രചന: സുധിൻ സദാനന്ദൻ
“മാഷെ ക്ലച്ച് ചവിട്ടാതെ ഗിയർ മാറ്റിയാൽ എന്താ ഉണ്ടാവാ…”
അഞ്ച് മാസങ്ങൾക്ക് മുൻപ് ഡ്രൈവിംഗ് പഠിക്കണമെന്ന അടങ്ങാത്ത മോഹമായാണ് ഈ കുരിപ്പ് എന്നെ കാണാൻ വരുന്നത്. ഒപ്പം ഉണ്ടായിരുന്ന എല്ലാ കുട്ടികളും ഡ്രൈവിംഗും പഠിച്ച് മൂട്ടിലെ പൊടിം തട്ടി പോയിട്ടും ദേ…ഈ പിശാചിനുമാത്രം ഇതുവരെ ആയിട്ടു ഒരു കുന്തോം അറിയില്ല…
എന്നാലോ ഇപ്പൊ ചോദിച്ചതു പോലെയുള്ള സംശയങ്ങൾക്ക് മാത്രം യാതൊരു കുറവും ഇല്ലതാനും…ബ്രേക്ക് ചവിട്ടാൻ പറഞ്ഞാൽ ക്ലച്ചിൽ കേറി ചവിട്ടും, ക്ലച്ച് ചവിട്ടാൻ പറഞ്ഞാലോ ആക്സിലേറ്ററിൽ ആഞ്ഞ് ചവിട്ടും…ഈ കുരിപ്പ് ഡ്രൈവിംഗ് പഠിക്കാൻ വന്നേ പിന്നെ കാറ് വർക്ക്ഷോപ്പിൽ നിന്ന് ഇറങ്ങാൻ നേരം കിട്ടീട്ടില്ല…
“മാഷെ, ചോദിച്ചത് കേട്ടില്ലേ…ക്ലച്ച് ചവിട്ടാതെ ഗിയർ മാറ്റിയാൽ എന്താ ഉണ്ടാവാ…”
“ലക്ഷ്മിക്ക് ചിരട്ടയടക്കം തേങ്ങ കടിച്ചു തിന്നാൻ തരട്ടെ, അപ്പൊ എന്താ ഉണ്ടാവാ…”
“അപ്പൊ എന്റെ പല്ല് പൊട്ടി പോവില്ലേ മാഷേ…”
“അത് പോലെ തന്നെയാ ഇവിടെയും, കാറിന്റെ ഗിയർബോക്സിനകത്ത് കുറേ പല്ലുകളുണ്ട്. അതൊക്കെ അങ്ങ് പൊട്ടി പോവും. ഇപ്പൊ മനസ്സിലായോ…” ഇനി നേരെ നോക്കി കാർ ഓടിക്ക്…
ലക്ഷ്മീ, നാളെയാണ് ടെസ്റ്റ് അത് ഓർമ്മ വേണം. ഇപ്രാവിശ്യമെങ്കിലും പാസ്സാവാണം. കഴിഞ്ഞ നാല് തവണ ഉണ്ടായതുപോലെ തോൽക്കരുത്. എന്നെ നാണം കെടുത്തരുത്, പ്ലീസ്…
“അതൊക്കെ ഞാനേറ്റു മാഷെ, ഇത്തവണ എന്റെ ഡ്രൈവിംഗ് കണ്ട് എല്ലാരും ഞെട്ടും…”
എന്റെ പൊന്നോ…ഞെട്ടിക്കാനും പേടിപ്പിക്കാനൊന്നും നിൽക്കണ്ട. അവിടെ ചെന്ന് വെപ്രാളപ്പെട്ട് എല്ലാം കൂടി കുളമാക്കാതെ ഇരുന്നാൽ മതി…
“മാഷെ, ഞാൻ തനിയേ മാഷിന്റെ വീടിന്റെ ഷെഡിലേക്ക് കാർ കയറ്റി ഇട്ടോട്ടെ…?”
