ഭംഗിയുള്ള ജീവിതങ്ങൾ
രചന: Jils Lincy
:::::::::::::::::::::
ആറു മാസം കഴിഞ്ഞിന്നാണ് വീട്ടിലെത്തുന്നത്. കാറിൽ നിന്ന് സിമിയും അച്ഛനും പിന്നെ ഡ്രൈവറും കൂടി ഒരു വിധത്തിൽ തന്നെ റൂമിൽ കൊണ്ടു കിടത്തി..
സിമിയുടെ അമ്മ ഇന്നലെ തന്നെ വന്ന് വീട് അടിച്ചു വാരി വൃത്തിയാക്കി ഇട്ടിട്ടുണ്ടായിരുന്നു…
വീട്ടിൽ വന്ന് കയറിയപ്പോൾ എന്തോ വല്ലാത്തൊരു ആശ്വാസം പോലെ തോന്നി….
മൂത്രം പോകാനിട്ട ബാഗ് സിമി മാറ്റുന്നതിനിടയിലാണ് മക്കൾ റൂമിലേക്ക് വന്നത്.. തല തിരിച്ചു താൻ നോക്കുമ്പോൾ രണ്ടും തെല്ലൊരു മടിയോടെ റൂമിന്റെ ഭിത്തിയിൽ ചാരി നിൽക്കുവാണ്…
രണ്ട് പേരും വല്ലാതെ ക്ഷീണിച്ചിരിക്കുന്നപോലെ തോന്നി…
എണ്ണയില്ലാതെ കിടക്കുന്ന മുടിയിലും നിറം കുറഞ്ഞ വെള്ള പെറ്റി കോട്ടിലും അല്ലുവിനെ ആദ്യായിട്ട് കാണുവാണ്.. സിമിയാണെങ്കിൽ മക്കളെ എപ്പോഴും വൃത്തിയായിട്ടേ നടത്തു…
എന്താ രണ്ടു പേരും മാറി നിൽക്കുന്നത്?സിമിയുടെ അമ്മയാണ്.. ഇവിടെ കിടന്ന് എന്തൊരു തുള്ളി ചാട്ടമായിരുന്നു ഞങ്ങടെ ഡാടു വരുന്നേ എന്ന് പറഞ്ഞ് .. ഇപ്പൊ എന്നാ പറ്റി രണ്ടാൾക്കും….
വാ… രണ്ടാളേം താൻ വിളിച്ചു…. അല്ലുവും പുറകെ വാവയും മടിച്ചു മടിച്ച് വന്നു… എന്താ ഡാടുവിനോട് പിണക്കമാണോ രണ്ടാളും?…
മറുപടി പറയാതെ വിങ്ങി പൊട്ടിക്കൊണ്ട് അല്ലു തന്റെ നെഞ്ചിൽ വീണ് ചോദിച്ചു …..
ഡാടൂ… എന്റെ ഡാടൂനെന്നാ പറ്റിയെ?? സിമിയമ്മ പറഞ്ഞാരുന്നു അല്ലും വാവേം ഈശോപ്പച്ചിയോട് പ്രാർത്ഥിച്ചാൽ ഡാടൂന്റെ അസുഖം മാറി പഴയ പോലെ നമ്മടെ വീട്ടിൽ വരുന്ന്…
എന്നിട്ടും ഡാടുവെന്താ നടക്കാത്തെ ആ കുരുന്ന് എങ്ങലടികൾ തന്റെ ഹൃദയത്തെ തകർത്ത് കളയുമെന്ന് തോന്നിപോയി…നിറഞ്ഞൊഴുകുന്ന ആ കുഞ്ഞി കണ്ണുകൾ പാതി ബലമുള്ള തന്റെ കൈ കൊണ്ട് തുടച്ച്… തൊണ്ടയോളം വന്ന ഒരു കരച്ചിലിനെ ഒതുക്കികൊണ്ട് താൻ പറഞ്ഞു… ആരു പറഞ്ഞു ഡാടുവിന് സുഖായില്ലെന്നു….
ഡാടു കുറച്ചു ദിവസം കഴിയുമ്പോൾ ഓക്കേ ആവില്ലേ? എന്നിട്ട് നമ്മൾ അല്ലുവിനേം വാവേനേം സിമിയമ്മേനേം ഒക്കെ കൂട്ടി സിനിമക്കും പാർക്കിലും ഒക്കെ പോകും….
