മഞ്ഞു പൊഴിയുന്ന താഴ്വര…അതിനോട് ചേർന്നു സാമാന്യം നല്ല വലിപ്പത്തിൽ ഒരു വീട്. പഴയ ബംഗ്ളാവിന് സമമാണ് കാഴ്ചകൾ. പുറകിൽ ഹിമവാന്റെ ശൃംഗം തെളിഞ്ഞു കാണാം. സൂര്യ രശ്മികൾ മഞ്ഞു കണങ്ങളിൽ തട്ടി തെറിക്കുന്നു. നിറയെ പൂക്കളാണ് മുറ്റത്തു…
അവിടെ മുറ്റത്തൊരു കോണിൽ ഇട്ടിരിക്കുന്ന കസേരയിൽ ഇരിക്കുകയാണ് അവൻ. പത്രത്തിലാണ് കണ്ണുകൾ…പെട്ടെന്നാരോ കണ്ണുകൾ കയ്യാൽ പൊത്തിപ്പിടിച്ചു. അവൻ വേഗം ആ കയ്യിൽ പിടിച്ചു പതിയെ മുന്നോട്ടു വലിച്ചു…
ആ കയ്യുടെ ഉടമയുടെ ഈറൻ മുടിയിഴകൾ അവന്റെ മുഖത്തെ തഴുകി തലോടി.. കരിവളയിട്ട കൈകൾ.. തിരകളെ അനുസ്മരിപ്പിക്കുന്ന മുടിയിഴകൾ…നെറ്റിയിൽ ചന്ദനക്കുറിക്കു താഴെ കടുക് മണിയോളം വലിപ്പത്തിൽ ഒരു കറുത്ത പൊട്ടും…
ഉണ്ടക്കണ്ണുകളിൽ കരിമഷി കറുപ്പ്…ചുണ്ടുകളിൽ നിറഞ്ഞ പുഞ്ചിരി…മൂക്കിൻ തുമ്പിൽ സൂര്യ രശ്മികളെ അനുസ്മരിപ്പിക്കുന്ന തിളക്കത്തിൽ വൈരക്കൽ മൂക്കുത്തി…കാതിൽ വലിയൊരു ജിമിക്കി…അതിനു മുകളിൽ കുഞ്ഞു വൈരക്കൽ മേക്കാത്…സെറ്റും മുണ്ടും ഉടുത്തു അണിഞ്ഞൊരുങ്ങിയ രൂപം…
മനുവേട്ടാ…
അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.
ആരാ…അവൻ അത്ഭുതത്തോടെ ചോദിച്ചു.
നിങ്ങളുടെ കെട്ടിയോൾ…ഒന്നു കണ്ണു തുറക്കു മനുഷ്യാ…പെട്ടെന്ന് ആരോ ദേഹം ഉലച്ചതും അവൻ കണ്ണു വലിച്ചു തുറന്നു.
പോത്തുപോലെ കിടന്നുറങ്ങുവാ…ഒന്നെണീറ്റേ..
ആരാ…അവൻ വീണ്ടും ചോദിച്ചു.
മ്..അപ്പൊ അങ്ങനാണല്ലേ..കാണിച്ചു തരാം. അവൾ ദാവണിയുടെ തുമ്പു എളിയിൽ കുത്തി ജഗ് തുറന്നു മനുവിന്റെ മുഖത്തേയ്ക്ക് കമഴ്ത്തി. സ്വബോധം വീണ്ടെടുത്തപോലെ അവൻ ചാടി എണീറ്റു.
മുന്നിൽ നിന്നും കുലുങ്ങി ചിരിക്കുന്ന കീർത്തുവിനെ കണ്ടതും അവനു ദേഷ്യം വന്നു. എന്തുവാടി ഈ കാണിച്ചേ…?
പിന്നല്ലാതെ…എത്ര നേരമായി മനുഷ്യൻ വിളിക്കുന്നു. കുറെ നേരം വിളിച്ചതും കേൾക്കാതെ കിടന്നിട്ടു അവസാനം ചോദിക്കുവാ ആരാന്നു…ഞാൻ പിന്നെന്താ കെട്ടിപ്പിടിച്ചു ഉമ്മ തരണോ…? കീർത്തന അൽപ്പം ചൂടായി ആണത് ചോദിച്ചത്.