ഓ വേണ്ട…എന്റെ വീടും മതിലുമെല്ലാം അതുപോലെ തന്നെ ഇനിയും കാണാൻ ആഗ്രഹമുണ്ട് എനിക്ക്…
മാഷു എന്താന്നു വെച്ചാൽ ചെയ്തോ, ഞാൻ അമ്മയെ കണ്ടിട്ടു വരാം എന്നും പറഞ്ഞ് കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി ദേവികമ്മേന്ന് കൂവിവിളിച്ച് അവൾ വീടിന്റെ അകത്തേക്കു ഓടി കയറി…
പോവുന്ന പോക്ക് കണ്ടാൽ അവളുടെ വീടാണെന്ന് തോന്നും…അഞ്ച് മാസത്തെ ഡ്രൈവിംഗ് പഠിത്തം, ലക്ഷ്മിയും അമ്മയും തമ്മിൽ വലിയൊരു ആത്മബന്ധം ഉടലെടുത്തിട്ടുണ്ട്. അമ്മയ്ക്കു ഇപ്പൊ ഏത് നേരവും ലക്ഷ്മി, ലക്ഷ്മി, എന്ന് നാമം ജപിക്കലാണ്. ഇപ്പൊ അമ്മയെ വിളിച്ചു ഓടി കയറിപോയത് അമ്മയുടെ കയ്യിൽ നിന്നും എന്തെങ്കിലുമൊക്കെ വാരി വലിച്ചു കഴിക്കാനായിരിക്കും.
കുറച്ചു കഴിഞ്ഞ് ലക്ഷ്മി വീട്ടിൽ നിന്ന് പോയതിനു ശേഷം, നാളെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള കുട്ടികളുടെ പേപ്പറുകളുടെ (ഡ്രൈവിംഗ് ടെസ്റ്റിന് ആവശ്യമായ രേഖകൾ ) കൂട്ടത്തിൽ ലക്ഷ്മിയുടെയും ഉണ്ടായിരുന്നു.
ആ നേരത്ത് അമ്മ എന്റെ അരികിൽ വന്നിരുന്നു. ലക്ഷ്മിയുടെ ഫോട്ടോ കണ്ണെടുക്കാതെ നോക്കുന്നുണ്ടായിരുന്നു അമ്മ.
ആദി…ലക്ഷ്മി ഇപ്രാവശ്യം എങ്കിലും പാസ്സാവോ…? പാസ്സായാൽ ആ കുട്ടി ഇനി ഇവിടേക്ക് വരില്ലാലേ…
അല്ലമ്മേ…എന്താ അമ്മയുടെ ഉദ്ദേശം…? അവൾ
എങ്ങിനെയെങ്കിലും ഒന്ന് പാസ്സായാൽ മതി എന്നാ ഞാൻ പ്രാർത്ഥിക്കുന്നത്. അവളെയും കൊണ്ട് ടെസ്റ്റിനു കൊണ്ടുപോയി ഇപ്പൊ ഞാൻ നാണംകെട്ടു തുടങ്ങി. എനിക്കു ഡ്രൈവിംഗ് പഠിപ്പിക്കാൻ അറിയാത്തതുകൊണ്ടാണ് ദേവകി ഡ്രൈവിംഗ് സ്കൂളിലെ ആ കുട്ടി ഇതുവരെയും പാസ്സാവാത്തത് എന്നാ എല്ലാവരും പറയുന്നത്, അത് അറിയോ അമ്മയ്ക്ക്…
ആ പറഞ്ഞത് ശരിയാവും…ലച്ചുവിന് നീ ഒന്നും പറഞ്ഞു കൊടുക്കുന്നില്ല എന്നാ അവൾ ഇന്നുകൂടി എന്നോട് പറഞ്ഞത്. നീ എപ്പോഴും ദേഷ്യപ്പെടാണെന്ന് പരാതി പറഞ്ഞു ആ കുട്ടി.
