രചന: സുധിൻ സദാനന്ദൻ
മുറിയിലിരുന്ന് ഇരിപ്പുറക്കാതെ, അടുക്കളയിൽ പാത്രങ്ങൾ കഴുകികൊണ്ടിരുന്ന ദേവൂനെ പുറകിൽനിന്നും കെട്ടിപ്പിടിച്ച് നനുത്ത കഴുത്തിൽ നല്കിയ ചുംബനത്തിൽ തല ഉയർത്തിനില്ക്കുന്ന അവളുടെ പിൻകഴുത്തിലെ കുഞ്ഞുചെമ്പൻ രോമങ്ങൾ ഇനിയും ചുംബനം ഏറ്റുവാങ്ങാൻ കൊതിക്കുന്നതുപോലെ…അതെന്നെ വീണ്ടും ചുംബിക്കുവാൻ ഉന്മാദനാക്കി.
പിൻകഴുത്തിലെ എന്റെ ചുടുനിശ്വാസം തിരിച്ചറിഞ്ഞ ദേവു, കൈകുമ്പിളിൽ വെള്ളമെടുത്ത് എന്റെ മുഖത്ത് തളിച്ച് മുഖത്ത് ഒരു കൃത്രിമ ദേഷ്യം വരുത്തി, അമ്മ കാണും ശ്രീയേട്ടാ, എന്നൊരു താക്കീതും നല്കി ഉന്തിതള്ളി എന്നെ അടുക്കളയിൽ നിന്നും വെളിയിലാക്കി.
അമ്മയെ പെട്ടെന്ന് കണ്ടതുകൊണ്ടുള്ള എന്റെ പരുങ്ങൽ കണ്ടിട്ടെന്നോണം…
“എന്താ ശ്രീ…എന്തേലും വേണോ” എന്നുള്ള അമ്മയുടെ ചോദ്യത്തിന്…
വെള്ളം..വെള്ളം കുടിക്കാൻ വന്നതാ അമ്മേ..എന്ന് മറുപടി പറഞ്ഞപ്പോൾ അമ്മയൊന്ന് അമർത്തി മൂളി, ദേവൂനോടായി പറയുന്നുണ്ടായിരുന്നു…അതൊക്കെ നാളെ ചെയ്യാം മോളെ, മോള് പോയി കിടന്നോട്ടോ, ഇല്ലെങ്കിൽ ഒരാളുടെ ദാഹത്തിന് മ്മടെ കിണറ്റിലെ വെള്ളം തികയാതെ വരൂന്ന്.
ചമ്മി തെറിച്ച ഞാൻ ക്ഷണനേരംകൊണ്ട് ഗോവണി ഓടികയറി മുറിയിലെത്തി, ദേവൂ പടികൾ കയറിവരുന്ന പാദസരകിലുക്കം കാതോർത്തങ്ങനെ കട്ടിലിൽ മലർന്ന് കിടന്നു.
ഫാനിന്റെ കാറ്റിൽ പേജുകൾ ഉയർന്നു പൊങ്ങുന്ന ചുമരിൽ തൂക്കിയിട്ട കലണ്ടറിലേക്ക് ഞാനൊന്ന് പാളിനോക്കി , എന്റെ സന്തോഷത്തിന്റെ നാളുകൾ അവസാനിക്കുവാൻ ഒരു രാത്രി കൂടിയേ ആയുസ്സുള്ളൂയെന്ന് കലണ്ടർ എന്നെ ഓർമ്മപ്പെടുത്തുന്നതുപോലെ തോന്നി.
അമ്മയേയും, ദേവൂനെയും ഇവിടെ തനിച്ചാക്കി മണലാരണ്യത്തിലേക്ക് തിരികെ പോവാൻ സമയമടുത്തിരിക്കുന്നു. ഈ ഒരു മാസം എത്ര വേഗത്തിലാണ് ഓടി മറഞ്ഞത്.
ദേവൂനെ കൺനിറയെകണ്ട് കൊതി തീർന്നില്ല. അമ്മുടെ കൈപുണ്യത്തിന്റെ മാധുര്യംനുകർന്ന് മതിയായില്ല.