അവന്റെ മുഖത്തു അൽപ്പം ചമ്മൽ നിറഞ്ഞു. ശെ സ്വപ്നമായിരുന്നോ…?ആത്മഗതം പറഞ്ഞു കഴിഞ്ഞാണ് പറഞ്ഞതു അൽപ്പം ഉറക്കെയായിരുന്നുവെന്നും അടുത്തു നിൽക്കുന്നത് കീർത്തുവാണെന്നും ബോധം വീണത്.
അവളാണേൽ പന്തം കണ്ട പെരുച്ചാഴിയെ പോലെ എളിക്കു കയ്യും കൊടുത്തു നിൽക്കുകയാണ്.
അല്ല മനുവേട്ടാ..അറിയാൻ മേലാഞ്ഞിട്ടു ചോദിക്കുവാ..ഇന്നലെ രാത്രി വീട്ടിന്നു ഇങ്ങോട്ടു പോരും വരെ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ..വരുന്ന വഴി വല്ല യക്ഷിയെയും കണ്ടു പേടിച്ചോ..പെട്ടെന്നിങ്ങനെ ഉണ്ടാകാൻ…അവൾ ചോദിച്ചു.
ഓഹോ..എനിക്ക് നട്ട പ്രാന്തൊന്നൂല്യ…
പിന്നെ എന്തോന്നാ ഇതു…അവൾ ചോദിച്ചു.
ഞാനൊരു സ്വപ്നം കണ്ടതാ…അവൻ മുഖം തുടച്ചുകൊണ്ടു പറഞ്ഞു. അല്ലാ നീയെന്താ കൊച്ചുവെളുപ്പാൻ കാലത്തു ഇവിടെ…? മനു അത്ഭുതത്തോടെ കീർത്തനയോട് ചോദിച്ചു.
ശോ ഇതു അതു തന്നെ…ന്റെ മനുവേട്ടാ കാലത്തു ക്ഷേത്രത്തിൽ പോകണ കാര്യം ഞാൻ ഇന്നലെ പറഞ്ഞിരുന്നതല്ലേ…അതും മറന്നോ…? അവൾ തലയിൽ കൈവെച്ചു പറഞ്ഞു.
ഓഹ്..മറന്നു..ഞാൻ ദേ വന്നു..അല്ല എന്തിയേ ബർത്ത്ഡേ ബോയ്…? അവൻ അവളോടായി ചോദിച്ചു.
വീട്ടിൽ ഉണ്ട്. കാലത്തെ മനസാക്ഷി സൂക്ഷിപ്പുകാരനെ കാണാത്തോണ്ടു സങ്കടത്തിലാ…അവൾ പുഞ്ചിരിയോടെ പറഞ്ഞു.
കീർത്തുവേ അവൻ എണീറ്റില്ലേ…? താഴെ നിന്നും ശാരദ വിളിച്ചു ചോദിച്ചു.
എണീറ്റു അപ്പച്ചി…അവൾ പുഞ്ചിരിയോടെ വിളിച്ചു പറഞ്ഞു. വേഗം വാ..താഴെ കാണും. അതും പറഞ്ഞു അവൾ താഴേയ്ക്ക് പോയി.
മനു അലമാരയിൽ നിന്നും ടൗവലുമെടുത്തു ബാത്‌റൂമിൽ കയറി. പല്ലുതേച്ചപ്പോഴും ഷവറിൽ നിന്നും വെള്ളം ശിരസിലേയ്ക്കു വീണപ്പോഴും അൽപ്പം മുൻപ് കണ്ട മൂക്കിൻ തുമ്പിലെ വൈരക്കൽ മൂക്കുത്തി അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർത്തി.