അമ്മ പോയേ…എനിക്ക് ദേഷ്യം വരിന്നുണ്ട്. അവളുടെ വക്കാലത്തും കൊണ്ട് വന്നേക്കാ, വായിട്ടലക്കാൻ നല്ല മിടുക്കാണല്ലോ അവൾക്ക്, ആ മിടുക്ക് ഡ്രൈവിംഗ് ടെസ്റ്റിൽ കാണിച്ചിരുന്നെങ്കിൽ ഇത് വല്ലതിന്റെയും ആവശ്യമുണ്ടായിരുന്നോ. എന്നിട്ട് ഒരു വക്കാലത്തും ഒരു ലച്ചുവും, കുച്ചുവും…
ആദി…അമ്മക്കു ലച്ചുവിനെ വലിയ ഇഷ്ടായിടാ…നമുക്ക് അവളെ ഇവിടേക്ക് കൊണ്ടു വന്നാലോ…? നിന്റെ പെണ്ണായിട്ട്…നല്ല കുട്ടിയാ അവൾ…അവളുടെ സംസാരത്തിൽ അവൾക്ക് നിന്നോട് ഇഷ്ടമുള്ളതുപോലെ ഈ അമ്മയ്ക്കു തോന്നിയെടാ…
അമ്മക്ക് ഇത് എന്തിന്റെ കേടാണ്, അവൾ എങ്ങിനെയെങ്കിലും ഇവിടന്ന് ഒന്ന് പോയി കിട്ടിയാൽ മതി എന്നാ ഞാൻ വിചാരിക്കുന്നത്. അവൾക്ക് വേണ്ടി മാത്രം എന്റെ എത്ര സമയമാണ് പോവുന്നത് എന്നറിയോ അമ്മയ്ക്ക്…? എനിക്ക് കുറച്ച് പണികൂടി ഉണ്ട്. നാളത്തെ ടെസ്റ്റിനുള്ള പേപ്പറുകൾ ശരിയാക്കാനുണ്ട്. അമ്മ പോയി കിടന്നോ നേരം ഒരുപാടായില്ലേ…
*** *** *** ***
മക്കളേ…എന്താടാ പറ്റിയേ ആദിക്കു…? അയ്യോ…ആദിയുടെ കാലിനെന്തുപറ്റി ജോസേ…എന്താടാ ഒന്ന് പറയടാ മോനെ…
പേടിക്കാൻ ഒന്നുമില്ലമ്മേ…ആദിയൊന്ന് ബൈക്കിൽ നിന്നു വീണു. കാലിന്റെ എല്ലിനു ചെറുതായി പൊട്ടലുണ്ട്. വേറെ കുഴപ്പമൊന്നും ഇല്ല ഇവന്…അല്ലേടാ ആദി…
അമ്മ ബ്ലഡ് പ്രഷർനു മരുന്ന് കഴിക്കുന്നതല്ലേ, അതാ പറയാതിരുന്നത്, വെറുതെ ടെൻഷനടിച്ച് വയ്യാതെ ആയാലോ എന്ന് കരുതീട്ടാ…
ജോസേ…ഇവന്റെ മുഖമെന്താ ഇങ്ങനെ ഇരിക്കുന്നേ…?
അതോ…ആ കുട്ടിയില്ലേ ലക്ഷ്മി…അവൾ ഇന്നും ടെസ്റ്റിൽ തോറ്റു. അവളെ കണ്ണുപൊട്ടുന്ന ചീത്തയും പറഞ്ഞ് ദേഷ്യത്തിൽ ബൈക്ക് എടുത്ത് അവിടന്നു പോവുന്ന വഴിയായിരുന്നു ഈ അപകടം…അതാണ് ഈ ദേഷ്യത്തിന്റെ കാരണം. ഞാനെന്നാ ഇറങ്ങട്ടെ അമ്മേ…കഴിക്കാനുള്ള മരുന്നും എക്സറേ റിപ്പോർട്ടും ഈ കവറിലുണ്ട്. എന്തേലും ഉണ്ടെങ്കിൽ എന്നെ വിളിക്കണട്ടോ, ഞാൻ നാളെ വരാം.
ആദി…എന്താ മോനെ ഇതൊക്കെ…? കുട്ട്യോൾക്ക് പഠിപ്പിച്ചു കൊടുക്കുന്ന നീ തന്നെ ഇങ്ങനെ ആയാലോ…സാരല്യ പോട്ടെടാ…കഴിഞ്ഞതു കഴിഞ്ഞു. എന്നാലും, പാവം ലച്ചു…
ദേ…അമ്മേ എന്റെ സമനില തെറ്റിയിട്ടാ ഇരിക്കുന്നേ…ആ നശൂലത്തിന്റെ പേര് ഇനി ഈ വീട്ടിൽ മിണ്ടിപോവരുത്. അമ്മ പ്രഷറിന്റെ ഗുളിക കഴിച്ചോ…?
ഗുളിക കഴിഞ്ഞു, ആ കാര്യം പറയാൻ കൂടിയാ ഞാൻ നിന്നെ ഫോണിൽ വിളിച്ചത്. നീ എടുത്തില്ല.