ഇപ്രാവശ്യം നാട്ടിൽ പോവുന്നത് എന്റെ വിവാഹത്തിനാണെന്നും കുറച്ചു ദിവസങ്ങൾകൂടി ലീവ് നീട്ടിത്തരണം എന്നയെന്റെ അപേക്ഷ കാറ്റിൽ പറത്തും വിധം അറബി എന്റെ മുഖത്തു നോക്കി ഒരു വളിച്ചചിരി ചിരിക്കുമ്പോൾ ഇനി കൂടുതൽ പറഞ്ഞിട്ട് കാര്യമില്ലെന്ന് തീർച്ചയായിരുന്നു. ഒന്നിൽ കൂടുതൽ ഭാര്യമാരുള്ള അറബികൾക്ക് വിവാഹമെന്ന് പറഞ്ഞാൽതന്നെ കളി തമാശയാണല്ലോ…
പ്രവാസിയുടെ കുപ്പായം ധരിക്കാൻ തുടങ്ങിയിട്ട് ഏഴ് വർഷങ്ങൾ പിന്നിട്ടു. പത്താം ക്ലാസ്സിലെ കൊല്ലപരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ എന്നെ കൂട്ടികൊണ്ടു പോകുവാൻ പതിവില്ലാതെ വന്ന അമ്മാവനെ കണ്ട് ആശ്ചര്യപ്പെട്ടപ്പോൾ, “നമുക്ക് വേഗം വീട്ടിലേക്ക് പോവണം” എന്നു പറഞ്ഞ് അമ്മാവൻ എന്റെ കൈകൾ പിടിച്ച് വേഗത്തിൽ നടക്കുമ്പോൾ അരുതാത്തതെന്തോ നടന്നിട്ടുണ്ടെന്ന് മനസ്സിൽ നിന്നാരോ പറയുന്നതുപോലെ തോന്നിയിരുന്നു.
അകലെ നിന്ന് വീട് നിറഞ്ഞ് നില്ക്കുന്ന ആൾക്കൂട്ടവും പടിപ്പുരയുടെ ഭിത്തിയിൽ അച്ഛന്റെ ചിരിക്കുന്ന ഫോട്ടോയ്ക്ക് താഴെ ആദരാഞ്ജലികൾ എന്നെഴുതിയ വലിയ പോസ്റ്ററും കാണുമ്പോൾ കണ്ണീരിനാൽ കാഴ്ച മങ്ങിയിരുന്നു.
തോൾസഞ്ചി താഴെയിട്ട് ആൾക്കൂട്ടത്തിനിടയിലൂടെ വീടിനകത്തു കയറുമ്പോൾ വെള്ള പുതച്ച് കിടക്കുന്ന അച്ഛനെ കെട്ടിപ്പിടിച്ചു പൊട്ടികരയുന്ന അനിയത്തിയെയും അമ്മയേയും ചേർത്ത് പിടിച്ച് നില്ക്കുമ്പോൾ “ഇനി എന്ത് ” എന്ന ചോദ്യമായിരുന്നു മനസ്സിലാകെ നിറഞ്ഞു നിന്നത്.
പക്ഷെ കരഞ്ഞില്ല…അച്ഛൻ പറഞ്ഞ വാക്കുകൾ ചെവിയിലകങ്ങനെ അലയടിക്കുകയായിരുന്നു, “ആങ്കുട്ട്യോൾ കരയുന്നവരല്ല, കണ്ണീർ തുടക്കുന്നവരാകണമെന്ന്…”
കിട്ടിയ ജോലികളെല്ലാം ചെയ്തും വീടിന്റെ ആധാരം പണയംവെച്ചും അച്ഛന്റെ സ്ഥാനത്ത് നിന്ന് അനുവിന്റെ കല്യാണം നടത്തി. ബാധ്യതകൾ തലയ്ക്കുമീതെ വന്നപ്പോൾ അമ്മയെ അമ്മാവന്റെ വീട്ടിലാക്കി സ്വപ്നങ്ങളുടെ പറുദ്ദീസയായ ദുബായിലേക്ക് ചേക്കേറുമ്പോൾ എന്റെ മനസ്സിൽ ഒരേ ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ…
എത്രയും വേഗം ബാധ്യതകളെല്ലാം തീർത്ത് അമ്മയുമൊത്ത് തറവാട്ടിൽ കഴിയണമെന്ന സ്വപ്നം.
“നിനക്കും ഒരു കൂട്ട് വേണം, എനിക്ക് എന്തേലും പറ്റിയാൽ നീ തനിച്ചാവരുതെന്ന്” പറഞ്ഞ് അമ്മ തന്നെയാണ് ദേവൂനെ എനിക്കുവേണ്ടി കണ്ടെത്തിയതും…
വിവാഹ നിശ്ചയം കഴിഞ്ഞ് തിരികെ പോയ ഞാൻ വിവാഹത്തിനാണ് നാട്ടിൽ വന്നത്. അതും ഒരേ ഒരു മാസത്തെ ലീവിന്. വിവാഹത്തിന് മുൻപുള്ള ഒരു വർഷക്കാലം ദേവു എന്റെ കാമുകിയായിരുന്നു.