— — —
കുളി കഴിഞ്ഞു മനു ഇറങ്ങി വന്നപ്പോഴേയ്ക്കും
ഡൈനിങ്ങ് ടേബിളിൽ വിഭവങ്ങൾ നിറഞ്ഞിരുന്നു. ഇഡലിയും സാമ്പാറും ദോശയും ചമ്മന്തിയും മുളക് ചമ്മന്തിയും ഉഴുന്ന് വടയും കാപ്പിയും…
നീയ് കഴിക്കുന്നില്ലേ മനു…ശാരദ ചോദിച്ചു. രൂദ്രേട്ടാ..വരൂ..കാപ്പി എടുത്തു വെച്ചൂട്ടോ..ആറിപ്പോകും…അകത്തേയ്ക്കു നോക്കി ശാരദ വിളിച്ചു പറഞ്ഞതും രുദ്രപ്രതാപ് അകത്തു നിന്നും ഇറങ്ങി വന്നു.
പേരുപോലെ പ്രൗഢി നിറഞ്ഞ ഒരു 60 വയസ്സുകാരൻ. ഗൗരവം നിറഞ്ഞ മുഖത്തും ശരദയെ കണ്ടതും പുഞ്ചിരി നിറഞ്ഞു. തൊട്ടു പുറകെ പത്രവും നിവർത്തി കീർത്തന നടന്നു വന്നു.
ന്റെ കുട്ടിയെ..നടക്കുമ്പോ നേരെ നോക്കി നടക്കു നീയ്…രുദ്രൻ സ്നേഹത്തോടെ അവളെ ശാസിച്ചതും പുഞ്ചിരിയോടെ പത്രം അവൾ സോഫയിലേയ്ക്കു ഇട്ടു കൊഞ്ചലോടെ അയാളെ നോക്കി. അയാൾ അതേ പുഞ്ചിരിയോടെ അവളുടെ തോളിലൂടെ കയ്യിട്ടു മേശയ്ക്കരുകിലേയ്ക്ക് നടന്നു വന്നു.
കൈകഴുകി മൂവരും ഇരുന്നു. ശാരദ മൂവർക്കും വിളമ്പി കൊടുത്തു ഒരു പ്ലേറ്റും എടുത്തു അവരോടൊപ്പം ഇരുന്നു.
ഹോ…അനിയന്റെ പിറന്നാൾ പ്രമാണിച്ചു വിഭവ സമൃദ്ധം ആണല്ലോ ബ്രേക്ഫാസ്റ്റ്…കീർത്തന പറഞ്ഞു.
കുശുമ്പ് കുത്തിട്ടു കാര്യമില്ലെടി പെണ്ണേ…കണ്ടു പഠിക്കു ആങ്ങളയോടുള്ള സ്നേഹം. ഇവിടെ മനുഷ്യനെ നേരം വെളുത്തു പച്ചവെള്ളം തലേലൂടെ കമഴ്ത്തിയാ ഉണർത്തണേ…മനു സൂക്ഷ്മമായി ഉഴുന്ന് വടയിലെ ഉള്ളി അടർത്തി മാറ്റുന്ന കീർത്തനയെ കളിയാക്കി പറഞ്ഞു.
അവൾ മുഖം വെച്ചു കോക്രി കാട്ടി. എന്തുവാടി ഇതു…മര്യാദയ്ക്ക് കഴിക്കു…മനു ശാസിച്ചു. പിന്നേ..എനിക്കീ ഉള്ളിന്നു പറയണ സാധനം കണ്ടൂടാ…അവൾ ചിണുങ്ങി.
നീ അവളുടെ പ്ലേറ്റിൽ നോക്കിയിരിക്കാണ്ട് വല്ലോം കഴിച്ചിട്ട് പോടാ…നിന്നെ അനന്തൻ വിളിച്ചു. കാലത്തു അവൻ ഇറങ്ങുന്നേന് മുൻപ് നിന്നെ ഒന്നു കാണണം എന്ന് പറഞ്ഞു…ശാരദ മനുവിനെ ശാസിച്ചു.
രുദ്രൻ ചിരിച്ചു. ഒപ്പം പാത്രത്തിൽ ഇരുന്ന വടയുടെ പാതി മുറിച്ചു ശാരദയ്ക്ക് വായിൽ വെച്ചു കൊടുത്തു. അതു കണ്ട കീർത്തന മനുവിന്റെ കാലിൽ തട്ടി…ശാരദ തിരിച്ചു മുറിച്ചു എടുത്തതും കീർത്തി അതു തട്ടിപ്പറിച്ചെടുത്തു പാതി മനുവിനും കൊടുത്തു, അവളും കഴിച്ചു. ശാരദ ചിരിയോടെ മറ്റൊരു കഷ്ണം എടുത്തു അയാൾക്ക് നൽകി.
