വെറുതെ ഓരോ ചോദ്യങ്ങളായി ടൈപ്പ് ചെയ്തു നീ ബുദ്ധിമുട്ടണ്ട.പിന്നെ എന്താ വിളിക്കാറുള്ളത് എന്നൊന്നും പറയാൻ പറ്റൂല മോളേ.

സർപ്രൈസ് വേണമത്രേ സർപ്രൈസ് – രചന: Aswathy Joy Arakkal

അന്നമ്മേ, നിന്റെ കെട്ട്യോൻ പിറന്നാളും, വെഡിങ് ആനിവേഴ്സറിയുമൊക്കെ ഓർത്തുവെച്ച് സർപ്രൈസ്‌ ഗിഫ്റ്റുകൾ തരാറുണ്ടോ…?

വാട്സാപ്പിൽ ഒരു സുഹൃത്തിന്റെ മെസ്സേജിന്…

എന്തോന്നടി, അങ്ങോർക്ക് അങ്ങോരുടെ പിറന്നാൾ തന്നെ എന്നാണെന്ന് ഓർമ്മയുണ്ടാകാറില്ല, പിന്നെയാ എന്റേത്…ഓർത്താൽ അല്ലേ ഗിഫ്റ്റ് തരേണ്ട ആവശ്യമുള്ളു…

എന്നു മറുപടി കൊടുത്തിരിക്കുമ്പോൾ അതാ അവളുടെ അടുത്ത ചോദ്യം…ഇതെന്താ കോടീശ്വരൻ പരിപാടിയോ എന്നാലോചിച്ചു കൊണ്ടാണ് മെസ്സേജ് ഓപ്പൺ ചെയ്തത്.

നിനക്ക് ഇഷ്ടപ്പെട്ട നിറം എന്താണ്, ഭക്ഷണം എന്താണ്, ഡ്രസ്സ്‌ ഏതാണ് എന്നൊക്കെ എബിച്ചായന് അറിയോ..? അടുത്ത ചോദ്യമാണ് കേട്ടോ…

ചില ഇഷ്ടങ്ങളൊക്കെ അറിയാമെന്നല്ലാതെ പൂർണ്ണമായൊന്നും അറിയത്തില്ല ഞാൻ മറുപടി കൊടുത്തു.

നീ പറയാതെ നിന്റെ മനസ്സിലുള്ളത് അറിഞ്ഞു സാധിച്ചു തരാറുണ്ടോ…? സ്നേഹം വരുമ്പോൾ നിന്നെ എന്താ എബി വിളിക്കാ…?

പറയാതെ മനസ്സു വായിക്കാൻ അങ്ങോരെന്താ മനഃശാസ്ത്രജ്ഞൻ ആണോ…എന്റെ ആഷി ഇമ്മാതിരി എന്തു ചോദ്യം നീ ചോദിച്ചാലും “ഇല്ല” എന്നായിരിക്കും എന്റെ ഉത്തരം. വെറുതെ ഓരോ ചോദ്യങ്ങളായി ടൈപ്പ് ചെയ്തു നീ ബുദ്ധിമുട്ടണ്ട. പിന്നെ എന്താ വിളിക്കാറുള്ളത് എന്നൊന്നും പറയാൻ പറ്റൂല മോളേ…എന്റെ കയ്യിലിരുപ്പ് അനുസരിച്ച് എന്തുവേണമെങ്കിലും വിളിക്കാം, തിരിച്ചും അങ്ങനെ തന്നെ…

അത്രയും ടൈപ്പ് ചെയ്ത് സെൻഡ് ചെയ്ത ശേഷം ഫോൺ കട്ടിലിലേക്കിട്ടു ഞാൻ അവള് ചോദിച്ചതിനെ പറ്റിയൊക്കെ ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ ദാ വീണ്ടും കുരിപ്പിന്റെ മെസ്സേജ്…

ലോക്ക്ഡൗൺ കാരണം ജോലിക്ക് പോകണ്ടല്ലോ…അപ്പോൾ കോടീശ്വരൻ കളിക്കുവാ എന്റെ അഷിത കൊച്ച്…

