കൊച്ചേ പ്രസവരക്ഷ എന്നുപറഞ്ഞു കണ്ണികണ്ടതൊന്നും വലിച്ചു വാരി തിന്നേക്കല്ലേ…ഇപ്പൊ തന്നെ തടി വല്ലാതെ ഓവറാ…

ഞാൻ മലയാളി – രചന: Aswathy Joy Arakkal

എന്നെ ഗർഭത്തിലായിരുന്നപ്പോഴേ അമ്മച്ചി നല്ല കപ്പയും മീൻകറിയും കുഴച്ചു തട്ടി, അവിടെ വെച്ചു തന്നെ എന്നെ വീർപ്പിച്ചൊരു ഫുട്ബോൾ പോലെയാക്കി…

അവസാനം അമ്മച്ചിക്ക് തന്നെ പണി കിട്ടി, പ്രസവിക്കാൻ പറ്റാതെ ഒരു സിസ്സേറിയൻ ബേബി ആയിട്ടായിരുന്നു എന്റെ ജനനം.

എന്റെ എന്നു പറയുമ്പോൾ ഞാൻ സാറ സൂസൻ കുര്യൻ…കാഞ്ഞിരപ്പിള്ളി പ്ലാന്റർ കുര്യച്ചന്റെയും ഭാര്യ സിസിലി കുട്ടിയുടെയും ഒരേയൊരു പെൺതരി.

മൂത്ത രണ്ടു ആണ്മക്കൾക്കു ശേഷം അപ്പനും അമ്മച്ചിയും നേർച്ചയും കാഴ്ചയും നടത്തി കിട്ടിയ പൊന്നോമന പുത്രി. സ്വതസിദ്ധമായ വണ്ണത്തിനൊപ്പം അപ്പന്റെയും ആങ്ങളമാരുടെയും സ്നേഹപ്രകടനങ്ങൾ കൂടെ ആയപ്പോൾ സ്വതവേ ഉരുണ്ട ഞാൻ ഒന്നുടെ നന്നായൊന്നു ഉരുണ്ടു…

അന്നേ അമ്മച്ചി പറഞ്ഞു അച്ചായാ പെങ്കൊച്ചാണ്…ഇങ്ങനെ വണ്ണം വെച്ചാൽ നാളെ കെട്ടാൻ ചെക്കന്മാരെ തേടി നിങ്ങള് കൊറേ ഓടേണ്ടിവരും…

അപ്പച്ചനുണ്ടോ വല്ല കുലുക്കവും…നല്ല നാടൻ ബീഫും, ഉഷാറ് പന്നിയും ഇടക്കിടെ കിട്ടുന്ന കാട്ടു ഇറച്ചിയും എന്തിനു അധികം പറയുന്നു തിരിച്ചു കടിക്കാത്ത എന്തും കഴിപ്പിച്ചാണ് അപ്പച്ചൻ എന്നെ വളർത്തിയത്…ഫലം ഉരുളിമ ഒന്നു കൂടെ ഉഷാറായി…

കുഞ്ഞുപ്രായത്തിൽ ആ തടി എല്ലാവർക്കുമൊരു കൗതുകമായിരുന്നെങ്കിലും പ്രായം കൂടുംതോറും ആളുകൾ മുറുമുറുക്കാൻ തുടങ്ങി…

ആളുകൾ മുറുമുറുക്കന്നതിനു നേരെ, പോട്ടെ പുല്ലു എന്നു പറഞ്ഞു മുഖം തിരിച്ചെങ്കിലും തടി കുറച്ചു കൂടുതലല്ലേ എന്നൊരു സംശയം സ്വയംതോന്നി തുടങ്ങിയപ്പോൾ കുറക്കാനുള്ള ശ്രമം തുടങ്ങി…എവിടെ…?

കഴിച്ചു വണ്ണം കൂട്ടുന്നത് പോലെ എളുപ്പത്തില് ഇതങ്ങു കുറഞ്ഞു കിട്ടോ…? എന്നാലും ഡയറ്റിങ്, വ്യായാമം എന്നൊക്കെ പറഞ്ഞു ചെറുതായൊക്കെ ഒന്നു കുറച്ചെടുത്തെങ്കിലും വണ്ണം കൂടുതൽ തന്നെ ആയിരുന്നു.