അവർ കയ്യ് കഴുകി. അപ്പോഴേയ്ക്കും ശാരദ അനന്തനുള്ളത് പൊതികെട്ടി എടുത്തിരുന്നു. ഞങ്ങൾ അമ്പലത്തിൽ പോകുവാ തിരിച്ചു വരുമ്പോ എടുക്കാം അപ്പച്ചി…
ബെസ്റ്റ്…കഴിച്ചിട്ടാണോ കുട്ടികളെ ക്ഷേത്രത്തിൽ പോകുന്നേ…കൈകഴുകി വന്ന രുദ്രൻ കൈകൾ ശാരദയുടെ നേര്യത്തിന്റെ തുമ്പിൽ തുടച്ചു കൊണ്ടു ചോദിച്ചു.
ഈ വിശപ്പിനു ഭക്തി ഇല്ല ചിറ്റപ്പാ…അവൾ ചിരിച്ചു.
നല്ലതാ..ചക്കിക്കൊത്ത ചങ്കരൻ..എവിടെ അവൻ…ശാരദ പുഞ്ചിരിയോടെ ചോദിച്ചു. ബൈക്കെടുക്കാൻ പോയി. ഞങ്ങൾ ഇറങ്ങുവാണേ…കീർത്തന വിളിച്ചു പറഞ്ഞു.
നിൽക്കൂ…അവർ വേഗം അകത്തേയ്ക്കു പോയി. അകത്തു നിന്നും പേഴ്സ് എടുത്തു ഒരു രസീത് അവൾക്കു നേരെ നീട്ടി. ഇതു അനന്തന്റെ പേരിൽ ഞാൻ കഴിപ്പിച്ച കടുംപായസത്തിന്റെ രസീതാ..പിന്നെ ഇത് കൂടെ വെച്ചോളൂ…അവർ അൽപ്പം പൈസ അവൾക്കു നേരെ നീട്ടി. അച്ഛന് ഷർട്ട് എടുക്കുന്ന കാര്യം പറഞ്ഞില്ലേ, അതിനാ…
അവർ അവളുടെ നോട്ടത്തിനു മറുപടി നൽകി. നിറകണ്ണുകൾ തുടച്ചു അവരെ കെട്ടിപ്പിടിച്ചു അവൾ കവിളിൽ ഒരുമ്മ നൽകി.
എല്ലാവർക്കും അവരവരുടെ അമ്മയാണ് ലൈഫിലെ ഹീറോ..പക്ഷെ ഇവിടെ എന്റെ അപ്പച്ചിയാ എനിക്ക് അമ്മ…എന്തിനാ എന്റെ അച്ഛനെ വേദനിപ്പിക്കാൻ മാത്രം ഒരമ്മ എന്നു പലവട്ടം ഞാൻ ആലോചിച്ചിട്ടുണ്ട്. അതിനു ന്റെ കണ്ണൻ നൽകിയ മറുപടിയാണ് ഈ അപ്പച്ചി…അവൾ പറഞ്ഞു.
നിന്നു കൊഞ്ചി കൊണ്ട് നിൽക്കാതെ ചെല്ലു കുട്ടി. ഞാൻ നൊന്തു പെറ്റില്യാന്നെ ഉള്ളു. നീയും കിച്ചുവും നിക്കു ന്റെ സ്വന്തം മക്കൾ തന്നെയാ…ന്റെ രൂദ്രേട്ടനും…മനൂന് നീയ് സ്വന്തം പെങ്ങളൂട്ടിയാ. അതിനൊരിക്കലും ഒരു മാറ്റവും ഉണ്ടാകില്യ. ചെല്ലു…
അവർ അത് പറഞ്ഞപ്പോഴേയ്ക്കും ബൈക്ക് സ്റ്റാർട്ട് ചെയ്തു മനു ഹോൺ അടിക്കുന്നുണ്ടായിരുന്നു. അവൾ വേഗം ഓടി ചെന്നു. സൂക്ഷിച്ചു പോണേ മക്കളെ…നിങ്ങൾ വരും മുൻപ് ഞാൻ ഹോസ്പിറ്റലിലോട്ടു പോകും. അവിടെ ഒരുപാട് പേഷ്യന്റ്‌സ് ഉണ്ട്…പനിയുടെ സീസണാണ്…വരാന്തയിൽ ഇരുന്നു പത്രം വായിച്ച രുദ്രൻ പറഞ്ഞു.
