മനുവേട്ടാ ഇങ്ങോട്ട് അടുത്ത് കിടന്നോ പറയട്ടെ…ആതിര ചെന്നു മനുവിനെ കെട്ടിപിടിച്ചു. ആതിരേ എനിക്ക് നല്ല ക്ഷീണമുണ്ട്.

പൂമുഖവാതിൽ – രചന: അരുൺ കാർത്തിക്

മനുവേട്ടാ, മനുവേട്ടൻ എന്നെങ്കിലും എന്റെ സ്ഥാനത്തു നിന്നു ചിന്തിച്ചിട്ടുണ്ടോ…?

ആതിരേ, നിനക്കെന്താ ഇവിടെ പണി, രാവിലെ കുറച്ചു ചോറും കറിയും വയ്ക്കും, പിന്നെ ഇരുന്നു സീരിയൽ കാണും, ഇവിടെ കിടന്നുറങ്ങും. ഞാൻ വരുമ്പോൾ പണി ചെയ്തു തളർന്നുവെന്ന് എന്നെ കാണിക്കാൻ ചൂലുമായി ഹാളിൽ കിടന്നു നിരങ്ങും. അതല്ലേ നിന്റെ പണി…?

ആഹാ, ഇപ്പം അങ്ങനെയായോ…? ഒരു ദിവസം മനുവേട്ടൻ ഞാൻ ചെയ്യുന്ന പണിയൊന്നു ചെയ്തുനോക്കൂ…അപ്പോൾ അറിയാം എന്റെ കഷ്ടപ്പാട് എന്താണെന്നു…

എന്തറിയാനാടി, വെറും രണ്ടേരണ്ടു മണിക്കൂർ കൊണ്ടു ചെയ്തു തീർക്കാവുന്ന പണിയേ ഇവിടെയുള്ളൂ. നീ ഏതായാലും ഇത്രേം പറഞ്ഞ സ്ഥിതിക്ക് നാളെ നിന്റെ മുഴുവൻ പണിയും ഞാൻ ചെയ്തു കാണിക്കാം. നീ കണ്ടോ…

ആം കാണാം.

എങ്കിൽ ഒന്ന് കണ്ടിട്ട് തന്നെ…

കാണാം…

അടുത്ത ദിവസം രാവിലെ 5 മണിയുടെ അലാറം അടിച്ചപ്പോൾ ആതിര മനുവിനെ വിളിച്ചു. എടിയേ എടിയേ, നേരം വെളുത്തു, നീ എഴുനേൽക്കുന്നില്ലേ…?

പതിവില്ലാതെ ആതിരയുടെ ശബ്ദം കേട്ടു മനു ചോദിച്ചു. ഇവളെന്തൊക്കെയാ ഈ പിച്ചും പേയും പറയുന്നത്…?

അതേ പിച്ചും പേയും ഒന്നുമല്ല. ഇന്ന് ഞാൻ മനു, നീ ആതിര മനസ്സിലായോടി…ചേട്ടായിക്ക് പെട്ടെന്നൊരു ചായ ഇട്ടേച്ചു വാ…

അപ്പോഴാണ് മനുവിന് തലേദിവസത്തെ ബെറ്റിന്റെ കാര്യം ഓർമ്മ വന്നത്. ചായ ഇപ്പോൾ കൊണ്ടു വരാം ചേട്ടായി…എന്നു പറഞ്ഞു മനു എഴുന്നേറ്റു അടുക്കളയിലേക്കു പോയി. വെള്ളം പാത്രത്തിലാക്കി അടുപ്പിൽ വച്ചപ്പോഴാണ് പഞ്ചസാരയും ചായപ്പൊടിയും കാണുന്നില്ലെന് മനസ്സിലായത്.

ആതിരേ ചായപ്പൊടിയൊക്കെ എവിടെയാ…?

ആ ഷെൽഫിനു താഴെയുണ്ട്. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ മനു ഉണ്ടാക്കിയ ചായ അഭിമാനത്തോടെ ആതിരയ്ക്കു കൊണ്ടു കൊടുത്തു. എങ്ങനെയുണ്ട് ചായ…?

കൊള്ളാം…ഒരു ചായ അമ്മയ്ക്കും കൂടി കൊടുത്തേക്കൂ…

അമ്മയ്ക്കു ചായ കൊടുത്തതും നീട്ടിയൊരു തുപ്പായിരുന്നു. പ്ഫ്, ചായയിൽ ഉപ്പിട്ടാണോടാ കൊണ്ടു വരുന്നത്…?

