ഹൃദ്യം – ഗൗരിലക്ഷ്മി എഴുതുന്ന തുടർക്കഥ – ഭാഗം 2

ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

കാളിങ് ബെൽ അമർത്തി മനുവും കീർത്തനയും കാത്തു നിന്നു. കീർത്തനയുടെ കയ്യിൽ വരും വഴി വാങ്ങിയ ഷർട്ടിന്റെ കവർ ഉണ്ടായിരുന്നു. കാര്യസ്ഥൻ ശങ്കരൻ ഉണ്ണി കതകു തുറന്നു. അവരെ കണ്ടതും 80നടുത്തു പ്രായം വരുന്ന ആ മനുഷ്യന്റെ ചുളിവുകൾ വീണ മുഖത്തു പുഞ്ചിരി നിറഞ്ഞു…

മക്കളെ..നിങ്ങളായിരുന്നോ…കയറിവാ…

അവർ അകത്തേയ്ക്കു നടന്നു. പുതുമ ഒട്ടും വിട്ടുമാറാത്ത വിധം വെള്ള പെയിന്റ് അടിച്ച ഒരു ഇരുനില വീട് തന്നെയായിരുന്നു കോവിലകത്തിന്റെ ഔട്ട് ഹൗസ്. അടുക്കും ചിട്ടയുമായി ഒതുക്കിയിട്ടിരിക്കുന്ന ആ വീട്ടിൽ മനുവിനായി ഒരു മുറി മാത്രമേ അനന്തൻ ഒഴിച്ചിട്ടിട്ടുള്ളൂ.

മറ്റൊരു ബന്ധുക്കളെയും അതു തന്റെ പൊന്നു മകളായ കീർത്തനയ്ക്കു പോലും ആ വീട്ടിൽ ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. അവൾക്കാകട്ടെ അതിൽ ഒരു പരിഭവവും ഉണ്ടായിരുന്നുമില്ല.

അദ്ദേഹത്തിന്റെയും ശങ്കരനുണ്ണിയുടെയും മനുവിന്റെയും മുറിയൊഴികെ ബാക്കിയെല്ലാ മുറികളിലും ഫയലുകളും പുസ്തകങ്ങളും ആയിരുന്നു…

അമ്മ വളർത്തിയ മകൻ അമ്മയുടെ സ്വഭാവത്തിന്റെ തനി പകർപ്പായിരുന്നെങ്കിൽ മകൾ കീർത്തന അപ്പച്ചി ശരദയെപ്പോലെ നിഷ്കളങ്ക തന്നെയായിരുന്നു. അനിയൻ കിരണിന്റെ സ്വഭാവത്തിൽ അവൾക്കു നല്ല സങ്കടവും ഉണ്ടായിരുന്നു…

അച്ഛനെവിടെ ശങ്കരനമ്മാവാ…അവൾ ചോദിച്ചു.

അകത്തുണ്ട്…ചെല്ലു…അവൾ അകത്തേയ്ക്കോടി. മനു കയ്യിലിരുന്ന കവർ മേശപ്പുറത്തേയ്ക്കു വെച്ചു. രണ്ടാൾക്കും ഉള്ള ഫുഡ് ആണ്. പാത്രം എടുത്തുകൊണ്ടു വരു ശങ്കരനമ്മാവാ…അവൻ പറഞ്ഞു.

അദ്ദേഹം പോയി പാത്രം എടുത്തുകൊണ്ടു വന്നു. അവൻ രണ്ടു പേർക്കുമുള്ള ആഹാരം വിളമ്പി.

എവിടെ അമ്മാവൻ…? അമ്മാവാ…കീർത്തൂ…

ദേ എത്തി…കീർത്തൂ വേഗം വന്നു. അവളോടൊപ്പം ആഢ്യത്വത്തോടെ അവൾ വാങ്ങിയ ചുവന്ന ഷർട്ടും ചുവപ്പു കര മുണ്ടും ഉടുത്തു നെറ്റിയിൽ ചന്ദനം തൊട്ടു അനന്തവർമ്മയും ഇറങ്ങിവന്നു. രാജ പ്രൗഢിയിൽ അദ്ദേഹം നെഞ്ചു വിരിച്ചു നിന്നു. മനുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു.

ഷർട്ട് പക്കാ ഫിറ്റ്…പൊളിച്ചിട്ടുണ്ടെടാ…കീർത്തനയെ നോക്കി അവൻ പറഞ്ഞു.. അവൾ പുഞ്ചിരിച്ചു.

