ഒരു പെണ്ണിന്റെ ആത്മഹത്യാക്കുറിപ്പ് – രചന: Aswathy Joy Arakkal
പ്രകാശേട്ടന്…
ഒരുപക്ഷെ ഏട്ടൻ ഈ എഴുത്തു വായിക്കുമ്പോഴേക്കും ഞാൻ ഈ ലോകത്തു നിന്നു തന്നെ പോയിട്ടുണ്ടാകും. അങ്ങനെ തന്നെ ആകണം എന്നാണെന്റെ ആഗ്രഹവും…അതേ ഇതു എന്റെ ആത്മഹത്യാ കുറിപ്പാണു…
പ്രകാശേട്ടന്റെ ആഗ്രഹങ്ങൾക്ക് പലതിനും വിലങ്ങു തടിയായ ഏട്ടനെ, ഏട്ടന്റെ ബുദ്ധിമുട്ടുകളെ, ഒരിക്കലും മനസ്സിലാക്കിയിട്ടില്ലെന്നു ഏട്ടൻ തന്നെ പലപ്പോഴും വിളിച്ചു പറയാറുള്ള…പലപ്പോഴും പറയാറുള്ളത് പോലെ നിങ്ങൾക്കൊരു ബാധ്യതയോ, മാരണമോ ആയി, നിങ്ങൾ ഒട്ടും ആഗ്രഹിക്കാതെ നിങ്ങളുടെ ജീവിതത്തിലേക്ക് വന്ന ഈ പൊട്ടിപ്പെണ്ണ് പോവുകയാണ് ഈ ലോകത്തു നിന്നു തന്നെ…
കേൾക്കുന്നവർ മൂക്കത്തു വിരല് വെച്ചേക്കാം എന്റെ സ്വഭാവശുദ്ധിയെ വരെ ചോദ്യം ചെയ്തേക്കാം…ഒരുപക്ഷെ പിഴച്ചവളെന്നു വരെ മുദ്ര കുത്തിയേക്കാം…അല്ലെങ്കിൽ തിന്നത് എല്ലിന്റെ ഇടയിൽ കയറിയതിന്റെ അഹങ്കാരം കൊണ്ട് ചെയ്തതാണെന്ന പതിവ് ഡയലോഗുകൾ പറഞ്ഞേക്കാം…
കാരണം മറ്റുള്ളവരുടെ മുന്നിൽ എനിക്കെന്താണ് കുറവ്…?
അഞ്ചക്ക ശമ്പളം വാങ്ങുന്ന സൽസ്വഭാവിയും സദ്ഗുണ സമ്പന്നനുമായ പ്രകാശൻ മാഷിന്റെ ഭാര്യ…തങ്കക്കുടം പോലെ രണ്ടു കുഞ്ഞുങ്ങൾ…വീട്…കാറ്…എന്നിട്ടും ഇങ്ങനെ ചെയ്തത് എല്ലിന്റെ ഇടയിൽ കുത്തുന്നത് അല്ലാതെന്താണ്…
പതിനാലു വർഷമായിട്ടും പ്രകാശേട്ടൻ പോലും മനസ്സിലാക്കാത്ത മനസ്സു വേറെ ആരു മനസ്സിലാക്കാനാണ് അല്ലേ…
ഈ മനസ്സൊന്നു തുറക്കാൻ കൊതിച്ചിട്ടുണ്ട് ഞാൻ ഒരുപാടു പക്ഷെ അപ്പോഴൊക്കെ സ്വന്തം ബുദ്ധിമുട്ടുകൾ പറഞ്ഞും. ഒച്ചയെടുത്തും ഏട്ടൻ എന്റെ നാവടക്കി നിശ്ശബ്ദയാക്കി. പക്ഷെ ഇന്നു പ്രകാശേട്ടൻ എന്നെ മനസ്സിലാക്കിയില്ലെങ്കിലും ഉൾക്കൊണ്ടില്ലെങ്കിലും ഇതു വായിക്കും. എന്റെ മനസ്സിനെ കേൾക്കും. അതെനിക്കുറപ്പാ…
പ്രകാശേട്ടനറിയോ…ജാതകദോഷവും, വയ്യാതെ കിടക്കുന്ന അമ്മയുടെ ആഗ്രഹവും മനസ്സിലേറ്റി പത്തൊൻപതാം വയസ്സിൽ പ്രകാശേട്ടന്റെ താലിക്കു മുന്നിൽ കഴുത്തു നീട്ടുമ്പോൾ ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു…പഠിക്കണം, ഒരു ജോലി നേടണം…കുടുംബം നോക്കാനും, അടുക്കള പണി ചെയ്യാനും കൂടുതൽ പഠിപ്പിന്റെ ആവശ്യമില്ല എന്ന ഒരൊറ്റ വാചകം കൊണ്ട് പ്രകാശേട്ടനും, വീട്ടുകാരും എന്റെ സ്വപ്നങ്ങളുടെ കടക്കൽ കത്തി വെച്ചു.