ശത്യം? അതു ചോദിച്ചത് വാവയാണ്.. സത്യം….. അല്ലുനും വാവക്കും ഇഷ്ടമുള്ളതൊക്കെ ഡാടു മേടിച്ചു തരും…..
ഡാടു വിന്റെ പുറത്ത് ആന കളിക്കാൻ കേറാൻ പറ്റുമോ??
പിന്നെന്താ??? ഡാടുവും സിമിയമ്മേം അല്ലും വാവേം ഇനി അടിച്ചു പൊളിച്ചു ജീവിക്കും… പറഞ്ഞപ്പോൾ തൊണ്ട ഇടറി…. കണ്ണുനീർ കണ്ണ് നിറഞ്ഞു പുറത്തേക്ക് വരാൻ തുളുമ്പി നിന്നു…..
ഇനി എന്റെ മക്കൾ പോയി കളിച്ചോ ഡാടു ഒന്ന് ഉറങ്ങട്ടെ…. ഡാടു വിന് നല്ല ക്ഷീണം… ഉമ്മ.. രണ്ടു പേരും ഒരുമ്മ തന്ന് ഓടിപോയി…..
തിരക്കുള്ള ഒരു ദിവസം…. വൈകിപ്പോയ ഒരു ബിസിനസ് മീറ്റിൽ പെട്ടന്നെത്താനുള്ള ഓട്ടത്തിൽ… വണ്ടി ഓടിക്കുന്നതിനിടയിൽ വന്ന ഒരു കാൾ എടുക്കാൻ ഒന്നു കുനിഞ്ഞത് മാത്രമേ ഓർമ ഉള്ളൂ…
പിന്നെ ബോധം വന്നപ്പോൾ ആശുപത്രിയിൽ ആയിരുന്നു…. അപ്പോഴേക്കും ഒരാഴ്ച്ച കഴിഞ്ഞിരുന്നു എന്നാരോ പറഞ്ഞു….
ലോറിയുടെ അടിയിൽ പോയ കാറിൽ നിന്ന് തന്നെ വെട്ടി പൊളിച്ചെടുക്കുവായിരുന്നത്രെ”
ആദ്യമെല്ലാം.. ഫ്രണ്ട്സും പരിചയക്കാരും ബന്ധുക്കളുമായി ഒരുപാട് പേരുണ്ടായിരുന്നു…
പതിയെ പതിയെ… സിമിയും അച്ഛനും മാത്രമായി… ആരേം പറഞ്ഞിട്ട് കാര്യമില്ല അരക്ക് കീഴെ തളർന്നവനിൽ നിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ല എന്നവർ മനസ്സിലാക്കിയിരിക്കുന്നു…
വൈകിട്ട് തന്നെ ഭക്ഷണവും കഴിപ്പിച്ച്.. മക്കളെയും ഉറക്കി തന്റെ മരുന്നും പാലുമായി സിമി വന്നപ്പോഴും താൻ ചിന്തയിലായിരുന്നു….
എന്താണ് ഇത്ര ആലോചന? മരുന്ന് തന്റെ വായിലേക്കിട്ടവൾ ചോദിച്ചു…
ഒന്നുല്ല…
ഒന്നുമില്ലേ തന്റെ മുഖം കൈകളിൽ ചേർത്തവൾ ചോദിച്ചപ്പോൾ എന്തെന്നറിയാതെ തന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ഇത്ര നാൾ ആശുപത്രിയിൽ ബലം പിടിച്ചുനിന്ന തന്റെ മനോ ധൈര്യം തകർന്നു ചോർന്നു പോയി….
ഒരു കൊച്ചു കുഞ്ഞെന്നവണ്ണം അയാൾ എങ്ങലടിച്ചു കരഞ്ഞു…
എന്നോട് ക്ഷമിക്ക്…. നിന്റെ ഒരാഗ്രഹവും എനിക്ക് നടത്തി തരാൻ കഴിഞ്ഞിട്ടില്ല നിനക്കിഷ്ടപെട്ട യാത്രകൾ..