വിഷമിക്കണ്ടടി, നിന്റെ മാത്രമല്ല എല്ലാവരുടെയും ഗതി ഇതൊക്കെ തന്നെയാ. വിവാഹത്തിനു മുൻപ് തേനേ, പാലെ എന്നൊക്കെ വിളിക്കും. വേണ്ടതൊക്കെ വാങ്ങിതരും, അടുത്ത വീട്ടിലെ ചേച്ചിയുടെ പിറന്നാൾ വരെ ഓർത്തിരിക്കും. വിവാഹം കഴിഞ്ഞാൽ പിന്നെ…നീ വിഷമിക്കണ്ട…

അതിന് എനിക്കു വിഷമം ഉണ്ടെന്നു ഞാൻ നിന്നോട് പറഞ്ഞോ…?

പുച്ഛ സ്മൈലി ഇട്ടു ഞാൻ മറുപടി കൊടുത്തു.

അതും ശെരിയാ…ഇനിയിപ്പോൾ വിഷമിച്ചിട്ടെന്താ കാര്യം, കെട്ടിപ്പോയില്ലേ. സ്വന്തം കണ്ടുപിടിച്ചയാളാകുമ്പോൾ ഒന്നും മിണ്ടാനും ഒക്കത്തില്ല…അവളുടെ റിപ്ലൈ…

എന്റെ കർത്താവേ എന്തൊക്കെയാ ഈ പ്രാന്തി പറയണേ..അവള് തന്നെ ഊഹിച്ചു ഓരോന്നു പറഞ്ഞിട്ടു സമാധാനിപ്പിക്കാൻ വരുന്നു. ഞാൻ ഫോൺ ടേബിളിൽ വെച്ച് അവള് പറഞ്ഞതിനെ പറ്റി ആലോചിച്ചു കൊണ്ട് കട്ടിലിലേക്ക് കിടന്നു.

ശരിയാണ് എബിയെന്നെ ചെല്ലപ്പേരുകൾ ഒന്നും വിളിക്കാറില്ല. ഡി, പോടി, പിന്നെ എഴുതാൻ പറ്റാത്ത കുറെ ഇരട്ടപ്പേരുകളുണ്ട്. അതൊക്കെയാണ്‌ വിളിക്കാ…

പക്ഷെ അതൊക്കെ എനിക്കിഷ്ടവാ…ഞാനും അങ്ങനെയൊക്കെ തന്നെയാ തിരിച്ചും വിളിക്കാറ്…പിന്നിപ്പോൾ എന്താണ്‌ പ്രശ്നം…? ഞാൻ വീണ്ടും ആലോചിച്ചു…

പിന്നെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റ്. വല്ല ഡോക്യൂമെൻറ്സിലും ചേർക്കാൻ ഒരേയൊരു കൊച്ചുള്ളതിന്റെ ‘ഡേറ്റ് ഓഫ് ബർത്ത്’ എന്നോട് വിളിച്ചു ചോദിക്കാറുള്ള ആളാണ്‌ എന്റെ പിറന്നാൾ ഓർത്തിരിക്കുന്നത്.

അങ്ങോര് ഓർക്കില്ല എന്നുറപ്പുള്ളത് കൊണ്ട് ഞാൻ അങ്ങോട്ട്‌ ഓർമ്മിപ്പിക്കും. എന്നാലും ഗിഫ്റ്റ് ഒന്നും തരാറില്ല…

(ഗിഫ്റ്റ് ഞാൻ പ്രതീക്ഷിക്കുന്നുമില്ല. കാരണം പ്രേമിക്കുന്ന കാലത്ത് ആദ്യമായും, അവസാനമായും രണ്ടു കുർത്തികൾ വാങ്ങി തന്നത് സ്മാരകമായി ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്…നല്ല വില കൊടുത്തു നോർത്തിൽ നിന്നും വാങ്ങി വന്ന സാധനം ഒരിക്കൽ പോലും ഇടാൻ പറ്റിയിട്ടില്ല. അതു ഉപയോഗിക്കണമെങ്കിൽ ഞാൻ വല്ല മുഗൾ രാജകുമാരിയായിരുന്നിരിക്കണം…ഹോ…)

