അവൾ കടന്നു പോകുമ്പോൾ പെട്ടെന്ന് അവളെ തടയാൻ കഴിയാതെ നിസഹായനായി അശ്വിൻ..

എഴുത്ത്: അമ്മു സന്തോഷ്
===============

“അശ്വിൻ ഇന്ന് ക്ലയന്റ് മീറ്റിംഗ് ഉള്ള ദിവസമാണ്. ഡോണ്ട് ഫോർഗെറ്റ്‌ “

ഫോണിൽ വിപിൻ ചേട്ടന്റെ മെസ്സേജ് വന്നപ്പോൾ അവൻ ഓർമയുണ്ട് എന്ന് റിപ്ലൈ മെസ്സേജ് അയച്ചു.

ഈ നഗരത്തിലേക്ക് പത്തു വർഷം മുൻപ് വരുമ്പോൾ ആകെയൊരു ഡിഗ്രി സർട്ടിഫിക്കറ്റും പിന്നെ ഭേദപ്പെട്ട ഒരു രൂപവും മാത്രം ആയിരുന്നു കൈമുതൽ. വിപിൻ ചേട്ടനെ വഴിയിൽ നിന്ന് കിട്ടിയതാണ്. വഴിയിൽ നിന്ന് കിട്ടിയതെന്ന് പറയുമ്പോൾ വഴിയിൽ ബോധമറ്റ നിലയിൽ ഒരാൾ കിടക്കുന്നത് കണ്ട് ഒന്നെടുത്തു മുഖത്ത് വെള്ളം തളിച്ച് കുറച്ചു നാരങ്ങ വെള്ളം കുടിക്കാൻ കൊടുത്തു. അത്ര തന്നെ. പക്ഷെ വിപിൻ ചേട്ടനതെ പറ്റി പറയുക താൻ എന്തോ ജീവൻ രക്ഷിച്ച മട്ടിലാണ്. ചിലപ്പോൾ ശരിയായിരിക്കും ഷുഗർ ലെവൽ താഴ്ന്ന് പോയതായിരുന്നു കക്ഷിയുടെ. മധുരം നന്നായി ചേർത്ത ആ നാരങ്ങ വെള്ളം ആളെ ഉഷാറാക്കി. എന്തായാലും അന്ന് തുടങ്ങിയ ബന്ധമാണ്. സ്ഥിതിയൊക്കെ പറഞ്ഞപ്പോ ഒരു കമ്പനിയിൽ കൊണ്ടാക്കി. അവിടെ നിന്ന് ഇന്നിത് വരെ..കക്ഷി ഒപ്പമുണ്ട്. ഇന്ന് സ്വന്തമായി രണ്ടു കമ്പനികൾ. പല കമ്പനികളിലും ഓഹരികൾ. നിങ്ങളുടെ ഐശ്വര്യമാണ് ഏട്ടോ എന്ന് ഇടക്ക് പറയുമ്പോൾ ചിരിക്കും.എല്ലാം പറയുമെങ്കിലും ഒന്നു മാത്രം അവൻ അയാളോട് പറഞ്ഞിട്ടില്ല. അത് ചിന്നുവിനെ കുറിച്ചാണ്.തന്റെ പ്രാണനെ കുറിച്ച്….

“സാർ..മീറ്റിംഗ് ടൈം ” ഫോണിൽ പ്രൈവറ്റ് സെക്രട്ടറി

അവൻ എഴുനേറ്റു

അലയൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്.

“ഹലോ… ഞാൻ മാധവൻ ഇതെന്റെ മകൾ ഗാർഗി, ഇത് മകൻ അഖിൽ. കമ്പനിയുടെ പാർട്ണർസ് ആണ് “

അവൻ പുഞ്ചിരിച്ചു

മീറ്റിംഗ് കുറച്ചു നീണ്ടു പോയി

“അശ്വിന്റെ ഫാമിലി ഒക്കെ?” ഇടക്ക് മാധവൻ ചോദിച്ചു

“നാട്ടിൽ തറവാട്ടിൽ അമ്മയും അച്ഛനും ഏട്ടനും കുടുംബവുമുണ്ട്.”

“ഓ.മാരീഡ് അല്ല?”

“ഇത് വരെ അല്ല “

അവൻ ചിരിച്ചു. മാധവനും.