ഫോൺ വിളികളിൽ എപ്പോഴോ എല്ലാ പെൺകുട്ടികളെപോലെ അവളും ആ ചോദ്യം ചോദിച്ചു “ശ്രീയേട്ടന് പ്രണയമൊന്നും ഉണ്ടായിരുന്നില്ലേന്ന്…” പ്രാരാബ്ധങ്ങൾക്കിടയിൽ കഴിയുന്ന ഒരുവന് പ്രണിയിക്കാനെവിടെയാ നേരം.
കൂട്ടുകാരെല്ലാം പ്രണയിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നിയിട്ടുണ്ടെന്നുള്ള എന്റെ മറുപടിയ്ക്ക് അല്പനേരത്തെ നിശ്ബ്ദതയ്ക്കൊടുവിൽ ദേവു പറഞ്ഞ കാര്യം അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിക്കുകയായിരുന്നു…
എനിക്കും പ്രണയിക്കാൻ കൊതി ഉണ്ടായിരുന്നു ശ്രീയേട്ടാ, അച്ഛൻ പോലീസിലായതുകൊണ്ട് ആരും എന്നെ പ്രണയിക്കാൻ ധൈര്യപ്പെട്ടില്ല. അതുകൊണ്ട് ഇനിയുള്ള ഒരു വർഷക്കാലം നമുക്ക് പ്രണയിച്ചു മോഹം തീർക്കാമെന്ന്.
വീട്ടുകാരുടെ സമ്മതത്തോടെയുള്ള ഒരു പ്രണയകാലം. അത് എനിക്ക് പുതിയൊരു അനുഭവമായിരുന്നു. രാവിലെ മിസ്സ്ഡ് കോളിലൂടെ എന്നെ ഉണർത്തി രാത്രി ഗുഡ് നൈറ്റ് പറഞ്ഞ് ഉറങ്ങുന്നതുവരെ ചാറ്റിംങ്, ഫോൺ വിളികൾ…
കല്യാണം കഴിഞ്ഞ് പരസ്പരം പറയാൻ എന്തേലും ബാക്കിവയ്ക്കണേ ശ്രീക്കുട്ടാ…ഇത്തരത്തിലുള്ള കൂടെ ജോലിചെയ്യുന്ന സുഹൃത്തുക്കളുടെ കമന്റുകൾ ദേവുമായി പങ്കുവയ്ക്കുമ്പോൾ അവർക്ക് അസൂയകൊണ്ടാണ് ശ്രീയേട്ടാ എന്നും പറഞ്ഞവൾ കിലുകിലെ ചിരിക്കുന്ന ശബ്ദം എന്റെ ചെവിയിലായിരുന്നില്ല മറിച്ച് എന്റെ ഹൃദയത്തിലായിരുന്നു ചെന്ന് പതിച്ചിരുന്നത്.
പ്രണയിനിയെ നേരിൽ കാണാനുള്ള ഒരു കൗമാരക്കാരന്റെ മനസ്സായിരുന്നു എനിക്കപ്പോൾ. നാട്ടിലെത്തി അമ്മയുടെ മാമ്പഴപ്പുളിശേരിയും കൂട്ടി ഊണ് കഴിച്ച് അവളെ കാണാൻ ചാടിപ്പുറപ്പെടുന്ന എന്നെ നോക്കി ഒരു ചെറുപുഞ്ചിരിയോടെ,
“ശ്രീക്കുട്ടാ, മോളുടെ ക്ലാസ്സ് കഴിയുമ്പോൾ വൈകുന്നേരം ആവില്ലേ…ഇപ്പോഴെ കോളേജിനു മുന്നിൽ കുറ്റിയടിച്ചു നിന്നാൽ പിങ്ക് പോലീസ് പിടിച്ചോണ്ട് പോവൂട്ടോ…”
എന്ന് അമ്മ പറയുന്നതുകേട്ട് അക്ഷരാർത്ഥത്തിൽ വായതുറന്നങ്ങനെ ക്ഷണനേരം വീടിന്റെ മുറ്റത്ത് നിന്നുപോയി.
വിവാഹവും വിരുന്നും യാത്രകളും കഴിഞ്ഞപ്പോൾ പോവാൻ സമയമായിരിക്കുന്നു. അമ്മയ്ക്ക് കൂട്ടായി ഇനി ദേവൂ ഉണ്ടെല്ലോ എന്നുള്ളൊരു ആശ്വാസം മാത്രമാണ് ഇപ്രാവശ്യം തിരികെ പോവുമ്പോൾ ആകെയുള്ള സമാധാനം.
