ഹൃദ്യം – ഗൗരിലക്ഷ്മി എഴുതുന്ന തുടർക്കഥ – ഭാഗം 3

രണ്ടാം ഭാഗം വയ്ക്കാൻ ക്ലിക്ക് ചെയ്യൂ…

“ജാനകി സത്യമൂർത്തി…”

മനുവിന്റെ ചുണ്ടുകൾ മന്ത്രമെന്നോണം ആ പേരുരുവിട്ടു. ആരാ ഇങ്ങനൊരു അഡ്വക്കേറ്റ്…ആദ്യമായി കേൾക്കുന്ന പേര്. ആരായാലും ഒറ്റ വാദത്തിൽ സ്വാഭാവിക മരണമെന്ന് വിശേഷിപ്പിച്ച ഒന്നിനെ അസ്വഭാവികതയിലേയ്ക്കു എത്തിച്ച അവർ അത്ര നിസാരക്കാരിയാക്കില്ല…നോക്കാം…അവൻ സ്വയം പറഞ്ഞു.

മനുവിന്റെ ഫോൺ ശബ്‌ദിച്ചു..അമ്മാവൻ കാളിങ്. ഹലോ..അമ്മാവാ…അനന്തവർമ്മയുടെ അപ്പോഴത്തെ മാനസികാവസ്ഥ ഊഹിക്കമായിരുന്നതിനാൽ അവൻ വേഗം ഫോൺ എടുത്തു.

അമ്മാവനല്ല മനു..ഞാനാ കാശിയാ…

കാശിനാഥൻ, പേരല്പം പഴഞ്ചനാണെന്നു തോന്നിയാലും 28 വയസ്സുള്ള സുമുഖനായ ചെറുപ്പക്കാരനാണ് കാശി. മനുവിന്റെ ആത്മാർത്ഥ സുഹൃത്ത്. ആദ്യമായി സ്കൂൾ വരാന്തയിൽ കയറിയപ്പോൾ മുതൽ 10ആം ക്ലാസ് വരെ അവർ ഒന്നിച്ചാണ് പഠിച്ചത്‌.

പ്ലസ് 2 ആയപ്പോൾ അവൻ ഹുമാനിറ്റിസ് എടുത്തു. LLBയ്ക്ക് ചേർന്നു. LLMഉം കഴിഞ്ഞു ഇപ്പോൾ അനന്തവർമ്മയുടെ പ്രിയ ശിഷ്യൻ. മനു സയൻസ് എടുത്തു…എൻജിനീയറിങ് കഴിഞ്ഞു…ഇപ്പോൾ അച്ഛന്റെ ബിസ്സിനസ്സുകൾ ഭംഗിയായി നോക്കി നടത്തുന്നു.

അമ്മാവന്റെ വാലും മനസ്സാക്ഷി സൂക്ഷിപ്പുകാരനും ഒക്കെയാണ് മനു…എങ്കിലും മനു വർമ്മ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു നല്ല യുവ ബിസ്സിനസ്സുകാരൻ തന്നെയാണ്. ആഢ്യത്വമുള്ള വ്യക്തിത്വമുള്ള ഒരു നല്ല ചെറുപ്പക്കാരൻ.

മനു..നീ കാര്യങ്ങൾ അറിഞ്ഞോ…?

മ്..ആ കേശൂട്ടി ഏതോ അന്തിപത്രവും പൊക്കിയെടുത്തു അമ്മായിയുടെ കയ്യിൽ കൊടുത്തു. അവിടുത്തെ പൊട്ടിത്തെറി കേട്ടാ ഞാൻ ചെന്നത്.

മ്…ഒട്ടും പ്രതീക്ഷിക്കാത്ത തോൽവി. അന്വേഷണത്തിന് ഒരു പുതിയ IPS ഓഫീസർ ആണ് വരുന്നത് എന്നും കേൾക്കുന്നു. കിച്ചുവിന്റെ കാര്യത്തിലാ സാറിന് ടെൻഷൻ…കാശി ഒറ്റശ്വാസത്തിൽ പറഞ്ഞു.

