വൈശാഖിന്റെ പെണ്ണ് കൊള്ളാം.നല്ല ഐശ്വര്യമുള്ള കുട്ടി.ആളുകൾക്കിടയിയിൽ നിന്ന് കേൾക്കുന്ന മുറുമുറുപ്പുകൾ.

രചന: മാരീചൻ

എന്താണ് അമ്മേ സതി…?

സതിയോ…? ഏത് സതി…?

ഇന്ന് സ്കൂളിൽ മാഷ് പറഞ്ഞല്ലോ സതി നിർത്തലാക്കി എന്നൊക്കെ…? ദേ നോട്ട്സ് തന്നിട്ടുണ്ട്.

ഓ അതോ അതൊരു ദുരാചാരമാണ് മോനേ…ഭർത്താവ് മരിച്ചാൽ ആ ചിതയിൽ വെച്ച് ഭാര്യയേയും ജീവനോടെ ദഹിപ്പിക്കും.

യ്യോ അപ്പോ പൊള്ളില്ലേ…?

പിന്നെ പൊള്ളും. വേദന സഹിക്കാതെ ഇറങ്ങി ഓടാൻ നോക്കും. അപ്പോൾ ബന്ധുക്കളും പരിചയക്കാരും ചേർന്ന് വീണ്ടും ആ ചിതയിലേക്ക് വീണ്ടും തളളി ഇടും. മരണം ഉറപ്പാക്കും.

യ്യോ കേട്ടിട്ട് തന്നെ പേടിയാകുന്നു. അത് നിർത്തലാക്കിയത് നന്നായി അല്ലേ അമ്മേ. ഇല്ലേൽ അച്ഛനൊപ്പം ഉണ്ണിക്ക് അമ്മയും ഇല്ലാണ്ടായേനെ…

ഉണ്ണി പേടിക്കേണ്ട വായിച്ചോളു…അമ്മ മോനോടൊപ്പം തന്നെയില്ലേ…

ഉം…

ഉണ്ണിയെ ചേർത്ത് പിടിച്ച് പറഞ്ഞിട്ട് മുറിയിലേക്ക് നടന്നു. തല ചെറുതായി വേദനിക്കാൻ തുടങ്ങി. കട്ടിലിൽ തലയിണയിൽ മുഖം അമർത്തി കിടന്നു. ചുറ്റുമുള്ള ഇരുളിൽ ഒരു കല്യാണപന്തൽ തെളിഞ്ഞു വരുന്നു…

എഴുതിരിയിട്ട വിളക്കിനു മുന്നിലിരിക്കുന്ന പെണ്ണ്. കഴുത്തിൽ ഒരു നനുത്ത സ്പർശം. താലികെട്ടുന്നു. ശ്യാമ കാർത്തികേയൻ ശ്യാമ വൈശാഖാവുന്നു…മൂന്നു വർഷത്തെ പ്രണയം സഫലമായ ദിവസം…

വൈശാഖിന്റെ പെണ്ണ് കൊള്ളാം. നല്ല ഐശ്വര്യമുള്ള കുട്ടി. ആളുകൾക്കിടയിയിൽ നിന്ന് കേൾക്കുന്ന മുറുമുറുപ്പുകൾ. എന്നെ നോക്കുന്ന വൈശാഖന്റെ കണ്ണിലെ തിളക്കം. കുസൃതി ഒളിപ്പിച്ച കണ്ണുകൾ.

ജീവിതം പൂത്തുലഞ്ഞ നാളുകൾ. കുഞ്ഞു പിണക്കങ്ങൾ, അതിനേക്കാൾ സ്നേഹത്തോടെയുള്ള ഇണക്കങ്ങൾ…പ്രതീക്ഷകൾ…കുടുംബത്തിലെ മൂത്ത ആളുടെ ഭാര്യ…ഏട്ടത്തിയമ്മ…ബഹുമാനം…അംഗീകാരം…അച്ഛന്റെ ചെല്ലക്കുട്ടി എത്ര പെട്ടെന്നാണ് ഒരു കുടുംബത്തെ കാരവണത്തിയായത്.

ശ്യാമ മോൾ വന്നേപ്പിന്നെയാ കുടുംബത്ത് ഐശ്വര്യം വന്നത്. വരുണിന് ജോലിയായി. വൈശാഖിന് പ്രമോഷൻ…വൈശാഖേട്ടന്റെ അമ്മയുടെ വാക്കുകൾ…തല ഉയർത്തിപ്പിടിച്ച് നടന്ന നാളുകൾ…

അതങ്ങനാ ദേവകിയേ ഐശ്വര്യമുള്ളവർ വന്നാൽ എല്ലാവർക്കും അതിന്റെ ഗുണം കിട്ടും…തെക്കേതിലെ നാണിയമ്മ ഏറ്റുപറയുന്നു.