ദേ കഴിക്കാൻ എടുത്തു വെച്ചു. വാ…കാര്യസ്ഥൻ ആണെങ്കിലും അവർ രണ്ടുപേരും ഒന്നിച്ചു മാത്രമേ ആഹാരം കഴിക്കാറുള്ളൂ. അവർ രണ്ടുപേരും ആഹാരം കഴിച്ചു. ഉഴുന്ന് വടയടക്കം ആഹാരം കഴിച്ചിട്ടാണ് അവർ എഴുന്നേറ്റത്.

മനുവും കീർത്തനയും ചേർന്നു അനന്തവർമ്മയുടെ ഇരു കവിളിലും മുത്തം നൽകുന്ന ഒരു ഫോട്ടോ എടുത്തു അവർ വാട്സാപ്പിന്റെ പ്രൊഫൈൽ ആക്കി.

ഇന്ന് കോടതിയിൽ പോകണോ അമ്മാവാ…മനു ചോദിച്ചു.

പോണം മനു..അത്യാവിശം ഉണ്ട്. ഇന്നാണ് സഖറിയായുടെ കേസ്. നിനക്കോർമ്മയില്ലേ…? അനന്തവർമ്മ ചോദിച്ചു.

പെട്ടെന്ന് മനുവിന്റെ മുഖം മാറി. ആരാ അച്ഛാ സഖറിയ…കീർത്തന ചോദിച്ചു.

അതോ..അയാൾ ഒരു പോലീസ് ഓഫീസർ ആയിരുന്നു. സത്യസായി ഗ്രൂപ്പിൽ നടക്കുന്ന ചില അഴിമതികൾ ഇവിടെ സ്റ്റേഷനിൽ ഇരിക്കവേ അദ്ദേഹം കണ്ടെത്തി. കേസ് കോടതിയിൽ എത്തിരിക്കാൻ മൃണാളിനി ആവോളം ശ്രമിച്ചു. പക്ഷെ അത് നടന്നില്ല. എന്നോടും നിന്റെ അമ്മയോടും ഉള്ള പഴയ ചില കണക്കുകളുടെ പേരിൽ അയാൾ കടും പിടുത്തം പിടിച്ചു. 3ആം നാൾ കന്യാകുമാരി ബോർഡറിൽ ഒരു ഗ്രാമപ്രദേശത്തു ഒരു ആക്‌സിഡന്റിൽ പെട്ടു അയാൾ മരിച്ചു.

ഒരു വർഷം കഴിഞ്ഞിരിക്കുന്നു. അന്നത് സ്വാഭാവികമായ മരണം എന്നാണ് കണ്ടെത്തിയത്. പക്ഷെ ഈയിടെ അയാളുടെ ഭാര്യ ഒരു ആനി സഖറിയ അയാളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാരോപിച്ചു കേസ് കൊടുത്തു. അതിൽ അന്വേഷണം പ്രഖ്യാപിച്ചാൽ അതു വന്നു നിൽക്കുക തൃക്കോവൂർ കോവിലകത്തിന്റെ അന്തപ്പുരത്തിലാകും. അതിനാൽ ആ കേസ് ഞാൻ ഏറ്റെടുത്തു…

അച്ഛാ…കീർത്തന അല്പം ഭയതോടെ വിളിച്ചു.

ന്റെ പൊന്നു മോള് ഇതൊന്നും ഓർത്തു പേടിക്കേണ്ട. അയാൾ നല്ലൊരു മദ്യപാനിയാണ്. മരിക്കുന്ന സമയം അയാളുടെ ഉള്ളിൽ 45% ആൽക്കഹോൾ കണ്ടെന്റ് ഉണ്ടായിരുന്നതായി പോസ്റ്റ് മാർട്ടം റിപ്പോർട്ട് ഉണ്ടായിരുന്നു. സോ പേടിക്കാനില്ല…അയാൾ അവളെ സമാധാനിപ്പിച്ചു.

ന്റെ കീർത്തൂ…നിന്റെ അച്ഛൻ സുപ്രീം കോടതിയിൽ വാദിക്കുന്ന ഒരു അഡ്വക്കേറ്റ് ആണ്. ഓപ്പോസിറ്റ് ആരായാലും അയാളെ തകർത്തു തരിപ്പണം ആക്കുന്ന അഡ്വക്കേറ്റ്. നീയങ്ങനെ പേടിക്കാതെ…മനു അവളെ സമാധാനിപ്പിച്ചു.

