എഴുത്ത്: ശ്രീജിത്ത് ഇരവിൽ
അപ്പൂപ്പന്റെ കൂടെ താമസിക്കാൻ വരുന്നെന്ന് കൊച്ചുമോൻ പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നിയിരുന്നു. അവന്റെ കോളേജ് പഠനമൊക്കെ കഴിഞ്ഞുവത്രെ. വന്നപ്പോഴല്ലേ അറിഞ്ഞത് ഗ്രാമത്തിൽ താമസിക്കാനുള്ള പൂതികൊണ്ടാണ് ചെറുക്കൻ വന്നിരിക്കുന്നതെന്ന്. അല്ലെങ്കിലും, എന്നോട് എന്റെ മകൻ കാണിക്കാത്ത കരുതൽ അവന്റെ മകനിൽ നിന്ന് ഞാൻ പ്രതീക്ഷിക്കരുതല്ലോ…
‘എടാ… നിന്നോട് ഞാനൊരു കാര്യം ചോദിക്കട്ടെ…’
പാടശേഖരങ്ങൾ പകർത്തണമെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ ഒരു പ്രഭാതത്തിൽ കൊച്ചുമോനോട് ഞാൻ ചോദിച്ചതാണ്. ബൂട്ടിന്റെ ചരടുകൾ കെട്ടുന്നതിനിടയിൽ ചോദിക്കൂ അപ്പൂപ്പായെന്നായിരുന്നു അവന്റെ മറുപടി.
‘നിന്റെ അച്ഛൻ എന്നോട് ഈ ചെയ്യുന്നത് ശരിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ?’
എന്താണ് ചെയ്തതെന്ന് ശബ്‌ദിച്ച് അവൻ എന്റെ അടുത്ത് വന്ന് ഇരിക്കുകയായിരുന്നു. ഈ വയസ്സാം കാലത്ത് എന്നെ നോക്കേണ്ടത് നിന്റെ അച്ഛനല്ലേയെന്ന് ചോദിച്ചപ്പോൾ തന്നെ എന്റെ തല കുനിഞ്ഞ് പോയി. അവസാന കാലത്തിൽ മക്കളൊക്കെ കൂടെ വേണമെന്നല്ലേ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുകയെന്ന് കൂടി ചേർത്തപ്പോൾ ഞാൻ കരഞ്ഞും പോയി.
അല്ലെങ്കിലും, രക്തം ഊറ്റിക്കൊടുത്ത് വളർത്തിയ മക്കൾ പാറിപ്പോകുമ്പോൾ ഏത് മാതാപിതാക്കളുടെ കണ്ണുകളാണല്ലേ നിറയാതിരിക്കുക..!
‘കഷ്ടപ്പെട്ട് വളർത്താനാണെങ്കിൽ എന്തിനാണ് അപ്പൂപ്പാ മക്കളെ ഉ-ണ്ടാക്കിയത്.. വേണ്ടാന്ന് വെച്ചാൽ പോരായിരുന്നോ…?’
അത്തരമൊരു മറുപടി കൊച്ചുമകനിൽ നിന്നും ഞാൻ തീരേ പ്രതീക്ഷിച്ചില്ല. കുഞ്ഞ് വായയിൽ നിന്ന് വന്ന ആ വലിയ ശബ്ദം എന്റെ ചെകിടത്ത് കിട്ടിയത് പോലെയായിരുന്നു. അങ്ങനെ മിണ്ടാട്ടം മുട്ടി ഇരുന്ന വേളയിൽ അവൻ പോകുകയും ചെയ്തു. അച്ഛന്റെയല്ലേ മോൻ… എങ്ങനെ പറയാതിരിക്കും! എന്തായാലും, എന്റെ ഗതി തന്നെയായിരിക്കും എന്റെ മകനും സംഭവിക്കുക.
