കാലിൽ ആ വിരലുകൾ സ്പര്ശിച്ചപ്പോൾ അത്രേം നേരം ഉണ്ടായിരുന്ന വേദന എങ്ങോ പോയത് പോലെ…കൺപോളകൾക്കിടയിൽ നീർതുള്ളി സ്ഥാനം പിടിച്ചു

ശ്രീദേവി – രചന: അഞ്‌ജലി മോഹൻ

വീർത്തുന്തിയ വയറുമായി ഉമ്മറക്കോലായിൽ നിൽകുമ്പോൾ കണ്ണിലേക്കൊരു നോട്ടം…ഒരു നേർത്ത പുഞ്ചിരിയെങ്കിലും ഇന്നും പ്രതീക്ഷിച്ചു…

ഈ ശരീരത്തിലെ അദ്ദേഹത്തിന്റെ കുഞ്ഞിനെ ചുമക്കുന്ന ഉദരമല്ലാതെ ഒരുപക്ഷെ തന്റെ മുഖം പോലും കണ്ടിരിക്യാൻ സാധ്യത കുറവാണ്…ഇന്നും പടികയറി വന്നത് അങ്ങനെ തന്നെ..

.അതിലും അധികം ഒന്നും പ്രതീക്ഷിച്ചല്ല, അല്ലെങ്കിലും പണത്തിനുവേണ്ടി ഗർഭപാത്രം വിറ്റവളോട് എന്ത് സ്നേഹമാണ് അതിന്റെ ഉടമ കാണിക്കേണ്ടത്…?

കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി ഫ്രൂട്സ് ഹോർലിക്‌സ് തുടങ്ങി തരാത്തതായി ഒന്നുമില്ല…കുഞ്ഞിനുവേണ്ടിമാത്രം എന്നെ നോക്കാൻ സഹായത്തിനൊരാളെയും വച്ചുതന്നിട്ടുണ്ട്. “സാവിത്രിയമ്മ…” അദ്ദേഹത്തിന്റെ ആകെയുള്ള ബന്ധു…

— —

കുറച്ചുനേരം ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി. എന്നത്തേയും പോലെ വയറിലേക്ക് നോക്കി എന്തെല്ലാമൊക്കെയൊ പറയുന്നുണ്ട്. ഇടയ്ക്കാ കണ്ണുകൾ സന്തോഷംകൊണ്ട് ഈറനാവുന്നുണ്ട്.

ഈ അച്ഛന്റേം കുഞ്ഞിൻറേം ഒപ്പം ഈയുള്ളവളെ കൂടെ കൂട്ടിക്കൂടെ എന്ന് പലവുരു ചോദിക്കാൻ നാവുയർന്നു. അപ്പോഴൊക്കെ സ്വന്തം ഗർഭപാത്രം വിറ്റവളുടെ മുഖം മാത്രം മനസിലേക്ക് വരും. അപ്പോഴൊക്കെ തന്റെ നിസ്സഹായാവസ്ഥയോടാവൾക്ക് പുച്ഛം തോന്നും.

മോൻ അനങ്ങുന്നുണ്ടോ സാവിത്രിയമ്മേ…?

ഉണ്ട് കുഞ്ഞേ രാത്രിയൊക്കെ നല്ല ചവിട്ടും കുത്തുമാ…അല്ലെ ദേവിമോളെ…?

“മ്മ്ഹ്…”

ഉത്തരം ഒരു മൂളലിൽ ഒതുക്കി. ആ കണ്ണുകൾ കൂടുതൽ കൂടുതൽ വിടർന്നു വന്നു. അവളാ കണ്ണുകളിലെ തിളക്കത്തിലേക്ക് അത്ഭുതത്തോടെ നോക്കി…

“ഇപ്പം അനക്കം വല്ലതും ഉണ്ടോ ദേവിമോളെ…ഉണ്ടെങ്കിൽ കുഞ്ഞിന് ഒന്ന് തൊട്ട് നോക്കാമായിരുന്നു…”

കേട്ടത് വിശ്വസിക്കാനാകാതെ സാവിത്രിയമ്മയെ ഒന്ന് തലയുയർത്തി നോക്കി…പിന്നെ ശ്രീയേട്ടനെയും…