ഞാൻ ജോസിനെ വിളിച്ചു പറയാം, വാങ്ങീട്ടു വരാൻ…
അയ്യോ, വേണ്ടടാ ആദി, ആ കുട്ടി ഇപ്പൊ വീട്ടിൽ എത്തിയിട്ടേ ഉണ്ടാവൂ…ഇനി അതിനെ ബുദ്ധിമുട്ടിക്കണ്ട, നാളെ വാങ്ങിക്കാം. ഇന്ന് ഒരൂസം കഴിച്ചില്ലാന്ന് വെച്ച് ഒന്നും സംഭവിക്കില്ല. നീ കിടക്ക് ഞാൻ നിനക്ക് കഴിക്കാൻ കഞ്ഞി എടുത്തിട്ടു വരാം.
കഞ്ഞി എടുക്കാൻ അടുക്കളയിലേക്ക് പോയ അമ്മയെ കാണാത്തതുകൊണ്ട്, കിടക്കയിൽ നിന്നെഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് ചുമലിൽ ഒരു കൈവന്ന് എന്നെ താങ്ങിയത്, തല ഉയർത്തി കയ്യിന്റെ ഉടമയെ നോക്കിയ ഞാൻ ദേഷ്യം കൊണ്ട് ആ കൈകൾ തട്ടിമാറ്റി…
ലക്ഷ്മി നീ എന്തിന് വന്നു…? എന്നെ നാണം കെടുത്തി മതിയായില്ലേ നിനക്ക്…
മാഷെ എനിക്ക് കുറച്ച് സംസാരിക്കണം, എന്നിട്ട് ഞാൻ പൊയ്ക്കോളാം.
എനിക്ക് ഒന്നും കേൾക്കണ്ട, നിന്നെ കാണുന്നത് പോലും എനിക്ക് ഇഷ്ടമല്ല.
ആ സമയം, അടുക്കളയിൽ നിന്നും പാത്രങ്ങൾ താഴെ വീഴുന്ന ശബ്ദം കേൾക്കെ, ഞങ്ങൾ രണ്ട് പേരും സംസാരം നിർത്തി. ലക്ഷ്മി ഉടനെ അടുക്കളയിലേക്ക് ഓടിയിരുന്നു.
ദേവകിയമ്മേ എന്നുള്ള അവളുടെ വിളി, കാലിലെ വേദന മറന്ന് ഞാനെന്റെ പ്ലാസ്റ്ററിട്ട കാൽ കുത്തി അപ്പോഴേക്കും അവർക്കരികിൽ എത്തി കഴിഞ്ഞിയിരുന്നു. ബോധമില്ലാതെ നിലത്ത് കിടക്കുന്ന അമ്മയെ ഞാനും ലക്ഷ്മിക്കും എടുത്ത് കാറിന്റെ പിൻസീറ്റിൽ കിടത്തി.
ഞാനെങ്ങനെ ഡ്രൈവ് ചെയ്യും ഈ കാലുംവെച്ച് എന്ന് ചിന്തിച്ച് തീരുമ്പോഴേക്കും, ഡ്രൈവിംഗ് സീറ്റിലിരുന്ന് ലക്ഷ്മി എന്നോട് കാറിൽ കയറുവാൻ ആവശ്യപ്പെട്ടിരുന്നു…
നേരെ ചൊവ്വേ കാറോടിക്കാൻ അറിയാത്ത നീ ആണോ എന്റെ അമ്മയെ ഹോസ്പിറ്റലിലേക്ക് എത്തിക്കാൻ പോവുന്നേ…ഞങ്ങൾ രണ്ടിനെയും കൊല്ലാനാണോ ലക്ഷ്മി…?
മാഷിനു ഡ്രൈവ് ചെയ്യാൻ സാധിക്കോ, ഇല്ലല്ലോ…ദേവകിയമ്മ എന്റെയും അമ്മയാ, വെറുതെ നിന്ന് തർക്കിച്ച് സമയം കളയാതെ വന്ന് കാറിൽ കയറ്…
ഞാൻ പോലും മിററിൽ നോക്കി മുന്നോട്ടും പിന്നോട്ടും നോക്കി വളച്ചു ഒടിച്ചു ഗേറ്റിനു പുറത്തിറക്കുന്ന കാർ, ഒറ്റ നിമിഷത്തിൽ അവൾ ഗേറ്റു കടന്ന് റോഡിലേക്ക് ഇറക്കി. അത്ഭുതത്തോടെ ലക്ഷ്മിയെ ഞാൻ നോക്കുമ്പോൾ മുന്നിലുള്ള വാഹനത്തെ മുഴുവനും മറികടന്ന് അവൾ ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിനു മുന്നിൽ കാർ നിർത്തിയിരുന്നു.