എനിക്ക് എമ്പത് തികഞ്ഞിട്ടില്ല. എന്ന് വെച്ച് അതിന്റേതായ ശാരീരീക പ്രശ്നമൊന്നും വലുതായി എന്നെ ബാധിച്ചിട്ടുമില്ല. ഷഷ്ടിപൂർത്തിയിൽ മുട്ടും മുമ്പേ വിട്ടുപോയ ഭാര്യയും, കുടുംബത്തോടൊപ്പം ഏതോ നഗരത്തിലേക്ക് താമസം മാറിയ മകനും, കെട്ടിച്ച് വിട്ടതോടെ തിരിഞ്ഞ് നോക്കാത്ത മകളും, മാത്രമേ വിഷമമായി ഉള്ളിലുള്ളൂ.
മറവിയുടെ വളമിട്ട് അവർ പോഷിപ്പിച്ച ശിഖിരമില്ലാത്ത മരം പോലെ തനിയേ ഞാൻ വളരുകയാണ്. മാനത്തേക്ക് എത്താത്ത ആയുസ്സിന്റെ നീളത്തിൽ ഈ ഒറ്റപ്പെട്ട ജീവിതത്തോട് എനിക്ക് മടുപ്പ് തോന്നിയിട്ട് ഏറെ കാലമായി. എന്നിട്ടും മരണത്തിന് എന്നെ വേണ്ട. ഇങ്ങനെയൊരു ജീവിതം അനുഭവിക്കുകയെന്നത് വിധിയായിരിക്കുമെന്നേ ഇപ്പോൾ ചിന്തിക്കുന്നുള്ളൂ…
ഇരുപത് വർഷങ്ങളായി കാണും. അന്ന് ഭാര്യയുണ്ട്. ഞാൻ ചൂണ്ടിയ വഴിയിൽ മാത്രം സഞ്ചരിച്ച മകൻ ആദ്യമായി എന്നെ ധിക്കരിച്ച നാളായിരുന്നുവത്. ഒരു ജോലിയിലേക്ക് എത്തിപ്പിക്കുന്നത് വരെ കഷ്ടപ്പെട്ട് വളർത്തിയ എന്നോട് പറയാൻ പാടില്ലാത്തതായ ഒരു കാര്യം അവൻ പറഞ്ഞു. മക്കളിൽ നിന്ന് ഏത് മാതാപിതാക്കൾക്കും അത്തരമൊരു സാഹചര്യം ഉണ്ടാകരുതെന്നേ ഞാനിന്ന് ആഗ്രഹിക്കുന്നുള്ളൂ…
ഭാര്യയും മോനും ഉള്ളപ്പോൾ, ഉണ്ടായിരുന്ന ജോലി വിട്ട് ഇഞ്ചിക്കൃഷി ചെയ്യാൻ കർണ്ണാടകയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ മകനെ ഞാൻ ഗുണദോഷിച്ചുവെന്നത് ശരിയാണ്. തനിക്ക് വേണ്ടത് എന്താണെന്ന് അച്ഛൻ പഠിപ്പിച്ച് തരണ്ടായെന്ന് അവൻ കൃത്യമായി പറഞ്ഞു. അതിന്റെ കൂടെ ചേർത്തതെല്ലാമാണ് ഇന്നും മായാതെ ചങ്കിനകത്തുള്ളത്…
‘നിങ്ങള് കഷ്ടപ്പെട്ട കഥയും കണക്കും കേട്ട് മടുത്തു. ജനിക്കേണ്ടായിരുന്നു. നാശം…’
എനിക്കത് ബോധിച്ചില്ല. മക്കളൊക്കെ ഭൂമിയിൽ നിന്ന് താനേ മുളച്ച് വരുന്നതല്ലല്ലോ… കിടക്കുന്നയിടം കക്കൂസാക്കുന്ന പ്രായം തൊട്ട് സമ്പാദിക്കാൻ പോന്ന ജോലിക്കാരാക്കുന്ന തലം വരെ എത്തിക്കാൻ ആരും വേണ്ടായെന്നാണോ… വയസ്സ് കാലത്ത് കൂടെയുണ്ടാകുമെന്ന് കരുതിയപ്പോൾ അവൻ കർണ്ണാടകയിലേക്ക് പോകാൻ പോകുന്നു! അന്ന്, അരിശം കൊണ്ട് എന്തൊക്കെയാണ് പറഞ്ഞതെന്ന് എനിക്ക് പോലും നിശ്ചയമില്ലായിരുന്നു…
