രചന: ഗായത്രി ശ്രീകുമാർ
നിരന്തരം മുടിയുടെ നീളം വെട്ടി കുറയ്ക്കുമ്പോഴും പാൻ്റ്സും ഷൂവുമിട്ട് നടക്കുമ്പോഴും ആരും അതത്ര കാര്യമാക്കിയില്ല.
മെറിൻ ഒരു പട്ടാളക്കാരൻ്റെ മകളല്ലേ…ധൈര്യപൂർവ്വം വളരട്ടെ…എന്നാൽ പപ്പയുടെ ഷേവിംങ് സെറ്റിനോടു പ്രിയം തോന്നിത്തുടങ്ങിയതോടെ പിടിക്കപ്പെട്ടു…
“നീയെന്താ ആണുങ്ങൾ ചെയ്യുന്ന പോലെ…?” മമ്മ വിക്കി വിക്കി ചോദിച്ചു. അന്നും പറയാൻ ഉള്ള ചങ്കൂറ്റം ഉണ്ടായില്ല.
എന്നാൽ പെണ്ണുടലിൽ വിരിഞ്ഞ ആൺകുട്ടിയെ മെറിന് പൂർണ്ണമായും മനസ്സിലാക്കി കൊടുത്തത് ആ സുന്ദരിയായിരുന്നു. പ്രിയ…
ഉള്ളിലടക്കി വച്ച പൗരുഷം മുഴുവൻ പ്രിയയുടെ മുന്നിൽ അഴിഞ്ഞു വീണു…കോളേജിൽ വച്ച് പ്രിയയെ കാണുമ്പോൾ പിറക്കുന്ന അഭിനിവേശം അവളറിഞ്ഞു.
സ്വവർഗ്ഗനുരാഗം ആണോ…? അവൾ സ്വയം ചോദിച്ചു. അല്ല…താൻ ഉള്ളുകൊണ്ട് ഒരു പുരുഷനാണ്. ആദ്യമായി തൻ്റെ അസ്ഥിത്വം പ്രിയയുടെ മുന്നിൽത്തന്നെ അവൾ വെളിപ്പെടുത്തി…
“നിനക്കെന്നെ ഇഷ്ടമാണോ പ്രിയ…?” എവിടൊന്നോ കിട്ടിയ ആത്മവിശ്വാസത്തിൽ അവൾ ചോദിച്ചു.
“ഇതു ശരിയാവില്ല മെറിൻ. സമൂഹം അംഗീകരിക്കില്ല.” ഏറെ നേരത്തെ ആലോചനയ്ക്കു ശേഷം അവൾ പറഞ്ഞു. പക്ഷേ മെറിനോടുള്ള താത്പര്യം പ്രിയയുടെ കണ്ണുകൾ പുറത്തുവിട്ടു കൊണ്ടിരുന്നു.
കോളേജിലെ ആരും കാണാത്ത ഇടങ്ങളിൽ വച്ച് അവർ തമ്മിൽ ചുംബിച്ചു. മെറിൻ്റെ നെഞ്ചിൽ തല വച്ച് അവൾ മധുര വാക്കുകൾ പറഞ്ഞു…ഈ ബന്ധം ആരും അറിയരുതെന്ന നിബന്ധന മാത്രമേ പ്രിയയ്ക്ക് ഉണ്ടായിരുന്നുള്ളു.
പക്ഷേ ഒരിക്കൽ അവളെ താലികെട്ടി സ്വന്തമാക്കണമെന്ന് മെറിനു ആഗ്രഹമുണ്ടായിരുന്നു. “ഞാൻ ശസ്ത്രക്രിയയിലൂടെ പുരുഷനാവാം. എന്നിട്ട് നമുക്ക് വിവാഹം ചെയ്യാം…” ഒരിക്കൽ ഒരു വാകമരച്ചോട്ടിൽ ഇരിക്കുമ്പോൾ അവൾ പറഞ്ഞു
“എനിക്കും നിന്നെ പിരിയാൻ വയ്യാ…” പ്രിയ അവളുടെ വിരലുകൾ ചേർത്തു പിടിച്ചു.
ശസ്ത്രക്രിയ ചെയ്യാനുള്ള അവളുടെ തിരുമാനം ആർക്കും ഉൾക്കൊള്ളാനായില്ല. “എനിക്കിനി ഇങ്ങനെയൊരു സന്തതിയില്ല. ഇറങ്ങിപ്പോ നാശം…” പപ്പ അരിശം കൊണ്ട് അലറി. ആ വീടിൻ്റെ പടിയിറങ്ങുമ്പോൾ മെറിൻ്റെ മനസ്സിൽ മുഴുവൻ പ്രിയയായിരുന്നു.
“നാളെയാണ് പെണ്ണേ ശസ്ത്രക്രിയ…” ചെന്നൈയിലെ ചൂടുകാറ്റു വീശുന്നൊരു പാതിരാത്രി അവൾ പ്രിയയെ വിളിച്ചു.
“ഐ ലവ് യു ഡാ…നീ സുഖമായി ഉറങ്ങ്…” ഇതും പറഞ്ഞ് പ്രിയ ഫോൺ കട്ട് ചെയ്തു. ആ വാക്കുകളുടെ കുളിരിൽ മെറിൻ സുഖമായി കിടന്നു.
“പഴയ മെറിനിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ല…എല്ലാം ആലോച്ചിച്ചു തന്നെയല്ലേ…?” ഡോക്ടറുടെ അവസാന ചോദ്യത്തിനും പക്വതയോടെ തലയാട്ടിക്കൊണ്ട് അവൾ ശസ്ത്രക്രിയയ്ക്ക് വിധേയയായി.
