നീ നടന്ന വീഥിയിൽ – രചന: നീഹാര നിഹ
ഫേസ്ബുക് പേജിലെ പുതിയ കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഒരു അസ്വസ്ഥത.
ഏയ്, വെറുതെ എന്തൊക്കെയോ ആലോചിച്ചു തല പുകയ്ക്കുകയാണ് താൻ. മൊബൈൽ ഓഫാക്കി വച്ചിട്ട് ഒന്ന് കുളിച്ചു വരാം എന്ന് കരുതി. പക്ഷേ ബാത്‌റൂമിൽ കയറിയപ്പോഴേക്കും മനസ്സ് നൂല് വിട്ട പട്ടം പോലെ പലവിധ ചിന്തകളിലേക്കാണ് പൊയ്ക്കൊണ്ടിരുന്നത്.
ആ കഥയ്ക്ക് തന്റെ ജീവിതവുമായി സാമ്യം ഉണ്ടോ…?
കോളേജിൽ നല്ല സുഹൃത്തുക്കളായിരുന്ന ആൺകുട്ടിയും പെൺകുട്ടിയും. ലോകത്തിൽ ഒരു ആൺകുട്ടിയ്ക്കും പെൺകുട്ടിയ്ക്കും എത്ര കാലം വേണമെങ്കിലും നല്ല സുഹൃത്തുക്കളായി ഇരിക്കാം എന്ന ആൺകുട്ടിയുടെ ആദർശം നിലനിർത്താനായി പെൺകുട്ടി അവനോടുള്ള പ്രണയം മറച്ചു വയ്ക്കുന്നു.
കോളേജ് കാലഘട്ടം കഴിയുമ്പോഴേക്കും രണ്ടുപേരും രണ്ട് വഴിക്ക് പിരിയുന്നു. പഠനം ഒക്കെ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന പെൺകുട്ടി ബസ് യാത്രയിൽ കഴിഞ്ഞതൊക്കെയും ഓർത്തെടുക്കുന്ന രീതിയിൽ ആണ് കഥ പുരോഗമിക്കുന്നത്. തന്റെ വൺ വേ പ്രണയം ഓർത്ത് അവളുടെ അസ്വസ്ഥമായ മനസ്സോടെ കഥ അവസാനിക്കുന്നു…
ഒരു വിധത്തിൽ അത് താൻ ആഗ്രഹിക്കുന്നതല്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു അവൾ…
ഷവറിൽ നിന്നും വീഴുന്ന തണുത്ത വെള്ളത്തിനും തന്റെ മനസ്സിനെ തണുപ്പിക്കാൻ ആയില്ല എന്നതായിരുന്നു സത്യം. രാത്രി, അത്താഴം കഴിഞ്ഞു വന്ന് കട്ടിലിൽ കിടന്നു…
മൊബൈൽ ഗാലറിയും നോക്കി കുറച്ചു നേരം അങ്ങനെ കിടന്നു. അത്, തന്നെ കോളേജ് കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയി…
ലാവണ്യയും താനുമായി ഉള്ള കുറേ ഫോട്ടോസ്…തന്റെ എക്കാലത്തെയും നല്ല സുഹൃത്ത്…വാണി എന്ന അവളുടെ വിളിപ്പേര് ആയിരുന്നു താനും വിളിക്കാറ്…
സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒപ്പം നിന്നു. ഒരേ നാട്ടുകാർ ആയിരുന്നിട്ടും ഒരേ സ്കൂളിൽ പഠിച്ചിട്ടും കൂടുതൽ അടുത്തത് കോളേജിൽ വച്ചാണ്. ക്യാമ്പസ്സിൽ എല്ലാവരും തെല്ലൊരു അസൂയയോടെ കണ്ടിരുന്ന തങ്ങളുടെ ഫ്രണ്ട്ഷിപ്പ്…
അന്ന് പഠനം ഒക്കെ കഴിഞ്ഞ് തിരികെ ഒന്നിച്ചാണ് നാട്ടിലേക്ക് പോന്നത്. വാതോരാതെ സംസാരിക്കാറുള്ള അവൾ, അന്ന് ട്രെയിനിൽ വച്ച് സൈലന്റ് ആയിരുന്നു. കോളേജിൽ നിന്നും പോന്നതിലെ വിഷമം ആകുമെന്ന് കരുതി. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബസിൽ കയറിയപ്പോഴും അവളുടെ കണ്ണുകൾ എന്തോ പറയുന്നതായി തോന്നി. വീട്ടിൽ എത്തിയിട്ട് വിളിക്കാം എന്ന് ആഗ്യം കാണിച്ചപ്പോഴും അവൾ മറ്റേതോ ലോകത്താണെന്ന് തോന്നി.