‘ആരെങ്കിലും പറഞ്ഞോ കുഞ്ഞുങ്ങളെയുണ്ടാക്കാൻ… ഉ- ണ്ടാക്കിയാൽ വളർത്തണം. അവരോട് സദാസമയം പറയേണ്ടത് സ്നേഹമാണെന്നാണ്… തന്റെ ജീവിതത്തിലെ സന്തോഷമാണെന്നാണ്.. അല്ലാതെ, കഷ്ടപ്പെടുന്നതിന്റെ കണക്കല്ല…’
എന്നും പറഞ്ഞാണ് തന്റെ ഭാര്യയേയും കുഞ്ഞിനേയും കൂട്ടി അവൻ ഇറങ്ങിപ്പോയത്. പിന്നീട് വന്നത് അവന്റെ അമ്മ മരിച്ചപ്പോഴായിരുന്നു. ശേഷം, ഇടയ്ക്കൊക്കെ വരുമെങ്കിലും എന്നോട് സംസാരിക്കാറില്ല. അവന്റെ ഭാര്യക്കും, എന്റെ ഈ കൊച്ചുമോനും എന്നെ വലിയ കാര്യമാണ്. പക്ഷെ, അവന് ഞാൻ വേണമെന്നേയില്ല. ഉണ്ടായിരുന്നുവെങ്കിൽ എനിക്ക് ഇങ്ങനെയൊരു ഒറ്റപ്പെട്ട ജീവിതത്തിൽ മുങ്ങേണ്ടി വരില്ലായിരുന്നുവല്ലോ…
‘അപ്പൂപ്പാ…’
പാടശേഖരം പകർത്താൻ പോയ കൊച്ചുമോൻ വന്നിരിക്കുന്നു. അവൻ പറഞ്ഞിട്ട് പോയതിലുള്ള വിഷമം മുഖത്ത് പടരാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. കുറച്ച് കാലമെങ്കിലും അവൻ കൂടെ ഉണ്ടായിക്കോട്ടെയെന്ന ആഗ്രഹം തന്നെയായിരുന്നുവത്. ഞാനായിട്ട് ഒന്നും പറയുന്നില്ല. കോളേജ് കഴിഞ്ഞ പ്രായമായില്ലേ… ഇഷ്ടം പോലെ ജീവിക്കട്ടെ…
മാതാപിതാക്കളുടെ കരുതൽ ജീവിതകാലം മുഴുവൻ ലഭിക്കാത്ത മക്കൾക്കൊന്നും ശരിയായ ദിശ കിട്ടില്ല. അവർ പലയിടത്തും തട്ടി തടഞ്ഞ് വീണ് കൊണ്ടേയിരിക്കും. കൊച്ചുമകനിൽ തട്ടി എന്റെ മകനും ഒരുനാൾ തീർച്ചയായും വീഴും. അന്നേ എന്റെ വേദന എന്തായിരുന്നുവെന്ന് അവൻ തിരിച്ചറിയുകയുള്ളൂ…
ജീവൻ പകുത്ത് കൊടുത്ത് പ്രസവിച്ച അമ്മയുടെ വെളുത്ത രക്തം ഊറ്റിക്കുടിച്ച് വളർന്ന മക്കൾക്ക് അച്ഛനെ തിരിച്ചറിയാൻ വല്ലാത്ത പ്രയാസമാണ്. അതിന് അവനുമൊരു അച്ഛൻ ആകണം. മക്കൾക്കായി ജീവിതം തന്നെ മാറ്റിവെക്കപ്പെടേണ്ടി വരുന്ന പിതാവാകണം. എല്ലാത്തിനുമപ്പുറം, കുടുംബ ബോധം ഉണ്ടാകണം. ആരോട് പറയാൻ… ആര് കേൾക്കാൻ…
‘എന്തായാലും എന്നോട് പറയൂ അപ്പൂപ്പാ…’
