പിന്നെയും അവൻ അടങ്ങാത്ത ആവേശത്തോടെ അവളിലേക്ക് അടുത്തപ്പോൾ അവൾ കുസൃതിയോടെ പറഞ്ഞു…

വേദ – രചന: അഞ്‌ജലി മോഹൻ

താനാണല്ലേ എന്റെ ഭാര്യ…??

ഡോക്ടർ പറഞ്ഞു തലയ്ക്കു സുഖമില്ലാത്ത സമയത്ത് ഞാനൊരു പെണ്ണ് കെട്ടിയെന്നും അവളാണെന്നേ നോക്കിയതെന്നും…

പേരെന്താ…?

ആ ചോദ്യം അവളെ ആകെ പിടിച്ചുലച്ചു. കണ്ണ് നിറഞ്ഞ് കാഴ്ച മങ്ങുന്നുണ്ടായിരുന്നു…മുഖത്തു വരുത്തിയ കൃത്രിമ ചിരിയോടെ പറഞ്ഞു…

‘വേദിത’

ഇയാളെ ഞാൻ എവിടെയോ കണ്ടത് പോലെ… ഈശ്വരമംഗലത്തെ ഡ്രൈവർ ആയിരുന്ന മാധവന്റെ…ഹാ…മാധവേട്ടന്റെ മോൾ…അല്ലേ…

മ്മ്ഹ്ഹ്…

ഒത്തിരി നന്ദിയുണ്ടെടോ…എന്നെ സഹായിച്ചതിൽ…

അവളൊന്ന് പുഞ്ചിരിച്ചു. ഒരുപാട് സങ്കടങ്ങൾ കടിച്ചമർത്തിയുള്ള ഒരു ചിരി…

നന്ദേട്ടൻ കിടന്നോളു…വിശ്രമം ആവശ്യണെന്ന ഡോക്ടർ പറഞ്ഞെ…ഒന്നും ആലോചിക്കണ്ട.

അവളൊരു പുതപ്പെടുത്തു അവനെ നെഞ്ച് വരെ പുതച്ചു കൊടുത്തു. പതിയെ അവന്റെ മുടിയിഴകളിലൂടെ തലോടിക്കൊണ്ടിരുന്നു. ഒപ്പം പഴയ ഓർമയിലേക്ക് ഒരു തിരിച്ചുപോക്കും…

കുട്ടിക്കാലത്തെ ഒഴിവുള്ള ദിവസങ്ങളിലൊക്കെ അച്ഛന്റെ കയ്യിൽ തൂങ്ങി ഈശ്വരമംഗലത്തേക്ക് പോവുമ്പോ തൊട്ട് കാണുന്നുണ്ട് നന്ദേട്ടനെ…

അന്നേ ആാാ പൂച്ചകണ്ണുകൾ എന്റെ മനസ്സിൽ പതിഞ്ഞതാ…പക്ഷെ ആ കണ്ണുകൾ ഒന്നെന്നെ അറിയാതെ പോലും നോക്കിയിട്ടില്ല…

അന്നേ വാലുപോലെ എപ്പളും കൂടെ കാണും കിച്ചുവേട്ടൻ…നന്ദേട്ടന്റെ വല്യ കൂട്ടുകാരൻ, ഹൃദയസൂക്ഷിപ്പുകാരൻ അങ്ങനെ എല്ലാമായിരുന്നു കിച്ചുവേട്ടൻ…

പ്രായം കൂടും തോറും എനിക്ക് അങ്ങേരോടു തോന്നിയ ഇഷ്ടം പിന്നീട് പ്രണയമായി മാറിയിരുന്നു. പക്ഷെ അവിടത്തെ ഡ്രൈവർടെ മകളെങ്ങനെ അവിടത്തെ മകനെ പ്രേമിക്കും…?

ആരോടേലും പറഞ്ഞാൽ നന്ദികേടാണെന്നല്ലേ പറയൂ…തിന്നിട്ടു എല്ലിന്റെ ഇടയിൽ കേറിയതോണ്ടാണന്നല്ലേ പറയൂ…അങ്ങനെ പറയാതെ ഞാൻ കുഴിച്ചുമൂടിയ ഒരിഷ്ടമുണ്ട് എന്റുള്ളിൽ…

കിച്ചുവേട്ടന് ഉണ്ടായ ഒരാക്സിഡന്റ്…കൂടെ നന്ദേട്ടനും ഉണ്ടായിരുന്നു. ഡ്രൈവ് ചെയ്തത് നന്ദേട്ടനാണെന്ന കേട്ടത്. രക്ഷിക്കാനായില്ല കിച്ചുവേട്ടനെ. അത് മാനസികമായി തളർത്തിയത് നന്ദേട്ടനെ ആയിരുന്നു.