അതിനിടയിൽ ശാരദ അനന്തനുള്ള ഭക്ഷണം അവന്റെ വണ്ടിയുടെ ഹാൻഡിലിൽ തൂക്കിയിരുന്നു. ഇനി ഇങ്ങോട്ടുള്ള വരവ് കാണില്ല എന്നെനിക്കറിയാം. അതോണ്ടാ…ഇതു വണ്ടിയിൽ കിടക്കട്ടെ…അവർ പറഞ്ഞു. ശരി അമ്മകുട്ടി…അവൻ പുഞ്ചിരിയോടെ അവരുടെ കവിളിൽ നുള്ളി വണ്ടിയെടുത്തു.
— — —
“അയിഗിരി നന്ദിനി നന്ദിത മേധിനി വിശ്വ വിനോദിനി നന്ദിനുതേ…ഗിരിവര വിന്ധ്യ ശിരോധിനി വാസിനി വിഷ്ണു വിലാസിനി ജിഷ്ണുനുതേ…ഭഗവതി ഹേ ശിഥി കണ്ഠകുടുംബിനി ഭൂരി കുടുംബിനി ഭൂരികൃതേ…ജയ ജയ ഹേ മഹിഷാസുര മർത്ഥിനി രമ്യക പർത്ഥിനി ശൈലസുതേ…”
ക്ഷേത്രത്തിൽ മഹിഷാസുര മർത്ഥിനി സ്തോത്രം ഉച്ചത്തിൽ മുഴങ്ങിക്കേട്ടു. മനു ബൈക്ക് ഒതുക്കിവെച്ചു താക്കോലും ഭക്ഷണം അടങ്ങിയ കവറും എടുത്തു. കർപൂരവും മഞ്ഞളും എണ്ണയും ഒക്കെ വിൽക്കുന്ന കടയിലെ ഗോപാലേട്ടനെ അവയേല്പിച്ചു അവൻ കീർത്തനയുമായി അകത്തേയ്ക്കു നടന്നു.
സർവ്വാഭരണ വിഭൂഷിതയായി ചന്ദനം ചാർത്തി പുഞ്ചിരിയോടെ നിലകൊള്ളുന്ന ഭദ്രകാളി സ്വരൂപത്തെ നോക്കി അവർ പ്രാർത്ഥിച്ചു നിന്നു. കടുംപായസത്തിന്റെ രസീതുമായി ഓഫീസിലേക്ക് കീർത്തന നടന്നു.
മനു അപ്പോഴും ദേവിയെ നോക്കി നിന്നു. ദേവിയുടെ മൂക്കിൽ നിലവിളക്കിന്റെ പ്രഭയിൽ മിന്നുന്ന വൈരക്കൽ മൂക്കുത്തിയിൽ അവന്റെ കണ്ണുകൾ ഉടക്കി. അവനു കാലത്തു കണ്ട സ്വപ്നം ഓർമ വന്നു…
ദേവിയേ..ആരെന്നോ എന്തെന്നോ അറിയില്ല. കാലത്തു കാണുന്ന സ്വപ്നം ഫലിക്കും എന്നല്ലേ പറയാറ്. ആ സ്വപ്നം ഫലിക്കണേ അമ്മേ…ജീവിതത്തിൽ ആദ്യമായി ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു പെണ്കുട്ടിയോട് ഇഷ്ട്ടം തോന്നുന്നു. അവളെ എങ്ങനേലും എന്റെ മുൻപിൽ കൊണ്ടുവരണേ…അവളെ എനിക്ക് തരണേ അമ്മേ…അവൻ മനസ്സുരുക്കി പ്രാർത്ഥിച്ചു.
“കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ…കുലം ച കുല ധർമ്മം ചമാം ച പാലയ പാലയ…”
ശ്രുതി മനോഹരമായി കളി കവചം മുഴങ്ങിയ ശ്രീകോവിലിനു മുൻപിലേയ്ക്കവൻ നോക്കി. തിരകൾ പോലെ ചുരുണ്ടു നീണ്ടു കിടക്കുന്ന മുടിയിഴകൾ. കുളിപ്പിന്നൽ പിന്നി അതിലൊരു തുളസി കതിരും അറ്റത്തൊരു ക്ലിപ്പും ഇട്ടിട്ടുണ്ട്. സെറ്റ് സാരിയുടെ തുമ്പും…
അവൻ നോക്കി നിൽക്കെ പ്രദക്ഷിണം വെയ്ക്കാനായി തിരിഞ്ഞ അവളുടെ മുഖം കണ്ടവൻ ഞെട്ടി. സ്വപ്നത്തിൽ കണ്ട അതേ രൂപം..പക്ഷെ സ്വപ്നത്തിൽ അല്ല. ഈ മുഖം എവിടെയോ കണ്ടു മറന്ന പോലെ…അവൾ അടുത്തു വരും തോറും പ്രിയപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ സന്തോഷം മനസ്സിൽ…
“ജയ ജയ ശബ്ദ ജയഞ്ജയ ശബ്ദപരസ്തുതി തത്പര വിശ്വനുതേ…ഝണ ഝണ ഝിംഝിമി
ഝിംകൃതനൂപുര ശിഞ്ജിത മോഹിതഭൂതപതേ…നടിതനടാര്‍ദ്ധ നടീനട നായക നാടകനാടിത നാട്യരതേ…ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ…”
അവൾ അടുത്തേയ്ക്ക് വരുംതോറും പുറത്തു നിന്നും മഹിഷാസുര മർത്ഥിനി സ്തോത്രം രൗദ്രതയോടെ ഉച്ചത്തിൽ മുഴങ്ങിക്കേട്ടു…
എന്തായാലും ദേവി, അവിടുന്നെന്റെ പ്രാർത്ഥന കേട്ടുവല്ലോ…അതും പ്രാർത്ഥിച്ചു തിരിഞ്ഞതും തൊട്ടു പുറകിൽ, കീർത്തന…പ്രസാദവും പിടിച്ചുള്ള അവളുടെ നോട്ടം കണ്ടാൽ അറിയാം താൻ ആ പെണ്കുട്ടിയെ വായിനോക്കി നിന്നതു അവൾ കണ്ടു. അവൻ വെളുക്കെ ചിരിച്ചു…
പ്രദക്ഷിണം വെച്ചോ…അവൾ ചോദിച്ചു. ഇല്ല എന്ന അർത്ഥത്തിൽ അവൻ ചുമൽ അനക്കി. അവൾ മുൻപോട്ടു വന്നു ചെവി തിരുമ്മി. കണ്ട പെണ്പിള്ളേരെ നോക്കിക്കൊണ്ടു നിൽക്കാതെ പോയി പ്രദക്ഷിണം വെച്ചു വാ…അവൻ വേഗം കൊച്ചു പിള്ളേർ സ്വിച്ചിട്ടു ഓടിക്കുന്ന പാവപോലെ പ്രദക്ഷിണം വെച്ചു. അതു കണ്ടതും കീർത്തന ചിരിച്ചു…
മനു പിന്നീട് എത്ര നോക്കിയിട്ടും അവളെ മാത്രം കണ്ടില്ല. പക്ഷെ അവളെ എവിടെയാണ് മുൻപ് കണ്ടതെന്ന് അവനൊരു ഓർമയും കിട്ടിയതുമില്ല…
തൊഴുത്തിറങ്ങിയപ്പോൾ ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ കാത്തു നിൽപ്പുണ്ടായിരുന്നു.
ആ..ഭാർഗവേട്ടാ..ചെക്ക് ഞാൻ ഇന്നലെ ഓഫീസിൽ എത്തിച്ചില്ലേ…ഗോപിയുടെ കയ്യിൽ കൊടുത്തിരുന്നു…മനു പറഞ്ഞു.
ഉവ്വ്..ദേവപ്രശ്നം നടത്തുമ്പോ കോലോത്തൂന്നു ആരെങ്കിലും ഇവിടെ ഉണ്ടാകണം…തമ്പുരാൻ വരുമോ…ഭാർഗവൻ ചോദിച്ചു.