ഔട്ട് ഹൗസിനു പുറത്തെ പുല്ലു മേഞ്ഞ പാർക്കിങ് ഏരിയയ്ക്കു സമീപം ഇട്ടിരിക്കുന്ന വെള്ള പെയിന്റ് അടിച്ച ബെഞ്ചിൽ ഇരിക്കുകയായിരുന്നു മനു.

മ്…അമ്മായിയും നല്ല ചൂടിലാ…

അവർ എന്തിനാ ചൂടാകുന്നത്…തെറ്റു ചെയ്താൽ എന്നായാലും പുറത്തുവരും. പിന്നെ സാർ അത്ര നിസ്സാരക്കാരനൊന്നുമല്ലല്ലോ…ഒരു കേസ് വന്നാൽ അതെങ്ങനെ ഹാൻഡിൽ ചെയ്യണം എന്ന് സാറിനറിയാം. ഞാൻ അതൊന്നും പറയാൻ അല്ല മനു വിളിച്ചത്. സാർ കൂൾ വില്ലയിൽ പോയി…രണ്ടു ദിവസത്തെ കേസുകൾ എന്നെ ഏൽപ്പിച്ചു…കാശി പറഞ്ഞു.

കോവിലകത്തുനിന്നും കുറച്ചകലെ പെരിയാറിന്റെ തീരത്തോട് ചേർന്നൊരു വില്ല വാങ്ങിയിട്ടുണ്ട്…നിള…ഒരുപാട് ടെൻഷൻ വരുമ്പോൾ അനന്തവർമ്മ അവിടേയ്ക്ക് പോകും. മനുവിനൊഴികെ മറ്റാർക്കും ആ വീട്ടിൽ പ്രവേശനം ഇല്ല. വിശ്വസ്തനായ കാര്യസ്ഥൻ ശങ്കരനുണ്ണിക്കു പോലും…അവർ ആ വീടിനിട്ടിരിക്കുന്ന ഇരട്ടപ്പേരാണ് കൂൾ വില്ല…

ആണോ..എപ്പോൾ പോയി…?

ഒരു 10 മിനിട്ട്. അത്രേ ആയിട്ടുള്ളു. നല്ല ടെൻഷനിലാ സാർ. നീ പോകുന്നോ അങ്ങോട്ടു…

ഇല്ല..ഞാൻ ചെല്ലണം എന്നുണ്ടായിരുന്നെങ്കിൽ അമ്മാവൻ പോയപ്പോൾ പറയുമായിരുന്നു. വിളിച്ചാൽ പോകും…മനു പറഞ്ഞു.

ഓകെ ടാ…ഞാൻ വിളിക്കാം…കാശി പറഞ്ഞു. അവൻ ഫോൺ വെച്ചു. ശങ്കരനുണ്ണിയോട് കാര്യം പറഞ്ഞു അവനും വീട്ടിലേയ്ക്കു തിരിച്ചു.

രാത്രി കീർത്തന വിളിച്ചു. ആദ്യം കുറെ സങ്കടം പറച്ചിൽ ഒക്കെ ആയിരുന്നു എങ്കിലും മനു അതി വിദഗ്ധമായി അവളെ ആ വിഷയത്തിൽ നിന്നും പിന്തിരിപ്പിച്ചു. അവൻ കാലത്തു കണ്ട സ്വപ്നം അവളോട്‌ പറഞ്ഞു…

കീർത്തന പൊട്ടിച്ചിരിക്കുകയായിരുന്നു. എന്റെ കീർത്തൂ നീ ഇങ്ങനെ ചിരിക്കാതെ…

പിന്നല്ലാതെ…എന്റെ മനുവേട്ടാ…ന്റെ വയറു പൊട്ടിപ്പോകും ചിരിച്ചു ചിരിച്ചു വയ്യ…എന്തൊരു സ്വപ്നമാ…കീർത്തന അപ്പോഴും ചിരി നിർത്തിയിരുന്നില്ല.