അവസാനമായി അവളെ കാണുന്നത് ഗ്രാജ്വേഷൻ സെറിമണിയ്ക്കാണ്. ആദ്യമൊക്കെ കാൾസും ചാറ്റ്സും ഒക്കെ ഉണ്ടായിരുന്നു…പിന്നീട് കുറെ ആയപ്പോൾ അതൊക്കെ നിന്നു.
അപ്പോഴും ജീവിതം അല്ലേ, എപ്പോഴും എല്ലാം അതേ പോലെ തന്നെ ഇരിക്കണം എന്ന് വാശി പിടിക്കരുതല്ലോ എന്ന് കരുതി സമാധാനിച്ചു.
തനിക്ക് ജോലി കിട്ടിയ വിവരം അറിയിക്കാനായി വിളിച്ചപ്പോൾ ആണ് നമ്പർ മാറ്റി എന്ന വിവരം അറിയുന്നത്. ഒരു വേളയിൽ തന്നെ ഒഴിവാക്കുകയാണോ എന്ന് പോലും തോന്നിപ്പോയി.
വേണമെങ്കിൽ മെസ്സെഞ്ചർ വഴി കാര്യങ്ങൾ ഒക്കെ ചോദിച്ചറിയാമായിരുന്നു. പക്ഷേ ശ്രമിച്ചില്ല…തന്റെ അടുത്ത് ഒന്നും പറഞ്ഞില്ല, പറയാൻ ആഗ്രഹിക്കുന്നില്ല എങ്കിൽ അറിയാനും ശ്രമിച്ചില്ല…അത്രയ്ക്ക് നല്ല സുഹൃത്തുക്കളായിരുന്നിട്ടും…
പക്ഷേ ഇപ്പോൾ തനിക്ക് വായിക്കാൻ കഴിഞ്ഞു, അവളുടെ കണ്ണുകൾ അന്ന് പറയാതെ പറഞ്ഞത് എന്താണെന്ന്…അതെ വൈകിപ്പോയി…അവൾ തന്നെ സ്നേഹിച്ചിരുന്നു.
ഒരു പക്ഷേ താൻ ഇതൊന്നും അറിയാതിരിക്കാൻ സ്വയം നിയന്ത്രിച്ചാവും അവൾ ഈ അകൽച്ച കാണിച്ചത്. ഇല്ല, അവളെ താൻ വേദനിപ്പിക്കില്ല. നേരിട്ട് കാണണം, ഒന്ന് സംസാരിക്കണം…
രണ്ടു ദിവസം കൂടി കഴിഞ്ഞാൽ നാട്ടിൽ പോകേണ്ടതായി ഉണ്ട്. അമ്മാവന്റെ മകൻ അശ്വിൻ ഏട്ടന്റെ വിവാഹം ആണ്. സ്ഥിര ജോലി കിട്ടിയിട്ട് ഇത് രണ്ടാമത്തെ വർഷം ആണ്. കഷ്ടിച്ച് ഒരാഴ്ചത്തെ ലീവേ കിട്ടിയുള്ളൂ…
അന്ന് എങ്ങനെ ഒക്കെ കിടന്നിട്ടും ഉറക്കം വന്നില്ല…അങ്ങനെ മാസങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ചു. കല്യാണത്തിന്റെ തിരക്കുകളിൽ ഏർപ്പെട്ട് അങ്ങനെ കുറച്ച് ദിവസങ്ങൾ.
വിവാഹദിവസം ആയിരുന്നു ആ അപ്രതീക്ഷിത കൂടിക്കാഴ്ച്ച…ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് സദ്യയ്ക്കുള്ള സമയത്താണ് ഓഡിറ്റോറിയത്തിന്റെ ഒരു വശത്ത് കുറച്ചു പേരോട് സംസാരിച്ചു കൊണ്ട് നിൽക്കുന്ന വാണിയിൽ ശ്രദ്ധ പതിഞ്ഞത്.
സാരി ഒക്കെ ഉടുത്ത് മുല്ലപ്പൂവും മുടിയിൽ ചൂടി, പതിവിലും സുന്ദരി ആയിരുന്നു…ഒരുവേള അവളെന്റെ സുഹൃത്തായിരുന്നു എന്ന് മറന്നുപോയി.