ആദ്യമൊക്കെ ആരോടും മിണ്ടാതെ ഇരിപ്പായിരുന്നു. പിന്നീട് സ്വയം ഒരു ഒഴിഞ്ഞുമാറ്റം എന്നോണം മുറിയിൽ തന്നെ ഒരേയിരിപ്പ്. പിന്നെ പിന്നെ മുറിയിലെ സാധനങ്ങളൊക്കെ തള്ളി താഴെയിട്ട് അസഹ്യമായി അലമുറയിട്ട് കരയാനും മുന്നിൽ വരുന്നവരെ ആക്രമിക്കാനും തുടങ്ങി…

6 മാസം…6 മാസം…മെന്റൽ ഹോസ്പിറ്റലിൽ ആയിരുന്നു. തിരിച്ചുവന്നെങ്കിലും പൂർണമായും മാറിയില്ല. എന്നാലും എപ്പോഴുമുള്ള അലർച്ചയും ഉപദ്രവവും ഒക്കെ ഒന്ന് കുറഞ്ഞു. ഒന്നും ഓർമയില്ല…ആരെയും ഓർമയില്ല…വല്ലാത്തൊരു ഭീകരമായ അവസ്ഥ…

പിന്നീടൊരിക്കൽ മകനെ പിടിച്ചു കെട്ടിക്കാമെന്നൊരു തോന്നൽ, ഒരുപക്ഷെ ഒരു ഭാര്യയുടെ പരിചരണത്തിലൂടെ ഇത് മാറ്റിയെടുക്കാനാകുമോന്ന് ഒന്ന് അവസാനമായി നോക്കിയേക്കാമെന്ന് തോന്നിക്കാണും.

പക്ഷെ മാനസികരോഗിയായ മകന് ആര് പെണ്ണ് കൊടുക്കാൻ. ഒടുക്കം ഈശ്വരമംഗലത്തെ വല്യതമ്പുരാൻ ശേഖര വർമ ഡ്രൈവറായ മാധവന്റെ മകളെയും ചോദിച്ചു…

അച്ഛനതു ഒരുതരത്തിലും ഉൾക്കൊള്ളാനായില്ല…എന്നോട് വന്ന് പറഞ്ഞപ്പോ എനിക്ക് സമ്മതമാണെന്ന് പറഞ്ഞു…ഇത്തിരി കഷ്ടപെട്ടായാലും അവർ ചെയ്ത് തന്ന സഹായങ്ങളൊക്കെ പറഞ്ഞു ഒടുക്കം അച്ഛനെ കൊണ്ട് സമ്മതിപ്പിച്ചെടുത്തു.

പിന്നീട് കല്യാണമായിരുന്നു…നന്ദേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തുമ്പോളും സീമന്തരേഖയിൽ സിന്ദൂരം ചാർത്തുമ്പോഴും ഞാനാ പൂച്ചകണ്ണിലേക്ക് തന്നെ നോക്കി നില്കുവായിരുന്നു. എന്റെ പ്രണയം എന്നിലേക്ക് വന്ന് ചേർന്ന സന്തോഷമായിരുന്നു…

ആദ്യരാത്രി എല്ലാ പെൺകുട്ടികൾക്കും നാണവും ആശങ്കയും ആണെങ്കിൽ എന്റുള്ളിൽ ഭയമായിരുന്നു…ഒത്തിരി തവണ കണ്ടിട്ടുണ്ട് ഇവിടുള്ളോരേ ഉപദ്രവിക്കണത്…

എന്നിട്ടും അവിടത്തെ അമ്മ തന്നുവിട്ട പാലുമായി ഞാൻ ആ മുറിക്കുള്ളിൽ കയറി. നോക്കുമ്പോ നന്ദേട്ടൻ തലയ്ക്കു രണ്ടു കൈയ്യും കൊടുത്ത് ഒരു മൂലയ്ക്ക് ഇരിക്കുകയായിരുന്നു…അടുത്ത് ചെല്ലാൻ ഒന്ന് ഭയന്നു…