ഒരു അധ്യാപകൻ കൂടിയായ ഏട്ടന്റെ അത്തരത്തിലുള്ള വാചകങ്ങൾ അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞെന്ന് പറയാം. ഞാനൊന്നു പുറത്തു പോകുന്നതോ, ആളുകളുമായി ഇടപെഴകുന്നതോ ഏട്ടൻ ഇഷ്ടപ്പെട്ടില്ല. എന്തിനു എന്റെ വീട്ടിൽ പോയി രണ്ടു ദിവസം നിൽക്കണമെന്ന് പറഞ്ഞാൽ പോലും മുഖം കറുക്കും. പുറംലോകവുമായുള്ള എന്റെ ബന്ധം…വേണ്ടതൊക്കെ ഞാൻ വാങ്ങിക്കൊണ്ടു വന്നു തരുന്നില്ലേ, പിന്നെ നീ എന്തിന് കെട്ടിയൊരുങ്ങി തുള്ളാൻ പോകണം എന്ന ഒരൊറ്റ വാചകം കൊണ്ട് ഏട്ടൻ അവസാനിപ്പിച്ചു.
ഇതൊക്കെ പറയുന്ന ഏട്ടൻ 4 മണിക്ക് സ്കൂൾ വിട്ടാലും 7.30 ആകാതെ ഇന്നുവരെ വീട്ടിൽ കയറിയിട്ടുണ്ടോ…? കൂട്ടും, സൗഹ്രദവുമെല്ലാം പെണ്ണിന് മാത്രം നിഷിദ്ധം ആകുന്നത് എങ്ങനെയെന്നു കൂടെ പറയാമോ ഏട്ടാ…?
ഏട്ടന്റെ ഭാഷയിൽ പറഞ്ഞാൽ പെണ്ണുങ്ങളുടെ കൂട്ടം ഏഷണി കൂട്ടം അല്ലേ…നിങ്ങൾ ആണുങ്ങൾ മാത്രം തത്വചിന്തകളും, രാഷ്ട്ര പുരോഗതിയും ചർച്ച ചെയ്യുന്ന മഹാന്മാർ…ഇതേ ഏട്ടൻ ഒരു ആറ്റിറ്റ്യൂഡ് ഉള്ള, അറിവുള്ള, പ്രതികരിക്കുന്ന പെണ്ണിനെ കാണുമ്പോൾ…കുടുംബത്തിൽ പിറക്കാത്തവൾ എന്നു പിറുപിറക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്…അതെന്താ ഏട്ടാ അങ്ങനെ…?
ഏട്ടൻ പറയാറുള്ളത് പോലെ തന്നെ…ഇവിടെ എനിക്കൊന്നിനും ഒരു കുറവുമുണ്ടായിരുന്നില്ല. ഭക്ഷണം, വസ്ത്രം, ആഭരണങ്ങൾ, സുഖ സൗകര്യങ്ങൾ അങ്ങനെ ഒരു കുറവും ഞാൻ അറിഞ്ഞില്ല. പോരാത്തതിന് മദ്യപാനവും, ലഹരിയുമില്ലാത്ത പുരുഷൻ എതു പെണ്ണിന്റെയും സ്വപ്നമല്ലേ…?