“എന്റെ മകന്റെ വിവാഹം കഴിഞ്ഞു. ഗാർഗി ഇപ്പൊ പഠനം ഒക്കെ കഴിഞ്ഞ് ജോയിൻ ചെയ്തു “

ഗാർഗി അവനെ തന്നെ നോക്കിയിരിക്കുകയാരുന്നു. അതി സുന്ദരനായിരുന്നു അവൻ. ഒരു ഗന്ധർവ്വനെ കണക്ക്. ആൾക്കാരെ പിടിച്ചടുപ്പിക്കുന്ന വല്ലാത്ത ഒരു കാന്ത ശക്തിയുണ്ട് അവന്റെ കണ്ണിൽ. അവനാ നോട്ടം കാണുന്നുണ്ടായിരുന്നു. അത്തരം ഒരു പാട് നോട്ടങ്ങൾ പലപ്പോഴായി അവനിലൂടെ കടന്നു പോയി ഈ വർഷങ്ങളിലൊക്കെ. ഹൃദയത്തിലെത്താത്ത നോട്ടങ്ങൾ.

അവൻ യാത്ര പറഞ്ഞിറങ്ങി

ഡ്രൈവ് ചെയ്തു കൊണ്ടിരിക്കെ ഓഫീസിൽ നിന്ന് കാൾ.

“സാർ ഒരു പെൺകുട്ടി കാണാൻ വന്നിട്ടുണ്ട്..പേര് ചിന്നൂന്നാ പറഞ്ഞത്…സാറിനറിയുമോ?അപ്പോയ്ന്റ്മെന്റ് എടുത്തിട്ടില്ല അത് കൊണ്ട്…”

അവൻ ഞെട്ടിപ്പോയി

“ഞാൻ ഇപ്പൊ വരാം “

അവൻ വേഗം കട്ട്‌ ചെയ്തു

ഈശ്വര ഈ പെണ്ണ്!  ഇവൾ എങ്ങനെ ഇത്രയും ദൂരെ ഒറ്റയ്ക്ക്..ശോ ആരോടൊക്കെ ഇനി മറുപടി പറയണം.

ചെല്ലുമ്പോൾ ചിരിച്ചു കൊണ്ട് റിസപ്ഷനിൽ നിൽപ്പുണ്ട് ആൾ

“എന്റെ ശിവനെ ഇത്രയും വലിയ ഓഫീസിലാണോ ജോലി ചെയ്യണേ? എന്നോട് പറഞ്ഞത് കുഞ്ഞി ഓഫീസിൽ കുഞ്ഞി ജോലിയാ എന്നൊക്കെ ആണല്ലോ.” അവൾ അവന്റെ കയ്യിൽ പിടിച്ചു നടന്നപ്പോൾ അവൻ കൈകൾ മെല്ലെ വിടർത്തി.

“നീ എങ്ങനെയാ ഇങ്ങോട്ട് വന്നത്?”

മുറിയിൽ കയറിയ ഉടനെ അവൻ ചോദിച്ചു

“ഞാൻ ഏട്ടത്തിയോട് അഡ്രസ് ചോദിച്ചു. ഇങ്ങോട്ട് വരുമെന്നൊന്നും പറഞ്ഞില്ല…പറഞ്ഞാൽ ഏട്ടത്തി സമ്മതിക്കില്ലല്ലോ. ഒന്നു കാണാൻ തോന്നി. പോരുന്നു . “

“എടി.. നിന്നേ ഞാൻ… ഞാൻ അങ്ങോട്ട്‌ വന്നേനെ ഈ ആഴ്ച. ഇവിടെ ഇപ്പൊ ഞാൻ ആരോടൊക്കെ മറുപടി പറയേണ്ടി വരും ദൈവമേ..”

അവന്റെ മുഖത്ത് തന്നേ കണ്ടപ്പോൾ ഒരു സന്തോഷവുമില്ല എന്നും വന്നത് ഇഷ്ടം ആയില്ലെന്നും അവൾക്ക് പെട്ടെന്ന് മനസിലായി. അല്ലെങ്കിൽ തന്നെ അവൾ കണ്ടിട്ടുള്ള പരിചയമുള്ള അച്ചുവേട്ടൻ അല്ലായിരുന്നു അത്. വേറെ ഒരാൾ. ആരോ ഒരാൾ. അവളുടെ മനസ്സിടിഞ്ഞു.