ഞങ്ങൾ എത്തും. അമ്മാവന് ഇപ്പൊ കുറച്ചധികം കേസുകൾ ഉണ്ട്. എങ്കിലും അന്നെത്തും. പോരെ…
മതി…മൃണാളിനി തമ്പുരാട്ടി…
ഭാർഗവൻ ആ പേര് ഉച്ഛരിച്ചതും മനുവിന്റെയും കീർത്തനയുടെയും മുഖം വിവർണമായി.
അറിയില്ല…പ്രതീക്ഷിക്കേണ്ട…കിച്ചുനേയും…വന്നാൽ വന്നു. അല്ല വരാതിരിക്കണതാകും നല്ലത്…മനു അത്രയും പറഞ്ഞു നടന്നു.
അല്ല ഭാർഗവ കുറുപ്പേ ആരാ ആ കുട്ടികൾ…കൂട്ടത്തിൽ പുതുതായി വന്ന ദേവസ്വം ഉദ്യോഗസ്ഥനായ കൃഷ്ണ നാഥൻ ചോദിച്ചു.
അയ്യോ സാറിന് മനസ്സിലായില്ലേ…ആ പോയ പയ്യൻ ത്രികോവൂർ കോവിലകത്തെ അനന്തവർമ്മ തമ്പുരാന്റെ അനന്തിരവനാ മനുവർമ്മ. നമ്മുടെ ലക്ഷ്മിപുരം കോവിലകത്തെ രുദ്രപ്രതാപ വർമ്മ തമ്പുരാന്റെ മകൻ…പെണ്കുട്ടി അനന്തൻ തമ്പുരാന്റെ മകളും…
ആര്…അഡ്വക്കേറ്റ് അനന്തവർമ്മയുടെ മകളോ…?
ആ അതുതന്നെ. ആള് വല്യ അറിയപ്പെടുന്ന സുപ്രീം കോർട്ട് അഡ്വക്കേറ്റ് ഒക്കെയാണ്. പറഞ്ഞിട്ടെന്താ…? മുൻപേ പറഞ്ഞില്ലേ മൃണാളിനി തമ്പുരാട്ടി. തമ്പുരാന്റെ സപത്നി. ആ വീട്ടിൽ അവരുടെ ഭരണമാണ്. അദ്ദേഹത്തിന് ഒരു വിലയും ഇല്ല.
അദ്ദേഹം അവരുമായി പിണങ്ങിയിട്ടു വർഷങ്ങളായി. ആ വലിയ കോവിലകത്തിന്റെ പുറത്തെ ഔട്ട് ഹൗസിലാ തമ്പുരാന്റെ താമസം…അതും ആ പിള്ളേരെ ഓർത്തു…ഭർഗവക്കുറുപ്പു പറഞ്ഞു.
പിള്ളേരോ…ആ മോളല്ലേ ഉള്ളു…കൃഷ്ണ നാഥൻ ചോദിച്ചു. അയ്യോ അല്ലേ…ഒരു വിത്തൂടുണ്ട്. തമ്പുരാൻ ദേവനെങ്കിൽ ദേവനെ നശിപ്പിക്കാൻ പോന്ന ആസുര ഭാവത്തിൽ ഒരു ജന്മം. കിച്ചൻ…കിരൺ വർമ്മ. ഈ നാട്ടിലെ അറിയപ്പെടുന്ന ഒരു ഗുണ്ട എന്നു വേണേൽ പറയാം.
ആഹാ…അതുപിന്നെ അങ്ങനല്ലേ വരൂ…അച്ഛനുണ്ടല്ലോ കേസൊക്കെയായാൽ രക്ഷിക്കാൻ…കൃഷ്ണനാഥൻ പറഞ്ഞു.