ഉച്ച കഴിഞ്ഞാണ് ഹിയറിങ്. സോ ഇന്ന് ഇവിടെ അമ്മാവന്റെ പിറന്നാൾ സദ്യ നമ്മൾ ഒരുക്കുന്നു. എന്താ…മനു പറഞ്ഞു. കീർത്തനയും സന്തോഷത്തിലായിരുന്നു. അവർ 3 പേരും ചേർന്നു ഭക്ഷണം ഉണ്ടാക്കി.

അനന്തവർമ്മ ഫയലുകൾ നോക്കി കഴിഞ്ഞപ്പോഴേയ്ക്കും മനുവും കീർത്തനയും ശങ്കരനുണ്ണിയും ചേർന്നു ഭക്ഷണം തയ്യാറാക്കിയിരുന്നു. ഇലവെട്ടി പിതൃക്കളെ സ്മരിച്ചു കാക്കയ്ക്കുള്ള സദ്യ വിളമ്പി വെച്ചു അവരും കഴിച്ചു.

കിച്ചുവും അമ്മയും കൂടുണ്ടായിരുന്നേൽ എന്തു രസമായിരുന്നേനെ അല്ലെ അച്ഛാ…? കീർത്തന ചോദിച്ചു.

പെട്ടെന്ന് അനന്തവർമ്മയുടെ മുഖം വലിഞ്ഞു മുറുകി. അയാൾ വേഗം ഒന്നും മിണ്ടാതെ എഴുന്നേറ്റു പോയി കൈകഴുകി. സോറി അച്ഛാ..ഞാൻ..അറിയാതെ…

ഹേയ്..അച്ഛൻ ഇറങ്ങട്ടെ…ആരില്ലെങ്കിലും അച്ഛന് ന്റെ മോളൂട്ടി ഇല്ലേ…പിന്നെ കിച്ചു…ഒത്തിരി മോഹിച്ചതാ അവന്റെ സ്നേഹം. അവൻ നന്നായി കാണണം എന്നൊരാഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ഇല്ല…അവനു ഞാൻ ശത്രുവാണ്. അങ്ങനിരിക്കട്ടെ…അവന്റെ അമ്മ അങ്ങനെയാണ് അവനെ പറഞ്ഞു പഠിപ്പിച്ചത്. അവൻ അതു വിശ്വസിക്കട്ടെ…

ഒരു കാര്യം..ഇന്ന് ഞാൻ വാദിക്കുന്ന കേസ് അന്വേഷിക്കാൻ ഉത്തരവാകുകയാണെങ്കിൽ ആദ്യം അന്വേഷണം നേരിടേണ്ടി വരിക മൃണാളിനി റെഡ്ഢി ആകില്ല. ന്റെ മകൻ കിരൺ വർമ്മയാകും..അതേയുള്ളൂ സങ്കടം…

അച്ഛാ…കീർത്തന വിളിച്ചു. അദ്ദേഹം അവളുടെ വിളിക്കു ശ്രവിക്കാതെ മുൻപോട്ടു നടന്നു. വാതിൽക്കൽ നിന്നു താൻ ജനിച്ചു വളർന്ന കോവിലകത്തെ അയാൾ ഒന്നുകൂടെ നോക്കി. അയാളുടെ കണ്ണുകളിൽ വൈരക്കൽ പതിപ്പിച്ച വെള്ള കല്ല് മൂക്കുത്തി നിറഞ്ഞു വന്നു.

ആ മൂക്കുത്തിയുടെ പ്രഭയെക്കാൾ തിളക്കത്തിൽ പുഞ്ചിരിക്കുന്ന സുന്ദരമായ ഒരു മുഖവും…പതിയെ ആ പുഞ്ചിരി മാഞ്ഞു. പ്രതീക്ഷകൾ നിറഞ്ഞ ആ കണ്ണുകളിൽ വേദന തളം കെട്ടി. കണ്ണീരിൽ നിറഞ്ഞു.