പക്ഷെ എന്നോടൊന്നും മിണ്ടാനോ, എനിക്കൊപ്പം സമയം ചിലവഴിക്കാനോ പ്രകാശേട്ടനു സമയമില്ലായിരുന്നു. ഒരുമിച്ചൊന്നു പുറത്തു പോകാൻ, മുട്ടിയുരുമ്മി ഇരുന്നൊരു സിനിമ കാണാൻ, കൈകൾ കോർത്തു പിടിച്ചൊന്നു നടക്കാൻ ഞാൻ എത്ര ആഗ്രഹിച്ചിരുന്നുവെന്നോ…?
പൈങ്കിളി എന്നും, നാട്ടുകാരോ, വീട്ടുകാരോ കണ്ടാലെന്തു വിചാരിക്കുമെന്നും പറഞ്ഞു അവിടെയും ഏട്ടനെന്നെ വിലക്കി. ഏട്ടനെന്റെ അടുത്തിരിക്കുന്നത്, എന്നെയൊന്നു തൊടുന്നത് രാത്രികളിൽ മാത്രമായിരുന്നു. അതും ഒരു ചടങ്ങ് പോലെ…
ചടങ്ങുപോലെ എല്ലാം തീർത്തു മൊബൈലുമായി പുറം തിരിഞ്ഞു കിടക്കുന്ന ഏട്ടൻ എന്നെങ്കിലും കണ്ടിട്ടുണ്ടോ നിശബ്ദമായി എന്നിൽ നിന്നൊഴുകുന്ന കണ്ണീർ കടലിനെ…
ഒരു പെണ്ണിനാവശ്യം ആണിന്റെ മേയ്ക്കരുത്തല്ല അവന്റെ തലോടലും നെഞ്ചിലെ ചൂടുമാണ്. ആ നെഞ്ചിലൊന്നു തല ചായ്ച്ചു വിശേഷങ്ങൾ പങ്കു വെക്കാൻ എത്ര രാത്രികളിൽ ഞാൻ കൊതിച്ചിരുന്നെന്നോ…പലപ്പോഴും നെഞ്ചു പൊട്ടി പോകുന്നത് പോലെ തോന്നാറുണ്ടെനിക്ക്…
അച്ചുവിനെ പ്രസവിച്ചു റൂമിലേക്ക് കൊണ്ടു വന്നപ്പോൾ ഞാൻ ഒരുപാടു ആഗ്രഹിച്ചു ഏട്ടനെന്റെ അടുത്തു വന്നൊന്നു ഇരുന്നെങ്കിൽ…എന്റെ നെറ്റിയിലൊന്നു തലോടിയിരുന്നെങ്കിൽ…പക്ഷെ അവിടെയും അന്യനെ പോലെ വാതിൽക്കലേക്കു മാറി നിന്നു ഏട്ടനെന്നെ നിരാശനാക്കി.
പ്രസവശേഷവും എന്റെ വീട്ടുകാർ ചെയ്തത് കുറഞ്ഞു പോയി, കുഞ്ഞിനെ നോക്കിയത് ശരിയായില്ല, കുളിപ്പിച്ചത് ശരിയായില്ല…എന്നൊക്കെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നിൽ വെച്ചു കുറ്റപ്പെടുത്തുമ്പോൾ, പരിഹസിക്കുമ്പോൾ വേവുന്നൊരു മനസ്സ് എനിക്കുമെണ്ടെന്നു ആരും ഓർത്തില്ല…
അതേ ഏട്ടൻ സ്ത്രീധനത്തെ പറ്റിയും, സ്ത്രീ സ്വാതന്ത്രത്തെ പറ്റിയുമൊക്കെ പങ്കു വെക്കുന്ന ലേഖനങ്ങളെ പറ്റി പലരും പുകഴ്ത്തുന്നതു കാണുമ്പോൾ പുച്ഛം തോന്നാറുണ്ടെനിക്ക്…മക്കളുമായി എന്റെ വീട്ടിലൊന്നു പോകാനോ, താമസിക്കാനോ…എന്തിനു നാവെടുത്താൽ എന്റെ വീട്ടുകാരെ കുറ്റം മാത്രം പറയുന്ന ഏട്ടൻ അച്ഛൻ തരുന്ന സഹായങ്ങളോരിക്കലും വേണ്ടെന്നു പറയുന്നത് ഞാൻ കേട്ടിട്ടില്ല…അതെന്താണേട്ടാ അങ്ങനെ…