അതുകൊണ്ട് വിശേഷ ദിവസങ്ങളൊക്കെ ഓർമ്മിപ്പിക്കും, ഒരുമിച്ചുണ്ടെങ്കിൽ ഇഷ്ടമുള്ളതുപോലെ ആഘോഷിക്കും. വേണമെങ്കിൽ എനിക്കിഷ്ടമുള്ളതു പോയി വാങ്ങും.

അല്ലാതെ ഓർത്തിരിക്കാ, സർപ്രൈസ് തന്നു വിസ്മയിപ്പിക്കുക, അതൊന്നും ഇല്ല…അതൊന്നും വല്യ ഇഷ്യൂ ആയി എനിക്കു തോന്നിയിട്ടില്ല…

പിന്നെ, ഓപ്പോസിറ്റ് പോൾസ് ആണ് ശരിക്കും ഞങ്ങൾ. പുസ്തക പ്രാന്തിയാണ് ഞാൻ. എബിയാണെങ്കിൽ ന്യൂസ്‌ പേപ്പർ അല്ലാതെ ഒരക്ഷരം വായിക്കില്ല. എന്നിട്ടും ഞാൻ ബുക്കുകൾ വാങ്ങി കൂട്ടുന്നതിനോ, അങ്ങനെയുള്ള എന്റെ ഇഷ്ട്ടങ്ങൾ ഫോളോ ചെയ്യുന്നതിനെയോ എബി ചോദ്യം ചെയ്യാറില്ല.

അവനെ പേരു വിളിക്കുന്നതിനെ അവന്റെ അമ്മച്ചിയടക്കം പലരും എതിർത്തിട്ടും “അവൾക്കിഷ്ടമുള്ളതല്ലേ അവള് വിളിക്കേണ്ടത്…” എന്നു ചോദിച്ചു വായടപ്പിച്ചിട്ടുണ്ട് അവൻ.

അതുപോലെ ഒന്നിനു വേണ്ടിയും പെർമിഷൻ ചോദിച്ചു നിൽക്കേണ്ടി വരാറില്ല. ചോദിക്കുമ്പോൾ നിന്നെ സംബന്ധിക്കുന്ന കാര്യമല്ലേ…നിനക്കറിയാലോ എന്താ ചെയ്യണ്ടേ എന്ന്…നീ തീരുമാനിച്ചാൽ മതി എന്നു പറയും…

എന്നെ സംബന്ധിച്ച് എന്റെ സ്വാതന്ത്ര്യങ്ങൾക്ക് എതിര് നിൽക്കുക എന്നതാണ് ശ്വാസ്സംമുട്ടൽ. അല്ലാതെ ഗിഫ്റ്റ്, പിറന്നാൾ, അതൊന്നും എനിക്കൊരു വിഷയമേ അല്ല…അപ്പോപ്പിന്നെ ഞാനെന്തിന് വിഷമിക്കണം.

പിന്നേ രണ്ടു കുടുംബങ്ങളിൽ, രണ്ടു സാഹചര്യങ്ങളിൽ ജനിച്ചു ജീവിച്ചവരുടെ ഇഷ്ടങ്ങളിൽ സ്വാഭാവികമായും അന്തരങ്ങളുണ്ടാകും. ഞാൻ പ്രതീക്ഷിക്കുന്നത് പോലെ തന്നെ അടുത്തയാൾ പെരുമാറണം എന്നതൊക്കെ പക്വതയില്ലാത്ത പൈങ്കിളി സങ്കല്പങ്ങൾ ആയിട്ടേ തോന്നിയിട്ടുള്ളൂ…

സിനിമകളിൽ ധാരാളം കണ്ടിട്ടുണ്ട് അതുപോലുള്ളവരെ…സിനിമാ സങ്കൽപ്പങ്ങൾ വെച്ച് വിവാഹിതരായിട്ടു എന്റെ ആഷി പറയണ പോലെ ഗിഫ്റ്റ് തന്നില്ല, സർപ്രൈസ് കൊടുത്തില്ല എന്നൊക്ക പറഞ്ഞു നെഗറ്റീവ് അടിച്ച് ജീവിതം കളയുന്നവരെ കുറെ കണ്ടിട്ടുണ്ട് ഞാൻ.