“ചതിക്കില്ല എന്നു വാക്കു തന്നിട്ട്..ചതിച്ചല്ലേ എന്നെ..ശപിക്കില്ല..ഒരിക്കലും..പ്രാർത്ഥിക്കാം എന്നും നന്നായിരിക്കാൻ..പോട്ടെ…”

ആ വാക്കുകൾ ഇന്നും ഇടിത്തീ പോലെ ഉള്ളിൽ കിടന്നു പിടയ്ക്കുകയാണ്. എന്തിനാ ശാപം..നിന്റെ ഓരോ തുള്ളി കണ്ണുനീരിനും ഞാൻ നീറി നീറി പകരം ചോദിയ്ക്കുകയാണ്..എന്നൊടുത്തന്നെ…അതും പറഞ്ഞയാൾ തന്റെ കാറിനു നേരെ നീങ്ങി.

കാർ തുറന്നു ഫയലുകൾ ഉള്ളിൽ വെച്ചു. അകത്തേയ്ക്കു ചെന്നു വേഷം മാറി വക്കീൽ കുപ്പായത്തിൽ ഇറങ്ങിവന്നു. കാറിൽ കയറി അയാൾ പോകുന്നതും നോക്കി ചുണ്ടിൽ പക നിറഞ്ഞ മന്ദഹാസത്തോടെ മൃണാളിനി റെഡ്ഢിയാർ നിന്നു.

*** *** ***

പാത്രം ഒക്കെ കഴുകി മാറ്റിവെച്ചിട്ടാണ് കീർത്തന കോവിലകത്തേയ്ക്കു ചെന്നത്. സിറ്റ് ഔട്ട് കടന്നു വലിയ സ്വീകരണമുറിയിലേയ്ക്കു കയറിയതും അവൾ കണ്ടു സപ്രമഞ്ചത്തിൽ ചാരിയിരുന്നാടുന്ന മൃണാളിനിയെ…

ഏതോ ഹിന്ദി ഗസലിന്റെ ഓഡിയോ പ്ലേ ചെയ്തിട്ടുണ്ട്. അവർ അത് ആസ്വദിച്ഛ് കൂടെ പാടുകയാണ്…അവൾ അത് ശ്രദ്ധിക്കാതെ അകത്തേയ്ക്കു നടന്നു.

കീർത്തന വർമ്മ…സ്റ്റേ ദേർ…അവർ അട്ടഹസിക്കും പോലെ ഉള്ള ശബ്ദത്തിൽ പറഞ്ഞു. ആ ശബ്ദം കേട്ടവൾ നിന്നിടത്തു തറഞ്ഞു നിന്നുപോയി.

എവിടായിരുന്നു നീയ് ഇതുവരെ…അവരുടെ ശബ്ദം വീണ്ടും ഉയർന്നു.

ഞാൻ..ഞാൻ..അച്ഛന്റെ അടുത്തു…

സ്റ്റോപ് ഇറ്റ്…കീർത്തനയെ പറഞ്ഞു മുഴുവിപ്പിക്കാൻ അനുവദിക്കാതെ അവർ ചാടി ഇറങ്ങി. നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് അയാൾ സത്യസായി ഗ്രൂപ്പിന്റെ അഡ്വക്കേറ്റ് മാത്രമാണ് എനിക്കെന്നു…ആ ബന്ധം മതി നിനക്കും…അവൾ അവരെ തിരിഞ്ഞു നോക്കി.

പറ്റില്ല..അദ്ദേഹത്തിന്റെ ചോരയാണ് എന്റെ ഞരമ്പിലൂടെ ഒഴുകുന്നത്..അതെന്റെ അച്ഛനാണ്…

നിർത്തെടി…അവർ അലറിവിളിച്ചു. അതേ..നീ അയാളുടെ ചോരയാണ്. പക്ഷെ ഇവിടെ ഞാൻ പറയുന്നതെ നടക്കു. നടക്കാവൂ…പിന്നെ അയാളുടെ ചോരയിൽ പിറന്ന ഒരു സന്താനം കൂടെയുണ്ടല്ലോ..ന്റെ കിച്ചു..അവനു എന്നെ അനുസരിക്കമല്ലോ..പിന്നെ നിനക്കെന്താ…?