ഉമ്മറത്തെ ചാര് കസേരയിൽ ഇരുന്ന് തെങ്ങിന്റെ മണ്ടയിലേക്ക് നോക്കി അയവിറക്കുന്ന എന്നോട് കൊച്ചുമോൻ ഒരുനാൾ ചോദിച്ചതാണ്. നിന്റെ അച്ഛനെക്കുറിച്ച് ഓർക്കുകയായിരുന്നുവെന്ന് പറഞ്ഞ് ഞാൻ മോണ കാട്ടി ചിരിച്ചു. അപ്പോൾ അവനെന്റെ ചുളിഞ്ഞ കവിളുകളെ തൊടുകയായിരുന്നു. ശേഷം, ജീവിതകാലം മുഴുവൻ മക്കളെ വളർത്തിക്കൊണ്ടേയിരിക്കണമെന്ന് കരുതുന്നത് തെറ്റാണെന്ന് അവൻ പറഞ്ഞു. അങ്ങനെ കേട്ടപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്.
‘കഷ്ടപ്പെട്ട് പോറ്റി വളർത്തിയവർക്ക് പുല്ല് വിലയല്ലേ..?’
നിയന്ത്രണം വിട്ടപ്പോൾ ചെറുവിറയലോടെ അൽപ്പം കനത്തോടെയാണ് ഞാനത് പറഞ്ഞത്. എനിക്ക് വിഷമമായെന്ന് കണ്ടപ്പോൾ ആർക്കാണ് അപ്പൂപ്പനെ വിലയില്ലാത്തതെന്ന് കൊച്ചുമോൻ ചോദിച്ചു. നിന്റെ അച്ഛന്റെ കാര്യമാണെന്ന് പറഞ്ഞ് ഞാൻ ആ നേരം മുഖം തിരിക്കുകയായിരുന്നു. അവൻ ചിരിച്ചു. അങ്ങനെയൊന്നുമില്ല അപ്പൂപ്പായെന്ന് പറഞ്ഞ് എന്റെ ചുളിഞ്ഞ കവിളുകളിൽ വീണ്ടും പിടിച്ചു. തന്നെ ഇങ്ങോട്ട് വിട്ടത് അച്ഛനാണെന്ന് പറയാനായിരുന്നു അവൻ അങ്ങനെ ചെയ്തത്.
‘പോടാ… കള്ളം പറയാതെ…’
ആണന്നേയെന്ന് പറഞ്ഞ് കൊച്ചുമോൻ എന്റെ താടിയിൽ പിടിച്ച് കൊഞ്ചിച്ചു. അവന് ഞാനൊരു കുഞ്ഞിനെ പോലെയാണ്. പ്രായമായില്ലേ… എത്ര ഓടിയാലും ശാരീരികമായും മാനസികമായും മനുഷ്യർ ഒടുവിൽ എത്തിപ്പെടുന്നത് ശൈശവത്തിലേക്ക് തന്നെയാണല്ലോ… അവിടെ മക്കളുണ്ടെങ്കിൽ, അതിനോളം സ്വർഗ്ഗം മറ്റൊന്നുമില്ല…
‘നീയും നിന്റെ അച്ഛനെപ്പോലെ തന്നെയാകും…’
രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോൾ കൊച്ചുമോനോട് ഞാൻ പറഞ്ഞു. അതെന്താണ് അങ്ങനെയെന്ന് ചോദിച്ച് തന്റെ മുന്നിലെ പുട്ടിലേക്ക് അവനൊരു പപ്പടമിട്ട് പൊട്ടിച്ചു. എന്റെ മകൻ എന്നെ നോക്കാത്തത് പോലെ നീയും നിന്റെ അച്ഛനെ നോക്കാൻ പോകുന്നില്ല. അതിനുള്ള മറുപടി, കഴിച്ച് കൈ കഴുകിയതിന് ശേഷമാണ് അവൻ പറഞ്ഞത്. ഏത് കാതുകൾക്കും വ്യക്തമാകും വിധമത് കൃത്യമായിരുന്നു.
