മൂന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
വീട്ടിൽ എത്തിയിട്ടും മനുവിന്റെ മനസ്സിൽ ആകെ നിറഞ്ഞു നിന്നത് ഒരേയൊരു പേരായിരുന്നു ജാനകി സത്യമൂർത്തി.
ആരായിരിക്കും അവർ. ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത അവരുടെ പേരവന്റെ ഉറക്കം പോലും നഷ്ടമാക്കാൻ തുടങ്ങിയിരിക്കുന്നു എന്നവന് മനസ്സിലായി.
അത്താഴം കഴിഞ്ഞു മുറിയിലേയ്‌ക്കു വന്നപ്പോഴാണ് അനന്തവർമ്മയുടെ കാൾ അവനെ തേടിയെത്തിയത്.
ഹലോ അമ്മാവാ..കിടന്നില്ലേ…? മനു ചോദിച്ചു.
ഇല്ല..നീ ഫ്രീ ആയോ മനു…അയാൾ ചോദിച്ചു.
ആയി..അമ്മാവൻ പറയു…
മ്…അദ്ദേഹം ഒന്നാമർത്തി മൂളി. മനു…ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം…
ഉവ്വമ്മാവാ…അവൻ പറഞ്ഞു.
നാളെ നമുക്കൊരു യാത്രയുണ്ട്. എവിടേക്ക് എന്തിന് എന്നുള്ള ചോദ്യം വേണ്ട…ഗൗരവം വിടാതെയുള്ള ആ മറുപടിയ്ക്കു അവൻ ഒന്നമർത്തി മൂളി സമ്മതം നൽകി.
എപ്പോ വരണം അമ്മാവാ…
രാവിലെ ഒരു 8 ആകുമ്പോൾ…നിളയിൽ വന്നാൽ മതി…അദ്ദേഹം പറഞ്ഞു.
ഓകെ അമ്മാവാ…അവൻ പറഞ്ഞു.
ഓകെ..നാളെ കാണാം..സമയം മറക്കേണ്ട..കിടന്നോളൂ…മറുപടിക്ക് കാത്തു നിൽക്കാതെ അയാൾ ഫോൺ വെച്ചതും അവന്റെ മനസ്സു പതറാൻ തുടങ്ങി.
ഈ ലോകത്തു ഇപ്പോൾ അനന്തവർമ്മ ഏറ്റവും സ്നേഹിക്കുന്നതും ആദരിക്കുന്നതും അയാളുടെ ഏകസഹോദരിയായ ശാരദയെയും ഏട്ടനെപ്പോലെ അയാളെ സ്നേഹിക്കുന്ന രുദ്രനെയും മാത്രമാണ്. അവരെ അയാൾ മറക്കില്ല.
എപ്പോൾ വിളിച്ചാലും എത്ര ഗൗരവമുള്ള വിഷയം സംസാരിച്ചാലും അദ്ദേഹം അവരെക്കുറിച്ചു ചോദിക്കാറുണ്ട്. ഇതിപ്പോൾ ആരെയും അന്വേഷിക്കാൻ പോലും പറ്റാത്ത വിധം എന്തു പ്രശ്നമാണ് അമ്മാവനെ ബാധിച്ചിരിക്കുന്നത്…
എന്തായാലും ആ പ്രശ്നം അഡ്വക്കേറ്റ് ജാനകി സത്യമൂർത്തിയുമായി ബന്ധപ്പെട്ടാണെന്നു അവനുറപ്പുണ്ടായിരുന്നു. ചിന്തകൾ കാട് കയറിതുടങ്ങിയപ്പോൾ അവ അവസാനിപ്പിച്ചു അവൻ പതിയെ കണ്ണുകളടച്ചുറങ്ങി.
**** **** ****
പിറ്റേന്ന് രാവിലെ 7 മണിക്ക് തന്നെ കുളിച്ചൊരുങ്ങി ഇറങ്ങി വന്ന മനുവിനെ കണ്ടതും ശാരദ അത്ഭുതത്തോടെ നോക്കി. എന്താടാ ഇന്നിത്ര നേരത്തെ…?
അമ്മാവന്റെ കൂടെ ഒരിടം വരെ പോണം അമ്മേ…അവൻ പറഞ്ഞു.
ഇന്നലെ നീ ഒന്നും പറഞ്ഞില്ലല്ലോ…അകത്തേയ്ക്കു വന്ന രുദ്രൻ ചോദിച്ചു.