സ്ട്രച്ചറിൽ അമ്മയെ കിടത്തികൊണ്ട് അതിവേഗം നീങ്ങുമ്പോൾ അരികിലുള്ള നേഴ്സിനോട് എന്നെ നോക്കി വീൽചെയർ ചൂണ്ടി കാണിക്കുകയായിരുന്നു ലക്ഷ്മി…
കുറച്ചു സമയത്തിനു ശേഷം ഡോക്ടർ വന്നു പേടിക്കാനൊന്നുമില്ല. BP കൂടിയതാണെന്നും കുറച്ചു സമയം കഴിഞ്ഞാൽ തിരികെ പോവാം എന്നു പറഞ്ഞു കേട്ടപ്പോൾ ആശ്വാസത്തോടെ മുറിക്കു പുറത്തെ ബെഞ്ചിൽ ഇരിപ്പുറപ്പിക്കാൻ നോക്കുമ്പോൾ മുൻപ് ഒരിക്കൽ അമർഷത്തോടെ തട്ടിമാറ്റിയ കൈൾ വീണ്ടും എന്നെ താങ്ങി പിടിച്ചിരുന്നു…
എന്റെ അരികിലായി ഇരുന്ന ലക്ഷ്മിയെ അത്ഭുതത്തോടെ നോക്കി ഇരുന്നപ്പോൾ, മനസ്സിൽ ലക്ഷ്മിയോടായി ചോദിക്കാൻ സ്വരുക്കൂട്ടിയിരുന്ന ചോദ്യങ്ങൾ തികട്ടി വരും മുൻപേ, അവളുടെ കയ്യിലുള്ള ബാഗിൽ നിന്ന് ഒരു കാർഡ് എടുത്ത് എന്നെ കാണിച്ചു. ഞാനത് അക്ഷരം തെറ്റാതെ വായിച്ചു…
“ഇൻറർനാഷ്ണൽ ഡ്രൈവിംഗ് ലൈസൻസ്…”
എന്തിനായിരുന്നു നീ എന്നെക്കൊണ്ട് ഇങ്ങനെയൊരു വിഡ്ഡി വേഷം കെട്ടിച്ചത് എന്ന് എന്റെ ചോദ്യത്തിന് തിരികെ ഒരു പുഞ്ചിരി മാത്രമാണ് മറുപടിയായി അവൾ നൽകിയത്…
മെയ് മാസത്തിൽ സൗഗന്ധികം ഓഡിറ്റോറിയത്തിൽ നടന്ന എന്റെ കൂട്ടുകാരിയുടെ വിവാഹത്തിനാണ് ഞാൻ ആദ്യമായി ആദിയേട്ടനെ കാണുന്നത്…
സ്ത്രീധനത്തിനെ ചൊല്ലി കല്യാണം വേണ്ടാന്നുവയ്ക്കുവാൻ മുതിർന്ന വരനെയും, വരന്റെ ബന്ധുക്കളോടുമായി, സ്ത്രീ എന്താണെന്നും, സ്ത്രീയെ പണത്തിന്റെ ത്രാസിലിട്ടു തൂക്കി നോക്കരുതെന്നും ആ സദസ്സിനു മുന്നിൽ നിന്ന് പറഞ്ഞ് ആ വരനെ കൊണ്ട് തന്നെ താലി കെട്ടിച്ച ഈ വെള്ളാരം കണ്ണുകളോട് ആദ്യം തോന്നിയത് ആരാധന മാത്രമാണ്.
പിന്നീട് അത് പ്രണയത്തിലേക്ക് വഴിമാറി സഞ്ചരിക്കുകയായിരുന്നു ഞാൻ പോലുമറിയാതെ…എന്നും കാണാനും, സംസാരിക്കാനും വേണ്ടിയായിരുന്നു ഇങ്ങനെ ഒരു നാടകം.
ക്ഷമിക്കണം എന്നോട്…ഈ മനസ്സിൽ എന്നോട് വെറുപ്പായിരിക്കും അല്ലേ…ചെയ്തു പോയ എല്ലാ തെറ്റിനും മാപ്പ്. ഒരു ശല്യമായി ഇനി ഞാൻ വരില്ല…
ഇത്രയും പറഞ്ഞ് തല ഉയർത്തി എന്റെ മുഖത്തു നോക്കുമ്പോൾ, അവളുടെ മിഴിയിൽ നിന്നും കണ്ണീർ കവിൾ തടത്തിലൂടെ ഒഴുകുകയായിരുന്നു.