എന്നെയാരും ഒന്നിനും സഹായിച്ചിട്ടില്ല, ഞാൻ സ്വന്തായി അദ്ധ്വാനിച്ചാണ് എല്ലാം ഉണ്ടാക്കിയത് എന്നു വീമ്പു പറയുന്ന ഏട്ടൻ മറന്നു പോയോ, ഈ സ്ഥലം വാങ്ങാൻ വിറ്റ സ്വർണത്തിന്റെ തൂക്കം…ഈ വീടുപണിയാൻ എന്റെ അച്ഛൻ തന്ന 20 ലക്ഷം രൂപയുടെ കാര്യം…കണക്കു പറയുന്നതല്ല…പറയാതിരിക്കാൻ സാധിക്കുന്നില്ല…
പ്രസവശേഷം തൂങ്ങിയ വയറും, മാറിടങ്ങളും വയറിൽ വന്ന വരയും കുറിയും എല്ലാം ഏട്ടനിൽ അറപ്പുളവാക്കുന്നുവെന്ന് നിർദാക്ഷിണ്യം പറഞ്ഞപ്പോൾ എന്റെ മനസ്സു വേദനിച്ചത് ഏട്ടൻ കണ്ടിരുന്നോ…? ആ മുറിവിൽ നിന്നു രക്തം പൊടിഞ്ഞത് ഏട്ടനറിഞ്ഞിരുന്നോ…? അതോടെ രാത്രിയിലെ ആ ചടങ്ങ് പോലും വല്ലപ്പോഴും മാത്രമായി…
അപ്പോഴൊക്കെ ഏട്ടൻ മനസ്സിക്കാതെ പോയ ഒന്നുണ്ടു…ഞാനെന്റെ ശരീരം കളഞ്ഞത് എനിക്ക് വേണ്ടിയല്ല…നമക്കു വേണ്ടിയാണു എന്നു…ഏട്ടന്റെ കൂടെ സന്തോഷത്തിനു വേണ്ടിയാണെന്ന്…
ചിന്നുവിന് വയസ്സ് തികയുന്നതിനു മുൻപ് ഹെർണിയക്ക് ഓപ്പറേഷൻ വേണമെന്ന് പറഞ്ഞപ്പോൾ, ഒന്നാശ്വസിപ്പിക്കുന്നതിനു പകരം ഏട്ടൻ പറഞ്ഞതോർമ്മയുണ്ടോ…
“എന്നും അസുഖവും ആശുപത്രിയും…മാരണം എന്റെ തലയിൽ തന്നെ വന്നു കയറ്റിയല്ലോ എന്ന്…”
എന്റെ ആഗ്രഹങ്ങൾ എന്താണെന്നു പോലും ഇപ്പോൾ എനിക്കറിയില്ല…ഇഷ്ടമുള്ള നിറമെന്തെന്നോ, ഭക്ഷണമെന്തെന്നോ പോലും ഞാൻ മറന്നു. ഏട്ടന്റെയും, മക്കളുടെയും ഇഷ്ടങ്ങൾ എന്റേത് കൂടെ ആയി മാറുകയായിരുന്നു. അതിലൊന്നും പരാതിയോ, പരിഭവമോ ഇല്ല…
ഒരു കരുതൽ, സ്നേഹത്തോടെയൊരു നോട്ടം അതൊക്കയേ ഞാൻ ആഹ്രഹിക്കുന്നുള്ളു…എന്തെങ്കിലുമൊന്നു പറയാൻ ശ്രമിച്ചാൽ അപ്പൊ തുടങ്ങും, നീ ഇവിടെ വെറുതെ ഇരിക്കുന്നതു കൊണ്ടാണ് ഇങ്ങനെ ഓരോ തോന്നൽ എന്നു…
