നാലായി മടക്കി ഉടുത്ത തുണി തുടയിൽ ഉരഞ്ഞു നീറുന്നുണ്ട്. തുണിയിലെ നനവ് സൃഷ്ട്ടിക്കുന്ന അസ്വസ്ഥത വേറെ…

തീണ്ടാരിപ്പുര – രചന: രേഷ്മ രവീന്ദ്രൻ

കാൽമുട്ടുകളിൽ മുഖം പൂഴ്ത്തി അടിവയറ്റിലെ വേദന കടിച്ചമർത്തി അവൾ ഇരുന്നു…

തെങ്ങോല മെടഞ്ഞു മേൽക്കൂരയും, വശങ്ങളും മറച്ച ആ ചെറിയ കൂരയ്ക്കുള്ളിലെ തറഭാഗത്തു നാല് പലക മാത്രം…അതിനുള്ളിൽ അവൾക്ക് കിടക്കാനായി ഒരു പഴകിയ പായയും, എണ്ണമെഴുക്കുള്ള തലയിണയും, പുതപ്പായിട്ട് ഒരു പഴയ സാരിയും മാത്രം…

സഹിക്കാനാവാത്ത വേദന കടിച്ചമർത്തി അവൾ ഓലക്കീറിനുള്ളിലൂടെ പുറത്തേയ്ക്ക് നോക്കി. നല്ല മഴയ്ക്കുള്ള സാധ്യതയുണ്ട്…

ആകാശം കറുത്തിരുണ്ട് കാണുന്നു. അധികം ശക്തിയില്ലാത്ത കാറ്റു വീശുന്നുണ്ട്. ഓലപ്പുരയുടെ അടുത്ത് നിൽക്കുന്ന തെങ്ങിലേയ്ക്ക് അവൾ ഭീതിയോടെ നോക്കി. കാറ്റു ശക്തിയാവുന്നതിനനുസരിച്ചു അത് ആടിയുലയുന്നു. തെങ്ങോലകൾ അന്തരീക്ഷത്തിലാണോ എന്ന് സംശയം തോന്നുന്ന രീതിയിൽ അവ കാറ്റിന്റെ താളത്തിന് നൃത്തം ചെയ്യുന്നത് പോലെ…

ഇപ്പോൾ ഇളയതുങ്ങൾ അച്ഛന്റെ മടിയിൽ കിടന്നു സമാധാനത്തോടെ ഉറങ്ങുന്നുണ്ടാവും. മഴ വരുമ്പോൾ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ചു ഒരു പുതപ്പിനടിയിൽ കിടന്നു ഉറങ്ങാൻ എന്ത് സുഖമായിരുന്നു…അവളുടെ കണ്ണുകൾ നിറഞ്ഞു…

ഇന്ന്…ഇവിടെ…താൻ മാത്രം തനിച്ച്…പെട്ടന്ന് അടിവയറ്റിൽ രൂപം കൊണ്ട വേദന നെഞ്ചിലൂടെ തൊണ്ട കുഴി വരെ എത്തിയത് പോലെ…അവൾ ഓക്കാനിച്ചു കൊണ്ട് എണീറ്റതും രാവിലെ അമ്മ നിർബന്ധിച്ചു കഴിപ്പിച്ച നെയ്യിൽ ചുട്ട അപ്പത്തിന്റെ അവശിഷ്ടം ശർദിലായി പുറത്തേയ്ക്ക് പോയി…

അവസാനം ആമാശയം കൂടി പുറത്തേയ്ക്ക് വരുന്ന രീതിയിൽ ശർദ്ധിച്ചു തളർന്ന അവൾ വേച്ചു വേച്ചു കുടിലിന് ഉള്ളിലേയ്ക്ക് ചെന്ന് അവൾക്കായി അമ്മ കൊണ്ട് വെച്ച വെള്ളം കൊണ്ട് വായ കഴുകിയതിന് ശേഷം ഇത്തിരി വെള്ളം കുടിച്ചു.