സുന്ദരി, ഭാഗ്യവതി, ഐശ്വര്യമുള്ളവൾ…എന്തെല്ലാം വിശേഷണങ്ങൾ…

ഭഗവതി പ്രദക്ഷിണത്തിന് വരുമ്പോൾ നെല്ല് കൊടുക്കാൻ ശ്യാമ മതി. വൈശാഖേട്ടന്റെ അച്ഛൻ ഉമ്മറത്തിരുന്ന് പറയുന്നു.

വരുണേ ജോലിക്ക് പോകും മുമ്പ് ഏട്ടത്തിയമ്മയുടെ കാല് തൊട്ട് വന്ദിക്ക്…അകത്തുനിന്ന് ആരോ വൈശാഖിന്റെ അനിയനോട് വിളിച്ചു പറയുന്നു.

ശ്യാമ…ശ്യാമ മാത്രം…എവിടെയും…എന്തിനും…

തലയിണയിലെ നനവ് മുഖത്ത് തട്ടിയപ്പോഴാണ് കരയുകയാണെന്ന് അറിഞ്ഞത്. ഇനിയും കണ്ണീർ ബാക്കി ഉണ്ടായിരുന്നോ…?

ആ ദിവസം, ആ നശിച്ച ദിവസം എന്റെ വൈശാഖനെ ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ് ഈ ഉമ്മറത്ത് കിടത്തിയ ദിവസം…ഞാൻ…ഞാൻ…മരിച്ച ദിവസം.

ആരൊക്കെയോ ചേർന്ന് ആശ്വസിപ്പിക്കുന്നു. വിധിയെന്ന് പറയുന്നു…ആരോ വൈശാഖിന്റെ തണുത്ത കൈ പിടിച്ച് എന്റെ താലി അറുത്തുമാറ്റുന്നു. മരണത്തോടെ ബന്ധം തീരുമെന്നോ…ദേഹമല്ലേ പോവുക…ദേഹി ഉണ്ടാകില്ലേ…അങ്ങനെയാണല്ലോ മുത്തശ്ശി പറഞ്ഞത്.

ഒന്നും ഒന്നും ഓർമ്മ കിട്ടുന്നില്ല. ഈ നശിച്ച ചന്ദനത്തിരിയുടെ മണം…അതിന്റെ പുക കാരണം വൈശാഖന്റെ മുഖം ശരിക്ക് കാണാൻ പറ്റുന്നില്ല…

നാശം…ഇവരോടൊക്കെ എങ്ങനാണ് പറഞ്ഞ് മനസ്സിലാക്കുക. അല്ലേലും ഭാര്യാഭർത്താക്കൻമാർക്കിടയിലെ രഹസ്യങ്ങൾ ഇവർക്കറിയില്ലല്ലോ…എനിക്കറിയാം എന്റെ വൈശാഖിന്റെ കുസൃതി…

ചുമ്മാ കണ്ണടച്ച് കിടക്കുവാണ്…ഞാൻ ചെന്ന് അടുത്ത് കിടക്കണം…അപ്പോഴും അനങ്ങില്ല. പതുക്കെ ആ നെറ്റിയിൽ ഒരു ഉമ്മ കൊടുക്കണം, മൂക്കിൽ പിടിച്ചൊന്ന് വലിക്കണം, അപ്പോ കാണാം ചുണ്ടിൽ കുസൃതി ചിരി വിരിയുന്നത്…കള്ളൻ…അതൊന്നും ഈ കൂടി നിൽക്കുന്ന മണ്ടൻമാർക്ക് അറിയില്ല.

ആക്സിഡന്റ്‌ ആയിരുന്നു പോലും…എന്ത് ആക്സിഡന്റ്…ഇനി ആക്സിഡന്റ് ഉണ്ടായീന്ന് വെയ്ക്കുക, എന്റെ വൈശാഖിന് എന്ത് പറ്റാൻ…ഹെൽമെറ്റ് ധരിച്ചേ വണ്ടി ഓടിക്കു…അതും വളരെ സൂക്ഷിച്ച്..ഈ നാശങ്ങൾ ഒന്ന് പോയെങ്കിൽ…

എന്നിട്ട് വേണം എനിക്ക് വൈശാഖിനോടൊരു കാര്യം പറയാൻ…പെട്ടെന്ന് പറയില്ല…ഒന്ന് പിണങ്ങി മാറി നിൽക്കും. അപ്പോൾ പിറകേ വന്നോളും ഒരു ചെറിയ ചിരിയുമായി…കുറച്ചു ചിണുങ്ങീട്ടേ പറയു, ഒരു കുഞ്ഞുവൈശാഖ് എന്റെ വയറ്റിൽ താമസം ഉണ്ടെന്ന്…