എല്ലാം കഴിഞ്ഞ് ആദ്യം വിളിച്ചത് പ്രിയയെ ആയിരുന്നു. നമ്പർ ബ്ലോക്ക് ആക്കിയിരിക്കുന്നു. അവസാനമായി ഒരു മെസ്സേജ് വന്നിരിക്കുന്നു.
“ഡാ സോറി…ഇന്നലെ അച്ഛൻ എല്ലാം കേട്ടു. എനിക്കെല്ലാം തുറന്ന് പറയേണ്ടി വന്നു. അച്ഛൻ ജീവനൊടുക്കും എന്നു പറയുന്നു. എനിക്ക് പേടിയാവുന്നു. ഞാൻ എല്ലാം നിർത്തി. ഇനി എന്നെ കോൺടാക്ട് ചെയ്യണ്ട. പ്ലീസ്…”
ആകെ തകർന്നു പോയ നിമിഷങ്ങൾ…ഒറ്റയടിക്ക് ഹൃദയം നിലച്ച പോലെ…പ്രിയയ്ക്ക് വേണ്ടിയായിരിന്നു എല്ലാം, എന്താണവൾക്ക് തന്നോട് തോന്നിയത്…? വെറും കൗതുകമാണോ…?
സമൂഹം തന്നെ ഒരു കോമാളിയാക്കുന്നത് മെറിൻ ആലോചിച്ചു. പപ്പയും മമ്മയും പ്രിയയും പിന്നെ ആരെല്ലാമോ വട്ടം കൂടി നിന്ന് കൂകി വിളിക്കുന്ന പോലെ…ഈ ആശുപത്രിയിൽ നിന്ന് പുറത്തു പോകാൻ വയ്യ. എല്ലാം ഇവിടെത്തന്നെ അവസാനിക്കട്ടെ…
മൂർച്ചയേറിയ ബ്ലെയിഡു കൊണ്ട് കൈത്തണ്ടയിൽ വരയുമ്പോൾ മെറിന് വേദന തോന്നിയില്ല…കണ്ണുകൾ കൂമ്പിയടയുമ്പോഴും ഉതിർന്നു വീഴുന്ന രക്ത കണങ്ങളിലൂടെ മെറിൻ തൻ്റെ മരണം കണ്ടു.
“ഉണരൂ മെറിൻ…” തൻ്റെ തലയ്ക്കിരുവശവും മൃദുലമായ കൈകളുടെ സ്പർശം…മെറിൻ പതിയെ മിഴികൾ തുറന്നു.
“ഞാൻ ഡോക്ടർ വിമല. സൈക്കോളജിസ്റ്റ് ആണ്…” മെറിൻ അത്ഭുതത്തോടെ തൻ്റെ കൈത്തണ്ടയിലേക്ക് നോക്കി. മുറിവ് വച്ചുകെട്ടിയിരിക്കുന്നു.
“താൻ മരിച്ചില്ല. ആ വെപ്രാളത്തിൽ വാതിലിനു കൊളുത്തിടാൻ മറന്നിരുന്നു. മുറി വൃത്തിയാക്കാൻ വന്ന സ്ത്രീയുടെ രൂപത്തിൽ ദൈവം തന്നെ രക്ഷിച്ചു…” ഡോക്ടർ ആശ്വാസത്തോടെ പറഞ്ഞു.
ആ മുഖത്ത് നിഴലിച്ച നിരാശ ഡോക്ടർ വായിച്ചെടുത്തു. “എന്താ ഇനിയും മരിക്കാൻ തോന്നുന്നോ…?” അവർ ശാന്തമായി ചോദിച്ചു. വിങ്ങിപ്പൊട്ടിയ പോലെ ഒരു കരച്ചിലായിരുന്നു മറുപടി.
“കുട്ടി…ഓരോ ജീവിതത്തിനും ഒരു ലക്ഷ്യമുണ്ട്. ഒന്നും അവസാനിച്ചിട്ടില്ല…ഇതൊരു പുതിയ തുടക്കമാണ്…” മെറിൻ പ്രതീക്ഷയോടെ കേട്ടിരുന്നു.
“ഇന്നത്തെ ലോകത്ത് നീ ഒറ്റയ്ക്കാവില്ല. നിനക്കിനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഒരമ്മയേപ്പോലെ എന്നെ കരുതിക്കോളൂ…” അവരുടെ വാക്കുകൾ മെറിൻ്റെ മനസ്സിന് ശക്തി നൽകി.
ആ മുറിയിൽ നിന്ന് പുറത്തു വന്നപ്പോൾ കരയുകയായിരുന്നു ഡോക്ടർ വിമല. ഒരു ഡോക്ടറായിരുന്നിട്ടു കൂടി തനിക്ക് മനസ്സിലാക്കാൻ പറ്റാതെ പോയ സ്വന്തം മകളുടെ മുഖം അവരുടെ ഉള്ളിൽ തെളിഞ്ഞു…
സ്വന്തം ശരീരത്തിൽ വീർപ്പുമുട്ടിയ ആൺകുട്ടിയെ ആർക്കുമുന്നിലും വെളിപ്പെടുത്താനാവാതെ ആത്മഹത്യ ചെയ്ത തൻ്റെ മകൾ…ആ അമ്മ മനം പിടഞ്ഞു…
ഇനിയൊരാൾക്കും ആ വിധി വരരുതെന്ന പ്രാർത്ഥനയോടെ അവർ മുന്നോട്ട് നടന്നു…