ഏട്ടന് ഹൃദയത്തിൽ തൊട്ടു പറയാമോ ഞാനിവിടെ വെറുതെ ഇരിക്കുകയാണെന്നു..അല്ലെങ്കിൽ ഈ ഇരുപ്പു ഞാൻ ആഗ്രഹിച്ചതാണെന്നു…എനിക്ക് എത്ര വയ്യെന്ന് പറഞ്ഞാലും ഞാൻ ചായ ഇട്ടു വിളിക്കാതെ ഏട്ടൻ ഏണിക്കാറുണ്ടോ…എനിക്കെന്തു പറ്റി എന്നു അന്വേഷിച്ചിട്ടുണ്ടോ…
മക്കളുടെ ബുക്ക് ഒന്ന് തൊട്ടുനോക്കുക പോലും ചെയ്യാത്ത ഏട്ടൻ ഞെളിഞ്ഞു പ്രോഗ്രസ്സ് റിപ്പോർട്ട് ഒപ്പിടാൻ പോകുന്നതു എനിക്ക് അഭിമാനം തന്നെയാണ്. അതേ എട്ടൻ അവരുടെ മാർക്ക് ഒന്ന് കുറഞ്ഞു പോയാൽ ചന്ദ്രഹാസം ഇളക്കും. തള്ളയുടെ അല്ലേ ബുദ്ധി എന്നു പറഞ്ഞു പരിഹസിക്കും. നല്ലതെല്ലാം ഏട്ടന്റെ…കുറവുകളൊക്കെ അമ്മയ്ക്ക്…അല്ലേ…
വേണ്ട എന്തെങ്കിലുമൊന്ന് പറഞ്ഞു പോയാൽ അപ്പോ ഏട്ടൻ പറയും ഇതൊക്കെ എല്ലാ പെണ്ണുങ്ങളും ചെയ്യുന്നത് ആണ്. ഇത്ര കണക്കു പറയണ്ടാന്നു…കണക്കു പറയുകയല്ല…മനസ്സ് പങ്ക് വെക്കാൻ അത്ര കൊതിയാണെനിക്ക്…
എനിക്കറിയാം ഏട്ടൻ നന്നായി കഷ്ട്ടപെട്ട് തന്നെയാണ് കുടുംബം നോക്കുന്നത്. കഴിക്കാനും, കുടിക്കാനും, ഒന്നും കുറവ് വരുത്തിയിട്ടില്ല. പക്ഷെ ഭക്ഷണവും, കാശും മാത്രമാണോ ഏട്ടാ കുടുംബജീവിതം…അതിനപ്പുറത്തേക്കൊരു ഇമോഷണൽ…വൈകാരിക ബന്ധം, സ്നേഹം അങ്ങനൊന്നില്ലേ…കുറച്ചെങ്കിലും പരസ്പരം മനസ്സ് കൊണ്ട് അറിയണ്ടേ…
ആഗ്രഹങ്ങൾ പറഞ്ഞാൽ ഒരുപാടാണ്…അടുത്തൊന്നു ഇരിക്കാൻ, ആ നെഞ്ചിൽ ഒന്നു തല ചായ്ക്കാൻ, വിശേഷങ്ങൾ പങ്ക് വെക്കാൻ, കൈകോർത്തു പിടിച്ചൊന്നു നടക്കാൻ…ഇതൊന്നും ഒരിക്കലും ഏട്ടന് അംഗീരിക്കാൻ പറ്റില്ലെന്നറിയാം…
ഏട്ടന് കുറ്റപ്പെടുത്താനും, കുത്തി നോവിക്കാനും, ചീത്ത വിളിക്കാനും, വീട്ടുപണിക്കും അച്ഛൻ വാങ്ങി തന്ന കൂലിയില്ലാത്തൊരു വേലക്കാരി അല്ലേ ഞാൻ…അല്ലെങ്കിൽ ഏട്ടൻ തന്നെ പറയാനുള്ളത് പോലെ ഏട്ടന്റെ ആഗ്രഹങ്ങൾക്ക് വിലങ്ങു തടി അല്ലേ ഞാൻ…
ഞാനില്ലായിരുന്നെങ്കിൽ ഏട്ടൻ എവിടെയൊക്കെയോ എത്തിപ്പോയേനെ എന്നു ഇടക്കിടെ പറയാറില്ലേ…ഒന്നു ചോദിച്ചോട്ടെ, ഞാൻ ആവശ്യപ്പെട്ടിരുന്നോ എന്നെ വന്നു കണ്ടു കല്യാണം കഴിക്കാൻ…