ആരോടും പറഞ്ഞിട്ടില്ല, ആദ്യം അറിയേണ്ടത് കുഞ്ഞിന്റെ അച്ഛനല്ലേ…അത് കഴിഞ്ഞ് മതി എല്ലാരും അറിയുന്നത്…

ഇതെന്താണ് തല ചുറ്റുന്ന പോലെ…വൈശാഖിനെ കാണാൻ പറ്റുന്നില…ഇരുട്ട്…ഇരുട്ട് മാത്രം…

കട്ടിലിൽ നിന്ന് എഴുന്നേറ്റ് ഭിത്തിയിൽ ചാരി ഇരുന്നു. ഉമ്മറത്തിരുന്ന് എട്ടു വയസ്സുകാരൻ ഉണ്ണി ഉറക്കെ വായിക്കുന്നു. എന്റെ കൊച്ചു വൈശാഖൻ…

എട്ടുവർഷങ്ങൾ…ഞാൻ മരിച്ച ശേഷമുള്ള എട്ട് വർഷങ്ങൾ…അതേ അതാണ് ശരി…ഐശ്വര്യവതിയായ ശ്യാമ വൈശാഖിനൊപ്പം അതേ ചിതയിൽ വെന്തു തീർന്നു.

നിറവയറുമായി വൈശാഖന്റ വീട്ടിൽ നിന്നിറങ്ങിയത്…ഒരാളുടെ മുഖത്തും വിഷമം കണ്ടില്ല…വീട്ടിലിരുന്ന ചിതാഭസ്മം ഏതോ പുഴയിൽ ഒഴുക്കി കളഞ്ഞ ആശ്വാസം മാത്രം…

സ്വന്തം വീട്ടിലേക്ക് തല കുമ്പിട്ട് കയറി ചെന്നത്…ഉണ്ണിയുടെ ജനനം…അനിയത്തിക്കുട്ടി എന്നു വിളിച്ചിരുന്ന ഏട്ടൻ, ഭർത്താവില്ലാത്ത കുറവ് പരിഹരിക്കാൻ മുറി തേടി വന്നത്…ജീവിതം തകർക്കരുതെന്നു പറഞ്ഞ് തൊഴുകൈയുമായി നിന്ന ചേച്ചിയുടെ മുഖം…ഒരഭയത്തിനായ് ഭ്രാന്തു പിടിച്ച പോലെ ചുറ്റും നോക്കിയത്…തളർന്നു കിടക്കുന്ന അച്ഛന്റെ കണ്ണിലെ നിസ്സഹായത…ഒടുവിൽ ആറു മാസക്കാരൻ ഉണ്ണിയേയും തോളിലേറ്റി പടിയിറക്കം.

പിന്നെയും ജീവിക്കാനുള്ള ശ്രമങ്ങൾ…ഉണ്ണിക്ക് വേണ്ടി…മേലകത്തെ ഈ ഒറ്റമുറി വീട്ടിലെ താമസം…ഫാക്ടറിയിലെ ജോലി…ചിതയിൽ നിന്ന് എഴുന്നേറ്റ് ഓടാനുള്ള ശ്രമങ്ങൾ.

ശ്യാമയ്ക്ക് ഈയിടെയായി കുറച്ച് ഒരുക്കം കൂടിയോ…?ആരൊക്കെയോ രാത്രി വരവ് ഉണ്ടെന്ന് കേൾക്കുന്നു. ഇവൾക്ക് എവിടുന്നാണ് ഈ പണം…? ഫാക്ടറി ജോലിക്ക് ഇത്ര ശമ്പളം ഉണ്ടോ…? വിധവയാണെന്ന ചിന്ത കൂടി ഇല്ല…

പറഞ്ഞവരിൽ അധികവും ബന്ധുക്കളാണ്. അടുത്തറിയുന്നവർ…പലപ്പോഴും ഇരുട്ടിന്റെ മറപറ്റി പിൻവാതിലിൽ മുട്ടിയവർ…ഓരോ തവണ എഴുന്നേറ്റ് വരുമ്പോഴും ചിതയിലെക്കവർ ഊക്കോടെ തളളിയിടുന്നു. എരിഞ്ഞടങ്ങാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പൊള്ളിയടർന്ന ഈ ശരീരവുമായി വീണ്ടും എഴുന്നേറ്റ് വരുന്നത് ഉണ്ണിയെ ഓർത്താണ്. എന്റെ കൊച്ചു വൈശാഖനെ ഓർത്ത്…

ഉമ്മറത്തിരുന്ന് അപ്പോഴും ഉണ്ണി വായിക്കുന്നത് കേട്ടു…

“സതി നിർത്തലാക്കിയ വർഷം1829”