പഞ്ചസാരയും ഉപ്പും മാറിപ്പോയോ…ഈശ്വരാ ഗണപതിയ്ക്കു വച്ചത് തന്നെ കാക്ക കൊണ്ടുപോയോ…പതിയെ ഗ്ലാസ്‌ മേടിച്ചു തിരിഞ്ഞു നടക്കുമ്പോൾ ഒരു ആക്കിയ ചിരിയുമായി ആതിര കസേരയിൽ ഇരിപ്പുണ്ടായിരുന്നു.

മനുവേട്ടാ, എനിക്ക് പത്രം വായിക്കാൻ സമയമായി. വേഗം ചെന്നു പത്രം എടുത്തോണ്ട് വാ. ഉം പെട്ടെന്നാവട്ടെ…

ഇപ്പോൾ കൊണ്ടുവരാമേടി പുന്നാരമോളെ എന്നു മനസ്സിൽ പറഞ്ഞു മനു പത്രം കൊണ്ടു കൊടുത്തു. നേരമെത്രയാണെന്നാ വിചാരം, അരി അടുപ്പത്തിട്ടോ…ആതിര വീണ്ടും തുടങ്ങി.

അരിയിടാൻ തുടങ്ങിയപ്പോൾ മനുവിന് സംശയം എത്രയാ അരി ഇടേണ്ടത്. ആതിരേ ഒരു അരക്കലം അരിയിടാമല്ലേ…?

പിന്നെന്താ, ഇട്ടോ മനുവേട്ടാ, എന്നിട്ട് അയൽവാസികളെ കൂടെ ഇവിടെ വന്നു കഴിച്ചോളാൻ പറ. എന്റെ മനുവേട്ടാ മൂന്നോ നാലോ നാഴി അരി അളന്നിട്ടാൽ മതി.

അതിനിപ്പോ നാഴി എവിടാ…? ഈ കപ്പിന് അളന്നിട്ടാലോ…

ഇത് നാഴി. ഇനി എന്നെ ശല്യപ്പെടുത്തരുത്.

ഓക്കേ നീ പൊയ്ക്കോ ഇപ്പോൾ ശരിയാക്കിത്തരാം.

അപ്പോൾ അമ്മ വേഷം മാറി പുറത്തേക്കു വന്നു. മോളെ ഞാൻ ഇളയ ചെറുക്കന്റെ വീടു വരെ ഒന്നു പോകുവാ. അവനെ കണ്ടിട്ട് കുറച്ചായി. പിന്നെ മോൾക്ക്‌ ഉച്ചക്ക് ഉണ്ണാൻ ശാരദയുടെ വീട്ടിൽ പൊയ്ക്കോ ട്ടോ. എനിക്ക് വല്ലതും രുചിയോടെ കഴിക്കണന്നുണ്ട്.

അമ്മയുടെയും അതിരയുടെയും മുഖത്തെ ചിരി കണ്ടു മനു വന്നു ദേഷ്യത്തോടെ പറഞ്ഞു. അധികം കിണിക്കല്ലേ…ഇന്ന് സാമ്പാർ ആണ്…അതുകേട്ടു അമ്മ വേഗം പുറത്തേക്കു പോയിട്ട് വിളിച്ചു പറഞ്ഞു…ഇനി ഇവിടെ നിന്നാൽ ഞാൻ ചിരിച്ചു ചാവും.

മനു സാമ്പാർ കഷ്ണങ്ങൾ മുറിച്ചു കഴിഞ്ഞപ്പോൾ ആതിര വന്നു ചോദിച്ചു…അല്ല മനുവേട്ടാ പരിപ്പ് ഇടുന്നില്ലേ…?

പരിപ്പ് വേണോ…? വേണമെങ്കിൽ ഇടാം.

എപ്പോൾ…?

എല്ലാം ഒരുമിച്ചിട്ടാൽ പോരെ…

മനുവേട്ടോ, പാചകം ഞാൻ ചെയ്തോളാം. അല്ലെങ്കിൽ ഇന്ന് ഊണ് ഉണ്ടാവില്ല. പക്ഷെ ബാക്കിയുള്ള പണി മനുവേട്ടൻ ചെയ്തോണം.

പാചകമല്ലാതെ വേറെന്താ ഇവിടെ വല്യ പണിയുള്ളത്…?