അതീവ സന്തോഷത്തിൽ ആ കൈകളിൽ ആദ്യമായി ഒന്ന് പിടിച്ചു…വീർത്തുന്തിയ വയറിലേക്ക് ആ കൈകൾ എടുത്തുവച്ചു…”ഒന്ന് വിളിച്ച് നോക്കിക്കേ ശ്രീയേട്ടാ അവൻ അനങ്ങും…
” എങ്ങനെയാണെന്ന് അറിയില്ല അപ്പോൾ അങ്ങനെ വിളിക്കാനാണ് തോന്നിയത്…

പതിയെ തലതാഴ്ന്നു, അച്ഛൻ മോനോട് എന്തൊക്കെയോ പറയുന്നുണ്ട് അവൻ മറുപടിയായി ചെറിയ ചെറിയ ചവിട്ടും കുത്തലും ഒക്കെ കൊടുത്തുപോന്നു. അവിടെ ഈ അമ്മ ഒരു അധികപ്പറ്റായതുപോലെ…

അധികനേരം ഉള്ളിലെ നോവ് പിടിച്ച് നിർത്താൻ ആവില്ലെന്ന് തോന്നിയപ്പോൾ എഴുന്നേറ്റ് മുറിക്കകത്തേക്ക് കയറി…കിടക്കണം എന്നൊരു കാരണവും ബോധിപ്പിച്ചു…നെഞ്ച് പൊടിയുന്ന വേദന തോന്നി…

ഒരുകാലില്ലാതെ ലോട്ടറി വിറ്റുനടക്കുന്ന അച്ഛനുകിട്ടിയ അടിയായിരുന്നു അമ്മേടെ അസുഖം. കുറെ കിട്ടാവുന്നിടത്തൂന്ന് വാങ്ങിയും ആവുന്നത്ര സ്വന്തമായി ഉണ്ടാക്കിയും എങ്ങനെയൊക്കെയോ കുറെ ചികിൽസിച്ചു.

ഇനി മുൻപോട്ട് പോകാൻ മുൻപിൽ വഴിയൊന്നും ഇല്ലാന്ന് കണ്ടപ്പോഴാണ് അവിടത്തെ ഡോക്ടർടെ തന്നെ കുഞ്ഞിനെ ഈ ഗർഭപാത്രം ഏറ്റുവാങ്ങിയത്. കൈനിറയെ പൈസ കിട്ടി. കൊടുക്കാവുന്നതിൽ വച്ച് ഏറ്റവും നല്ല ചികിത്സയും കൊടുത്തു.

ഇവനെ 3 മാസം ആയപ്പോഴേക്കും അമ്മ ഞങ്ങളെ വിട്ട് പോയി. ആർക്കുവേണ്ടിയാണോ ഇങ്ങനൊക്കെ ആയിത്തീർന്നത് അയാളെപ്പോലും ദൈവം തിരികെ തന്നില്ല. ഇനിയെന്റെ കുഞ്ഞും…ഓർത്തപ്പോ കണ്ണ് നിറഞ്ഞൊഴുകി…

ഒരവകാശവും പറഞ്ഞുചെല്ലാൻ ആവില്ലെനിക്ക്…സ്വന്തം ഉദരത്തിൽ ഉള്ള കുഞ്ഞിനെപോലും ഉള്ള് തുറന്ന് സ്നേഹിക്കാൻ പറ്റാത്തവൾ…തന്നോട് തന്നെ വെറുപ്പ് തോന്നിയ നിമിഷങ്ങൾ…

മാസങ്ങൾ കടന്ന് പോകുമ്പോ മാനസിക പിരിമുറുക്കം ഏറി വരുകയായിരുന്നു. ഒരു മാറ്റവും ഇല്ലാതെ കുഞ്ഞിനെ മാത്രം വന്നുനോക്കി പോകുന്നവനെ പ്രതീക്ഷയോടെ എന്നും നോക്കി നിൽക്കും…

— —

കിടക്കുന്നില്ലേ…? അധികം ഉറക്കം ഒഴിക്കണ്ട, പെട്ടന്ന് കിടക്കാനാ സാവിത്രിയമ്മ പറഞ്ഞത്. തന്റെ അച്ഛൻ കാലത്തെ ഇങ്ങെത്തും. പേടിക്കണ്ട…വാ വന്ന് കിടക്ക്…

“മ്മ്മ്ഹ്…”

എങ്ങനെയൊക്കെയോ ചാരുപടിയിൽ നിന്നും എഴുന്നേറ്റ് നിന്ന് പതിയെ അകത്തേക്ക് നടന്നു. കാലിലെ നീരുകാരണം ഒരുപോള കണ്ണടയ്ക്കാൻ ആവുന്നില്ല. സാവിത്രിയമ്മയോ അച്ഛനോ അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോയി.