നിർത്തെടി പോത്തെ..കുറെ നേരായി..മനുഷ്യനെ കളിയാക്കുന്നു…മനു ചൂടായി.

പിന്നല്ലാതെ..ന്റെ മനുവേട്ടാ..ഹിമാലയവും മഞ്ഞും ബംഗ്ളാവും ഒക്കെ പോട്ടെ…ഈ മരം കോച്ചുന്ന തണുപ്പുള്ള ആ സ്ഥലത്തു നേരം പുലരും മുൻപേ കുളിച്ചു കുറിതൊട്ടു നിൽക്കാൻ നിങ്ങളെപ്പോലെ നട്ട പ്രാന്തുള്ള ആരെങ്കിലും വേറെ കാണുമോ…? അവൾ പൊട്ടിച്ചിരിച്ചു.

ജീവിതത്തിലെ സങ്കടങ്ങൾക്കിടയിലും അവളുടെ കിലുങ്ങി ചിരിച്ചപ്പോൾ അവനൊരു ആശ്വാസം തോന്നി. ശരിയാ…എങ്കിലും മഞ്ഞും മഴയും ഒന്നും ഇല്ലെങ്കിലും ആ പെൺകുട്ടിയെ ഞാൻ കണ്ടെടി…മനു പറഞ്ഞു.

വാട്…അവൾ ചോദിച്ചു.

എന്റെ പൊന്നു കീർത്തൂ അവളെ ഞാൻ കണ്ടു എന്നു…

എവിടെവെച്ചു..പറയ് മനുവേട്ടാ..മനുഷ്യനെ വട്ടാക്കാതെ…അവൾ കൊഞ്ചി.

അമ്പലത്തിൽ വെച്ചു..ദേവിയുടെ മുൻപിൽ നിന്നു കീർത്തനം ചൊല്ലുന്ന അവളെ ഞാൻ കണ്ടു. അവളെ നോക്കി നിന്നപ്പോഴാണ് നീ ന്റെ ചെവിക്കു പിടിച്ചത്…മനു പറഞ്ഞു.

അയ്യോ..ഞാൻ കണ്ടില്ല ആ കുട്ടിയെ..ശെ..നാത്തൂന് ഭംഗിയൊക്കെ ഉണ്ടോ എന്നറിയാമായിരുന്നു…അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. അവൻ മറുപടി ഒന്നും പറഞ്ഞില്ല. എന്നാലും മഞ്ഞു പെയ്യുന്ന ഹിമാലയത്തിൽ പുലർച്ചെ കുളിച്ചു കുറി തൊട്ടു വരുന്ന ആ ചേട്ടത്തി ആരായിരിക്കും.

പോടി..പോ..പോയി കിടന്നുറങ്ങു…ഹോസ്റ്റൽ അല്ലെ…പാതിരാത്രിയാകാറായി…മനു പറഞ്ഞു.

ഹാ.. ഇവിടെ മറ്റാരുമില്ല ബ്രോ…അമ്മ പെട്ടിയും കിടക്കയും എടുത്തു തന്നു പാക് അപ് ആകാൻ പറഞ്ഞതോണ്ടാ…അല്ലെങ്കിൽ ആരുമില്ലാത്ത ഇവിടെ ഞാൻ എന്ത് ചെയ്യാനാ…കുറച്ചു ജൂനിയേഴ്‌സ് ഉണ്ട്. അവർക്ക് സെം എക്സാമാ…

മ്…കീർത്തുവിന്റെ മറുപടിക്ക് മനു ശക്തമായി ഒന്നു മൂളി. പിന്നെയും കുറച്ചുകൂടി വിശേഷങ്ങൾ പറഞ്ഞു കഴിഞ്ഞാണ് അവൻ ഫോൺ വെച്ചത്.