ഇപ്പഴും ഓർക്കുന്നു അട്ത്ത് ചെന്ന് വിളിച്ചപ്പോ പേടിച്ചരണ്ടെന്നെ വാരിപുണർന്നത്. അന്നത്തെ രാവ് പുലരുവോളം അദ്ദേഹം എന്റെ മടിയിലായിരുന്നു കിടന്നുറങ്ങിയത്…

പിന്നീട് ഇടയ്ക്കൊക്കെ ഞാൻ അടുത്ത് ചെല്ലുന്നത് എതിർത്തെങ്കിലും സ്നേഹം കൊണ്ടാമനസിൽ ഞാൻ ഒരിടം നേടി. ഒരിക്കൽ ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞു എല്ലാ അർത്ഥത്തിലും തികഞ്ഞൊരു ഭാര്യ ആവാൻ…

പക്ഷെ അത്തരത്തിലുള്ള ഒരു സമീപനവും നന്ദേട്ടന്റെ ഭാഗത്തൂന്ന് ഉണ്ടായിട്ടില്ല…

ഒരു ദിവസം മഴ നനഞ് ബാൽക്കണിയിൽ നിൽക്കണ നന്ദേട്ടനെ കണ്ടപ്പോ ഒരു കുസൃതിക്ക് ഞാൻ പിന്നിലൂടെ വാരിപ്പുണർന്നു. ഭ്രാന്തമായ ആവേശത്തോടെ അന്ന് നന്ദേട്ടൻ എന്നെ തുരുതുരെ ചുംബിച്ചു…

ഒന്ന് ഭയന്നെങ്കിലും പിന്നീടെന്നിലെ പെണ്ണുണരുന്നത് ഞാൻ അറിയുകയായിരുന്നു…നന്ദേട്ടൻ എടുത്തുയർത്തി റൂമിൽ എത്തിച്ച് ഒരു ഭ്രാന്തനെപോലെ എന്നിലെ വസ്ത്രങ്ങളെല്ലാം പറിച്ചെറിഞ്ഞു കളഞ്ഞ്…അദ്ദേഹം എന്നെ കീഴ്പെടുത്തിയിരുന്നു…

വിയർത്തൊട്ടി ആാാ മാറിൽ തലചായ്ച്ചുറങ്ങിയപ്പോഴും അറിഞ്ഞില്ല ഇതുപോലൊരു ദിവസം നന്ദേട്ടനെല്ലാ ഓർമകളും തിരിച്ചു കിട്ടുമ്പോ ഈ വേദേനെ മറക്കുമെന്ന്…

പിന്നീട് പല ദിവസങ്ങളിലും ഞാൻ അറിഞ്ഞിട്ടുണ്ട് എന്റെ നന്ദേട്ടനിലെ ഭ്രാന്തമായ സ്നേഹത്തെ…

*** *** ***

ഹേയ്…ഇയാളിതുവരെ ഇവടെ ഇരിക്യായിരുന്നോ…? ആാാ ബൈസ്റ്റാൻഡേർടെ ബെഡിൽ കിടന്നുടായിരുന്നോ…? നന്ദേട്ടനായിരുന്നു.

അത് സാരല്യ…ഞാനിപ്പോ മരുന്നെടുത്തു തരാം. ഉണർന്നാൽ കഴിക്കാൻ ഒരു മരുന്ന് തന്നിട്ടുണ്ട്…

മ്മ്മ്ഹ്ഹ്…എത്ര നാളത്തെ കോൺട്രാക്ടാ…?

എന്ത്…??

മനസിലാവാതെ അവൾ അവനോട് ചോയ്ച്ചു.

ഈശ്വരമംഗലത്തെ ശേഖര വർമ എത്ര തന്നു ഈൗ ഭാര്യാപദവി അലങ്കരിക്കാൻ…? ഇത് അസുഖം മാറുന്നത് വരെയോ…അതോ ഇത്ര വർഷം വരെ എന്നോ മറ്റോ കോൺട്രാക്ട് ഉണ്ടോ…?

കേട്ടത് വിശ്വസിക്കാനാവാതെ അവളൊന്ന് പകച്ചുനിന്നു.

ഞ..ഞാൻ..അങ്ങനൊന്നും..