ഇല്ല അച്ഛാ…രാത്രിയാ തീരുമാനിച്ചത്.
കഴിക്കാൻ എന്തെങ്കിലും ആയോ ശാരദേ…രുദ്രപ്രതാപ് ശരദയോടായി ചോദിച്ചു.
ഉവ്വ് ഏട്ടാ..ഇഡ്ഡലി ആയി…ശാരദ പറഞ്ഞു. കഴിച്ചിട്ട് പോടാ…മ്..എടുത്തോ അമ്മേ..അച്ഛനും വാ..ഒന്നിച്ചിരിക്കാം…അവൻ അയാളെ വിളിച്ചു.
ഓഹ്..സമയമൊന്നും ആയില്ലല്ലോ..എനിക്ക് വിശപ്പായില്ല..നീ കഴിക്കു…അയാൾ പറഞ്ഞു. അവൻ കഴിച്ചു കഴിഞ്ഞു കാർ എടുത്തിറങ്ങി.
അച്ഛാ…അമ്മേ..ഇറങ്ങുവാ…അതും പറഞ്ഞവൻ ഇറങ്ങി.
എന്നും ഇങ്ങനെ ഓടി നടന്നോട്ടോ…വയസ്സു 10, 28 ആയി. നിക്കു ഒരു കൂട്ടിനെ കൊണ്ടു തന്നിട്ട് നടന്നൂടെ ചെക്കാ…ശാരദ ചിരിച്ചു കൊണ്ട് പറഞ്ഞു.
ആഹാ..കഷ്ട്ടായിപ്പോയല്ലോ..പത്തു 36 കൊല്ലം മുമ്പ് ന്റെ അപ്പൂപ്പൻ ഒരു കൂട്ടു ഒപ്പിച്ചു തന്നതല്ലേ..ദേ ഇരുന്നു പത്രം വായിക്കുന്നു. ഇതു പോരെ…ഈ വയസ്സാം കാലത്തു ഇനി ഞാൻ എവിടുന്നന്വേഷിക്കാനാ കൂട്ടു…അവൻ വരാന്തയിൽ ഇരുന്നു പത്രം വായിക്കുന്ന രുദ്രപ്രതാപിനെ നോക്കി പറഞ്ഞു.
ടാ..വന്നു വന്നു എന്തും പറയാംന്നാ ചെക്കന്…ചിരിച്ചുകൊണ്ടു ശാരദ പറഞ്ഞു. ഈ…അതുപോലൊരു ചിരിയും പാസ്സാക്കി അവൻ വണ്ടിയെടുത്തു.
**** **** ****
വണ്ടി നിളയുടെ പാർക്കിങ്ങിലേയ്ക്കു കയറ്റിയപ്പോഴേ കണ്ടു ഒരുക്കിയിരിക്കുന്ന അനന്തവർമ്മയെ…വെള്ള ഷർട്ടും കസവു കര മുണ്ടും ഉടുത്തു ആഢ്യത്വത്തോടെ ഇരിക്കുന്ന അനന്തവർമ്മയെ ആരായാലും ഒന്നു നോക്കിപ്പോകും…
മനു ചിരിച്ചുകൊണ്ടിറങ്ങി. നേവി ബ്ലൂ കളർ ഷർട്ടും അതേ കരയുള്ള മുണ്ടും ആയിരുന്നു അവന്റെ വേഷം. അവനെ കണ്ടിട്ടും അനന്തവർമ്മ ഗൗരവം വിട്ടില്ല…
കഴിച്ചോ അമ്മാവാ…അവൻ ചോദിച്ചു. ഉവ്വ്. ഇറങ്ങാം…അദ്ദേഹം പറഞ്ഞു. എന്നാൽ ഈ കാറിൽ പോകാം…മനു ചോദിച്ചു.
മ്…ഒന്നു മൂളിക്കൊണ്ടു അനന്തവർമ്മ കാറിൽ കയറി. മനുവും കയറി. മനസ്സിൽ വിഘ്‌നേശ്വരനെ സ്മരിച്ചു അവൻ വണ്ടിയെടുത്തു.