എന്തേ…എന്തേലും വയ്യായ്ക തോന്നുന്നുണ്ടോ…? ഹോസ്പിറ്റലിൽ പോണോ…?

വെപ്രാളത്തോടെയുള്ള ചോദ്യം അവന്റെ കുഞ്ഞിനെ ഓർത്തു മാത്രമായിരുന്നു…

കാല് വേദനിക്കുന്നു…ഉറങ്ങാനാവുന്നില്ലെനിക്ക്…നിറഞ്ഞ കണ്ണുകളോടെ കാലിലേക്ക് നോക്കികൊണ്ട് പറഞ്ഞു…

ഞാൻ തിരുമ്മി തരട്ടെ മ്മ്ഹ്ഹ്…? തലയുയർത്തി അവളവനെ തന്നെ നോക്കി…കാലിൽ ആ വിരലുകൾ സ്പര്ശിച്ചപ്പോൾ അത്രേം നേരം ഉണ്ടായിരുന്ന വേദന എങ്ങോ പോയത് പോലെ…കൺപോളകൾക്കിടയിൽ നീർതുള്ളി സ്ഥാനം പിടിച്ചു…

വയറിൽ ഒരു ചെറിയ വേദന തോന്നിയപ്പോഴാണ് കണ്ണ് തുറന്നത്…കാൽച്ചുവട്ടിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു ശ്രീയേട്ടൻ…കുറച്ച് നേരം നോക്കി നിന്നപ്പോഴേക്കും വയറിൽ അസഹ്യമായ വേദന വന്നുകൊണ്ടിരുന്നു…

— —

“എനിക്ക് പേടിയാവുന്നു ശ്രീയേട്ടാ…പേടിയാവുന്നു…” കാറിൽ എടുത്തുകൊണ്ട് വരുമ്പോൾ അവൾ പറഞ്ഞ വാക്കുകൾ അവനെ അസ്വസ്ഥനാക്കി…

കുഞ്ഞു വെള്ളത്തുണിയിൽ തന്റെ മകനെ കൊണ്ടുതന്നപ്പോൾ, എന്തോ അവൾക്കെങ്ങനെ ഉണ്ടെന്ന് അറിയാനുള്ള അടങ്ങാത്ത മോഹമായിരുന്നു ഉള്ളിൽ…കുഴപ്പം ഒന്നും ഇല്ല. ഫസ്റ്റ് ഡെലിവറി അല്ലെ…വൈഫ്‌ന്റെ അതിന്റെതായ കുറച്ച് ബുദ്ധിമുട്ടൊഴിച്ചാൽ ഒന്നും ഒരു കോംപ്ലിക്കേഷനും ഉണ്ടായിരുന്നില്ല…

— —

മയക്കം വിട്ട് ഉണർന്നപ്പോൾ ശ്രീയേട്ടനും സാവിത്രിയമ്മയും അടുത്തുണ്ടായിരുന്നു. തൊട്ടടുത്തായി വെളുത്ത് പഞ്ഞികെട്ടുപോലെ ഒരു മാലാഖ കുഞ്ഞും. ഒന്നാ കുഞ്ഞുവിരലുകളിൽ പിടിത്തമിട്ടു.

സാവിത്രിയമ്മയുടെ സഹായത്തോടെ ആദ്യമായി, ഒരുപക്ഷെ അവസാനമായും തന്റെ കുഞ്ഞിന് അമ്മിഞ്ഞപ്പാൽ കൊടുത്തു. മുഖമാകെ തുരുതുരെ ചുംബിച്ചു. ആശുപത്രി വിട്ട് വരുമ്പോൾ അച്ഛനൊന്ന് മോനെ കാണണമെന്ന് പറഞ്ഞു…

ഞങ്ങളെയും കാത്ത് അച്ഛൻ മുറ്റത്ത് തന്നെ ഉണ്ടായിരുന്നു. ശ്രീയേട്ടന്റെ കയ്യിലിരുന്ന മോനെ ഒന്ന് തഴുകി തിരിഞ്ഞ് നടന്ന് ഉമ്മറത്തെ ചാരുപടിയിൽ ചെന്നിരുന്നു. ഞാനൊരു നേർത്ത ചിരിയോടെ അവനെ വാങ്ങി അച്ഛന്റെ മടിയിലേക്ക് കിടത്തി കൊടുത്തു. ഞാനും അച്ഛനും അവനെ മതിവരുവോളം നോക്കി. ഉമ്മകൾ കൊണ്ട് മൂടി…