ഇനിയും ശർദ്ധിച്ചാലോ എന്ന ഭയം മൂലം ദാഹം ശമിക്കുവോളം കുടിക്കാൻ അവൾക്ക് സാധിച്ചില്ല…ഇനി എവിടെയെങ്കിലും ഒന്ന് കിടന്നാൽ മതി…

ക്ഷീണിച്ച ശരീരം തളരുന്നത് പോലെ തോന്നിയ അവൾ പായയിലേയ്ക്ക് കിടന്നു. സാധാരണ വയറു വേദന ഉള്ളപ്പോൾ വയറില് ചൂട് വെക്കാനും, പച്ചമരുന്ന് തരാനുമൊക്കെ അച്ഛനും അമ്മയും മത്സരമായിരുന്നു.

പക്ഷെ…ഇന്ന്…ജീവിതത്തിൽ ആദ്യമായി അനുഭവപ്പെട്ട കഠിന വേദനയ്ക്ക് സ്വാന്തനമായ്‌ ആരുടെയും സാന്നിധ്യം കൂടെയില്ലല്ലോ…

ചെന്നിയിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങി. ആ പായയിലെ തണുപ്പിൽ അമർന്ന ശരീരം ഒന്ന് കൂടി വേദനിച്ചു. നാലായി മടക്കി ഉടുത്ത തുണി തുടയിൽ ഉരഞ്ഞു നീറുന്നുണ്ട്. തുണിയിലെ നനവ് സൃഷ്ട്ടിക്കുന്ന അസ്വസ്ഥത വേറെ…

ഇനി ഏഴ് ദിവസം ഈ വേദന അനുഭവിക്കണമല്ലോ എന്നതിനേക്കാൾ ഈ ദിവസങ്ങളിലെ ഏകാന്തതയാണ് ഏറെ വേദനിപ്പിക്കുന്നത്…കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങിപ്പോയി.

നടുവിന്റെ ഭാഗത്ത്‌ നനവ് അനുഭവപ്പെട്ടത് പോലെ തോന്നിയപ്പോഴാണ് ഉറക്കത്തിൽ നിന്നുണർന്നത്…

ദൈവമേ…ദേഹത്ത് മുഴുവൻ ആയി. തളർന്നു മയങ്ങുന്നതിനിടയിൽ തുണി മാറ്റി ഉടുക്കാൻ സാധിച്ചില്ല. പായയിൽ നിന്ന് പതിയെ എണീറ്റപ്പോൾ അടിവയറ്റിലൊരു കൊളുത്തിപ്പിടുത്തം പോലെ…

അമ്മേ…അറിയാതെ വിളിച്ചു പോയി. പക്ഷെ അത് കേൾക്കാൻ അമ്മ ഇല്ലല്ലോ കൂടെ…ഈ സമയത്ത് അല്ലെ അമ്മ കൂടെ വേണ്ടത്…എന്തിനാ എന്നെ ഇങ്ങനെ ഈ വേദനയ്ക്കിടിയിൽ ഒറ്റപ്പെടുത്തിയത്…?

അഴയിൽ കിടക്കുന്ന കൈലി തുണി എടുത്തു കൊണ്ട് പുറത്തുള്ള കുളിപ്പുരയിലേയ്ക്ക് നടന്നു. പുറത്തെ ഇരുട്ടും, മഴക്കാറും പേടിപ്പിക്കുന്ന നിശബ്ദതയും ആകെ തളർത്തുന്നത് പോലെ…

പെട്ടന്ന് ഒന്ന് കൂടി കുളിച്ചു ശുചിയായി കൂരയ്ക്കുള്ളിലേയ്ക്ക് നടക്കുമ്പോൾ തന്നെ ആർത്തലച്ച മഴ പെയ്തിറങ്ങിയിരുന്നു…

ഓലക്കീറിനുള്ളിലൂടെ ഭയത്തോടെ അവൾ പുറത്തേയ്ക്ക് നോക്കി…ശക്തമായ കാറ്റിൽ മരങ്ങൾ ആടിയുലയുന്നു…ഓലയുടെ മുകളിൽ മഴത്തുള്ളികൾ പെയ്തിറങ്ങുമ്പോൾ ചരൽക്കല്ലുകൾ ആരോ ശക്തമായി വലിച്ചെറിയുന്നത് പോലെ…