ഹൃദയംപൊട്ടി അവൾക്ക് വാക്കുകൾ വരുന്നില്ലായിരുന്നു…

മോനേ…മുറിവാതിൽ തുറന്ന് ഈശ്വരമംഗലത്തെ അമ്മേം അച്ഛനും വന്നു.

അവരാരും മകന്റെ അസുഖം മാറിയതിനിടയിൽ ഈയുള്ളവളെ ശ്രദ്ധിക്കുന്നുപോലും ഇല്ലാ…പിന്നെ പതിയെ പുറത്തേക്കിറങ്ങി ആരുമില്ലാത്ത ഒരുമൂലയിൽ പോയി ആർത്തലച്ചു പെയ്തു തീർത്തു ന്റെ സങ്കടം.

തിരിച്ചു റൂമിൽ ചെന്നപ്പോ അമ്മ സന്തോഷംകൊണ്ടെന്നെ വാരിപുണർന്നു.

അച്ഛാ…

നന്ദേട്ടനായിരുന്നു…

എന്റെ അസുഖം മാറാൻ വേണ്ടി ഈ കുട്ടീടെ ലൈഫ് കളയണ്ടായിരുന്നു. ഒരു പെണ്ണും ഒരു മാനസികരോഗിടെ കൂടെ ജീവിക്കാൻ സ്വമനസാലെ സമ്മതിക്കില്ലാന്ന് എനിക്കറിയാം. ഇപ്പെനിക്ക് അസുഖോക്കെ മാറീലെ…? ഇനി വേദിതയെ അവള്ടെ ജീവിതം ജീവിക്കാൻ വിടണം…

എനിക്കുറക്കെ വിളിച്ചു പറയണംന്ന് ഉണ്ടായിരുന്നു ഇവിടെ നന്ദേട്ടന്റെ ഒപ്പാണ് എന്റെ ജീവിതംന്ന്…പക്ഷെ എന്തുകൊണ്ടോ ശബ്ദം പുറത്ത് വന്നില്ല. എന്നെ നന്ദേട്ടൻ മറന്നെന്നു പറഞ്ഞപ്പോൾ ആാാ നിമിഷം ഞാൻ മരിച്ചു കഴിഞ്ഞിരിക്കുന്നു…

തിരിച്ചു കാറിൽ അമ്മെടൊപ്പം ഞാൻ ബാക്കിൽ ആയിരുന്നു ഇരുന്നത്. കാർ എന്റെ വീടിന്റെ പടിക്കലാണ് ചെന്ന് നിർത്തിയത്. പതിയെ ഞാൻ അവിടെ ഇറങ്ങി…ഒപ്പം അമ്മയും…ഏട്ടനും അച്ഛനും കാർ പാർക്ക്‌ ചെയ്യുവായിരുന്നു.

മോളെ, മോൾക്കിഷ്ടല്ലേ അവനെ…? ഞാൻ കരുതി മോൾക്കവനെ ഇഷ്ടാണെന്ന്…ഞാൻ മാത്രല്ല അച്ഛനും…

അമ്മേ…എനിക്ക്…

അവളെ പറയാൻ അനുവദിക്കാതെ പിന്നെയും അമ്മ പറഞ്ഞു…മോളോട് അമ്മ നന്ദി പറയുവാ…ഞങ്ങടെ മോനേ ഇതുപോലെ തിരികെ തന്നേന്. ഇനിയും ഇഷ്ടല്യാത്തൊരു ജീവിതം എന്റെ കുട്ടി ജീവിക്കണ്ട. അവൻ പറഞ്ഞപോലെ, എന്തു പറഞ്ഞാലും അവനൊരു മാനസിക രോഗി തന്നെയാണല്ലോ…? ഒരിക്കൽ ഭ്രാന്തു വന്നവൻ ഇനിയെന്നും എല്ലാരുടേം കണ്ണിലും ഭ്രാന്തൻ തന്നെ ആയിരിക്കും. ചിലപ്പോ എന്റെ കുട്ടിയ്ക്ക് ഇനിയും ഇത് വന്നെന്നും ഇരിക്കും…

പറഞ്ഞവസാനിപ്പിക്കുമ്പോ അമ്മേടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എങ്കിലും എന്റെമോൾ പൊക്കോളു…ഇത്രേം നാൾ ചെയ്ത് തന്നതിനെല്ലാം നന്ദി. എന്റെമോൾക്ക് നല്ലത് വരാൻ അമ്മ പ്രാർത്ഥിക്കാം…

എന്നെ അവിടെ എന്റെ അച്ഛനെ ഏല്പിക്കുമ്പോൾ അച്ഛൻ നിസ്സഹായനായി കണ്ണ് നിറച്ചു നിൽക്കുകയായിരുന്നു. അമ്മേം അച്ഛനും യാത്ര പറഞ്ഞു കാറിൽ കയറിയപ്പോ നെഞ്ച് പൊട്ടിപോണപോലെ തോന്നി.