നാട്ടുകാർക്ക് ഒരു കുറ്റവും പറയാനില്ലാത്ത പ്രകാശൻ മാഷ്…മദ്യപിക്കില്ല, പുകവലിക്കില്ല…ഒരു സത്യം ഞാനിപ്പോ തുറന്നു പറയട്ടെ…അപ്പുറത്തെ ദിനേശൻ കുടിച്ചു വന്നു മായയുമായി വഴക്കിട്ടു പിറ്റേന്ന് പിണക്കം തീർക്കാൻ അവളെ കൊണ്ട് കറങ്ങാൻ പോകും, അപ്പൊ ഞാൻ വിചാരിക്കും ഇതിലും ഭേദം ഏട്ടൻ കുറച്ചൊക്കെ മദ്യപിക്കുന്നത് ആയിരുന്നെന്നു…കുറച്ചു വിഷമിച്ചാലും പിന്നീട് ഇത്തിരി ഒരു സ്നേഹം കിട്ടുമല്ലോ…മദ്യപാനത്തെ പ്രൊത്സാഹിപ്പിക്കുക അല്ല…അത്രയ്ക്ക് മനസ്സു നൊന്തു പോയി. അതോണ്ടാ…
ഇനിയും ഏട്ടനൊരു ഭാരവും, തടസ്സവുമായി ഞാൻ ജീവിക്കുന്നില്ല…എല്ലാം ഉപേക്ഷിച്ചു ഈ മഞ്ജു പോവുകയാണ് നിത്യശാന്തിയുടെ ആ ലോകത്തേക്ക്…
ഒരു വാക്ക് കൂടെ…അച്ചുവിനെയും, ചിന്നുവിനെയും നന്നായി നോക്കണം…സാധാരണ എപ്പോഴും ചെയ്യാറുള്ള പോലെ എന്നോടുള്ള ദേഷ്യം അവരോടു കാണിക്കരുത്. എനിക്ക് പറ്റിയതു പോലെ പാകത ആകും മുൻപ്, പഠിപ്പു മുഴുവനാക്കാതെ, ഒരു ജോലിയാകാതെ അവളെ കല്യാണം കഴിപ്പിച്ചു അയയ്ക്കരുത്.
മോനെ പഠിപ്പിക്കുമെന്നു അറിയാം, പക്ഷെ അവനോടൊന്നു പറയണം സ്ത്രീയൊരു യന്ത്രമല്ല അവൾക്കും മനസ്സും, ആഗ്രഹങ്ങളും, പ്രതീക്ഷകളും ഉണ്ടെന്നു…
ഈശ്വരാ…ഇതെന്തു പറ്റി എനിക്ക്…?എന്റെ കണ്ണെന്താ നിറഞ്ഞൊഴുകുന്നത്…?
എന്റെ മക്കളെ പറ്റി ആലോചിച്ചിട്ടാണോ ഞാൻ…അവരെ തനിച്ചാക്കി പോകാൻ എനിക്ക് സാധിക്കില്ലേ…?
ഇല്ല…
അവരെന്നെ കാണാതെ വിഷമിക്കില്ലേ, അവർക്കാര് ഭക്ഷണം കൊടുക്കും, പഠിപ്പിക്കും, എന്നെ പോലെ വേറെ ആരു അവരെ സ്നേഹിക്കും.
പ്രകാശേട്ടൻ ഇനിയൊരു വിവാഹം കഴിച്ചാൽ എന്റെ മക്കൾ…ഇല്ല, എന്റെ മക്കളെ വിട്ടു പോകാൻ എനിക്കാകില്ല…
കണ്ണു തുടച്ചു, എഴുതിയ കുറിപ്പ് വലിച്ചു കീറി വെസ്റ്റ് ബാസ്ക്കറ്റിൽ ഇടുമ്പോഴേക്കും ക്ലോക്കിൽ മണി നാലു അടിച്ചിരുന്നു…
ഈശ്വരാ എന്റെ മക്കളിപ്പോ എത്തുമല്ലോ…ചായ പോലും വെച്ചില്ല ഞാനെന്നു പറഞ്ഞു അടുക്കളയിലേക്കോടുമ്പോൾ എഴുതിയ അക്ഷരങ്ങളെല്ലാം ആ ചവറ്റുകുട്ടയിൽ കിടന്നു നെടുവീർപ്പിടുന്നുണ്ടായിരുന്നു…