മഴ ശക്തിയാവുന്നതിനനുസരിച്ചു കുടിലിന് വശങ്ങളിലെ ഓലകൾ കാറ്റിൽ പറന്നു പോകുന്നു…ശക്തമായ മഴതുള്ളികൾ ഉള്ളിലേയ്ക്ക് ആഞ്ഞടിക്കുന്നു…

ഭയത്തോടെ, കണ്ണീരോടെ ദൈവത്തെ വിളിച്ചു പ്രാർഥിക്കുകയല്ലാതെ വേറെ വഴിയില്ല…ഭൂമിയിലെ ദൈവങ്ങൾ മാതാപിതാക്കളാണെന്ന് പഠിപ്പിച്ച ടീച്ചർമാരുടെ മുഖം മനസ്സിൽ തെളിഞ്ഞു.

എന്നിട്ട് ആ ദൈവങ്ങൾ എവിടെ…?

പെണ്ണിന് ബാല്യത്തിൽ ദൈവങ്ങൾ കൂടെ ഉണ്ടാവും. പക്ഷെ കൗമാരത്തിൽ വയസ്സറിയിക്കുമ്പോൾ കൂടെയില്ലാത്ത ദൈവങ്ങൾ ഭൂമിയിൽ ഉണ്ടോ…?

അറിയില്ല…

ഇത്രയും വലിയ മഴയും കാറ്റും ഉണ്ടായിട്ടും അച്ഛനും അമ്മയും വന്നു എന്നെ ഈ കുടിലിൽ നിന്ന് കൊണ്ട് പോകുന്നില്ലല്ലോ…

പുറത്തു കാറ്റും മഴയും ശക്തിയാർജിക്കുന്നു. ലോകാവസാനം പോലെ പ്രകൃതി ഇരുണ്ടു മൂടിയിരിക്കുന്നു…കുടിൽ മുഴുവൻ കാറ്റെടുത്തിരിക്കുന്നു…പറന്നു പോകാതെ പിടിച്ചു വെച്ച ഒരു ഓലയുടെ മറവിൽ ചാരിയിരുന്നു…

കാലുകളിലൂടെ ഒഴുകുന്ന വെള്ളത്തിന് ചോരയുടെ നിറം. ആരോടോ പക തീർക്കുന്നത് പോലെ പ്രകൃതി പെയ്തിറങ്ങുകയാണ്.

അവസാനം…കുടിലിനരികിൽ നിൽക്കുന്ന തെങ്ങ് കനത്ത കാറ്റിന്റെ വിളി കേട്ട് ഭൂമിയെ ചുംബിച്ചു ഉറങ്ങിയപ്പോൾ അവളും ഉണ്ടായിരുന്നു…

ആ തെങ്ങിനടിയിൽ, ഭൂമി ദേവിയുടെ മാറിൽ ഒരിക്കലും ഉണരാത്ത ഉറക്കത്തിലായിരുന്നു അവൾ.

(ശുഭം)

ആഹാ അന്തസ്സ്…

**** **** **** ****

ഹലോ…

രേഷ്മ രവീന്ദ്രൻ…

ആരാണ്…?

ഞാൻ ഒരു അഭ്യുതയകാംഷി. എനിക്ക് താങ്കളോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട്.

യെസ്…ചോദിക്കൂ…

എന്റെ പൊന്ന് സുഹൃത്തേ…നിങ്ങൾ ഈ എഴുത്തുകാർക്ക് വേറെ പുതിയ വിഷയം ഒന്നുമില്ലേ എഴുതാൻ…? എപ്പോഴും, പ്രണയം, വിരഹം, കുടുംബം, ആർത്തവം…എന്തൊരു തോൽവിയാടോ നിങ്ങള്…? ലൈക്ക് കിട്ടാൻ വേണ്ടി ഇജ്ജാതി പ്രഹസനം വേണോ…?

അത് പൊളിച്ചു…നല്ല ചോദ്യം…പ്രിയപ്പെട്ട അഭ്യുദയകാംഷി, ഞാൻ എഴുതുന്നത് ലൈക്ക് മേടിക്കാൻ അല്ല. എന്റെ സംതൃപ്തിയ്ക്ക് വേണ്ടിയാണ്. പിന്നെ ഈ ആർത്തവ കഥ ഞാൻ ഇവിടെ എഴുതിയതിന് ഒരു കാരണം ഉണ്ട്.