എവിടുന്നു, തമ്പുരാൻ അങ്ങനത്തെ ആളൊന്നും അല്ല. അവനെ രക്ഷിക്കാൻ അവന്റെ അമ്മാവനൊരാൾ ഉണ്ടല്ലോ…? ദേവാനന്ദ റെഡ്ഢിയാർ…
തമ്പുരാന്റെ വിശ്വസ്തൻ ആ പോയ കുട്ടിയാ…രുദ്രൻ തമ്പുരാന് ഒരുപാട് ബിസിനെസ്സ് ഉണ്ട്. അതൊക്കെ മനുവാണ് നോക്കുന്നത്. ആ കുട്ടി തന്നെയാ അനന്തൻ തമ്പുരാന്റെ വിശ്വസ്തനും മനസാക്ഷി സൂക്ഷിപ്പുകാരനും…നല്ല പയ്യനാണ് മനുകുഞ്ഞു. ഒരു പാവം…ഇവിടുത്തെ എന്തിനും ഏതിനും അവനുണ്ടാകും നമ്മുടെയൊക്കെ കൂടെ…
കൊള്ളാല്ലോ…
മ്…അതൊക്കെ ഒന്നു കാണേണ്ടത് തന്നെയാ. ഏതായാലും താൻ വാ…അവർ അകത്തേയ്ക്കു നടന്നു.
— — —
മനുവിന്റെ ബൈക്ക് തൃക്കോവൂർ കോവിലകത്തിന്റെ ഗേറ്റ് കടന്നു അകത്തേയ്ക്കു നീങ്ങി…പഴയ പ്രൗഢി നിറഞ്ഞ കോവിലകത്തിൽ കുറച്ചധികം പുതിയ ഇന്റീരിയർ വർക് ഒക്കെ ചെയ്തിട്ടുണ്ട്. കണ്ടാൽ ഇപ്പോഴും പുതുമ മാറിയിട്ടില്ല.
സത്യസായി ഗ്രൂപ്പ് ഓഫ് ബിസിനസ്സിന്റെ ഇപ്പോഴത്തെ ആസ്ഥാനവും ഈ കോവിലകം ആണ്. കർണാടക ബോർഡറിനടുത്ത ദേവപുരം കൊട്ടാരത്തിലെ സത്യസായി റെഡ്ഢിയുടെ മകളാണ് മൃണാളിനി റെഡ്ഢിയാർ. സത്യസായി റെഡ്ഢി സുപ്രീം കോടതി അഡ്വക്കേറ്റ് ആയിരുന്നു. അനന്ത വർമ്മ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനും…
അദ്ദേഹത്തിന്റെ മകൻ അഡ്വക്കേറ്റ് ആണെങ്കിലും അദ്ദേഹത്തിന്റെ പ്രിയശിഷ്യൻ അനന്തവർമ്മയായിരുന്നു. ഭാര്യയുമായി പിണക്കത്തിലാണെങ്കിലും സത്യസായി ഗ്രൂപ്പിന്റെ എല്ല കേസുകളും എല്ലാ ഡീലിങ്ങുകളും കൈകാര്യം ചെയ്യുന്നത് അനന്തവർമ്മ തന്നെയാണ്.
മനു വേഗം ഔട്ട് ഹൗസിലേയ്ക്കു വണ്ടി മാറ്റജ് പാർക്ക് ചെയ്തു. അനന്തവർമ്മയ്ക്കുള്ള ഭക്ഷണവും കയ്യിലെടുത്തു അവനും കീർത്തനയും അകത്തേയ്ക്കു കയറി. കാളിങ് ബെൽ അടിച്ചു കാത്തു നിന്ന അവരെ നോക്കി കോവിലകത്തിന്റെ മട്ടുപ്പാവിൽ നിറഞ്ഞ പ്രൗഢിയോടെ മൃണാളിനി റെഡ്ഢിയാർ കാത്തു നിന്നു. ചുണ്ടിൽ പുച്ഛത്തോടെയുള്ള ചിരിയും കണ്ണിൽ എരിയുന്ന പകയുമായി…
അവരുടെ വെളുത്തു മിനുസമായ കൈകൾ ദേഷ്യത്താൽ അമർത്തിപ്പിടിച്ചു…മൂക്കിൽ കിടന്ന സ്വർണത്തിന്റെ ഏഴു കല്ലുള്ള മൂക്കുത്തി സൂര്യ രശ്മിയാൽ വെട്ടിത്തിളങ്ങി. അവരുടെ മുഖം എന്നപോലെ…
തുടരും…