“ശ്രീയേട്ടാ…ഇവിടെ ഇരുന്നിങ്ങനെ പകൽ കിനാവ് കാണാൻ കൂട്ടിനായിരുന്നോ എന്നെ അടുക്കളവരെ അന്വേഷിച്ച് എത്തിയത്…”
ദേവൂന്റെ ശബ്ദമാണ് ഓർമ്മകളിൽ നിന്ന് ഉണർത്തിയത്.
ദേവൂ, ഈ ഒരു രാത്രികൂടി കഴിഞ്ഞാൽ…
അയ്യേ ,എന്റെ ശ്രീയേട്ടൻ ഇങ്ങനെ വിഷമിക്കല്ലേട്ടോ എന്നവൾ എന്റെ തലമുടിയിൽ തലോടികൊണ്ട് പറയുമ്പോഴും ഉള്ളിൽ ഞാൻ കാണാതെ അടക്കിപിടിച്ച സങ്കടം ഞാനറിയുന്നുണ്ടായിരുന്നു.
രാവിലെ നേരത്തെ എണീക്കണട്ടോ ശ്രീയേട്ടാ, നമുക്ക് ഒരുമിച്ച് ദേവിയുടെ ക്ഷേത്രത്തിൽ പോവണം. ഉച്ചയ്ക്ക് ഏട്ടന് പോവാൻ വണ്ടി വരില്ലേ…
ഇടറിയ ശബ്ദത്തിൽ അവളത് പറഞ്ഞ് മുഴുവിപ്പിക്കും മുൻപേ അവളെ ഞാൻ എന്നിലേക്ക് ചേർത്ത് പിടിച്ചിരുന്നു.
തോരാതെ പെയ്യുന്ന മിഴികളിൽ നിന്നും ഉദിരുന്ന അശ്രുക്കൾ എന്റെ ഇടനെഞ്ചിൽ പൊള്ളലേൽപ്പിക്കുമ്പോൾ ഞാനറിഞ്ഞിരുന്നു, ദേവു മനസ്സിലടക്കിപിടിച്ച സങ്കടത്തിന്റെ ആഴം.
— —
ശ്രീക്കുട്ടാ, ഒന്നും എടുക്കാൻ മറന്നിട്ടില്ലല്ലോ…കാർ വന്നു. ഇനി വൈകിക്കേണ്ട നമുക്ക് ഇറങ്ങാം.
ഇപ്പൊ ഇറങ്ങാം അമ്മാവാ…ഞാനെന്റെ പേഴ്സ് എടുത്തിട്ട് വരാം എന്ന് പറഞ്ഞ് മുറിയിൽ കയറി. ദേവൂ…എന്ന് നീട്ടി വിളിക്കുമ്പോൾ പേഴ്സ് എന്റെ പോക്കറ്റിൽ തന്നെ ഇരുന്നിരുന്നു.
മുറിയിലേക്ക് ഓടിയെത്തിയ ദേവൂനെ മുറിയുടെ വാതിൽ ചാരിയിട്ട് നെഞ്ചിലേക്ക് ചേർത്തണയ്ക്കുമ്പോൾ അവളുടെ കൈകൾ എന്നെ വരിഞ്ഞുമുറുക്കുകയായിരുന്നു.
ശ്രീക്കുട്ടാ…എന്ന അമ്മയുടെ വിളിയിൽ, ദേ വരുന്നമ്മേ എന്ന് പറഞ്ഞ്, ദേവൂനെ എന്നിൽനിന്നും അടർത്തിമാറ്റി അവളെ പിൻതിരിഞ്ഞ് നോക്കാതെ അമ്മയോട് യാത്രയും പറഞ്ഞ് കാറിൽ കയറുമ്പോൾ, ഷർട്ടിന്റെ മേലെ പറ്റിപിടിച്ചിരുന്ന സിന്ധൂരത്തിനേക്കാൾ ചുവപ്പ് കരഞ്ഞ് കലങ്ങിയ അവളുടെ മിഴികൾക്കായിരുന്നു.
ഫോണിന്റെ വാൾപേപ്പറിൽ ചിരിക്കുന്ന ദേവൂന്റെ മുഖം കണ്ണീരിനാൽ എന്റെ കാഴ്ച മറക്കുമ്പോൾ അച്ഛന്റെ വാക്കുകൾ ചെവിയിൽ അലയടിക്കുകയായിരുന്നു…
“ആങ്കുട്ട്യോൾ കരയുന്നവരല്ല, കണ്ണീർ തുടക്കുന്നവരാകണമെന്ന്…”