“ടെൻഷൻ ആവണ്ട.. ഞാൻ പൊയ്ക്കോളാം.. സോറി ” അവൾ പെട്ടന്ന് എഴുന്നേറ്റു

ആ നേരം തന്നെയാണ് വിപിൻ ചേട്ടൻ കയറി വന്നത്

“ഇതാരാ അശ്വിൻ?”

“ഞാൻ അശ്വിൻ സാറിനെ കാണാൻ വന്നതാണ്..സാർ താങ്ക്യൂ “

അവൾ കടന്നു പോകുമ്പോൾ പെട്ടെന്ന് അവളെ തടയാൻ കഴിയാതെ നിസഹായനായി അശ്വിൻ

“സത്യം പറ ആ കൊച്ചേതാ?”

വിപിൻ അവൾ പോയ വഴിയിലേക്ക് നോക്കി ചോദിച്ചു

“എന്റെ….എന്റെ പെണ്ണാ..” അവന്റെ ശബ്ദം ഒന്നിടറി

“നാട്ടിൽ..ഏട്ടന്റെ ഭാര്യയുടെ റിലേഷനിൽ പെട്ടതാ. അച്ഛനും അമ്മയുമില്ല. കുറെ വർഷം മുന്നേ പഠിപ്പിക്കാൻ സ്പോൺസർ ചെയ്യാമോന്ന് ചോദിച്ചു ഏട്ടൻ. കണ്ടിട്ടൊന്നുമില്ലായിരുന്നു. പിന്നെ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയപ്പോഴാ ആദ്യമായി കണ്ടത്. അന്ന് മുതൽ തറവാട്ടിലാ താമസം. ഇപ്പൊ പിജി ഫൈനൽ ഇയർ ആണ്. എപ്പോഴോ ഞാനവളെ സ്നേഹിച്ചു തുടങ്ങി.പക്ഷെ രണ്ടു വർഷം മുന്നേ അവളാണ് ഇഷ്ടം ആദ്യമായി പറയുന്നത്. എനിക്ക് അത് പറയാനൊക്കെ ഭയങ്കര മടിയാണ്. ഞാൻ അത്ര നല്ല ഒരു കാമുകനല്ല ” അവൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

“നീ ആണ് പഠിപ്പിക്കുന്നത് എന്നറിയാമോ?”

“നോ..ഏട്ടന്റെ പരിചയത്തിൽ ഉള്ള ആരോ ആണെന്നാ വിചാരം. ഞാൻ ഒരു ചെറിയ ജോലി ആയിട്ട് ഇവിടെ ആണെന്ന് അറിയാം.അവളുടെ പിജിയുടെ എക്സാം കഴിഞ്ഞ് ഒരു സർപ്രൈസ് ആയിട്ട് എല്ലാം പറയാം എന്നാ കരുതിയത്. ഇതിപ്പോ…”

വിപിൻ അവനിട്ടു ചെറിയ ഒരടി കൊടുത്തു

“എന്നിട്ട് ഇങ്ങനെ ആണോടാ പെരുമാറുന്നത് കഴുതേ? എന്നോട് പോലും പറഞ്ഞില്ലല്ലോ ഇത്?”

“ചേട്ടാ ഞാൻ പെട്ടെന്ന് അവളെ കണ്ടപ്പോൾ..ഞാൻ ഒന്നു പോയി നോക്കട്ടെ “

“നീ വിളിച്ചു നോക്കിക്കെ.എന്നിട്ട് പോകാം “

അവൻ വിളിച്ചു. അവൾ എടുക്കുകയും ചെയ്തു

“ട്രെയിനിലാണ്. തിരിച്ചു പോവാ…എല്ലാത്തിനും ഒരു പാട് താങ്ക്സ്..എനിക്ക് അറിഞ്ഞൂടായിരുന്നു ഒന്നും..ഇപ്പൊ ഏട്ടത്തിയെ വിളിച്ചപ്പോൾ, ഒരു പാട് ചോദിച്ചപ്പോൾ എല്ലാം പറഞ്ഞു. ക്ഷമിക്ക്. വിവരമില്ലായ്മ കൊണ്ടാ..”

അവന്റെ കണ്ണ് നിറഞ്ഞു

“എടി..പ്ലീസ് അങ്ങനെ ഒന്നും പറയല്ലേ..നിന്നേ പെട്ടന്ന് കണ്ടപ്പോൾ..”

ഫോൺ പെട്ടന്ന് കട്ട്‌ ആയി പിന്നെ അത് ഓഫ്‌ ആകുകയും ചെയ്തു.