*** *** ***

പിറ്റേന്ന് രാവിലെ ഫോൺ തുടരെ അടിക്കുന്നത് കേട്ടാണ് മനു ഉണർന്നത്. കിടക്കയിൽ കിടന്നുകൊണ്ട് തന്നെ അവൻ ഫോണെടുത്തു.

മനു…എത്ര നേരമായെടാ നിന്നെ വിളിക്കുന്നു…ഫോണെടുത്തപ്പോഴേ കാശിയുടെ ശബ്ദമാണ് കാതിൽ പതിച്ചത്.

ഓഹ്..നീയായിരുന്നോ…?

അല്ലെടാ നിന്റെ കെട്ടിയോൾ. ഒരത്യാവിശം പറയാനാടാ കൊപ്പേ വിളിച്ചത്.

എന്തു അത്യാവിശ്യം…?

നീ വേഗം ഓഫീസിലോട്ടു വാ പറയാം…കാശി പറഞ്ഞു. ഓകെ ഞാൻ ദാ എത്തി…അതും പറഞ്ഞു മനു ഫോൺ വെച്ചു. പെട്ടെന്ന് വീണ്ടും ഫോൺ ബെല്ലടിച്ചു…അവൻ ഫോണെടുത്തു. ടാ കാശിയാ…

ആ പറയെടാ…

അതല്ലെടാ ഞാൻ വേഗം വരാൻ പറഞ്ഞതു കൊണ്ടു നീ പല്ലും തേയ്ക്കാതെ കുളിക്കേം ചെയ്യാതെ വന്നാലോ…അതോണ്ട് അതൊക്കെ കഴിഞ്ഞു വന്നാൽ മതി കേട്ടോ…കാശി പറഞ്ഞതും മനുവിന് ചിരിയാണ് വന്നത്…ഓകെ…അതും പറഞ്ഞവൻ ഫോൺ വെച്ചു.

മനു വേഗം ഫ്രഷായി ഇറങ്ങിവന്നു. കഴിക്കുന്നില്ലേ മനു…ഇല്ലമ്മേ..ടൈം ഇല്ല. കാശി വിളിച്ചിരുന്നു. അത്യാവശ്യമായി കാണണം എന്ന് പറഞ്ഞു. കണ്ടിട്ടു സമയമുണ്ടേൽ വരാട്ടോ…

അച്ഛൻ ഇവിടെ…? താക്കോൽ എടുക്കുന്നതിനിടയിൽ അവൻ ചോദിച്ചു. കുളിക്കുന്നു.

ഇന്ന് ലേറ്റായി പോയാൽ മതി…ശാരദ പറഞ്ഞു.

ഓകെ…അച്ഛനോട് പറഞ്ഞേക്കണേ. പോയി വരാട്ടോ…അതും പറഞ്ഞവൻ ഇറങ്ങി. കാറാണ് എടുത്തത്. കാർ തൃക്കോവൂർ കിഴക്ക് എന്ന പേരെഴുതിയ ഗേറ്റ് കടന്നു പോകുന്നതും നോക്കി ശാരദ നിന്നു.

മനുവിന്റെ കാർ അനന്തവർമ്മയുടെ ഓഫീസിനു മുന്പിലെത്തി. വക്കീൽ കോട്ടണിഞ്ഞു നിൽക്കുകയായിരുന്നു കാശി. അവൻ ഇടയ്ക്കിടയ്ക്ക് വാച്ചിൽ നോക്കിക്കൊണ്ടിരുന്നു.

ആഹാ..എത്തിയോ…? എത്ര നേരായിട്ടു നോക്കി നിൽക്കുകയാടാ…മനു കാറിൽ നിന്നിറങ്ങിയപാടെ കാശി ഓടി അവനടുത്തെത്തിയിരുന്നു.

നീ ശ്വാസം വിട്…കാര്യം പറയ്…മനു പറഞ്ഞു.

