ദക്ഷ – സ്നേഹപൂർവ്വം, ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ
അമ്മ വിളക്ക് വെച്ചു കഴിഞ്ഞാൽ ഞാൻ വയലിൻ എടുത്തു നേരെ ടെറസിലേക്കു പോവും…അവിടെ പാഷൻ ഫ്രൂട്ട് പന്തലിനു താഴെ ഒരു മേശയും കസേരയും ഞാൻ കൊണ്ടിട്ടുണ്ട്. ചിലപ്പോൾ എഴുത്തും വായനയും വയലിൻ പ്രാക്ടീസ് ഒക്കെയാണ് എന്റെ സായാഹ്നങ്ങൾ…
ശനിയാഴ്ച്ചകൾക്കൊരു പ്രത്യേകതയുണ്ട്. അന്ന് അപ്പുറത്തെ വീട്ടിലെ ദിവാകരേട്ടൻ വരും. അച്ഛന്റെ ബാല്യകാലം മുതലുള്ള കൂട്ടുകാരനാണ് ദിവാകരേട്ടൻ. ആള് ചെറുതായി വീശും..എന്നിട്ട് ഹാർമോണിയം എടുത്തു ഒരു പൊരിപൊരിക്കും..കൂടെ പാടുകയും ചെയ്യും..വല്ലാത്തൊരു ഫീലാണ്..നോട്ട്സ് ഒക്കെ, ഹോ പറയാൻ പറ്റില്ല..അത്ര രസമാണ്. ഞാനും കൂടെ പിടിക്കും.
രണ്ടു വീടുകളും തൊട്ടടുത്തായ കാരണം, രണ്ടു വീടിന്റെയും ടെറസിൽ ഇരുന്നാണ് ഞങ്ങളുടെ കലാപരിപാടികൾ. ദിവാകരേട്ടൻ നല്ല കലാകാരൻ ആണ്.
എല്ലാവർക്കും എല്ലാ സന്തോഷവും ദൈവം കൊടുക്കില്ല എന്ന് പറയാറില്ലേ…അതുപോലെ ദിവാകരേട്ടനും ഉണ്ട് ഒരു സങ്കടം. ദിവാകരേട്ടനു ഒരു മോളുണ്ട്..
ദക്ഷ..
അവൾക്കു മിണ്ടാൻ കഴിയില്ല. എന്നേക്കാൾ രണ്ടു വയസു താഴെയാണ്. നന്നായി പഠിക്കും, നന്നായി വീണ വായിക്കും…ഞങ്ങളു ചെറുപ്പം മുതൽക്കേ കാണുന്നത് കൊണ്ടു അവൾക്കു മിണ്ടാൻ പറ്റാത്തത് ഞങ്ങൾക്ക് ഒരു കുറവായി തോന്നിയിട്ടില്ല ഇതുവരെ…
അച്ഛൻ പ്രവാസിയായതുകൊണ്ടു നാട്ടിലെ ഉത്സവങ്ങളൊക്കെ ദിവാകരേട്ടന്റെ കയ്യും പിടിച്ചു നടന്നാണ് കണ്ടിരുന്നത്. കൂടെ ദക്ഷയും ഉണ്ടാവും.
പട്ടുപാവാടയിട്ടു, ഭംഗിയിൽ മുടി പിന്നികെട്ടി, നുണക്കുഴി കവിളുള്ള സുന്ദരികുട്ടി…രാസ്നാദി പൊടിയുടെ മണമാണ് അവൾ അടുത്ത് നിക്കുമ്പോൾ…
ഓർമകൾക്കിന്നും മധുരമാണ്…ഒരു ശനിയാഴ്ച്ച ദിവസം. പാട്ടൊക്കെ കഴിഞ്ഞു ടെറസിൽ നിന്നു ഇറങ്ങാൻ നേരം ആണ് ദിവാകരേട്ടൻ പറഞ്ഞത്. നാളെ മോളെ കാണാൻ ഒരു കൂട്ടരു വരിണ്ട്. നീ ഇവിടെ ഉണ്ടാവില്ലേ…?കാര്യങ്ങളൊക്കെ അറിയാം അവർക്കു. ചെക്കന് കേൾവിക്കൊരു പ്രശ്നം ഉണ്ട്.