**** **** ****
കാർ സിറ്റിയിലേയ്ക്കായിരുന്നു നീങ്ങിയത്. അവൻ ഡ്രൈവ് ചെയ്യുന്നതിനനുസരിച്ചു അനന്തവർമ്മ വഴി പറഞ്ഞു കൊടുത്തു. കാർ സിറ്റിയുടെ തിരക്കിൽ നിന്നും അൽപ്പം മാറി ഉള്ളിലൊട്ടുള്ള ഒരു വഴിയിലേക്ക് നീങ്ങി.
ഒരു അര കിലോമീറ്റർ മാറി ഒരു ചെറിയ കെട്ടിടം കണ്ടതും അവിടേയ്‌ക്കൊതുക്കാൻ അനന്തവർമ്മ പറഞ്ഞു. കാർ അകത്തേയ്ക്കു കയറിയതും അതൊരു ഓഫീസ് ആണെന്നവന് മനസ്സിലായി.വാതിൽക്കൽ എഴുതി വെച്ചിരിക്കുന്ന പേരവന്റെ കണ്ണിലുടക്കി.
അഡ്വക്കേറ്റ് ജനാകി സത്യമൂർത്തി. L.L.M…
അമ്മാവാ ഇവിടെ…കാറിൽ നിന്നിറങ്ങിയതും മനു ചോദിച്ചു.
ഇവിടെയാണ് നമുക്ക് വരേണ്ടത് വാ…അദ്ദേഹം അതും പറഞ്ഞു അകത്തേയ്ക്കു നടന്നു.
അകത്തു 36 നടുത്തു പ്രായം വരുന്ന ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു. ഇതാണോ ജാനകി സത്യമൂർത്തി…? ശബ്ദം താഴ്തി അവൻ അനന്തവർമ്മയോട് ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞില്ല. പകരം അവരുടെ അരികിലേക്ക് ചെന്നു…
ജാനകി സത്യമൂർത്തി…അദ്ദേഹം ചോദിച്ചു.
ജാനകി വരാൻ 8 മുക്കാലാകും..ഇരിക്കു..സർ വരും എന്ന് പറഞ്ഞിരുന്നു. ഓകെ..
അതും പറഞ്ഞു അവർ അടുത്തു കിടന്ന കസേരയിൽ ഇരുന്നു.
മനു അവിടം ആകമാനം ഒന്നു നോക്കി. പഴയ ഒരു മുറിയാണത്. അവിടിരിക്കുന്നവർ സഹായിയായിരിക്കും. ഒരുപാട് പേപ്പറുകൾ ഒന്നുമില്ല. ഉള്ളത് വൃത്തിയായി ഒതുക്കി വെച്ചിരിക്കുന്നു. ഭിത്തിയിൽ വെങ്കിടാചലപതിയുടെ ഫോട്ടോയും സരസ്വതീദേവിയുടെയും വിഘ്‌നേശ്വരന്റെയും ഫോട്ടോയും വെച്ചിട്ടുണ്ട്. വിളക്ക് കത്തിച്ചിട്ടുണ്ട്. നിയമപുസ്തകങ്ങളും പത്രങ്ങളും അടുക്കി വെച്ചിരിക്കുന്ന ഒരു ഷെൽഫും…അതാണ് ജാനകി സത്യമൂർത്തിയുടെ ഓഫീസ്.
അവൻ സമയം നോക്കി 8 45…പെട്ടെന്ന് ഒരു സ്കൂട്ടർ ഓഫീസിനു മുൻപിലേക്ക് കയറി വന്നു. അതിൽ നിന്നിറങ്ങിയ ആളെ കണ്ടു മനു ഒന്നു ഞെട്ടി.
വെള്ള സാരിയും കറുത്ത കോളർ ഉള്ള ബ്ലൗസും ഇട്ടു ഇറങ്ങി വരുന്ന തന്റെ സ്വപ്ന നായിക…
മുഖത്തു ഒരു കണ്ണാടിയുണ്ട്. മുടി പുട് അപ് ചെയ്തു കെട്ടി വെച്ചിരിക്കുന്നു. നെറ്റിയിൽ ചെറിയൊരു വട്ട പൊട്ടും അതിനു മുകളിൽ ചന്ദനക്കുറിയും. സ്റ്റഡ് കമ്മലും കയ്യിൽ കറുത്ത സ്ട്രാപ്പ് ഉള്ള വാച്ചും…
ഊരിയ ഹെൽമെറ്റ് വണ്ടിക്കുള്ളിൽ വെച്ചു കീയുമായി അകത്തേയ്ക്കു വന്നു. മനുവിനെയോ അനന്തവർമ്മയെയോ കണ്ട ഭാവം പോലും കാണിക്കാതെ അവൾ നേരെ പേപ്പർ വർക് ചെയ്തുകൊണ്ടിരുന്ന ആ സ്ത്രീയുടെ അടുത്തേയ്ക്ക് ചെന്നു.