അപ്പോഴാണ് ആലോചിച്ചത്, അവളെന്താ ഇവിടെ…? കല്യാണം ഞങ്ങളുടെ കുടുംബത്തിലെ ആണല്ലോ…എന്തായാലും അവളുടെ അടുത്തേക്ക് ചെന്നു.
ഹായ്, വാണി…അവൾ തിരിഞ്ഞു നോക്കിയതും എന്നെ കണ്ട് എന്തുപറയണമെന്നറിയാതെ, ഒരുമാത്ര തരിച്ചു നിന്നു.
ഹേയ്, താൻ എന്താ ഇവിടെ…?
അപ്പോഴാണ് അവൾ ശരിക്കും ചിന്തകളിൽ നിന്നും ഉണർന്നത്. എന്റെ ഫ്രണ്ടാ ശ്രീലക്ഷ്മി, വധു…അല്ലാ ജിഷ്ണു ഇവിടെ…?
കൊള്ളാം…എന്റെ ചേട്ടനാ അശ്വിൻ…ഐ മീൻ ഫസ്റ്റ് കസിൻ.
അവൾ ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി. ഫുഡ് കഴിച്ചോ…?
ഇല്ല…അവൾ പറഞ്ഞു.
വാണി, ഒന്ന് വരാമോ…?
അവൾ എന്താണെന്ന അർത്ഥത്തിൽ തന്നെ ഒന്ന് നോക്കി. എന്നിട്ട് ഫ്രണ്ട്സിനോട് ഇപ്പോ വരാം എന്ന് പറഞ്ഞ് എന്റെ ഒപ്പം വന്നു. ഓഡിറ്റോറിയത്തിലെ ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക് ഞങ്ങൾ അല്പം മാറി നിന്നു.
എടൊ എന്റെ കൂടെ ഒരു സ്ഥലം വരെ വരാൻ പറ്റുമോ…? ഇപ്പൊ അല്ല, മറ്റന്നാൾ…
എന്തിനാണെന്ന അർത്ഥത്തിൽ അവൾ നോക്കി. എന്തിനാണെന്നൊക്കെ പിന്നീട് പറയാം. വരാൻ പറ്റുമോ…?
അവൾ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു…വരാം. എവിടെയാ…?
ഒരുപാട് ദൂരെ ഒന്നും അല്ല. മറ്റന്നാൾ ഒരു 10 മണി ഒക്കെ ആവുമ്പോൾ തന്റെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ വന്ന് നിന്നാൽ മതി. ഞാൻ തന്നെ അവിടെ വന്ന് പിക്ക് ചെയ്തോളാം. എന്തേ…?
അവൾ തലയാട്ടി. എന്തോ അവളുടെ മൗനം തന്നെ വല്ലാതെ അലട്ടി. മൗനത്തിന് വിരാമം ഇട്ടുകൊണ്ട് താൻ പറഞ്ഞു…അപ്പൊ ഓക്കേ. പിന്നെ കാണാം. ഒന്ന് ചിരിച്ചെന്നും വരുത്തി അവൾ അവിടെ നിന്നും നടന്നകന്നു.
*** *** ***
അങ്ങനെ പറഞ്ഞ ദിവസം എത്തി. കുളിച്ചു വന്ന് കണ്ണാടിയുടെ മുന്നിൽ മുടിയും ചീകിക്കൊണ്ട് നിന്നപ്പോൾ ആണ് അനിയത്തി ചായയുമായി വന്നത്.
അല്ലാ, ഇത്ര നേരത്തെ ഒരുങ്ങി എവിടെ പോവാ സുന്ദരൻ…?
ഒന്ന് പോടീ. ഒരു ഫ്രണ്ടിനെ കാണാൻ പോവാ…
ഗേൾഫ്രണ്ട്…? അവൾ സംശയത്തോടെ ചോദിച്ചു.
ഒന്ന് പോയേ…രാവിലെ തന്നെ എന്നോട് വഴക്ക് പിടിക്കാൻ വന്നേക്കുവാണോ…?
ഹമ്…ഞാൻ ദേ ചായ കൊണ്ട് തരാൻ വന്നതാ…അവൾ ചായ ഗ്ലാസ്സും അവിടെ വച്ചിട്ട് അടുക്കളയിലേക്ക് പോയി. ചുണ്ടിൽ എവിടെയോ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു. ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചെന്നും വരുത്തി എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി.