കാര്യം ദാ ഇതാ…കാശി അതും പറഞ്ഞു കയ്യിലിരുന്ന കവർ അവനു നേരെ നീട്ടി. മനു ആ കവർ തുറന്നു നോക്കി.

ഇന്നലെ ഞാൻ ഇവിടെ വന്നപ്പോ സേതുലക്ഷ്മി തന്നതാ. അവളാ ലാസ്റ്റ് ഇറങ്ങിയെ. പോസ്റ്റ് മാൻ കൊണ്ടു കൊടുത്തതാ. സാറിനുള്ള ലെറ്റർ…

മനു ശ്രദ്ധാപൂർവം ആ കവറിൽ ഉള്ള അഡ്രസ്സ് വായിച്ചു.

അഡ്വക്കേറ്റ് ജാനകി സത്യമൂർത്തി…

കാശി ഇത്…മനു ചോദിച്ചു.

സാറിനുള്ളതായതിനാൽ ഓപ്പൺ ആക്കിയില്ല…കാശി പറഞ്ഞു നിർത്തിയതും മനു വീണ്ടും അതു വായിച്ചു. ഇതു പക്ഷെ ഇങ്ങനൊരു ലെറ്റർ…ഫ്രം അഡ്വക്കേറ്റ് ജാനകി സത്യമൂർത്തി..അടുത്ത പാരയാണോ…?

മ്…ആവോ…വക്കീൽ നോട്ടീസോ മറ്റോ ആണോന്നറിയില്ല. അതാ പ്രോബ്ലെം…ഇതു എത്രയും വേഗം സാറിനടുത്തു എത്തിക്കണം. ഇല്ലെങ്കിൽ പ്രശ്നം വഷളാകും.

മ്…നീ വരുന്നോ നിളയിലേക്ക്…മനു ചോദിച്ചു.

നിള…കാശി ആ പേര് സ്വയം പറഞ്ഞു നോക്കി.

നിള..ഓർ കൂൾ വില്ല..വരുന്നോ…? മനു കാശിയോടായി ചോദിച്ചു…

സാറിന് ഇഷ്ടമാകുമോ…? അവൻ ചോദിച്ചു. അതൊക്കെ ആകും. നീ വാ…മറ്റൊന്നും ആലോചിക്കാതെ മനു കാശിയെയും കൂട്ടി നിളയിലേക്ക് പുറപ്പെട്ടു.

അവർ ചെന്നപ്പോഴും ശാന്തമായിരുന്നു ആ വീട്. ഓടിട്ട ചെറിയൊരു പഴയ വീടുപോലെ തോന്നിക്കും കണ്ടാൽ…പക്ഷെ നല്ല ഇന്റീരിയർ വർക്കുകൾ മൊത്തത്തിൽ ആ വീടിനൊരു പ്രൗഢി കൊണ്ടുവന്നിട്ടുണ്ട്. അവർ വരാന്തയിൽ കയറി ബെൽ അമർത്തി. സോപാനത്തിൽ ഇരുന്നു. അൽപ്പം കഴിഞ്ഞാണ് വാതിൽ തുറന്നു വന്നത്.

അനന്തവർമ്മയെ കണ്ടു കാശി സ്തബ്‌ദ്ധനായി നിന്നു. കാവി മുണ്ടുടുത്തു ബനിയനും ഇട്ടു വെറും സാധാരണക്കാരനായി ഒരു കയ്യിൽ കട്ടൻ കാപ്പി അടങ്ങിയ കുപ്പി ഗ്ലാസ്സും പിടിച്ചു നിൽക്കുന്നു അനന്തവർമ്മ…

ഹാ കാശിനാഥ്, കയറിവരൂ..മനു..വാ…

സാധാരണക്കാരനായി ചിരിച്ചുകൊണ്ടവരെ അയാൾ അകത്തേയ്ക്കു ക്ഷണിച്ചു. താമസിച്ചോ…? മനു അദ്ദേഹത്തോടായി ചോദിച്ചു.