മിനിയേച്ചി 11 മണിക്ക് ഹിയറിങ് ഇല്ലേ…ദേ ഈ പപ്പേഴ്‌സ് ഒന്നു പ്രിന്റ് ചെയ്തു തരുമോ…?
ദൃഢതയുള്ള എന്നാൽ ഭംഗിയുള്ള ശബ്ദം. സംസാരിക്കുമ്പോഴും മുകളിൽ കിടക്കുന്ന ലൈറ്റിന്റെ പ്രകാശത്തിൽ അവളുടെ മൂക്കിൻ തുമ്പിലെ വൈരക്കൽ മൂക്കുത്തി വെട്ടിത്തിളങ്ങി.
അതും പറഞ്ഞു അവൾ അകത്തെ മുറി തുറന്നു കയറി. അപ്പോഴും അനന്തവർമ്മയെയോ മനുവിനെയോ അവൾ ശ്രദ്ധിച്ചില്ല. അവനു അൽപ്പം ദേഷ്യം തോന്നി. കണ്ടാൽ 26 വയസ്സിനപ്പുറം തോന്നില്ല അവൾക്കു.
തന്റെ അച്ഛന്റെ പ്രായം വരും അനന്തവർമ്മയ്ക്കു. അവൾ അദ്ദേഹത്തെ ഒന്നു ശ്രദ്ധിച്ചു പോലുമില്ല. അഹങ്കാരി…മനസ്സിൽ തോന്നിയത് പറഞ്ഞപ്പോൾ അൽപ്പം ശബ്ദം കൂടിപ്പോയി എന്നു മിനിയും അനന്തവർമ്മയും നോക്കിയപ്പോൾ മനസ്സിലായി. അവൻ ഒരു ചമ്മിയ ചിരി ചിരിച്ചു.
അപ്പോഴേയ്ക്കും ആ കതകു തുറന്നവൾ പുറത്തു വന്നു. സർ.. വരൂ…അവൾ അനന്തവർമ്മയെ നോക്കി പറഞ്ഞു. അയാൾ മൗനിയായി എഴുന്നേറ്റു. മുഖം ദേഷ്യം കൊണ്ടെന്നപോലെ ചുവന്നിരുന്നു. മനുവും കൂടെ എഴുന്നേറ്റു. അവർ അകത്തേയ്ക്കു നടന്നു.
4 പേർക്കു ഇരിക്കാൻ പാകത്തിനുള്ള സ്ഥലം. അതാണ് ആ ക്യാബിൻ. ഭിത്തിയിൽ അംബേദ്കറും മഹാത്മാ ഗാന്ധിയും ചിരി തൂക്കി ഇരിക്കുന്നു. ഗ്ലാസ് മേശയിൽ നീതിദേവതയുടെ പ്രതിരൂപമുള്ള പ്രതിമ വെച്ചിട്ടുണ്ട്.
ഷെൽഫിൽ അവളുടെ സർട്ടിഫിക്കറ്റും കുറച്ചു ട്രോഫികളും ഇരിപ്പുണ്ട്. മേശയിൽ ഒരു അറ്റത്തൊരു കുപ്പിയിൽ കുറച്ചു വെള്ളം. കുറച്ചു പേപ്പറുകളും ലെറ്റർ പാഡും. പിന്നെ പെൻ സ്റ്റാൻഡിൽ പേനയും മറ്റും വെച്ചിട്ടുണ്ട്. ഒരു ലാപ്ടോപ്പും മൊബൈലും മേശയിൽ നടുക്കായി ഇരിപ്പുണ്ട്.
ഇരിക്കു…അവൾ പുഞ്ചിരിയോടെ പറഞ്ഞു. അവർ അവൾക്കെതിർവശം മേശയ്ക്കരികിലായി ഇരുന്നു.