അവൾ എന്തോ പറയാൻ വന്നതും അവർ കയ്യുയർത്തി തടഞ്ഞു. ഇങ്ങോട്ടൊന്നും പറയേണ്ട…നീ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ സ്റ്റുഡന്റ് ആണ്. ഇന്ന്.. ഇന്ന് പൊയ്ക്കോണം തിരിച്ചു. ഞാൻ വണ്ടി ഏർപ്പാടാക്കിയിട്ടുണ്ട്. അവിടെ വിളിച്ചു പറഞ്ഞിട്ടും ഉണ്ട്. വേഗം പാക്ക് ചെയ്തോളൂ. ഇപ്പോൾ സമയം 2 മണി. 4 ആകുമ്പോ വണ്ടി റെഡിയായി എത്തും. നീ ഇറങ്ങു…

മറുത്തൊന്നും കേൾക്കാതെ അവർ അകത്തേയ്ക്കു നടന്നു. കണ്ണുകൾ നിറഞ്ഞു നീറുന്നത് അവൾ അറിഞ്ഞു. അവൾ അകത്തേയ്ക്കോടി. കട്ടിലിൽ കിടന്നു കുറെ കരഞ്ഞു…

പിന്നെ ഇവിടെ നിൽക്കുന്നതിലും ഭേദം ഹോസ്റ്റൽ ആണെന്നുള്ള ഓർമയിൽ അവൾ മനുവിന് മെസ്സേജും അയയ്ച്ചു പാക്ക് ചെയ്തിറങ്ങി. വണ്ടിയിൽ കയറി പോകുമ്പോഴും ഔട്ട് ഹൗസിൽ തന്നെ നോക്കി കൈ വീശുന്ന മനുവിനെ നോക്കി അവൾ പൊട്ടി കരയുകയായിരുന്നു.

*** *** ***

തമ്പ്രാട്ടി…തമ്പുരാട്ടി…കോവിലകത്തെ പുറംപണിക്കാരൻ കേശവൻ ഓടി വന്നു.

എന്താടോ അലച്ചു കൂവുന്നത്…? മൃണാളിനി ഇറങ്ങിവന്നു.

45നടുത്തു ലരാഹം വരുന്ന അതിസുന്ദരിയായ അവരുടെ വരവ് കണ്ടു അയാൾ ഒരുനിമിഷം കൊതിയോടെ നോക്കി നിന്നു. പെട്ടെന്ന് എന്തോ ഓർത്തതുപോലെ അയാൾ കയ്യിലിരുന്ന പത്രം അവർക്കുനേരെ നീട്ടി.

കണ്ടോ തമ്പുരാട്ടി.. ദേ ഈ വാർത്ത നോക്കിയേ…

വാർത്ത കണ്ടതും അവരുടെ മുഖത്തെ ചോരമയം ഒരു നിമിഷം വറ്റി വരണ്ടു. പെട്ടെന്ന് അതൊരു ദേഷ്യത്തിന്റെ കടലായി ഇരമ്പി. ആ പത്രം വലിച്ചെറിഞ്ഞു ദേഷ്യത്തോടെ അവർ കയറിപ്പോയി…ഫോണെടുത്തു ആരെയൊക്കെയോ വിളിച്ചു. ഒടുവിൽ ദേഷ്യത്തോടെ ആ ഫോൺ വലിച്ചെറിഞ്ഞു.

അവിടേയ്ക്ക് കേശവന്റെ അലറിവിളി കേട്ടു വന്ന മനു അതു കണ്ടുകൊണ്ടാണ് അകത്തേയ്ക്കു കയറിയത്.

എന്താ അമ്മായി…അവൻ ചോദിച്ചു.

ദാ നോക്കു…കണ്ടില്ലേ അമ്മാവന്റെ ശൗര്യം. അതും പറഞ്ഞു അവർ താഴെ കിടന്ന പത്രത്താൾ അവനരികിലേയ്ക്കു ചവിട്ടി തെറിപ്പിച്ചു.

അവൻ ആ പത്രം കയ്യിലെടുത്തു. ഉദയപുരം C I സഖറിയായുടെ മരണം അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഉത്തരവ് സുപ്രീം കോടതി ലീഡിങ് അഡ്വക്കേറ്റ് അനന്തവർമ്മയുടെ വാദത്തെ മറികടന്നു, യുവ അഡ്വക്കേറ്റ് ജാനകി സത്യമൂർത്തി ഉത്തരവ് വാങ്ങിയത് അര മണിക്കൂറത്തെ വാദത്തിനിടെ കൊണ്ടു…ഇതോടെ തെളിയിക്കപ്പെടാത്ത ഒരു മരണത്തിന്റെ തിരശീല കൂടി മറനീക്കുകയാണ്…

ആ വാർത്ത അവന്റെ കയ്യിലിരുന്നു വിറകൊണ്ടു.

അഡ്വക്കേറ്റ് ജാനകി സത്യമൂർത്തി…

ആ പേര് അവന്റെ ചുണ്ടിൽ മന്ത്രിച്ചു…

തുടരും…