മ്…അവധി എടുത്തതല്ലേ…ഒന്നുറങ്ങാം എന്നു കരുതി. പാല് കാണില്ല. കട്ടൻ ഇടട്ടെ…അദ്ദേഹം ചോദിച്ചു.

നൊ സർ..ഒന്നും വേണ്ട…കാശി പറഞ്ഞു. കട്ടൻ ഞാൻ ഇടാം അമ്മാവാ…മനു അതും പറഞ്ഞു അകത്തേയ്ക്കു നടന്നു. അതിനിടയിൽ കാശി കയ്യിലിരുന്ന കവർ അദ്ദേഹത്തിന്റെ കയ്യിൽ ഏൽപ്പിച്ചു.

ഇന്നലെ വൈകീട്ട് ഞാൻ ചെന്നപ്പോൾ സേതുലക്ഷ്മി ഏല്പിച്ചതാ…സാറിനുള്ളതായതിനാൽ പൊട്ടിച്ചില്ല. ഇതാ സർ…കണ്ടിട്ടു വക്കീൽ നോട്ടീസ് ആണെന്ന് തോന്നി..അതാ വേഗം…

ഓകെ…താങ്ക് യൂ കാശിനാഥ്…തനിക്കു ഉച്ച കഴിഞ്ഞു ഹിയറിങ് ഉള്ളതല്ലേ…?

അതേ സർ..മനു പറഞ്ഞതുകൊണ്ട് കൂടെ വന്നതാ…

ഓഹ്..ഇട്‌സ് ഓകെ..ഞാൻ ബ്രേക്ക് ഫാസ്റ്റ് ആക്കിയില്ല..അതാ…

ഞാൻ കഴിച്ചു സർ…കാശി പറഞ്ഞു.

ഓകെ…

കാശി..ദാ കട്ടൻ..അപ്പോഴേയ്ക്കും മനു അവനും കട്ടൻ കൊടുത്തിരുന്നു. അവർ അത് കുടിക്കുന്നതിനിടയിൽ സാവകാശം അനന്തവർമ്മ ആ കവർ പൊട്ടിച്ചു. സൂക്ഷ്മമായി വായിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ മുഖത്തു പരിഭ്രമം നിറഞ്ഞു.

എന്താ അമ്മാവാ..എന്തെങ്കിലും പ്രശ്നം…മനു ചോദിച്ചു.

ഹേയ്..ഒന്നുമില്ല..നിനക്കു എന്നാ ബാംഗ്ളൂർക്കു പോകേണ്ടെ…? അദ്ദേഹം വിഷയം മാറ്റാൻ എന്നതുപോലെ പറഞ്ഞു.

അടുത്തയാഴ്ച്ച..എങ്കിൽ ശരിയമ്മാവാ ഇറങ്ങുകയാ. കാശി…മനു എഴുന്നേറ്റു. ഒപ്പം കാശിയും…

കാശി പഠിക്കുകയായിരുന്നു. വാക്കിലും നോക്കിലും പോലും അവർ ഓരോ കാര്യങ്ങൾ കൈമാറുകയാണ്…അവർ പുഞ്ചിരിയോടെ തിരിച്ചിറങ്ങി.

അപ്പോഴും ആ രണ്ടു മനസ്സുകളിലും ജാനകി സത്യമൂർത്തിയുടെ ആ ലെറ്ററിൽ അടങ്ങിയിരിക്കുന്നത് എന്തു എന്ന സംശയം ആയിരുന്നു.

അപ്പോഴും അവർ അറിഞ്ഞില്ല…ഉള്ളിൽ തിളയ്ക്കുന്ന മനസ്സുമായി നിന്നു കൈവീശി യാത്രയയ്ക്കുന്ന അനന്തവർമ്മയുടെ അവസാനത്തെ സന്തോഷവും ഇല്ലാതാക്കിയിട്ടാണ് അവർ മടങ്ങുന്നതെന്ന്…

തുടരും…