ഗുഡ് മോർണിംഗ് അനന്തവർമ്മ സർ…ആൻഡ് മിസ്റ്റർ…അവൾ ചോദ്യഭാവത്തിൽ മനുവിനെ ഒന്നു നോക്കി. ഐ ആം മനു വർമ്മ…മനു സ്വയം പരിചയപ്പെടുത്തി.
പെട്ടെന്നവളുടെ മുഖഭാവം ഒന്നു അപ്രസന്നമായി എങ്കിലും പെട്ടെന്നവൾ പുഞ്ചിരി സ്വീകരിച്ചു. ഓഹ്…ഓകെ…അപ്പൊ മിസ്റ്റർ മനു വർമ്മ…ഗുഡ് മോർണിംഗ്…ഗുഡ് മോർണിംഗ്…അവൻ പറഞ്ഞു. അനന്തവർമ്മ അപ്പോഴും മിണ്ടാതെ ഇരിക്കുകയായിരുന്നു.
സർ ഇപ്പോഴും ദേഷ്യത്തിലാണ് അല്ലെ…അവൾ പുഞ്ചിരിയോടെ ചോദിച്ചു.
സ്റ്റോപ് ഇട്…അതൊരു ആജ്ഞ ആയിരുന്നു. ജാനകിയുടെ മുഖം വിവർണ്ണമാകുന്നത് മനു കണ്ടു.
നീയെന്താ വിചാരിച്ചത്. ഇങ്ങനൊരു കത്തും അയയ്ച്ചു എന്നെ ഇവിടെ വിളിച്ചു വരുത്തി അപമാനിക്കാമെന്നോ…നടക്കില്ല. എന്താ നീ ഇതിൽ എഴുതി പിടിപ്പിച്ചു വെച്ചിരിക്കുന്നത്. എന്തു അസംബന്ധവും ആരെക്കുറിച്ചും പറയാം എന്നാണോ…? അതിനുള്ള ലൈസൻസ് ആരാ നിനക്കു നൽകിയത്. സെഡ് മീ…
അനന്തവർമ്മ പൊട്ടിത്തെറിക്കുകയായിരുന്നു. മനു അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു ഇരുന്നു. ഇത്ര ദേഷ്യത്തിൽ അനന്തവർമ്മയെ അവൻ ആദ്യമായി കാണുകയായിരുന്നു.
കൂൾ ഡൗൺ സർ…ഇത്രയും അങ്ങു തിളയ്ക്കാൻ ഞാൻ എന്ത് അസംബന്ധമാണ് അതിൽ എഴുതി പിടിപ്പിച്ചിരിക്കുന്നത്. അങ്ങനെ അതൊക്കെ അസംബന്ധമായിരുന്നു എങ്കിൽ ഇന്ന് അങ്ങിവിടെയല്ല, ഞാൻ വന്നേനെ പോലീസ് സ്റ്റേഷനിൽ…ശരിയല്ലേ…
അവൾ പുഞ്ചിരി വെടിയാതെ ചോദിച്ചു. മനു എന്താണ് ചുറ്റും നടക്കുന്നത് എന്നു മനസ്സിലാകാത്തതുപോലെ രണ്ടുപേരെയും മാറി മാറി നോക്കി.
പിന്നെ അസംബന്ധമായ കാര്യം എന്നു അങ്ങുദേശിക്കുന്നത് ദേവർമഠത്തിലെ ഗംഗാലക്ഷ്മിയുടെ കാര്യമെങ്കിൽ അതത്ര നിസ്സാരമല്ല മിസ്റ്റർ അനന്തവർമ്മ…
ഗംഗാലക്ഷ്മി എന്ന പേരു കേട്ടതും കോപത്തെ അടക്കാൻ അനന്തവർമ്മ പാടുപെടുന്നത് മനു കണ്ടു.
വാട് ദി ഹെൽ ഇസ് ഹാപ്പെനിങ് ഹിയർ…എന്താ ഇവിടെ നടക്കുന്നത്.. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല…മനുവിന് ദേഷ്യം വന്നു. പൊട്ടൻ ആട്ടം കാണുന്നതുപോലെ ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി. ആരെങ്കിലും ഒന്നു പറയു…അവൻ പറഞ്ഞു.