— — —
ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ വാണി അവിടെ നിൽപ്പുണ്ട്. ഇളം പച്ച ചുരിദാറിൽ അവൾക്ക് കൂടുതൽ ഭംഗി തോന്നി. തന്നെ കണ്ടതും അവൾ അടുത്തേക്ക് വന്നു.
മ്.. കയറ്…
അവൾ ബൈക്കിന്റെ പുറകിൽ കയറി ഇരുന്നു. വണ്ടിയിൽ ഇരുന്നപ്പോഴും ആരും പരസ്പരം ഒന്നും മിണ്ടിയില്ല. അന്ന് കോളേജ് ഡേ കഴിഞ്ഞ് ഒരു മഴയത്ത് താൻ വാണിയെ ഹോസ്റ്റലിൽ ആക്കാൻ പോയത് ഓർമ്മ വന്നു.
കുറച്ചു ദൂരം പിന്നിട്ടപ്പോൾ അവൾ ചോദിച്ചു…നമ്മൾ എവിടെക്കാ പോവുന്നെ…?
വെയിറ്റ് ആൻഡ് വാച്ച്…
ഓക്കേ…
ടൗണിൽ നിന്നൊക്കെ മാറി വണ്ടി ഒരു കുന്നിൻ ചെരിവിൽ കൊണ്ടു നിർത്തി. ഇറങ്ങ്…അവൾ ഇറങ്ങി. ശേഷം അവളെയും കൂട്ടി മുകളിലേക്ക് കയറി. നല്ല കയറ്റം ആയതിനാൽ മുകളിൽ എത്തിയപ്പോഴേക്കും രണ്ടാളും നന്നായി കിതച്ചിരുന്നു. തണുത്ത കാറ്റ് വന്നു തങ്ങളെ തഴുകി.
അവിടെ നിന്നും നോക്കിയാൽ ചുറ്റും പറന്നു കിടക്കുന്ന പാടശേഖരങ്ങൾ കാണാം. കേരവൃക്ഷങ്ങളും കവുങ്ങും കുടപ്പനകളുമൊക്കെ നിര നിരയായി നിൽക്കുന്നതും കാണാം. മനോഹരമായ കാഴ്ചകൾ…ഒരു മരത്തണലിൽ ഇരുന്നു.
എത്ര നാളുകൾ കൂടിയാ ഇങ്ങനെ…? അല്ലേ…? അവൻ ചോദിച്ചു.
ഹമ്..ശരിയാ…അവൾ ശരിവച്ചു.
നീ ഇപ്പോ എന്താ ചെയ്യുന്നെ…? ജോലി ഒക്കെ…?
ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി കിട്ടി. നാട്ടിൽ തന്നെയാ. രണ്ടു വർഷമായി. നീയോ…?
ഞാനും രണ്ടാമത്തെ വർഷമാ. ബാംഗ്ലൂരിലെ ഒരു കമ്പനിയിലാ. അവന്റെ കല്യാണത്തിന് വന്നതാ. മറ്റന്നാൾ തിരിച്ചു പോകണം…
അവൾ എല്ലാം മൂളി കേട്ടു. തങ്ങളുടെ ഇടയിൽ ഇപ്പോഴും എന്തോ ഒരു അകൽച്ച അനുഭവപ്പെട്ടു.
വാണി, ഒന്ന് ചോദിച്ചോട്ടെ, നിനക്കെന്തെങ്കിലും പ്രോബ്ലം…?
എന്ത്…?
അല്ലാ. ഇത്ര നല്ല തിക്ക് ഫ്രണ്ട്സ് ആയിട്ടും താൻ എന്നോട് ജോലി കിട്ടിയ വിവരം പറഞ്ഞില്ല. മൊബൈൽ നമ്പറും മാറ്റി…
അവളുടെ കണ്ണുകൾ നിറഞ്ഞുവരുന്നത് അവൻ ശ്രദ്ധിച്ചു.
പ്രോബ്ലമ്സ് ഇല്ലാത്ത മനുഷ്യരുണ്ടോ ജിഷ്ണു…? മനഃപൂർവം ആണ് ഒന്നും അറിയിക്കാതെ ഇരുന്നത്. അച്ഛൻ മരിച്ചിട്ട് രണ്ടു വർഷമാകുന്നു. അറ്റാക്ക് ആയിരുന്നു. ബിസ്സിനെസ്സ് പാർട്ട്‌നർ അച്ഛനെ ചതിച്ചു. ആ വിഷമത്തിൽ ഞങ്ങളാകെ തകർന്നു പോയി. അതിൽ നിന്നൊക്കെ ഒന്ന് റിക്കവർ ആയി വരാൻ മാസങ്ങൾ എടുത്തു. പിന്നെ കേസായി, കോടതിയായി…
അങ്ങനെ ഒരുപാട് ഓട്ടത്തിനിടയ്ക്ക് ആരെയും വലിച്ചിഴയ്ക്കാൻ തോന്നിയില്ല. ഇപ്പൊ അയാൾ ജയിലിൽ ആയി. ഞങ്ങൾക്ക് നീതി ലഭിച്ചു.