പോട്ടെടോ…തന്നോട് എങ്ങനെ നന്ദി പറയണംന്ന് അറിയില്ല…എന്ത് ആവശ്യണ്ടേലും പറഞ്ഞാമതി…

നിർവികാരതയോടെ ഞാനാ മുഖത്തേക്ക് തന്നെ നോക്കി. ഒരു നൂറു തവണ എന്നേം ഒപ്പം കൊണ്ട് പോയ്ക്കൂടെ നന്ദേട്ടാന്ന് ഉള്ളില്നിന്ന് ഞാൻ ഉറക്കെ ഉറക്കെ ചോദിക്കണുണ്ടായിരുന്നു…

നന്ദേട്ടനൂടെ കാറിൽ കയറിയപ്പോ ഞാൻ ഇപ്പം മരിച്ചവീഴുംന്ന് തോന്നി. പിന്നേ ഒരോട്ടമായിരുന്നു അമ്മയ്ക്കരികിലേക്ക്, പതിയെ ആരും കേൾക്കാതെ ഞാൻ അമ്മയോട് പറഞ്ഞു…ഈശ്വരമംഗലത് എത്തിക്കഴിഞ്ഞ നന്ദേട്ടനോട് അമ്മ പറയണം ഈൗ താലിമാല ഞാൻ ഒരു വിലയ്ക്കും കോൺട്രാക്ടിനും വാങ്ങിയതല്ലാന്ന്…

അമ്മയൊന്നും മനസിലാവാതെ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു…ആ കാർ എന്റെ കണ്ണിനുമുന്നിലൂടെ ദൂരേയ്ക്ക് ദൂരേയ്ക്ക് പോണത് ഞാൻ കണ്ണുനീരിന്റെ നനവിലും കണ്ടു…

ഓടിച്ചെന്ന് ഞാൻ അച്ഛന്റെ മാറിൽ വീണ് പൊട്ടിക്കരഞ്ഞു…ആാാ കണ്ണുകളും നിറഞ്ഞ് തൂവണത് എനിക്കറിയാമായിരുന്നു…

*** *** ***

മാധവേ…അച്ഛാ…എന്നോട് പൊറുക്കണം എനിക്കൊന്നും അറിയില്ലായിരുന്നു. ഇപ്പം ഈശ്വരമംഗലത്ത് എത്തിയപ്പോഴാ അമ്മ പറഞ്ഞത്. എനിക്കൊന്നവളെ കാണണം.

മോൻ ചെല്ല് അവളകത്തുണ്ടാകും…

അകത്തെ മുറിയിൽ കരഞ്ഞു തളർന്നു കിടക്കുകയായിരുന്നു അവളപ്പോൾ…കണ്ടപ്പോ എന്തോ എന്റെ മനസ് നീറി പുകഞ്ഞു.

വേദിതാ…ഞാൻ…എനിക്കൊന്നും അറിയില്ലായിരുന്നു…

അവളപ്പോഴും സൈഡ് ചെരിഞ്ഞു അവനെ നോക്കാതെ കിടന്നു.

വേദൂ…

അവളോടൊപ്പം അവനും ചേർന്ന് കിടന്നവളെ വാരിപ്പുണർന്നു. ചെറിയ ഏങ്ങലടികൾ ഉയർന്ന കേൾക്കാം…പതിയെ അവൻ അവന്റെ മുഖം അവള്ടെ ചെവിക്കരുകിലേക്ക് കൊണ്ടുപോയി പതുക്കെയൊന്ന് അവിടെ ചുംബിച്ചു.