അവരോടു പറയാറുള്ളത് ഫാന്റസി വേൾഡിൽ നിന്നും റിയാലിറ്റിയിലേക്ക് വരാനാണ്. പച്ചയായ ജീവിതമാണ്…സന്തോഷവും, സങ്കടവും, കണ്ണീരും, തമ്മിൽത്തല്ലും എല്ലാം കാണും. അതുകൊണ്ട് പിറന്നാളും ആനിവേഴ്സറിയുമൊക്കെ മറന്നാൽ ഈഗോ വെച്ചിരിക്കാതെ ഓർമ്മിപ്പിക്കണം, അല്ലാതെ മുഖം വീർപ്പിച്ചിരുന്നു അടികൂടി സമാധാനം കളഞ്ഞിട്ടെന്നാ കാര്യം.

അയ്യോ…എന്തൊക്കെയോ പറഞ്ഞു കാടുകയറിയല്ലോ…

ഫോണെടുത്തു “ഡി പോത്തേ, ഇനി ഇമ്മാതിരി കൊനഷ്ട്ടും കൊണ്ട് വന്ന് കുടുംബം കലക്കാൻ നോക്കിയാൽ വീട്ടിൽ കേറി തല്ലും ഞാൻ. എന്നെ സംബന്ധിച്ച് സ്നേഹം എന്നത് എന്റെ ഇഷ്ട്ടങ്ങളെ കൂടി അംഗീകരിക്കുക എന്നതാണ്. എബി അതു ചെയ്യുന്നുണ്ട്..തിരിച്ചു ഞാനും..ഞങ്ങള് ഹാപ്പി ആണ്. പൈങ്കിളി പറഞ്ഞു മൊബൈലിൽ നോക്കിയിരുന്നു സമയം കളയാതെ പോയി കെട്ട്യോനെ ശല്യപ്പെടുത്തടി…”

എന്നു റിപ്ലൈ കൊടുത്തു എണീക്കുന്നതിനു മുൻപ് കുരുപ്പിന്റെ അടുത്ത മെസ്സേജ്… “ആ..ഇനിയിപ്പോ ഇങ്ങനൊക്കെ പറയാം. കിട്ടാത്ത മുന്തിരി പുളിക്കുവല്ലോ…”

“എനിക്ക് കിട്ടിയത് മതി. കിട്ടാത്തത്തിന് മധുരവാണോ, പുളിയാണോ, കയ്പ്പാണോ എന്നൊക്കെ അന്വേഷിച്ചു നിരാശപ്പെടുന്നില്ല. അക്കരെ നിൽക്കുമ്പോൾ ഇക്കര പച്ചയെന്നും പറഞ്ഞിരിക്കാതെ പുളിയുള്ളതില് അല്‌പം പഞ്ചസാരയിട്ടു പാൽപായസം ആക്കാൻ നോക്കടി…”

ഇനിയെങ്ങാനും മെസ്സേജ് അയച്ചാൽ നീ എന്റെ തനിസ്വഭാവം അറിയുവേ എന്നും പറഞ്ഞു ഫോണും ഇട്ടെണിക്കുമ്പോൾ ഞാൻ ആലോചിച്ചത് ലോക്ക്ഡൗൺ കൊണ്ടുപോകുന്ന വഴികളെ കുറിച്ചായിരുന്നു.

കടുക് എണ്ണി ഇരിക്കുമ്പോൾ ഇതല്ല ഇതിലപ്പുറവും ചർച്ച ചെയ്തു പോകുവല്ലോ…