അല്ലാ ദിവാകരേട്ടാ..അതു…?
നമ്മള് നമ്മുടെ കുറവുകൾ കൂടി ആലോചിക്കണ്ടെ മോനെ…ഞാൻ വന്നോളാൻ പറഞ്ഞു, അതുപറഞ്ഞു ദിവാകരേട്ടൻ താഴേക്കു ഇറങ്ങി.
അച്ഛന്റെ കൂടെ താഴേക്കു പോവുമ്പോൾ അവൾ എന്നെ ഒന്നു തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു. എന്തോ ആ ചിരിയിൽ ഒരുപാട് സങ്കടങ്ങൾ അലയടിക്കുന്ന പോലെ എനിക്കു തോന്നി.
ഞാൻ ട്രയിനിങ്ങിനു ചെന്നൈക്ക് പോവുമ്പോഴും ഈ ചിരി ഞാൻ കണ്ടിട്ടുണ്ട്. അന്നും മനസു ഒരുപാട് ചിന്തിച്ചുകൂട്ടിയതാണ്. ഉത്തരങ്ങൾ കിട്ടാത്ത കുറേ ചോദ്യങ്ങൾ…
മനസു തിരിച്ചു ചോദിച്ചപ്പോൾ പിന്നൊന്നും ആലോചിച്ചില്ല. താഴേക്കുള്ള പടികൾ ഇറങ്ങി ചെല്ലുമ്പോൾ മനസിന് വല്ലാത്ത ഭാരം. എന്തോ നഷ്ടപ്പെടാൻ പോണു എന്ന തോന്നൽ.
താഴെ ചെന്നപ്പോൾ അമ്മ രാവിലേക്കുള്ള പയറു നന്നാക്കായിരുന്നു. ഇന്നെന്താടാ നേരത്തെ നിർത്തിയോ…? കഴിച്ചിട്ട് വേഗം പോയി കിടന്നോ, നാളെ ദക്ഷമോളെ കാണാൻ വരുവല്ലേ…അവിടേക്കു പോണം…
കുട്ടിയെ വഴിയിൽ വെച്ചൊക്കെ കണ്ടു കുറേ ആലോചനകൾ വരും, മിണ്ടാൻ പറ്റാത്ത കുട്ടിയാണെന്ന് അറിയുമ്പോൾ എല്ലാരും വേണ്ടാന്ന് വെക്കും. ഇതെങ്കിലും ഒന്ന് ശരിയായാൽ മതിയായിരുന്നു.
ദിവാകരേട്ടന് ബോധം ഇല്ലേ അമ്മേ…? ചെവി കേൾക്കാത്ത ആൾക്കാണോ അവളെ പിടിച്ചു കൊടുക്കാ…? എനിക്കു ദേഷ്യം വന്നതാ…ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല.
അല്ല നിനക്കെന്തിനാ ദേഷ്യം വരണേ…അവക്ക് ഇഷ്ടമാണെങ്കിൽ മാത്രമേ നടത്തുള്ളു…
അവൾക്കു ഇഷ്ട്ടല്ല…
അതു എങ്ങിനെ നിനക്കറിയാം…?
അതൊക്കെ അറിയാം.
മോനെ…ശ്രീകുട്ടാ…മനസ്സിൽ വല്ലതും ഉണ്ടെങ്കിൽ മോൻ അതു പറ. അല്ലാതെ അമ്മേടടുത്തു ചൂടായിട്ടു കാര്യമില്ല.
അതു പിന്നെ…അവളെ വേറാർക്കും അങ്ങിനെ കെട്ടിച്ചുകൊടുക്കണ്ട. അവർക്കൊന്നും അവള് ഉദ്ദേശിക്കണത് മനസിലാവില്ല.
അതാണോ നിന്റെ പ്രശ്നം…? നിനക്കു മനസിലാവോ…?
ദേ അമ്മേ..എനിക്കു ദേഷ്യം വരുന്നുണ്ട് കേട്ടോ.