സോറി മോളെ…

ഇത് കേട്ടതും പൊടുന്നനെ തിരിഞ്ഞ് അവനഭിമുഖമായി കിടന്ന് അവൾ അവളുടെ വിരലുകൾ അവന്റെ ചുണ്ടിനുമേൽ വച്ചു. എന്നിട്ടവനെ വാരിപ്പുണർന്നു…

സാരല്യ നന്ദേട്ടാ…പെട്ടന്നെന്നെ മറന്നൂന്ന് കേട്ടപ്പോ എന്തോ സഹിക്കാൻ പറ്റീല എനിക്കും…

ആാാ ഒരു നിമിഷം അവളവനെ ചുംബനങ്ങൾ കൊണ്ട് മൂടി…കളഞ്ഞുപോയ കളിപ്പാട്ടം തിരിച്ചു കിട്ടിയ കുട്ടിയുടെ സന്തോഷമായിരുന്നു അവൾക്കപ്പോൾ…പതിയെ അടർന്നു മാറുമ്പോൾ അവനവളെ ഒരു കുസൃതി ചിരിയോടെ നോക്കുന്നുണ്ടായിരുന്നു. ആാാ നോട്ടം താങ്ങാനാവാതെ അവളാ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു…

വേദൂ…

മ്മ്മ്ഹ്ഹ്…

ഇങ്ങോട്ട് നോക്കെടി പെണ്ണെ…

അവനവൾടെ മുഖം രണ്ടുകൈയ്യാൽ പിടിച്ചുയർത്തി. പതിയെ കണ്ണുകളുയർത്തി അവളവനെ നോക്കി…ആാാാ ഒരു നിമിഷം മതിയായിരുന്നു അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളെ പൊതിയാൻ രണ്ട് പേരും മത്സരിച്ച് ആാാ ചുംബനം ആവോളം നുകർന്നു…

ശ്വാസം കിട്ടാതായപ്പോൾ അവളവനെ തള്ളിമാറ്റി…പിന്നെയും അവൻ അടങ്ങാത്ത ആവേശത്തോടെ അവളിലേക്ക് അടുത്തപ്പോൾ അവൾ കുസൃതിയോടെ പറഞ്ഞു…

“ഞങ്ങൾ ശ്വാസം മുട്ടി മരിച്ചുപോകുംട്ടോ”

ഞങ്ങളോ…??

മ്മ്മ്മ്ഹ്ഹ്…ഞാനും പിന്നേ ഇയാളും…അവളവന്റെ കൈ അവളുടെ വയറിനുമേലേക്ക് വച്ചുകൊണ്ട് പറഞ്ഞു.

സത്യാണോ…?

മ്മ്ഹ്ഹ്…? അതേന്നെ..ന്റെ നന്ദേട്ടൻ ഒരച്ഛനാവാൻ പോവാ അവളവന്റെ നെഞ്ചോട് ചേർന്ന് പറഞ്ഞു…

രണ്ടുപേരും ആ നിമിഷം സന്തോഷം കൊണ്ട് കരഞ്ഞുപോയി…

വേദൂ…ഞാനൊന്നൂടെ തൊട്ടോട്ടെ…??

മ്മ്മ്ഹ്ഹ്…

അവളവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു. അവൻ അവള്ടെ മടിയിലേക്ക് തല ചായ്ച്ചു. പതിയെ അവളുടുത്ത സാരീ നീക്കി…അവിടെ ഒന്ന് പതിയെ തടവി. അവളൊന്ന് പിടഞ്ഞുപോയി. പതിയെ അവൻ അവിടെ ഒന്ന് മൃദുവായി ചുംബിച്ചു…അവന്റെ താടിരോമം തട്ടിയപ്പോ, അവൾ അവന്റെ മുഖം ഒന്നുടെ ഇറുക്കി പിടിച്ച് തന്നോട് ചേർത്തു….

നിനക്കെങ്ങനെയാ വേദൂ ഈ ഭ്രാന്തനെ ഇങ്ങനെ സ്നേഹിക്കാൻ കഴിയണേ…??

ഈ ഭ്രാന്തനെ ഞാൻ ഓർമ്മവച്ച നാൾ മുതൽ ഒരു ഭ്രാന്തിയെപ്പോലെ സ്നേഹിക്കുന്നുണ്ട്…

അതും പറഞ്ഞവൾ അവന്റെ നെഞ്ചോട് ചേർന്ന് അവനെ വാരി പുണർന്നു…