എന്ത് കാരണം…?

ഈ കഥ ഒരു ഓർമപ്പെടുത്തലാണ്. ഫെമിനിസം എന്ന മഹത്തായ പ്രതിഭാസത്തെ വികൃതമാക്കിയ ചില ഫെമിനിസ്റ്റ് കൊച്ചമ്മമാർക്കുള്ള മുന്നറിയിപ്പാണ്…ഇങ്ങനെയും സ്ത്രീകൾ ജീവിച്ചിരുന്നു എന്ന് ഓർമ്മിപ്പിക്കാൻ…

ചിന്തിക്കുവാൻ പോലും സ്വാതന്ത്ര്യം ഇല്ലാതെ…മറക്കുട ചൂടാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങാനാവാതെ…മാറ് മറയ്ക്കാനാവാതെ…അകത്തളത്തിലെ നാല് ചുവരുകൾക്കിടയിലെ കരി പിടിച്ച ജന്മങ്ങൾ…

പക്ഷെ ഇന്ന്…ഇന്ത്യൻ പ്രധാനമന്ത്രി പദത്തിൽ വരെ എത്തി നിൽക്കുന്നു സ്ത്രീകൾ…

സ്വന്തം വ്യക്തി പ്രഭാവത്താൽ, സ്വന്തം കഴിവ് കൊണ്ടാണ് ഉയരങ്ങളിൽ എത്തേണ്ടത്…അല്ലാതെ ഇന്നത്തെ ഫെമിനിച്ചികളെ പോലെ പുരുഷന്റെ നെഞ്ചിൽ ചവിട്ടി നിന്നല്ല സ്വാതന്ത്ര്യം നേടേണ്ടത്…

പുരുഷ വർഗത്തെ അപമാനിച്ചു കൊണ്ട് ജനശ്രദ്ധ നേടുന്ന എല്ലാ കൊച്ചമ്മമാരോടും ഒരു വാക്ക്…

“നിനക്കും ഉണ്ട് ജന്മം തന്ന ഒരച്ഛൻ…”

ആണും, പെണ്ണും ദൈവത്തിന്റെ സൃഷ്ട്ടികളാണ്. പരസ്പര സ്നേഹത്തോടെ, വിശ്വാസത്തോടെ ഒന്നിച്ചു ജീവിക്കാൻ ദൈവം സൃഷ്ടിച്ച, ദൈവത്തിന്റെ ഏറ്റവും മനോഹരമായ സൃഷ്ടി…

പക്ഷെ ചില അബദ്ധ ധാരണകളുടെ പേരിൽ പരസ്പരം പോരടിക്കുമ്പോൾ മറന്ന് പോകുന്ന ഒരു കാര്യം ഉണ്ട്…”സ്ത്രീ ഇല്ലാതെ പുരുഷനോ, പുരുഷൻ ഇല്ലാതെ സ്ത്രീക്കോ നിലനിൽപ്പില്ല…”

കൊള്ളാം രേഷ്മ…നല്ല സന്ദേശം…പക്ഷെ വായനക്കാർ ഇതൊക്കെ സ്വീകരിക്കുമോ…?

എന്റെ വായനക്കാർ എന്റെ ഈ രചനയെ അതിന്റെ എല്ലാ അർത്ഥത്തോടും കൂടി സ്വീകരിക്കും..

.അതെന്താ നിനക്ക് ഇത്ര ഉറപ്പ്…?

അതറിയണമെങ്കിൽ അങ്ങോട്ട് നോക്ക്. ഈ കഥ ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന ആ വ്യക്തിയെ നോക്ക്…കഥയുടെ അവസാനത്തെ വരിയും വായിച്ചു നിർത്തുമ്പോൾ ആ മുഖത്ത് ഒരു പുഞ്ചിരിയുണ്ടാവും…ആയിരം ലൈക്കിനേക്കാൾ എനിക്ക് വലുത് ആ പുഞ്ചിരിയാണ്. എനിക്ക് കിട്ടുന്ന അവാർഡ്…