അമ്മയെ കേറി കണ്ടോളൂ എന്ന് നേഴ്സ് വന്ന് പറയുമ്പോൾ, വരൂ അമ്മയെ കാണാം എന്ന് പറഞ്ഞ് അവളെന്നെ താങ്ങി പിടിച്ച് നിർത്തിയിരുന്നു…
കണ്ണുകൾ തുടച്ച് എന്നെയും താങ്ങി അമ്മയ്ക്കരികിൽ എത്തിയപ്പോൾ അമ്മ കണ്ണ് തുറന്ന് കിടക്കുന്നുണ്ടായിരുന്നു.
എന്റെ കുട്ടി വന്നോ അമ്മയെ കാണാൻ…
ഉവ്വ് അമ്മേ എന്ന് ഞാൻ പറഞ്ഞപ്പോൾ നിന്നോട് അല്ലടാ കൊരങ്ങാ…എന്റെ ലച്ചുവിനോടാ ഞാൻ ചോദിച്ചത്…
ങേ..അപ്പൊ ഞാനോ…?
നീ പോടാ എന്ന് അമ്മ പറഞ്ഞപ്പോൾ ലക്ഷ്മിയുടെ ചുണ്ടിലും ഒരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടതുപോലെ…
ഇപ്പൊ അമ്മായിയമ്മയും മരുമകളും ഒന്നായിലേ…പാവം ഞാൻ പുറത്തും ആയി…എന്ന് ഞാനതിന് മറുപടി നൽകിയപ്പോൾ കേട്ടത് വിശ്വസിക്കാനാവാതെ എന്നെ തന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു നാലു കണ്ണുകൾ.
അമ്മ പറയുന്നതിനേക്കാൾ മുൻപേ തന്നെ എനിക്ക് ലച്ചുവിനെ ഇഷ്ടമായിരുന്നു. ലച്ചുവിന്റെ അച്ഛനൊരിക്കൽ എന്നെ കാണാൻ വന്നിരുന്നു…തന്റെ മകൾക്ക് എന്നെ ഇഷ്ടമാണെന്നും, അതിനു വേണ്ടിയാണ് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിട്ടു കൂടിയും ഇവിടേക്കു ഒന്നുമറിയാത്തതു പോലെ പഠിക്കാൻ വരുന്നതെന്നും, എല്ലാം അറിഞ്ഞു കഴിയുമ്പോൾ വെറുക്കരുതെന്നും അത് ലച്ചുവിന് സഹിക്കാൻ കഴിയില്ലെന്നും അദ്ദേഹം എന്നോട് പറഞ്ഞിരുന്നു…
നീ എന്തൊരു മണ്ടിയാണെന്റെ ലച്ചുവേ…ഒരിക്കൽ ലൈസൻസ് ഉള്ള ഒരാൾക്ക് എങ്ങിനെയാ വീണ്ടും ലൈസൻസിനു അപേക്ഷിക്കാൻ കഴിയുന്നേ…?
അതും പോരാഞ്ഞ് നീ ടെസ്റ്റിൽ മനപ്പൂർവ്വം തോറ്റ് തരും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാ നിന്നെ ഞാൻ ടെസ്റ്റ് എന്നുപറഞ്ഞ് കൊണ്ട് പോയിരുന്നത്. എന്നെ ഇഷ്ടമാണെന്ന് നിന്റെ വായിൽ നിന്ന് കേൾക്കാൻ വേണ്ടി തന്നെയാ ഞാൻ അവിടെ വെച്ച് അങ്ങനെ ദേഷ്യപ്പെട്ടതും.
ഓഹോ…അപ്പൊ രണ്ടും തകർത്തു അഭിനയിക്കായിരുന്നല്ലേ എന്റെ മുന്നിൽ…രണ്ടിന്റേയും ചെവി ഞാനിന്ന് പൊന്നാക്കി തരുന്നുണ്ട്…എന്നു പറഞ്ഞ അമ്മയെ ഇടം വലം ഞാനും ലച്ചുവും ചേർന്ന് കെട്ടിപ്പിടിച്ചു…
“ചക്കിക്കൊത്ത ചങ്കരൻ…” എന്ന് അമ്മ പറയുമ്പോൾ പരിസരം പോലും മറന്ന് ലച്ചുവും ഞാനും ചിരിക്കുകയായിരുന്നു…