അമ്മ അപ്പോ തന്നെ ഫോൺ എടുത്തു അച്ഛനെ വീഡിയോ കാൾ വിളിച്ചു.
ദേ ചെക്കന്…അസുഖം തുടങ്ങിയിട്ടുണ്ട്.
അസുഖമോ..?
ആ..നിങ്ങൾക്കു എന്നോട് കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്നില്ലേ…ആ അസുഖം തന്നെ…പ്രേമം…ദക്ഷ മോളെ കാണാൻ ഒരു കൂട്ടരു വരിണ്ടെന്നു പറഞ്ഞപ്പോൾ തുടങ്ങിയതാ ഇവിടെ പുകില്.
ടാ മോനെ..മോൻ പോയി കിടക്കാൻ നോക്ക്. അവൾക്കു ഇഷ്ട്ടാണെങ്കിൽ അവള് നമ്മുടെ വീട്ടിലേക്കു തന്നെ നിലവിളക്കും പിടിച്ചു കയറും. ഇനി അല്ലെങ്കിൽ…? ഞാൻ എന്തായാലും അവനെ ഒന്നു വിളിക്കട്ടെ. നമ്മള് മാത്രം തീരുമാനിച്ചാൽ പോരല്ലോ…നിന്നെ അവള് സഹിക്കോടാ…?
അല്ലെങ്കിലും എന്റെ മനസിലു ഈ കാര്യം ഉണ്ടായിരുന്നെടാ മരങ്ങോടാ…ബാക്കി മൂന്നു ഭാഗവും മതില്കെട്ടിയപ്പോൾ ആ ഭാഗം മാത്രം ഞാൻ കെട്ടാഞ്ഞത് എന്തെ…?ഞങ്ങളുടെ ആ സ്നേഹത്തിനെ മതിലുകൾ കെട്ടി തിരിക്കാൻ പറ്റാത്തോണ്ടാ…
അച്ഛേ…അച്ഛ…മരണമാസാണ്. വെറുതെയല്ല തലയിൽ മുടിയില്ലാഞ്ഞിട്ടും അമ്മ വീണത്.
ഫോൺ കട്ട് ചെയ്തു അമ്മ ഒരു കാര്യം കൂടി പറഞ്ഞു, സങ്കടങ്ങൾ വന്നാൽ ഉറക്കെ കരയാൻ കൂടി പറ്റില്ല ആ പാവത്തിന്. അതുകൊണ്ടു പറയാ നിന്റെ ഈ ദേഷ്യമൊക്കെ കുറക്കണം. ഇനി എന്റെ മോൻ പോയി കിടന്നോ…ഒരു പ്രേമക്കാരൻ വന്നേക്കണു…
അങ്ങിനെ രണ്ടുമുറ്റത്തും കൂടി ഒരു പന്തൽ ഉയർന്നു. ഒരു ഒന്നൊന്നര കല്യാണപന്തൽ…നിലവിളക്കും പിടിച്ചു വലതുകാൽ വെച്ചു ദക്ഷ വീട്ടിലേക്കു കയറുമ്പോൾ അച്ഛൻ പറഞ്ഞവാക്കുകൾ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു…
അവൾക്കിഷ്ട്ടമാണെങ്കിൽ അവള് തന്നെ നമ്മുടെ വീട്ടിലേക്കു നിലവിളക്കും പിടിച്ചു കയറും എന്ന്. നെഞ്ചിനകത്തു ഒരുകടലോളം സ്നേഹം ഉള്ള അച്ചനമ്മമാരു കൂടെ ഉള്ളപ്പോൾ..അവരുടെ പ്രാർത്ഥന ഉള്ളപ്പോൾ..നമ്മളെന്തിനാ പേടിക്കണേ…അല്ലേ…?
രാത്രി പാഷൻ ഫ്രൂട്ട് പന്തലിനു താഴെ അവളെ ചേർത്തു പിടിച്ചു നെറുകയിൽ ചുണ്ടുകൾ ചേർത്തു വെക്കുമ്പോൾ രാസ്നാദിപൊടിയുടെ വാസന..എന്നെ പഴയകാലത്തിലേക്ക് കൂട്ടി കൊണ്ടുപോവുകയായിരുന്നു…