‘എന്റെ അപ്പൂപ്പാ… പ്രായമായ മാതാപിതാക്കളെ നോക്കാൻ ഉള്ളവരല്ല മക്കൾ. അതൊക്കെ പരസ്പരമുള്ള സ്നേഹത്തിന്റെ ബലത്തിൽ സ്വഭാവികമായി നടക്കേണ്ടതല്ലേ.’
എന്നും പറഞ്ഞായിരുന്നു കൊച്ചുമോൻ തുടങ്ങിയത്. സ്വന്തം ജീവിതത്തിൽ ഒന്നുമല്ലാതായി പോകുന്ന മാതാപിതാക്കളെല്ലാം അവസാന കാലത്തിൽ മക്കളെ പഴി ചാരുന്നത് പതിവാണ്. വിശ്രമജീവിതം ഭദ്രമാക്കാൻ ആയുസ്സിന്റെ നീളത്തിൽ സാധിച്ചില്ലെങ്കിൽ അതൊരു മനുഷ്യന്റെ പരാജയമാണ്. കൊച്ചുമോൻ പിന്നേയും എന്തൊക്കെയോ പറഞ്ഞു.
അഭിരുചിക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസം കൊടുക്കുക. ജോലിയൊന്നും ഉണ്ടാക്കി കൊടുക്കേണ്ട ആവിശ്യം മാതാപിതാക്കൾക്കില്ല. അത് ലോകമറിഞ്ഞ് മക്കൾ കണ്ടത്തേണ്ടതാണ്. ജീവിതത്തിന്റെ ഭാഗമാണ് എന്നതിലുപരി പറത്തി വിട്ട മക്കളിൽ യാതൊരു അവകാശവും മാതാപിതാക്കൾക്കില്ല.
തന്റെ വ്യക്തിത്വ രൂപീകരണത്തിന് സ്നേഹം കൊടുത്ത് കൂടെ നിന്നവരാണ് ആ അമ്മയും അച്ഛനുമെങ്കിൽ ആഗ്രഹം പോലെയൊക്കെ മക്കൾ കൂടെ കാണും. ഉത്തരവാദിത്തത്തിനും കടമയ്ക്കും അപ്പുറം സ്നേഹമാണ് ബന്ധത്തിന്റെ ആധാരമെന്ന് മനുഷ്യർക്ക് ഇപ്പോഴും അറിയില്ലെന്നും അവൻ ചേർത്തിരുന്നു.
ശ്രദ്ധിച്ചപ്പോൾ അവൻ പറയുന്നതിലും കാര്യമുണ്ടല്ലോയെന്ന് എനിക്ക് തോന്നി. പെറ്റതിന്റെയും പോറ്റിയതിന്റെയും കണക്കുകൾ കേൾക്കേണ്ടി വരുന്ന കുഞ്ഞുങ്ങൾ പരാജയപ്പെട്ട മാതാപിതാക്കളുടെ തെളിവാണ് എന്നതിനോട് എനിക്കും യോജിക്കാൻ തോന്നുന്നു.