കളിയാക്കിയവരോട് നല്ല ഉഗ്രൻ മറുപടി തിരിച്ചു പറഞ്ഞും പിന്നെ നമ്മള് നസ്രാണി പെങ്കൊച്ചുങ്ങൾക്കു കുറച്ചു തടി ഒരു അഴകാണെന്നു സ്വയം സമാധാനിച്ചും ആശ്വസിച്ചു…

പഠിത്തം കഴിഞ്ഞു ജോലി ആയപ്പോഴേക്കും ഒത്ത ഒരുത്തൻ വന്നു. അപ്പച്ചന്റെ ക്ലോസ് ഫ്രണ്ട് കുന്നെലെ വർക്കിച്ചായന്റെ മകൻ സേവിച്ചൻ…

കല്യാണം ആഘോഷമായി തന്നെ നടന്നു. അതുപിന്നെ ഒരേയൊരു പെൺന്തരിയുടെ കല്യാണം കുര്യച്ചൻ അങ്ങനെ നടത്തണ്ടായോ…കല്യാണം കഴിഞ്ഞു ഒരു കൊച്ചു സാറാമ്മ ഒക്കത്തായപ്പോഴാണ് ഈ തടി ശരിക്കുമൊരു വില്ലനായതു…

പ്രസവത്തിനു തലേന്ന് എന്നെ വെയിങ് മെഷീനിലേക്കു കയറ്റി നിർത്തിയ ഡോക്ടറുടെ കണ്ണു തള്ളി വന്നു എന്റെ വയറിലേക്ക് ഇടിക്കുമോ എന്നു വരെ ഞാൻ പേടിച്ചു പോയിരുന്നു…99.1kg…

അപ്പൊ ഡോക്ടർ ഒന്നും പറഞ്ഞില്ലെങ്കിലും ഡിസ്ചാർജ് ആയി പോരാൻ നേരമാണ് ഉപദേശങ്ങളുടെ കെട്ടഴിച്ചതു…

കൊച്ചേ പ്രസവരക്ഷ എന്നുപറഞ്ഞു കണ്ണികണ്ടതൊന്നും വലിച്ചു വാരി തിന്നേക്കല്ലേ…ഇപ്പൊ തന്നെ തടി വല്ലാതെ ഓവറാ…ഇതു കുറച്ചില്ലെങ്കി കൊച്ചിന് തന്നെയാ ബുദ്ധിമുട്ട്…ഇപ്പോഴേ ബിപി കൂടുതലാ…ഇങ്ങനെ പോയാൽ നടുവേദനയും മുട്ടുവേദനയും ഒന്നും തല്ലി കളഞ്ഞ പോകേലാ…ഇതു പോരല്ലോ ഒരു കുഞ്ഞു കൂടെ വേണ്ടേ…? അതിനു ഈ തടി ബുദ്ധിമുട്ടുണ്ടാക്കും.

ഞാൻ ദയനീയമായി സേവിച്ചനെ ഒന്നു നോക്കി…എവിടെ…?

ഡോക്ടർ പറഞ്ഞത് അവിടെ തന്നെ മറന്നു. വീട്ടിലെത്തി പ്രസവ രക്ഷയും എല്ലാം കൂടെ ആയപ്പോ നല്ലൊരു റൗണ്ട് രൂപമായി കിട്ടി. ഒപ്പം നടക്കുമ്പോൾ കിതപ്പ്, മുട്ടുവേദന ഒന്നും പറയണ്ട…

അതൊക്കെ ഞാൻ സഹിച്ചു. 26 വയസ്സുള്ള എന്നെ കണ്ടാലിപ്പോ 35 വയസു തോന്നിക്കുമെന്നും എന്നേക്കാൾ പ്രായം കൂടിയവർ വരെ ചേച്ചി എന്നു വിളിക്കുന്നതും, അവിടെയും ഇവിടെയും തൂങ്ങി എന്നാ വൃത്തികേടാ കൊച്ചേ, സേവിച്ചനെ കണ്ടാൽ ഇപ്പൊ നിന്റെ അനിയനാണ് എന്നു പറയുവല്ലോ എന്ന ഡയലോഗുകൾ എല്ലാം എന്റെ ഹൃദയത്തിൽ തറച്ചു…അതൊന്നും സഹിക്കാനുള്ള ശക്തിയെന്റെ ലോല ഹൃദയത്തിനുണ്ടായിരുന്നില്ല.