ദാ ചൂല്, ഇവിടമെല്ലാം അടിച്ചുവാരി കഴിയുമ്പോൾ ബക്കറ്റിൽ വെള്ളവും ബ്രഷും ഉണ്ട്. നിലം തുടച്ചോ…പിന്നെ അരികും മൂലയുമെല്ലാം ചേർത്ത് തുടയ്ക്കണേ…ആതിരയുടെ മൂലം കൂട്ടി ഒരെണ്ണം കൊടുക്കാൻ തോന്നിയെങ്കിലും അതെല്ലാം സഹിച്ചു മനു നിലം തുടച്ചു വൃത്തിയാക്കി.

ഇനി ബാത്റൂമും കൂടി ക്ലീൻ ചെയ്താൽ മതി ട്ടോ.

ഞാനോ…ഒരു ഗവണ്മെന്റ് എംപ്ലോയീ ആണ് ഞാൻ.

അതിന് വീട്ടിൽ പണിയ്ക്ക് പദവി പ്രേശ്നമല്ല ട്ടോ…പെട്ടെന്നാവട്ടെ…അതു കഴിഞ്ഞു മനു ഒരിടത്തു പോയി ഇരിക്കാൻ തുടങ്ങിയപ്പോൾ ആതിര വന്നു പറഞ്ഞു…സീരിയൽ കാണാൻ ഇനിയും സമയമുണ്ട് മനുവേട്ടാ…ആ പാത്രങ്ങളെല്ലാം ഒന്നു കഴുകി വച്ചേക്കു മനുവേട്ടാ…

പാത്രം കഴുകി തീർന്നപ്പോൾ ഉച്ചയായി. ഉച്ചയൂണ് കഴിഞ്ഞൊന്നു വിശ്രമിക്കാൻ തുടങ്ങിയപ്പോൾ ദേ ആതിര വരുന്നു ഒരു ഭാണ്ഡക്കെട്ടുമായി. മനുവേട്ടാ കുറച്ചു തുണിയൊന്നു കഴുകിയിട്ടേക്കു…വെയിൽ പോവുന്നതിനു മുൻപ് ഉണങ്ങിയെടുക്കാം.

ഏതു സമയത്താണോ ബെറ്റ് പിടിക്കാൻ തോന്നിയത് എന്നോർത്ത് മനു തുണിയുമായി അലക്കാൻ പോയി. തുണി കഴുകി കഴിഞ്ഞു പതിയെ കട്ടിലിൽ വന്നു മനു കിടന്നപ്പോൾ ആതിര വന്നു പറഞ്ഞു…ഉറക്കം വരുന്നുണ്ടോ മനുവേട്ടാ…

ഉം. കുറച്ചു…

ഉറങ്ങാൻ ഇഷ്ടം പോലെ സമയമുണ്ട് മനുവേട്ടാ. ദാ ഈ കാണുന്ന തുണി അയൺ ചെയ്തു വച്ചിട്ട് ഉറങ്ങിക്കോ…എല്ലാം സ്വയം വരുത്തി വച്ചതാണല്ലോ എന്നോർത്ത് മനു അതെല്ലാം തീർത്തപ്പോൾ സമയം രാത്രിയായി…

മനു പതിയെ കട്ടിലിൽ വന്നു കിടക്കാൻ തുടങ്ങിയപ്പോൾ ആതിര പറഞ്ഞു…മനുവേട്ടാ ഇങ്ങോട്ട് അടുത്ത് കിടന്നോ പറയട്ടെ…ആതിര ചെന്നു മനുവിനെ കെട്ടിപിടിച്ചു.

ആതിരേ എനിക്ക് നല്ല ക്ഷീണമുണ്ട്…ഞാനൊന്നുറങ്ങട്ടെ…

ഹാ, എന്നു പറഞ്ഞാൽ എങ്ങനാ, ഭാര്യയുടെ ഡ്യൂട്ടി തീർന്നിട്ടില്ലല്ലോ…? ഇങ്ങടുത്തു വാ മനുവേട്ടാ നാണിക്കാതെ…

മനു തിരിഞ്ഞു ആതിരയുടെ ചെവിയ്ക്ക് പിടിച്ചിട്ടു പറഞ്ഞു…മതിയെടി, കള്ള കാന്താരി അഭിനയിച്ചത്. ഞാൻ തോറ്റു. ഇനി നിന്നെ വേദനിപ്പിക്കില്ല…

സോറി മനുവേട്ടാ, ഞാൻ ഒരുപാട് വേദനിപ്പിച്ചു. എന്നോട് ക്ഷമിക്കില്ലേ…

നീയെന്റെ കാന്താരിയല്ലേ എന്നു പറഞ്ഞു മനു ആതിരയെ തന്റെ നെഞ്ചോടു ചേർത്തു.