“ഇതിപ്പോ പ്രശ്നം ആകുമല്ലോ ചേട്ടാ ” അവൻ നഖം കടിച്ചു

“നീ നാട്ടിൽ പൊക്കോ ഇവിടെ ഞാൻ നോക്കിക്കൊള്ളാം..എന്തായാലും മീറ്റിംഗ് ഒന്നുമില്ലല്ലോ ഇനി “

അവൻ ഇല്ല എന്ന് തലയാട്ടി

നാട്ടിൽ എത്തുന്ന വരെ തീയുടെ മുകളിലായിരുന്നവൻ.

സമാധാനം. വീട്ടിൽ അവളുണ്ട്.

“വന്നപ്പോൾ മുറിയിൽ കയറി കതകടച്ചതാണ്. എന്താ കാര്യം?”

ഏട്ടൻ ചോദിച്ചു

“കാര്യം.. ഞാൻ… അത് പിന്നെ..”അച്ഛൻ അങ്ങോട്ടേയ്ക്ക് വന്നത് കൊണ്ട് അവൻ നിർത്തി.

“നീ എപ്പോ വന്നു?”

“ഇപ്പൊ വന്നേയുള്ളു “

“നീ വന്നത് നന്നായി
നമ്മുടെ കിഴക്കടത്തെ നകുലന്റെ മകളുടെ ഒരു ആലോചന വന്നിരുന്നു. നിന്റെ ജോലിക്ക് പറ്റും. എം ബി എ ക്കാരിയാ “

“എന്റെ പൊന്നോ എനിക്ക് ഇച്ചിരി സമാധാനം താ. എനിക്കി ജന്മത്തിൽ കല്യാണം വേണ്ട “

അവൻ ദേഷ്യത്തിൽ അകത്തേക്ക് പോയി

“ഇവനെ പൊട്ടൻ കടിച്ച? ഇതെന്തു ദേഷ്യാ “

അച്ഛൻ താടിക്ക് കൈ കൊടുത്തു

“ചിന്നു ” കുളത്തിന്റെ അരികിലായിരുന്നു അവർ

“മിണ്ടണ്ട.എന്നോട് എല്ലാം കള്ളമാ പറഞ്ഞത്. ഞാൻ ഒരു പൊട്ടി..അറിഞ്ഞിരുന്നെങ്കിൽ നാണം കെടാൻ ഞാൻ വരുമായിരുന്നില്ല. ഒരു സർപ്രൈസ് തരണം അതേ ഉള്ളിലുണ്ടായിരുന്നുള്ളു” അവളുടെ ശബ്ദം ഇടറി

“ഇതേ മനസ്സ് തന്നെ ആയിരുന്നു എനിക്കും. പറയുമ്പോൾ നിനക്ക് ഒരു സർപ്രൈസ് ആവട്ടെ എന്നെ കരുതിയുള്ളു. ഞാൻ അറിഞ്ഞോ നീ അങ്ങോട്ട്…”

“എനിക്ക് ഇത് വേണ്ട അച്ചുവേട്ടാ.”

അവൾ ശാന്തമായി പറഞ്ഞു

“അത് നീ മാത്രം അങ്ങനെ തീരുമാനിച്ച പോരല്ലോ.”

അവന്റെ ശബ്ദം ഒന്നു മുറുകി

“എന്റെ കാര്യം ഞാൻ തീരുമാനിച്ച മതി. അച്ചുവേട്ടൻ ഇത്രയും വലിയ ഒരാൾ ആണെന്നൊന്നും എനിക്ക് അറീലായിരുന്നു. എന്നെ പഠിപ്പിക്കുന്നെന്ന് ഒരിക്കൽ പോലും എന്നോട് പറഞ്ഞിട്ടില്ല. ഞാൻ എത്ര വലിയ തെറ്റാ ഈശ്വര ചെയ്തേ..” അവൾ കരഞ്ഞു പോയി

“കുന്തം. ഒന്നു തന്നാലുണ്ടല്ലോ. നിന്റെ കാര്യം എന്ന് മുതലാ നീ തന്നെ തീരുമാനിക്കാൻ തുടങ്ങിയത്? അച്ചുവേട്ടാ ഞാൻ എണീറ്റു..അച്ചുവേട്ടാ ഞാൻ കുളിച്ചു.. അച്ചുവേട്ടാ ഞാൻ കഴിച്ചു…പൈങ്കിളി ഡയലോഗ് പറഞ്ഞു പറഞ്ഞെന്നെ ഭ്രാന്ത് പിടിപ്പിച്ചിട്ട്.. വേണ്ട പോലും. നീ എന്ന വർഗ്ഗത്തിന് എങ്ങനെ കഴിയുന്നെടി ഇത്.?”