മാത്രവല്ല അതു കേക്കുമ്പോളുള്ള സേവിച്ചന്റെ അഹങ്കാരമോ…? ഞാൻ പറയാതെ തന്നെ നിങ്ങള്ക്ക് ഊഹിക്കാമല്ലോ…

അങ്ങനെ ഒരുവിധത്തിൽ തിരക്കിൽ നിന്നു എനിക്കായി സമയം കണ്ടുവെച്ചു കഷ്ടപ്പെട്ട് വ്യായാമവും നടത്തവും ഓട്ടവും ഡയറ്റിങ്ങും എന്നുവേണ്ട…മണിച്ചിത്രത്താഴിൽ ലാലേട്ടൻ പറഞ്ഞതുപോലെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ ഞാൻ സഞ്ചരിച്ചു ഒരു ഭ്രാന്തിയെ പോലെ…

അവസാനം ഒരു വർഷത്തിനുള്ളിൽ 24 kg കഷ്ടപ്പെട്ട് കുറച്ചു സ്ലിം ബ്യൂട്ടി, സോറി സ്ലിം ആയി…

ഇനിയാണ് രസം…ഇത്രനാളും കൊച്ചേ വണ്ണം കൂടുതലാട്ടോ, കുറക്കണം, അല്ലേ വല്ല അസുഖോം വരും…ബിപി നോക്ക്, കൊളസ്റ്ററോൾ നോക്ക്, 35 തോന്നും, 40 തോന്നും…എന്നൊക്കെ പറഞ്ഞവർ പ്ലേറ്റ് നേരെ തിരിച്ചു.

ശോ…എങ്ങനെ ഇരുന്ന പെങ്കൊച്ചാ…? ഇപ്പൊ അതിന്റെ കോലം നോക്ക്, കാറ്റുപോയ ബലൂൺ പോലെ…തൊട്ടിക്കോലു തന്നെ…

പിന്നെ നമ്മളു പെണ്ണുങ്ങളെ വർണ്ണിക്കാറുള്ള കുറെ ഡയലോഗ്സ് ഇല്ലേ…അതുകൂടെ ചേർത്തു ചില വിശദീകരണങ്ങൾ…അതിവിടെ എഴുതാൻ പറ്റൂകേല കേട്ടോ…

മോളെ ഷുഗർ നോക്കൂട്ടോ…ചിലപ്പോ ഷുഗറു കാരണം ആകും ഇങ്ങനെ ആയതു…ചിലരത് കാൻസർ പോലുള്ള മാരകരോഗങ്ങളാക്കി കഥ മെനഞ്ഞു…

അവസാനം ഒന്നുമറിയാത്ത എന്റെ സേവിച്ചനും അമ്മച്ചിയും വരെ പഴി കേക്കേണ്ടി വന്നു. എങ്ങനെ ജീവിച്ച കൊച്ചാ…ഇപ്പൊ അതിന്റെ കോലം നോക്ക്…കെട്ടിച്ചിടത്തെ കഷ്ടപ്പാടാണ് അതിനു…കണ്ടാലറിഞ്ഞുടെ…ഓരോ വിധിയെ…

എന്നാലും ആർക്കും ഞാൻ ബുദ്ധിമുട്ടി ഇങ്ങനെ ആയതു അംഗീകരിക്കാൻ പറ്റില്ല…ഹും…കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വണ്ണം ഞാൻ കുറച്ചതു ഇതിനനാണോ കർത്താവെ…ഞാൻ ആത്മഗതിച്ചു.