ജാനകി അവനെ നോക്കി പുഞ്ചിരിച്ചു. ഒരു പേപ്പർ അവനുനേരെ നീട്ടി…ഇതു എനിക്ക് ദേവർമഠത്തിലെ കൃഷ്ണസ്വാമി നൽകിയ അപേക്ഷയാണ്. മനു അതു വായിക്കാൻ തുടങ്ങി…
അവൾ ഒന്നു നിർത്തിയിട്ടു തുടർന്നു…അവൻ അതു വായിച്ചു അവളെ നോക്കി. അപേക്ഷയുടെ രത്നചുരുക്കം ഞാൻ പറയാം…
അദ്ദേഹത്തിന്റെ പെങ്ങൾ ദേവർമഠത്തിലെ ഗംഗാലക്ഷ്മി 26 വർഷങ്ങൾക്കു മുൻപ് ഈ ഇരിക്കുന്ന അനന്തവർമ്മയുമായി ഇഷ്ടത്തിലായതിനെ തുടർന്നുണ്ടായ ഇഷ്യൂവിൽ അന്ന് ഗംഗാലക്ഷ്മിയെ വിവാഹം കഴിച്ചു കൂടെ ജീവിച്ചോളാം എന്നു പോലീസിനെ സാക്ഷിനിർത്തി എഴുതി ഒപ്പിട്ടു നൽകിയിരുന്നു. ഒപ്പം അവരെയും കൂട്ടി അവിടുന്നിറങ്ങുകയും ചെയ്തു…
അവൾ നിർത്തി മനുവിനെയും അനന്തവർമ്മയെയും നോക്കി.
അന്ന് ഇറങ്ങുമ്പോൾ ഗംഗാലക്ഷ്മി 3 മാസം ഗർഭിണിയായിരുന്നു. അവർ തമിഴ് ബ്രാഹ്മിൺ ഫാമിലി ആയതിനാൽ പിന്നീട് അന്നത്തെ ആചാരപ്രകാരം ഗംഗാലെക്ഷ്മിയെ ഇരിക്കപ്പിണ്ഡം വെച്ചു. വർഷങ്ങൾക്കിപ്പുറം സഹോദരിയെപ്പറ്റി അന്വേഷിച്ചു ജ്യേഷ്ഠൻ കൃഷ്ണസ്വാമി വന്നപ്പോൾ ആണ് സഹോദരിക്ക് പകരം മൃണാളിനി റെഡ്ഢിയെ അനന്തവർമ്മ വിവാഹം കഴിച്ച കാര്യം അറിയുന്നത്.
ഇപ്പോൾ അദ്ദേഹത്തിന്റെ സഹോദരി ഗംഗാലക്ഷ്മിയെപ്പറ്റി യാതൊരു വിവരവും അദ്ദേഹത്തിനില്ല. ഭർത്താവായ അനന്തവർമ്മ അവരെ അപായപ്പെടുത്തിയോ എന്നുൾപ്പടെയുള്ള സംശയം അദ്ദേഹത്തിനുണ്ട്.
സോ…അവരുടെ ഭർത്താവായ അനന്തവർമ്മയിൽ നിന്നും അവരെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷിച്ചറിയാനും മറ്റും ഒരു അഡ്വക്കേറ്റ് കൂടിയായ എന്റെ സഹായം അദ്ദേഹം ആവശ്യപ്പെട്ടു. ഞാൻ അതിന്റെ പേരിൽ ഒരു ലെറ്റർ അയയ്ച്ചു. ഇതിൽ എന്താണ് മിസ്റ്റർ അസംബന്ധം..പറയു…അവൾ ചോദിച്ചു.
നിസ്സാരമായി അവൾ ചോദിച്ച ആ ചോദ്യത്തിന് മുൻപിൽ ഭൂമി കീഴിന്മേൽ മറിയും പോലെ തോന്നി അനന്തവർമ്മയ്ക്കു…അയാൾ ഒരു ധൈര്യത്തിനെന്നോണം മനുവിന്റെ കൈകളിൽ അമർത്തി പിടിച്ചു.
തന്റെ ജീവിതം കണ്മുന്പിൽ നഷ്ടമാകാൻ പോകുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു. ഇത്രയും കാലം ഭദ്രമായി ഉള്ളിൽ വെച്ചിരുന്ന രഹസ്യത്തിന്റെ പെട്ടിയുടെ താക്കോലാണ് തന്റെ മുൻപിൽ ഇരിക്കുന്ന ജാനകി സത്യമൂർത്തി എന്ന നിസ്സാരക്കാരിയായ പെൺകുട്ടി എന്ന്…
തുടരും…