രചന: ഗായത്രി ശ്രീകുമാർ
അച്ഛനെ നോക്കാൻ ഒരാളെ വേണമെന്ന് പറഞ്ഞില്ലേ. ഇതാണ് ആള്…വെളുത്തു മെലിഞ്ഞ ഒരു സ്ത്രീയെ കാണിച്ചു കൃഷ്ണേട്ടൻ പറഞ്ഞു.
മാധവനെ നോക്കി അവർ വിധേയത്വത്തോടെ കയ്യ് കൂപ്പി..
എന്താ പേര്…?
അംബിക…അവർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
പ്രായം അല്പം കുടുതലാണല്ലോ…?
ഇവരുടെ കാര്യം വല്ല്യ കഷ്ടം ആണ്. പറ്റില്ലാന്നു പറയരുത്.
അച്ഛൻ്റെ ആത്മാർത്ഥ സുഹൃത്ത് പറയുമ്പോൾ വേണ്ടാന്ന് പറയാൻ അവർക്കു കഴിയില്ലായിരുന്നു. അയ്യാൾ ഭാര്യയെ വിളിച്ചു. അവരെ അകത്തേക്കു കൊണ്ടുപോയി.
അച്ഛന് ഓർമ ശക്തി ഇല്ല. എന്നെ കൊണ്ട് ഒറ്റക്ക് പറ്റണില്ല…അവൾ നെടുവീർപ്പോടെ പറഞ്ഞു.
ഇനി ഞാൻ ഉണ്ടല്ലോ കുഞ്ഞേ…താഴെ ഒഴിഞ്ഞ ഒരു കോണിലുള്ള മുറിയിലേക്ക് അവർ നടന്നു.
ഇരുട്ടത്തു ഇരിക്കുന്ന ഒരു വലിയ മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. പെട്ടെന്ന് ലൈറ്റ് ഇട്ടപ്പോൾ അയ്യാൾ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ അവരെ നോക്കി…
രാവിലെ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അയ്യാളുടെ ചുണ്ടിൽ പറ്റിപിടിച്ചു ഇരിക്കുന്നുണ്ട്. അംബികയുടെ കണ്ണുകൾ പിടഞ്ഞു.
ഞാൻ മുറി ഒന്ന് വൃത്തിയാക്കട്ടെ…അവർ ജോലികളിലേക്ക് കടന്നു. ഒന്നുമറിയാതെ അയ്യാൾ അവരെ തന്നെ നോക്കി ഇരുന്നു.
*** *** ***
അച്ഛനെ അവർ നല്ലോണം നോക്കുന്നുണ്ട്…അല്ലെ മാധവേട്ട…നിങ്ങളുടെ അമ്മ ജീവിച്ചിരുന്നാൽ പോലും ഇത്രയും ഇണ്ടാവില്ല…
ഭാര്യയുടെ വാക്കുകൾക്ക് എതിര് പറയാൻ മാധവന് തോന്നിയില്ല. സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ അവർ അച്ഛനെ കൊണ്ട് നടന്നു.
പുറത്ത് നിന്ന് നോക്കുന്നവർക്ക് അത് അയ്യാളുടെ ഭാര്യ ആണെന്നെ തോന്നു…വല്യ തറവാട്ടിലാ ജനിച്ചത്…ഇപ്പോ മക്കളൊക്കെ ഉപേക്ഷിച്ചു. ഒരു ജോലിക്കെന്നു പറഞ്ഞപ്പോ നേരെ ഇങ്ങു പോന്നതാ…കൃഷ്ണേട്ടൻ എല്ലാരോടും പറഞ്ഞു.
പെട്ടന്നൊരു ദിവസം രാവിലെ അംബികയുടെ കരച്ചിൽ കേട്ടാണ് എല്ലാവരും ഉണർന്നത്. മുറിയിൽ അച്ഛൻ മരിച്ചു കിടക്കുന്നു.
ഒരു സാധാരണ വൃദ്ധന്റെ മരണം…ആ വീട് ആളുകളെ കൊണ്ട് നിറഞ്ഞു. ശവസംസ്കാര ചടങ്ങുകൾ എല്ലാം കഴിഞ്ഞു.
അപ്പൊ ഇനി പൂവ്വാല്ലെ…?
ശബ്ദം കേട്ട് അംബിക നോക്കി. കുട്ടൻ…ഇവിടുത്തെ ഇളയ മകൻ…
പോണം. ഇത്രേം മതി എനിക്ക്. ഇനി സന്തോഷത്തോടെ മരിക്കാം…അച്ഛന്റെ പഴയ കാമുകിയുടെ ചുണ്ടിൽ നിർവൃതി നിറഞ്ഞു.
തന്റെ അവസാന ആഗ്രഹം സാധിച്ചതിൽ അവർ സന്തോഷിച്ചു. കൃഷ്ണേട്ടനും കുട്ടനും ഉള്ളു കൊണ്ട് നന്ദി പറഞ്ഞു. അച്ഛന്റെ പഴയ ഡയറി കുറിപ്പിൽ നിന്ന് തന്നെ കണ്ടത്തെത്തിയതിനും ഇവിടെ എത്തിച്ചതിനും…
എവടെ പോവും ഇനി…? അവൻ്റെ ചോദ്യം അവരുടെ കണ്ണ് നിറച്ചു.
അറിയില്ല കുട്ടി. ഇനി മരിച്ചാലും സന്തോഷം.
എന്റെ കൂടെ വരൂ…കുട്ടന്റെ വർത്താനം കേട്ടു അവർക്കു ഒന്നും പറയാൻ കഴിഞ്ഞില്ല.
ഇനിയും ആർക്കും ഒരു ഭാരമാവാൻ അവർ ആഗ്രഹിച്ചില്ല. വേണ്ട മോനെ…
ഞാൻ കൊണ്ടുപോവും. എനിക്ക് വേണം ഈ അമ്മയെ…
മോന്റെ ഭാര്യക്ക് ഇഷ്ടാവില്ല…
അവൻ ഒന്ന് ചിരിച്ചു. എൻ്റെ നിഷക്കുട്ടിക്കോ…? ആ അനാഥപെണ്ണാണ് ഒരമ്മയെ വേണമെന്ന് എന്നോട് പറഞ്ഞത്.
പിറ്റേന്ന് ഡൽഹിക്കുള്ള ട്രെയിനിൽ അംബികയുടെ തോളിൽ കിടന്നു മയങ്ങുകയായിരുന്നു നിഷ.
അവളുറങ്ങട്ടെ…ഒരമ്മയുടെ കരുതലിൽ…അല്ലെങ്കിലും നേരുള്ള പ്രണയങ്ങൾ അങ്ങനെ ആണ്…ഒന്നിക്കാനായില്ലെങ്കിലും ഒരിക്കലും തനിച്ചാക്കില്ല…എത്ര കാലം കഴിഞ്ഞിട്ടായാലും…