ഇടക്കിടക്കുള്ള നിന്റെ വീട്ടിലേക്കുള്ള വിരുന്നുകൾ.. സിനിമകൾ. മക്കളും ഞാനും കൂടെയുള്ള ഒഴിവ് ദിനങ്ങൾ ഒന്നും.. എന്റെ തിരക്ക് കാരണം എല്ലാം…
എല്ലാടിത്തും നീ തനിയെ ആയിരുന്നു…..
ഇനി ഇപ്പോൾ… പ്രതീക്ഷയില്ലാത്ത ഈ ദിവസങ്ങൾ…. ഇതെല്ലാം നീ എന്ത് ചെയ്യും ….നമ്മുടെ മക്കൾ… അവരുടെ കാര്യങ്ങൾ.. നീ ഇപ്പോഴും തീരെ ചെറുപ്പമാണ്…
ഗദ് ഗദം കൊണ്ട് തൊണ്ട ഇടറി പോയി… കണ്ണീരു വീണ തന്റെ മുഖം തുടച്ച് അവൾ പറഞ്ഞു..
റോയിച്ചാ…. ഞാനിപ്പോൾ ഹാപ്പി ആണ്…. എന്റെ റോയിച്ചൻ എന്റെ കൂടെ ഇപ്പോൾ ഫുൾ ടൈം ഉണ്ടാകും….
കമ്പനിയിലെ ഷെയർ കൊടുത്താൽ മോശമല്ലാത്ത ഒരു തുക കിട്ടും അതു കൊണ്ട് ചികിത്സ നടന്നു പോകും…
പിന്നെ മക്കളെ നമുക്ക് സർക്കാർ സ്കൂളിൽ ചേർക്കാം അവിടെ ഇപ്പോൾ നല്ല പഠിപ്പിക്കലാണ്…. പോരാത്തതിന് ഉച്ച ഭക്ഷണവും യൂണിഫോമും കിട്ടും…..
പിന്നെ msc വരെ പഠിച്ച എനിക്ക് ഓൺലൈൻ ട്യൂഷൻ എടുത്താൽ തന്നെ ഒരു നല്ല തുക ഉണ്ടാക്കാം…. കൂട്ടത്തിൽ വീട്ടിലെ പണിയും നടക്കും…. പിന്നെ കേക്ക് ഉണ്ടാക്കി വിൽക്കുന്നത് തുടരുകയും ചെയ്യാം…..
പിന്നെ നമ്മുടെ ആഗ്രഹങ്ങൾ… സന്തോഷങ്ങൾ…. എല്ലാം നടക്കും…. ഒരു വ്യത്യാസം മാത്രം…. ഡ്രൈവിംഗ് സീറ്റിൽ ഞാനായിരിക്കും…. നമ്മുടെ യാത്രകൾ…. സിനിമകൾ….
രാത്രിയിലെ കറക്കം…. തട്ടു കടകളിലെ രുചികൾ എല്ലാം ആസ്വദിക്കാൻ…. ഇപ്പോൾ നമുക്കൊരുമിച്ചു കൂടുതൽ സമയം കിട്ടിയിരിക്കുന്നു…..
പിന്നെ… ഏത് ഡോക്ടർ പ്രതീക്ഷയില്ല എന്നു പറഞ്ഞാലും… എനിക്ക് പ്രതീക്ഷയുണ്ട്….. എന്റെ റോയ്ച്ചൻ എഴുന്നേറ്റു നടക്കുമെന്ന്.
അല്ലുവിനെയും വാവയെയും കൂട്ടി സ്കൂളിൽ കൊണ്ടു വിടുമെന്ന്….. എന്റൊപ്പം വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുമെന്ന്…..
അതെന്റെ സ്നേഹത്തിന്റെയും പ്രാർത്ഥനയുടെയും പ്രതീക്ഷയാണ്…. അത് ഇന്നല്ലെങ്കിൽ മറ്റൊരു ദിവസം നടക്കുക തന്നെ ചെയ്യും….
ഇപ്പോൾ റോയ് ശരിക്കും കരഞ്ഞു പോയി… പ്രതീക്ഷയാൽ….. സന്തോഷത്താൽ. പ്രിയപെട്ടവളോടുള്ള ഹൃദയം നിറഞ്ഞ പ്രണയത്താൽ…
ഇതു പോലുള്ള പ്രതീക്ഷകളല്ലേ….ഏത് തകർച്ചയിലും ശരിക്കും നമ്മെ മുന്നോട്ട് കൊണ്ടു പോകുന്നത്…