പിന്നെ പറയുന്നോരങ്ങു പറയട്ടെ…ആരെന്തു പറഞ്ഞാലും വണ്ണം കുറച്ചപ്പോ ഒരു ഭാരം ഒഴിഞ്ഞുപോലെ…പിന്നെ എന്തിലും കുറ്റം കണ്ടെത്തുക എന്നുള്ളത് നമ്മള് മലയാളികളുടെ ഒരു പൊതു സ്വഭാവം ആണല്ലോ…? അങ്ങനെ അല്ലാത്തവരും ഉണ്ടെങ്കിലും…

ഒരാഴ്ച മോളെയും കൊണ്ട് വീട്ടിൽ പാർക്കാൻ വന്ന ഞാൻ എണിറ്റു വന്നതു അമ്മച്ചിയും രണ്ടു വീടപ്പുറത്തുള്ള മോളമ്മ ചേടത്തി എന്ന ഏഷണി ചേട്ടത്തിയും തമ്മിലുള്ള സംസാരം കേട്ടാണ്…

എന്നാ സിസിലികുട്ടി…സാറാമ്മയും സേവിച്ചനും തമ്മിലെന്നാ പ്രശ്നം…? സാറാമ്മ ഇപ്പൊ ഇവിടെ തന്നാണല്ലോ…

അവളിവിടെ പാർക്കാൻ വന്നതാ ചേടത്തി…അല്ലാത്തവക്കൊരു ഏനക്കേടും ഇല്ല…അമ്മച്ചി പറഞ്ഞു.

നീ ഒളിക്കണ്ട പെണ്ണെ…ആ കൊച്ചിനെ കണ്ടാലറിയാം അതിന്റെ കെട്ട്യോന്റേം തള്ളയുടെയും തനിക്കൊണം.

അതിനു മറുപടി പറഞ്ഞത് എനിക്കൊപ്പം എണിറ്റു വന്ന സേവിച്ചനാ…അതേ ചേടത്തി, ഇവളെ ഞങ്ങളവിടെ പട്ടിണിക്കിടുവാ…ഒന്നും കൊടുക്കാറില്ല. ഇടക്ക് തോന്നുമ്പോ തല്ലും..ചവിട്ടും..അങ്ങനെ ചില്ലറ ഉപദ്രവങ്ങൾ…

പിന്നെ ഇച്ചായാ ഇടയ്ക്കു മുറിയിൽ പൂട്ടിയിടാറില്ലേ…

അതു പറയാൻ ഞാനങ്ങു മറന്നു പോയി സാറ കൊച്ചെ…മോളമ്മ ചേടത്തി പതുക്കെ വലിയാൻ തുടങ്ങി.

അങ്ങനങ്ങു പോയാലോ…ബാക്കി കൂടെ കേട്ടേച്ചും പോ ചേടത്തി…സേവിച്ചൻ ഉഷാറായി.

കൊറച്ചു തിരക്കുണ്ട് മോനെ, പിന്നെ വരാന്നു പറഞ്ഞു ചേടത്തി വലിഞ്ഞപ്പോൾ അവിടെ കൂട്ടച്ചിരി ഉയർന്നു.

അല്ലപിന്നെ, മനീഷാ കൊയ്രാളയെ പോലെ ഇരിക്കണ എന്റെ കൊച്ചിനെ കണ്ടട്ടു തള്ളക്കു സഹിക്കുന്നില്ല. അതു അപ്പച്ചന്റെ വക ആയിരുന്നു.

അപ്പച്ചാ…നിർത്തിക്കോ ഇനി ഞാൻ താങ്ങുകേലാ എന്നു പറഞ്ഞു താഴേക്കു ചെല്ലുമ്പോഴേക്കും അമ്മച്ചി നല്ല വെളുത്ത പാലപ്പവും ആവിപറക്കുന്ന താറാവ് കറിയും മേശയിൽ നിർത്തിയിരുന്നു…

സാറാമ്മോ ഡയറ്റിംഗ്…എന്നു പറഞ്ഞു സേവിച്ചൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോഴേക്കും നല്ല കിടിലനൊരു താറാവ് പീസ് എന്റെ വയറ്റിലെത്തിയിരുന്നു…

അതേ..നമ്മളിൽ ചിലരെങ്കിലും അങ്ങനെയാണ് ഒരു കാര്യമില്ലെങ്കിലും വെറുതെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കി എല്ലാത്തിനും കുറ്റം കണ്ടു പിടിക്കാൻ വെമ്പൽ കൊണ്ട് നിൽക്കുന്നവർ. പറഞ്ഞിട്ട് കാര്യവില്ല.

ഒരു ബനാന ടോക്ക് പോലെ ജാത്യാലുള്ളത് തൂത്താൽ പൊകുലല്ലോ…