അവന്റെ ചുവന്ന മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ ഉള്ളു നനഞ്ഞു

“നിനക്ക് വേണ്ട എന്നുറപ്പാണോ?” അവൻ മൂർച്ചയോടെ ചോദിച്ചു

“ആണെങ്കിൽ?”

‘ആ എങ്കിൽ ഞാൻ അച്ഛൻ പറഞ്ഞ എം ബി ക്കാരി പെണ്ണിന് യെസ് പറയാൻ പോവാ. വയസ്സ് മുപ്പത് ആയി. കഴിഞ്ഞ അഞ്ചു വർഷം ഈ ഒരുത്തിയെ നോക്കി വെറുതെ പോയി.. ഇനിയെങ്കിലും ഞാൻ എന്റെ കാര്യം നോക്കണ്ടേ? ” അവൾ മുന്നോട്ടാഞ്ഞു വന്ന് ആ നെഞ്ചിൽ ആഞ്ഞ് ഒരിടി ഇടിച്ചു

“ഞാൻ പോവണംന്നാ അപ്പൊ ആഗ്രഹം ല്ലേ? അങ്ങനെ ഇപ്പൊ പോണില്ല “

“ഹോ എന്റെ നെഞ്ചു കലങ്ങി പോയല്ലോ പെണ്ണെ.. ” അവൻ നെഞ്ചു തിരുമ്മി അവൾക്ക് പാവം തോന്നി

“സോറി ട്ടോ.. ” പറഞ്ഞതും നെഞ്ചിൽ ഒരുമ്മ വെച്ചതും പെട്ടന്നായിരുന്നു

അവൻ ചുറ്റുമോന്നു നോക്കി. പിന്നെ ഇറുക്കി കെട്ടിപ്പിടിച്ചു ഭിത്തിയിൽ ചേർത്ത് മുഖത്തോട് മുഖം അടുപ്പിച്ചു

ചുവന്നു തുടുത്ത മുഖം. താഴ്ന്നു പോവുന്ന കണ്ണുകൾ..

“ഇങ്ങോട്ട് നോക്ക് ” അവൾ മെല്ലെ മുഖമുയർത്തി

“ഈ കഴിഞ്ഞ വർഷങ്ങളിലൊക്കെ എന്റെ മുന്നിൽ ഒരു പാട് പേര് പല ഭാവത്തിൽ വന്ന് നിന്നിട്ടുണ്ട്. ഉള്ളൊന്ന് ചലിച്ചിട്ട് പോലുമില്ല. എന്താന്നറിയുമോ? നീയെന്നെ ഭ്രാന്ത് . നീയെന്നെ സ്വപ്നം..നീ എന്നെ കാത്തിരിപ്പുണ്ട് എന്ന ഓർമ .ഞാൻ എന്തായാലും.. ഏത് അവസ്ഥയിലാണെങ്കിലും.. ഞാൻ നിന്റെയാണ്. നിന്റെ മാത്രം..നീ എന്റെയും ” അവൾ ഇമ വെട്ടാതെ അവനെ നോക്കി നിന്നു

“എനിക്ക് ഒരുമ്മ വേണം..” അവളാ മൂക്കിൻതുമ്പിൽ ഒന്നു തൊട്ടു

അത് കേട്ട് അവൻ ചിരിച്ചു പോയി

“എന്റെ പൊന്നിന് എത്ര ഉമ്മ വേണം?”

“ഇൻഫിനിറ്റി ഉമ്മകൾ ” അവൾ അവന്റെ ചുണ്ടിൽ തൊട്ടു

അവളുടെ മുഖം അവന്റെ മുഖത്താൽ മറഞ്ഞു..

പ്രണയത്തിന്റെ കടലിന് ചുവപ്പ് നിറം കൂടിയുണ്ട്.

ആവേശത്തിന്റെ, ആസക്തിയുടെ, ഭ്രാന്തിന്റെ, കടും ചുവപ്പ് നിറം..

Scroll to Top