട് ഞാൻ തളർന്നു പോയതോർക്കുമ്പോൾ അവനത് എങ്ങിനെയായിരിക്കും സഹിച്ചിട്ടുണ്ടാവുകയെന്നോർത്ത് ഞാനപ്പോൾ വല്ലാതെ വേവലാധിപ്പെട്ടു,

ഒപ്പം ഞാൻ മറ്റൊന്നു കൂടി ഒാർത്തു
ഞാനന്ന് വീട്ടുകാരേ വിട്ടു അവനോടൊപ്പം പോയിരുന്നെങ്കിൽ അവരുടെ അവസ്ഥ എന്തായിരിക്കുമെന്ന്,

എന്നാൽ താൽക്കാലികമായ വിട്ടു നിൽപ്പും സ്ഥായിയായ വേർപാടും തമ്മിൽ വളരെയധികം വ്യത്യാസമുണ്ടെനെനിക്കു മനസിലായി,

അവനിൽ ഞാനേൽപ്പിച്ച
ശാശ്വതമായ മുറിവുകളെ ഒരിക്കലും പരിഹരിക്കാനോ,

എല്ലാ തെറ്റുകളെയും ഏറ്റു പറഞ്ഞ് വീണ്ടും അവനെ എന്നിൽ ചേർത്തു വെക്കുന്നതിനോ,

തമ്മിൽ ഒന്നു ചേരുന്നതിനോ ഇനിയൊരു ജന്മമില്ലെന്നത് അന്നേരം എന്നെ ആഴത്തിൽ വേദനിപ്പിച്ചു,

പരസ്പരം ഒന്നായിരുന്ന സമയത്ത്
അവൻ ആവശ്യപ്പെട്ട അവന്റെ ഒരേയോരാവശ്യമായ ആ ചുംബനം പോലും ഇനിയവന് ഒരിക്കലും നൽകാനാവിലെന്നതും എന്നെ വല്ലാതെ മുറിവേൽപ്പിച്ചു,

ഞാനതവന് നൽകുമെന്ന് അവനത്രക്ക് ഉറപ്പുണ്ടായിരുന്നതു കൊണ്ടാണ് അന്നവൻ ആ ചുംബനം ചോദിച്ചതെന്നു പോലും ഇപ്പോഴാണ് മനസിലാകുന്നത്,

എന്റെ ഒഴിവിൽ മറ്റു പലരും അവനെ സ്നേഹിക്കാൻ ശ്രമിച്ചിട്ടും അവരാരേയും സ്വീകരിക്കാൻ അവൻ തയ്യാറായില്ല പകരം മറ്റുള്ളവരുടെ നിർബന്ധനകൾക്കു സ്വയം വിട്ടു കൊടുക്കാതെ സ്വയം നാടും വീടും വിട്ട് പോവുകയാണുണ്ടായത്,

ആ ഒറ്റ കാരണം കൊണ്ടു തന്നെ അവനെന്നെ ചേർത്തു വെച്ചിരിക്കുന്നതും ഞാനവനിൽ അലിഞ്ഞു ചേർന്നിരിക്കുന്നതും അവന്റെ പ്രാണനിലാണെന്നതിന് മറ്റു തെളിവുകൾ ആവശ്യമില്ലായിരുന്നു.

അവിടുന്ന് കുറച്ചു നാളുകൾക്കു ശേഷം
ഞാനെന്റെ പഴയ കൂട്ടുകാരിയേ വിളിച്ച് മലേഷ്യയിലെ അവന്റെ അഡ്രസ്സ് സംഘടിപ്പിച്ചു തരാൻ ഞാൻ അവളോടാവശ്യപ്പെട്ടു,

രണ്ടു ദിവസത്തിനകം തന്നെ അവളതു സംഘടിപ്പിച്ചു തരുകയും ചെയ്തു,

അതു കൈയ്യിലെത്തിയതും
നേരേ വീട്ടിലെത്തി ആ ഫോട്ടോഫ്രെയിം ഷെൽഫിൽ നിന്നെടുത്ത് ഒരുകാലത്ത് അവനൊരുപാട് ഇഷ്ടമായിരുന്ന എന്റെ ഒരു പഴയഫോട്ടോ അതിൽ വെച്ച് അവന്റെ മലേഷ്യൻ അഡ്രസ്സിൽ ഞാനത് അവനയച്ചു കൊടുത്തു,

പഴയ ഫോട്ടോ അയക്കാനുള്ള കാരണം ഇപ്പോഴുള്ള എന്നേക്കാൾ ആ ഫോട്ടോയിലുണ്ടായിരുന്ന ഞാനായിരുന്നു അവനെ കൂടുതൽ സ്നേഹിച്ചിരുന്നതെന്നു എനിക്കറിയാവുന്നതു കൊണ്ടു കൂടിയാണ്.

അവനോടുള്ള ആ പഴയ ഇഷ്ടത്തിന്റെ സൂചകമായി ഇനി ഒരിക്കലും മാറ്റില്ലെന്നുറപ്പിച്ച് എന്റെ ഫെയ്സ്ബുക്കിന്റെ പ്രൊഫൈൽ പിക്ച്ചറായി ഞാനും ആ ഫോട്ടോ തന്നെയിട്ടു,

ആ ഫോട്ടോഫ്രെയിം അവന്റെ കൈകളിലെത്തുമ്പോൾ അതിലെ എന്നെ കാണുന്ന നിമിഷം അവന്റെ കണ്ണുകൾ നിറയുന്നതു എനിക്കിപ്പോഴേ കാണാം,

എന്നാലതിനു ശേഷം
അവന്റെയുള്ളിൽ ഇപ്പോഴുള്ള എന്റെ ഹൃദയചിത്രത്തിനു പകരം എന്റെ നേർച്ചിത്രം സ്ഥാനം പിടിക്കുമെന്നും,
എനിക്കു കാണാൻ കഴിയില്ലെങ്കിലും ആ ഫോട്ടോയിലെ എന്നെ നോക്കി വീണ്ടുമവൻ പുഞ്ചിരിക്കുമെന്നും,

ആ ഫോട്ടോഫ്രെയിം നെഞ്ചിൽ ചേർത്തു വെച്ച് പഴയ ഒാർമ്മകളെ തേടിപ്പിടിച്ച് എന്നെയോർത്തു കിടക്കുമെന്നും എനിക്കറിയാം.

ആ ഫോട്ടോഫ്രെയ്മിനോടൊപ്പം
ഇങ്ങനൊരു എഴുത്തു കൂടി ഞാനതിൽ വെച്ചു,

നിനക്ക് നൽകാനായി ഞാനെന്റെ ഹൃദയത്തിൽ ഒരു ചുംബനം സൂക്ഷിച്ചിട്ടുണ്ട്, എന്റെ ഹൃദയവും,
സ്വപ്നങ്ങളും, ജീവനും, കണ്ണീരും ഒത്തുച്ചേർന്ന ഒന്ന്,

മറ്റാർക്കും എന്നിൽ നിന്നു പിടിച്ചു വാങ്ങാൻ കഴിയാത്ത ഒന്ന്, എന്നെ അടക്കുന്ന മണ്ണിൽ എന്നോടൊപ്പം അതും അലിഞ്ഞു ചേർന്നില്ലാതെയാവും…