പ്രായമാകുമ്പോൾ നോക്കണമെന്ന പറച്ചിലുകളൊന്നും ഞങ്ങളുടെ ഇടയിൽ ഇല്ലെന്ന് കൂടി കൊച്ചുമോൻ ചേർത്തപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി. പ്രായമായാൽ ആരുടെയും സഹായമില്ലാതെ ജീവിക്കാനുള്ള മാർഗ്ഗമൊക്കെ അച്ഛനും അമ്മയും കണ്ടുപിടിച്ചിട്ടുണ്ടെന്നും അവൻ വ്യക്തമാക്കി. പിന്നീട് പറഞ്ഞതാണ് ഹൃദയത്തിന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരുന്നത്…
‘എന്നാലും, അച്ഛന്റെ ആഗ്രഹം പോലെയൊക്കെ ഞാനുണ്ടാകും… അച്ഛന്റെ കൂടെ ജീവിക്കാൻ തന്നെയാണ് എനിക്കിഷ്ടം…’
കേട്ടപ്പോൾ എനിക്ക് എന്റെ മകനോട് അസൂയ തോന്നിപ്പോയി. കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടെന്ന് കണ്ടപ്പോഴാണ് കൊച്ചുമോൻ സംസാരം നിർത്തിയത്. വയസ്സാം കാലത്ത് ഞങ്ങളെ നോക്കാനാണ് മക്കളെന്ന ധാരണ എത്ര തെറ്റായിരുന്നുവെന്ന് ഞാൻ ഇപ്പോൾ അറിയുന്നു. മാതാപിതാക്കളെ നോക്കാനുള്ള ഉത്തരവാദിത്തമോ കടമയോ മക്കൾക്കില്ല. സ്വയം കൊത്തിപ്പെറുക്കി തിന്നുന്ന കാലം വരെ പൊത്തി പൊത്തി വളർത്തുകയെന്നതിന് അപ്പുറം മക്കളോട് മാതാപിതാക്കൾക്കുമില്ല.
എന്തുചെയ്യാം… അത്യന്താപേക്ഷിതമായി എല്ലാവരും അവരവരുടെ ജീവിതമാണ് ജീവിക്കേണ്ടതെന്ന വെളിപാട് തലയിൽ എത്തിയത് ആയുസ്സിന്റെ അന്ത്യത്തിലായിപ്പോയി. മക്കളെ നിരന്തരം വളർത്തുന്നതിന് ഇടയിൽ എനിക്കെന്ന് ജീവിക്കാൻ മറന്നതിൽ ഞാനന്ന് ഏറെ ലജ്ജിച്ചു. അതിലേറെ തല താഴ്ന്ന് പോയത്, മക്കളെ വളർത്തേണ്ടത് എങ്ങനെയാണെന്ന് മനസിലാക്കാൻ കൊച്ചുമോൻ വേണ്ടി വന്നുവെന്നതിലാണ്. എന്റെ മകൻ തന്നെയായിരുന്നു ശരി. അവന്റെ സ്നേഹം അനുഭവിക്കാൻ എനിക്ക് യോഗമില്ലാതായിപ്പോയി.
കടമയെന്നും ഉത്തരവാദിത്തമെന്നും കരുതി ബന്ധങ്ങളെ സ്നേഹിക്കാൻ മറന്ന് പോകുന്നുവർക്കുള്ള താക്കീതാണിത്. വളർത്തിയിട്ടും, തിരിച്ച് നോക്കുന്നില്ലെന്ന് പറയാനുള്ള കൊടുക്കൽ വാങ്ങലായി കാണാനുള്ളതല്ല മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം. പെറ്റ് പോറ്റിയവരുടെ ഇടപെടൽ ആയുസ്സിന്റെ ഏതെങ്കിലുമൊരു തലത്തിൽ കൊണ്ടിട്ടുണ്ടെങ്കിൽ അവരെ വേണമെന്ന് മക്കൾ ആഗ്രഹിക്കും. അതിലെ ശരി തെറ്റുകൾക്കും അപ്പുറം അനുഭവമെന്ന ജീവനുണ്ട്. അങ്ങനെ ബഹുജീവനുകൾക്ക് പരസ്പരം കൂടെ വേണമെന്ന തുന്നിച്ചേർക്കലുകൾക്ക് സ്നേഹമാണ് സൂചി. സ്നേഹം മാത്രമാണ് ആ നിർവൃതിയുടെ നീളമുള്ള നൂലും….