പിന്നെ മൊബൈൽ നമ്പർ മാറ്റിയത്…നിന്നെ ഓർക്കാതിരിക്കാൻ വേണ്ടി തന്നെയാ…അത്, അതെനിക്ക് എങ്ങനെ പറയണം എന്ന് അറിയില്ലെടാ…
ഓഹ്.. ഐ ആം സോറി. എനിക്ക് ഒന്നും അറിയില്ലായിരുന്നു…എന്താണ് പറയേണ്ടത് എന്നറിയാതെ ഞാൻ വിഷമിച്ചു.
അവൾ ഒന്ന് നിർത്തിയ ശേഷം വീണ്ടും തുടർന്നു. ആം സോറി ജിഷ്ണു…നമ്മുടെ ഫ്രണ്ട്ഷിപ്പിനെ നീ കണ്ടതുപോലെ എനിക്ക് കാണാൻ സാധിച്ചില്ല. എപ്പോഴോ…എപ്പോഴോ അറിയാതെ, സ്നേഹിച്ചു പോയി…അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി…എന്തോ അതെന്നെ വല്ലാതെ തളർത്തി.
എടൊ, നമ്മളിവിടേക്ക് വന്നത് എന്തിനാണെന്ന് പറയട്ടെ…? കണ്ണു തുടച്ചു കൊണ്ട് അവൾ എന്നെ നോക്കി.
നമുക്കീ പ്രണയവും സൗഹൃദവും ജീവിതകാലം മുഴുവനും കൊണ്ടുപോയാലെന്താ…? ചിലപ്പോൾ ആദർശങ്ങൾ ഒക്കെ കാറ്റിൽ പറത്തേണ്ടി വരും. പക്ഷേ, നിന്റെ വേദനിക്കുന്ന മനസ്സ് ഇനിയും കണ്ടില്ലെന്നു നടിക്കാൻ ആവില്ലെടോ…കേട്ടത് വിശ്വസിക്കാനാകാതെ അവൾ നിന്നു.
വൈകിപ്പോയി എന്നറിയാം…പക്ഷേ, തന്റെ മനസ്സ് മനസ്സിലാക്കാതെ പോയാൽ എങ്ങനെയാ ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആവുക…?
അവൾ തന്റെ കൈത്തലം തന്റെ കൈയ്യോട് ചേർത്ത് വച്ചു. എന്നിട്ട് തലയാട്ടി. കുന്നിറങ്ങി തിരികെ പോരുമ്പോൾ മനസ്സിൽ സന്തോഷത്തിന്റെ കടൽ ഇരമ്പുന്നുണ്ടായിരുന്നു.
*** *** ***
ആരാണാവോ പറഞ്ഞത് ചില്ലു കൂട്ടിൽ അടച്ച മത്സ്യങ്ങളെ പോലെ ചില ആഗ്രഹങ്ങൾ വെറുതെ നീന്തി തുടിക്കും എന്ന്…? വിധി ഉണ്ടെങ്കിൽ അത് നമ്മളെ തേടി വരിക തന്നെ ചെയ്യും.
ജിഷ്ണുവിന്റെ ബൈക്കിനു പിന്നിൽ ഇരിക്കുമ്പോൾ അവൾ ഓർത്തു. പിന്നേ, വാണി, തനിക്ക് അറിയോ…? നമ്മുടെ കഥപോലെ ഒന്ന് ഞാൻ ഫേസ്ബുക്കിൽ വായിച്ചിരുന്നു. ആ കഥയാ എന്റെ മനസ്സ് തുറന്നത്. അത് എഴുതിയ ആളെ കണ്ട് കിട്ടിയാൽ ശരിക്കും ഒരു വലിയ താങ്ക്സ് പറയണം…
തീർച്ചയായും…അവളും അത് ശരിവച്ചു.
പൊട്ടൻ…അവന് അറിയില്ലല്ലോ പേര് മാറ്റി താൻ തന്നെയാ അത് എഴുതിയതെന്ന്…ലാവണ്യയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…