“പറഞ്ഞ പ്രകാരം ആണെങ്കിൽ ഇന്നത്തോടെ തീരും ഈ എഗ്രിമെന്റ്…ഇനി കുഞ്ഞിൽ ഒരാവകാശവും നിങ്ങൾക്ക് ഉണ്ടാവില്ല…നമ്മൾ തമ്മിലും…”

സാവിത്രിയമ്മ പറഞ്ഞപ്പോൾ ഒരു പിടച്ചിലോടെ ഞാൻ ശ്രീയേട്ടനെ നോക്കി. ശ്രീയേട്ടൻ അപ്പോഴും അച്ഛന്റെ മടിയിൽ കിടക്കുന്ന അദ്ദേഹത്തിന്റെ കുഞ്ഞിനെ നോക്കികൊണ്ടിരിക്കുകയായിരുന്നു. എഴുന്നേറ്റ് ചെന്ന് പഴയ ക്യാമറയുള്ള നോകിയഫോൺ എടുത്തുകൊണ്ടു വന്നു. എന്റെ മോന്റെ നിറയെ ഫോട്ടോകൾ എടുത്തുവച്ചു.

അച്ഛന്റെ മടിയിൽ നിന്നും സാവിത്രിയമ്മ കുഞ്ഞിനെ എടുത്തപ്പോൾ കണ്ണിൽ ഇരുട്ടുവീഴുന്നത് പോലെ തോന്നി. കഴുത്തിലുണ്ടായിരുന്ന നൂലുപോലെയുള്ള സ്വർണമാല ഊരി അവനിട്ടുകൊടുത്തു.

അവസാനമായി എന്റെ കുഞ്ഞിനേയും അവന്റെ അച്ഛനെയും ഒന്ന് നോക്കി…തളർന്നുപോകാതിരിക്കാൻ പ്രാർത്ഥിച്ച് വേച്ചു വേച്ചു അകത്തേക്ക് നടന്നു…

“അച്ഛമ്മ പോട്ടെടാ ചക്കരെ…ഇനി കുറച്ചൂസം ഇവിടെ അമ്മേടേം അച്ഛന്റേം ഒപ്പം നിന്ന് വേഗം അങ്ങ് വന്നേക്കണേ അച്ഛമ്മ അവിടെ കാത്ത് നിൽക്കും…” കേട്ടത് വിശ്വസിക്കാനാകാതെ ദേവി തിരിഞ്ഞു നോക്കി…

സാവിത്രിയമ്മ നടന്നു വന്ന് അവൾടെ കൈകളിലേക്ക് കുഞ്ഞിനെ വച്ചുകൊടുത്തു…പോട്ടേ മോളെ…3 മാസം കഴിഞ്ഞാൽ അങ്ങോട്ടേക്ക് പോന്നേക്ക്…

കണ്ണുകൾ നിറഞ്ഞൊഴുകി ഉത്തരമായി ഒന്ന് തലകുലുക്കികൊണ്ട് മോനെയും എടുത്ത് അകത്തെ മുറിയിലേക്ക് വേഗത്തിൽ നടന്നു…കുറേനേരം അവനെ കെട്ടിപിടിച്ച് ആർത്തലച്ചു കരഞ്ഞു…

“ദേവി…”

സന്തോഷം അടക്കാനായില്ല മോനെ കിടക്കയിലേക്ക് കിടത്തി ഓടിചെന്നവനെ വാരി പുണർന്നു.

ശ്രീയേട്ടാ…എന്നെവിട്ട് പൊയ്‌കളയല്ലേ എനിക്ക് നിങ്ങളില്ലാതെ പറ്റില്ല.

ഒരുപാട് വേദനിച്ചോ…?

മ്മ്മ്ഹ്ഹ്…?

പാറിക്കിടന്ന മുടിയിഴകളിലൂടെ അവനൊന്നു തലോടി…

“മ്മ്ഹ്ഹ് ഇത്തിരി…”

നേർത്ത ശബ്ദത്തിൽ അവനെ ഇറുകെപിടിച്ചുകൊണ്ട് പറഞ്ഞു. കുറച്ചുനിമിഷങ്ങൾ മൗനം തമ്മിൽ സംസാരിച്ചു.

മോന്റെ ചിണുക്കം കേട്ട് അവനെ നോക്കിയപ്പോൾ രണ്ടുപേരുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു…ഒപ്പം ആ കുഞ്ഞു ചുണ്ടിലും ഒരു പാൽപുഞ്ചിരി നിറഞ്ഞു…